UPDATES

വായന/സംസ്കാരം

ഹിമാലയത്തില്‍ യോഗിയായി എന്‍റെ ജീവിതം; കരണ്‍ ബജാജ് എഴുതുന്നു

Avatar

കരണ്‍ ബജാജ്
(വാഷിംഗ്ടണ്‍ പോസ്റ്റ്)

പതിനായിരത്തിലേറെ മണിക്കൂര്‍ എഴുത്തില്‍ ചിലവഴിക്കുന്നത് എന്നെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കും എന്ന് ഞാന്‍ വായിച്ചിട്ടുണ്ട്. അതുനുസരിച്ചു ഞാന്‍ അതിലും എത്രയോ അധികം സമയം എഴുത്തിനായി ചിലവഴിച്ചു. അഞ്ചു വര്‍ഷത്തോളം ഇങ്ങനെ  ജോലി കഴിഞ്ഞുള്ള സമയത്തും ഒഴിവു ദിനങ്ങളിലും എന്‍റെ നോവല്‍ എഴുത്തില്‍ തന്നെ ഞാന്‍ ശ്രദ്ധ ചെലുത്തി.

പിന്നീടു ഞാന്‍ അറിഞ്ഞു എല്ലാ നല്ല എഴുത്തുകാരും മികച്ച വായനക്കാര്‍ കൂടിയാണ് എന്ന്.

അതിനാല്‍ ഞാന്‍ കിട്ടാവുന്നത്ര മികച്ച ക്ലാസിക് കൃതികള്‍, സമകാലീന നോവലുകള്‍  എഴുത്തിനെ കുറിച്ചുള്ള പുസ്തകങ്ങള്‍ എല്ലാം ശേഖരിച്ചു വായിച്ചു.

പക്ഷെ ഞാന്‍ നോവലുകളിലും കഥയിലും അന്വേഷിച്ചുകൊണ്ടിരുന്ന ആ മാന്ത്രികത എന്‍റെ നോവലില്‍  ഉണ്ടാക്കാന്‍ എനിക്ക്  സാധിച്ചില്ല. അത് വളരെ സാധാരണവും എഴുതാന്‍ വേണ്ടി എഴുതിയ കുറെ വാക്കുകള്‍ കൂട്ടിച്ചേര്‍ത്ത ഒന്നുമായി എനിക്ക് തോന്നി. ഒരു എഴുത്തുകാരനാവുക എന്നത് എനിക്ക് പറഞ്ഞിട്ടുള്ള പണിയല്ല എന്ന് മനസിലാക്കിയ ഞാന്‍ കഴിഞ്ഞ അഞ്ചു വര്ഷം കൊണ്ട് എഴുതിക്കൂട്ടിയ നോവലിന്റെ രണ്ടു തവണ മാറ്റിയെഴുതിയ പകര്‍പ്പുകള്‍ ഉള്‍പ്പെടെ ഉപേക്ഷിച്ചു ന്യൂയോര്‍ക്കിലെ എന്‍റെ ആ പഴയ കോര്‍പ്പറേറ്റ് ജോലിയിലേക്ക് എന്‍റെ ശ്രദ്ധ കേന്ദ്രീകരിച്ചു.

ആ വര്ഷം അവസാനം എന്‍റെ അമ്മ ക്യാന്‍സര്‍ ബാധിതയായി മരിച്ചു. ഇന്ത്യയില്‍ വളര്‍ന്ന ഒരാള്‍ എന്ന നിലയില്‍ കിഴക്കന്‍ രാജ്യങ്ങളുടെ ആത്മീയ സംസ്കാരത്തോട് ഒരു മമത എനിക്കുണ്ടായിരുന്നു എങ്കിലും, അമ്മയുടെ ആരോഗ്യത്തില്‍ പൊടുന്നനെ ഉണ്ടായ ഈ പ്രശ്നങ്ങള്‍ മനുഷ്യജീവിതത്തിന്റെ അര്‍ത്ഥങ്ങളെ കുറിച്ചും എന്തുകൊണ്ട് വേദനകള്‍ ആ ജീവിതത്തില്‍ ഉണ്ടാകുന്നു എന്നതിനെ കുറിച്ചും  കൂടുതല്‍ അറിയാന്‍ എന്നെ പ്രേരിപ്പിച്ചു. ന്യൂയോര്‍ക്കിലെ എന്‍റെ ഫ്ലാറ്റിലെയും ഒരു കമ്പനിയിലെ ഡയറക്ടര്‍ എന്ന നിലയിലുമുള്ള ജീവിതത്തിലെയും സുഖലോലുപതയില്‍ നിന്ന് പുറത്തു കടന്നു ജീവിതത്തെ ആത്മീയമായി സമീപിക്കാന്‍ ഞാന്‍ തീരുമാനിച്ചു. ആ പ്രത്യേകതരം ഭക്ഷണം ഇഷ്ടപ്പെടുന്ന, പ്രത്യേക സിനിമകളെ ഇഷ്ടപ്പെടാത്ത ഞാന്‍ എന്ന വ്യക്തിയെ മാറ്റിവച്ചു ജീവിതത്തെ യഥാര്‍ത്ഥ സത്തയില്‍ അറിയുക എന്നതായിരുന്നു എന്‍റെ ലക്ഷ്യം. ജോലിയില്‍ നിന്ന് അവധിയെടുത്ത് എല്ലാം ഉപേക്ഷിച്ചു ഒരു സന്യാസിയെ പോലെ വസ്ത്രം ധരിച്ചു കയ്യില്‍ ഭിക്ഷാപാത്രവുമായി യൂറോപ്പില്‍ നിന്ന് ഇന്ത്യയിലേക്ക്‌ റോഡു മാര്‍ഗം പോകാനായിരുന്നു എന്‍റെ തീരുമാനം. അതോടൊപ്പം ഹിമാലയത്തിലെ ഒരു ആശ്രമത്തില്‍ നിന്ന്  യോഗയും ധ്യാനവും  പഠിക്കാനും ഞാന്‍ തീരുമാനിച്ചു.

തൊട്ടടുത്ത നഗരത്തില്‍ നിന്ന് ആറു മണിക്കൂര്‍ അകലെയുള്ള ഈ മലമുകളില്‍ വൈദ്യുതി ഇല്ലെന്നു മാത്രമല്ല, വെള്ളംപോലും ഇടയ്ക്കിടെ മാത്രമാണ് ലഭ്യമായിരുന്നത്. എന്‍റെ ലാപ്ടോപ്പും കിന്‍ഡിലും “ചത്തു”. മാസങ്ങളോളം എങ്ങനെ ഒരു നല്ല മനുഷ്യനാകാം എന്നതിനായുള്ള ഉപദേശക കഥകള്‍ക്ക് ഞാന്‍ ചെവികൊടുത്തിട്ടില്ല. എന്‍റെ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കാനുള്ള കുറുക്കുവഴികള്‍ പറഞ്ഞുതരുന്ന ആരുമായും സമ്പര്‍ക്കം പുലര്‍ത്തേണ്ട അവസ്ഥയും കടന്നു വന്നില്ല. അതിനു അവര്‍ ശ്രമിച്ചാലും അത് നടക്കുമായിരുന്നില്ല. ആധുനിക ലോകത്തിന്‍റെ ഉത്പാദനക്ഷമതക്കു കടക വിരുദ്ധമാണ് ആശ്രമത്തിലെ ജീവിത രീതി. ഞങ്ങള്‍  രാവിലെ അഞ്ചു മണിക്ക് എഴുന്നേല്‍ക്കും. അതിനുശേഷം രണ്ടു മണിക്കൂര്‍ നീണ്ട മൌനധ്യാനം ആണ്. പിന്നീടുള്ള സമയങ്ങളിലും ഞങ്ങള്‍ ഒന്നുകില്‍ ഇതേപോലെ ധ്യാനിക്കുകയോ അല്ലെങ്കില്‍ വളരെ ലഘുവായ യോഗാപരിശീലനം നടത്തിയോ, അല്ലെങ്കില്‍  എന്തിനാണ് ഈ ലോകം ഉണ്ടായത്, എന്തുതരം ഊര്‍ജ്ജമാണ് ലോകത്തെ സൃഷ്ടിച്ചത് നിര്‍വാണം എന്നത് നമുക്ക് എത്തിച്ചേരാന്‍ സാധ്യമായ ഒന്നാണോ എന്നിങ്ങനെയുള്ള യാതൊരു തരത്തിലും നടപ്പില്‍ വരുത്താന്‍ സാധിക്കാത്ത ആത്മീയ ചിന്തകള്‍ ചര്‍ച്ച ചെയ്തോ ചിലവഴിക്കുന്നു.  ഞാന്‍ ചെയ്തിരുന്ന ഏക ജോലി, ദിവസവും ഒരു മണിക്കൂര്‍ സമയം ആശ്രമത്തിന്റെ തറകള്‍ അടിച്ചുവാരി വൃത്തിയാക്കുക എന്നതായിരുന്നു. ആദ്യമൊക്കെ മനുഷ്യന്‍റെ വിലപ്പെട്ട സമയം ഇങ്ങനെ വെറുതെ പാഴാക്കുന്നതില്‍ എനിക്ക് എതിര്‍പ്പ് തോന്നിയിരുന്നു. പക്ഷെ സമയം കഴിയും തോറും ദിനങ്ങള്‍ തമ്മിലുള്ള അന്തരം ഇല്ലാതാകുകയും ഒരു ദിവസത്തിന്റെ സമയം നഷ്ടപ്പെടുന്നു എന്നതുപോലെയുള്ള പ്രശ്നങ്ങള്‍ അവസാനിക്കുകയും ചെയ്തു.

ആശ്രമത്തില്‍ എത്തി ആറുമാസം കഴിഞ്ഞപ്പോള്‍ പൊടുന്നനെ എനിക്ക് ഒന്നുകൂടി നോവല്‍ എഴുതണം എന്ന ആഗ്രഹം ശക്തമായി വന്നു. എന്‍റെ ലാപ്ടോപ് പ്രവര്‍ത്തനരഹിതമായിരുന്നതിനാല്‍ ആശ്രമത്തിലെ പാചകക്കാരന്‍ തന്റെ കണക്കുകള്‍ എഴുതിയിരുന്ന ലെഡ്ജര്‍ ബുക്ക് ഞാന്‍ കടമായി വാങ്ങി എഴുത്ത് തുടങ്ങി. നേരത്തെ ചെയ്തിരുന്ന  പോലെ സമയകൃത്യത  സൂക്ഷിക്കാതെ തന്നെ മാസങ്ങള്‍ കഴിഞ്ഞിട്ടും എഴുതുക എന്ന എന്‍റെ കര്‍മം മുടക്കം കൂടാതെ നടന്നു. ചിലപ്പോള്‍ അരമണിക്കൂര്‍, ചിലപ്പോള്‍ ഒരു മണിക്കൂര്‍ അങ്ങനെ തോന്നുമ്പോള്‍ ഒക്കെ തോന്നുന്നിടത്തിരുന്നു ഞാന്‍ എഴുതി. 

തിരിച്ചുള്ള എന്‍റെ യൂറോപ്പ് യാത്രക്കിടയില്‍ പോര്‍ച്ചുഗലില്‍ ഉള്ള ഒരു ഗ്രാമത്തില്‍ ഞാന്‍ തങ്ങി. അവിടെ ഇരുന്നു രണ്ടു മാസത്തോളം ഞാന്‍ എഴുതി.  അവിടെ പുസ്തകശാലകളോ ഇന്റര്‍നെറ്റോ ഇല്ലാതിരുന്നതിനാല്‍ ഞാന്‍ അപ്പോഴും മറ്റു പുസ്തകങ്ങള്‍ ഞാന്‍ വായിച്ചില്ല. പോര്‍ച്ചുഗീസ് ഭാഷയില്‍ ഉള്ള ചില പഴയ ക്ലാസ്സിക് പുസ്തകങ്ങള്‍ മാത്രമാണ്, അതും അവിടെയുള്ള ഒരു ശനിയാഴ്ച പച്ചക്കറി ചന്തയില്‍ നിന്ന് ലഭിച്ചത്. ആ ഭാഷ വായിക്കാന്‍ അറിയാത്തതിനാല്‍ ആ പുസ്തകങ്ങള്‍ എനിക്ക് പ്രയോജനം ചെയ്തെയില്ല.

അങ്ങനെ ഞാന്‍ എന്‍റെ നോവല്‍ പൂര്‍ത്തിയാക്കി. ഈ പ്രാവിശ്യം ഞാന്‍ എന്‍റെ പകര്‍പ്പുകള്‍ വലിച്ചെറിഞ്ഞു കളഞ്ഞില്ല. ഇത്തവണ മാന്ത്രികത നിര്‍മിക്കാന്‍ “മനഃപൂര്‍വ്വം” പരിശ്രമിക്കാത്തത് കൊണ്ട് അവ സ്വാഭാവികമായി അതില്‍ അടങ്ങിയിരുന്നു. 

കാലങ്ങളോളം ഒരു “ഇല്ലായ്മയില്‍” നിന്നുകൊണ്ടാണ് ഞാന്‍ എഴുതിയിരുന്നത്. ധാരാളം വായിച്ചാലെ ആഴത്തില്‍ അറിയാന്‍ കഴിയൂ എന്നാണ് ഞാന്‍ കരുതിയിരുന്നത്, കൂടുതല്‍ എഴുതാന്‍ വേണ്ടി ഞാന്‍ എന്‍റെ ദിനചര്യകളില്‍ മാറ്റം വരുത്തി. ലോകത്തിലെ വിജയിച്ച എഴുത്തുകാരുടെ ഉപദേശങ്ങള്‍ സ്വീകരിച്ചാണ് ഞാന്‍ എന്‍റെ എഴുത്തിനെ ക്രമപ്പെടുത്തിയിരുന്നത്. പക്ഷെ ഞാന്‍ എന്തുണ്ടാവാനാണോ കിണഞ്ഞു പരിശ്രമിച്ചിരുന്നത് അതെന്‍റെ ഉള്ളില്‍ സ്വാഭാവികമായി അടങ്ങിയിരുന്നു എന്നു ഞാന്‍ തിരിച്ചറിയാന്‍ വൈകി.

ബിസി നാലില്‍ എഴുതപ്പെട്ട പതഞ്‌ജലി യോഗവിദ്യ ജീവിതത്തിന്റെ ലക്ഷ്യത്തെ ‘ചിത്ത വൃത്തി നിരോധ’മായാണ് കാണുന്നത്. എന്നുപറഞ്ഞാല്‍, മനസിന്റെ ലക്ഷ്യത്തെ ഇല്ലായ്മ ചെയ്യുന്ന ഒടുക്കമില്ലാത്ത ചിന്തകളെ നിയന്ത്രിക്കുക എന്നുതന്നെ. പൌരാണിക കാലത്തെ മുനിവര്യന്മാരുടെ ജീവിതം ഇതിനെ അടിസ്ഥാനമാക്കിയാണ് രൂപപ്പെടുത്തിയിരുന്നത്. അവര്‍ ജീവിക്കുന്ന കുടുംബങ്ങള്‍ക്ക് ആവശ്യമായ ഭൌതിക സുഖങ്ങള്‍, അതായത് വീട്, ആവശ്യത്തിന് ഭക്ഷണം എന്നിവ ലഭിച്ചു കഴിഞ്ഞാല്‍ മനസിനെ എങ്ങനെ നിശബ്ദമാക്കാം എന്നും അതിലൂടെ യഥാര്‍ത്ഥമായ ജീവിത സത്ത എന്തെന്ന് തിരിച്ചറിയാന്‍ ശ്രമിക്കുകയും ചെയ്തുപോന്നു. പക്ഷെ നമ്മുടെ ഇന്നത്തെ സംസ്കാരം നമ്മെ പഠിപ്പിക്കുന്നത് മറ്റൊന്നാണ്. കൂടുതല്‍ ഉണ്ടാക്കുക, കൂടുതല്‍ അറിയുക, കൂടുതല്‍ അനുഭവിക്കുക, കൂടുതല്‍ കൂടുതല്‍ വ്യതിരിക്തമാകാന്‍ ചിട്ടയായി പ്രവര്‍ത്തിക്കുക. ആ ഒരു വര്‍ഷത്തെ ‘ഒഴിവു സമയത്ത്’ ഞാന്‍ ഈ ചോദനകളെ മറന്ന്, എന്‍റെ ഉള്ളിലെ കഴിവുകളുടെ ഖനി കണ്ടെത്തുകയായിരുന്നു. 

ഇപ്പോള്‍ ഞാന്‍ തിരിച്ച് ന്യൂയോര്‍ക്കില്‍ എത്തി. വീണ്ടും എനിക്കെന്റെ ലാപ്ടോപ്പും, കിന്‍ഡിലും മറ്റനേകം സാമഗ്രികളും ഉപയോഗിക്കാനുള്ള അവസരം ലഭ്യമായി. പക്ഷെ ഞാന്‍ എത്ര തന്നെ കരുതലോടെ ധ്യാനിക്കാന്‍ ശ്രമിച്ചാലും പരിപൂര്‍ണമാക്കാന്‍ സാധിക്കാത്ത എന്തോ ഒന്നിനെ തേടി അശാന്തമാകുന്ന മനസിനെ നിയന്ത്രിക്കാന്‍ എനിക്കു കിണഞ്ഞു പരിശ്രമിക്കേണ്ടി വന്നു. അപ്പോഴൊക്കെ ആ ആറുമാസക്കാലം ആശ്രമത്തില്‍ ഞാന്‍ തറയില്‍ കിടന്നുറങ്ങിയതും, എന്നിട്ടും പരിപൂര്‍ണ സംതൃപ്തനായിരുന്നതും ചിന്തിക്കുകയും ചെയ്യും.  

(കരണ്‍ ബജാജ് ഒരു യോഗിയും എഴുത്തുകാരനുമാണ്. ഇന്ത്യയില്‍ ജനിച്ചു വളര്‍ന്ന അദ്ദേഹം ദക്ഷിണേന്ത്യയിലെ ശിവാനന്ദാശ്രമത്തില്‍ നിന്ന് ഹത യോഗാധ്യാപകനാകന്‍ പരിശീലനം നേടി. അതോടൊപ്പം ഹിമാലയസാനുക്കളില്‍ നിന്ന് ധ്യാനവിദ്യയും അദ്ദേഹം സ്വായത്തമാക്കി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ ജോണി ഗോണ്‍ ഡൌണ്‍, കീപ്‌ ഓഫ്‌ ദി ഗ്രാസ് എന്നീ കൃതികള്‍ അദ്ദേഹത്തിന്റെതാണ്. അദ്ദേഹത്തിന്റെ പുതിയ നോവല്‍ ദി യോഗ ഓഫ് ദി മാക്സ് ഡിസ്കണ്‍ടന്റ് ഈയിടെ പുറത്തിറങ്ങി.) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍