UPDATES

മാട്രിമോണിയല്‍ സൈറ്റുകളുടെ കാലത്ത് ഒരു സ്ത്രീ കല്യാണ ബ്രോക്കറുടെ ജീവിതം

30 വര്‍ഷത്തിലേറെയായി കല്യാണ ബ്രോക്കറായി ജോലി ചെയ്യുകയാണ് പാലക്കാട് എലപ്പുള്ളിയിലെ മന്നത്ത് പറമ്പില്‍ ജാനകി

“പതിമൂന്നാം വയസ്സില്‍ കല്യാണം കഴിഞ്ഞു. പതിനഞ്ച് വയസ്സില്‍ പ്രായപൂര്‍ത്തിയായി. പതിനേഴ് വയസ്സില്‍ പെറ്റ മകന് നാല്പതു വയസ്സായി.” 30 വര്‍ഷത്തിലേറെയായി കല്യാണ ബ്രോക്കറായി ജോലിചെയ്യുന്ന പാലക്കാട് എലപ്പുള്ളിയിലെ മന്നത്ത് പറമ്പില്‍ ജാനകി തന്റെ ജീവിതത്തെ കുറിച്ചു പറഞ്ഞു തുടങ്ങി.

ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍ സമുദായത്തില്‍ പെട്ട നിരവധി പേരുടെ ജീവിതം ജാനകി ഇതിനോടകം കൂട്ടിയോജിപ്പിച്ചു കഴിഞ്ഞു. പാലക്കാട്, തൃശ്ശൂര്‍ ജില്ലകളില്‍ ജാനകി സഞ്ചരിക്കാത്ത  നാട്ടിടവഴികള്‍ കുറവാണ്. ഇന്‍റര്‍നെറ്റും മാട്രിമോണിയല്‍  സൈറ്റുകളും വ്യാപകമായ ഇക്കാലത്തും ജാനകിക്ക് ഒരു മാറ്റവും ഇല്ല. കയ്യിലൊരു കുടയും ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിവരങ്ങള്‍ അടങ്ങിയ നോട്ട് ബുക്കുമായി ജാനകി ഇപ്പൊഴും നാട്ടിലേക്കിറങ്ങുന്നു. ഒരു ടിപ്പിക്കല്‍ സത്യന്‍ അന്തിക്കാട് കഥാപാത്രത്തെ പോലെ.

വയസ്സിപ്പോ അറുപത്തിനാലായി. ഞാന്‍ ജനിച്ചു വളര്‍ന്നത് വള്ളിക്കോട് കമ്പ എന്ന സ്ഥലത്താണ്. അച്ഛനും അമ്മയും കൃഷിക്കാരായിരുന്നു. പാണര്‍ വിഭാഗതില്‍ പെട്ടവരായിരുന്നു ഞങ്ങള്‍. അച്ഛനും അമ്മയും ഞങ്ങളെ പഠിപ്പിക്കുകയോ പാട്ടിന് വിടുകയോ ഒന്നും ചെയ്തില്ല. കല്യാണം കഴിഞ്ഞു ഇവിടെ വരുമ്പോള്‍ ഭര്‍ത്താവിന്റെ അച്ഛനും അമ്മയും ഇവിടെ ഉണ്ടായിരുന്നു. അവരെന്നെ നല്ല നിലയില്‍ തന്നെയാണ് നോക്കിയത്. അവര്‍ മരിച്ചതോടെ എനിക്കു കഷ്ടകാലം തുടങ്ങി. നാല് മക്കളാണ്. രണ്ടാണും രണ്ട് പെണ്ണും. പിന്നെ അതുങ്ങളെയൊക്കെ പെലത്താന്‍ കുറെ കഷ്ടപ്പെട്ടു. ഭര്‍ത്താവ് കെട്ട് പണിക്ക് പോകും വെള്ളവും അടിക്കും. കുടുംബത്തില്‍ ഒന്നും തരില്ല. അയാള് ഈ പടികടക്കുമ്പോള്‍ തന്നെ ഞാന്‍ ഒളിച്ചിരിക്കും. പലപ്പോഴും അയാളുടെ അടി പേടിച്ച് രാത്രി മക്കളെയും കൊണ്ട് പുറത്താണ് ഞാന്‍ കിടക്കുക. നാല് മക്കളെയും കൊണ്ട് മൂര്‍ക്കന്‍ പാമ്പിന്റെ മേലെ കിടന്നവളാണ് ഞാന്‍. എട്ടടി മൂര്‍ക്കന്‍ അവിടെ ഇങ്ങനെ വട്ടത്തില്‍ കിടക്കുണ്ടായിരുന്നു. പാമ്പിനെ തല്ലിക്കൊന്നപ്പോള്‍ അതിന്റെ നീളം കണ്ടിട്ടു ഇവിടത്തെ കുടിക്കാര് നീ എന്താ ചെയ്തെ ഈ പാമ്പിന്റെ കൂടെയാണല്ലോ നീ കിടന്നത് എന്നു പറഞ്ഞു അത്ഭുതപ്പെടുകയുണ്ടായി.

ആദ്യമൊക്കെ ഞാന്‍ പാടത്തെ പണിക്കാണ് പോയിരുന്നത്. മുപ്പതു കൊല്ലമായി ബ്രോക്കര്‍ പണി ചെയ്യുന്നു. ആദ്യം പട്ടകൊണ്ട് കെട്ടിയ ചാളയിലായിരുന്നു ജീവിതം. ഈ ജോലി കൊണ്ട് തന്നെയാണ് ഞാന്‍ ഈ വീടുണ്ടാക്കിയതും മക്കളെ വളര്‍ത്തിയതുമൊക്കെ. രണ്ട് പെണ്‍മക്കളെയും ഞാന്‍ ഇരുപത് പവനൊക്കെ കൊടുത്തു കെട്ടിച്ചു കൊടുത്തു. മക്കളെ ഒരു നിലയിലാക്കി. ചെറിയ മകനെ നന്നായി പഠിപ്പിച്ചു. എം എ, ബി എഡ് വരെ പഠിച്ചു. അവന് തൃശൂര്‍ ആണ് ജോലി.  മൂത്തമോന്‍ കെട്ട് പണിക്ക് പോകുന്നു. ഭര്‍ത്താവ് മൂന്നാല് വര്‍ഷമായി സുഖമില്ലാതെ കിടക്കുകയായിരുന്നു. ഞാന്‍ രണ്ട് രണ്ടര ലക്ഷം ചെലവാക്കി അയാളെ ചികിത്സിച്ചു. തൃശ്ശൂര്‍ മുളങ്കുന്നത് കാവ് ഹോസ്പിറ്റലില്‍ ട്രീറ്റ്മെന്‍റ് എടുത്തതിന് ശേഷം നാല് വര്‍ഷമായി കള്ളുകുടി.

ആദ്യായിട്ടു ബ്രോക്കര്‍ പണി ചെയ്യുന്നത് സ്വന്തം കുടുംബത്തിലെ ഒരു കുട്ടിയുടെ  കല്യാണം നടത്തിക്കൊണ്ടാണ്. അതുകഴിഞ്ഞപ്പോള്‍ പലരും വന്നു ഏല്‍പ്പിക്കാന്‍ തുടങ്ങി. ഒരു പെണ്ണിന്റെ കാര്യം വന്നു പറഞ്ഞാല്‍ ഞാന്‍ അവര്‍ക്ക് എന്‍റെ നമ്പര്‍ കൊടുക്കും. എന്നിട്ട് പറ്റിയ ചെറുക്കന്മാരെ കണ്ടാല്‍ അവരോടു വിളിച്ച് പറയും. ചെറുക്കന്‍റെ വീട്ടുകാരെയും കൂട്ടി പോയി കാണിച്ചു കൊടുക്കും. തൃശൂരില്‍ വരെ ഞാന്‍ പോയിട്ടുണ്ട്. മണ്ണുത്തി, മുപ്പുഴ, വാടാനപ്പള്ളി, ചെട്ടിനാട് അവിടെന്നൊക്കെ ഇങ്ങോട്ട് പെണ്‍കുട്ടികളെ കൊണ്ട് വന്നിട്ടുണ്ട്. ബസ്സിനാണ് ദൂര സ്ഥലങ്ങളില്‍ ഒക്കെ പോകുന്നത്. പണ്ടൊക്കെ നടന്നും പോയിരുന്നു. പാലക്കാട് ജില്ലയുടെ ഏകദേശം എല്ലാ ഭാഗങ്ങളിലും ഞാന്‍ പോയിട്ടുണ്ട്. അന്നെനിക്ക് നല്ല സാമര്‍ഥ്യം ഉണ്ടായിരുന്നു.

ഞാന്‍ ഈ തൊഴില്‍ ചെയ്യുന്നത് അന്നും ഇന്നും ഒറ്റയ്ക്കാണ്. തുണ കൂട്ടില്ല. ഒരുപാട് പേരിത് ചെയ്യുന്നുണ്ട്. പക്ഷേ ഞാന്‍ ആര്‍ക്കും ഒരു ചങ്ങാതിയല്ല. എനിക്കു ചങ്ങാതി ഞാന്‍ തന്നെയുള്ളൂ. അതെന്താന്നു വെച്ചാല്‍ ഞാന്‍ ഒരാളെ കൂടെ കൊണ്ട് പോകുമ്പോള്‍ ചിലപ്പോള്‍ ചെക്കന്‍റെ വീട് അവരുടെ കയ്യിലായിരിക്കും പെണ്ണിന്‍റെ വീട് എന്‍റെ കയ്യില്‍. എനിക്കു ചെക്കന്‍റെ വീടിനെ കുറിച്ച് ഒന്നും അറിയില്ല. കൃത്യമായി അറിയാതെ പിന്നീട് എന്തെങ്കിലും പ്രശ്നം വന്നാല്‍ ആളുകള്‍ എന്നെ കുറ്റം പറയും. അതുകൊണ്ട് ഞാന്‍ ചെയ്യുന്നത് ഒറ്റയ്ക്കേ ചെയ്യൂ. കാശിന് വേണ്ടി ഞാന്‍ ആരെയും ചതിക്കില്ല. കാണിച്ചു കൊടുക്കുന്ന ബന്ധത്തില്‍ ഒരെണ്ണം മോശമായാല്‍ മതി. ആളുകള്‍ നമ്മളെ പിന്നെ അടുപ്പിക്കില്ല. ജീവിതത്തിന്‍റെ പ്രശ്നമല്ലെ. ആരെയും ചതിച്ചിട്ടു എനിക്കു ഒന്നും നേടേണ്ട. അല്ലാതെ കിട്ടുന്നത് മതിയെനിക്ക്.  എവിടെപ്പോയാലും അഞ്ചുമണിക്കുള്ളില്‍ വീട്ടില്‍ എത്തണം എന്നത് നിര്‍ബ്ബന്ധമാണ്. വൈകി വരുന്നത് കണ്ടാല്‍ നാട്ടുകാരും ചോദിക്കും. നാട്ടുകാരെയും വീട്ടുകാരെയും ഒക്കെ പേടിച്ചിട്ടുള്ള ജീവിതമാണ് എന്‍റേത്.

ഇപ്പോള്‍ കമ്പ്യൂട്ടറില്‍ പലരും രാജിസ്റ്റര്‍ ചെയ്താണല്ലോ കല്യാണം കഴിക്കുന്നത് അത് നിങ്ങളെപ്പോലുള്ളവരെ ബാധിക്കുന്നില്ലേ എന്ന ചോദ്യത്തിന്. ജാനകിയുടെ ഉത്തരം ഇതായിരുന്നു.

ഇപ്പോള്‍ ഇഷ്ടം പോലെ ബ്രോക്കര്‍മാരുടെ ബ്യൂറോകളും ഉണ്ട്. നെറ്റിലുണ്ട്. പേപ്പറില്‍ ഉണ്ട്. ഒന്നോ രണ്ടോ അരയോ മുറിയോ നമുക്ക് കിട്ടും. പെണ്ണിന്റെ വീട്ടില്‍ നിന്നു പതിനഞ്ചാണെങ്കില്‍ ചെറുക്കന്‍റെ വീട്ടില്‍ നിന്നു പത്തോ പതിനഞ്ചോ ഒക്കെ അതും കിട്ടും. വലിയ കുടുംബത്തിലേ പോകാറുള്ളൂ. കൂലിപ്പണിക്ക് പോകുന്ന കുടുംബത്തിലും താഴ്ന്ന കുടുംബത്തിലും ഞാന്‍ പോകില്ല. ഞങ്ങളെപ്പോലുള്ള കുടുംബത്തില്‍ പോകില്ല. ചെറുമരുടെ കുടുംബത്തിലും പോകില്ല. അവരൊരു പത്തോ നൂറോ തരും. നാളെ അത് നടന്നില്ലെങ്കില്‍ എന്നെ റോഡില്‍ കൂടി പോകാന്‍ വിടില്ല.  പൈസ വാങ്ങി പറ്റിച്ചു എന്നു പറയും. കള്ളുഷാപ്പിലോ ചായക്കടയിലോ ഒക്കെയിരുന്നു അത് പറയും. എത്രയോ ആള്‍ക്കാര്‍ക്ക് തല്ലും കൊള്ളാറുണ്ട്. വെറുതെ എന്തിനാണ് ഈ വഷളത്തരത്തിന് നില്‍ക്കുന്നത്. ഞാന്‍ മിക്കവാറും നായന്‍മാരുടെ മാപ്പിളമാരുടെ ക്രിസ്ത്യാനികളുടെയുമാണ് നോക്കാറ്.

അണുകുടുംബങ്ങളായതോടെ കുട്ടികളുടെ എണ്ണത്തിലുണ്ടായ കുറവും പ്രണയ വിവാഹങ്ങള്‍ കൂടിയതും പെണ്‍കുട്ടികളുടെ എണ്ണം കുറഞ്ഞതും മാട്രിമോണിയല്‍ സൈറ്റുകളും വിവാഹ ബ്യൂറോകളും വര്‍ദ്ധിച്ചതും ഒക്കെ ഈ തൊഴില്‍ ചെയ്യുന്ന തങ്ങളെ പോലുള്ളവരെ ഒരു പരിധിവരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ടെന്ന് ജാനകി സമ്മതിക്കുന്നു.

ഇപ്പോള്‍ പണ്ടത്തെ പോലെ ഇല്ല. ഇപ്പോള്‍ വരുന്ന വിവാഹാലോചനകളുടെ എണ്ണം കുറവാണ്. ഉള്ളവര്‍ തന്നെ അവര്‍ക്ക് ഇഷ്ടപ്പെട്ടവരുടെ കൂടെ പോകുകയാണ്. കല്യാണം ഉറപ്പിച്ചിട്ടു പൊയ്ക്കളയുന്ന കുട്ടികള്‍ ഉണ്ട്. നമ്മള്‍ക്ക് എന്തെങ്കിലും പറയാന്‍ പറ്റുമോ? പഴയത് പോലുള്ള സത്യവും മര്യാദയും ഇപ്പോള്‍ ഇല്ല. പണ്ട് അഞ്ചും ആറും മക്കളോക്കെയുണ്ടാവും. ഇപ്പോള്‍ ഒന്നോ രണ്ടോ പേരെ കാണൂ. അവരൊക്കെ അവരുടെ ഇഷ്ടത്തിനാണ് നടക്കുന്നത്. സ്കൂളില്‍ പഠിക്കുമ്പോഴേ സ്നേഹ ബന്ധം ഉണ്ടാകും. കല്യാണം ഉറക്കുന്ന സമയത്തായിരിക്കും അച്ഛനും അമ്മയും ഇത് അറിയുന്നത്. അങ്ങനെയുള്ളവരെയൊക്കെ നമ്മള്‍ കാണിച്ചു കൊടുത്താല്‍ നമ്മളില്‍ ഉള്ള വിശ്വാസം നഷ്ടപ്പെടും. അതുകൊണ്ട് ഞാന്‍ വളരെ ശ്രദ്ധിച്ചേ ചെയ്യാറുള്ളൂ.

കഴിഞ്ഞ ഇരുപത്തിയൊന്നു വര്‍ഷമായി ജാനകി കൊടുങ്ങല്ലൂര്‍ ഭരണിക്ക് പോകുന്നുണ്ട്. കാഴ്ചക്കാരിയായല്ല ജാനകി പോകുന്നത്. വ്രതശുദ്ധിയോടെ വീടിനടുത്തുള്ള പാണരുടെ കാവില്‍ അരമണിയും കാല്‍ച്ചിലമ്പും കെട്ടി ഉറഞ്ഞതിന് ശേഷമാണ് പോകുന്നത്. ഭര്‍ത്താവിന്‍റെ അച്ഛന്‍ മരിച്ചതിന് ശേഷമാണ് ജാനകി നിസ്വാഹം ചെയ്യാന്‍ തുടങ്ങിയത്. അച്ഛന്‍ ഉറയുന്ന ആളായിരുന്നു. അറുപത്തിമൂന്നു ഭരണി കെട്ടിയ ആളാണ്. ആ വാളാണ് ഇവിടെയുള്ളത്. ഇവിടന്ന് ഉറഞ്ഞതിന് ശേഷം വണ്ടിയില്‍ കയറിയാണ് ഞങ്ങള്‍ പോകുന്നത്. മൂന്നു ദിവസം ഞങ്ങള്‍ കൊടുങ്ങല്ലൂരില്‍ ഉണ്ടാകും.

ഒരാള്‍ക്ക് ഊതാന്‍ പോയാല്‍ എനിക്കു പത്തുരൂപ കിട്ടും. ഊതിക്കാന്‍ എല്ലാ സമയത്തും ആള്‍ക്കാര്‍ കുട്ടികളെയും കൊണ്ട് വരും. കുട്ടികള്‍ക്ക് വയ്യാതായാലോ ദൃഷ്ടി ദോഷത്തിനോ ഒക്കെ ഊതിക്കൊടുക്കും. ശത്രു ബാധ ഉണ്ടെങ്കിലും  ഞാന്‍ മാറ്റിക്കൊടുക്കും. അന്നേരം അവര്‍ ദക്ഷിണ തരും. അരമണിയും വാളും ഒക്കെ വെച്ചു ഉറഞ്ഞാല്‍ ബാധയുണ്ടെങ്കില്‍ മനസ്സിലാവും. ബാധയൊക്കെ ഞാന്‍ ഒഴിപ്പിക്കും. അതൊക്കെ ആളെ കണ്ടാല്‍ മനസ്സിലാകും. പൂജയൊക്കെ ചെയ്തു അത് മാറ്റിക്കൊടുക്കും.

ചിത്രങ്ങള്‍: രാഖി സാവിത്രി

സഫിയ ഫാത്തിമ

സഫിയ ഫാത്തിമ

എഡിറ്റോറിയല്‍ അസിസ്റ്റന്‍റ്, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍