UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അലോഷ്യസിന്റെ ഒളിജീവിതത്തിന് പത്തു വയസ്സ്

Avatar

അലോഷ്യസ്‌/ ദാവൂദ് അരീയില്‍

മഴ തോര്‍ന്ന ഒരു വൈകുന്നേരം, പറഞ്ഞുറപ്പിച്ചപ്പോലെ അലോഷ്യസിന്റെ വീട്ടിലെത്തിയപ്പോള്‍ മുറ്റത്തു കാത്തുനില്‍പ്പുണ്ടായിരുന്നു. സമീപത്തെ വീട്ടില്‍ വഴിചോദിച്ച് മുന്നില്‍ എത്തിയപ്പോള്‍ തോര്‍ത്തു കൊണ്ട് മുഖം പൊതിഞ്ഞു നില്‍ക്കുകയാണൊരു മനുഷ്യരൂപം. പരിചയപ്പെടുത്തിയ ശേഷം പുറത്തിരുന്നു സംസാരിക്കാമല്ലേയെന്നു ചോദിച്ചപ്പോള്‍ തലകുലുക്കി സമ്മതിച്ചു. 

ഇത്തിരി നിക്കൂ. ഞാനൊന്നു കുപ്പായം മാറ്റിവരാമെന്നു പറഞ്ഞു തകര്‍ന്നു വീഴാറായ കുടിലിലേക്കു കയറിയ അയാള്‍ ഒരു സ്റ്റീല്‍ ഗ്ലാസുമായാണ് പുറത്തു വന്നത്.

ദാ… ഇതു കണ്ടോ ഈ ഗ്ലാസ്, കഴിഞ്ഞ പത്തുവര്‍ഷമായി എന്റെ ജീവിതത്തിന്റെ ഭാഗമാണിത്. ഇതില്ലാതെ എനിക്കു ജീവിക്കാന്‍ കഴിയില്ല. എവിടെപ്പോകുമ്പോഴും ഇതുമുണ്ടാവും കൂടെ. ഇല്ലെങ്കിലൊരു തുള്ളി വെള്ളം പോലും കുടിക്കാനാവില്ല. വര്‍ഷത്തില്‍ രണ്ടോ മൂന്നോ തവണ കോഴിക്കോട്ടെ ഡെന്റല്‍ കോളേജില്‍ മുഖംമൂടിമാറ്റാന്‍ പോവും. പിന്നെ ഇടയ്‌ക്കൊക്കെ പരിയാരം മെഡിക്കല്‍ കോളേജ് വരെ. ഇതുമാത്രമാണെന്റെ യാത്ര. അപ്പോഴല്ലാം ഗ്ലാസ് കയ്യില്‍ക്കരുതും. ആദ്യമൊക്കെ ബുദ്ധിമുട്ട് തോന്നിയിരുന്നെങ്കിലും ഇപ്പോഴിതെല്ലാം ശീലമായി. ഭക്ഷണം മറ്റൊരിടത്തു നിന്നും കഴിക്കാനാവില്ല. ഒരു പിടിവാരിയാല്‍ പകുതിയും പുറത്തായിരിക്കും. ഇതു കൊണ്ടുതന്നെ കുറേനാളായി പുറത്തെ രുചി പോലും നഷ്ടപ്പെട്ടിട്ട്. മരിക്കുന്നതാണ് ഇതിനെക്കാള്‍ നല്ലതെന്ന് പലപ്പോഴുംതോന്നിയിട്ടുണ്ട്’

ബൈക്കിന്റെ പിന്നിലിരുന്നാണ് സംസാരം തുടങ്ങിയത്. നശിച്ച ആ ദിവസത്തിന്റെ ഭീകരമായ ഓര്‍മകളില്‍ നിന്ന് ഇന്നും മോചിതനായിട്ടില്ല. ഇനിയതിനു കഴിയുകയുമില്ല. അത്രയും വലിയ പ്രഹരമാണ് ആ രാത്രി അലോഷ്യസിന്റെ ശരീരത്തിനും മനസ്സിനുമേല്‍പ്പിച്ചത്. കൂട്ടം കൂടിവന്ന തെരുവുനായകള്‍ക്കുമുന്നില്‍ നിസ്സഹാനായി കിടന്നുരുണ്ട അലോഷ്യസിന്റേത് പകര്‍ത്തിയെഴുതാനാവാത്ത അനുഭവമാണ്. സമൂഹത്തിനിടയില്‍ ഒളിജീവിതം നയിക്കുമ്പോഴും തിരസ്‌കരണത്തേയും പരിഹാസങ്ങളേയും നിശ്ചയദാര്‍ഢ്യം കൊണ്ട് ചെറുത്തു തോല്‍പ്പിക്കുകയായിരുന്നു അലോഷ്യസ്.

‘കുറെ നാളുകള്‍ക്കു ശേഷമാണ് ഞാന്‍ കഴിഞ്ഞമാസം അശോകനെ കണ്ടത്. സുഖല്ലേന്ന് ചോദിച്ചപ്പോള്‍ മറിച്ചൊന്നും പറയാന്‍ തോന്നിയില്ല. ചിരിക്കാന്‍ തോന്നിയെങ്കിലും എനിക്കതിനായില്ല. എന്റെ മുഖത്തു നോക്കി സുഖമോണോയെന്നും ചോദിക്കാന്‍ ആര്‍ക്കെങ്കിലും തോന്നുമോ. പക്ഷേ അവനത് ചോദിക്കാന്‍ അര്‍ഹതയുണ്ട്. മരിക്കാനവന്‍ തീരുമാനിച്ചില്ലെങ്കില്‍ ഞാനിപ്പോള്‍ ജീവിച്ചിരിപ്പുണ്ടാവില്ല. 2005 സെപ്തംബര്‍ ഒന്നിനായിരുന്നു ആ സംഭവം. രാത്രിയില്‍ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് വയറു നിറയെ മോന്തിയാണ് പുറത്തിറങ്ങിയത്. കടന്നപ്പള്ളിയിലെ കടത്തിണ്ണയില്‍ എത്തുന്നതുവരെ ഓര്‍മയുണ്ട്. പിന്നീട് ബോധം വരുമ്പോള്‍ പൊലീസു വണ്ടിയില്‍ പായയില്‍ പൊതിഞ്ഞു ശവമായി കിടക്കുകയായിരുന്നു. അന്ന് പരിയാരത്ത് പൊലീസ് സ്റ്റേഷനില്ലായിരുന്നു. പഴയങ്ങാടിയില്‍ നിന്നുള്ളവരാണ് എന്നെ ആസ്പത്രിയിലെത്തിച്ചത്. 

മദ്യലഹരിയില്‍ ഞാന്‍ വീണു കിടക്കുന്നതിനു തൊട്ടടുത്ത് വിഷം കഴിച്ചവന്‍ മരിക്കാന്‍ കിടക്കുന്നുണ്ടായിരുന്നു. അവനെ തെരഞ്ഞെത്തിയ വാഹനത്തിന്റെ വെളിച്ചത്തിലാണ് നായകള്‍ എന്നെ കടിച്ചു പറിച്ചു കീറുന്നത് കണ്ടത്. രക്തത്തില്‍ കുളിച്ചു നില്‍ക്കുന്ന എന്നെ തോടാന്‍ പോലും ആര്‍ക്കും ധൈര്യമുണ്ടായില്ല. പിന്നെ പൊലീസ് എത്തിയാണ് രക്ഷപ്പെടുത്തിയത്.

അന്നു വെകിട്ട് ആറു മണിക്കാണ് പരിയാരത്തു നിന്ന് കടന്നപ്പള്ളിയിലേക്കു പോയത്. ഇത്തിരി കുടിച്ചിട്ടുണ്ടായിരുന്നു. ചായക്കടയില്‍ നിന്നിറങ്ങുമ്പോഴാണ് ഗള്‍ഫില്‍ നിന്നു വന്ന സുഹൃത്തിനെ കണ്ടത്. നല്ല സാധനമുണ്ടെന്ന് പറഞ്ഞു വിളിച്ചപ്പോല്‍ എനിക്കും തോന്നി ആവാമെന്ന്. അല്ലെങ്കിലും നല്ല സാധനമുണ്ടെന്നു പറഞ്ഞാല്‍ വേണ്ടെന്നു പറയാനവുമോ. വയറു നിറയെ കുടിച്ച് ചോറുംകഴിച്ചാണ്  രാത്രി പുറത്തിറങ്ങിയത്. വീട്ടില്‍ കൊണ്ടുവിടാമെന്നവന്‍ പറഞ്ഞതാ, പക്ഷേ അലോഷ്യസെത്ര കണ്ടതാ… എന്നമട്ടിലായിരുന്നു ഇറങ്ങി നടത്തം. അതെന്നെ കൊണ്ടെത്തിച്ചത് ഇവിടം വരെയാണ്. 

പിന്നീടൊരിക്കലും അവനെ കണ്ടിട്ടില്ല. കഥയറിഞ്ഞപ്പോള്‍ തന്നെ ഗള്‍ഫിലേക്കവന്‍ പോയി. ഇതിനിടയില്‍ ചികില്‍സ് അയ്യായിരം രൂപയും അയച്ചു തന്നു. ഇതിനെല്ലാം കാരണം അവനാണെന്ന് എന്നൊന്നും അര്‍ത്ഥമില്ല. പലതവണ വീട്ടില്‍ കൊണ്ടുവിടാന്നവന്‍ പറഞ്ഞതാ. പക്ഷേ ഞാന്‍ വിട്ടില്ല. വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോ,’’ അലോഷ്യസ് വിധിയില്‍ ആശ്രയം കൊള്ളുന്നു.

കുട്ടിക്കാലത്ത് നല്ല കുട്ടിയായിരുന്നു ഞാന്‍. ഒളിച്ചും പാത്തും ബീഡിവലിക്കുമായിരുന്നു. പിന്നെ സിനിമയും. കൂട്ടുകാരോടൊപ്പം വൈകുന്നേരങ്ങളില്‍ എവിടെയെങ്കിലും പോയിരിക്കും. സിപിഐഎം പാര്‍ട്ടിക്കാരോടൊപ്പം കൊടിക്കെട്ടാനും യോഗം കേള്‍ക്കാനും പോകും. ഇതിനിടയില്‍ എവിടെയോ വെച്ചാണ് നാടന്‍കള്ളിന്റെ രുചിപിടിച്ചത്. ചെറിയ പ്രായത്തില്‍ തന്നെ കുടുംബം പോറ്റാന്‍ പണിക്കുപോയിരുന്നു. നാടന്‍ പണിയായിരുന്നു എടുത്തിരുന്നത്. പീന്നീട് കിണറു കുഴിക്കാന്‍ പോയിത്തുടങ്ങി. അപ്പോള്‍ ശീലങ്ങളിലും മാറ്റം വന്നു.ആഴമുള്ള കിണറിലിറങ്ങാന്‍ രണ്ടെണ്ണം വീശണം. തിരികെ കയറിയാലും വേണം രണ്ടെണ്ണം. അന്നൊക്കെ നാട്ടിന്‍ പുറങ്ങളില്‍ വാറ്റ് സുലഭമായിരുന്ന്. വീശി പാറപ്പുറത്ത് കിടന്നുറങ്ങി രാവിലെയെണിറ്റ് പണിക്കു പോകും. പിന്നെ വൈകിട്ട് വരുമ്പോഴും നല്ല ഫിറ്റിലായിരിക്കും. പിന്നെ പിന്നെ ഞാനറിയാതെ മദ്യമെന്നെ കീഴടക്കി. ഞാന്‍ മാത്രമല്ല. എന്റെ പ്രായക്കാരായ കൂട്ടുകാരെല്ലാം അങ്ങനെയായിരുന്നു. എന്തൊരു രസമായിരുന്നു ആ കാലം. ഒഴിവു സമയങ്ങളില്‍ കള്ളും കുടിച്ചുള്ള ഇരുത്തം. രാഷ്ടീയ ചര്‍ച്ചകളും യോഗങ്ങളും കളിക്കലും കളികാണലുമെല്ലാമായിരുന്നു’, കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ ആ കണ്ണുകളില്‍ തിളങ്ങി.

രണ്ടാം ജന്മത്തിന്റെ പത്തുവര്‍ഷം

രണ്ടാം ജീവിതത്തിന് ഇപ്പോള്‍ പത്തുവയസ്സായി. സംഭവിച്ചതെന്താണെന്ന് പോലും ഓര്‍ക്കാന്‍ ഭയമാണ്. വിഷം കഴിച്ചു കിടന്ന അശോകനെ തേടി അവര്‍ വന്നില്ലെങ്കില്‍ പട്ടികള്‍ എന്നെ പൂര്‍ണ്ണമായും പറിച്ചു കീറിയിട്ടുണ്ടാവും. ആളുകള്‍ കാണാത്ത പീടികക്കോലായിലായിരുന്നു വീണത്. വണ്ടിയുടെ വെളിച്ചത്തിലാ കണ്ടത്. അല്ലെങ്കില്‍ കാണൂലായിരുന്നു. അവരു കാണുമ്പോഴേക്കും മുഖവും മാറിടവുമെല്ലാം കടിച്ചുകീറിയിരുന്നു. ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന പ്രതീക്ഷപോലും ഇല്ലാതെയായിരുന്നു ഡോക്ടര്‍മാരുടെ ചികില്‍സപോലും. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലിലേക്ക് മാറ്റിയെങ്കിലും മാസങ്ങളോളം ഐ.സി.യുവിലായിരുന്നു. എല്ലാറ്റിനും തുണയായി അനുജന്‍ ദാസനും പെങ്ങളും കൂടെയുണ്ടായിരുന്നു. ഇന്നോ നാളെയോ ശരിയാവുമെന്ന പ്രതീക്ഷയിലായിരുന്നു ബന്ധുക്കള്‍. മൂന്നാലുമാസത്തെ ചികില്‍സ കഴിഞ്ഞു കോഴിക്കോട് ഡെന്റല്‍ കോളേജില്‍ നിന്ന് തന്ന മാസ്‌കുമിട്ടാണ് വീട്ടിലെത്തിയത്. അപ്പോഴേക്കും പലതും നഷ്ടപ്പെട്ടിരുന്നു. ഈ മാസ്‌ക് ഊരിയാലേ നിങ്ങള്‍ക്ക് മുഖത്തിന്റെ അവസ്ഥ തിരിച്ചറിയൂ.’’

അവഗണനയുടെ ഒന്നാം പാഠം

ആസ്പത്രിയില്‍ നിന്നു നാട്ടിലെത്തിയപ്പോള്‍ വലിയ ജനക്കൂട്ടമായിരുന്നു. കണ്ടവരല്ലാം ഭയന്നു. അത്രയ്ക്ക് ഭീകരമായിരുന്നു മുഖം. ആദ്യം കുറച്ചുകാലം പുറത്തിറങ്ങിയില്ല. വീട്ടിലിരുന്നു മടുത്തപ്പോള്‍ മെല്ലെ മെല്ലെ പുറത്തിറങ്ങി. കാണുന്നവരൊക്കെ ഭയന്ന് മാറിനില്‍ക്കാന്‍ തുടങ്ങി. കല്യാണ വീടുകളിലും മരണവീടുകളിലും പോയാല്‍ ആരും ഒന്നും പറയാതെയായി. കരയുന്ന കുട്ടികളെ ഭയപ്പെടുത്താന്‍ അലോഷ്യസ്  എന്ന പേര്  അവര്‍ ഉപയോഗിച്ചു, അലോഷ്യസ് ദുഖത്തോടെ പറയുന്നു.

വീട്ടുകാര്‍ക്ക് പോലും എന്റെ മുഖത്തുനോക്കാന്‍ ഭയമായിരുന്നു. കാണാന്‍ വരുന്നവരൊന്നും മുഖത്തു നോക്കിയില്ല. പിന്നെ പിന്നെ മെല്ലെ മെല്ലെ എല്ലാം മാറി. നാട്ടുകാരുടെ അയിത്തങ്ങള്‍ കുറഞ്ഞു.

പാര്‍ട്ടിക്കാരും പള്ളിക്കാരുമെല്ലാം സഹായിച്ചിരുന്നു. പിരിവെടുത്തു പാര്‍ട്ടിക്കാര്‍ ആദ്യമൊക്കെ എല്ലാ പിന്തുണയും നല്‍കി. പക്ഷേ എനിക്കു വേണ്ടെതൊരു ജോലിയാണ് .പക്ഷേ ഈ മുഖവുമായി എങ്ങനെ പുറത്തിറങ്ങാനാണ്.

പത്തു വര്‍ഷത്തിനിടയില്‍ ഞാനനുഭവിച്ച വേദനയുടെ ആഴമളക്കാന്‍ ആര്‍ക്കുമാവില്ല. കേവലമൊരു മുഖം മാത്രമല്ല എനിക്കു നഷ്ടപ്പെട്ടത്. ജീവിതത്തില്‍ എല്ലാമാണ്. സ്വന്തമെന്നു കരുതിയ ഭാര്യയും മക്കളും എന്നെ ഉപേക്ഷിച്ചു പോയി. അതിന് അവരെയിപ്പോള്‍ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. ഒരു തരത്തിലും അവര്‍ക്കും അതുള്‍ക്കൊള്ളാന്‍ കഴിയാത്ത വിധമായിരുന്നു മുഖവും ശരീരവും. പിന്നീടൊരിക്കലും അവരെ കണ്ടിട്ടില്ല. അതിനിടയില്‍ ഒരുദിവസം കടയില്‍ പോയിവരുമ്പോള്‍ ഭാര്യയുടെ സഹോദരന്‍ കാണാന്‍ വീട്ടില്‍ നില്‍പ്പുണ്ടായിരുന്നു. അവര്‍ക്കു വേണ്ടി ഞാന്‍ സുക്കോളാച്ചനെ കണ്ട് വീടിന് ആവശ്യപ്പെടണമെന്നു പറഞ്ഞു. മക്കളെയോര്‍ത്ത് ഞാന്‍ സുക്കോളാച്ചനെ കണ്ടു. അച്ചന് എന്നെ വലിയ ഇഷ്ടായിരുന്നു. എന്നെ എല്ലാവരും അകറ്റിയപ്പോല്‍ അച്ചന്‍ ഒരു വിവേചനവും കാട്ടിയിരുന്നില്ല. സുക്കോളാച്ചനാണ് ഈ മേഖലയിലുള്ളവര്‍ക്കെല്ലാം വീടുവെച്ചു നല്‍കിയത്. ഈ കാണുന്ന പ്രദേശമുണ്ടല്ലോ പണ്ട് പള്ളിയുടെതായിരുന്നു. പിന്നെ അച്ചന്‍ ഓരോരുത്തര്‍ക്കും നല്‍കി. അങ്ങനെ ഞാനും വീടിന്റെ ആവശ്യവുമായി ചെന്നു. അനുവദിക്കാമെന്നു പറഞ്ഞു ആശ്വസിപ്പിച്ചു. എന്നാല്‍ ഭാര്യവീട്ടുകാര്‍ അച്ചന്റെ സഹായത്താല്‍ വീട്ടുവെച്ചു. പിന്നീട് പാലുകാച്ചലും മകളുടെ വിവാഹവും നടന്നെങ്കിലും എന്നെയറിയിച്ചില്ല. മുഖമില്ലാത്ത ആളാണ് അച്ഛനെന്നു പറയാന്‍ മക്കള്‍ക്കും നാണക്കേടായിരിക്കും.

പെങ്ങളുടെയും അനുജന്‍ ദാസന്റേയും കാരുണ്യം കൊണ്ടാണ് ജീവിച്ചു പോരുന്നത്. നാല്‍പത്തിനാല് വയസ്സുകഴിഞ്ഞിട്ടും ദാസന്‍ വിവാഹം വേണ്ടെന്നുവെച്ചത് എനിക്കുവേണ്ടിയാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ പോലും ആളുണ്ടാവില്ല അല്ലേ. ഈ ഇടുങ്ങിയ മുറിയിലാണ് ഞങ്ങള്‍ ഒന്നിച്ചുകിടക്കുന്നത്. ചുമയോ തലവേദനയോ വന്നാല്‍ ഏക ആശ്രയവും അവന്‍ തന്നെ. അടുത്ത വീട്ടില്‍ താമസിക്കുന്ന പെങ്ങള്‍ ഷെര്‍ലിയാണ് മൂന്നു നേരവും ഭക്ഷണമെത്തിക്കുന്നത്. എന്നെ പരിചരിക്കാന്‍ വേണ്ടിയാണ് ഇത്തിരി ദൂരത്ത് നിന്നവള്‍ ഇങ്ങോട്ട് താമസം മാറ്റിയത്. അവളുടെ ഭര്‍ത്താവ് നല്ല മനുഷ്യനാണ്. അല്ലെങ്കില്‍ഈ പൊല്ലാപ്പൊന്നും നമ്മുക്ക് കഴിയില്ലെന്ന് പറഞ്ഞു പോയിട്ടുണ്ടാവും’.

ജീവിതം ഒരു അതിജീവനം

“ആത്മഹത്യ ചെയ്യാനെനിക്ക് ഭയമാണ്. അതു പാപം ആണെന്ന വിശ്വാസം കൊണ്ടൊന്നുമല്ല. എന്റെ സ്ഥാനത്ത് മറ്റൊരാളായിരുന്നെങ്കില്‍ ചിലപ്പോള്‍ അതെന്നേ ചെയ്തിട്ടുണ്ടാവും. പലപ്പോഴും അതിനെക്കുറിച്ച് ആലോചിച്ചിട്ടണ്ട്. നീണ്ട ആശുപത്രി വാസത്തിനു ശേഷം എല്ലാം നഷ്ടപ്പെട്ട് തിരിച്ചെത്തിയപ്പോള്‍ കാത്തിരുന്നത് വലിയ രോഗങ്ങളാണ്. ചുമയും പനിയും ഒഴിഞ്ഞ നേരങ്ങളില്ല. മാസത്തില്‍ രണ്ടോ മൂന്നോ തവണ തന്നെ പനിക്കും . മരുന്നുകളോടൊപ്പം ഈ ഇടുങ്ങിയ മുറിയില്‍ തങ്ങും. ആവശ്യമായ ചികില്‍സയൊന്നും കാര്യമായി നടന്നില്ല. കേരളത്തിനു പുറത്തു പോയാല്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തിയാല്‍ ശരിയാവുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. പക്ഷേ അതിനൊക്കെ ലക്ഷങ്ങള്‍ വേണ്ടേ… ഇങ്ങനെ തന്നെ എഴുന്നേറ്റു നടക്കുന്നത് ഭാഗ്യം.

ചികില്‍സ നടക്കുമ്പോള്‍ ശരിയാവുമെന്നാ കരുതിയത്. അവസാനമാണ് പറഞ്ഞത് ഒരു രക്ഷയുമില്ലെന്ന്. മേല്‍ ചുണ്ടും കീഴ്ചുണ്ടും പൂര്‍ണ്ണമായും കീറിപ്പറിഞ്ഞിരുന്നു. ഇതിനായി നാലു തവണ ഓപ്പറേഷന്‍ നടന്നിരുന്നു. വലത്തേ കൈതണ്ടയില്‍ നിന്ന് ഇറച്ചിയെടുത്താണ് ആദ്യം ചുണ്ടില്‍വെച്ചത്.എന്നാല്‍ പിടിക്കാത്തതിനാല്‍ ഇടത്തെ തോളില്‍ നിന്നുമെടുത്തു തുന്നിച്ചേര്‍ത്തപ്പോള്‍ നിന്നില്ല. ഒരാഴ്ച്ചക്കുള്ളില്‍ തന്നെ അവ പിടിക്കണം. പക്ഷേ ഓരോ തവണയും പഴുത്ത് വീര്‍ത്തു വരികയായിരുന്നു. ഒടുവില്‍ ശ്രമം ഉപേക്ഷിച്ചു. അപ്പോഴേക്കും മാസങ്ങള്‍ കഴിഞ്ഞിരുന്നു. അങ്ങനെയാണ് ഡെന്റല്‍ കോളേജില്‍ നിന്ന് മാസ്‌കുണ്ടാക്കി തന്ന് ചികില്‍സ എന്നന്നേക്കുമായി അവസാനിപ്പിച്ചത്.

ഇതിനു നിറം മങ്ങുമ്പോഴൊക്കെ പുതിയതുണ്ടാക്കാന്‍ കോഴിക്കോടു പോകുമായിരുന്നു. ആരും കാണാതെ ഒരുതോര്‍ത്തെടുത്ത് മുഖത്തിട്ട് പുലര്‍ച്ചെ അഞ്ചു മണിക്ക് പരിയാരത്തു നിന്ന് ബസ് കയറും. ഒന്‍പത് മണിക്ക് അവിടെയെത്തും. ആരും കാണാതെ അകത്ത് കയറി ഇരിക്കും. തിരിച്ചു വരുമ്പോള്‍ ട്രയിനിലാണ് വരിക. ആരോടും സംസാരിക്കാതെ തോര്‍ത്തിട്ട് കുത്തോട്ടു നോക്കിയിരിക്കും. ആരെങ്കിലും എന്തെങ്കിലും ചോദിച്ചാല്‍ കോള്‍ക്കാതെ പോലെ അഭിനയിക്കും. ഒരു വര്‍ഷത്തില്‍ നാലോ അഞ്ചോ തവണ ഇങ്ങനെ പോവേണ്ടിവരും.

ഈ യാത്രക്കിടെ ഭക്ഷണം പോയിട്ട് പച്ചവെള്ളം പോലും കുടിക്കാനാവില്ല. ആദ്യകാലത്ത് ദാഹവും വിശപ്പും സഹിച്ചായിരുന്നു യാത്ര. പിന്നീട് രാവിലെ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ ഒരു സ്റ്റീല്‍ ഗ്ലാസ് കരുതും. വെള്ളം ഉയരത്തില്‍ നിന്ന് ഒഴിച്ച് വേണം കുടിക്കാന്‍. പകുതിയിലധികം മറിഞ്ഞു പോകും. ഈ ഗ്ലാസ് പിന്നീട് ഞാന്‍ എപ്പോഴും കരുതും. പുറത്തു നിന്ന് ഒരു ചായപോലും കുടിക്കാനാവില്ല. പക്ഷേ പരിയാരത്തെ ചായക്കടയില്‍ എനിക്കു മാത്രമായൊരു ഗ്ലാസുണ്ട്. അവിടെ നിന്നുമാത്രമേ ചായകുടിക്കാറുള്ളൂ. ചായകിട്ടിയാല്‍ മൂലയില്‍ പോയിരുന്നു തണുപ്പിച്ചു കുടിക്കും. കാല്‍മണിക്കൂറെങ്കിലും വേണം കുടിച്ചുതീര്‍ക്കാന്‍’’.

പണ്ട് വയറു നിറച്ചു കുടിക്കുമെങ്കിലും അലമ്പൊന്നും കാണിക്കാറില്ല. എവിടെന്നു കിട്ടിയാലും കഴിക്കും. പയ്യന്നൂരിലും തളിപ്പറമ്പിലും ബാറില്‍ പേയിട്ടും അടിക്കും. ഏമ്പേറ്റിലെയും എടാട്ടെയും ഏഴിലോട്ടെയും കള്ളുഷാപ്പിലും പതിവായി ഞാനെത്തും. ഇതിനു പുറമെ നാട്ടിന്‍ പുറത്തെ കള്ള വാറ്റ് വേറെയും. അങ്ങനെ വെള്ളത്തില്‍ മുങ്ങിക്കിടന്നായിരുന്നു ജീവിതം. എന്നാലിന്ന് ഒരുതുള്ളി വെള്ളം കുടിക്കാന്‍ പോലും ആകുന്നില്ല.

നല്ല ചികില്‍സ കിട്ടിയിട്ടില്ലെന്ന അഭിപ്രായമൊന്നും എനിക്കില്ല. എല്ലാ ശരിയാവുമെന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് പറഞ്ഞത്. അതു കൊണ്ട് ബന്ധുക്കളൊക്കെ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. പക്ഷേ വിധി അങ്ങനെയല്ല. പിന്നെ പുറത്തൊന്നുംപോയി ചികില്‍സിക്കാനുള്ള ഗതി ഞങ്ങള്‍ക്കില്ലല്ലോ.

എന്റെ കാര്യമോര്‍ത്ത് അമ്മക്കായിരുന്നു ഏറെ വേദനയുണ്ടായിരുന്നത്. അടുത്തകാലത്തായിരുന്നു മരിച്ചത്. ശരീരം തളര്‍ന്നു കിടന്ന അമ്മയെ നോക്കിയതും പെങ്ങളാണ്. അമ്മ മരിച്ചതോടെ ഞാന്‍ ഒറ്റപ്പെട്ടുപോകുമോ എന്ന പോടിയുണ്ടായിരുന്നു. എപ്പോഴും അമ്മ ചോദിക്കുമായിരുന്നു എന്തിനാ മോനെ നീയിങ്ങനെയായി പോയതെന്ന്. അപ്പോഴൊക്കെ എന്റെ കാര്യമോര്‍ത്ത് എനിക്കും വോദനതോന്നും. എല്ലാം അനുഭവിക്കുകയല്ലാതെ നിവൃത്തിയില്ലല്ലോ.

ഇപ്പോള്‍ വലിയ പ്രതീക്ഷകളൊന്നും. ഈ ജീവിതത്തില്‍ നിന്നു തിരിച്ചുപോകാനെന്നും ആവില്ലല്ലോ. എന്നെ എല്ലാവരും ഉള്‍ക്കൊള്ളാനൊക്കെ ശ്രമിക്കുന്നുണ്ടെങ്കിലും ഇതുമൂലമുണ്ടാവുന്ന എന്റെ വേദനയ്ക്ക് കുറവുണ്ടാവില്ലല്ലോ. ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ കഴിയാതെ എങ്ങനെ എത്രകാലം ജീവിച്ചു തീര്‍ക്കും.

വീട്ടിലെ കാര്യമോര്‍ത്താണ് വേദന. മഴയില്‍ ഒരു ഭാഗത്ത് ചോര്‍ന്നൊലിക്കുന്നുണ്ട്. അതിനിപ്പോള്‍ എന്തുചെയ്യുമെന്നതാണ് തളര്‍ത്തുന്നത്. പിന്നെ വീട്ടിലൊരു കിണറില്ല. എനിക്കു കുളിക്കാനുള്ള വെള്ളം പോലും വളരെ ദൂരത്തുനിന്ന് പെങ്ങള്‍ കൊണ്ടു വരുന്നു. ഒരു കിണറു കുഴിക്കാനുള്ള സഹായവുമായി പഞ്ചായത്തില്‍ പലതവണ കയറി ഇറങ്ങിയെങ്കിലും ഫയലു വന്നില്ലെന്നു പറഞ്ഞു പല തവണ നടത്തിച്ചു. ഒടുവില്‍ എനിക്കുമടുത്തു. എല്ലാം എന്റെ വിധിയാണെന്നു കരുതി നില്‍ക്കുകയല്ലേ നിവൃത്തിയുള്ളൂ. എല്ലെങ്കിലും മുഖംമില്ലാത്ത എനിക്കിപ്പോള്‍ എന്തുചെയ്യാനാവും, അലോഷ്യസ് പറഞ്ഞു നിര്‍ത്തി.

(മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍