UPDATES

ലൈഫ് ഓഫ് ജോസൂട്ടി; വെറുതെ ഒരു ആത്മകഥ

Avatar

ഷിജോമോന്‍ കെ വര്‍ഗീസ്

“ട്വിസ്റ്റില്ല, സസ്പെന്‍സില്ല  ഒരൊറ്റ ജീവിതം” എന്ന് പറയുമ്പോഴും  ജീത്തു ജോസഫ് വ്യത്യസ്തമായ ഒരു സിനിമാ അനുഭവം നല്‍കുമെന്ന്  പ്രതീക്ഷിച്ച് ലൈഫ് ഓഫ് ജോസൂട്ടി കാണാന്‍ പോയവര്‍ക്കെല്ലാം തെറ്റി. പറഞ്ഞതുപോലെതന്നെ അസാധാരണവും നാടകീയവുമായ രംഗങ്ങള്‍ ഇല്ലാത്ത ഒരു സിനിമയായി ലൈഫ് ഓഫ് ജോസൂട്ടി പുറത്തിറങ്ങി. ക്യാമറ കണ്ണുകളിലൂടെ ഒപ്പിയെടുത്ത ഇടുക്കിയുടെയും, ന്യുസിലന്‍ണ്ടിന്‍റെയും ഭൂപ്രകൃതി  മാത്രമാണ് ഈ സിനിമയെ ഏതെങ്കിലും രീതിയില്‍ ആകര്‍ഷകമാക്കുന്നത്. മൂന്ന് മണിക്കൂറിനടുപ്പിച്ച് ദൈര്‍ഘ്യമുള്ള ഈ സിനിമയ്ക്ക് പ്രേക്ഷകരെ അധികം ബോറടിപ്പിക്കാതെ പിടിച്ചിരുത്തുന്നത് തീര്‍ച്ചയായും സിനിമയിലുടനീളം നിറഞ്ഞു നില്ക്കുന്ന ദൃശ്യ വിരുന്നും, അവസാനെമെങ്കിലും എന്തെങ്കിലും സംഭവിക്കും എന്ന് പ്രേക്ഷകര്‍ക്കുള്ള ശുഷ്കമായ ഒരു പ്രതീക്ഷയുമാണ്. സസ്പെൻസില്ല, ട്വിസ്റ്റില്ല, ഒരൊറ്റ ജീവിതം മാത്രം എന്ന് മുന്‍കൂട്ടി വിളംബരം ചെയ്ത് സിനിമ  ഇറക്കിയത് ഒരു മുന്‍കൂര്‍ ജാമ്യം ആണെന്ന്  കരുതേണ്ടിയിരിക്കുന്നു.  

മനുഷ്യജീവിതം നന്മയും തിന്മയും തമ്മിലുള്ള ഒരു വടംവലിയാണ് എന്ന ക്രിസ്ത്യന്‍ പ്രമാണത്തിലൂന്നിയാണ് ജോസൂട്ടിയുടെ ജീവിതം പറയുന്ന സിനിമ സഞ്ചരിക്കുന്നത്. അയാളുടെ നാലു പതിറ്റാണ്ടിലെ  ജീവിതത്തിന്‍റെ ഓരോ സന്ദര്‍ഭങ്ങളിലും എടുക്കുന്ന തീരുമാനങ്ങളെ സ്വാധീനിക്കാന്‍ സിനിമയിലുടനീളം വന്നുപോകുന്ന നന്മയുടേയും തിന്മയുടേയും പ്രതീകങ്ങളായ രണ്ടു മലാഖമാര്‍ പ്രേക്ഷകരെ ഇടയ്ക്കിടെ  നിശബ്ദമായി ഓര്‍മ്മിപ്പിക്കുന്നത് മനുഷ്യ ജീവിതത്തിലെ ഈ വടംവലിയാണ്. നന്മയില്‍ തുടങ്ങി, നന്മയിലും തിന്മയിലും മാറിമാറി സഞ്ചരിച്ച് അവസാനം നാട്ടില്‍ തിരിച്ചെത്തി ഒരു പ്രാരബ്ധക്കാരിയെ വിവാഹം ചെയുന്നതിലൂടെ നന്മ ജയിച്ചു എന്ന് ഒരു സന്ദേശം നല്‍കിയാണ് ജോസൂട്ടിയുടെ കഥ അവസാനിക്കുന്നത്‌. മാലാഖമാരുടെ പ്രതീകങ്ങളിലൂടെ ‘വ്യതസ്തമായ’ ഒരു അവതരണരീതി കൊണ്ടുവരാന്‍ സിനിമ ശ്രമിക്കുന്നുണ്ട്.

മലയാള സിനിമയില്‍ ഇതിനോടകം കണ്ടുമടുത്ത മധ്യവര്‍ഗ്ഗം നേരിടുന്ന സ്ഥിരം കുടുംബ പ്രാരാബ്ധങ്ങളും, പ്രശ്ങ്ങളും അല്ലാതെ മറ്റൊന്നും ഈ സിനിമയുടെ ആദ്യ പകുതിയില്‍ ഇല്ല.  അയല്‍ക്കാരിയായ കൂട്ടുകാരിയെ പ്രണയിക്കുന്ന നായകനും, നായകന് വിദ്യാഭ്യാസവും സാമ്പത്തികവുമില്ലാത്തതുകൊണ്ട് നടക്കാതെ പോകുന്ന കല്യാണവും, മകനെ സപ്പോര്‍ട്ട് ചെയ്യുന്ന സത്യസന്ധനായ അപ്പന്‍ തുടങ്ങി ക്ലീഷെകളുടെ ജൈത്രയാത്രയാണ് അങ്ങോട്ട്‌. ന്യൂസിലണ്ടില്‍ ചിത്രീകരിച്ചിരിക്കുന്ന സിനിമയുടെ രണ്ടാം പകുതി അവതരണം കൊണ്ടും, ദൃശ്യ ഭംഗികൊണ്ടും കുറച്ച് വ്യത്യസ്തത പുലര്‍ത്തുന്നുണ്ട്. അവിടെ  കണ്ടുമുട്ടുന്ന കഥാപാത്രങ്ങള്‍ കുറച്ചൊക്കെ പാശ്ചാത്യ ജീവിത രീതികളോട് നീതിപുലര്‍ത്തുന്നുണ്ട്. ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ കഥാപാത്രങ്ങള്‍  എന്ത് ജോലിയും ചെയ്യുന്നതും, സ്ത്രീകള്‍ക്കുള്ള സ്വാതന്ത്ര്യവും, അവരുടെ സ്വയം പര്യാപ്തയും, അവര്‍ക്ക് ലഭിക്കുന്ന നിയമ പരിരക്ഷയുമൊക്കെ ഭാഗികമായെങ്കിലും സിനിമ അവതരിപ്പിക്കുന്നുണ്ട്. 

നിലവാരം കുറഞ്ഞ തമാശകള്‍കൊണ്ടും ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ക്കൊണ്ടും പ്രേക്ഷകരെ ഹരം കൊള്ളിക്കാനാണ് ലൈഫ് ഓഫ് ജോസൂട്ടിയുടെ ശ്രമം. പക്ഷേ അവയെല്ലാം ദയനീയമായി പരാജയപ്പെടുകയാണ്.  മലയാളികള്‍ ഇതിനോടകം കേട്ടുമടുത്ത സ്ത്രീ വിരുദ്ധമായതും, ലൈംഗീകചുവയുള്ളതുമായ തമാശകളാണ് ഏറെയും. ദിലീപ് ഫോര്‍മുല സിനിമകളെ പോലെ തുടക്കം മുതല്‍ ഒടുക്കം വരെയും നായകനെ ചുറ്റിപ്പറ്റി നടക്കുന്ന തമാശ കഥാപത്രങ്ങളാണ് ജോസൂട്ടിയുടെ മറ്റൊരു ഭാരം. ജോസൂട്ടിയുടെ കല്യാണ സദ്യയുടെ രംഗം ചിത്രീകരിച്ചിരിക്കുന്ന ഭാഗം ഹാസ്യനിര്‍മ്മാണത്തിനായി അനാവശ്യമായി വലിച്ചുനീട്ടി  മലയോര ജനങ്ങള്‍ ഇങ്ങനെയൊക്കെയാണ് എന്ന തെറ്റായ സന്ദേശം  നല്കുന്നുണ്ട്. ജോസൂട്ടി ന്യൂസിലണ്ടില്‍ ഇറങ്ങുമ്പോള്‍ കാട്ടികൂട്ടുന്ന ഗോഷ്ടികള്‍, ആദ്യമായി പാശ്ചാത്യ സമൂഹത്തില്‍ ഇറങ്ങി നടക്കുമ്പോള്‍  ഒരു വ്യക്തിക്ക് സ്വഭാവികമായും ഉണ്ടായേക്കാവുന്ന സത്യസന്ധമായ ജിജ്ഞാസയും  ഉത്കണ്ഠയുമല്ല അവതരിപ്പിക്കുന്നത്,  മറിച്ച് ദിലീപ് സിനിമകളില്‍ സ്ഥിരമായുള്ള ആവര്‍ത്തന വിരസത ഉണ്ടാക്കുന്ന ചില കോമാളിത്തരങ്ങള്‍ മാത്രമാണത്. ഒരു വശത്ത് ഗൌരവമേറിയതും ക്ലേശം നിറഞ്ഞതുമായ  ജീവിതാനുഭവം അവതരിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍, മറുവശത്ത് നിലവാരമില്ലാത്ത തമാശകള്‍ അവതരിപ്പിച്ചത് സിനിമയ്ക്ക് ഗുണത്തേക്കാളേറെ ദോഷമാണ് വരുത്തിയത്.

ജോസൂട്ടിയല്ലാതെ സിനിമയില്‍ അല്പമെങ്കിലും ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രം ജോസുകുട്ടിയുടെ പിതാവായി അഭിനയിച്ച ഹരീഷ് പെരാടി  മാത്രമാണ്. അമ്പരപ്പിക്കുന്ന അഭിനയം ഈ സിനിമയില്‍ മറ്റാരും കാഴ്ച വയ്ക്കുന്നില്ല. നായികാ പ്രാധാന്യം വളരെ കുറച്ച് മാത്രമുള്ള ഈ സിനിമയില്‍ അല്പമെങ്കിലും  ശ്രദ്ധിക്കപ്പെടുന്ന സ്ത്രീ കഥാപാത്രം റോസിനെ അവതരിപ്പിച്ച ജ്യോതി കൃഷ്ണയാണ്. ജെസ്സിയെ അവതരിപ്പിച്ച  രചനാ  നാരായണന്‍കുട്ടിക്കോ, പ്രിയയെ അവതരിപ്പിച്ച  രഞ്ജിനി രൂപേഷിനോ ഏറെയൊന്നും ചെയ്യാനില്ല. സുരാജ് അവതരിപ്പിച്ച വര്‍ക്കി എന്ന ജോസൂട്ടിയുടെ അളിയന്‍റെ റോള്‍ സുരാജിന്‍റെ സ്ഥിരം ശൈലിയില്‍ തന്നെ ആയിരുന്നു. അഭിനയത്തില്‍ ഒരു പുതുമയും കഴ്ചവയ്ക്കാതെയാണ് സിനിമ മുന്‍പോട്ട് പോകുന്നത്. 

ജീത്തു ജോസഫിന്‍റെ  സിനിമയില്‍ പ്രേക്ഷകര്‍ പ്രതീക്ഷിച്ചതിനും ഇപ്പുറമാണ് ലൈഫ് ഓഫ് ജോസൂട്ടി നില്‍ക്കുന്നത് എന്ന് പറയാതെ വയ്യ. ഈ സംവിധായകന് ഇതെന്തുപറ്റി എന്ന് ചോദിക്കാന്‍ തോന്നുന്നു. ജീത്തുവിന്‍റെ ദൃശ്യവും, മെമ്മറീസും ഉള്‍പ്പെടെയുള്ള മറ്റു സിനിമകള്‍ കണ്ടിറങ്ങിയിട്ടുള്ള പ്രേക്ഷകര്‍ക്ക് ഈ സിനിമ നിരാശയെ സമ്മാനിക്കുന്നുള്ളൂ.

(കാസര്‍ഗോഡ് കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ ഗവേഷക വിദ്യാര്‍ത്ഥിയാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍