UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കുഞ്ഞുമുഹമ്മദിന്‍റെ കുഞ്ഞുകുഞ്ഞു വിപ്ലവങ്ങള്‍

എം കെ രാമദാസ്

(ഈ തെരഞ്ഞെടുപ്പ് കാലത്ത് ഏറ്റവും കൂടുതല്‍ ചോദിക്കപ്പെടുന്ന ചോദ്യമാണ് കേരളം എങ്ങനെ ജീവിക്കുന്നു എന്നത്. രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രകടന പത്രികകള്‍ അതിനുള്ള ഉത്തരങ്ങളാണ് എന്നാണ് വെപ്പ്. എന്നാല്‍ കേരള സമൂഹത്തിലെ പല തട്ടുകളിലായി ജീവിക്കുന്ന ആളുകളുടെ സ്പന്ദനങ്ങള്‍ ഈ പ്രകടന പത്രികകളില്‍ ഉണ്ടാവാറുണ്ടോ? നമ്മളോരോരുത്തരും നമുക്ക് ചുറ്റുമുള്ളവരും എങ്ങനെയാണ് ജീവിക്കുന്നത്? എന്താണ് നമ്മുടെ പ്രശ്നങ്ങള്‍? നമുക്ക് ചുറ്റും നടക്കുന്ന കാര്യങ്ങളെ കേവലം കക്ഷി രാഷ്ട്രീയ ചിന്തകള്‍ക്കപ്പുറം എങ്ങനെയാണ് ഓരോരുത്തരും വിലയിരുത്തുന്നത്? കേരളത്തിലെ വിവിധ പ്രദേശങ്ങളിലെ മനുഷ്യര്‍ തങ്ങളുടെ ജീവിതത്തെ കുറിച്ചും സാമൂഹ്യ-രാഷ്ട്രീയ-സാംസ്കാരിക-പാരിസ്ഥിതിക സംഭവ വികാസങ്ങളെ കുറിച്ചും പ്രതികരിക്കുകയാണ് ‘കേരളം എങ്ങനെ ജീവിക്കുന്നു?’ എന്ന ഈ സീരീസില്‍. അഴിമുഖം പ്രതിനിധികള്‍ കേരളത്തിന്റെ വിവിധ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് തയ്യാറാക്കിയ വാര്‍ത്താ ഫീച്ചറുകള്‍, വ്യക്തി ചിത്രങ്ങള്‍, അഭിമുഖങ്ങള്‍ എന്നിവയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.) 


വയനാട് ജില്ലയില്‍ ചെതലയത്ത് ഇഞ്ചിക്കടയില്‍ കയറ്റിറക്ക് തൊഴിലാളിയായി ജോലി നോക്കുന്ന കുഞ്ഞുമുഹമ്മദിന്‍റെ ജീവിതം. ഒരു സാദാ കയറ്റിറക്ക് തൊഴിലാളിയല്ല ഇയാള്‍. ലോറിയുമായി ഇഞ്ചി തോട്ടങ്ങളില്‍ പോയി ചരക്ക് കടയില്‍ എത്തിക്കുകയാണ് കുഞ്ഞുമുഹമ്മദിന്‍റെ ഉത്തരവാദിത്തം. തന്‍റെ ജീവിതത്തെ കുറിച്ച് സംസാരിക്കുകയാണ് കുഞ്ഞുമുഹമ്മദ്.   

‘രണ്ടോ മൂന്നോ മാസം മാത്രമേ ഉപ്പയും ഉമ്മയും ഒന്നിച്ചു  താമസിച്ചിട്ടുള്ളു. ബാപ്പ  മണ്ണാര്‍ക്കാട്ടേയ്ക്ക്  തിരിച്ചു പോയി. അതിനു മുമ്പേ ഉമ്മയുടെ വയറ്റില്‍ കുഞ്ഞുമുഹമ്മദെന്ന ഇപ്പോഴത്തെ എനിക്ക് ജീവന്‍ വെച്ചിരുന്നു. ഒരിക്കലും ഒത്തു പോകാനാവാത്ത നിലയില്‍ അവര്‍ അകന്നു. ഉമ്മ മറ്റൊരാളെ കല്യാണം കഴിച്ചു. വേറൊരിണയെ കണ്ടെത്തിയ ബാപ്പ ഉമ്മയുടെ വീടിനരികെ തന്നെ താമസം തുടങ്ങി. നോക്കിയാല്‍ കാണുന്ന അകലത്തിലായിരുന്നു ശത്രുക്കളുടെ വാസം. രണ്ടു മാസത്തെ പൊറുതിക്കിടയില്‍ അവര്‍ക്കിടയില്‍ രൂപപ്പെട്ട മുറിവിനെത്രയാഴമെന്നറില്ല. മുട്ടിലിഴഞ്ഞും പ്രാഞ്ചി പ്രാഞ്ചിയും നിവര്‍ന്ന് നടന്നും ബാല്യം. എനിക്ക് സഹോദരങ്ങളായി ഉമ്മയ്ക്കു കുട്ടികള്‍ പിറന്നു. ഇതേ സമയം ബാപ്പയ്ക്കും കുട്ടികള്‍ ജനിച്ചു. ഒരു വാശിയൊടെയാണ് ഇരുവരും അവരവരുടെ കുട്ടികളെ സംരക്ഷിച്ചത്. എന്നെയാരും ശ്രദ്ധിച്ചില്ല.’

ജീവിതം പോരാട്ടമാണെന്ന് കുഞ്ഞുമുഹമ്മദിന് ബോധ്യമായതു നന്നെ ചെറുപ്പത്തിലാണ്. ഏതാണ്ടൊരനാഥനായി കൗമാരകാലം. അഞ്ചു വയസ്സില്‍ ചെതലയത്തെ സ്കൂളില്‍ ചേര്‍ന്നു. ഒരു പക്ഷേ വീട്ടിലെ ശല്യമൊഴിവാക്കാനായിരിക്കണം സ്കൂള്‍  പ്രവേശനം രണ്ടു ക്ലാസിനപ്പുറം പഠനം പോയില്ല. പഠിച്ചില്ലെങ്കില്‍ ആര്‍ക്കെന്താണ് ചേതം? ചെതലയം അങ്ങാടി തന്നെയായിരുന്നു മുഖ്യ വാസസ്ഥലം. ചിലപ്പോള്‍ കടതിണ്ണയില്‍ അന്തിയുറങ്ങി. മറ്റു കുട്ടികളെ ശ്രദ്ധിക്കുന്ന തിരക്കില്‍ ഉമ്മ ശത്രുവിന്റെ വിത്തിനെ ചിലപ്പോഴെല്ലാം  മറന്നിട്ടുണ്ടാവും. ഉമ്മൂമ്മയാണ് അഥവാ ഉമ്മയുടെ ഉമ്മയാണ് അല്പമെങ്കിലും ആശ്രയമായത്. വല്ലപ്പോഴുമുള്ള ഉമ്മൂമ്മയുടെ തലോടല്‍ ജീവിക്കാന്‍ പ്രേരിപ്പിച്ചു. അങ്ങാടിയിലെ കച്ചവടക്കാരെ സഹായിക്കുന്നതിനു ലഭിച്ച ഭിക്ഷ വിശപ്പകറ്റി ജീവന്‍ നിലനിര്‍ത്തി. കടത്തിണ്ണയില്‍ അന്തിയുറക്കത്തില്‍ ഞെട്ടിയുണരുന്ന വേളകളില്‍ മറ്റുള്ളവരെക്കുറിച്ച് ഓര്‍ത്ത് മനസ്സിനെ ബലപ്പെടുത്തി. തന്നെക്കാള്‍ ബലഹീനര്‍, ദരിദ്രര്‍, നിശബ്ദര്‍ എത്രയോയുണ്ടെന്ന തോന്നല്‍ ഉറക്കം വരാത്ത രാത്രികളില്‍ ഹൃദയത്തിലുറപ്പിച്ചു. തന്റെ നിസ്സഹായതയ്ക്ക് സമാന്തരമായി നീങ്ങിയ ഉമ്മയുടെയും ബാപ്പയുടെയും ജീവിതം വാശി നിറച്ചു. അങ്ങനെ പരുവപ്പെട്ടതാണ് മത്സരത്തിന് തയ്യാറായ ജീവിതം.  ഇരുപതാം വയസ്സില്‍ അനാഥയായ പെണ്‍കുട്ടിയെ ജീവിതസഖിയാക്കി കുടുംബജീവിതം ആരംഭിച്ചു.

ലഹരിക്കെതിരെ, പ്രാണിശല്യത്തിനെതിരെ, ആശുപത്രിക്കുവേണ്ടി , കര്‍ഷകതൊഴിലാളിക്കുവേണ്ടി, ആദിവാസികള്‍ക്കായി  അങ്ങനെ കുഞ്ഞുമുഹമ്മദ് പ്രവേശിക്കാത്ത മേഖലകളില്ല. 2000 ജനുവരി ഒന്നിന് കൗതുകകരമായ പ്രതിഷേധവുമായാണ് കുഞ്ഞുമുഹമ്മദ് വയനാട് കലക്ട്രേറ്റിനു മുന്നിലെത്തിയത്. ചെറുപ്പക്കാര്‍ക്കിടയിലെ ഹാന്‍സ് ഉപയോഗത്തിനെതിരായിരുന്നു പ്രതിഷേധം . ഒഴിഞ്ഞ ഹാന്‍സ് കവറുകൊണ്ട് തുന്നിച്ചേര്‍ത്ത കുപ്പായവുമായാണ് കല്‍പ്പറ്റയിലെത്തിയത്. വൃക്ക വില്‍ക്കാന്‍ തയ്യാറായി ജില്ലാ ഭരണസിരാ കേന്ദ്രത്തിനു മുന്നിലെത്തിയതും ഈ പോരാളിതന്നെ. രൂക്ഷമായ കാര്‍ഷിക പ്രതിസന്ധിയില്‍ ജോലി നഷ്ടപ്പെട്ട കര്‍ഷകതൊഴിലാളികള്‍ക്കുവേണ്ടിയുള്ള പരസ്യപ്രഖ്യാപനമായിരുന്നു വൃക്കവില്‍പ്പന. ഫലമെന്തായെന്നൊന്നും കുഞ്ഞുമുഹമ്മദ് പരിഗണിക്കുന്നില്ല. അവകാശനിഷേധവും അനീതിയും എവിടെക്കണ്ടാലും ഈ നാട്ടിന്‍പുറത്തുകാരന്‍ ഇടപെട്ടുകളയും.

വയനാടന്‍ വനാന്തരഗ്രാമമാണ് കൊമ്മഞ്ചേരി. ഒരു കാട്ടുനായ്ക്ക കോളനിയുണ്ടിവിടെ. കൊടും വനത്തിനുള്ളില്‍ ദരിദ്ര ജീവിതം നയിച്ചിരുന്ന കൊമ്മഞ്ചേരിക്കാരെ പുറംലോകത്തിനു മുന്നില്‍ പരിചയപ്പെടുത്തിയതും കുഞ്ഞുമുഹമ്മദാണ്. ഇവരെയൊന്നു വനത്തിനു പുറത്തെത്തിക്കാന്‍ കുഞ്ഞുമുഹമ്മദ് പെടാപാട് തുടങ്ങിയിട്ട് വര്‍ഷങ്ങളായി  മന്ത്രിമാര്‍, എം.എല്‍.എമാര്‍ തുടങ്ങി പഞ്ചായത്തംഗംവരെയുള്ളവരുടെ മുന്നിലും, ഓഫീസുകളിലും ഉദ്യോഗസ്ഥര്‍ക്ക് മുന്നിലും നിവേദനവുമായി കുഞ്ഞുമുഹമ്മദ് കയറിയിറങ്ങി. അവര്‍ പട്ടിണിക്കിടക്കുമ്പോള്‍  ആഹാരമെത്തിച്ചും ആവശ്യമുള്ളപ്പോള്‍ വസ്ത്രങ്ങള്‍ നല്‍കിയും ആഘോഷദിനങ്ങളില്‍ മധുരപലഹാരം വിതരണം ചെയ്തും കുഞ്ഞുമുഹമ്മദ് അവരോടൊപ്പമാണ്.

മണിയെ ഓര്‍മ്മയില്ലെ..? ഫോട്ടോഗ്രാഫര്‍ എന്ന സിനിമയില്‍ താമിയെന്ന ആദിവാസി ബാലനെ വെള്ളിത്തിരയില്‍ അവതരിപ്പിച്ച മണി. കുഞ്ഞുമുഹമ്മദിന്റെ ചെതലം തന്നെയാണ് മണിയുടെയും വാസസ്ഥലം. താരമായി തിളങ്ങിയ  മണി പതിയെ ഒറ്റയാനായിമാറിയതും ചൂണ്ടിക്കാണിച്ചത് കുഞ്ഞുമുഹമ്മദാണ്.  ആശിക്കും ഭൂമി  ആദിവാസിക്കെന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി മണിക്ക് ചെതലയത്ത് വീടും സ്ഥലവും കണ്ടെത്താന്‍ മുന്നിട്ടിറങ്ങി. മണിയുടെ സ്വാഭാവം നന്നായറിയാവുന്ന കുഞ്ഞുമുഹമ്മദ് ഈ ചെറുപ്പക്കാരനോടോപ്പം കയറിയിറങ്ങാത്ത റവന്യു ഓഫീസുകളില്ല. പക്ഷേ  ഫലം ഉണ്ടായില്ലെന്നുമാത്രം. വീട് വിട്ട  മണി അന്യദേശത്തെ കൃഷിയിടത്തില്‍ കഠിനാധ്വാനത്തിലേര്‍പ്പെടുന്നതും മദ്യത്തിനടിമയായതും കുഞ്ഞുമുഹമ്മദിന് തീരാത്ത വേദന സമ്മാനിച്ച അനുഭവമാണ്. 

നിരക്ഷരതയെ അതിജീവിച്ച കുഞ്ഞുമുഹമ്മദ് രാഷ്ട്രപതിമാര്‍ക്കും, പ്രധാനമന്ത്രിമാര്‍ക്കും കത്തുകളയക്കുന്നതു പതിവാണ്. അബ്ദുള്‍കലാം ആസാദ് കുഞ്ഞുമുഹമ്മദിന് മറുപടിയും നല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെ പ്രതികരിച്ചില്ലെന്ന സങ്കടമെന്നും അയാള്‍ക്കില്ല.

വിവരാവകാശ നിയമനുസരിച്ച് വസ്തുതകള്‍ ശേഖരിച്ച് മാധ്യമപ്രവര്‍ത്തകര്‍ക്ക് എത്തിക്കുന്നതും കുഞ്ഞുമുഹമ്മദിന്റെ ദൗത്യങ്ങളിലൊന്നാണ്. വിവരാവകാശ നിയമം വെറുതെയെന്നാണ് കുഞ്ഞുമുഹമ്മദിന്റെ അനുഭവം. വയനാട്ടിലെ സര്‍ക്കാര്‍ ജോലി നേടിയ പണിയരുടെ വിവരങ്ങള്‍ അന്വേഷിച്ചപ്പോള്‍ ലഭിച്ച മറുപടി അത്ഭുതപ്പെടുത്തി. അങ്ങനെയൊരു കണക്കില്ലെന്നാണ് കുഞ്ഞുമുഹമ്മദിന് ലഭിച്ച മറുപടി. വിധവകള്‍, അഗതികള്‍, ദരിദ്രര്‍ എന്നിവര്‍ക്ക് നല്‍കിയ സഹായങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിന് ന്യൂനപക്ഷാവകാശ കമ്മീഷനില്‍ നിന്ന് ലഭിച്ച മറുപടിയും ഇങ്ങനെതന്നെ. സംസ്ഥാന ബജറ്റ് തയ്യാറാക്കുന്നതിനും അവതരണത്തിനുമുള്ള ചെലവെത്രയെന്ന ചോദ്യത്തിന് കണക്കില്ലെന്ന ഉത്തരമാണ് ചീഫ് സെക്രട്ടറി കുഞ്ഞുമുഹമ്മദിന് നല്‍കിയത്. 

ഏകതാപരിഷത്ത് അദ്ധ്യക്ഷന്‍ പി വി രാജഗോപാലിനെപ്പം ഗ്വാളിയോര്‍ മുതല്‍ ഡല്‍ഹിവരെ നടന്നു. ഇപ്പറഞ്ഞതെല്ലാം കുഞ്ഞുമുഹമ്മദെന്ന സാധാരണക്കാരന്റെ ജീവിതയാത്രയിലെ ചില ഏടുകള്‍ മാത്രം. പുല്‍പ്പള്ളിക്കടുത്ത് കൊളവയല്‍ കാട്ടുനായ്ക്ക കോളനിയിലെ കുട്ടികള്‍ക്കുള്ള പുസ്തകവും വസ്ത്രവും മറ്റുള്ളവരില്‍ നിന്ന് ശേഖരിച്ച് നല്‍കുന്നത് കുഞ്ഞുമുഹമ്മദാണ്. തിരുനെല്ലി ആശ്രമം സ്‌ക്കൂളിലെ അച്ഛനും അമ്മയും ഉപേക്ഷിച്ച കുട്ടിയുടെ സംരക്ഷണവും ഇയാളുടെ കൈകളിലാണ്.

ആഴ്ചയില്‍ ലഭിക്കുന്ന ഒന്നോ രണ്ടോ ദിവസത്തെ പണിയൊഴിച്ചാല്‍ സാമൂഹ്യസേവനം തന്നെയാണ് മുഖ്യം. പഠനം ഉപേക്ഷിക്കുന്ന ആദിവാസി കുട്ടികളെ വിദ്യാലയങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ ബിസ്‌ക്കറ്റും പോഷകാഹാരകിറ്റുമായി കോളനികള്‍ക്കരികിലെ അംഗന്‍വാടികളിലാണ് ഇപ്പോള്‍ കുഞ്ഞുമുഹമ്മദ്. മാധ്യമങ്ങളിലൂടെ ഈ പച്ചയായ മനുഷ്യനെക്കുറിച്ച് അറിഞ്ഞവരുടെ പിന്തുണയോടെയാണ് ഈ സാഹസമെല്ലാം.  സന്നദ്ധസംഘടനകളുടെയും വ്യക്തികളുടെയും സഹായം അര്‍ഹരായവരില്‍ എത്തിക്കാന്‍ കുഞ്ഞുമുഹമ്മദ് മുന്നിലുണ്ട്. 

ഇപ്പോള്‍ കുഞ്ഞുമുഹമ്മദിന്റെ പ്രായം 52. രണ്ട് പെണ്‍മക്കളുണ്ട്. ഇരുവരും വിവാഹിതരെങ്കിലും ആശ്വസിക്കാന്‍ വകയില്ല. മൂത്തമകളെ ഭര്‍ത്താവ്  ഉപേക്ഷിച്ചു. 2007 മുതല്‍ കോടതി വരാന്തയിലാണ് കുഞ്ഞുമുഹമ്മദും മകളും. പോലീസോ കോടതിയോ സാധാരണക്കാര്‍ക്കൊപ്പമില്ലെന്ന് കുഞ്ഞുമുഹമ്മദ് ദുഃഖത്തോടെ പറയുന്നു. രണ്ടാം മകളുടെ വിവാഹജീവിതവും പരാജയം . ഖദ്ദാം വിവാഹ ഇരയാണിവള്‍. സമുദായ ആചാര്യര്‍മാരും നാട്ടുപ്രമാണിമാരും മുന്‍കൈയെടുത്താണ് മകളെ മക്കയിലേക്ക് കെട്ടിച്ചയച്ചത്. വിവാഹിതയായി അവിടെയെത്തിയപ്പോഴാണ് മാപ്പിളക്ക് അറബി സ്ത്രീ ഭാര്യയായുണ്ടെന്നറിയുന്നത്. അറബി ഭാര്യയെയും മക്കളെയും സഹോദരിയെയും പരിചരിക്കാനാണ് വിവാഹമെന്ന് മാപ്പിള മകളോട് മുഖത്തുനോക്കി പറഞ്ഞു. ജോലിക്കാരിയെന്ന നിലയില്‍ വിസ. തരപ്പെടുത്തിയാണ് മകളെ സൗദിയിലെത്തിച്ചത്. മറ്റാളുകളുടെ സഹായത്തോടെ മകള്‍ എങ്ങനയോ ജീവനുംകൊണ്ട് നാട്ടില്‍ തിരിച്ചെത്തി.

വയനാട്, മലപ്പുറം, കോഴിക്കോട്, കൊല്ലം, കോട്ടയം എന്നിവിടങ്ങളില്ലൊമുള്ള ചതിക്കപ്പെട്ട നിരവധിപേര്‍ ഗള്‍ഫിലുണ്ട് കോടതി കയറിയിറങ്ങുന്നവര്‍ ഇവിടെയും ധാരാളമുണ്ട്. പണവും അധികാരവുമുള്ളവര്‍ക്കൊപ്പമേ നിയമം നില്‍ക്കു. പാവപ്പെട്ടവന് നിതി കിട്ടില്ല. കോടതിയും പോലീസുമൊന്നും സഹായത്തിനും വരില്ല മൈസൂര്‍ കല്ല്യാണത്തിനിരകളായ നിരവധി പെണ്‍കുട്ടികള്‍ അനാഥരായി അലയുന്നുണ്ട്. സമുദായ നേതാക്കള്‍ നിഷ്‌ക്രിയരാണ്. താന്‍ അനുഷ്ടിക്കുന്ന കര്‍മ്മത്തിന് പ്രതിഫലം അടുത്ത ജന്മത്തില്‍ കിട്ടുമെന്ന് കരുതുന്നു. മുകളിലേക്കിട്ട കല്ല് പുറംകൊണ്ട് തടുത്തിട്ട് ദൈവവിധിയെന്ന് പറയുന്നതിനോട് യോജിപ്പില്ലെന്നാണ് കുഞ്ഞുമുഹമ്മദിന്റെ തത്വം.

(അഴിമുഖം കണ്‍സള്‍റ്റിംഗ് എഡിറ്ററാണ് ലേഖകന്‍)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍