UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ലൈംഗിക തൊഴിലാളികളും ട്രാന്‍സ്ജെന്‍ഡറുകളും; ചില ബസ് സ്റ്റാന്‍ഡ് ജീവിതാനുഭവങ്ങള്‍

Avatar

എസ്. മുരുകൻ 

വർഷം, 2002. എറണാകുളം KSRTC സ്റ്റാൻഡിൽ സായാഹ്ന പത്ര വില്പനയും കൊച്ചി ചൈൽഡ് ലൈനിന്റെ വോളണ്ടിയര്‍ ആയി സേവനം അനുഷ്ഠിക്കുകയും ചെയ്തിരുന്ന കാലം. 

ബസ് സ്റ്റാൻന്റ് എന്ന് പറഞ്ഞാൽ അവിടെ ബസ് കയറാൻ വരുന്ന യാത്രക്കാർ മാത്രമല്ല. ലോട്ടറി വിൽപനക്കാർ, പേഴ്സ്, ഇഞ്ചി മിട്ടായി, പുൽതൈലം, പേന, ആയുർവേദ മരുന്ന് വിൽക്കുന്നവർ എന്നിങ്ങനെ പോകുന്നു ബസ്‌സ്റ്റാൻഡിനെ ആശ്രയിച്ചു ജീവിക്കുന്നവരുടെ പട്ടിക. ചെറുകഥ, കടംകഥ  പുസ്തകവും ജനറൽ നോളഡ്ജ് വിൽക്കുന്നുവരുമൊക്കെ പുസ്തകത്തിൽ നിന്നും ഏതെങ്കിലും ഭാഗം പറഞ്ഞോ ചോദ്യങ്ങൾ ചോദിച്ചോ ആളുകളെ അമ്പരപ്പിച്ചു കൊണ്ട് നിമിഷ നേരം കൊണ്ടാണ്  ഇത് വാങ്ങിക്കേണ്ട പുസ്തകമാണ് എന്ന തോന്നൽ യാത്രക്കാരിൽ ഉണ്ടാക്കുന്നത്. 

KSRTC ബസ് സ്റ്റാന്റിനെ കേന്ദ്രീകരിച്ച് ദൈനംദിന ചെലവുകൾ തള്ളി നീക്കുകയും കുടുംബത്തിനുള്ള വക കണ്ടെത്തുകയും ചെയ്യുന്ന നൂറിലധികം മനുഷ്യരെ ഇവിടെ കണ്ടെത്താൻ കഴിയും. എന്നാൽ മേൽപ്പറഞ്ഞവരല്ലാതെ തന്റേതല്ലാത്ത കുറ്റത്താൽ ബസ് സ്റ്റാൻഡിൽ എത്തപ്പെടുന്ന മറ്റുചില വിഭാഗത്തിൽപ്പെട്ട ആളുകളുമുണ്ട്. അവരാണ് ട്രാന്‍സ്ജെന്‍ഡര്‍, ലൈംഗിക വൃത്തി നടത്തുന്ന സ്ത്രീകൾ എന്നീ വിഭാഗത്തിലുള്ളവർ. മാന്യമല്ലാത്ത ജോലി ചെയ്യുന്നു എന്ന് കരുതപ്പെടുന്ന ഇവരെ ചുറ്റിപ്പറ്റി മാന്യമായ ജോലി ചെയ്യുന്ന ഒരു വലിയ വിഭാഗം വേറെയുണ്ട്. ലൈംഗിക വൃത്തിക്കു നടക്കുന്ന ആളുകളേയും സ്ത്രീകളെയും പുരുഷൻമാരുമായി ബന്ധിപ്പിക്കുന്ന ഏജന്റുമാർ, വാഹന സൗകര്യങ്ങൾ ചെയ്തു കൊടുക്കുന്ന ഡ്രൈവർമാർ, ലോഡ്ജ് മുറികൾ ഒരുക്കികൊടുക്കുന്ന ലോഡ്ജ് ഉടമകൾ, ഇങ്ങനെയും ജീവിക്കുന്ന മനുഷ്യരുടെ കൂടെ ആയിരുന്നു ഞാനും ഒരു പതിറ്റാണ്ടുകാലം.  

ഇങ്ങനെയുള്ള സമൂഹത്തിലുള്ള മറ്റൊരു കൂട്ടർ പോക്കറ്റടിക്കാരാണ്. ബസ് സ്റ്റാൻഡിൽ പോക്കറ്റടിക്കാൻ വരുന്ന ആളുകൾ പോലും 100 രൂപ തന്ന് ഒരു രൂപയുടെ പത്രം വാങ്ങിച്ചിട്ട് ബാക്കി വാങ്ങാതെ പോകുമായിരുന്നു. എന്നെ പേടിച്ചിട്ടാണ് അവർ ബാക്കി വാങ്ങാതെ പോകുന്നത് എന്നാണ് കരുതുന്നെങ്കിൽ തെറ്റി. അവർ പൈസ തരുന്നതിന്റെ പിന്നിലെ കഥ ഇതാണ്; സ്ഥിരമായി പോക്കറ്റ് അടിക്കുന്ന ആളുകളുടെ ഫോട്ടോ ബസ് സ്റ്റാൻഡിൽ ഒട്ടിച്ചു വെച്ചിട്ടുണ്ടാകും. ബസ് സ്റ്റാൻഡിൽ വില്പന നടത്തുന്ന ആളുകൾക്കു ഇവരുടെ ഫോട്ടോ കാണിച്ചു കൊടുത്ത് ഇവരെ കാണുകയാണെങ്കിൽ പോലീസിൽ വിവരം അറിയിക്കണം എന്ന് നിർദേശം നൽകിയിട്ടുണ്ടായിരിക്കും. പോക്കറ്റടിക്കാർ ബസ് സ്റ്റാൻഡിൽ എത്തിയാലുടൻ ഞങ്ങൾ പോലീസിൽ വിവരം അറിയിക്കുമോ എന്ന ഭയം കൊണ്ടാണ് അവർ ഞങ്ങള്‍ക്ക് പൈസ തരുന്നത്.

ഇങ്ങനെ പോക്കറ്റടിക്കാരെ കുറിച്ച് പോലീസിൽ വിവരം അറിയിച്ച ഒരു ലോട്ടറി വില്പനക്കാരൻ ചേട്ടന്റെ മുഖത്ത് ബ്ലെയ്ഡ്  തുപ്പിയ സംഭവം കണ്ടതിന്റെ ഞെട്ടൽ ഇന്നും മനസ്സിൽ മായാതെ കിടക്കുന്നു. ബസ് സ്റ്റാൻഡിൽ ലൈംഗിക വൃത്തിക്ക് നടക്കുന്ന സ്ത്രീകൾ അവരുടെ ശരീര ഭാഗങ്ങൾ കാണിച്ച് ആണുങ്ങളെ ആകർഷിക്കുന്ന രീതിയിലാണ് വസ്ത്രം ധരിക്കാറ്. നോട്ടത്തിലും ഭാവത്തിലും കണ്ണുകൊണ്ടുള്ള സംസാരത്തിലും ആവശ്യക്കാർ അവരുടെ അടുത്തേക്ക് വരും. ‘എന്തായി പോകാം അല്ലെ, എത്രയാ റേറ്റ്  ഇവരുടെ ചോദ്യം ‘സ്ത്രീകൾ ചോദിക്കുന്നത് എത്ര മണിക്കൂറ് വേണം ഒന്നു മതിയോ രണ്ട് വേണോ, അതോ ഒരു ദിവസം കൂടെ വരണോ, ഒരാളെ ഉള്ളോ, ഒന്നിൽ കൂടുതൽ ആളുണ്ടോ എന്നൊക്കെയാണ്. ചിലർ ഒറ്റയ്ക്ക് വരുന്ന പുരുഷന്‍മാരുടെ കൂടെ മാത്രമേ പോകാറുള്ളൂ. മറ്റുചിലർ ഒന്നിൽ കൂടുതൽ ഉള്ള പുരുഷന്മാരുടെ കൂടെ പോകും. പക്ഷെ കാശിരട്ടി വാങ്ങിക്കും. ചില സ്ത്രീകൾ കാശു വാങ്ങിച്ചാൽ കൂടെ വരുന്ന പുരുഷന്മാരെ ‘സന്തോഷിപ്പിക്കാ’റുണ്ട്. മറ്റുചിലർ പൈസ വാങ്ങിച്ചിട്ട് ആളുകളെ പറ്റിക്കും. പറ്റിക്കുന്നത് എങ്ങനെ എന്ന് അറിയേണ്ടേ… ‘റേറ്റ് പറഞ്ഞ് ഉറപ്പിച്ച് റൂമിനു ഇത്ര രൂപ, ഓട്ടോ റിക്ഷക്കാരന് ഇത്ര രൂപ, ഹോട്ടലിലെ സെക്യൂരിറ്റിക്ക് ഇത്ര രൂപ, ഹോട്ടലിലെ റൂം ബോയിക്ക് ഇത്ര രൂപ, മദ്യം മറ്റു സാധനകൾ മേടിക്കണമെങ്കിൽ അതിനും വേറെ രൂപ എന്നിങ്ങനെ എല്ലാ തുകയും ഉറപ്പിച്ച ശേഷം കയ്യിൽ കാശും വാങ്ങി സ്ത്രീ, കൂടെ വരാനിരിക്കുന്ന പുരുഷനോട് പറയും പുറത്തുകാണുന്ന ഓട്ടോറിക്ഷ സ്റ്റാൻഡിൽ പോയി നിന്നോ എന്റെ കൂടെ വരണ്ട ഞാൻ എത്തിക്കോളാം എന്ന്. അയാളെ പറഞ്ഞു വിട്ട് ബസ് സ്റ്റാൻഡിൽ കിടക്കുന്ന യാത്ര പുറപ്പെടാൻ നില്‍ക്കുന്ന ഏതെങ്കിലും ബസിൽ കയറി ഇരിക്കും. ഇയാൾ ഈ സ്ത്രീ വരും എന്ന് പ്രതീക്ഷിച്ചിരിക്കും. അഞ്ച് മിനിറ്റു കാത്തുനില്‍പ്പ് മണിക്കൂറുകൾ വരെ നീളും.

ഇങ്ങനെ പറ്റിക്കപ്പെടുന്ന ആൾ കപ്പലണ്ടി കച്ചവടക്കാരോ, ലോട്ടറി വില്പനക്കാരോടോ, പത്ര വില്പനക്കാരോടോ ഇവിടെ ചുവന്ന നിറത്തിൽ സാരി ഉടുത്ത സ്ത്രീ അല്ലെങ്കിൽ ചുരിദാറിന്റെ എന്തെങ്കിലും അടയാളങ്ങൾ ചോദിക്കുന്നത് പതിവായിരുന്നു. ഞങ്ങൾ ഇത് പലകുറി കേള്‍ക്കുന്നതാണല്ലോ. ഞങ്ങള്‍ ഇതുകേട്ട് ചിരിക്കും. പറ്റിച്ചുപോകുന്ന സ്ത്രീ പിന്നെ രണ്ടു മൂന്നു ദിവസത്തേക്ക് ആ പരിസരത്തേക്ക് വരില്ല. ലൈംഗിക വൃത്തിക്ക് എത്തപ്പെടുന്ന സ്ത്രീകള്‍ക്ക് പറയാൻ ഒരുപാട് കഥകൾ ഉണ്ടാകും. അവരുടെ വീട്ടിൽ പട്ടിണിയിലും ദാരിദ്ര്യത്തിലും കഴിയുന്ന കുഞ്ഞുങ്ങളും അച്ഛനോ അമ്മയോ ഉണ്ടാകും. ഉപജീവനം  നടത്താൻ വേണ്ടിയാണ് മിക്കവരും ശരീരം വിറ്റു ജീവിക്കുന്നത്.

ശരീരം വിറ്റു ജീവിക്കുന്ന ഒരു സ്ത്രീ സ്ഥിരമായി എന്റെ കൈയിൽ   നിന്ന് സായാഹ്ന പത്രം വാങ്ങുമായിരുന്നു. ആ സ്ത്രീ പലപ്പോഴും പത്രം മേടിക്കാനായി എന്റെ കയ്യിൽ 5 രൂപ തരും ഒരു രൂപ പത്രത്തിന് കാശ് എടുത്ത് കഴിഞ്ഞാൽ ബാക്കി നാല് രൂപ എന്റെ കൈയിൽ നിന്നു വാങ്ങും.”നിന്റെ കൈനീട്ടം കിട്ടിയാൽ ഇന്നത്തെ ദിവസം എനിക്ക് നല്ല കസ്റ്റമറെ കിട്ടും”എന്നായിരുന്നു അവർ പറഞ്ഞിരുന്നത്.

പത്രം വിറ്റുകിട്ടുന്ന പൈസ  ആഴ്ചയിൽ ഒരിക്കലാണ് ഏജന്റുമാർക്ക് നൽകേണ്ടത്. ആറു ദിവസം കൈയിൽ കാശുണ്ടാകും. ഒരിക്കൽ 500 രൂപ കടം വാങ്ങി പോയിട്ട് രണ്ട് ദിവസം ആയിട്ടും കാണാനില്ല ഇവരെ കുറിച്ച് അന്വേഷിച്ചപ്പോൾ അറിഞ്ഞു അവർ ആശുപത്രിയിൽ അഡ്മിറ്റാണെന്നു അറിഞ്ഞു. ഉടനെ ഞാൻ എന്റെ പൈസ വാങ്ങാനായി ആശുപത്രിയിലേക്കു പോയി.അവിടെ ചെന്നപ്പോൾ ഞാൻ കണ്ട കാഴ്ച ഇന്നും എന്റെ മനസ്സിൽ തീ പോലെ കത്തി നിൽക്കുന്നു. ഒന്നര പതിറ്റാണ്ട് കഴിഞ്ഞിട്ടും ഇതെഴുതുമ്പോൾ എനിക്കു അതേ തീവ്രതയോടെ ഓർത്തെടുക്കാനാവുന്നുണ്ട്.

കാശ് വാങ്ങിച്ചു ഇവർ പറ്റിച്ച ദേഷ്യത്തിലാകണം ഏതോ പുരുഷൻമാർ രാത്രിയിൽ ഇവരെ ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടുപോയി പോകുന്ന വഴിക്ക് ഇവര്‍ക്ക് മദ്യം കൊടുത്തിരുന്നു. മദ്യവും പുകവലിയും പൊതുവെ ഇഷ്ടമുള്ള ഇവർ വെള്ളം ചേർക്കാതെ നന്നായി കുടിച്ചു. ഓട്ടോറിക്ഷ കുറച്ചങ്ങു നീങ്ങിയപ്പോൾ ഒരു പുരുഷൻ കൂടി കയറി വണ്ടിയിൽ കയറി. കുറച്ചുകൂടി നീങ്ങിയപ്പോൾ മറ്റൊരു പുരുഷനും കൂടെ കയറി. ആളൊഴിഞ്ഞ കുറ്റിക്കാട്ടിൽ കൊണ്ടുപോയി നന്നായി മദ്യം കുടിപ്പിച്ച ശേഷം മൃഗീയമായി പീഡിപ്പിച്ചു മദ്യക്കുപ്പി യോനിയിൽ കുത്തിയിറക്കി കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചുപോയി. 

ആക്രി പെറുക്കാൻ വന്ന ആളുകൾ ഇവരെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഞാൻ ആശുപത്രിയിൽ എത്തിയപ്പോൾ കണ്ടത് ട്രാൻസ്ജൻഡേഴ്സ് ആയ ആളുകൾ ഇവരുടെ ചുറ്റിനും ഇരുന്നു ഇവരുടെ ചികിത്സക്ക് വേണ്ട പണം കണ്ടെത്താനും അവരെ എങ്ങനെ സഹായിക്കാൻ കഴിയും എന്ന് ആലോചിക്കുന്നതാണ്. അവർ പത്തു മുപ്പതുപേർ അവര്‍ക്ക് കഴിയാവുന്ന തുക അതിനകം സംഘടിപ്പിച്ചിരുന്നു. അവിടെ ഉണ്ടായിരുന്ന ഒരു ട്രാൻസ്ജൻഡർ ആണ് ഈ വിവരം എന്നോട് പറഞ്ഞത്. കൊടുത്ത കാശുവാങ്ങാതെ ഞാൻ തിരികെ പോന്നു. പോകുന്ന വഴിക്ക് മനസ്സിൽ പലവട്ടംആലോചിച്ചു. മാന്യന്മാർ എന്ന് കരുതുന്നവർ മനുഷ്യത്വത്തിന്‌ നിരക്കാത്ത രീതിയിൽ ഉപദ്രവിച്ചപ്പോൾ തുണ ആയതു തെരുവിൽ അകറ്റി നിർത്തുന്ന മനുഷ്യർ ആയിരുന്നു. പുരുഷ ശരീരത്തിൽ പെൺമനസുമായി ജീവിക്കുന്ന ഇക്കൂട്ടരെ ആട്ടി അകറ്റുകയല്ല, നമ്മെപ്പോലെ വേദനയും സങ്കടവും നിരാശയും ഒക്കെ ഉള്ള പച്ച മനുഷ്യരാണ് എന്ന് തിരിച്ചറിയുകയും അവരെ കൂടെ നിർത്തുകയുമാണ് ചെയ്യേണ്ടത്.

(മുരുകൻ തെരുവോര പ്രവർത്തക അസോസിയേഷൻ സ്ഥാപക സെക്രട്ടറി കൂടി ആണ്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍