UPDATES

റാഫിയുടെ പാട്ട് കേട്ടു കേട്ട് റേഡിയോ മെക്കാനിക്കായ ‘റേഡിയോ കോയക്ക’യുടെ കഥ

സിലോണ്‍ റേഡിയോയിലൂടെയും മറ്റും ഹിന്ദി പാട്ടുകള്‍ കേട്ടുതുടങ്ങിയ ഹൈദ്രോസ് കോയ കഴിഞ്ഞ അമ്പതു വര്‍ഷമായി മുഹമ്മദ് റാഫി എന്ന അനുഗൃഹീത ഗായകനെയും അദ്ദേഹത്തിന്റെ പാട്ടുകളെയും പ്രണയിച്ചുകൊണ്ടേയിരിക്കുന്നു

നാലു വര്‍ഷം  മുന്‍പ് കോഴിക്കോട് നിന്ന്‍ ഒരു സംഘം, പ്രശസ്ത ഹിന്ദി പിന്നണി ഗായകന്‍ മുഹമ്മദ് റാഫിയുടെ വീടുകാണാന്‍  മുംബൈയിലേക്ക് വണ്ടികയറി. റാഫി മരിച്ചിട്ട് 32 വര്‍ഷങ്ങള്‍ക്ക് ശേഷം. ഒരു ശുദ്ധ കോഴിക്കോടന്‍ പ്രാന്ത്!  കോഴിക്കോട്ടുകാര്‍ റേഡിയോ കോയക്ക എന്നു വിളിക്കുന്ന ഹൈദ്രോസ് കോയയാണ് സംഘത്തലവന്‍. പിന്നെ വിദ്യാഭ്യാസ വകുപ്പില്‍ നിന്നു റിട്ടയര്‍ ചെയ്ത മൊയ്ദീന്‍ കോയ, കോഴിക്കോട്ടെ റാഫി ഫൌണ്ടേഷന്‍ സെക്രട്ടറി പ്രകാശന്‍, എഞ്ചിനീയര്‍ മുസ്തഫ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

“അങ്ങനെ ഒരു ചിന്ത വന്നപ്പോള്‍ വേറൊന്നും നോക്കാതെ വണ്ടിയെടുത്തങ്ങ് പോയി. സംഗീത ചക്രവര്‍ത്തി നൌഷാദുമായും മുംബൈയുമായും നല്ല ബന്ധമുണ്ടായിരുന്നു മൊയിദീന്‍ കോയ സാഹിബിന്. അങ്ങനെയാണ് യാത്ര പ്ലാന്‍ ചെയ്തത്. മുഹമ്മദ് റാഫിയുടെ കബറിടവും അദ്ദേഹത്തിന്റെ വീടായ ആഷിയാനയും സന്ദര്‍ശിച്ചു. റാഫി സാഹിബിന്റെ മകന്‍ ഷാഹിദ് അവിടെ ഉണ്ടായിരുന്നില്ല. മകള്‍ നസ്രീനാണ് സ്വീകരിച്ചത്. ഒരു സാധാരണ വീടായിരുന്നു റാഫി സാഹിബിന്‍റേത്. ഒരു ഭാഗത്ത് പള്ളിയാണ്. ആ കോമ്പൌണ്ടില്‍ റാഫി സാഹിബ് ഉപയോഗിച്ചിരുന്ന വെള്ള ഫിയറ്റ് കാര്‍ കിടക്കുന്നുണ്ടായിരുന്നു. സാഹിബ് ഉപയോഗിച്ചിരുന്ന വസ്തുക്കളൊക്കെ മ്യൂസിയം പോലെ സൂക്ഷിച്ചിട്ടുണ്ട്. വീടിന്റെ ഒരുഭാഗത്ത് മുകളിലും വശങ്ങളിലും തകരകൊണ്ട് മറച്ച സ്ഥലത്തായിരുന്നു റാഫി സാഹിബ് ഉപയോഗിച്ച തംബുരുവും ഹാര്‍മോണിയവും എല്ലാം സൂക്ഷിച്ചിട്ടുള്ളത്. അവാര്‍ഡുകളും പഴയ ഫോട്ടോകളും ശില്പങ്ങളും മൊമന്‍റോകളും ഒരുപാട് ഉണ്ടായിരുന്നു. നൌഷാദ് സാഹിബിന്‍റെ മ്യൂസിയത്തിന്‍റെ അത്രയൊന്നും ശ്രദ്ധ റാഫിയുടെ വസ്തുക്കള്‍ സൂക്ഷിച്ചിടത്ത് കണ്ടില്ല.” മുഹമ്മദ് റാഫി ഉപയോഗിച്ച ഹാര്‍മോണിയത്തില്‍ തൊട്ടപ്പോള്‍ റാഫി എന്ന മഹാപ്രതിഭയെ തോട്ടതുപോലെ ഒരനുഭവം ഉണ്ടായെന്നും എന്തിനെന്നറിയാതെ കണ്ണു നിറഞ്ഞുപോയെന്നും കോയക്ക പറഞ്ഞു.

റേഡിയോ കോയക്ക ഇങ്ങനെയാണ്. മുഹമ്മദ് റാഫിയെ കുറിച്ച് പറഞ്ഞു തുടങ്ങിയാല്‍ നിര്‍ത്തില്ല. പലപ്പോഴും വികാരത്തള്ളിച്ച കൊണ്ട് വാക്കുകള്‍ കിട്ടാതാകും. അതുപോലെ തന്നെയാണ് റാഫി സാഹിബിന്റെ പാട്ട് കേള്‍ക്കലും. അതിങ്ങനെ സദാസമയം കോഴിക്കോട്ടെ കുളങ്ങര പീടികയിലെ വീട്ടില്‍ ഒഴുകി പരന്നുകൊണ്ടിരിക്കും.

വളരെ ചെറുപ്പത്തില്‍ തന്നെ സിലോണ്‍ റേഡിയോയിലൂടെയും മറ്റും ഹിന്ദി പാട്ടുകള്‍ കേട്ടുതുടങ്ങിയ ഹൈദ്രോസ് കോയ കഴിഞ്ഞ അമ്പതു വര്‍ഷമായി മുഹമ്മദ് റാഫി എന്ന അനുഗൃഹീത ഗായകനെയും അദ്ദേഹത്തിന്റെ പാട്ടുകളെയും പ്രണയിച്ചുകൊണ്ടേയിരിക്കുന്നു. റേഡിയോയിലൂടെ മുഹമ്മദ് റാഫിയുടെ പാട്ടുകള്‍ കേട്ടു കേട്ട് ഹൈദ്രോസ് കോയ ഒരു റേഡിയോ മെക്കാനിക്കായി മാറിയതും കോഴിക്കോട്ടുകാരുടെ റേഡിയോ കോയക്കയായതും ഒരു നാടോടിക്കഥ പോലെ സുന്ദരം.

കേരളത്തില്‍ വൈദ്യുതി അധികമൊന്നും വ്യാപകമല്ലാത്ത അന്‍പതുകളിലും അറുപതുകളിലും റേഡിയോ മാത്രമായിരുന്നു ഏക വിനോദോപാധി. അക്കാലത്ത് റേഡിയോ ഉള്ള വീടുകള്‍ തന്നെ അപൂര്‍വ്വമായിരുന്നു. കോഴിക്കോട് കല്ലായിലെ മരപ്പണിക്കാരനായിരുന്ന ഹൈദ്രോസ് കോയയുടെ ബാപ്പ ഒരു സംഗീത പ്രേമിയായിരുന്നു. അതുകൊണ്ട് തന്നെ ചെറുപ്പത്തിലെ റേഡിയോയിലെ പരിപാടികള്‍ കേട്ടാണ് ഹൈദ്രോസ് കോയ വളര്‍ന്നത്. പിന്നീട് വീട്ടിലെ റേഡിയോ വിറ്റപ്പോള്‍ ഹൈദ്രോസ് കോയ പാട്ടുകേള്‍ക്കാന്‍ ഏതെങ്കിലും ഹോട്ടലുകളുടെ മുന്നിലൊക്കെ പോയി നില്‍ക്കുമായിരുന്നു. ആദ്യമൊക്കെ ലത മങ്കേഷ്കര്‍, തലത് മഹമൂദ്, കിഷോര്‍ കുമാര്‍, മുഹമ്മദ് റാഫി തുടങ്ങി എല്ലാവരുടെയും പാട്ടുകള്‍ ആസ്വദിച്ചിരുന്ന ഹൈദ്രോസ് കോയ പിന്നീട് മുഹമ്മദ് റാഫിയുടെ പാട്ടുകളെ ഭ്രാന്തമായി പ്രണയിച്ചു തുടങ്ങുകയായിരുന്നു.

കോഴിക്കോട് നഗരത്തില്‍ റേഡിയോ കോയക്കയെ അറിയാത്തവര്‍ വിരളമാണ്.  റേഡിയോ കോയക്കയുടെ വീട്ടിലെ 3000 ത്തിലധികം വരുന്ന മുഹമ്മദ് റാഫിയുടെ അപൂര്‍വ്വ ശേഖരം കാണാനും റാഫിയുടെ പാട്ടുകള്‍ കേള്‍ക്കാനും എല്ലാ ഞായറാഴ്ചയും നടക്കുന്ന മെഫ്ഹില്‍ എന്ന സംഗീത വിരുന്നില്‍ പങ്കെടുക്കാനും  കേരളത്തിനകത്തും പുറത്തും നിന്നു ഒരുപാട് ആളുകള്‍ വരാറുണ്ട് കോഴിക്കോട് കുളങ്ങര പീടികയിലെ അദ്ദേഹത്തിന്‍റെ സംഗീത സാന്ദ്രമായ വീട്ടിലേക്ക്.

‘എന്റെ ചെറുപ്പകാലം തൊട്ടേ സിലോണ്‍ റേഡിയോ കേള്‍ക്കുന്നുണ്ട്. 56-60 കാലഘട്ടത്തില്‍ കറണ്ടില്ലാത്ത സമയത്തും ഞങ്ങളുടെ വീട്ടില്‍ റേഡിയോയുണ്ട്. വല്യ ബാറ്ററിയില്‍ പാടുന്ന വാല്‍വ് റേഡിയോ. അങ്ങനെയാണ് റേഡിയോ സിലോണ്‍ ആദ്യമായി കേള്‍ക്കുന്നത്. ആ ഒരു കാലഘട്ടത്തില്‍ റേഡിയോയിലൊക്കെ പ്രാദേശിക പരിപാടിക്ക് മാത്രമേ സ്ഥാനം ഉണ്ടായിരുന്നുള്ളൂ. കോഴിക്കോട്, തിരുവനന്തപുരം സ്റ്റേഷനുകള്‍ എടുത്തു നോക്കിയാല്‍ പ്രാദേശിക പരിപാടികള്‍ക്കാണ് പ്രാധാന്യം കൊടുത്തിരുന്നത്. അത് ഇന്ത്യന്‍ സംഗീതത്തെ പിന്നോട്ടാക്കി. ആ സമയത്ത് ഗോവ സ്റ്റേഷനുണ്ടായിരുന്നു. അത് യുദ്ധത്തോടുകൂടിയിട്ട് അവസാനിച്ചു. അപ്പോഴാണ് റേഡിയോ സിലോണിനെ ആശ്രയിക്കേണ്ടി വന്നത്. അന്നെനിക്ക് അഞ്ചു വയസ്സൊ മറ്റോ ആണ്. അന്ന് റാഫി സാഹിബിന്‍റെ പാട്ടും ലതാജിയുടെ പാട്ടുമൊക്കെ ഇങ്ങനെ കേള്‍ക്കുന്നുണ്ട്. ആദ്യമൊന്നും അനൌണ്‍സര്‍മാരെയൊന്നും മനസ്സിലായിരുന്നില്ല. ആ കാലഘട്ടത്തില്‍ ഗോപാല്‍ശര്‍മ്മ എന്നൊരു അനൌണ്‍സര്‍ ഉണ്ടായിരുന്നു. ഇപ്പൊഴും ജീവിച്ചിരിപ്പുണ്ട്. 84 വയസ്സായി. പിന്നെ വിജയശേഖര്‍, വിജയലക്ഷ്മി, സിനിമാനടന്‍ സുനില്‍ദത്ത്, മനോഹര്‍ മഹാജന്‍, അബുദുല്‍ അസീസ് മെഹ്മാന്‍, ജ്യോതി ബദ്മാഷ്, ബല്‍ബീര്‍ സിംഗ് ഇവരൊക്കെ സിലോണ്‍ റേഡിയോയിലെ അനൗണ്‍സര്‍മാരായിരുന്നു. 60 കള്‍ക്ക് ശേഷമാണ് ഇവരെയൊക്കെ മനസ്സിലാക്കാന്‍ കഴിഞ്ഞത്. 

ഇടയ്ക്ക് ഞങ്ങളുടെ വീട്ടിലെ റേഡിയോ ഉപ്പ ഫറൂക്കിലെ ഒരു പാര്‍ട്ടിക്ക് വിറ്റു. പിന്നെ ഞാന്‍ സ്‌കൂള്‍ വിട്ടിട്ട് ഒരു ഹോട്ടലിന്‍റെ മുന്നില്‍ പോയി നില്‍ക്കും റേഡിയോ കേള്‍ക്കാന്‍. 59 ല്‍ ഞങ്ങളുടെ വീട്ടില്‍ കറന്റ് കിട്ടി. അന്ന് വെസ്റ്റ് കോസ്റ്റ് ഇലക്ട്രിക്കല്‍ കറന്റാണ്. സിറ്റിയില്‍ മാത്രം കറന്റ് നല്‍കിയിരുന്ന പ്രൈവറ്റ് സ്ഥാപനമാണ് വെസ്റ്റ് കോസ്റ്റ് ഇലക്ട്രിക്കല്‍സ്. ഇന്നത്തെ കേരള സ്റ്റേറ്റ് കറന്റല്ല.  ജനറേറ്റര്‍ ഉപയോഗിച്ച് ചില കടകളിലും വീടുകളിലുമൊക്കെ ഓരോ ബള്‍ബിട്ടു കൊടുക്കും. ആറു മണിക്ക് അവര് വന്ന് ഓണ്‍ ചെയ്യും. രാവിലെ വന്ന് ഓഫ് ചെയ്യും. കറന്റ് വന്നപ്പോള്‍ പെട്രോമാക്‌സ് തലയിലേറ്റി ജാഥ നടത്തിയിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്. കല്ലായി പുതിയ പാലം വരുന്നില്ലേ അതിന്റെ നേരെ എതിര്‍വശത്തായിരുന്നു വെസ്റ്റ് കോസ്റ്റ് ഇലക്ട്രിക്കല്‍ ആ കെട്ടിടമൊക്കെ ഇപ്പോഴുമുണ്ട്. കോഴിക്കോട് നഗരത്തില്‍ മാത്രമെ ആ കറന്റുള്ളു. ഒരു പോസ്റ്റിന് 45 ഉറുപ്പികയാ. നമുക്ക് രണ്ട് പോസ്റ്റിട്ടുതന്നു. 90 രൂപ. കറന്റ് ബില്ല് അന്ന് വളരെ കുറച്ചേ ഉണ്ടാകൂ. പത്തുരൂപയ്ക്ക് താഴെ. പിന്നെ കേരള സര്‍ക്കാര്‍ ഏറ്റെടുത്തപ്പോള്‍ 20 രൂപയായി.

കറന്‍റ് കിട്ടിയതിന് ശേഷം ബാപ്പ ഒരു റേഡിയോ വാങ്ങി. പിന്നെ 70 – 80 കാലം വരെയും ആ റേഡിയോ ഞങ്ങളുടെ വീട്ടിലുണ്ടായിരുന്നു. ഇന്നും 25 മീറ്ററില്‍ സിലോണ്‍ കേള്‍ക്കാം ഒരു മണിക്കൂര്‍. ഉച്ചക്ക് 12 മണി മുതല്‍ അന്ന് രാത്രി പതിനൊന്ന് മണിവരെ മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി പരിപാടികള്‍ കേള്‍ക്കാം. അതില്‍ തന്നെ രാത്രി രണ്ട് മണിവരെ മിഡില്‍ ഈസ്റ്റ്, ഈസ്റ്റ് ആഫ്രിക്ക പരിപാടികളുമുണ്ടാവും. റെയില്‍വേ സ്റ്റേഷനില്‍ ഉള്ളവര്‍ക്കും സെക്യൂരിറ്റിക്കാര്‍ക്കുമൊക്കെ വേണ്ടിയാണ് ആ സമയത്തെപരിപാടി. അക്കാലത്താണ് വേലുപ്പിള്ള പ്രഭാകരന്‍ സിലോണില്‍ കുഴപ്പങ്ങളുണ്ടാക്കിയത്. അങ്ങനെ അവിടെ തമിഴരും സിംഹളരുമായുള്ള യുദ്ധത്തില്‍ കുറേ മലയാളികള്‍ക്ക് ഇങ്ങോട്ട് പോരേണ്ടി വന്നു. അതോടെ തമിഴ് സിംഹള സ്റ്റേഷനുകള്‍ കുറഞ്ഞു.’

1970 കളിലാണ് കോയക്ക ആദ്യമായി ഒരു റേഡിയോ വാങ്ങുന്നത്. അന്ന് കോയക്കയ്ക്ക് പതിനേഴ് വയസ്സായിരുന്നു. വണ്ടിക്കച്ചവടമായിരുന്നു തൊഴില്‍. ഒരു സ്കൂട്ടര്‍ വിറ്റു കൊടുത്തപ്പോള്‍ കിട്ടിയ 175 രൂപ ബ്രോക്കര്‍ ഫീസില്‍ നിന്നാണ് കോയക്ക സ്വന്തമായി ഒരു റേഡിയോ വാങ്ങിയത്. വാള്‍വു സെറ്റായിരുന്നു അത്. പിന്നീട് കുറെ കഴിഞ്ഞപ്പോള്‍ നല്ല വലിപ്പമുള്ള ജി ഇ സി റേഡിയോ സ്വന്തമാക്കി. ആ റേഡിയോ കേടുവന്നാല്‍ കുറ്റിച്ചിറയിലെ ഹല്‍വ ബസാറിലുള്ള കോയട്ടിക്കയുടെ ‘സേഫ്റ്റി ആര്‍ട്സ്’ എന്ന കടയിലേക്ക് സൈക്കിളില്‍ കെട്ടി കൊണ്ടുപോകുമായിരുന്നെന്ന് കോയക്ക പറഞ്ഞു. അന്നേരം ഐസ് വില്‍പ്പനക്കാരനാണെന്ന് കരുതി കുട്ടികള്‍ പിറകെ കൂടുമായിരുന്നെന്നും കോയക്ക ഓര്‍ക്കുന്നു. അന്ന് കോഴിക്കോട്ടെ വാല്‍വ് റേഡിയോ നന്നാക്കുന്ന രാജ് റേഡിയോസ്, ദാസ് റേഡിയോസ്, ജെ ബി ഇലക്ട്രോണിക്സ്, നാഷണല്‍ റേഡിയോസ് തുടങ്ങി ഒട്ടുമിക്ക കടകളിലും ആ റേഡിയോയുമായി കോയക്ക പോയിട്ടുണ്ട്. അങ്ങനെ റേഡിയോ നന്നാക്കുന്നത് കണ്ടു കണ്ടാണ് റേഡിയോ മെക്കാനിസം പഠിച്ചതെന്നും കോയക്ക പറഞ്ഞു. കോയക്കയ്ക്ക് അന്നും ഇന്നും പ്രിയം വാള്‍വ് സെറ്റുകളോടാണ്. സാധാരണ ട്രാന്‍സിസ്റ്റര്‍ റേഡിയോകള്‍ കോയക്ക റിപ്പറിംഗിന് എടുക്കാറില്ല.

‘റേഡിയോ കോയക്ക എന്ന പേരുവന്നത് എങ്ങിനെയെന്ന് പറയാം, മുഹമ്മദ് റഫിയുടെ പാട്ട് കാരണമാണ് റേഡിയോ വാങ്ങി റിപ്പയര്‍ ചെയ്യാന്‍ തുടങ്ങിയത്. ആ റിപ്പയര്‍ പരിപാടി ഇന്നും തുടരുന്നു. പഴയ റേഡിയോകള്‍ ഇന്നും റിപ്പയര്‍ ചെയ്യുന്നുണ്ട്. ഇന്നത്തെ സിനിമ പാട്ടുപോലെ തന്നെയാണ് ട്രാന്‍സിസ്റ്ററും. അതിനു ലൈഫ് ഇല്ല. വാള്‍വ് സെറ്റില്‍ പാട്ടുകേള്‍ക്കുന്ന ഫീലൊന്നും ട്രാന്‍സിസ്റ്റര്‍ റേഡിയോയില്‍ കിട്ടില്ല. 40 കൊല്ലം മുമ്പ് 750 രൂപയ്ക്ക് വാങ്ങിയ റേഡിയോ ഇന്നും ഉപയോഗിക്കുന്നുണ്ട്.’

റേഡിയോ മെക്കാനിക്ക് പഠിച്ചതിന് ശേഷം ജി ഇ സി റേഡിയോ വില്‍ക്കാന്നുണ്ടെന്നുകെട്ടാല്‍ കോയക്ക എങ്ങനെയെങ്കിലും അത് സ്വന്തമാക്കുമായിരുന്നു. ജി ഇ സി യോടുള്ള താത്പര്യം കൊണ്ട് ചെന്നൈയിലെ അവരുടെ കമ്പനിയില്‍ വരെ കോയക്ക പോയിട്ടുണ്ട്. അന്ന് ആളുകള്‍ ജി ഇ സി കോയ എന്നു വിളിച്ചിരുന്നു. സെന്‍റ് ഫ്രാന്‍സിസ് റോഡിലാണ് കോയക്ക ആദ്യമായി റേഡിയോ റിപ്പയറിംഗ് കട തുടങ്ങുന്നത്. പിന്നീട് ഓവര്‍ ബ്രിഡ്ജ് വന്നപ്പോള്‍ മാങ്കാവിനടുത്ത് പൊക്കുന്നിലായി കട. ഒരുപാട് ദൂരത്ത് നിന്നുപോലും ആളുകള്‍ വാള്‍വ് റേഡിയോകള്‍ നന്നാക്കാനായി കോയക്കയുടെ കട ചോദിച്ചു വരുമായിരുന്നു. 19 വര്‍ഷത്തോളം ആ കട നന്നായി തന്നെ നടത്തിയിരുന്നു കോയക്ക. പിന്നീട് കെട്ടിടം ഉടമയുമായുള്ള പ്രശ്നത്തില്‍ പേട്ട് കട ഒഴിഞ്ഞു. അങ്ങനെ കോയക്കയുടെ റേഡിയോ നന്നാക്കല്‍ വീട്ടില്‍ വെച്ചായി. ഓരോ റേഡിയോകള്‍ സ്വന്തമാക്കുമ്പോഴും കോയക്കയുടെ മുഹമ്മദ് റാഫിയുടെ പാട്ടുകളോടുള്ള ഇഷ്ടവും കൂടിക്കൊണ്ടേയിരുന്നു.

‘അങ്ങനെയാണ് റാഫിയുടെ പാട്ടുകളുടെ കളക്ഷന്‍ തുടങ്ങിയത്. ചെറുപ്പത്തിലേ ക്രെയ്‌സാണത്. പിന്നീട് ഓരോ വര്‍ഷം കഴിയുമ്പോഴും അത് കൂടിക്കൊണ്ടേയിരിക്കുകയായിരുന്നു. റെക്കോര്‍ഡുകളൊക്കെ പല സ്ഥലങ്ങളിലും പോയിട്ട് വാങ്ങിയാണ് കളക്ഷനുണ്ടാക്കിയത്. ആദ്യമൊക്കെ ഞങ്ങള്‍ കുറെ കൂട്ടുകാര്‍ ചേര്‍ന്നാണ് റെകോര്‍ഡുകള്‍ വാങ്ങിയിരുന്നത്. പുതിയതെന്തെങ്കിലും ഇറങ്ങിയെന്നറിഞ്ഞാല്‍ ഞങ്ങള്‍ എല്ലാരും കൂടെ പിരിവിടും. എല്ലാവരും ഒരുമിച്ചാണ് റെകോര്‍ഡുകള്‍ വാങ്ങാന്‍ പോകുക. പിന്നെ അത് കൈമാറി കൈമാറി കേള്‍ക്കും. പിന്നെ ഞാന്‍ ബോംബെ, മദ്രാസ്, പളനി, കോയമ്പത്തൂര്‍, പാലക്കാട് ഇവിടെല്ലാം പോയി റെക്കോഡ് കളക്ട് ചെയ്തു. ഹിന്ദുസ്ഥാനി സംഗീതത്തിലെ എല്ലാ ആളുകളുടെയും റെക്കോര്‍ഡ്‌സ് എന്റെ കൈയ്യിലുണ്ട്. എല്ലാ ഉസ്താദുമാരുടെയും ക്ലാസിക്കല്‍സ് ഉണ്ട്. സൈഗാള്‍ ഉള്‍പ്പെടെയുള്ള എല്ലാ ആള്‍ക്കാരുടെയും ഇവിടെ സ്റ്റോക്കാണ്. മൂവായിരം റെക്കോഡ് എന്റെ കൈയ്യിലുണ്ട്. മുഹമ്മദ് റാഫി, ലതാമങ്കേഷ്‌കര്‍, മന്നാഡെ, ഹേമന്ത് കുമാര്‍, മുകേഷ്.. ഇവരുടെയെല്ലാമുണ്ട്.’

കോഴിക്കോട്ടെ സംഗീത്, ലാല്‍സണ്‍സ്, പി വി എസ്, ജനറല്‍ ഏജന്‍സി, ഹാരി ഇലക്ട്രോണിക്സ്, എസ് എസ് പി, കളിക്കറ്റ് ഫോണ്‍ ഹൌസ് തുടങ്ങിയ കടകളിലൊക്കെ കയറിയിറങ്ങി റെകോര്‍ഡുകള്‍ വാങ്ങിക്കൂട്ടുകയായിരുന്നു അക്കാലത്തെ കോയക്കയുടെ പ്രധാന ജോലികളിലൊന്ന്. കോയക്കയുടെ വാപ്പ 1950 കളുടെ ഒടുവില്‍ വാങ്ങിക്കൊണ്ട് വന്നിരുന്ന 78 RPM റെകോര്‍ഡുകള്‍ക്ക് രണ്ടര രൂപയായിരുന്നു വില. കോയക്ക റെകോര്‍ഡുകള്‍ വാങ്ങിത്തുടങ്ങുമ്പോഴേക്കും LP റെകോര്‍ഡുകള്‍ പ്രചാരത്തിലായിരുന്നു. ഒരു കല്‍പണിക്കാരന് 20 രൂപ ദിവസക്കൂലി കിട്ടിയിരുന്ന അക്കാലത്ത് 40 രൂപ കൊടുത്താണ് കോയക്ക റെക്കോര്‍ഡുകള്‍ വാങ്ങിയിരുന്നത്. വട്ടിപ്പലിശക്കാരോട് പണം കടംവാങ്ങിയിട്ടുപോലും റെക്കോര്‍ഡുകള്‍ വാങ്ങിക്കൂട്ടിയിട്ടുണ്ട്. ചില റെക്കോര്‍ഡുകള്‍ യാദൃശ്ചികമായി കോയക്കയുടെ കൈകളില്‍ എത്തിചേര്‍ന്നിട്ടുണ്ട്. എസ് എന്‍ ത്രിപാഠി ഈണം നല്കിയ ‘പര്‍വര്‍ ദിഗാരേ ആലം’ എന്ന പാട്ട് കുറെ അന്വേഷിച്ചു കിട്ടാതെ വന്നപ്പോള്‍ ഒരു ദിവസം കോഴിക്കോട് ഓവര്‍ ബ്രിഡ്ജിനടുത്തുകൂടെ പോകുമ്പോള്‍ ഒരു കരിമ്പ് കടയില്‍ നിന്നു ആ പാട്ട് കേട്ടു അങ്ങോട്ട് ചെല്ലുകയും അത് ഒന്നുകൂടെ വെക്കാന്‍ കോയക്ക ആവശ്യപ്പെടുകയുംചെയ്തു. അവസാനം കടക്കാരന്‍ ആ റിക്കോര്‍ഡ് കോയക്കയ്ക്ക് സൌജന്യമായി കൊടുക്കുകയായിരുന്നു. കേരളത്തിലെ എല്ലാ ജില്ലകളിലെയും മ്യൂസിക് കടകളില്‍ കോയക്ക റെക്കോര്‍ഡ് അന്വേഷിച്ച് പോയിട്ടുണ്ട്. കേരളത്തിന് പുറത്തു കോയമ്പത്തൂര്‍, ബാംഗ്ലൂര്‍, മൈസൂര്‍, പഴനി, മദ്രാസ്, ബോംബെ തുടങ്ങി ഒരുവിധം സ്ഥലങ്ങളിലൊക്കെ കോയക്ക റെക്കോര്‍ഡുകള്‍ സ്വന്തമാക്കാന്‍ വേണ്ടി നിരവധി യാത്രകള്‍ നടത്തിയിട്ടുണ്ട്. റെക്കോര്‍ഡ് അന്വേഷിച്ചുള്ള മറക്കാനാവാത്ത ഒരു മൈസൂര്‍ യാത്രയെ കുറിച്ച് കോയക്ക പറയുന്നു.

‘ഹംദോനോം എന്ന സിനിമയിലെ പാട്ടുണ്ട്. അതിന്റെ മ്യൂസിക് ഡയറക്ടര്‍ ജയദേവാണ്. സാഹിര്‍ ലുദിയാനിയാണ് പാട്ടെഴുതിയത്. ആ സിനിമ റെക്കോര്‍ഡിംഗിന് വന്നപ്പോള്‍ എസ് ഡി ബര്‍മന് വളരെ തിരക്കായപ്പോള്‍. നവകേതന്‍ പ്രൊഡക്ഷന്‍സിന്റേതാണ് സിനിമ. ബര്‍മന്‍ പറഞ്ഞിട്ടാണ് ജയദേവന്‍ സംഗീതം ചെയ്തത്. ഈ റെക്കോര്‍ഡ് എന്റെ കൈയിലില്ല. അങ്ങനെ ഞാനും എന്റെ സ്‌നേഹിതനും കുടുംബവും കൂടി കാറില്‍ മൈസൂരില്‍ പോയി. അവിടെ നാഷണല്‍ ലോഡ്ജിന്റെ അടുത്ത് ഒരു റെക്കോര്‍ഡ് കടയില്‍ നിന്ന് അതിന്റെ റെക്കോര്‍ഡ് കിട്ടി. ഞാനും ആ സുഹൃത്തിന്റെ കുടുബവും കാറില്‍ വരുന്ന വഴി കാര്‍ ഒരു കായലിലേക്ക് മറിഞ്ഞു. ഞാന്‍ പരിക്കൊന്നുമില്ലാതെ രക്ഷപ്പെട്ടു. പിന്നെ ഞാന്‍ നോക്കിയത് എന്റെ റെക്കോര്‍ഡിന് എന്ത് പറ്റിയെന്നാണ്. എന്റെ സ്വാര്‍ത്ഥത നോക്കിക്കോണേ.. എന്റെ സ്‌നേഹിതനും കുടുംബത്തിനും എന്ത് പറ്റിയെന്നല്ല ഞാന്‍ നോക്കിയത്. ഇവിടെ വരുന്നവര്‍ക്ക് ഞാന്‍ ആദ്യം ആ പാട്ടാണ് വച്ചുകൊടുക്കുക. ഈ പാട്ട് കേട്ടാല്‍ എനിക്ക് ആ കാലമൊക്കെ ഓര്‍മ്മവരും. അവന്‍ മരിച്ചു പോയി.’

മുഹമ്മദ് റാഫിയെ കുറിച്ചും അദ്ദേഹത്തിന്റെ പാട്ടുകളെകുറിച്ചും പറയാന്‍ ഭാഷയിലെ വാക്കുകളൊന്നും പോരാതെ വരും കോയക്കയ്ക്ക്. റാഫിയുടെ ഏത് പാട്ടാണ് ഏറ്റവും കൂടുതല്‍ ഇഷ്ടം എന്നുചോദിച്ചാല്‍ ‘എല്ലാ പാട്ടും എപ്പോഴും കേള്‍ക്കണം എന്നുതോന്നും. മുഹമ്മദ് റാഫിയുടെ പാട്ട് ഒരാഴ്ച  തുടര്‍ച്ചയായി കേട്ടാലും ഒരു ബോറടിയും തോന്നില്ല’ എന്നുമാണ് കോയക്കയുടെ ഉത്തരം.

‘1940 വരെ സൈഗള്‍, പങ്കജ് മല്ലിക്ക് തുടങ്ങിയവരുടെ പാട്ടുകളായിരുന്നു ജനങ്ങള്‍ക്ക് ഏറ്റവും ഇഷ്ടം. മുഹമ്മദ് റഫി വന്നപ്പോഴും ആ പഴയ പാട്ടുകളായിരുന്നു നല്ലത് എന്ന് ആള്‍ക്കാര്‍ പറഞ്ഞിട്ടുണ്ടാവും. ഭഗവാന്‍ പാടിയതോടുകൂടി ലോകം മുഴുവന്‍ അത് ഏറ്റെടുത്തു. 1951ലാണ്. ആ പാട്ട് വന്നതോടുകൂടി പാട്ടിന്റെ ഗതി മാറി. പിന്നെ എല്ലാരും മുഹമ്മദ് റാഫിയിലേക്ക് ആകൃഷ്ടരായി. അന്ന് മുകേഷും തലത് മുഹമ്മദുമൊക്കെയായിരുന്നു വലിയ പാട്ടുകാര്‍. സൈഗള്‍ പെട്ടെന്ന് മരിച്ചുപോയി. ആ  കാലത്തും കിഷോര്‍ കുമാറുണ്ട്. കിഷോര്‍ കുമാറിന്റെ മൂന്ന് പാട്ട് റഫി സാബ് പാടിയിട്ടുണ്ട്. ബച്ച്പന്‍ 66 ലെ പാട്ടാണ്. പ്രഗത്ഭരായ സംഗീജ്ഞര്‍ക്ക് മാത്രമേ അന്ന് രംഗത്ത് പിടിച്ചുനില്‍ക്കാന്‍ പറ്റൂ. മദര്‍ ഇന്ത്യ, മുഗള്‍ ആസം, ദില്ലഗി, അനാഡി, ആവാരാ, ആഷിഖ് ഇങ്ങനെ മുകേഷ് കാലഘട്ടമുണ്ടായിരുന്നു. അതിലൊക്കെ ഏതെങ്കിലും ഒരു പാട്ടൊക്കെ റഫി സാറിന് കൊടുത്തിട്ടുണ്ട്. അറുപത് എഴുപത് കാലഘട്ടം സിനിമാ ഗാനങ്ങളെ സംബന്ധിച്ച് നല്ല കാലഘട്ടമായിരുന്നു. തമിഴിലും ഹിന്ദിയിലും മലയാളത്തിലും സുവര്‍ണ്ണ സംഗീതത്തിന്‍റെ കാലമുണ്ടായിരുന്നു. 70 – 80 കാലത്തോടുകൂടി കിഷോര്‍ തരംഗം വന്നു. ആരാധനയെന്ന സിനിമ വന്നതോടുകൂടി കിഷോറിന്‍റെ കാലമായി. റഫി സാബ് ഫീല്‍ഡ് ഒഴിവായി പോയി. പിന്നീടാണ് ഹാര്‍ട്ട് അറ്റാക്ക് വന്ന് മരിച്ചത്. മുഹമ്മദ് റാഫിയുടെ മരണവിവരം അറിഞ്ഞപ്പോള്‍ സ്വന്തം കുടുംബത്തിലെ ആരോ മരണപ്പെട്ടപോലെയായിരുന്നു. അന്ന് ഭക്ഷണമൊന്നും കഴിച്ചില്ല. നമ്മള്‍ മുഹമ്മദ് റാഫിയെ അമ്പത് കൊല്ലം കൊണ്ട് പ്രേമിച്ച് കൊണ്ടുനടക്കുന്നുവെന്ന് വച്ച് മുഹമ്മദ് റാഫിയെ കുറിച്ച് എനിക്ക് അറിയുന്നത് പോലെ എല്ലാര്‍ക്കും അറിയണമെന്നില്ല. ഓരോരുത്തര്‍ക്കും ഓരോ ലൈനുണ്ട് ആ റൂട്ടില്‍ കൂടിയെ ആളുകള്‍ പോകൂ. ഒരു പ്രൊഡ്യൂസര്‍ ഒരിക്കല്‍ എന്നോട് ചോദിച്ചു. മുഹമ്മദ് റാഫി കോഴിക്കോട് കാരനാണോയെന്ന്. അയാള്‍ക്ക് അത്രയേ അറിയൂ. മുപ്പത്താറ് കൊല്ലം കഴിഞ്ഞു റഫീസാബ് മരിച്ചിട്ട്. കോഴിക്കോട് ആഴ്ചയില്‍ ആഴ്ചയില്‍ റഫിസാബിന്‍റെ പരിപാടിയാണ്. വെറുത്തു പോയി ഞാന്‍. പാടിയത് ആറായിരം പാട്ടാണെന്ന് റഫീസാബ് പറയുമ്പോള്‍ മറ്റു ചിലര്‍ പറയുന്നത് 26000 പാട്ടാണ് അദ്ദേഹം പാടിയതെന്ന്. അതെത്രയെങ്കിലും ആകട്ടെ അതില്‍ ഒരു പാട്ട് പോലും തെറ്റുകൂടാതെ പാടാന്‍ ഇന്ത്യയില്‍ ആരുമില്ല. ആയിരം രണ്ടായിരം കൊല്ലങ്ങള്‍ക്കിടയിലുണ്ടാകുന്ന ഒരു അത്ഭുതമാണ്  മുഹമ്മദ് റഫി.’

‘1972 ല്‍ റഫി സാബ് കോഴിക്കോട്  വന്നപ്പോള്‍ അഞ്ച് രൂപ ടിക്കറ്റെടുക്കാനില്ലാത്തോണ്ട് കാണാനായില്ല. രണ്ടാമത്തെ പ്രാവശ്യം വന്നപ്പോള്‍ മാനാഞ്ചിറയില്‍ അകത്തുള്ളതിനേക്കാള്‍ ആള്‍ സ്റ്റേജിന് പുറത്തുണ്ടായിരുന്നു. പോലീസിന്റെ ലാത്തിചാര്‍ജ്ജിനിടയില്‍ അതിനകത്ത് ഓടിക്കയറി. അങ്ങനെയാണ് കണ്ടത്. റേഡിയോയിലാണ് പാട്ട് കേള്‍ക്കേണ്ടത്. 12 മണി മുതല്‍ 1 മണിവരെ ബോംബെയില്‍ നിന്ന് ഒരു റിലേയുണ്ട്. ഞാന്‍ മലയാളം പാട്ടൊന്നും വയ്ക്കാറില്ല. തമമിഴ് വയ്ക്കും. സൗന്ദരരാജന്‍. എം എം രാജ തുടങ്ങിയവര്‍. കിഷോറിന്റെയും തലത്തിന്റെയും പാട്ടു കേട്ടാലും  മുഹമ്മദ് റാഫിയുടെ പാട്ട് കേട്ടാലേ സന്തോഷമാവൂ. സോനു നിഗം എന്ന ഒരു പാട്ടുകാരനുണ്ട് റാഫിയുടെ പാട്ട് പാടുന്നയാള്‍. ഇംഗ്ലണ്ടിലെ റോയല്‍ ആല്‍ബര്‍ട്ട് ഹാളില്‍ പോയി പാടിയിട്ടുണ്ട്. അത് തന്നെ വലിയ ഭാഗ്യമാണ്. ഇന്‍സ്ട്രുമെന്റ് വായിച്ചവരെല്ലാം ഇംഗ്ലീഷുകാര്‍. സോനുനിഗമിന് ആ ഭാഗ്യം കിട്ടിയത് മുഹമ്മദ് റഫിയെ കൊണ്ടാണ്. നമ്മുടെ സുഹൃത്ത് തിക്കുറിശ്ശി സുകുമാരന്‍ നായരോട് ഒരിക്കല്‍ ചോദിച്ചു. മുഹമ്മദ് റാഫിയെ കുറിച്ച് എന്താണ് പറയാനുള്ളതെന്ന്. അപ്പോള്‍ തിക്കുറിശ്ശി പറഞ്ഞത് അലുവയെ കുറിച്ച് പ്രത്യേകിച്ച് എന്ത് പറയാനാണ്. അലുവ മധുരം തന്നെയാണ്. ഒന്നും മാറ്റിവയ്ക്കാനില്ല. അതാണ് മുഹമ്മദ് റാഫി എന്നാണ്.’

നാലു വര്ഷം  മുന്പ് മുഹമ്മദ് റാഫിയുടെ വീടുകാണാന്‍  മുംബൈയിലേക്ക് വണ്ടികയറിയപ്പോള്‍ നൌഷാദ് സാഹിബ്, ബോംബെ രവി, റാഫിസാഹിബിന്റെ ആരാധകനായ നാഫ്ഡെ കോഴിക്കോട്ടു വന്നു റാഫിയുടെ പാട്ടുകള്‍ പാടിയിട്ടുള്ള മുഹമ്മദ് അനീസ് തുടങ്ങിയവരുടെ വീടുകളിലൊക്കെ പോയിരുന്നു.  നൌഷാദ് സാഹിബിന്റെ വീട്ടില്‍ പോയി അദ്ദേഹം ഉപയോഗിച്ചിരുന്ന മുറില്‍ പ്രവേശിച്ച് അദ്ദേഹം ഉപയോഗിച്ചിരുന്ന സിത്താറും, തബലയും, തംബുരുവും, പിയാനോയും, ഹാര്‍മോണിയവും എല്ലാം കണ്ടപ്പോള്‍ കുട്ടിക്കാലത്ത് റേഡിയോ സിലോണ്‍ കേള്‍ക്കാന്‍ റേഡിയോയുടെ നോബ് തിരിച്ച് താനേറെ കേട്ട മഹാപ്രതിഭയുടെ വീട്ടിലാണ് ഇരിക്കുന്നതെന്നോര്‍ത്തു വല്ലാത്തൊവസ്ഥയിലായിപ്പോയി താനെന്ന് കോയക്ക പറഞ്ഞു.

ആ യാത്രയില്‍ കോയക്കയും കൂട്ടുകാരും 1950 കളില്‍ സിലോണ്‍ റേഡിയോയിലെ അനൌണ്‍സര്‍മാരില്‍ പ്രമുഖനായ ഗോപാല്‍ ശര്‍മ്മയുടെ വീട്ടിലും പോയി. 85 വയസ്സുള്ള ഗോപാല്‍ ശര്‍മ്മയുടെ ഓര്‍മ്മകള്‍ പലപ്പോഴും പതറിപ്പോയിരുന്നു. എന്നാല്‍ റാഫിയെ കുറിച്ചുള്ള ഓര്‍മ്മകള്‍ അദ്ദേഹത്തില്‍ നിറഞ്ഞു നിന്നിരുന്നു. റാഫി സാഹിബിന്‍റെ പാട്ടുകള്‍ക്ക് അദ്ദേഹം അനൌണ്‍സ് ചെയ്ത സി ഡി ഇവര്‍ക്ക് വേണ്ടി പ്ലെ ചെയ്തതിന് ശേഷം അദ്ദേഹം ഒരു കൊച്ചുകുഞ്ഞിനെപ്പോലെ ഏങ്ങിയേങ്ങി കരഞ്ഞതായി കോയക്ക ഓര്‍ക്കുന്നു.

മുഹമ്മദ് റാഫിയെ മലയാളികളുടെ പ്രിയ ഗായകനാക്കിയതില്‍ പ്രധാന പങ്ക് റേഡിയോ സിലോണിനാണെന്നാണ് കോയക്കയുടെ അഭിപ്രായം. അത് വെറും പാട്ട് മാത്രമായിരുന്നില്ല ഒരു കാലഘട്ടത്തിന്റെ ചരിത്രവും കൂടിയാണെന്നാണ് കോയക്ക പറയുന്നത്. ഇപ്പോള്‍ വളരെ കുറച്ചു സമയം മാത്രം പ്രക്ഷേപണം നടത്തുന്ന റേഡിയോ സിലോണിന്‍റെ പഴയ പ്രതാപം വീണ്ടെടുക്കാന്‍ കോയക്ക ഉള്‍പ്പെടുന്ന റേഡിയോ സിലോണ്‍സ് ക്ലബ് എന്ന പേരില്‍ ഒരു കൂട്ടായ്മ തന്നെയുണ്ട്. രാംദാസ് വെങ്ങേരി, അഹമ്മദ്ഭായി, ഫസല്‍, ടി എ മോഹനന്‍ എന്നിങ്ങനെ റേഡിയോ സിലോണ്‍ ആരാധകരായ കുറെ ആളുകള്‍ അതിലുണ്ട്.  കേരളത്തിലും പുറത്തുമുള്ള സിലോണ്‍ റേഡിയോ ആരാധകരുമായി ഇവര്‍ നിരന്തരം ബന്ധപ്പെടാറുണ്ട്. റേഡിയോ സിലോണിന്‍റെ വസന്തകാലം തിരിച്ചു വരുമെന്നു തന്നെ പ്രതീക്ഷിക്കുന്ന കോയക്കയുടെ ഏറ്റവും വലിയ ആഗ്രഹങ്ങളില്‍ ഒന്നാണ് റേഡിയോ സിലോണ്‍ നിലയം പോയി കാണണം എന്നുള്ളത്.

*വീഡിയോയും ചിത്രങ്ങളും; രാഖി സാവിത്രി

(നാളെ: വരുന്നൂ കോയക്കയെ കുറിച്ചൊരു സിനിമ; നായകന്‍ ശ്രീനിവാസന്‍)

(അഴിമുഖം സ്റ്റാഫ് ജേര്‍ണലിസ്റ്റാണ് സഫിയ)

സഫിയ ഫാത്തിമ

സഫിയ ഫാത്തിമ

എഡിറ്റോറിയല്‍ അസിസ്റ്റന്‍റ്, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍