UPDATES

ട്രെന്‍ഡിങ്ങ്

ലിഗ: ചുരുളഴിയുന്നത് ക്രൂരമായ കൊലപാതകം

കസ്റ്റഡിയിലിരിക്കുന്ന പുരുഷ ലൈംഗിക തൊഴിലാളി, മയക്കുമരുന്ന് സംഘത്തിലെ നാല് പേര്‍, യോഗ പരിശീലകന്‍. ഇവരിലാരാണ് കൊലയാളിയെന്ന് വ്യക്തമാകാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം മതിയാകും

മാര്‍ച്ച് മാസം 14-ാം തിയതിയാണ് ലിഗ സ്‌ക്രോമേന്‍ എന്ന അയര്‍ലന്‍ഡുകാരിയെ കാണാതായത്. മൂന്നാഴ്ചയ്ക്ക് ശേഷം സോഷ്യല്‍ മീഡിയയിലൂടെ ലിഗയുടെ സഹോദരി ഇലീസ് സ്‌ക്രോമേന്‍ പുറത്തു വിട്ട തുറന്ന കത്തിലൂടെയാണ് കേരള സമൂഹം ലിഗയുടെ തിരോധാനത്തെക്കുറിച്ച് അറിഞ്ഞത്. പോത്തന്‍കോടുള്ള ധര്‍മ്മ ആയുര്‍വേദ ആശുപത്രിയില്‍ നിന്നാണ് ഇവരെ കാണാതായത്. ഫെബ്രുവരി 21നാണ് ഇവര്‍ ഇവിടെ ചികിത്സയ്ക്കായി എത്തിയത്.

മൂഡ് ഷിഫ്റ്റിംഗും സോറിയാസിസും തുടര്‍ച്ചയായ പുകവലിശീലം ഒഴിവാക്കാനുമാണ് ഇവര്‍ ഇവിടെയെത്തിയത്. ഇതിനായി യോഗ, ആയുര്‍വേദ ചികിത്സകള്‍ നടന്നുവരുന്നതിനിടെയാണ് ഇവരെ കാണാതായത്. കാണാതായ ദിവസം യോഗയ്ക്ക് എത്താതിരുന്ന ഇവര്‍ സിഗരറ്റ് വാങ്ങണമെന്ന് പറഞ്ഞ് രണ്ടായിരം രൂപയുമായി പുറത്ത് നടക്കാന്‍ പോകുകയായിരുന്നുവെന്ന് ആശുപത്രി ജീവനക്കാര്‍ പറയുന്നു. എന്നാല്‍ പുറത്തുപോയി തിരികെയെത്തേണ്ട സമയമായിട്ടും കാണാതിരുന്നതിനെ തുടര്‍ന്ന് സഹോദരി ഇലീസ് സ്‌ക്രോമേനും ആശുപത്രി ജീവനക്കാരും സമീപത്തെ മരുതമ്മൂട് ജംഗ്ഷനില്‍ അന്വേഷിച്ചപ്പോള്‍ ഓട്ടോ പിടിച്ച് കോവളത്തേക്ക് പോയെന്ന് മാത്രമാണ് അറിയാന്‍ കഴിഞ്ഞത്. എന്നാല്‍ കോവളത്ത് ഗ്രോവ് ബീച്ചിലാണ് ഇവരെ ഇറക്കിവിട്ടതെന്നും 800 രൂപ കൂലിയായി ലഭിച്ചെന്നും ഓട്ടോഡ്രൈവറായ ഷാജി ഇവരെ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കോവളത്തും പരിസര പ്രദേശങ്ങളിലും ഇലീസും ആശുപത്രി ജീവനക്കാരും തെരച്ചില്‍ നടത്തിയെങ്കിലും ലിഗയെ കണ്ടെത്താനായില്ല.

കോവളം പോലീസ് സ്‌റ്റേഷനില്‍ ലിഗയെ കാണാനില്ലെന്ന് കാണിച്ച് ഇലീസ് പരാതി നല്‍കാനെത്തിയെങ്കിലും പോത്തന്‍കോട് പോലീസ് സ്‌റ്റേഷനിലാണ് പരാതി നല്‍കേണ്ടതെന്ന് പറഞ്ഞ് അവര്‍ മടക്കി അയച്ചു. പോത്തന്‍കോട് പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയിലും കാര്യക്ഷമമായ അന്വേഷണം നടക്കുന്നില്ലെന്ന് തോന്നിയതോടെ ഇവര്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതിയുമായി എത്തി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഫോണില്‍ വിളിച്ച് നിര്‍ദ്ദേശിച്ചതനുസരിച്ച് സിറ്റി പോലീസ് കമ്മിഷണറുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിച്ചു. കമ്മിഷണര്‍ ഇവരുടെ മുന്നില്‍ വച്ചുതന്നെ ലിഗയെക്കുറിച്ച് അന്വേഷിക്കാന്‍ കോവളം പോലീസിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. കമ്മിഷണറുടെ നിര്‍ദ്ദേശ പ്രകാരം ലിഗയുടെ ചിത്രത്തിന്റെ 200 കോപ്പികളുമായാണ് ഇവര്‍ രണ്ടാമതും കോവളം പോലീസ് സ്‌റ്റേഷനിലെത്തിയത്. ഇതിനിടെ ലിഗയുടെ ഭര്‍ത്താവ് ആന്‍ഡ്ര്യൂ ജോര്‍ദാനും കേരളത്തിലെത്തി. പിന്നീട് ഇലീസും ആന്‍ഡ്ര്യുവും ചേര്‍ന്നായി ലിഗയ്ക്ക് വേണ്ടിയുള്ള തെരച്ചില്‍. പലയിടങ്ങളിലും ചിത്രം പതിക്കുകയും കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് സമ്മാനത്തുക പ്രഖ്യാപിക്കുകയും ചെയ്തു. കമ്മിഷണറുടെ നിര്‍ദ്ദേശ പ്രകാരം കോവളം പോലീസും ഷാഡോ പോലീസും ലിഗയ്ക്കായുള്ള തെരച്ചിലിന് വ്യത്യസ്ത സംഘങ്ങളെ നിയോഗിച്ചു. എന്നാല്‍ ഇവരുടെ അന്വേഷണം കാര്യക്ഷമമായിരുന്നില്ലെന്ന് പിന്നീട് ഇലീസ് ആരോപിക്കുകയും ചെയ്തു. കോവളത്തു നിന്നും സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ ഇവരെ അയച്ചതും അലസതയും പോലീസിന് തിരിച്ചടിയായി. അതോടൊപ്പം ഒരാള്‍ കാണാതായാല്‍ ആദ്യത്തെ 24 മണിക്കൂറുകള്‍ തെരച്ചിലില്‍ നിര്‍ണായകമാണെന്ന അന്വേഷണത്തിന്റെ ബാലപാഠം പോലും മറന്നായിരുന്നു പോലീസിന്റെ നിഷ്‌ക്രിയത്വം.

ഇതിനിടെ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സംഭവത്തില്‍ ഇടപെടുകയും അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരം മറ്റൊരു അന്വേഷണ സംഘത്തെ കൂടി നിയോഗിക്കുകയും ചെയ്തു. ഈ മൂന്ന് പോലീസ് സംഘങ്ങളും ഒരുമാസത്തോളം തെരച്ചില്‍ നടത്തിയിട്ടും ലിഗയെ ജീവനോടെ കണ്ടെത്താന്‍ സാധിച്ചില്ല. ഒടുവില്‍ കോവളത്തിനും തിരുവല്ലത്തിനും ഇടയില്‍ ചെന്തിലാക്കരിയിലെ കണ്ടല്‍ക്കാട്ടില്‍ നിന്നും ലിഗയുടേതെന്ന് സംശയിക്കുന്ന അഴുകിയ മൃതദേഹം കണ്ടെത്തുകയായിരുന്നു. ചൂണ്ടയിടാന്‍ പോയ പരിസരവാസികളായ യുവാക്കളാണ് മൃതദേഹം കണ്ട വിവരം ഈമാസം 20ന് പോലീസില്‍ അറിയിക്കുന്നത്. മൃതദേഹത്തിന് പ്രഥമദൃഷ്ട്യാ തന്നെ ഒരുമാസത്തോളം പഴക്കമുണ്ടെന്ന് പോലീസ് ആദ്യമേ തന്നെ വ്യക്തമാക്കി. കൂടാതെ ഇത് ലിഗയുടെ തന്നെ മൃതദേഹമാണെന്ന് സ്ഥിരീകരിക്കാന്‍ ശാസ്ത്രീയ പരിശോധന ആവശ്യമാണെന്നും പോലീസ് പറഞ്ഞു. എന്നാല്‍ ലിഗയുടെ സഹോദരിയും ഭര്‍ത്താവും മൃതദേഹം ലിഗയുടേത് തന്നെയാണെന്ന് ഉറപ്പിച്ചിരുന്നു.

ദുരൂഹത മാറാതെ അയര്‍ലണ്ട് സ്വദേശി ലിഗയുടെ മരണം; ചെന്തിലാക്കരിയില്‍ എത്തിയതെങ്ങനെ?

ലിഗയുടെ വസ്ത്രങ്ങളും സമീപത്തുണ്ടായിരുന്ന വിദേശ നിര്‍മ്മിത സിഗരറ്റ് കൂടും തിരച്ചറിഞ്ഞതില്‍ നിന്നായിരുന്നു അവര്‍ ഇത് ഉറപ്പിച്ചത്. എന്നാല്‍ മൃതദേഹത്തിലുണ്ടായിരുന്ന ജാക്കറ്റും ചെരുപ്പും ലിഗയുടേതല്ലെന്നും ഇവര്‍ പറയുന്നു. ലിഗയെ കോവളത്ത് കൊണ്ടുവിട്ട ഓട്ടോഡ്രൈവറും വസ്ത്രങ്ങള്‍ തിരിച്ചറിഞ്ഞതോടെ മരിച്ചത് ലിഗ തന്നെയാണെന്ന് വ്യക്തമായി. പിന്നീട് നടത്തിയ ഡിഎന്‍എ പരിശോധനയിലൂടെ ഇക്കാര്യം ശാസ്ത്രീയമായും ഉറപ്പിച്ചു. ലിഗ എന്തിന്, എങ്ങനെ അധികമാരും എത്തിച്ചേരാത്ത ഈ കണ്ടല്‍ക്കാട്ടിയെത്തിയെന്നതായിരുന്നു ആദ്യം ഉയര്‍ന്ന ചോദ്യം. ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തിയാല്‍ ലിഗയുടെ മരണത്തിന്റെ കാരണവും വ്യക്തമാകുമായിരുന്നു. എന്നാല്‍ ലിഗ ഈ പ്രദേശത്തേക്ക് പോകുന്നത് ആരും കണ്ടിട്ടില്ലെന്നാണ് പോലീസിന്റെ ആദ്യ ഘട്ട ചോദ്യം ചെയ്യലുകളില്‍ വ്യക്തമായത്.

കോവളത്ത് ലിഗയെ ജീവനോടെ അവസാനം കണ്ട ഗ്രോവ് ബീച്ചില്‍ നിന്നും അര മണിക്കൂര്‍ തീരത്തിലൂടെ നടന്നാല്‍ മൃതദേഹം ലഭിച്ച ഭാഗത്ത് എത്താമെന്നായിരുന്നു പോലീസ് ആദ്യം പറഞ്ഞത്. ലിഗ ഒറ്റയ്ക്ക് ഇവിടെ വരെ നടന്നെത്തി ആത്മഹത്യ ചെയ്തുവെന്നും അവര്‍ ഊഹിച്ചു. ഒതള മരങ്ങള്‍ ധാരാളമുള്ള പ്രദേശമായതിനാല്‍ ഒതളങ്ങ കഴിച്ച് മരിച്ചെന്നായിരുന്നു നിഗമനം. എന്നാല്‍ ഇത് വിശ്വസിക്കാന്‍ ലിഗയുടെ സഹോദരിയും ഭര്‍ത്താവും തയ്യാറായില്ല. ലിഗയ്ക്ക് ആത്മഹത്യ ചെയ്യാന്‍ കേരളം വരെ വരേണ്ട കാര്യമില്ലെന്നും അവരെ ആരോ അപകടപ്പെടുത്തിയതാണെന്നും അവര്‍ ഉറച്ചുവിശ്വസിച്ചു. പരിചയമില്ലാത്ത ഒരാള്‍ക്ക് പ്രത്യേകിച്ചും വിദേശിക്ക് ഒറ്റയ്ക്ക് ഇവിടെയെത്താനാകില്ലെന്നും ഇലീസ് ചൂണ്ടിക്കാട്ടി. ബന്ധുക്കളുടെ സംശയങ്ങള്‍ കണക്കിലെടുത്ത് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കുകയും ഐജി മനോജ് എബ്രഹാമിന് അതിന്റെ മേല്‍നോട്ടം നല്‍കുകയും ചെയ്തു. ഈ നീക്കം ഫലം കണ്ടു.

ലിഗയുടെ മരണം: കോവളത്തെ പുരുഷ ലൈംഗിക തൊഴിലാളി കസ്റ്റഡിയില്‍

നാട്ടുകാര്‍ക്കിടയില്‍ തുടര്‍ച്ചയായി നടത്തിയ അന്വേഷണത്തില്‍ നിന്നും അനധികൃത ചീട്ടുകളി സംഘങ്ങളുടെയും മയക്കുമരുന്ന മാഫിയകളുടെയും സ്ഥിരം സങ്കേതമാണ് ഇതെന്ന് പോലീസിന് മനസിലായി. അതോടെ അവരെ കേന്ദ്രീകരിച്ചായി അന്വേഷണം. ലിഗ മയക്കുമരുന്ന് ഉപയോഗിക്കുമെന്നും മയക്കുമരുന്ന് സംഘങ്ങളുടെ പ്രലോഭനത്തില്‍ വഴങ്ങി ഇവിടെയെത്തിയതാണെന്നുമാണ് പിന്നീട് വാര്‍ത്ത പരന്നത്. എന്നാല്‍ ലിഗ മയക്കുമരുന്ന് ഉപയോഗിക്കാറില്ലെന്നും എന്നാല്‍ ആരെങ്കിലും സ്‌നേഹത്തോടെ പെരുമാറിയാല്‍ വിശ്വസിക്കുന്ന സ്വഭാവക്കാരിയാണെന്നും എലീസ് വെളിപ്പെടുത്തി. മയക്കുമരുന്ന് സംഘങ്ങളിലെ നാലുപേരെ കസ്റ്റഡിയിലെടുത്ത് പോലീസ് അന്വേഷണവും ആരംഭിച്ചു. ലിഗയുടെ മൃതദേഹത്തില്‍ നിന്നും ലഭിച്ച ജാക്കറ്റ് വിലകൂടിയ വിദേശനിര്‍മ്മിത ജാക്കറ്റാണെന്നും അത് വാങ്ങാനുള്ള പണം ലിഗയുടെ കൈവശമില്ലായിരുന്നെന്നുമാണ് പിന്നീട് വ്യക്തമായത്. അതോടെ സ്ഥിരമായി ജാക്കറ്റ് ധരിക്കുന്ന ഒരു യോഗ പരിശീലകനെയും പോലീസ് കസ്റ്റഡിയിലെടുത്തു.

ആദ്യത്തെ 24 മണിക്കൂര്‍ പോലീസ് നഷ്ടപ്പെടുത്തി: ലിഗയുടെ സഹോദരി

ലിഗ കാട്ടിലൂടെ സഞ്ചരിച്ചാല്‍ നാട്ടുകാര്‍ ശ്രദ്ധിക്കുമായിരുന്നെന്നും എന്നാല്‍ നാട്ടുകാരാരും അവരെ കണ്ടിട്ടില്ലെന്നതിനാലും വള്ളത്തിലൂടെ ഈ പ്രദേശത്തെത്താനുള്ള സാധ്യതകളാണ് പോലീസ് പിന്നീട് പരിശോധിച്ചത്. മയക്കുമരുന്ന് സംഘാംഗങ്ങള്‍ മൃതദേഹം കണ്ടെത്തുന്നതിന്റെ തലേന്നും ഇവിടെ എത്തിയിരുന്നതായും ചൂണ്ടയിടാനെന്ന വ്യാജേനയാണ് ഇവര്‍ ഇവിടെയെത്തുന്നതെന്നും വള്ളക്കാര്‍ വെളിപ്പെടുത്തിയതോടെ പോലീസ് അന്വേഷണം ശരിയായ ദിശയിലാണെന്ന് വ്യക്തമായി. കസ്റ്റഡിയിലുള്ളവരുടെ മൊഴികളിലെ വൈരുധ്യവും ഇതൊരു കൊലപാതകമാണെന്ന നിഗമനത്തിലെത്താന്‍ പോലീസിനെ സഹായിച്ചു. ഈ പ്രദേശത്ത് വിദേശികള്‍ എത്താറില്ലെന്ന നാട്ടുകാരുടെ മൊഴി തെറ്റാണെന്നും കോവളത്തുനിന്നും ഏജന്റുമാര്‍ വഴി പുരുഷ ലൈംഗിക തൊഴിലാളികള്‍ വിദേശികളെ ഇവിടെ എത്തിക്കാറുണ്ടെന്നും പോലീസിന് മനസിലായി. അതോടെ ലിഗയുടെ മൃതദേഹം കണ്ടെത്തിയതിന് ശേഷം അപ്രത്യക്ഷനായ ഒരാള്‍ക്ക് വേണ്ടിയും അന്വേഷണം ആരംഭിച്ചു. ലിഗ ഗ്രോവ് ബീച്ചില്‍ ഇയാളുമായി സംസാരിച്ചു നില്‍ക്കുന്നത് ചിലര്‍ കണ്ടിരുന്നു. പുരുഷ ലൈംഗിക തൊഴിലാളിയായ ഇയാളെ ഒടുവില്‍ കോട്ടയത്തുനിന്നും പിടികൂടുകയും ചെയ്തു. ഇതോടെ കേസില്‍ കസ്റ്റഡിയിലിരിക്കുന്നവരുടെ എണ്ണം ആറായി.

ലിഗയുടെ മൃതദേഹം കണ്ടെത്താന്‍ കേരളപോലീസ് ഒരുമാസമെടുത്തപ്പോള്‍ അമേരിക്കന്‍ പോലീസ് ചെയ്തത് എന്താണ്?

എന്നാല്‍ ലിഗ തന്റെ കയ്യില്‍ നിന്നും സിഗരറ്റ് വാങ്ങിയ ശേഷം നടന്നു പോയെന്നും പിന്നെ കണ്ടില്ലെന്നുമാണ് ഇയാള്‍ പറഞ്ഞത്. എന്നാല്‍ വിദേശ വനിതകള്‍ക്ക് നേരെ ഇയാള്‍ മുമ്പും ആക്രമണം നടത്തിയതായി കണ്ടെത്തിയ പോലീസ് ഇയാള്‍ പറയുന്നത് ഇപ്പോഴും വിശ്വസിച്ചിട്ടില്ല. ബലാത്സംഗ ശ്രമമാണ് കൊലപാതകത്തിന് കാരണമായതെന്ന സംശയത്തിലേക്ക് പോലീസ് എത്തിയത് ഇയാളിലൂടെയാണ്. ബലാത്സംഗം ചെറുക്കാന്‍ ശ്രമിച്ചപ്പോള്‍ ബലപ്രയോഗത്തിനിടെ ഇവരെ കഴുത്തു ഞെരിച്ചു കൊന്നതാകാമെന്നാണ് പോലീസ് സംശയിച്ചത്. അഴുകിയതിനാലും മഴയും വെയിലുമേറ്റ് കിടന്നതിനാലും ഉമിനീരിന്റെയും പുരുഷ സ്രവത്തിന്റെയും സാന്നിധ്യം മൃതദേഹത്തില്‍ നിന്നും കണ്ടെത്താനായില്ല.

രാഷ്ട്രീയക്കാരുടെ സംസാരങ്ങളില്‍ മുതലെടുപ്പ് വ്യക്തമാണെന്ന് ലിഗയുടെ സഹോദരി

ഈ സാഹചര്യത്തിലാണ് ഇന്ന് ലിഗയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വരുന്നത്. കൊലപാതകമാണെന്ന ലിഗയുടെ ബന്ധുക്കളുടെ സംശയം സ്ഥിരീകരിക്കുന്നതാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍. തലയുടെ പിന്‍ഭാഗത്ത് രക്തം കട്ടപിടിച്ചിട്ടുണ്ടെന്നും കഴുത്തിലെ തരുണാസ്ഥികള്‍ ഒടിഞ്ഞ നിലയിലുമാണെന്ന് ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. തരുണാസ്ഥികള്‍ ഒടിയുന്നത് പലപ്പോഴും മരണകാരണമാകാറുണ്ട്. ഇതോടെ ബലാത്സംഗ ശ്രമത്തിനിടെ ലിഗ കൊല്ലപ്പെടുകയായിരുന്നെന്ന അന്തിമ നിഗമനത്തിലേക്ക് പോലീസ് എത്തുകയാണ്. കസ്റ്റഡിയിലിരിക്കുന്ന പുരുഷ ലൈംഗിക തൊഴിലാളി, മയക്കുമരുന്ന് സംഘത്തിലെ നാല് പേര്‍, യോഗ പരിശീലകന്‍. ഇവരിലാരാണ് കൊലയാളിയെന്ന് വ്യക്തമാകാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം മതിയാകും. അതോ കൊലപാതകത്തില്‍ ഇവര്‍ക്കെല്ലാവര്‍ക്കും പങ്കുണ്ടോയെന്നതും ഉടന്‍ വ്യക്തമാകുമെന്നും പ്രതീക്ഷിക്കാം.

അതേസമയം കുറ്റവാളി ആരാണെന്ന് വ്യക്തമാകാന്‍ ഇനിയും ചില വസ്തുതകള്‍ കൂടി പരിശോധിക്കേണ്ടതുണ്ടെന്നാണ് ഐജി മനോജ് എബ്രഹാം പറയുന്നത്. എല്ലാ വശങ്ങളും പരിശോധിച്ച ശേഷമേ അന്തിമനിഗമനത്തിലെത്തുകയുള്ളൂവെന്നും അദ്ദേഹം പറയുന്നു. ഇതിനിടെ പോലീസില്‍ അറിയുക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ നാട്ടുകാരില്‍ ചിലര്‍ മൃതദേഹം കണ്ടിരുന്നതായും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെയും ചോദ്യം ചെയ്തുവരികയാണ്.

പോലീസിനെതിരെയുള്ള വിമര്‍ശനങ്ങള്‍ പുറത്തുവരേണ്ടെന്നാണോ? പണപ്പിരിവ് നടത്തിയിട്ടില്ലെന്ന് അശ്വതി ജ്വാല

അവള്‍ക്ക് വേണ്ടി ഒരു ചെറുജാഥ നടത്താന്‍ പോലും ആരുമുണ്ടായില്ല; ലിഗയെക്കുറിച്ച് അശ്വതി ജ്വാല

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍