UPDATES

എവറസ്റ്റ് ഡയറി; സാഹസികതയുടെ ഉയരങ്ങളിലേക്ക് ഒരു യാത്ര

Avatar

അഴിമുഖം പ്രതിനിധി

കോട്ടയം സ്വദേശിയും ഇപ്പോള്‍ ബാംഗ്ലൂരില്‍ സ്ഥിരതാമസവുമായ ലിജോ സ്റ്റീഫന്‍ ചാക്കോ 2004ല്‍ നാവികസേന നടത്തിയ സാഹസികയാത്രയുടെ ഭാഗമായി ചെയ്ത എവറസ്റ്റ് ആരോഹണത്തിന്‍റെ അനുഭവങ്ങളുടെ പുസ്തകരൂപം ഇന്ന് കൊച്ചിയില്‍ വച്ച് പ്രകാശനം ചെയ്യുകയാണ്. ഡിസി ബുക്സ് ആണിതിന്റെ പ്രസാധകര്‍. എവറസ്റ്റ് ഡയറി എന്ന പേരില്‍ പേരില്‍ പുറത്തിറങ്ങുന്ന പുസ്തകം പ്രകാശനം ചെയ്യുന്നത് റിസര്‍ച്ച് അനാലിസിസ് വിംഗ് തലവനായിരുന്ന പികെ ഹോര്‍മിസ് തരകന്‍ ഐപിഎസ് ആണ്. ഇന്ത്യന്‍ നേവിയില്‍ കമാണ്ടര്‍ റാങ്ക് വഹിച്ചിട്ടുള്ള ഉദ്യോഗസ്ഥനാണ് ലിജോ. അഴിമുഖം കോളമിസ്റ്റ് കൂടിയായ ലിജോ സ്റ്റീഫന്‍ ചാക്കോ ഇന്ത്യയിലെ  യുണൈറ്റഡ് നേഷന്‍സ് ഡെവലപ്മെന്‍റ് പ്രോഗ്രാം, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനായി പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയായ ഹെഡ്ഹെല്‍ഡ് അടക്കം നിരവധി സന്നദ്ധസംഘടനകളില്‍  ഉന്നതസ്ഥാനം വഹിക്കുന്നു.

ഹിമാലയന്‍ പര്‍വ്വതാരോഹണ ഇന്‍സ്റ്റിട്ട്യൂട്ട് നടത്തിയ പ്രാഥമിക കോഴ്സില്‍ എ ഗ്രേഡ്നേടിയിരുന്നു അദ്ദേഹം. അങ്ങനെയാണ് നാവിക സേനയുടെ പര്‍വ്വതാരോഹക സംഘത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. അധികമാരും തെരഞ്ഞെടുക്കാത്ത ടിബറ്റ്‌ ഭാഗത്തുകൂടിയുള്ള വഴിയിലൂടെയാണ് ലിജോ അടക്കമുള്ള പര്‍വ്വതാരോഹകര്‍ എവറസ്റ്റിലേക്കുള്ള യാത്ര നടത്തിയത്. പാറകള്‍ കൂടുതലായി കാണപ്പെടുന്ന മഞ്ഞ് അധികമില്ലാത്ത എന്നാല്‍ അപകടസാധ്യത കൂടിയ വടക്കന്‍ ഭാഗത്തു കൂടിയുള്ള കയറ്റം തന്‍റെ ആദ്യത്തെ പര്‍വ്വതാരോഹണമായിരുന്നു എന്ന് ലിജോ പറയുന്നു. അദ്ദേഹത്തിന്റെ ഓര്‍മ്മകളിലൂടെ.

‘സിയാച്ചിനിലെ ആര്‍മി ബാറ്റില്‍ സ്കൂളില്‍ വച്ചായിരുന്നു ആദ്യ ഘട്ട ട്രെയിനിംഗ്, രണ്ടാം ഭാഗം ലഡാക്കില്‍ വച്ചും. ഏറ്റവും കൂടുതല്‍ തണുപ്പുണ്ടാവുന്ന ഡിസംബര്‍ മാസം തന്നെയായിരുന്നു പരിശീലനത്തിന് വേണ്ടി തെരഞ്ഞെടുത്തത്. അതു മറികടക്കാന്‍ കഴിയുന്നവര്‍ മുന്നോട്ടു പോയാല്‍ മതി എന്നായിരുന്നു തീരുമാനം. 50ഡിഗ്രിക്കു താഴെ തണുപ്പുണ്ടായിരുന്നു ആ സമയത്ത്. എവറസ്റ്റില്‍ അത്രത്തോളം തണുപ്പുണ്ടായിരുന്നില്ല. യാത്ര ഫ്ലാഗ് ഓഫ് ചെയ്തത് അന്നത്തെ പ്രതിരോധമന്ത്രി  ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് ആയിരുന്നു. രണ്ടു മാസം കൊണ്ട് പൂര്‍ത്തീകരിച്ച ആ യാത്രയില്‍ ഒരുപാടു ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ടായിരുന്നു. ആദ്യത്തെ പര്‍വ്വതാരോഹണം  എന്ന നിലയില്‍ എനിക്കത് നല്ല രീതിയില്‍ തന്നെ അനുഭവിക്കേണ്ടതായും വന്നു. തെരഞ്ഞെടുത്ത വഴി അപകടം പിടിച്ചതുമായിരുന്നു. മരണങ്ങള്‍ ഒരുപാടു നടന്നതാണ്. ഞങ്ങളുടെ കൂടെ വന്ന കൊറിയന്‍ സംഘത്തിലെ മൂന്നു പേര്‍ മരണപ്പെടുകയും ഉണ്ടായി.


17000-18000 അടി പിന്നിടുമ്പോഴറിയാം ഇനി മുകളിലോട്ടു പോകാന്‍ കഴിയുമോ എന്ന്. ആ ഉയരങ്ങള്‍ ഒക്കെ കഴിയുമ്പോള്‍ രക്തസമ്മര്‍ദം കൂടി നല്ല തലവേദനയുണ്ടാവും, ഉറക്കം വരാതെ ടെന്റില്‍ .കിടക്കുമ്പോള്‍  ആലോചിക്കും ഇതൊക്കെ ചെയ്യാന്‍ വട്ടുണ്ടോ എന്ന്. പക്ഷേ മുന്നോട്ടു തന്നെ പോകും. അങ്ങനെ മാര്‍ച്ചില്‍  തുടങ്ങി മേയില്‍ ദൌത്യം പൂര്‍ത്തിയാക്കി. ദൌത്യം പൂര്‍ത്തീകരിച്ച ശേഷം അന്നത്തെ രാഷ്ട്രപതി കലാം സാറുമായി മീറ്റിംഗ് ഒക്കെ ഉണ്ടായിരുന്നു.

വീട്ടില്‍ പറഞ്ഞിരുന്നത് ബേസ് ക്യാമ്പ് വരെ പോകുന്നുള്ളൂ എന്നായിരുന്നു. അവിടെ നിന്ന് നേവിയുടെ ഹെഡ് ക്വാര്‍ട്ടേഴ്സില്‍ വിളിക്കുമ്പോള്‍ അത്ര മാത്രമേ പറയാറുണ്ടായിരുന്നുള്ളൂ. അവസാനത്തെ ഒരാഴ്ച ഫോണ്‍വിളിച്ചപ്പോ എടുത്തത് പുതുതായി ചാര്‍ജ്ജ് എടുത്ത ഒരു ഉദ്യോഗസ്ഥനായിരുന്നു. അയാള്‍ സത്യം പറഞ്ഞു, അപ്പോള്‍  വീട്ടില്‍ നിലവിളിയും കോലാഹലവുമായി. അവന്‍ എവറസ്റ്റ് കേറാന്‍ പോയി, മരിച്ചു പോകും എന്നൊക്കെ ആലോചിച്ചു വിഷമത്തിലായിരുന്നു അവരൊക്കെ.’

ഫാബ് ഇന്ത്യയ്ക്ക് വേണം ജനപഥയുടെ തുണികള്‍; മെലുകൊട്ടയ്ക്ക് സുരേന്ദ്ര കൊലാഗിയേയും
ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, വിദ്യാഭ്യാസം, കുടിയേറ്റം; ഒരു BRAC അനുഭവം

2004ല്‍ നടത്തിയ എവറസ്റ്റ് പര്യവേക്ഷണത്തിന്‍റെ ഓരോ നിമിഷവും അദ്ദേഹം ഡയറിയില്‍ എഴുതി സൂക്ഷിച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു സുഹൃത്താണ് അതെല്ലാം ഡിജിട്ടൈസ് ചെയ്യുന്നത്.

‘തികച്ചും യാദൃശ്ചികമായാണ് ഡിസി പബ്ളിക്കേഷന്‍ മേധാവി രവി ഡിസിയെ വിളിക്കുന്നത്‌. ഏവറസ്റ്റ് യാത്ര നടത്തിയ കാര്യവും അതു മുഴുവന്‍ ഡയറിയിലുള്ള കാര്യവും പറഞ്ഞു. വിവര്‍ത്തനം ചെയ്തു പബ്ലിഷ് ചെയ്യാന്‍ താല്‍പ്പര്യമുണ്ടോ എന്നു ചോദിച്ചു. കൂടുതല്‍ വിവരങ്ങള്‍ ഇമെയില്‍ വഴിയും ഫോണ്‍ വഴിയും കൈമാറിക്കഴിഞ്ഞപ്പോള്‍ നേരിട്ട് കാണാം എന്ന് രവി പറഞ്ഞു. 2013ല്‍ ആയിരുന്നു അത്. പിന്നെയും കുറേക്കാലം നീണ്ടു.

പര്യവേക്ഷണം അവസാനിക്കുന്ന സമയത്ത് രാഷ്ട്രപതിയായിരുന്ന അബ്ദുല്‍ കലാം സാറിനേക്കൊണ്ട് തന്നെ പുസ്തകം പ്രകാശിപ്പിക്കാം എന്നായിരുന്നു എല്ലാവരുടെയും പ്ലാന്‍, പക്ഷെ ആ സമയത്ത് പുസ്തകത്തിന്‍റെ എഡിറ്ററുടെ അമ്മ മരിച്ചു. അടുത്തിടെ കലാം സാറും പോയി. കഴിഞ്ഞ ഒരാഴ്ച കൊണ്ടാണ് അവസാനഘട്ട ജോലികളെല്ലാം പൂര്‍ത്തിയാക്കി ഡിസി ബുക്സ് ഡേറ്റ് തീരുമാനിച്ചത്.’

ഇന്ന് വൈകിട്ട് നാല് മുപ്പതിന് കൊച്ചി കോണ്‍വെന്റ് റോഡിലുള്ള ഡിസി എക്സ്പ്ലോറര്‍ ഷോറൂമില്‍ വച്ചാണ് പുസ്തകം പ്രകാശനം ചെയ്യുക.  

ലിജോ സ്റ്റീഫന്‍ ചാക്കോയുടെ എവറസ്റ്റ് യാത്രയുടെ ചിത്രങ്ങള്‍ കാണാം

 

 

 

 

 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍