UPDATES

ജാമ്യം വേണ്ട ജയില്‍ മതി: രാഹുല്‍ ഗാന്ധി

അഴിമുഖം പ്രതിനിധി

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഡിസംബര്‍ 19-ന് കോടതിയില്‍ ഹാജരാകുമ്പോള്‍ ജാമ്യത്തിന് അപേക്ഷിക്കില്ലെന്നും വ്യക്തിഗത ബോണ്ട് ഒപ്പിടില്ലെന്നും പകരം ജയിലിലേക്ക് പോകുമെന്നും കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാഹുലിന്റെ നിലപാട് 1977-ല്‍ ജനതാ സര്‍ക്കാര്‍ മുന്‍പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ ജയില്‍ അടച്ച സംഭവത്തിന് സമാനമാണ്.

നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിനായി ഫണ്ട് തിരിമറി നടത്തിയെന്നും വഞ്ചന നടത്തിയെന്നും ആരോപിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമിയാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും മറ്റു കോണ്‍ഗ്രസ് നേതാക്കള്‍ക്കും എതിരെ കേസ് നല്‍കിയത്. എന്‍ഡിഎ സര്‍ക്കാരിന്റെ രാഷ്ട്രീയ പകപോക്കലും ഒളി നിയമയുദ്ധമാണെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

മോദി സര്‍ക്കാര്‍ തന്റെ അമ്മയെയും തന്നെയും കേസുകള്‍ കൊണ്ട് ബുദ്ധിമുട്ടിക്കാന്‍ പദ്ധതിയിടുന്നുവെന്ന് രാഹുലിന് ബോധ്യപ്പെട്ടതിനാലാണ് ജാമ്യാപേക്ഷ നല്‍കാന്‍ തയ്യാറാകാത്തത് എന്ന് കോണ്‍ഗ്രസ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. സോണിയയും കേസില്‍ കുറ്റാരോപിതരായ മോത്തിലാല്‍ വോറ, ഓസ്‌കാര്‍ ഫെര്‍ണാണ്ടസ്, സാം പിത്രോഡ, യംഗ് ഇന്ത്യയിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ജാമ്യത്തിന് അപേക്ഷിക്കും. എന്നാല്‍ ഇത് വേട്ടയാടലാണെന്ന് പറയുന്ന രാഹുല്‍ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കില്ല.

ആരോപണം നിയമപരമായും രാഷ്ട്രീയമായും നേരിടാന്‍ കഴിഞ്ഞ ദിവസം സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ തീരുമാനമായിരുന്നു. സര്‍ക്കാരിന്റെ നിയമനിര്‍മ്മാണങ്ങളേയും പരിഷ്‌കരണ അജണ്ടയേയും പ്രതിസന്ധിയിലാക്കാന്‍ കോണ്‍ഗ്രസ് എംപിമാര്‍ പാര്‍ലമെന്റിനുള്ളില്‍ വിഷയം ഉന്നയിക്കാന്‍ തീരുമാനിച്ചിരുന്നു. ഈ ശീതകാല സെഷനില്‍ പാര്‍ലമെന്റിന്റെ അംഗീകാരം ലഭിക്കുമെന്ന് കരുതപ്പെട്ടിരുന്ന ചരക്ക്, സേവന നികുതിയുടെ ഭാവിയെ തുലാസില്‍ ആക്കിയിരിക്കുകയാണ് കോണ്‍ഗ്രസിന്റെ പ്രതിഷേധം. പ്രതിപക്ഷത്തിന്റെ ബഹളത്തെ തുടര്‍ന്ന് ഇന്നും സഭ സ്തംഭിച്ചിരുന്നു.

താന്‍ ഇന്ദിരാഗാന്ധിയുടെ മരുമകളാണെന്നും ഒന്നിനേയും ഭയക്കില്ലെന്നും കഴിഞ്ഞദിവസം സോണിയ ഗാന്ധി പറഞ്ഞിരുന്നു. ദല്‍ഹി പൊലീസ് ഇന്ദിരയെ അറസ്റ്റ് ചെയ്തത് രാഷ്ട്രീയ പകപോക്കലാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചത് ജനങ്ങള്‍ക്കിടയിലെ നഷ്ടപ്പെട്ട സ്വാധീനം തിരിച്ചു പിടിക്കാനും സഹതാപം ഉളവാക്കാനും കഴിഞ്ഞിരുന്നു. സമാനമായ സാഹചര്യം രാഹുലിന്റെ നീക്കത്തിലും ഉരുത്തിരിഞ്ഞു വരുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. മോദി സര്‍ക്കാരിന്റെ രാഷ്ട്രീയ പ്രതികാര ബുദ്ധി കോണ്‍ഗ്രസിന് അനുകൂല വികാരം ഉണ്ടാക്കി തുടങ്ങിയിട്ടുണ്ട്. ഇപ്പോള്‍ ബംഗാളില്‍ ബിജെപിയില്‍ നിന്ന് ഭീഷണി നേരിടുന്ന മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് ഈ വിഷയത്തില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍