UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആണധികാരത്തിന്റെ ഭാഷാവഴക്കങ്ങള്‍

Avatar

ബച്ചൂ മാഹി

ആശയവിനിമയോപാധിയെന്ന് പ്രാഥമികമായി ഭാഷയെ വരച്ചിടുമ്പോഴും കേവല ആശയവിനിമയത്തിനപ്പുറം അത് അനേകം അധീശത്വ ചിഹ്നങ്ങള്‍ പേറുകയും തലമുറകളിലേക്ക് വിനിമയം നടത്തുകയും ചെയ്യുന്നുണ്ട്. സ്ത്രീവിരുദ്ധവും കീഴാളവിരുദ്ധവുമായ പൊതുബോധത്തെ ഊട്ടിയുറപ്പിക്കുന്നതില്‍ ഭാഷ ‘സ്തുത്യര്‍ഹ’മായ സേവനം നടത്തിപ്പോരുന്നു.

കാലങ്ങളായി നിലനില്‍ക്കുന്ന, ഇന്നും വീര്യം ചോരാത്ത, നേതാക്കളും സാംസ്‌കാരിക നായകരും രാഷ്ട്രീയ പ്രമുഖരും സിനിമയിലെ വീരേതിഹാസങ്ങളായ നായകശിങ്കങ്ങളും എന്ന് വേണ്ട, ഭാഷയുടെ പൊളിറ്റിക്കല്‍ കറക്റ്റ്‌നെസിനെക്കുറിച്ച് മുട്ടിനു മുട്ടിനു ആശങ്കപ്പെടുന്ന സൈബര്‍ ആക്ടിവിസ്റ്റുകള്‍ വരെയും, ഈ ‘ന്യൂ ജെന്‍ ഇറ’യിലും നിര്‍ലോഭം എടുത്ത് വീശുന്ന ‘പുണ്യപ്രയോഗ’ങ്ങളില്‍ ചിലത് മാത്രം പരിശോധിക്കാം:

(1) ആണത്തം / ആണത്തമില്ലായ്മ / ഷണ്ഡത്വം / ആണും പെണ്ണും കെട്ട :

എന്താണാവോ ഈ ആണത്തം? ശരാശരി എടുത്താല്‍ സ്ത്രീക്ക് മേല്‍ സ്വല്‍പം മുന്നിട്ട് നില്ക്കുന്ന പുരുഷന്റെ കായികബലം ആണോ? അതോ തന്നില്‍ ബലം കുറഞ്ഞതിനെ ആക്രമിച്ചു കീഴടക്കുന്ന പ്രകൃതമോ? ‘ബല’പ്രയോഗത്തെ നാം ഗുണ്ടായിസം എന്നല്ലേ വിവക്ഷിക്കാറുള്ളത്? 

വേറെ കേമത്തവും ഗുണഗണങ്ങളും ആണിന് മാത്രമായി ഉണ്ടോ?

മറന്നു, സ്ത്രീയില്‍ നിന്ന് വ്യത്യസ്തമാക്കുന്ന ഒരെണ്ണം കൂടിയുണ്ട്. എപ്പോള്‍ വേണേലും ഇറക്റ്റഡ് ആകാവുന്ന ആ സവിശേഷത… അതാണ് എങ്കില്‍ ‘കാളത്തം’ എന്നോ ‘വിത്ത് കാളത്തം’ എന്നോ മറ്റോ അല്ലേ പറയേണ്ടത്? അതിന്റെ അഭാവത്തെയാണല്ലോ ഷണ്ഡത്വം എന്ന് വിവക്ഷിക്കുന്നത്. പുരുഷഗുണങ്ങളെ അവന്റെ ആക്റ്റീവ് ലൈംഗികതയുമായി ചേര്‍ത്താണ് അടയാളപ്പെടുത്തുന്നത് എന്നത് ശ്രദ്ധിക്കുക.

പ്രതികരിക്കുന്നത് പുരുഷഗുണമാണ് നമ്മുടെ ഭാഷാ സംജ്ഞകളില്‍. ആണത്തം എന്ന കോളത്തില്‍ ചേര്‍ക്കപ്പെടുന്ന ക്രിയ. സ്ത്രീയെ അടയാളപ്പെടുത്തുന്നത് എന്നും പാസീവ് ആയി മാത്രമാണ്. സിനിമയിലും ജീവിതത്തിലുമൊക്കെ പ്രതികരണശേഷിയുള്ള സ്ത്രീകള്‍ക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന ഡയലോഗ് ‘നീ ആണുങ്ങളെ കാണാത്തത് കൊണ്ടാണ്’ എന്നാണ്. ആണിനെ ‘കാണുക’ എന്നാല്‍ അവന് ലൈംഗികമായി കീഴ്‌പ്പെടുക. അങ്ങനെ ഒരിക്കല്‍ വിധേയമായാല്‍ ആ തെറ്റ്, അവിഹിതമായി പുരുഷഗുണം കയ്യാളിയ, ‘പ്രതികരിക്കുക’ എന്നത് അവള്‍ ആവര്‍ത്തിക്കില്ല. ഇത്തരം ഭാഷാപ്രയോഗങ്ങളിലൂടെയാണ് നമ്മുടെ ‘റേപിസ്റ്റ്’ പൊതുബോധം നിലനിറുത്തപ്പെടുന്നത്.

ആണും പെണ്ണും കെട്ട എന്ന പ്രയോഗമാകട്ടെ, കാലങ്ങളായി ലിംഗ ന്യൂനപക്ഷങ്ങളെ പരിഹാസപാത്രമാക്കുന്നതും യാതൊരു നീതീകരണവും ഇല്ലാതെ അവര്‍ക്ക് മേല്‍ ഹിംസ തീര്‍ക്കുന്നതുമാണ്. പരിഷ്‌കൃതസമൂഹങ്ങള്‍ അവരുടെ അസ്തിത്വവും തുല്ല്യാവകാശവും അംഗീകരിക്കുകയും മൂന്നാം ലിംഗം എന്ന് മാത്രം അടയാളപ്പെടുത്തുകയും ചെയ്യുമ്പോള്‍ അവരോടുള്ള മനോനിലയിലും ഭാഷാപ്രയോഗങ്ങളിലും അത്തരം വികാസം നേടിയെടുക്കാന്‍ നമ്മുടെ സമൂഹം ഇനിയും കാതങ്ങള്‍ സഞ്ചരിക്കേണ്ടതുണ്ട്.

(2) തന്തക്ക് പിറക്കുക / തന്തയില്ലായ്മ / ഒറ്റത്തന്ത / പല തന്തക്ക് പിറക്കുക.

വസ്തുനിഷ്ടമായി പരിശോധിച്ചാല്‍ ഈ പ്രയോഗങ്ങള്‍ അപ്രസക്തമോ അസംബന്ധമോ ആണെന്ന് കാണാം. ജൈവശാസ്ത്രപരമായി ഒരാള്‍ക്ക് ‘ഒരു തന്ത’ മാത്രമേ ഉണ്ടാകാന്‍ വഴിയുള്ളൂ. ഒരു പെണ്ണിനെ പലര്‍ ചേര്‍ന്ന് തുടര്‍ച്ചയായി ലൈംഗികബന്ധത്തിന് വിധേയമാക്കുകയോ ഒരേസമയം പല ബീജങ്ങള്‍ അവള്‍ക്ക് ഉള്ളിലേക്ക് കടത്തിവിടുകയോ ചെയ്താല്‍ പോലും അതില്‍ ഒരാളുടെ പലകോടി ബീജങ്ങളില്‍ ഒരെണ്ണം മാത്രമാണ് അവളുടെ അണ്ഡവുമായി സംയോജിക്കുന്നതും ഭ്രൂണമായി രൂപാന്തരം പ്രാപിക്കുന്നതും. എല്ലാവരും അങ്ങനെ തന്നെയാണ് ജന്മം കൊണ്ടത് എന്നിരിക്കെ ഒറ്റത്തന്ത പ്രയോഗത്തില്‍ എന്താണ് സാംഗത്യം?

സിംപിള്‍: ഒരുവനെ/വളെ അപമാനിക്കാനായി അവന്റെ / അവളുടെ അമ്മ ‘പിഴച്ച സ്ത്രീ’ ആണെന്ന് ധ്വനി നല്‍കുക. അഥവാ അവരുമായി പലര്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് കൊണ്ട് കൃത്യമായി ആരാണ് എന്നറിയാതെ പിറന്നവന്‍ എന്ന് വ്യംഗ്യം. ജനിതകശാസ്ത്ര പുരോഗതി, കേവല രക്തപരിശോധനയിലൂടെ ഒരുവന്റെ പിതൃത്വം നിര്‍ണ്ണയിക്കാന്‍ പര്യാപ്തം ആയെങ്കിലും ഔട്ട് ഡേറ്റഡ് പ്രയോഗങ്ങള്‍ മാത്രം നമുക്ക് ഇന്നും കയ്യൊഴിയാന്‍ ഒക്കുന്നില്ല.

അതില്‍ അടങ്ങിയിരിക്കുന്ന ഹിംസയും അവകാശലംഘനവും നാം കാണാതെ പോകുകയും ചെയ്യുന്നു. രണ്ടു പേര്‍ നിയമാനുസൃതമായി കല്യാണം കഴിച്ചും, മറ്റ് രണ്ടു പേര്‍ കഴിക്കാതെയും ജനിപ്പിക്കുന്ന കുട്ടികളില്‍ അല്ലെങ്കില്‍ പലരുമായും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന ഒരു ലൈംഗികതൊഴിലാളിക്ക് ആരെന്നറിയാതെ ഏതോ ഉപഭോക്താവില്‍ നിന്ന് കിട്ടുന്ന കുട്ടികളില്‍ ഒന്നിന് ശ്രേഷ്ഠതയും മറ്റുള്ളവയ്ക്ക് പതിത്വവും കല്‍പിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണ്? ആരുടേയും ജന്മം അവരവരുടെ തെരഞ്ഞെടുപ്പ് അല്ലെന്നിരിക്കെ, കേവലം നമ്മുടെ സദാചാരനാട്യങ്ങളെ തൃപ്തിപ്പെടുത്താന്‍ മാത്രമുള്ളതാണ് ആ പ്രയോഗങ്ങള്‍.

മൈക്രോസ്‌കോപ്പില്‍ മാത്രം കാണാവുന്ന അതിസൂക്ഷ്മമായ ഒരു കണിക മാത്രമാണ് ഒരാളില്‍ ‘തന്ത’യുടെ അംശം, ബാക്കി മുഴുക്കെ തള്ളയുടെതാണ് എന്നിരിക്കിലും നാം ആണുങ്ങള്‍ ഒക്കെ പൊതുവെ ‘തന്തക്ക് പിറന്നവന്‍’ ആയി കരുതാന്‍ ഇഷ്ടപ്പെടുന്നു. ഒരൂവനെ രൂപപ്പെടുത്തുന്നതിലെ പങ്ക് പരിഗണിക്കുമ്പോള്‍ പറയേണ്ടത് തള്ളക്ക് പിറന്നവന്‍ എന്നായിരുന്നു വേണ്ടിയിരുന്നത്. ‘ഛായ്! അതെങ്ങനെ ശരിയാകും?!’ ധൈര്യത്തിന്റെയും സ്ഥൈര്യത്തിന്റെയും ബലത്തിന്റെയും മേളനമായ തന്നെ അബലതയുടെയും ചപലതയുടെയും പര്യായമായ സ്ത്രീയെ ചേര്‍ത്ത് പറയുകയോ?! തന്നില്‍ നേരത്തെ പറഞ്ഞ ‘ആണത്തം’ ആണ് മുഴച്ച് നില്‍ക്കുന്നത് / കൈയൂക്കിന്റെ, കീഴടക്കലിന്റെ രീതിശാസ്ത്രമാണ് തനിക്ക് പഥ്യം…

നോക്കൂ, എത്ര ലളിതമായാണ് ഭാഷ നമ്മിലേക്ക് അധീശത്വ ചിഹ്നങ്ങള്‍ പറിച്ചു നടുന്നത്. കോയ്മകള്‍ നിലനിറുത്തുന്നത്. യാതൊരു പ്രയത്‌നവും കൂടാതെ ആണ്‍കോയ്മ ഇവിടെ വേരുറയ്ക്കുന്നു. താനെ മുളപൊട്ടി, വെള്ളവും വളവും ഒഴിക്കാതെ വളരുന്ന ചെടികളെ പോലെ. അതിനെ പിഴുതുമാറ്റി തുല്യതയുടെയും അധീശത്വനിരാസത്തിന്റെതുമായ പുതുഭാഷ നട്ട് പിടിപ്പിക്കാന്‍ നിതാന്തപരിശ്രമവും ബോധപൂര്‍വമായ ശ്രദ്ധയും ആവശ്യമുണ്ട്. നിത്യം നിരന്തരം വെള്ളവും വളവും നല്‍കിക്കൊണ്ടിരിക്കണം. ഭാഷാപ്രയോഗങ്ങളില്‍ മനപ്പൂര്‍വമായ ഇടപെടല്‍ നടത്തിക്കൊണ്ടും സ്വയമായും നമ്മുടെ സുഹൃത്തുക്കളെയും തിരുത്തിക്കൊണ്ടും, മറ്റുള്ളവരില്‍ നിന്ന് തുറന്ന മനസ്സോടെ തിരുത്തലുകള്‍ സ്വീകരിച്ചും കൊണ്ട് മാത്രമേ അത് സാധ്യമാകൂ.

(മാഹി സ്വദേശിയായ ബച്ചു വിദേശത്തു ജോലി ചെയ്യുന്നു; ആനുകാലിക സംഭവങ്ങളുമായി ബന്ധപ്പെട്ട് ഓണ്‍ലൈനിലും മറ്റു പ്രസിദ്ധീകരണങ്ങളിലും എഴുതാറുണ്ട്)

 

*Views are personal

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍