UPDATES

സാംബ- 2014

ഭാഗ്യത്തിന്‍റെ കയ്യില്‍ പിടിച്ച് കയറി അര്‍ജന്‍റീന; നഷ്ടപ്പെടാന്‍ ഒന്നുമില്ലാതെ ബല്‍ജിയം- എന്‍ പി പ്രദീപ് എഴുതുന്നു

Avatar

എന്‍ പി പ്രദീപ്

അര്‍ജന്റീന ഇന്നാണ് ശരിക്കുള്ള പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നത്. ഇതുവരെ അവര്‍ നേരിട്ടവരെക്കാള്‍ ശക്തമായ ടീമിനെ ഇന്ന് അവര്‍ കാണുകയാണ്. തട്ടിത്തടഞ്ഞും ഭാഗ്യത്തിന്റെ ഇടപെടലുമെല്ലാം കൊണ്ട് ഇവിടെ വരെ എത്തിയ മെസ്സിപ്പട ഇന്ന് രണ്ടിലൊന്ന് തീരുമാനിക്കണം. എതിരാളി ബല്‍ജിയമാണ്. ആദ്യലോകകപ്പ് കളിക്കുന്ന ടീമാണ് ബല്‍ജിയം. എന്നാല്‍ അവരുടെ കളി കാണുമ്പോള്‍ അക്കാര്യം നാം വിസ്മരിച്ചു പോകുന്നു. സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ അര്‍ജന്റീന നേടിയ വിജയവും അമേരിക്കയ്‌ക്കെതിരെ ബല്‍ജിയം നേടിയ വിജയവും താരതമ്യം ചെയ്യ്താല്‍ മനസ്സിലാകും ഒരുപടി മുന്നില്‍ ബല്‍ജിയം തന്നെയെന്ന്. ഗ്രൂപ്പ് ഘട്ടത്തില്‍ അര്‍ജന്റീനയ്ക്ക് എതിരാളികളായി കിട്ടിയവരെല്ലാം നിസ്സാരരായിരുന്നു. എന്നാല്‍ അവരോടുപോലും ഏറെ വിയര്‍പ്പൊഴുക്കേണ്ടി വന്നു. സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ ഭാഗ്യം കൂടെ നിന്നതുകൊണ്ടു മാത്രം ക്വാര്‍ട്ടറിലേക്ക് കടക്കാന്‍ പറ്റി. എന്നാല്‍ കന്നി കിരീട പോരാട്ടത്തിനിറങ്ങിയ ബല്‍ജിയം എതിരാളികളായി വന്നവരെ എല്ലാം വെട്ടി വീഴ്ത്തിയാണ് എത്തിയിരിക്കുന്നത്. 

അര്‍ജന്റീനയുടെ കരുത്ത് എന്താണെന്ന് ചോദിച്ചാല്‍ മെസി എന്നതിനപ്പുറം ഒരുത്തരം ഇല്ല. ഗോളടിച്ചും അതിന് വഴിയൊരുക്കിയും അയാള്‍ തന്റെ ടീമിനു വേണ്ടി ഒറ്റയാള്‍ പോരാട്ടം നടത്തുകയാണ്. പ്രി-ക്വാര്‍ട്ടറില്‍ ഗോളടിച്ച് ഡി മരിയ ചെറിയൊരു ആശ്വാസം നല്‍കുന്നുണ്ട്. അതിനു പിന്നിലും മെസിയുടെ കാലുകള്‍ തന്നെയാണെങ്കിലും ഒരു കളിയില്‍ സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞാല്‍ കളിക്കാരന് അത് ആത്മവിശ്വാസം ഏറ്റും എന്ന കാര്യത്തില്‍ സംശയമില്ല. ഇന്ന് അഗ്യൂറോ കളിക്കുമെന്ന് കരുതാം. അയാള്‍ മെസിയുടെ ഭാരം കുറച്ചാല്‍ വലിയ കാര്യം. എന്നാല്‍ ഹിഗ്വന്‍ ഇപ്പോഴും താളം കണ്ടെത്താനാകാതെ ഉഴറി നടക്കുകയാണ്. പ്രതിരോധമാണ് അര്‍ജന്റീനയുടെ പ്രധാന തലവേദന. ആര്‍ക്കുവേണമെങ്കിലും തട്ടിക്കയറാവുന്നതരത്തില്‍ ദുര്‍ബലം. ഇന്ന് അവരുടെ ഡിഫന്‍ഡര്‍ മാര്‍ക്കോസ് റോജോ സസ്‌പെന്‍ഷന്‍ മൂലം കളിക്കുന്നില്ല. എല്ലാ ഭാരവും അവരുടെ ഗോളി പേറണമെന്നു സാരം. ഇതുവരെയും അര്‍ജന്റീനയ്ക്ക് നാണക്കേട് ഉണ്ടാക്കി വയ്ക്കാന്‍ ഗോളി ഇടയായില്ലെങ്കിലും ഇന്ന് ഇരച്ചു കയറുന്ന ബല്‍ജിയത്തിന്റെ മുന്നില്‍ അയാള്‍ നിസ്സഹായനായാല്‍ കുറ്റം പറയാന്‍ പറ്റില്ല.

അര്‍ജന്റീന മെസിയെ ചുറ്റിപ്പറ്റി കറങ്ങുമ്പോള്‍ ഒരു ടീം എന്ന നിലയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നവരാണ് ബല്‍ജിയം. അതോടൊപ്പം ഹസാഡ്, ലുകാകു, ഒറിഗി എന്നീ കളിക്കാരുടെ ഫോമും അവരുടെ ശക്തി വര്‍ദ്ധിപ്പിക്കുന്നു. അമേരിക്കയ്‌ക്കെതിരെ പകരക്കാരനായി ഇറങ്ങി ഗോള്‍ നേടിയ ലുകാകു അര്‍ജന്റീനയ്ക്ക് ഇന്ന് പണിയുണ്ടാക്കും. ഒന്നും നഷ്ടപ്പെടാനില്ലെന്ന കരുത്തുമായി എത്തി ഒരുപാടൊക്കെ നേടിയ ടീമാണ് ബല്‍ജിയം. ഇനിയും അവര്‍ക്ക് പലതും നേടിയെടുക്കാനുള്ള കഴിവുണ്ട്.

ഇന്ന് രണ്ടു ടീമും ശ്രമിക്കുക 90  മിനിട്ടിനുള്ളില്‍ കളി തീര്‍ക്കാനായിരിക്കും. കിട്ടുന്ന ചെറിയൊരു അവസരംപോലും ഗോളാക്കുക. അതായിരിക്കണം ഇരു ടീമുകളുടേയും ലക്ഷ്യം. എന്തായാലും കളി ഇന്ന് തീപാറും. അര്‍ജന്റീന യഥാര്‍ത്ഥ അര്‍ജന്റീന ആയാല്‍ ഇന്നത്തോടെ ബല്‍ജിയത്തിന്റെ കുതിപ്പ് അവസാനിക്കും. ഇല്ലെങ്കില്‍ ഒരിക്കല്‍ക്കൂടി അര്‍ജന്റീന നമ്മളെ കരയിക്കും.

ഈ ലോകകപ്പില്‍ കീരിടം നേടിയാലും ഇല്ലെങ്കിലും ഒരു രാജ്യം ലോകത്തിന്റെ ഫേവറൈററ് മാറിയിരിക്കും. അത് കോസ്റ്റാറിക്കയാണ്. ചിലര്‍ അവരെ അത്ഭുതമെന്ന് വിശേഷിപ്പിക്കുന്നു. ചിലര്‍ അവിശ്വസനീയതയെന്നും. എന്നാല്‍ കോസ്റ്റാറിക്ക ഒരു യാഥാര്‍ത്ഥ്യമാണ്. പലവമ്പന്മാരുടേയും മരണക്കുഴി തയ്യാറാക്കി ലോകത്തിന്റെ ഹൃദയത്തിലേക്ക് പന്തുമായി മുന്നേറുന്ന ഫുട്‌ബോള്‍ കരുത്ത്. പ്രാഥമിക റൗണ്ടില്‍പ്പോലും ഒരു വിജയം കോസ്റ്റാറിക്കയുടെ വകയായി ഉണ്ടാകുമെന്ന് ആരും കരുതിയിരുന്നില്ല. എന്നാല്‍ അവര്‍ വിജയം മാത്രമെ സൃഷ്ടിച്ചുള്ളൂ. ഇംഗ്ലണ്ട്, ഇറ്റലി, യുറുഗ്വായി എന്നീ മൂന്നു ലോക ചാമ്പ്യന്‍മാര്‍ക്കും ഈ കുഞ്ഞന്‍മാരെ ഒന്നുംചെയയാനായിരുന്നില്ല. ഈ ആത്മവിശ്വാസമാണ് ഇന്നത്തെ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഹോളണ്ടിനെ നേരിടാന്‍ ഇറങ്ങുമ്പോള്‍ കോസ്റ്റാറിക്ക പ്രധാന ആയുധമാക്കുന്നത്. ഇന്ന് തോറ്റാലും അവര്‍ക്ക് വീരപരിവേഷം കിട്ടുമെന്നുള്ളതുകൊണ്ട് ഒരു സമ്മര്‍ദ്ദവും കൂടാതെ കളിക്കാം. ഡ്യൂറാട്ടി കളിക്കില്ലെന്നതായിരിക്കും ഇന്ന് അവരെ അലട്ടുന്നത്. അവരുടെ പ്രതിരോധത്തിനും ചെറിയ ഇളക്കമുണ്ട്.

മറുവശത്ത് ഹോളണ്ട് ഉഗ്രന്‍ ഫോമിലാണ്. കുതിച്ചുപായുന്ന റോബനും, പറന്നു കളിക്കുന്ന വാന്‍പെഴ്‌സിയും പിന്നെ സ്‌നൈഡറുമെല്ലാം കോസ്റ്റാറിക്കയുടെ ജീവനെടുക്കാന്‍ ശേഷിയുള്ളവര്‍. കഴിഞ്ഞ തവണ നഷ്ടപ്പെട്ട കിരീടം ഇത്തവണ പിടിച്ചെടുക്കും എന്ന വാശി അവരിലുണ്ട്. ആദ്യ കളിയില്‍ സ്‌പെയിനെ തകര്‍ത്ത് അവര്‍ അത് തെളിയിച്ചു തുടങ്ങിയതാണ്. പ്രി-ക്വാര്‍ട്ടറില്‍ മെക്‌സിക്കോയ്ക്ക് എതിരെ മാത്രമാണ് ഹോളണ്ട് അല്‍പ്പമെങ്കിലും ക്ഷീണം കാണിച്ചത്. എന്നാല്‍ അത് കാര്യമാക്കണ്ട. ഹോളണ്ട് ഇന്ന് തോറ്റാല്‍ അത് വലിയൊരു അട്ടിമറി തന്നെയായിരിക്കും. എന്നാല്‍ അതിന് സാധ്യത നിലവില്‍ കുറവാണ്. കോസ്റ്റാറിക്കയുടെ ശക്തി കുറച്ച് കാണുന്നതു കൊണ്ടല്ല ഇങ്ങിനെ പറയുന്നത്, മറിച്ച് ഹോളണ്ടിന്റെ ശക്തി അറിയാവുന്നതുകൊണ്ടാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍