UPDATES

സാംബ- 2014

അര്‍ജന്റീന എന്നാല്‍ മെസി മാത്രമാണ്- ഇന്ത്യന്‍ താരം എന്‍ പി പ്രദീപ് എഴുതുന്നു

Avatar

എന്‍ പി പ്രദീപ്

ഓരോ കളി കഴിയുമ്പോഴും എത്ര ആവേശമാവുകയാണ് ഈ ലോകകപ്പ്! ആരു ജയിക്കും ആരു തോല്‍ക്കുമെന്ന് ഒരു ഉറപ്പും പറയാനാകാത്ത അവസ്ഥ. പ്രീ-ക്വാര്‍ട്ടര്‍ മത്സരത്തിന് അര്‍ജന്റീന ഇന്ന് ഇറങ്ങുമ്പോള്‍ അവരുടെ ഉറച്ച ആരാധകരുടെ മനസ്സിലും ഒരു ‘ഉറപ്പില്ലായ്മ’  കിടന്നു തിളയ്ക്കുന്നുണ്ടാകും. സ്വിറ്റ്‌സര്‍ലന്‍ഡ് ആണ് മറഡോണയുടെ പിന്‍ഗാമികളുടെ എതിരാളികള്‍; അവര്‍ ശക്തരുമാണ്.

അര്‍ജന്റീന എന്നാല്‍ ഇപ്പോള്‍ മെസി മാത്രമാണ്. ഇതുവരെ അവര്‍ നേടിയ അഞ്ച് ഗോളുകളില്‍ നാലും നേടിയത് മെസി തന്നെയാണ്. ഒന്നാലോചിച്ചു നോക്കു; അയാളുടെ ബൂട്ടുകള്‍ നിശബ്ദരായിരുന്നെങ്കില്‍ ദൈവത്തിനുപോലും ഒന്നും ചെയ്യാനുണ്ടാകുമായിരുന്നില്ല. അര്‍ജന്റീനയെ വിമര്‍ശിക്കുകയല്ല, നിലവിലെ അവസ്ഥ വിലയിരുത്തിയെന്നുമാത്രം. ഗ്രൂപ്പ് മത്സരങ്ങളില്‍ ഏകപക്ഷീയമായ ഒരു വിജയവും നേടാന്‍ മെസിക്കും സംഘത്തിനുമായിരുന്നില്ല. എതിരാളികള്‍ അത്ര വലിയ കേമന്മാരല്ലായിരുന്നിട്ടുപോലും. മൂന്നു വിജയങ്ങള്‍ ഉണ്ടായിട്ടും അത് അര്‍ജന്റീനയുടെ പ്രതാപത്തിന് യോജിച്ചതായിരുന്നില്ല. ബോസ്‌നിയായോടും ഇറാനോടും അവര്‍ നന്നായി വിയര്‍ക്കുക തന്നെ ചെയ്തു.

അര്‍ജന്റീന ഗോളുകള്‍ നേടുന്നുണ്ട്. പക്ഷേ തിരിച്ചു വാങ്ങുന്നുമുണ്ട്. അതാണ് പ്രശ്‌നം. ഫുട്‌ബോള്‍ മാച്ചില്‍ കൊടുക്കല്‍ മതി, വാങ്ങല്‍ അത്രയ്ക്ക് നല്ലതല്ല. പ്രതിരോധക്കാരുടെ മികവില്ലായ്മയാണ് അര്‍ജന്റീന നേരിടുന്ന പ്രധാന വെല്ലുവിളി. ഇറാനുമായ മത്സരത്തില്‍ അര്‍ജന്റീനിയന്‍ ഗോളിയുടെ കൈകള്‍ കൂടി ചോര്‍ന്നിരുന്നെങ്കില്‍! വിള്ളല്‍ വീണ ഭിത്തിയാണ് അര്‍ജന്റീനയ്ക്കുള്ളതെന്ന് വ്യക്തമാണ്. എതിരാളികള്‍ അത് മുതലെടുക്കുന്നുണ്ട്. മെസിയൊഴിച്ച് ഒരു കളിക്കാരനും നിലവാരത്തിലേക്ക് എത്തിയിട്ടില്ല. ഹിഗ്വയ്‌നോ, അഗ്വിറോയോ, എയ്ഞ്ചല്‍ ഡി മരിയയോ ആരാധകര്‍ക്ക് ഇതുവരെ ആഹ്ലാദം പകര്‍ന്നിട്ടില്ല. എല്ലാ ഭാരങ്ങളും മെസിയുടെ പാദങ്ങളില്‍ വച്ചൊഴിയാന്‍ ശ്രമിച്ചാല്‍, ഇത് നോക്ക് ഔട്ടാണ്; പരാജയം മരണമാകും.

സ്വിറ്റ്‌സര്‍ലന്‍ഡ് അവരുടെ അക്കൗണ്ടിലേക്ക് ഒരു വിജയം പ്രതീക്ഷിച്ച് തന്നെയാണ് ഇന്ന് കളത്തിലിറങ്ങുക. ആക്രമണമാണ് അവരുടെ രീതി. ഷക്കീരി എന്നൊരു ശിക്കാരി അതിന് നേതൃത്വം നല്‍കും. അയാള്‍ മാരകമായൊരു ആയുധമാണെന്ന് അവസാന ലീഗ് മത്സരം സാക്ഷിയാണ്. പൊതുവെ ദുര്‍ബലമെന്ന് പേരു കേള്‍പ്പിച്ച അര്‍ജന്റീനിയന്‍ പ്രതിരോധ കോട്ടയിലേക്ക് സ്വിസ്സുകാര്‍ ആക്രമണം കെട്ടഴിച്ചുവിട്ടാല്‍ ഇന്നും പലരുടേയും ഹൃദയം പൊട്ടാം. ഷക്കീരിയും അവരുടെ ക്യാപ്റ്റന്‍ ഇന്‍ല്‌റും അടക്കം അവരുടെ സ്‌ക്വാഡ് എന്തിനും റെഡിയാണ്.

അവസാന പ്രി-ക്വാര്‍ട്ടര്‍ മത്സരത്തില്‍ ബല്‍ജിയവും യുഎസ്എയും ഏറ്റുമുട്ടുകയാണ്. കറുത്ത കുതിരകളായി ഇത്തവണ അവരോധിക്കപ്പെട്ട ടീമാണ് ബല്‍ജിയം. തങ്ങളെ അങ്ങനെ വിളിക്കുന്നതില്‍ തെറ്റൊന്നുമില്ലെന്ന് അവര്‍ തെളിയിക്കുകയും ചെയ്തു. ആദ്യലോകകപ്പില്‍ തന്നെ വ്യക്തമായൊരു ഇടം അവര്‍ സ്വന്തമാക്കിയിരിക്കുന്നു. ബല്‍ജിയം ഉണ്ട്, സൂക്ഷിക്കുക- എന്നൊരു ബോര്‍ഡ് അവര്‍ മറ്റുടീമുകള്‍ക്കു മുമ്പില്‍ തൂക്കി കഴിഞ്ഞു. ക്യാപ്റ്റന്‍ കൊമ്പാനിയാണ് ബെല്‍ജിയം ആക്രമണത്തിന്റെ നേതാവ്. അമേരിക്കയോട് ഏറ്റുമുട്ടാന്‍ പോന്ന കരുത്തുമായി ബെല്‍ജിയം ഇന്ന് ഇറങ്ങിമ്പോള്‍ അവര്‍ നേരിടുന്ന ഏക പോരായ്മ പരിചയക്കുറവ് ഒന്നുമാത്രമായിരിക്കും. ആ കുറവില്ലാതെയാണ് യുഎസ്എ കളിക്കാന്‍ ഇറങ്ങുന്നത്. അവര്‍ കണ്ട ലോകകപ്പ് ഗ്രൌണ്ടുകള്‍ ബല്‍ജിയം കണ്ടിട്ടില്ല. പോര്‍ച്ചുഗലിനെ സമനിലയില്‍ വരിഞ്ഞും ഘാനയെ തറപറ്റിച്ചുമാണ് അവര്‍ പ്രി-ക്വാര്‍ട്ടറില്‍ എത്തിയത്. ക്വാര്‍ട്ടര്‍ ഫൈനല്‍ എന്ന ലക്ഷ്യവും അവര്‍ കാണുന്നു. ക്യാപ്റ്റന്‍ ഡെമ്പസി,ബെസ്ലി എന്നിവരൊക്കെ അമേരിക്കയുടെ വിജയപ്രതീക്ഷകളാണ്. ബല്‍ജിയത്തിന്റെ കരുത്തിന് അമേരിക്ക നല്ല മറുപടിയാണ്. കുതിരകളെ അവര്‍ മുട്ടുകുത്തിക്കുമോ എന്ന് കാത്തിരുന്നു കാണാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍