UPDATES

സാംബ- 2014

ചരിത്രം ആവര്‍ത്തിച്ചു; ഹോളണ്ട് മടങ്ങുന്നു

Avatar

ടീം അഴിമുഖം

ലോകകപ്പ് 2014 ജേതാക്കളെ നിശ്ചയിക്കാന്‍ ഇനി യൂറോപ്പും ലാറ്റിന്‍ അമേരിക്കയും ഏറ്റുമുട്ടും. ബ്രസീലിയന്‍ മണ്ണില്‍ നാട്ടുകാര്‍ക്ക് കഴിയാത്തത് അയല്‍ക്കാര്‍ നേടി. കഴിഞ്ഞ ദിവസം അന്തരിച്ച ഇതിഹാസ താരം അല്‍ഫ്രെഡോ ഡി സ്റ്റെഫാനോയ്ക്ക് വേണ്ടി അര്‍ജന്റീനയ്ക്ക് ഈ സെമിഫൈനല്‍ ജയിച്ചേ മതിയാവുമായിരുന്നുള്ളൂ. എന്നാല്‍ യോഹാന്‍ ക്രൈഫിന് വേണ്ടി ഒരു ലോകകപ്പ് വിജയം എന്ന സ്വപ്‌നം ബാക്കിയാക്കി ഹോളണ്ട് വീണ്ടും നിരാശയുമായി മടങ്ങുന്നു. 1978 ലോകകപ്പ് ഫൈനലിന്റെ തനിയാവര്‍ത്തനം എന്ന് വിശേഷിപ്പിക്കാവുന്ന സെമിയില്‍ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് ജയിച്ചാണ് ഡീഗോ മാറഡോണയുടെ പിന്മുറക്കാര്‍ 2014 ലോകകപ്പിന്റെ ഫൈനലില്‍ ഇടം പിടിച്ചത്. 

1990 ജൂലൈ എട്ടിന് റോമിലെ ഒളിമ്പിക് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലിന്റെ തനിയാവര്‍ത്തനമാവും ഈ വരുന്ന 13ന് ഞായറാഴ്ച മരക്കാനയില്‍ നടക്കുന്നത്. അന്ന് മാറഡോണയുടെ അര്‍ജന്റീനയെ കടുത്ത ശാരീരിക തന്ത്രങ്ങളിലൂടെ തോല്‍പിച്ച പഴയ പശ്ചിമജര്‍മനിയോടുള്ള പക മെസിയേയും കൂട്ടരെയും അലട്ടുന്നുണ്ടാവും. 

കളിയുടെ മുഴുവന്‍ സമയത്തും അധിക സമയത്തിന്റെ ഇരു പകുതികളിലും ഇരു ടീമുകള്‍ക്കും ഗോള്‍ സ്‌കോര്‍ ചെയ്യാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്നാണ് മത്സരം പെനാല്‍ട്ടിയിലേക്ക് നീങ്ങിയത്. ഓറഞ്ച് പടയുടെ രണ്ട് പെനാല്‍ട്ടികള്‍ രക്ഷപ്പെടുത്തിയ അര്‍ജന്റീനയുടെ ഗോളി റൊമേറോയാണ് കളിയിലെ താരം. ഷൂട്ടൗട്ടിലെ ആദ്യ കിക്കെടുത്ത ഡച്ച് പ്രതിരോധ ഭടന്‍ വ്‌ളാറിന്റെ കിക്ക് ഇടത്തേക്ക് ചാടി തടഞ്ഞു കൊണ്ട് റൊമേറോ അര്‍ജന്റീനയ്ക്ക് നല്ല തുടക്കമാണ് നല്‍കിയത്. തുടര്‍ന്ന് അര്‍ജന്റീനയ്ക്ക് വേണ്ടി കിക്കെടുത്ത ലയണല്‍ മെസിക്ക് പിഴച്ചില്ല. ഹോളണ്ടിന് വേണ്ടി രണ്ടാമത്തെ കിക്കെടുത്ത ആര്യന്‍ റോബന്‍ പന്ത് വലയില്‍ എത്തിച്ചതോടെ ഇരു ടീമുകളുടെയും ഗോള്‍ നില തുല്യമായി. അര്‍ജന്റീനയ്ക്ക് വേണ്ടി രണ്ടാം കിക്കെടുത്ത ഡിഫന്റര്‍ ഗരായി ക്ലിനിക്കല്‍ ഫിനിഷിലൂടെ ഗോള്‍ കണ്ടെത്തിയപ്പോള്‍ ലാറ്റിന്‍ അമേരിക്കന്‍ ടീമിന് ലീഡായി. യൂറോപ്യന്‍ ടീമിനായി മൂന്നാം കിക്കെടുത്ത വെസ്ലി സ്‌നൈഡറുടെ ഷോട്ടും റൊമേറോ രക്ഷപ്പെടുത്തിയപ്പോള്‍ അര്‍ജന്റീന ലോകകപ്പ് ഫൈനലിന്റെ പടിവാതിലില്‍ എത്തി. സെര്‍ജിയോ അഗ്വിറോയുടെ മൂന്നാം കിക്കും വലയിലായതോടെ അര്‍ജന്റീന 3-1 ന്റെ ലീഡ് നേടി. ഹോളണ്ടിന്റെ നാലാം കിക്ക് വലയില്‍ എത്തിച്ച് ഡിര്‍ക് കുയ്റ്റ് അവരുടെ ആയുസ് നീട്ടിക്കൊടുത്തെങ്കിലും മാക്‌സി റോഡ്രിഗസിന്റെ പിഴയ്ക്കാത്ത കാലുകള്‍ അര്‍ജന്റീനയെ ഫൈനലിലേക്ക് നയിച്ചു. 

ഈ ലോകകപ്പിലെ ആദ്യ സെമിഫൈനലില്‍ ആതിഥേയരായ ബ്രസീലിനെ ജര്‍മന്‍ മുന്നേറ്റം കീറിമുറിച്ചതിന്റെ ഓര്‍മ്മയിലായിരിക്കാം ഇരു ടീമുകളും പ്രതിരോധം അരക്കിട്ടുറപ്പിച്ചാണ് കളിക്കാന്‍ ഇറങ്ങിയത്. അതുകൊണ്ട് ഇരു മുന്നേറ്റ നിരയ്ക്കും ഒരു പരിധിക്കപ്പുറം സ്വാതന്ത്ര്യം കളിയുടെ ഒരു ഘട്ടത്തിലും ലഭിച്ചില്ല. പന്ത് അതിവേഗത്തില്‍ ഇരുപകുതികളിലും കയറി ഇറങ്ങിയെങ്കിലും രണ്ട് ടീമിന്റെയും ഗോളികള്‍ക്ക് സമ്മര്‍ദമുണ്ടാക്കുന്ന ഷോട്ടുകളൊന്നും തൊടുക്കാന്‍ ഇരു ടീമുകള്‍ക്കും കഴിഞ്ഞില്ല. ഒരു ഭാഗത്ത് ലയണല്‍ മെസിയെ പൂട്ടുന്നതില്‍ ഡച്ച് പ്രതിരോധം വിജയപ്പോള്‍ മറുഭാഗത്ത് വാന്‍ പേഴ്‌സിക്കും ആര്യന്‍ റോബനും ഒരു സ്വാതന്ത്ര്യവും മസ്‌കരാനോയും സംഘവും നല്‍കിയതുമില്ല. 

പരിക്കേറ്റ ഡി മറിയയ്ക്ക് പകരക്കാരനായി ഇറങ്ങിയ പെരസും ബെല്‍ജിയത്തിനെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഗോള്‍ നേടി ആത്മവിശ്വാസം വീണ്ടെടുത്ത ഗോണ്‍സാലോ ഹിഗ്വനും ഊര്‍ജ്ജസ്വലരായപ്പോള്‍ ആദ്യപകുതിയില്‍ അര്‍ജന്റീനയ്ക്ക് നേരിയ മുന്‍തൂക്കം അവകാശപ്പെടാനായി. ഇതിന്റെ ഫലമായി ആദ്യ പകുതിയില്‍ രണ്ട് ഫ്രീകിക്കുകളും മൂന്നു കോര്‍ണറുകളും അവര്‍ കണ്ടെത്തിയെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിക്കാനായില്ല. പതിമൂന്നാം മിനിട്ടില്‍ ഡച്ച് പെനാല്‍ട്ടി ബോക്‌സിന് തൊട്ടുമുന്നില്‍ വച്ച് കിട്ടിയ ഫ്രീകിക്ക് മുതലാക്കാന്‍ മെസിക്ക് സാധിച്ചതുമില്ല. മെസിയുടെ ഫ്രീകിക്ക് ഡച്ച് മതിലിനെ ഭേദിച്ചെങ്കിലും പന്ത് അവരുടെ ഗോള്‍കീപ്പര്‍ സിലെസന്റെ കൈയില്‍ ഭദ്രമായിരിന്നു. ഇതൊഴികെ ആദ്യപകുതിയില്‍ ഇരുഭാഗത്തു നിന്നും ഗോള്‍ എന്നുറച്ച നീക്കങ്ങള്‍ ഒന്നുമുണ്ടായില്ല.

രണ്ടാം പകുതിയിലും കളിയുടെ അധിക സമയത്തും ഹോളണ്ട് കൂടുതല്‍ ആക്രമണകാരികളാകുന്നതാണ് കണ്ടത്. നിശ്ചിത സമയത്തിന്റെ അവസാന നിമിഷം ആര്യന്‍ റോബന്റെ ഒരു നീക്കം അര്‍ജന്റീനയുടെ നെഞ്ചിടിപ്പ് കൂട്ടുകയും ചെയ്തു. പെനാല്‍ട്ടി ബോക്‌സിന്റെ ഇടതുവശത്തു നിന്നും മുന്നേറിയ റോബന് പക്ഷെ പന്ത് അടിക്കാന്‍ കഴിയുന്നതിന് മുമ്പ് ഒന്നാന്തരം ഒരു ടാക്കിളിലൂടെ മസ്‌കരാനോ രക്ഷപ്പെടുത്തി. അറുപത്തിയൊന്നാം മിനിട്ടില്‍ ഡി ജോംഗിന് പകരം മധ്യനിരയില്‍ ജോര്‍ഡി ക്ലാസി വന്നതോടെയാണ് ഹോളണ്ടിന്റെ നീക്കങ്ങള്‍ക്ക് ചൂടു പിടിച്ചത്.

അധികസമയത്തിന്റെ ആദ്യ പകുതിയിലും പന്ത് കൂടുതല്‍ കൈവശം വച്ചത് ഓറഞ്ച് പടയായിരുന്നെങ്കിലും ശക്തമായ അര്‍ജന്റീന്‍ പ്രതിരോധത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ അവര്‍ക്കായില്ല. ഇതിനിടയില്‍ മത്സരത്തിലെ ഏറ്റവും നല്ല അവസരം അര്‍ജന്റീനയ്ക്ക് ലഭിച്ചെങ്കിലും പാഴായി പോയി. നൂറ്റിപ്പതിനാലാം മിനിട്ടില്‍ പലാഷ്യോയ്ക്ക് പന്ത് ലഭിക്കുമ്പോള്‍ മുന്നില്‍ ഡച്ച് ഗോളി മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ 81-ആം മിനിട്ടില്‍ പെരസിന്റെ പകരക്കാരനായി ഇറങ്ങിയ പലാഷ്യോയുടെ ഹെഡര്‍ നേരെ സിലെസിന്റെ കൈകളിലേക്കാണ് എത്തിയത്. തൊട്ടടുത്ത നിമിഷം അതുവരെ കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്ന ഡച്ച് പ്രതിരോധത്തിന്റെ പൂട്ട് പൊട്ടിച്ച് വലത് വിംഗിലൂടെ മുന്നേറിയ മെസി നല്‍കിയ ക്രോസ് മുതലാക്കാന്‍ അര്‍ജന്റീനയുടെ മറ്റൊരു പകരക്കാന്‍ മാക്‌സി റോഡ്രിഗസിന് സാധിച്ചതുമില്ല.

ഇനി മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍ ജൂലൈ പന്ത്രണ്ടിന്  ഹോളണ്ട് ആതിഥേയരായ ബ്രസീലിനെ നേരിട്ടും. സെമിയില്‍ ജര്‍മ്മനിയോടേറ്റ അപമാനകരമായ തോല്‍വി വേട്ടയാടുന്ന ബ്രസീലിനെ സംബന്ധിച്ചിടത്തോളം മറ്റൊരു യൂറോപ്യന്‍ കടമ്പയാണ് ഈ മത്സരത്തില്‍ കാത്തിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍