UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മെസ്സിയുടെ വല കുലുക്കി ഫേസ്ബുക്കികള്‍

Avatar

കൊപ്പ അമേരിക്കയിലെ അര്‍ജന്‍റീനയുടെ ദയനീയ പരാജയത്തേയും ഫുട്ബോളിന്റെ ‘മിശിഹ’യായി വാഴ്ത്തപ്പെടുന്ന ലയണല്‍ മെസ്സിയുടെ രാജ്യാന്തര മല്‍സരങ്ങളില്‍ നിന്നുള്ള വിരമിക്കലിനേയും കണക്കറ്റ് പരിഹസിച്ചും വിമര്‍ശിച്ചും സോഷ്യല്‍ മീഡിയ. കപ്പ് കിട്ടിയ ചിലിയ്ക്ക് ആരാധകര്‍ കുറവാണെങ്കിലും ബ്രസീലിന്റെയും സ്പെയിനിന്‍റെയും ആരാധകരും മറ്റ് താരങ്ങളുടെ ആരാധകരും ഒക്കെ കൂടി മെസ്സിയേയും കൂട്ടരെയും കൊന്നു കൊലവിളിക്കുകയാണ്. തോല്‍വിയെ കണക്കറ്റ് പരിഹസിക്കുമ്പോഴും മെസ്സിയുടെ വിരമിക്കല്‍ പ്രഖ്യാപനത്തിനോടു വിയോജിക്കുകയും ചെയ്യുന്നുണ്ട് ട്രോളര്‍മാര്‍. താത്വികമായ അവലോകനങ്ങളും കവിതകളും ഒക്കെയായിട്ടാണ് ചിലര്‍ രംഗം കൊഴുപ്പിക്കുന്നത്.  ചില രസകരമായ ഫേസ്ബുക്ക് പോസ്റ്റുകളും ട്രോളുകളും വായിക്കാം.

ജീനപോള്‍
ഞാനൊരു മെസ്സി ഫാനല്ല, എന്നാലും പറയുന്നു മെസ്സിയുടെ ഈ വിരമിക്കല്‍ പ്രഖ്യാപനം അപക്വമാണ്. എതിരാളിയെ വെട്ടിച്ചു മുന്നേറുമ്പോള്‍ മറഡോണയെ ഓര്‍ക്കും. ഡ്രിബിള് ചെയ്യുമ്പോള്‍ ജോര്‍ജ്ജ് ബെസ്റ്റിനെ ഓര്‍ക്കും. വേഗവും ശരീര സന്തുലനവും എല്ലാം മികച്ചത്. പക്ഷെ ദേശീയ ടീമിനായി കിരീടം നേടാനാകാതെ മെസ്സി പടിയറങ്ങിയത് ഒരു ഭീരുത്വമല്ലേ? 29കാരനായ മെസി പേടിച്ചത് എന്തിന്? അല്ലെങ്കില്‍ അര്‍ജന്‍റീനയുടെ ഫുട്ബോള്‍ അസോസിയേഷനുമായി ഉടക്കിയ മെസ്സി അവരെക്കൊണ്ട് പറയിപ്പിക്കേണ്ടെന്ന് കരുതിക്കാണും…..അല്ലെങ്കിലും രണ്ടു വര്‍ഷം ലോകകപ്പിന് ബാക്കി നില്‍ക്കെ മെസ്സിക്കെങ്ങനെ നീലക്കുപ്പായം ഊരി വെക്കാന്‍ തോന്നി?

അജിത്ത് കെ ജോസഫ്
ഫുട്ബോളിൽ ജയവും തോൽവിയു൦ സ്വാഭാവികമാണ്. ഒരു തോൽവി കൊണ്ടു തീരുന്നതല്ല ഫുട്ബോളിന്റെ ചരിത്രവും ഭാവിയു൦. ഏതെങ്കിലും കപ്പ് സ്വപ്നം കണ്ടിട്ടല്ല അർജന്റീനയെ ഇഷ്ടപ്പെട്ടത്. അന്നു൦ ഇന്നു൦ എന്നു൦ അർജന്റീനയ്ക്കൊപ്പ൦. ഇന്ന് കളിക്കുന്നവരിൽ ഏറ്റവും പ്രതിഭാധനനായ കളിക്കാരൻ മെസ്സിയല്ലാതെ മറ്റാരുമല്ല. മെസ്സിയുടെ പന്തുകളി കാണാൻ കഴിഞ്ഞ ഈ തലമുറ ഭാഗ്യവാന്മാരാണ്. ലവ് യൂ മെസ്സി.

NB: ചിലപ്പോഴൊക്കെ മെസ്സിയു൦ സച്ചിനും തമ്മിൽ വലിയ സമാനതകളുണ്ടെന്നു തോന്നും. അസാമാന്യ പ്രതിഭകളാണെങ്കിലു൦ നിർണായക മൽസരങ്ങളിൽ സമ്മർദ്ദത്തിനു കീഴടങ്ങിപ്പോകു൦. മൽസരങ്ങളെ യാന്ത്രികമായി സമീപിക്കാതെ വൈകാരികമായി ഹൃദയത്തിൽ ഏറ്റെടുക്കുന്നവർക്ക് ചിലപ്പോൾ സമ്മർദ൦ താങ്ങാൻ കഴിയാതെ വരും. അത് അവരുടെ പ്രതിഭയ്ക്ക് ഒരു പോറൽ പോലു൦ ഏൽപിക്കുന്നില്ല.

ലല്ലൂ ശശിധരന്‍പിള്ള
ദേ തോറ്റ് തുന്നം പാടി വരുന്നു നിന്റെ മോൻ… അവനെന്തെങ്കിലും തിന്നാൻ കൊടുക്ക്.

ആകാശ നീലയുള്ള കുപ്പായത്തിന് പിന്നിലെ പത്താം നമ്പർ ചാപ്പ കുത്തിയത് പോലെയാണ് എപ്പോഴും. മരണക്കിണറിൽ ബൈക്കോടിക്കുന്നവന്റെ മാനസികാവസ്ഥയും പത്താം നമ്പറുകാരന്റെ മാനസികാവസ്ഥയും ഒന്ന് തന്നെയാവണം. അതിമാനുഷനിൽ നിന്ന് അമീബയോളം ചെറുതാവാൻ ഒരൊറ്റ നിമിഷം മതി. ദൈവമെന്നും മിശിഹയെന്നുമൊക്കെ പത്താം നമ്പറുകാരനെ വാഴ്ത്തും. അപ്പോഴും എപ്പോൾ വേണമെങ്കിലും വിചാരണ ചെയ്യാൻ ഒരു കോടതി മുറി അവനായ് തുറന്ന് കിടപ്പുണ്ടാകും. എപ്പോള്‍ വേണമെങ്കിലും തറയ്ക്കാൻ അവനെക്കാത്ത് കുരിശുകളുണ്ടാകും. ഇന്ന്, കാത്തിരിക്കുന്ന ജഡ്ജിമാർക്ക് മുന്നിൽ വിചാരണയ്ക്ക് ചെല്ലാതെ, കുപ്പായമഴിച്ച് സ്വയം ക്രൂശിതനായി മിശിഹ മടങ്ങി. അടുത്ത ദൈവത്തെക്കാത്ത് കുപ്പായമിരിക്കുന്നു. കോടതിമുറികളും കുരിശുകളും…

ഷാജുദ്ദീന്‍ ഇ പി
ഇന്ന് മെസി ആകെ ടെൻഷൻ അടിച്ചമട്ടിലാണ് കളിച്ചത്. അവസാനത്തെ ഫ്രീ കിക്ക് എടുക്കുമ്പോഴും ടൈബ്രേക്കറിലെ പെനൽറ്റി കിക്ക് എടുക്കുമ്പോഴും മുഖത്ത് ആത്മവിശ്വാസം തെല്ലുമില്ല. കിട്ടുന്ന ആദ്യ അവസരത്തിൽ അർജന്റീന സേവനം അവസാനിപ്പിച്ച് ബാഴ്സലോണയിൽ ശ്രദ്ധിക്കാൻ വെമ്പി നിന്ന പോലെ തോന്നുന്നു വിരമിക്കൽ പ്രഖ്യാപനം.

പി ബി അനൂപ് അനിത
വലിയ സൈദ്ധാന്തികവല്‍ക്കരണമൊന്നും വേണ്ട. ചെക്കന്‍ നാടിനുവേണ്ടി കളിച്ച് ചീത്തപ്പേരുകേള്‍പ്പിക്കുന്നത് നിര്‍ത്തി. ഇനിയുള്ള കാലം ക്ലബ് ഫുട്ബോളില്‍ കളിച്ച് കാശുണ്ടാക്കുന്നത് തുടരും. അപ്പുക്കുട്ടന്മാരെ ഓവറാക്കരുത് പ്ലീസ്…

സവാദ് മുഹമ്മദ്
ക്ലബ്ബിന് വേണ്ടി കളിച്ച് കാശുണ്ടാക്കുന്നതൊക്കെ എന്തോ മഹാ പാപം പോലെ തോന്നുമല്ലോ, പറയുന്നത് കേട്ടാല്‍… അയാള്‍ പ്രൊഷണല്‍ ഫുട്ബോളറാണ്. ഫുട്ബോള്‍ കളിക്കലാണ് അയാളുടെ ജോലി. ക്ലബ്ബിന് വേണ്ടി കളിക്കുന്നത് അയാളുടെ ജോലിയുടെ ഭാഗമാണ്. പിന്നെ ഫുട്ബോള്‍ കുറച്ചെങ്കിലും മനസ്സിലാക്കുന്നവര്‍ക്ക്, അതിനെ സ്നേഹിക്കുന്നവര്‍ക്ക് മെസ്സി രാജ്യാന്തര കുപ്പായത്തില്‍ ഇനിയുണ്ടാകില്ല എന്ന വാര്‍ത്ത വിഷമമുണ്ടാക്കുന്നതാണ്. മെസ്സിയുടെ ആരാധകര്‍ക്ക് മാത്രമല്ല, അന്ധമായ വിരോധം തലക്ക് പിടിക്കാത്ത ഫുട്ബോള്‍ ആരാധകര്‍ക്കെല്ലാം നിരാശയുണ്ടാക്കുന്നതാണ്.

ജോസി മത്തായി 
ആരും പുറത്തിറങ്ങരുത്.. 
മെസ്സി യുടെ പെനാൽട്ടി ആകാശത്തേക്ക് പോയിട്ടുണ്ട് എന്ന് പറയാൻ പറഞ്ഞു. 

കാലാ കാലമായി തോൽക്കുന്ന രാജഗോപാൽ ജയിച്ച 2016 ലും അർജന്റീന തോറ്റു. 

ജയമോഹന്‍ സുകുമാരന്‍
ഉത്തുംഗതകളിൽ ചിലിതൻ കുട്ടികൾ
കപ്പുമായ്‌ ഉന്മാദ നൃത്തം നടത്തവേ
മെസ്സീ…നിനക്കെന്തു തോന്നി?

മനു പി തോമസ്
മലയാളത്തിലെ നവീനകാവ്യശാഖയായ സുധാകരശാഖയില്പെട്ട ഒരു കവിതയാണിത്…ബാക്കിഭാഗം..”മെസ്സീ മെസ്സീ കോപ്പായിലേക്കെന്തിന് വന്നൂ നീ..”

കിരണ്‍ ബാബു
കോപ്പപ്പൂവിൽ ചിലി ചുവപ്പു ചാലിയ്‌ക്കവെ :(കുമ്പസാരക്കൂട്ടിൽ നഗ്‌നായി നിൽക്കുകയാണെന്ന് തോന്നി)
നമ്മളൊന്നായി അഗാധതക്കന്ത്യം
കുറിയ്ക്കുവാൻ തുഴഞ്ഞു നീങ്ങിടവേ
കണ്ടോ പരസ്പരം മെസ്സീ
കണ്ടോ പരസ്പരം മെസ്സീ
ജഡങ്ങളാൽ മിണ്ടാട്ടമില്ലാതെ
വീണ മോഹങ്ങളെ

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍