UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മെസ്സിയെ വെറുതെ വിടൂ; അയാള്‍ വിശുദ്ധനല്ല

Avatar

റമീസ്

കത്തോലിക്ക വിശ്വാസ പ്രകാരം മനുഷ്യന് കൈവരിക്കാവുന്ന ഏറ്റവും വലിയ സ്ഥാനം വിശുദ്ധ പദവിയാണ്. തൊട്ടു പിന്നിലാണു വാഴ്ത്തപ്പെട്ടവരുടെ സ്ഥാനം. ഫുട്‌ബോള്‍ ഒരു മതമായിരുന്നെങ്കില്‍ അതാകുമായിരുന്നു ലോകത്തിലെ ഏറ്റവും വലിയ വിശ്വാസ സംഹിത. വ്യവസ്ഥാപിത മതമല്ലെങ്കിലും ആറു ഭൂഖണ്ഡങ്ങളിലായി ഇരുനൂറിലധികം രാജ്യങ്ങളിലെ കോടിക്കണക്കിന് ജനങ്ങള്‍ നെഞ്ചേറ്റുന്ന, ലോകത്തിലെ ഏറ്റവും ജനപ്രിയ കായിക വിനോദമാണു ഫുട്‌ബോള്‍. ചില രാജ്യങ്ങളില്‍ മതത്തേക്കാള്‍ ശക്തമായ വികാരം. കത്തോലിക്ക സഭയ്ക്ക് വിശുദ്ധരും വാഴ്ത്തപ്പെട്ടവരുമായി പ്രഖ്യാപിക്കുന്നതിനു രേഖപ്പെടുത്തപ്പെട്ട ചിട്ടവട്ടങ്ങളുണ്ട്. കായിക വിനോദമായ ഫുട്‌ബോളില്‍ പക്ഷേ, അങ്ങനെയൊന്നില്ല. എന്നാല്‍, ഓരോ കാലത്തും മൈതാന മധ്യത്തു നിന്നു ചിലര്‍ പന്തുമായി ആരാധക ഹൃദയങ്ങളില്‍ കൂടുകൂട്ടാറുണ്ട്. ഫുട്‌ബോള്‍ ലോകം അവരെ വിശുദ്ധരെന്നും വാഴ്ത്തപ്പെട്ടവരെന്നും വിളിക്കുന്നു. പെലെയും മറഡോണയും ജൊഹാന്‍  ക്രൈഫും  സിനദിന്‍ സിദാനും റൊണാള്‍ഡോയുമൊക്കെ അങ്ങനെ കാലാകാലങ്ങളില്‍ അവതരിച്ചവരാണ്.

ഇപ്പോള്‍ ലയണല്‍ മെസ്സിയെന്ന അര്‍ജന്റീനക്കാരന്റെ രൂപത്തില്‍ കളത്തില്‍ വീണ്ടും നക്ഷത്രപിറവിയുണ്ടായിരിക്കുന്നു. ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോളര്‍ക്കുള്ള ബാലന്‍ദ്യോര്‍ പുരസ്‌കാരം അഞ്ചാം തവണയും നേടിയതോടെ ആ അശരീരി വീണ്ടും മുഴങ്ങാന്‍ തുടങ്ങിയിരിക്കുന്നു. മെസ്സി ലോകത്തിലെ എക്കാലത്തെയും മികച്ച ഫു്ടബോളര്‍മാരിലൊരാളാണ്. പെലെയ്ക്കും മറഡോണയ്ക്കുമൊപ്പം, അല്ലെങ്കില്‍ അതുക്കും മേലെ. എന്നാല്‍, ഫുട്‌ബോളിലെ വിശുദ്ധന്റെ പദവി്ക്കു മെസ്സി അര്‍ഹനായോ ? അര്‍ജന്റീനയുടേയും ബാഴ്‌സലോണയുടേയും ആരാധകര്‍ക്കു സംശയമുണ്ടാകില്ല. എന്നാല്‍, രാജ്യാന്തര ഫുട്‌ബോളിലെ മെസ്സിയുടെ കിരീട വരള്‍ച്ച എല്ലാ വാഴ്ത്തിപ്പാടലുകള്‍ക്കും അംഗീകാരങ്ങള്‍ക്കു മേലെ ചോദ്യചിഹ്നമായി നില്‍ക്കുന്നു. വര്‍ത്തമാനകാലത്തെ ഏറ്റവും മികച്ച താരമെന്നു മെസ്സിയെ വിളിച്ചോളൂ. എക്കാലത്തേയും മഹാരഥന്മാരുടെ പട്ടികയിലേക്കു പക്ഷേ, ഈ പത്താം നമ്പര്‍ താരത്തിന് ഇനിയുമേറെ ദൂരം സഞ്ചരിക്കാനുണ്ട്. സ്വയം തെളിയിക്കാനും കാലത്തെ അതിജീവിക്കാനും മെസ്സിയിലെ പ്രതിഭയ്ക്ക് ഒരു ലോകകപ്പ് കിരീടമെങ്കിലും വേണം.

കണക്കുകള്‍ കളി പറയില്ല
ഫുട്‌ബോളിലെ മഹാരഥന്മാര്‍ എന്ന വിശേഷണത്തിനൊപ്പം ചേരുംപടിയായി വരുന്ന രണ്ടു പേരുകളാണ് പെലെയും മറഡോണയും. അവരുമായി മെസ്സിയെ ആദ്യം താരതമ്യപ്പെടുത്താം. ഒന്നും ഒന്നും കൂട്ടിയാല്‍ രണ്ടായി മാറുന്ന ലളിത ഗണിത ശാസ്ത്ര യുക്തിയല്ല ഫുട്‌ബോളിനെ ഭരിക്കുന്നത്. ക്ലബ്ബ് ഫുട്‌ബോളിന്റെ വരണ്ട കണക്കുകളില്‍ മെസ്സി മൈതാന ദൂരം മുന്നിലാണ്. ഏഴു സ്പാനിഷ് ലീഗ് കിരീടം, നാലു യൂറോപ്യന്‍ ലീഗ് കിരീടം, ലാലിഗയിലെ എക്കാലത്തെയും ടോപ് സ്‌കോറര്‍, ഒരു സീസണിലെ എക്കാലത്തേയും ടോപ് സ്‌കോറര്‍ അങ്ങിനെ പോകുന്നു മികവിന്റെ ഗോളടി കണക്കുകള്‍.

പെലെ യൂറോപ്പില്‍ ക്ലബ്ബ് ഫുട്‌ബോള്‍ കളിച്ചിട്ടേയില്ല. കരിയര്‍ മുഴുവന്‍ ബ്രസീലിലെ സാന്റോസിനു കളിച്ചു. പ്രതിഭയുടെ സായംസന്ധ്യയില്‍ അമേരിക്കയിലും. യൂറോപ്പില്‍ ഇറ്റലിയിലും സ്‌പെയിനിലും കളിച്ച മറഡോണയുടെ നേട്ടങ്ങളുടെ പട്ടികയില്‍ ഒരു ചാമ്പ്യന്‍സ് ലീഗ് കിരീടമില്ല. നപ്പോളിയെ രണ്ടു തവണ ഇറ്റാലിയന്‍ ലീഗ് ചാമ്പ്യന്‍മാരാക്കിയതാണു ക്ലബ്ബ് തലത്തിലെ ഓര്‍മിക്കപ്പെടുന്ന നേട്ടം. അതിനും ഫുട്‌ബോളിനപ്പുറത്തുള്ള മാനങ്ങളുണ്ടായിരുന്നു. മറഡോണ ഇറ്റലിയില്‍ ഫുട്‌ബോള്‍ കളിക്കാനെത്തുന്ന കാലം രാജ്യം സാമൂഹികപരമായി വടക്കും തെക്കുമായി വിഭജിക്കപ്പെട്ട നിലയിലായിരുന്നു. വടക്കന്‍ ഇറ്റലി സാമ്പത്തികമായും സാമൂഹികമായും മുന്‍പന്തിയിലുള്ളവര്‍. തെക്കു ഭാഗമാകട്ടെ എല്ലാ നിലയിലും അവഗണിക്കപ്പെട്ടവരും പിന്നാക്കക്കാരും. ഫുട്‌ബോള്‍ കളത്തിലുമുണ്ടായിരുന്നു ഈ ആധിപത്യം. ഇറ്റാലിയന്‍ ലീഗില്‍ വടക്കന്‍ ഇറ്റാലിയന്‍ ക്ലബ്ബുകളായ എസി മിലാന്‍, ജുവന്റസ്, എഎസ് റോമ എന്നിവ മാറി മാറി ചാംപ്യന്മാരായിക്കൊണ്ടിരുന്ന കാലം. ഇതിനിടെയാണ് മറഡോണ തെക്കന്‍ ഇറ്റാലിയന്‍ ക്ലബ്ബായ നപ്പോളിയുടെ ജഴ്‌സിയില്‍ അവതരിച്ചത്. 1985-86 സീസണില്‍ ചരിത്രത്തിലാദ്യമായി നപ്പോളി ഇറ്റാലിയന്‍ ലീഗ് ചാംപ്യന്മാരായി. സാമ്പത്തിക അസമത്വത്തിനും അവഗണനയ്ക്കു കാരണമായി വടക്കന്‍ ഇറ്റലിയ്ക്കു മേലുള്ള തെക്കിന്റെ വിജയമായി ജനം അതാഘോഷിച്ചു. 1989ല്‍ ഒരിക്കല്‍ കൂടി മറഡോണയുടെ കാര്‍മികത്വത്തില്‍ നപ്പോളി കിരീടം ചൂടി. 

ക്ലബ്ബ് ഫുട്‌ബോളില്‍ ഇതുവരെ 505 കളികളില്‍ നിന്നായി 431 ഗോളുകള്‍ മെസ്സിയുടെ പേരിലുണ്ട്. 491 കളികളില്‍ 259 ഗോളുകളാണു മറഡോണയുടെ സംഭാവന. പെലെയുടെ പേരില്‍ 638 കളികളില്‍ നിന്നു 619 ഗോളുകളുണ്ട്. രാജ്യാന്തര ഫുട്‌ബോളില്‍ മെസ്സി 105 കളികളില്‍ നിന്നായി 49 തവണ സ്‌കോര്‍ ചെയ്തു കഴിഞ്ഞു. മറഡോണ 91 കളികളില്‍ നിന്നു 34 തവണ അര്‍ജന്റീനയ്ക്കായി വലകുലുക്കി. 91 തവണ ബ്രസീല്‍ ജഴ്‌സിയണിഞ്ഞ പെലെ 77 ഗോളുകള്‍ സ്വന്തം പേരില്‍ കുറിച്ചു. ഇത്രയൊക്കെയായിട്ടും മെസ്സിയെ വിശുദ്ധ പദവിയില്‍ പ്രതിഷ്ഠിക്കാന്‍ തടസ്സമെന്തേയെന്നു ചോദിക്കുന്നവര്‍ക്കായി ലോകകപ്പിനോളം വലിപ്പമുള്ള ഉത്തരമുണ്ട്.

അരങ്ങില്‍ അഭിനയം മറന്നാല്‍…
റിഹേഴ്‌സലില്‍ തകര്‍ത്തഭിനയിക്കും. അരങ്ങിലെത്തിയാല്‍ മുട്ടുവിറയ്ക്കും. ഇത്തരമൊരാളെ മഹാനായ നടന്‍ എന്ന് വിളിക്കാനാകുമോ? മെസ്സിയെന്ന ഫുട്‌ബോള്‍ താരത്തിനുമുണ്ട് യഥാര്‍ഥ അരങ്ങിലെത്തുമ്പോള്‍ കളി മറക്കുന്ന ദുശ്ശീലം. അര്‍ജന്റീനയുടെ ദേശീയ ടീമിനു വേണ്ടി 2005ലാണ് മെസ്സി അരങ്ങേറിയത്. പതിറ്റാണ്ട് കഴിഞ്ഞു. മൂന്നു ലോകകപ്പുകള്‍, അത്രയും കോപ്പ അമേരിക്ക എന്നിവയെല്ലാം ഇക്കാലയളവില്‍ നടന്നു. മെസ്സിയെന്ന ഫുട്‌ബോള്‍ താരത്തിന്റെ ഷോകോസില്‍ ഇതില്‍ എത്ര കിരീടങ്ങളുണ്ട്? വട്ടപ്പൂജ്യം. ഇതു തന്നെയാണ് പെലെയേയും മറഡോണയേയും ആകാശത്തും മെസ്സിയെ വെറും മൈതാനത്തും നിര്‍ത്തുന്ന ഘടകം. 2005ല്‍ ഫിഫ അണ്ടര്‍ 20 ലോകകിരീടം, 2008ലെ ഒളിംപിക്‌സ് സ്വര്‍ണം എന്നിവയാണു മെസ്സിയുടെ പ്രധാന രാജ്യാന്തര കിരീട നേട്ടങ്ങള്‍. രണ്ടും പ്രായപരിധി വിഭാഗത്തിലുള്ള നേട്ടങ്ങള്‍. സീനിയര്‍ തലത്തില്‍ ഒറ്റ കിരീടം പോലും അര്‍ജന്റീനയ്ക്കു നേടിക്കൊടുക്കാന്‍ മെസ്സിയിലെ പ്രതിഭയ്ക്കു കഴിഞ്ഞിട്ടില്ല. 

ലോകകപ്പിനേക്കാള്‍ മല്‍സരക്ഷമമാണു യൂറോപ്യന്‍ ഫുട്‌ബോള്‍ ലീഗെന്ന വാദം ഈയിടെയായി ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. അതിനാല്‍, ലോകകപ്പിനേക്കാള്‍ യൂറോപ്യന്‍ ലീഗ് പ്രകടനത്തിനാണു മൂല്യം കല്‍പ്പിക്കേണ്ടതെന്നാണ് ഇതിന്റെ ഉപവാദം. ജോസ് മൗറീഞ്ഞോയുള്‍പ്പെടെയുള്ള പരിശീലകരാണു ഈ വാദത്തിന്റെ വക്താക്കള്‍. കിട്ടാത്ത മുന്തിരി പുളിക്കുമെന്ന ഒറ്റ യുക്തിയില്‍ ഇത്തരം വാദങ്ങളെ വെറുതെ വിടാം. ആറു ഭൂഖണ്ഡങ്ങളില്‍ നിന്നു യോഗ്യതാ മല്‍സരം ജയിച്ചെത്തുന്ന 24 ടീമുകള്‍ സ്വന്തം രാജ്യത്തിന്റെ അഭിമാനത്തിനായി പോരാടുന്ന ലോകകപ്പിന്റെ മഹത്വം ഒരു യൂറോപ്യന്‍ ലീഗിനുമില്ല. കീശയില്‍ പണക്കിലുക്കമുള്ള മുതലാളിയുണ്ടെങ്കില്‍ ഏതു ക്ലബ്ബിനും ലക്ഷ്യംവയ്ക്കാവുന്നതാണു ചാംപ്യന്‍സ് ലീഗ് കിരീടം. ലോകത്തിലെ മികച്ച താരങ്ങളെ വലവീശിപ്പിടിച്ച് കപ്പ് ക്ലബ്ബിലെത്തിക്കാം. റയല്‍ മാഡ്രിഡും ചെല്‍സിയുമൊക്കെ ഇതു തെളിയിച്ചതുമാണ്. വിലയ്‌ക്കെടുക്കാന്‍ കഴിയാത്ത മൗലികതയും ദേശീയതയുടെ വികാരവും ചേരുമ്പോള്‍ ലോകകപ്പിന്റെ സ്ഥാനം മറ്റെന്തിനേക്കാളും ഉയരത്തിലെത്തില്‍ നില്‍ക്കുന്നു. അതുകൊണ്ടാണ്, ഫുട്‌ബോളിലെ വിശുദ്ധ പദവിയുടെ മാനദണ്ഡം എല്ലായ്‌പ്പോഴും ലോകകപ്പിലെ പ്രകടനമായി മാറുന്നത്. 

പുതിയ തലമുറ കളി കണ്ടു തുടങ്ങുന്നതിനു മുന്‍പേ പെലെ ബൂട്ടഴിച്ചിട്ടുണ്ട്. എങ്കിലും ബ്രസീലില്‍ നിന്നുള്ള ആ കറുത്ത ചക്രവര്‍ത്തിയുടെ വീരഗാഥകള്‍ കാല്‍പന്ത് പാണന്മാര്‍ ഇപ്പോഴും പാടിനടക്കുന്നു. യൂറോപ്പില്‍ ഒരു ക്ലബ്ബ് ഫുട്‌ബോള്‍ പോലും കളിക്കാത്ത താരം, എക്കാലത്തേയും മികച്ച കളിക്കാരനായി വാഴ്ത്തപ്പെടുന്നു. കാരണം ഒന്നേയുള്ളൂ മൂന്നു ലോകകപ്പ് കിരീടങ്ങളില്‍ അദ്ദേഹം മുത്തമിട്ടു. 1958, 1962, 1970. കിരീട നേട്ടങ്ങളില്‍ പങ്കാളികളാകാന്‍ ഗരിഞ്ച, ദിദ, ഗില്‍മര്‍, ജേഴ്‌സണ്‍, ജഴ്‌സീഞ്ഞോ, റിവേലിനോ തുടങ്ങിയ ഒരുപടി നക്ഷത്രങ്ങള്‍ ഓരോ തവണയും കൂട്ടിനുണ്ടായിരുന്നു. എന്നാല്‍, മൂന്നു നേട്ടത്തിന്റേയും കേന്ദ്രബിന്ദുവായി പെലെയെന്ന സൂര്യന്‍ ജ്വലിച്ചു നില്‍ക്കുന്നു. ആ പേര് ഇതിഹാസത്തിന്റെ താളുകളിലേക്കു ചേക്കേറുന്നു. 

പെലെയ്ക്കു മൂന്നു കിരീടങ്ങള്‍ ഉയര്‍ത്തിക്കാട്ടാനുണ്ടെങ്കില്‍ അതിലും തിളക്കമുള്ള ഒറ്റക്കിരീടമാണു മറഡോണയെ അനശ്വനാക്കുന്നത്. 1986ല്‍ മെക്‌സിക്കോയിലെ പുല്‍മൈതാനങ്ങളില്‍ പന്തുമായി പാറിനടന്ന ഈ കുറിയ മനുഷ്യന്‍ ഒറ്റയ്ക്കു ലോകം കീഴടക്കി. ബുറഷേഗ, നാന്റെസ് തുടങ്ങിയ മികച്ച താരങ്ങള്‍ കൂട്ടിനുണ്ടായിരുന്നു. എന്നാല്‍, മറഡോണയെന്ന അച്ചുതണ്ടിനു ചുറ്റുമാണ് അര്‍ജന്റീന കറങ്ങിയത്. സൗത്ത് അറ്റ്‌ലാന്റിക്കിലെ ഫോക്‌ലന്റ് ദ്വീപിന്റെ നിയന്ത്രണത്തിനായി അര്‍ജന്റീനയും ഇംഗ്ലണ്ടും യുദ്ധം ചെയ്തു നാലു വര്‍ഷത്തിനു ശേഷമായിരുന്നു 86 ലെ മെക്‌സിക്കോ ലോകകപ്പ്. യുദ്ധം അര്‍ജന്റീന ദയനീയമായി തോറ്റു.മെക്‌സിക്കോയില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ഫോക്‌ലാന്‍ഡ് യുദ്ധത്തിലെ ഇരുകക്ഷികളേയും വീണ്ടും നേര്‍ക്കുനേര്‍ നിര്‍ത്തി. ഇംഗ്ലണ്ടിനെതിരെ മറഡോണ രണ്ടു തവണ ദൈവമായി. ഒരു തവണ കൈ കൊണ്ടും രണ്ടാം വട്ടം ഇടംകാല്‍ കൊണ്ടും ഇംഗ്ലണ്ടിന്റെ വലകുലുക്കി. ഒന്ന് ദൈവത്തിന്റെ കൈ എന്ന പേരിലും മറ്റൊന്ന് ഏറ്റവും മികച്ച ഗോളെന്ന പേരിലും ഫുട്‌ബോള്‍ ചരിത്രത്തിന്റെ ഭാഗമായി. യുദ്ധത്തിലെ തോല്‍വി അര്‍ജന്റീനക്കാര്‍ മറന്നു. ഫുട്‌ബോളിലെ പുതിയ രക്ഷകനായി അവര്‍ ആര്‍ത്തുവിളിച്ചു. 

സിനദിന്‍ സിദാന്‍ ഫുട്‌ബോളില്‍ ഇതിഹാസമായി വളര്‍ന്നത് 1998ലെ ലോകപ്പ് നേട്ടത്തോടെയാണ്. ഫൈനല്‍ വരെ സിദാന്‍ ഫ്രാന്‍സിന്റെ മികച്ച കളിക്കാരന്‍ മാത്രമായിരുന്നു. കലാശക്കളിയില്‍ ബ്രസീലിന്റെ നെഞ്ച് കീറിയ രണ്ടു ഹെഡറുകളിലൂടെ ഇതിഹാസ പദവിയിലേക്കുയര്‍ന്നു. അന്ന് നിഷ്‌കാസിതനായി കളം വിട്ടവനാണു ബ്രസീലിന്റെ റൊണാള്‍ഡോ. നാലു വര്‍ഷത്തിനു ശേഷം ജപ്പാനില്‍ ഈ ബ്രസീലിയന്‍ താരവും മികച്ചവരുടെ കൂട്ടത്തിലൊരാളായി. 

ലോകകപ്പ് കിരീടമുയര്‍ത്തിയില്ലെങ്കിലും ലോകകപ്പ് കളവും ആരാധകരുടെ മനസ്സും കീഴടക്കി താര പദവിയിലേക്കുയര്‍ന്നവരുമുണ്ട്. ഹോളണ്ടിന്റെ ജൊഹാന്‍  ക്രൈഫാണ് ഇതില്‍ പ്രമുഖന്‍. ടോട്ടല്‍ ഫുട്‌ബോളിലൂടെ മൈതാനത്ത് ഓറഞ്ച് വസന്തം വിരിയിച്ച 1974ലെ ഹോളണ്ട് ടീമിന്റെ നെടൂം തൂണായിരുന്നു ക്രൈഫ്. ഫൈനലില്‍ ജര്‍മനിയോട് തോറ്റെങ്കിലും ക്രൈഫ് അനശ്വരനായിക്കഴിഞ്ഞിരുന്നു.

1954ല്‍ മാജിക്കല്‍ മഗ്യാര്‍സ് എന്ന വിളിപ്പേര് നേടിയ ഹംഗറിയെ ഫൈനലിലെത്തിച്ച ഫെറങ്ക് പുഷ്‌കാസിന്റെ ഓര്‍മ കളിയുള്ള കാലത്തോളം നിലനില്‍ക്കും. 1966 ല്‍ പോര്‍ച്ചുഗലിനെ മൂന്നാം സ്ഥാനത്തെത്തിച്ച യുസേബിയോ ആണു മറ്റൊരു താരം. കരിമ്പുലിയുടെ ശൗര്യത്തോടെ എതിര്‍ ടീമുകളെ വിറപ്പിച്ച യുസേബിയോ ആരാധകര്‍ക്കു ഇന്നും പ്രിയപ്പെട്ടവനാണ്. വെളുത്ത പെലെ സീക്കോ, സോക്രട്ടീസ് എന്നിങ്ങനെ ആ പട്ടിക നീളുന്നു. കിരീടം കൈയ്യെത്തും ദൂരത്ത് നഷ്ടപ്പെട്ടെങ്കിലും ലോകകപ്പിന്റെ അരങ്ങില്‍ പ്രതിഭയുടെ കാലൊപ്പ് പതിപ്പിച്ചാണ് ഇവരൊക്കെ ആരാധക ഓര്‍മകളിലെ നിത്യനക്ഷത്രങ്ങളായി മാറിയത്. 

ബ്രസീലിനായി പെലെയും അര്‍ജന്റീനയ്ക്കായി മറഡോണയും അവതരിച്ചത് ടീം രക്ഷകനെ കാത്തുനില്‍ക്കുന്ന ഘട്ടത്തിലായിരുന്നു. അര്‍ജന്റീനയും ഇപ്പോള്‍ ഒരു രക്ഷകനെ തേടുന്നുണ്ട്. 1993ല്‍ നേടിയ കോപ്പ അമേരിക്കയാണു രാജ്യം ഏറ്റവും ഒടുവില്‍ നേടിയ മേജര്‍ കിരീടം. ലോകത്തിലെ ഏറ്റവും പാരമ്പര്യമുള്ള ഫുട്‌ബോള്‍ രാജ്യത്തിന്റെ കിരീട വരള്‍ച്ച രണ്ടു പതിറ്റാണ്ട് പിന്നിട്ടെന്നു സാരം. ബാഴ്‌സലോണയില്‍ മിന്നിക്കത്തിയ മെസ്സിയില്‍ അര്‍ജന്റീനക്കാര്‍ കണ്ടതു മറഡോണയ്ക്കു ശേഷം അവതരിച്ച രക്ഷകനെ ആയിരുന്നു. മെസ്സി കിരീടങ്ങങ്ങള്‍ കൊണ്ടുവരുമെന്നു അവര്‍ ന്യായമായും ആഗ്രഹിച്ചു. 2007ല്‍ കോപ്പ അമേരിക്കയില്‍ ഫൈനലിലെത്തിയപ്പോള്‍ ഇതാണ് ആ നിമിഷമെന്നു രാജ്യം കാത്തിരുന്നു. ഫൈനലില്‍ ബ്രസീലിനോട് തോല്‍ക്കാനായിരുന്നു വിധി. 2010 ലോകകപ്പില്‍ സാക്ഷാല്‍ മറഡോണ പരിശീലകനായി അവതരിച്ചു. കളത്തില്‍ പക്ഷേ, മെസ്സി നിഴല്‍ മാത്രമായപ്പോള്‍ പ്രീ ക്വാര്‍ട്ടറില്‍ ടീം പുറത്ത്. 2014 ലോകകപ്പില്‍ വീണ്ടും ഫൈനലില്‍. കലാശക്കളിയില്‍ അനശ്വരതയിലേക്കു പന്തടിക്കാന്‍ മെസ്സിയ്ക്കു മുന്നില്‍ 120 മിനിറ്റിന്റെ ദൂരമുണ്ടായിരുന്നു. 90 മിനിറ്റ് കളിയും 30 മിനിറ്റ് അധിക സമയവും. മറഡോണയും പെലെയും ചെയതത് തനിക്കാവില്ലെന്നു മെസ്സി വീണ്ടും തെളിയിച്ചു. ടൂര്‍ണമെന്റിലെ മികച്ച താരത്തിനുള്ള ട്രോഫി പോലും ആ ശൂന്യത നികത്താന്‍ പോന്നതായിരുന്നില്ല. ജര്‍മനി കിരീടം കൊണ്ടുപോയി.

2015 കോപ്പ അമേരിക്കിയില്‍ വീണ്ടും അര്‍ജന്റീന ഫൈനലില്‍. ഇത്തവണ ചിലിയുമായി പോരാട്ടം ഷൂട്ടൗട്ട് വരെ നീണ്ടു. അതിലും അര്‍ജന്റീനയ്ക്കു നിരാശ. ഇനിയും സമയമുണ്ട്. 2018ല്‍ റഷ്യയില്‍ അര്‍ജന്റീനയുടെ കിരീട പ്രതീക്ഷകളുടെ കുന്തമുന ഈ 10ാം നമ്പറുകാരന്‍ തന്നെയാകും. അന്ന് 31ാം വയസ്സില്‍ ഒരു പക്ഷേ, മെസ്സിയുടെ അവസാന ലോകകപ്പാകാം. എക്കാലത്തേയും മികച്ചവരുടെ നിരയിലേക്കു ഉയരാനുള്ള അവസാന അവസരവും. അതു കൂടി കൈവിട്ടാല്‍….

മത്തായിയുടെ സുവിശേഷത്തില്‍ പറയുന്നു: ഒരുവന്‍ ലോകം മുഴുവന്‍ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാല്‍ അവന് എന്തു പ്രയോജനം . മെസ്സിയെക്കുറിച്ച് ഫുട്‌ബോള്‍ ചരിത്രം ഇങ്ങനെ പറയും; ഇത്രയും ബാലന്‍ദ്യോര്‍ പുരസ്‌കാരങ്ങള്‍ നേടിയിട്ട് എന്തു ഫലം. കാണിക്കാന്‍ ഒരു ലോകകപ്പ് ഇല്ലാതെ പോയല്ലോ?…

(മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍