പാഠപുസ്തകങ്ങളില്‍ നിന്ന് കാണാതെ പഠിച്ച ചോദ്യോത്തരങ്ങളേക്കാള്‍ കണ്‍മുമ്പിലെ അനുഭവങ്ങള്‍ വല്ലാത്തൊരു ഊര്‍ജ്ജം നമ്മുടെ സിരകളില്‍ നിറയ്ക്കും. അത് തിരിച്ചറിവിന്‍റേതാകുമ്പോള്‍ പ്രത്യേകിച്ചും. ഒരു ന്യൂ ജനറേഷന്‍കാരന്‍ പഴയ തലമുറയിലെ ഒരാള്‍ക്ക് മുന്‍പില്‍ താനേ മുട്ടുകുത്തി പോകുമ്പോള്‍ അതിലൊരു വാസനയും വശ്യതയും ഉണ്ട്.
ട്രെയിനിംഗിനിടയില്‍ ഏറെ പറഞ്ഞു കേട്ട ഒരു പേര് തപ്പിയാണ് ഞാന്‍ ബാദ്‌ലി വഴി ജജ്ജാറിലേക്ക് പോയത്; നരാങ് നര്‍വാള്‍ എന്ന ഗ്രാമമുഖ്യനെ കാണാന്‍. ഹരിയാനയിലെ ജജ്ജാറിനടുത്തുള്ള ഭട്ടേരയുടെ ഭാഗത്ത് അത്ര അറിയപ്പെടാത്ത ഈ ഗ്രാമമുഖ്യന്റെ പേര് നിരന്തരം ക്ലാസ്സ് മുറിയിലേക്ക് കയറി വന്നതായിരുന്നു നര്‍വാളിനെ തിരക്കിപോകാന്‍ കാരണം.
പ്രിഥ്വിരാജും ഗോറികളും പടയോട്ടം നടത്തി വശംകെടുത്തിയ മണ്ണാണ് ജജ്ജാറിലേത്. മുഗളരും നവാബുമാരും സിന്ധ്യന്മാരും പഠാന്‍മാരും മാറി മാറി തട്ടിക്കളിച്ച ജജ്ജാറിന്റെ പല ഭാഗങ്ങള്‍ ഇപ്പോഴും ഇരുണ്ടതാണ്. വെളിച്ചവും വികസനവും പതുക്കെ കടന്നു വന്നുകൊണ്ടിരിക്കുന്ന ഇരുട്ടറകള്‍. പാലും നെയ്യും ലെസ്സിയും (നമ്മുടെ മോരിന്‍ വെള്ളമാണിത് ഏറെക്കുറെ) അങ്ങനെ സകലതും പശുവാണ് ഇവിടുത്തുകാര്‍ക്ക്. അതിക്രമിച്ച് കയറിപ്പോയ, കയറൂരിപ്പോയ തന്റെ പശുവിന് വേണ്ടി പരസ്പരം പോരടിക്കുന്നവരെ ഈ വഴിവക്കിലുടനീളം കാണാം.
ആദ്യം ഗ്രാമമുഖ്യന്‍ എന്ന് കേട്ടപ്പോള്‍ തന്നെ ആവശ്യമില്ലാത്ത ഒരാളെന്നാണ് എനിക്ക് തോന്നിയത്. സ്വാതന്ത്ര്യം കിട്ടി ആറു പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഭരണ, ഉദ്യോഗസ്ഥസംവിധാനം ഇത്രയേറെ ശക്തിപ്പെട്ടിട്ടും രാഷ്ട്രീയ സമൂഹം ഇത്രമേല്‍ പന്തലിച്ചു കഴിഞ്ഞിട്ടും ഇപ്പോഴും ഗ്രാമം ഭരിക്കുന്ന ഗ്രാമത്തലവന്‍. കേട്ടപ്പോഴേ പണ്ട് ഗ്രാമത്തലവന്മാരെപ്പറ്റി കഥകളില്‍ നിന്ന് വായിച്ചറിഞ്ഞ ഉള്ളിലുള്ള പതിവ് ചിത്രമാണ് ഓര്‍മ വന്നത്. കിരീടം വെയ്ക്കാത്ത ഏകാധിപതി. ഭരണത്തിന് നല്ല ഉദ്യോഗസ്ഥരുള്ളപ്പോള്‍ ഇങ്ങനെയുള്ളവരെ നിരോധിക്കണമെന്ന മുന്‍വിധിയുമായാണ് ഞാനവിടെ കാലു കുത്തിയത് തന്നെ.
ഗ്രാമീണരെ പിഴിഞ്ഞൂറ്റിക്കുടിക്കുന്ന, ക്രൂരമുഖമുള്ള, കൊമ്പന്‍ മീശയുള്ള ഒരു ഗഡാഗഡിയനായിരിക്കണം അയാള്‍. സഹായികളായി തടിമിടുക്കുള്ള ഗുണ്ടകളെ പ്രതീക്ഷിച്ചിരുന്ന എനിക്ക് ആകപ്പാടെ തെറ്റിപ്പോയി. ചെന്ന് കണ്ടപ്പോള്‍, ആളൊരു മരത്തിനു ചുറ്റും ഗ്രാമീണര്‍ക്കൊപ്പം ചാണകവറളി പെറുക്കി വെയ്ക്കുകയാണ്.
സ്വാമി ഗജാനന്ദിനെ ഇവിടെ വെച്ചാണ് കണ്ടത്. രാവിലെ കുട്ടികള്‍ക്ക് സൗജന്യക്ലാസുകള്‍ എടുക്കുന്ന, വൈകുന്നേരങ്ങളില്‍ കൈ നോക്കി ഫലം പറയുന്ന യോഗി. അയാള്‍ എന്റെ കൂടെ വന്ന സുഹൃത്തിന്റെ കൈ നോക്കി ഫലം പ്രവചിച്ചപ്പോള്‍ മറ്റൊരു സുഹൃത്തിന് അറിയേണ്ടത് ഏതെങ്കിലും ആന്ധ്രക്കാരി പെണ്‍കുട്ടിയെ തനിക്ക് ഭാര്യയായി കിട്ടുമോ എന്നായിരുന്നു. ആന്ധ്രാ റെഡ്ഡികള്‍ കുറഞ്ഞത് കോടികള്‍ ആണത്രേ സ്ത്രീധനം കൊടുക്കുക. എവിടെ നിന്നോ ചോര്‍ന്നു കിട്ടിയ മുറിവാര്‍ത്തയാവണം; പാവം!
ബെസ്റ്റ് ഓഫ് അഴിമുഖം രക്ഷകരാഷ്ട്രീയം: ചരിത്രത്തിലും വര്‍ത്തമാനത്തിലും |
നചികേതെന്ന ഗ്രാമീണന്‍ തന്റെ ഇരുമ്പ് ആലയിലിരുന്ന് കത്തിയ്ക്ക് മൂര്‍ച്ച കൂട്ടുവല്ല; മറിച്ച് എം.എസ്.സി ക്കാരനായ അയാള്‍ പ്ലസ് ടു കുട്ടികള്‍ക്ക് എന്‍ട്രന്‍സ് പരിശീലനം നല്കുന്നു; സൌജന്യമായി. അത് തുടങ്ങിയത് നര്‍വാളും. ചാണകവറളി പൊടിച്ച് വളം ഉണ്ടാക്കുന്ന യന്ത്രം കണ്ടുപിടിച്ചത് ഐ ടി ഐ പഠിച്ച അന്‍ഷുമാനാണ്, പക്ഷേ അതിന് പിന്നിലെ ബുദ്ധി നര്‍വാളിന്റെതാണ്.
ഒരു മണ്‍ഗ്ലാസ്സില്‍ ചായ കുടിക്കുമ്പോള്‍ ആശാ വര്‍ക്കര്‍മാരാണ് എന്നോടാ കഥ പറഞ്ഞത്.
ഭട്ടേരയിലെ ഒരു പ്രദേശത്ത് സ്ത്രീകള്‍ പ്രസവത്തോടെ മരിക്കുന്ന കാലം. ഓരോ വീട്ടിലും അമ്മമാരില്ലാത്ത മൂന്നോ നാലോ കുട്ടികള്‍. പ്രസവത്തെ തുടര്‍ന്നുള്ള രക്തസ്രാവമാണ് പ്രശ്‌നം. ആരും രക്തദാനത്തിന് തയ്യാറല്ല. രക്തം കൊടുത്ത് കഴിഞ്ഞാല്‍ തങ്ങള്‍ പെട്ടെന്ന് മരിച്ചു പോകുമെന്നാണ് അവരുടെ ധാരണ. ഇനി ആരെങ്കിലും രക്തം കൊടുക്കാന്‍ തയ്യാറായി വന്നാല്‍ പലരും രക്തം സ്വീകരിക്കാനും തയ്യാറല്ല. രക്തം തരുന്നയാളുടെ ചീത്തസ്വഭാവങ്ങളും രോഗങ്ങളും തങ്ങളുടെ ഭാര്യമാര്‍ക്കും വരുമെന്ന് കരുതി രക്തം സ്വീകരിക്കാന്‍ പറ്റില്ലെന്ന് ഭര്‍ത്താക്കന്മാര്‍ നിര്‍ബന്ധം പിടിക്കും. മാനവേന്ദ്ര എന്നയാള്‍ ഭാര്യയെ ഉപേക്ഷിച്ചത് ഈ കാരണം പറഞ്ഞാണ്. കൂട്ടത്തില്‍ വര്‍ണവും വര്‍ഗ്ഗവും നോക്കി വരുമ്പോഴേക്കും ഭാര്യ മരിക്കും.
ഈ പ്രശ്‌നത്തിന് പരിഹാരം തേടിയാണ് ആശാ വര്‍ക്കര്‍മാര്‍ നര്‍വാളിനെ സമീപിച്ചത്. എങ്ങനെ അദേഹത്തെ കാര്യം പറഞ്ഞ് മനസിലാക്കും എന്നതായിരുന്നു അവരുടെ സംശയം. സ്‌കൂളിന്റെ പടി ചവിട്ടിയിട്ടില്ലാത്ത, ഒ പോസിറ്റിവും എ ബി നെഗറ്റിവും തമ്മില്‍ തിരിച്ചറിയാത്ത നര്‍വാള്‍ പക്ഷെ അന്ന് മുതല്‍ ഓരോ വീട്ടിലും കയറിയിറങ്ങി, ഓരോരുത്തരെയും കണ്ട് ഉപദേശിച്ചു. അതുമല്ല ആശാ വര്‍ക്കര്‍മാര്‍ക്കൊപ്പം ഇരുന്ന് പോസ്റ്ററുകള്‍ തയ്യാറാക്കി. നോട്ടീസുകള്‍ വിതരണം ചെയ്തു. ആശാ വര്‍ക്കര്‍മാര്‍ സംഘടിപ്പിച്ച സ്ത്രീകളുടെയും ഭര്‍ത്താക്കന്മാരുടേയും മീറ്റിങ്ങില്‍ പങ്കെടുത്തു. സ്വന്തം രക്തം പല തവണ ദാനം ചെയ്തു. കുറെ മാസങ്ങള്‍ക്കുള്ളില്‍ അമ്മമാരുടെ മരണം താനേ കുറഞ്ഞു. ഏതോ ഒരു എന്‍ ജി ഒ ഒരു അവാര്‍ഡുമായി സമീപിച്ചപ്പോള്‍ നര്‍വാള്‍ അത് നിരസിച്ചു കൊണ്ട് പറഞ്ഞു.
‘ഇതെന്റെ ജോലിയാണ്. ഒരു വിനോദമല്ല, നേരം പോക്കല്ല എനിക്കീ ഗ്രാമമുഖ്യസ്ഥാനം.’
എവിടെ നിന്നാണ് ഇദേഹത്തിന് ഇത്രയധികം ഊര്‍ജ്ജം കിട്ടുന്നത് ?അറിയില്ല .
പിരിയാന്‍ നേരം ഞാന്‍ നര്‍വാളിനോട് ചോദിച്ചു.
‘അങ്ങേയ്ക്ക് രാഷ്ട്രീയമില്ലെന്ന് അങ്ങ് പറയുന്നു. പക്ഷേ അങ്ങുമൊരു ഭരണകര്‍ത്താവാണ്. അതേ സമയം ഒരു ഉദ്യോഗസ്ഥനെ പോലെ അങ്ങേയ്ക്ക് ശമ്പളമോ ട്രെയിനിങ്ങോ കിട്ടുന്നുമില്ല. പിന്നെ എങ്ങനെയാണ് അങ്ങ് ഇതൊക്കെ നടത്തുന്നത് ? എന്നിട്ടുമെങ്ങനെയാണ് ഈ പ്ലാനുകള്‍ ഉണ്ടാക്കി കൂറിങ്ങനെ നിലനിര്‍ത്തുന്നത് ?’
‘ഞങ്ങള്‍ക്കെല്ലാം തരുന്നത് ഇന്ത്യയാണ് ; ഗവണ്‍മെന്റാണ്. ഞങ്ങളുടെ കുട്ടികളുടെ പ്രൈമറി ക്ലാസ്സിലെ സ്‌കോളര്‍ഷിപ്പുകള്‍ തൊട്ടു വളത്തിന്റെ സബ്‌സിഡികള്‍ വരെ. അതേ സ്‌നേഹം ഞങ്ങള്‍ തിരിച്ചു നല്കുന്നു; അത്രമാത്രം.
ഉള്ളില്‍ അപ്പോള്‍ തോന്നി; അതേ, ഇന്ത്യയുടെ ഗ്രാമീണതയെ മുന്നോട്ട് നയിക്കാന്‍ ഈ തഴമ്പാര്‍ന്ന കൈകള്‍ കൂടി വേണം. നമിച്ചേ മതിയാവൂ ഈ ഗ്രാമീണനെ, ഈ അറിവുകളെ.