ആദിവാസി കുട്ടികള്‍ ഫുട്‌ബോള്‍ കളിക്കാന്‍ പാടുണ്ടോ? പ്രത്യേകിച്ച് പെണ്‍കുട്ടികള്‍? പാടില്ലെന്ന് ഊരു വിലക്കി. ആണുങ്ങള്‍ വിലക്കി. പലരും അപവാദങ്ങള്‍ പ്രചരിപ്പിച്ചു. എന്നിട്ടും പെണ്‍കുട്ടികള്‍ പിന്മാറുന്നില്ലെന്നു കണ്ടപ്പോള്‍ ഊരിലെ ആണുങ്ങള്‍ പറഞ്ഞു, ഫുട്‌ബോള്‍ കളിക്കാന്‍ പോകുന്ന പെണ്ണുങ്ങളെ ഞങ്ങള്‍ കെട്ടില്ല.
ഫുട്‌ബോള്‍ ആരവം വീണ്ടും നിറയുന്ന കാലത്ത് കേട്ടിരിക്കേണ്ട കഥയാണിത്.
എന്നിട്ടും പെണ്‍കുട്ടികള്‍ കാല്‍വിരലുകളുടെ അറ്റത്ത് ഫുട്‌ബോള്‍ കോര്‍ത്തു. സ്‌പെയിനിലേക്ക് ഒരു പെനാല്‍റ്റി കിക്ക് നീട്ടിയടിച്ചു. ആ കിക്കില്‍ പെണ്‍കുട്ടികള്‍ ഒരു പുതിയ ചരിത്രം എഴുതുകയായിരുന്നു.
സ്‌പെയിനില്‍ നിന്ന് കപ്പുമായി പെണ്‍കുട്ടികള്‍ തിരിച്ചുവന്നപ്പോള്‍ അവര്‍ക്ക് മുന്‍പില്‍ പ്രണയാഭ്യര്‍ഥനകളുടെ നീണ്ട നിര.
ഇതൊരു ‘ചക്‌ദേ ഇന്ത്യന്‍’ കഥയാണ്. സ്വന്തം സ്വപ്നങ്ങള്‍ സ്വയം നിര്‍വചിച്ച് അതിനായി കാരിരിമ്പിന്റെ കരുത്തോടെ ഉയരാന്‍ കാത്തിരിക്കുന്ന ഓരോ ഗ്രാമീണ പെണ്‍കുട്ടികളുടേയും കഥ. അല്ലെങ്കില്‍ ഗ്രാമങ്ങളില്‍ നിന്ന് നാളെ ഇന്ത്യയുടെ കായിക ഭൂപടം മാറ്റിയെഴുതിയേക്കാവുന്ന ഓരോ കുഞ്ഞ് പി.ടി ഉഷമാരുടേയും ബൈചുംഗ് ബൂട്ടിയമാരുടേയും മേരി കോംമാരുടേയും സഞ്ജു പി. സാംസണ്‍മാരുടേയും കഥ.
എനിക്കൊപ്പം പ്രൊബോഷനിലുള്ള ഝാര്‍ഖണ്ഡ് സ്വദേശി വിഷ്ണുകാന്ത് ആണ് അദ്ദേഹത്തിന്റെ ബ്ലോക്കായ കാന്‍കേയിലെ ഉര്‍മാഞ്ചി ഗ്രാമത്തെ പറ്റി, അവിടുത്തെ ഫുട്‌ബോള്‍ പെണ്‍കുട്ടികളെ പറ്റി ആദ്യം എന്നോട് പറഞ്ഞത്.
അവരുടെ കഥ കേട്ടപ്പോള്‍ തന്നെ ആ ചുണക്കുട്ടികളെ കണ്ടേ പറ്റൂ എന്ന് ഞാന്‍ തീരുമാനിച്ചു.
റാഞ്ചിയില്‍ നിന്ന് 1992 മോഡല്‍ ട്രക്കറില്‍ നാഷണല്‍ ഹൈവേ-33ലൂടെ ഒരു യാത്ര. ഓയില്‍ ടാങ്ക് മുകളില്‍ വച്ച ഗംഹര്‍ മരങ്ങളും ഞാവലുകളും തണല്‍ വിരിക്കുന്ന വഴിത്താര.
ഇരുവശത്തും ധാന്‍ നിറഞ്ഞ പാടങ്ങള്‍.
വൈകുന്നേരത്തെ പ്രാക്ടീസിനിടയിലാണ് അവരെ കണ്ടത്. സ്‌പെയിനിലെ ഗാസ്ടിസ് കപ്പിനു വേണ്ടി പത്ത് ടീമുകള്‍ കളിച്ചതില്‍ മൂന്നാമതെത്തി ഈ കുട്ടികള്‍. അതും അന്താരാഷ്ട്ര ടീമുകള്‍ക്കെതിരെ. ഇവരെല്ലാം ആദ്യമായാണ് ഒരു അന്താരാഷ്ട്ര മാച്ച് കളിക്കുന്നതു തന്നെ. അതുകൊണ്ടു തന്നെ വിസ കിട്ടാന്‍ കൂട്ടത്തിലൊരാള്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റ് വേണം. ഗ്രാമത്തിലെ വീടുകളില്‍ ജനിച്ചതു കൊണ്ട് പലര്‍ക്കും ജനന സര്‍ട്ടിഫിക്കറ്റ് ഇല്ല. അതിനായി ചെന്നപ്പോള്‍ പഞ്ചായത്തിലെ ഉദ്യോഗസ്ഥര്‍ അവരെ ആട്ടിയോടിച്ചു. വന്നിരിക്കുന്നു പെണ്‍കുട്ടികള്‍, അതും സ്‌പെയിനില്‍ പോകാന്‍, അതും ഫുട്‌ബോള്‍ കളിക്കാന്‍ എന്ന മട്ടില്‍.
ഫുട്‌ബോള്‍ കളിക്കാന്‍ പോകാതെ തൊഴിലുറപ്പ് പദ്ധതിക്ക് പോയി വരുമാനമുണ്ടാക്കാന്‍ പെണ്‍കുട്ടികളോട് പറഞ്ഞ വിദ്വാന്‍മാര്‍ വരെ ഇക്കൂട്ടത്തിലുണ്ട്.
ഒടുവില്‍ ഒരുവിധം ജനനസര്‍ട്ടിഫിക്കറ്റും കിട്ടി. ഒടുവില്‍ കപ്പുമായി തിരിച്ചുവന്നപ്പോള്‍ എല്ലാവര്‍ക്കും പെരുത്ത സന്തോഷം.
ജുമാര്‍ എന്ന നാടന്‍ പാട്ടുപാടി, സാരിയുടുത്ത്, മുടിയില്‍ പൂക്കള്‍ ചൂടിയാണ് ഈ പെണ്‍കുട്ടികള്‍ കപ്പ് വാങ്ങാന്‍ വേദിയില്‍ കയറിയത്.
‘എന്തിനാണ് നിങ്ങള്‍ സാരിയുടത്ത് പോയത്’? ഞാന്‍ ആരാഞ്ഞു.
‘ഇന്ത്യയുടെ വേഷം സാരിയാണ്, ഞങ്ങള്‍ ആദ്യം ഇന്ത്യക്കാരാണ്, പിന്നെ ഝാര്‍ഖണ്ഡുകാരും’.
‘വിമാനത്തില്‍ കയറിയപ്പോള്‍ പേടിച്ചോ’? കൂടെ വന്ന നാട്ടുകാരനായ വിഷ്ണുകാന്ത് കുസൃതിയോടെ ചോദിച്ചു.
‘വിമാനത്തില്‍ കയറിയപ്പോള്‍ ആദ്യം ഒന്നു പേടിച്ചു. ചുറ്റിനും വിദേശികള്‍. വിമാനം റണ്‍വേയില്‍ നിന്ന് കുറച്ച് ഓടിയിട്ട് പെട്ടെന്ന് ഉയര്‍ന്നപ്പോള്‍ നെഞ്ച് കാളിപ്പോയി’- ക്യാപ്റ്റന്‍ റിങ്കു കുമാരി നിഷ്‌കളങ്കതയോടെ പറഞ്ഞു.
‘എന്താണ് നിങ്ങളുടെ ആഗ്രഹങ്ങള്‍’- ഞാന്‍ ചോദിച്ചു.
‘ഞങ്ങള്‍ക്കിനിയും കളിക്കണം, ദേശീയതലത്തില്‍ ഝാര്‍ഖണ്ഡിനും വേണ്ടി കപ്പുയര്‍ത്തുകയാണ് അടുത്ത ലക്ഷ്യം. അങ്ങനെയെങ്കില്‍ സ്‌പോര്‍ട്‌സ് ക്വോട്ടയില്‍ ജോലി കിട്ടുമെന്ന് മാസറ്റര്‍ പറഞ്ഞു’. അതും പറഞ്ഞ് പുനീത് അമേരിക്കയില്‍ നിന്നുവന്ന കോച്ച് ഫ്രാന്‍സ് ഗാസ്‌ലെറിനു നേര്‍ക്ക് കൈചൂണ്ടി.
ഗാസ് ലെര്‍ ആണ് ഗ്രൂപ്പിന്റെ കോച്ച്. ഇവരെ പരിശീലിപ്പിക്കുന്നതിന്റെ പേരില്‍ അദ്ദേഹം കേട്ട ചീത്തവിളികള്‍ക്ക് കണക്കില്ല. ഏതുവിദേശിയും ഗ്രാമീണരുടെ കണ്ണില്‍ കുട്ടികളെ കടത്തിക്കൊണ്ട് പോകുന്നവരാണ്.
അച്ഛന്‍ മരിച്ച, ശിവാനി ടോപ്പോ എന്ന ഫുട്‌ബോള്‍ കളിക്കാന്‍ വന്ന പെണ്‍കുട്ടിയെ ഗാസ് ലെര്‍ വില്‍ക്കുമെന്നുവരെ ശത്രുക്കള്‍ കഥ പരത്തി. അയാള്‍ കുട്ടികളെ വില്‍ക്കും, സ്വഭാവം ചീത്തയാക്കും എന്നൊക്കെ പോയി ആരോപണങ്ങള്‍. അതിനിടയില്‍ ശിവാനി ശ്രീലങ്കയില്‍ പോയി അണ്ടര്‍-14 ഫുട്‌ബോള്‍ കളിച്ച് കപ്പുമായി തിരിച്ചുവന്നു.
പിന്നെ ശിവാനി സ്‌പോര്‍ട്‌സ് ബനിയനും ഷോട്‌സും ധരിക്കുന്നതിലായി പ്രശ്‌നം.
പുനീത് പറയുന്നതു കേട്ട് അവരുടെ മാസ്റ്റര്‍ വെള്ളാരംകണ്ണുകളില്‍ കുസൃതിയൊളിപ്പിച്ച് ചിരിച്ചു.
‘അതുമാത്രമല്ല, കപ്പു കിട്ടിയാല്‍ സര്‍ക്കാര്‍ ഞങ്ങളെ സഹായിക്കുമെന്നും പൈസ തരുമെന്നും മാസ്റ്റര്‍ പറഞ്ഞു. അങ്ങനെയെങ്കില്‍….’ ബാക്കി പറയണോ എന്ന മട്ടില്‍ പുനീത് തൊട്ടു പുറകിലിരുന്ന ജ്വാലയെ നോക്കി.
‘അങ്ങനെയെങ്കില്‍’? ഞാന്‍ വീണ്ടും ചോദിച്ചു. അവള്‍ പതുക്കെ പറഞ്ഞു.
‘അങ്ങനെയെങ്കില്‍ ഞങ്ങളുടെ കുടിലുകളില്‍ ഇത്തവണ ഓലയ്ക്ക് പകരം ടിന്‍ ഷീറ്റുകള്‍ ഉയരും. മൂന്നു ദിവസത്തിലൊരിക്കല്‍ കിട്ടുന്ന ദാല്‍ കറി ചിലപ്പോള്‍ എല്ലാ ദിവസവും കിട്ടും’.
ഒരുനിമിഷം മൊത്തം പേരു തലതാഴ്ത്തി കുനിഞ്ഞിരുന്നു.
കൂട്ടത്തില്‍ മുതിര്‍ന്നതെന്ന് തോന്നിച്ച മധൂര്‍ പെട്ടെന്ന് തിരിഞ്ഞ് പുനീതിനോട് പറഞ്ഞു. ‘ബഖ്‌വാസ്, ചോട്‌ദോ’. എന്നുവച്ചാല്‍ വെറുതെ നോണ്‍സെന്‍സ് പറയുന്നത് നിര്‍ത്തെന്ന്.
എല്ലാവരും ചിരിച്ചു. ഇതാവണം അവരുടെ ടീം സ്പിരിറ്റിന്റെ കാരണം. ചിരിക്കുമ്പോള്‍ എല്ലാവരും ഒരുമിച്ച് ചിരിക്കും. തല കുനിക്കുമ്പോള്‍ ഒരുമിച്ചു മാത്രം.
‘എങ്ങനെയാണ് ജ്വാല ഇത്ര വേഗത്തില്‍, മിന്നല്‍പിണര്‍ പോലെ പായുന്നത്’? ഞാന്‍ അവളോട് ചോദിച്ചു.
‘ചെറുപ്പം തൊട്ടേ അച്ഛനോടൊപ്പം പശുമ്പേയ്ക്ക് പുറകേ ഓടിയിട്ടാ’ പറഞ്ഞിട്ട് അവള്‍ കുടുകുടാ ചിരിക്കാന്‍ തുടങ്ങി.
ശരിയായിരിക്കണം, ഞാന്‍ പണ്ട് പ്രസംഗം പഠിച്ചത് വീടിനു പിന്നിലെ പറമ്പിലുള്ള കപ്പയിലകളോട് സംസാരിച്ചായിരുന്നു. പാവം കപ്പയിലകള്‍.. ഞാന്‍ എന്തു പറഞ്ഞാലും അവ സഹിക്കണം, തീരുംവരെ കേട്ടിരിക്കണം.
ഇറങ്ങാന്‍ നേരം മധൂറിനോട് ഞാന്‍ ചോദിച്ചു.
‘ഇപ്പോഴും പ്രണയാഭ്യര്‍ഥനയുമായി ആ പയ്യന്മാര്‍ വരാറുണ്ടോ’?
മധൂര്‍ കുമാരി നിഷ്‌കളങ്കമായ ചിരിയോടെ പറഞ്ഞു, ‘ഞങ്ങള്‍ പ്രാക്ടീസ് ചെയ്യുമ്പോള്‍ അവന്മാര്‍ ഒളിഞ്ഞും പാത്തും കളി കാണാന്‍ നോക്കും, ഞങ്ങള്‍ അപ്പോള്‍ ലോംഗ് പാസുകള്‍ തൊടുത്ത് അവന്മാരെ പേടിപ്പിക്കും. അവന്മാര്‍ പേടിച്ചോടും’.
എല്ലാവരും ആര്‍ത്തു ചിരിച്ചു. ആ ചിരിയിലൊരു സ്വാതന്ത്ര്യ പ്രഖ്യാപനമുണ്ട്, കൂട്ടായ സ്വാതന്ത്ര്യപ്രഖ്യാപനം.
ചുവടറ്റം
ആദിവാസി പുരുഷന്മാര്‍ പെണ്‍കുട്ടികളെ ഫുട്‌ബോള്‍ കളിക്കാന്‍ വിടാതിരുന്നതിനു പിന്നില്‍ ഒരുദ്ദേശമുണ്ട്. എങ്ങാനും ഇവര്‍ ഫുട്‌ബോള്‍ പഠിച്ചാല്‍ വീട്ടില്‍ വഴക്കുണ്ടാക്കുമ്പോള്‍ ഭര്‍ത്താവിനെ പെണ്‍കുട്ടികള്‍ കാല്‍വിരലുകളുടെ അറ്റത്ത് ഫുട്‌ബോള്‍ പോലെ കോര്‍ത്ത് ഒരു ഫ്രീകിക്ക് കണക്കെ നീട്ടിയടിച്ചാല്‍ അതോടെ തീര്‍ന്നില്ലേ!