UPDATES

സിനിമ

ബുര്‍ഖയ്ക്കുള്ളിലെ ലിപ്സ്റ്റിക് സ്വപ്നങ്ങള്‍

ജയിക്കുന്ന പെണ്ണുങ്ങളുടെ കഥയല്ല ഇത്. സ്വപ്നം കാണുകയും തോറ്റു പോവുകയും ചെയ്യുന്ന, എന്നാല്‍ വീണ്ടും വീണ്ടും സ്വപ്നം കണ്ടു കൊണ്ടേയിരിക്കുന്ന സ്ത്രീകളുടെ കഥയാണ്.

“ഹമാരീ ആസാദീ സേ ആപ് ഇത്‌നാ ഡര്‍തേ ക്യൂ ഹേ?”
(ഞങ്ങളുടെ സ്വാതന്ത്ര്യത്തെ നിങ്ങളെന്തിനാണ് ഇത്ര ഭയക്കുന്നത്?)

ഇന്ത്യയില്‍ സ്ത്രീപക്ഷ സിനിമകള്‍ കാര്യമായി വരാന്‍ തുടങ്ങിയിട്ട് – ഒറ്റപ്പെട്ടവ ഒഴിച്ച് നിര്‍ത്തിയാല്‍ – അധിക കാലമായിട്ടില്ല. സ്ത്രീസ്വാതന്ത്ര്യം തീരെയില്ല എന്ന് പൊതുവെ പറയപ്പെടുന്ന ഇറാന്‍ അടക്കമുള്ള മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ ഈ വിഷയത്തില്‍ ഇന്ത്യയേക്കാള്‍ ഏറെ മുന്നിലാണെന്നതാണ് യാഥാര്‍ഥ്യം. ഏറെ വൈകിയാണെങ്കിലും ഇന്ത്യന്‍ സിനിമയിലെ സ്ത്രീകഥാപാത്രം, പുരുഷന്റെ കണ്ണിലെ പെണ്ണ് – കുലീനയായ വീട്ടമ്മ മുതല്‍ മദാലസയായ കൊച്ചമ്മ വരെ, സര്‍വംസഹയായ കുടുംബിനി മുതല്‍ എന്നെങ്കിലും നായകനടിപ്പെടേണ്ട തന്റേടിയായ പെണ്ണ് വരെ, നുണ പറയുന്ന നായകനെ വിശ്വസിക്കുന്ന നിഷ്‌കളങ്ക മുതല്‍ നായകനെ വഞ്ചിക്കുന്ന സ്വാര്‍ത്ഥമതി വരെ, നോക്കൂ, നമ്മുടെ എല്ലാ സ്ത്രീ കഥാപാത്രങ്ങളും പുരുഷന്റെ രുചികള്‍ക്ക് വേണ്ടി തയ്യാറാക്കപ്പെട്ടിരിക്കുന്നവയാണ് – എന്ന കെട്ട് പൊട്ടിച്ച് അവളുടെ ഉള്ളിലേക്ക് നോക്കാന്‍ തുടങ്ങിയിരിക്കുന്നു. മലയാളത്തില്‍ നിന്ന് റാണി പദ്മിനിയും തമിഴില്‍ നിന്ന് ഇരൈവിയും ബോളിവുഡില്‍ നിന്ന് പിങ്കും പാര്‍ച്ച്ഡും ഒക്കെ ഇങ്ങനെയൊരു നോട്ടത്തിന് തയ്യാറായ സിനിമകളാണ്.

സ്ത്രീപക്ഷ സിനിമകളുടെ ഒരു കാറ്റ് 2010ന് ശേഷം ഇന്ത്യന്‍ സിനിമയില്‍ ശക്തമായി വീശുന്നുണ്ടെന്ന് തന്നെ പറയാം. ആ അര്‍ത്ഥത്തില്‍ ഈ സിനിമകളുടെ തുടര്‍ച്ചയായിരിക്കുമ്പോള്‍ തന്നെ മേല്‍ സൂചിപ്പിച്ച സിനിമകള്‍ക്കെല്ലാമുള്ള സമാനമായ അന്ത്യത്തില്‍ നിന്ന് വളരെ ദൂരെ മാറി നില്‍ക്കുന്ന ഒന്നാണ് അലംകൃത ശ്രീവാസ്തവയുടെ രണ്ടാം ചിത്രമായ ലിപ്സ്റ്റിക്ക് അണ്ടര്‍ മൈ ബുര്‍ഖ. മറ്റ് സിനിമകള്‍ അവയിലെ കേന്ദ്രകഥാപാത്രങ്ങളായ സ്ത്രീകളെ, അവരെ അടക്കി നിര്‍ത്തിയിരുന്ന സമൂഹത്തില്‍ നിന്ന് സ്വതന്ത്രരാക്കുന്നതിന്റെ സൂചനകളിലൂടെ ഒരു നല്ല നാളെയുടെ സ്വപ്നം കാണിച്ചു തരുന്നുണ്ടെങ്കില്‍ അങ്ങനെയൊരു സ്വപ്നത്തിന്റെ ഭാരം ബുര്‍ഖയ്ക്കില്ല. ലിപ്സ്റ്റിക്കിനെ ബുര്‍ഖയ്ക്കുള്ളില്‍ ഒളിപ്പിക്കുന്ന സ്ത്രീകളുടെ കഥയാണിത്. നല്ല നാളെ എന്ന വ്യര്‍ത്ഥ സ്വപ്നത്തേക്കാള്‍ അവര്‍ക്ക് പ്രിയം ഇന്നിന്റെ രഹസ്യങ്ങളോടാണ്. അതുകൊണ്ട് തന്നെ, ഈ സിനിമ ഇന്ത്യന്‍ സ്ത്രീകളോട് ഏറ്റവും ചേര്‍ന്നുനില്‍ക്കുന്ന ഒന്നാണെന്ന് പറയാം.

നാലും ഒന്നും അഞ്ച് സ്ത്രീകളുടെ കഥയാണ് ലിപ്സ്റ്റിക്ക് അണ്ടര്‍ മൈ ബുര്‍ഖ. സ്വപ്നം കാണുകയും കാണുന്ന സ്വപ്നങ്ങളെ ഒരേ സമയം സ്‌നേഹിക്കുകയും ഭയക്കുകയും ചെയ്യുന്ന പതിനെട്ടിനും അന്‍പത്തിഅഞ്ചിനും ഇടയില്‍ പ്രായമുള്ള നാല് ‘റിയല്‍’ സ്ത്രീകളും ഒരു ഹിന്ദി ഇറോട്ടിക്ക് നോവലില്‍ ഇരുന്ന് തന്റെ ‘പുരുഷവായനക്കാര്‍ക്ക്’ വേണ്ടി സ്വപ്നം കാണുന്ന ഫിക്ഷണല്‍ സ്ത്രീയും ചേര്‍ന്നാണ് സിനിമയെ മുന്നോട്ട് നയിക്കുന്നത്. ഭോപ്പാല്‍ നഗരത്തിലെ ഒരു ഇടുങ്ങിയ തെരുവില്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള ‘ഹവായി മന്‍സില്‍’ എന്ന കെട്ടിടത്തിന്റെ ഉടമയാണ് അന്‍പത്തിഅഞ്ചുകാരിയായ ഉഷ പര്‍മാര്‍ എന്ന എല്ലാവരുടെയും ബുവാജി (രത്‌ന പാഠക്). ആ വലിയ കെട്ടിടത്തിലെ അന്തേവാസികളാണ് ഭര്‍ത്താവിനോടും മൂന്ന് മക്കളോടും ഒപ്പം താമസിക്കുന്ന ആയ ഷിറീന്‍ (കൊങ്കണ സെന്‍), അമ്മയോടൊപ്പം താമസിക്കുന്ന ലീല (അഹാന കുമ്ര), ഉമ്മയോടും ബാപ്പയോടും ഒപ്പം താമസിക്കുന്ന പതിനെട്ടുകാരി റിഹാന (പ്ലബിത ബോര്‍ഥാക്കൂര്‍) എന്നീ മറ്റ് കഥാപാത്രങ്ങള്‍. ഈ നാല് പേര്‍ക്കും ഓരോ സ്വപ്നങ്ങളുണ്ട്, ആ സ്വപ്നങ്ങളിലേക്ക് എത്തിച്ചേരാന്‍ അവര്‍ക്കെല്ലാം ചില രഹസ്യങ്ങളുണ്ട്, ആ രഹസ്യങ്ങളെ മറച്ചു പിടിക്കാന്‍ ഒരു മറയുണ്ട്. എല്ലാത്തിനും മേലെ സ്വപ്നം കാണാനുള്ള തങ്ങളുടെ അവകാശത്തെ എപ്പോഴൊക്കെയോ സംശയത്തോടെ നോക്കുന്നവരാണ് ഈ നാലു പേരും. ഇവരിലൊരാളായിരിക്കുമ്പോഴും ഇവരില്‍ നിന്ന് വ്യത്യസ്തയായ റോസിക്ക് – ഒരു പള്‍പ്പ് നോവലിലെ നായികയാണ് റോസി – സ്വപ്നങ്ങളേയുള്ളൂ, രഹസ്യങ്ങളില്ല, മറയില്ല, സംശയങ്ങളില്ല.

‘മൊഹല്ല’യിലെ എല്ലാവരാലും ബഹുമാനിക്കപ്പെടുന്ന ആളാണ് ബുവാജി. ഹവായി മന്‍സിലിന് വില പറയാന്‍ വരുന്ന കോര്‍പറേറ്റ് കമ്പനിയ്ക്ക് മുന്നില്‍ നിശ്ചയദാര്‍ഢ്യത്തോടെ നിന്ന് മറുപടി പറയുന്ന ബുവാജി അവിടുത്തെ പുരുഷന്മാരുടെയടക്കം ധൈര്യമാണ്. ഹവായി മന്‍സിലിലെ മുറികള്‍ വാടകയ്ക്ക് കൊടുക്കുന്നതും ഹവായി മിഠായി ഭണ്ഡാര്‍ എന്ന പലഹാരക്കട നടത്തുന്നതുമൊക്കെ ബുവാജിയാണ്. ബുവാജിയുടെ കാര്യക്കാരായി മാത്രമേ വീട്ടിലേ ആണുങ്ങള്‍ വരുന്നുള്ളൂ. അങ്ങനെ ഒരാളില്‍ നിന്ന് പ്രതീക്ഷിക്കാത്തതാണെങ്കിലും വില കുറഞ്ഞ, നാലാംകിട ലൈംഗിക സാഹിത്യം വായിക്കുക എന്നൊരു ശീലമുണ്ട് ബുവാജിയ്ക്ക്. ആളുകളില്‍ തന്നില്‍ നിന്ന് പ്രതീക്ഷിക്കാത്തത് ചെയ്യുകയാണെന്ന ബോധ്യത്തില്‍ ‘നല്ല’ പുസ്തകങ്ങള്‍ക്കുള്ളില്‍ ഒളിച്ചു വെച്ചാണ് ബുവാജി വായന നടത്തുന്നത്. ബുവാജി വായിക്കുന്ന ‘ലിപ്സ്റ്റിക്ക് വാലി ഡ്രീംസ്’ എന്ന നോവലിലെ നായികയാണ് റോസി (റോസിയെ വായിക്കുന്ന ബുവാജിയുടെ നരേഷന്‍ നാല് പേരുടെയും ‘രഹസ്യങ്ങളു’ടെ വിഷ്വല്‍സുമായി സംയോജിപ്പിച്ച് എല്ലാവരിലെയും ‘റോസിസം’ വെളിവാക്കുന്നുണ്ട് സംവിധായിക). റോസി എന്ന ലൈംഗികദാഹിയായ മധ്യവയസ്‌കയില്‍ ബുവാജി തന്നെത്തന്നെ കാണുന്നു.

ഷിറീന്‍ ഒരു സെയില്‍സ് വുമണ്‍ ആണ്. വീടുവീടാന്തരം കയറിയിറങ്ങി, ജോലി ചെയ്യുന്ന കമ്പനിയുടെ പല വിധ ഉല്‍പ്പന്നങ്ങള്‍ തന്റെ വാക്ചാതുരിയാല്‍ കച്ചവടം ചെയ്യുന്ന ഷിറീന്‍ മികച്ച സെയില്‍സ് ഗേളായി തിരഞ്ഞെടുക്കപ്പെടുന്നുണ്ട്. എന്നാല്‍ ഇതൊക്കെ അവള്‍ ചെയ്യുന്നത് ഭര്‍ത്താവ് അറിയാതെയാണ്. സൗദിയില്‍ ഉണ്ടായിരുന്ന ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തിയ അയാള്‍ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ജോലിയുണ്ടെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ശമ്പളം കിട്ടാന്‍ വൈകുന്നു എന്ന കാരണത്താല്‍ വീട്ടുചെലവുകള്‍ നടത്താന്‍ അയാള്‍ക്ക് സാധിക്കുന്നില്ല. ഭര്‍ത്താവറിയാതെ ചെയ്യുന്ന ജോലിയില്‍ നിന്നുള്ള ഷിറീന്റെ വരുമാനമാണ് ആ കുടുംബത്തിന്റെ അത്താണി. എന്നാല്‍ ഭര്‍ത്താവാകട്ടെ, അവരെ കാണുന്നത് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാനും കുട്ടികളെ ഉണ്ടാക്കാനുമുള്ള ഒരുപകരണം മാത്രമായി ആണ്. ഭാര്യയ്ക്ക് സ്‌നേഹമോ പരിഗണനയോ കൊടുക്കുക എന്നത് അയാളുടെ വിദൂരചിന്തകളില്‍ പോലുമില്ലാത്ത കാര്യമാണ്. ഷിറീന്‍ സന്തോഷം കണ്ടെത്തുന്നത് തന്റെ ജോലിയിലാണ്. അതവള്‍ക്ക് കേവലം ധനസമ്പാദനമാര്‍ഗം മാത്രമല്ലെന്ന് അവള്‍ കച്ചവടത്തിനിറങ്ങുമ്പോള്‍ ഉള്ള കാഴ്ചകള്‍ നമ്മോട് പറയുന്നുണ്ട്.

ലീല ഹവായി മന്‍സിലിലെയും ചുറ്റുവട്ടത്തെയും സ്ത്രീകള്‍ക്ക് ‘ത്രെഡിങ്ങും’ ‘വാക്സിങ്ങും’ ചെയ്ത കൊടുക്കുന്ന ബ്യൂട്ടിഷ്യനാണ്. തന്റെ വിവാഹം നടത്താനുള്ള അമ്മയുടെ തീരുമാനം അവള്‍ക്ക് ഒട്ടും സ്വീകാര്യമല്ല. ജീവിതത്തെ കുറിച്ച് അവള്‍ക്ക് കുറേക്കൂടെ വലിയ സ്വപ്നങ്ങളാണുള്ളത്. അതിനു വേണ്ടി തന്റെ കാമുകനുമായി ചേര്‍ന്ന് നാട് വിടാനുള്ള പദ്ധതി തയ്യാറാക്കുന്നുണ്ട് അവള്‍. ശ്വാസം മുട്ടിക്കുന്നത്ര ഇടുങ്ങിയ ഭോപ്പാലില്‍ നിന്ന് രക്ഷപ്പെടുക, വലിയ നഗരങ്ങളില്‍ ചെന്ന് ബ്രൈഡല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആവുക ഇതൊക്കെയാണ് ലീലയുടെ സ്വപ്നങ്ങള്‍.

കൂട്ടത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ പതിനെട്ടുകാരിയായ റിഹാന, മിലി സൈറസിനെപ്പോലെ ഒരു പാട്ടുകാരിയാവാന്‍ കൊതിക്കുന്നു. ഫ്രഷറായ റിഹാനയെ കോളേജില്‍ കാണുന്നത് കോളേജ് ബാന്‍ഡില്‍ ചേരാനുള്ള ആഗ്രഹവുമായി നടക്കുന്നതായി മാത്രമാണ്. അങ്ങനെ ഒരവസരം സൃഷ്ടിക്കാന്‍ കൂട്ടുകാരുടെ മുന്നില്‍ ട്രെന്‍ഡി ആയ വിലപിടിച്ച വസ്ത്രങ്ങള്‍ ധരിച്ചും സിഗരറ്റ് വലിച്ചും മദ്യപിച്ചും താന്‍ ‘മോഡേണ്‍’ ആണെന്ന് തെളിയിക്കാന്‍ ശ്രമിക്കുന്നുണ്ട് അവള്‍. എന്നാല്‍ ബുര്‍ഖ കച്ചവടക്കാരനായ ഉപ്പയുടെ യാഥാസ്ഥിതികതയ്ക്ക് മുന്നില്‍ ബുര്‍ഖയണിഞ്ഞ് മാത്രമേ റിഹാന പ്രത്യക്ഷപ്പെടുന്നുള്ളൂ. കോളേജ് കഴിഞ്ഞെത്തിയാല്‍ ഉപ്പയുടെ കടയിലിരുന്ന് ബുര്‍ഖ തയ്ക്കുന്ന ‘അടക്ക’മുള്ള പെണ്‍കുട്ടിയുമാണവള്‍.

ഈ സിനിമയുടെ വലിയൊരു ഭാഗം ഫോക്കസ് ചെയ്യുന്നത് കേന്ദ്രകഥാപാത്രങ്ങളായ നാല് സ്ത്രീകളുടെയും രഹസ്യലോകത്തേക്കാണ്. വിധവയായ ബുവാജിയുടെ ജീവിതത്തിലെ ലൈംഗികരാഹിത്യം അവരെ ലൈംഗിക സാഹിത്യത്തിലേക്കും, അത് അവരെ കൂടുതല്‍ ലൈംഗികതയിലേക്കും അഭിനിവേശിപ്പിക്കുന്നുണ്ട്. വീട്ടിലെ കുട്ടികളുടെ കൂടെ സ്വിമ്മിംഗ് പൂളിലെത്തുന്ന ബുവാജി അവിടെ വെച്ച് യുവാവായ ഒരു നീന്തല്‍ പരിശീലകനില്‍ ആകൃഷ്ടയാകുന്നു. അയാളുടെ സിക്‌സ് പാക്ക് ശരീരം അതിനൊരു കാരണമാവുന്നുണ്ടെങ്കിലും അയാളില്‍ നിന്ന് വരുന്ന ഒരു ചോദ്യമാണ് ബുവാജിയെ അയാളോടടുപ്പിക്കുന്നത്. തന്റെ പേര് ബുവാജി എന്നാണെന്ന് പറയുമ്പോള്‍ ‘ആരുടെ ബുവാജി? ഏതായാലും എന്റെയല്ല. നിങ്ങളുടെ പേര് പറയൂ’ എന്നാണയാള്‍ പറയുന്നത്. അപ്പോള്‍ മാത്രമാണ് ഇത്ര നേരമായും ബുവാജിയുടെ പേര് തനിക്കുമറിയില്ലല്ലോ എന്ന് പ്രേക്ഷകനും തന്റെ യഥാര്‍ത്ഥ പേര് താന്‍ മറന്നേ പോയെന്ന് ബുവാജിയും ഓര്‍ക്കുന്നത്.

തന്റെ പേര് താന്‍ മറന്നേ പോയിരിക്കുന്നു എന്ന ഞെട്ടലും താന്‍ ആരുടെയൊക്കെയോ ബുവാജി മാത്രമായിരിക്കുന്നു എന്ന ബോധ്യവും ഓര്‍മകളുടെ ആഴങ്ങളില്‍ എവിടെയോ ഒളിച്ചിരിക്കുന്ന തന്റെ പേര് കണ്ടെത്താനുള്ള ആന്തലും നിമിഷാര്‍ധങ്ങളുടെ ഇടവേളകളില്‍ ആ മുഖത്തു മിന്നിമായുന്നത് കാണാം. ഓര്‍മകളില്‍ എവിടെ നിന്നോ പരതിയെടുത്ത ആ പേര് മറ്റേതോ കാലത്തില്‍ നിന്നെന്ന പോലെ അവര്‍ മന്ത്രിക്കുന്നു. ‘ഉഷ….ഉഷാ പര്‍മാര്‍’. വര്‍ഷങ്ങള്‍ക്ക് മുന്‍പ് താന്‍ ബുവാജിയാവാന്‍ വേണ്ടി ഉപേക്ഷിച്ച ഉഷ എന്ന ഐഡന്റിറ്റിയിലേക്ക് തന്നെ തിരിച്ചെത്തിച്ചത് കൊണ്ട് കൂടിയാണ് ‘മാസ്റ്റര്‍ജി’ അവര്‍ക്ക് പ്രിയതമന്‍ ആവുന്നത്. വീട്ടില്‍ ആരുമറിയാതെ നീന്തല്‍ പഠിക്കാനും അത് വഴി തന്റെ കാമുകന്റെ കൂടെ സമയം ചെലവഴിക്കാനും അവര്‍ തീരുമാനിക്കുന്നു. പുതിയ സ്വിമ്മിംഗ് സ്യൂട്ട് വാങ്ങാനും നീന്തല്‍ പരിശീലനം തുടങ്ങാനും ധൈര്യം കാണിക്കുന്ന ഉഷ പക്ഷെ തന്റെ മനസ്സിലുള്ളത് മാസ്റ്റര്‍ജിയോട് പറയാന്‍ മടിക്കുന്നു. അതിനു വേണ്ടി അവര്‍ നോവലിലെ റോസി ആയി മാറി അയാളെ ഫോണ്‍ ചെയ്യുകയും അവര്‍ക്കിടയില്‍ ഫോണ്‍ സെക്‌സിന്റെതായ ഒരു ബന്ധം ഉടലെടുക്കുകയും ചെയ്യുന്നു. ബുവാജിയുടെ രഹസ്യലോകം വലുതായിക്കൊണ്ടേയിരിക്കുന്നു.

ലൈംഗികരാഹിത്യമാണ് ഉഷയുടെ പ്രശ്‌നമെങ്കില്‍ ഷിറീന്‍ ദിനേന മാരിറ്റല്‍ റേപ്പിന് ഇരയായിക്കൊണ്ടിരിക്കുന്ന ആളാണ്. മുരടനായ ഭര്‍ത്താവ് ദിവസവും ചടങ്ങെന്ന പോലെ അവളില്‍ ലൈംഗികപൂര്‍ത്തീകരണം നടത്തുന്നു. അവളുടെ മടുപ്പോ വേദനയോ മറ്റു ചിന്തകളോ ഒന്നും അയാളെ ബാധിക്കുന്നില്ല. അവളുടെ താല്‍പര്യം പോയിട്ട് അയാളുടെ താല്പര്യത്തെക്കുറിച്ചു പോലും അയാള്‍ ബോധവാനാണോ എന്ന് സംശയമാണ്. എന്നും രാത്രി ഭാര്യയെ ലൈംഗികമായി കീഴ്‌പ്പെടുത്തേണ്ടത് തന്നിലെ ആണിന്റെ അധികാരസ്ഥാപനമായി ആണ് അയാള്‍ കാണുന്നത്. എന്നാല്‍ തന്റെ ജീവിതത്തിലെ ഒരേയൊരു സന്തോഷമായ ജോലിയ്ക്ക് ഇതൊരു തടസ്സമാവും എന്നതാണ് ഷിറീന്റെ പ്രശ്‌നം. തന്റെ താല്‍പര്യമില്ലായ്മയെക്കുറിച്ച് അയാള്‍ ചിന്തിക്കുന്നില്ല എന്നതല്ല, അയാള്‍ ഒരു കോണ്ടം ഉപയോഗിക്കാന്‍ തയ്യാറാവുന്നില്ല എന്നതാണ് അവളെ വിഷമിപ്പിക്കുന്നത്. താന്‍ ജോലി ചെയ്യുന്ന കാര്യം അയാളില്‍ നിന്ന് മറച്ചു വെക്കാന്‍ ചെലുത്തുന്ന അതെ ശ്രദ്ധ, താന്‍ അയാളുടെ അച്ചടക്കമുള്ളവളും സന്തോഷവതിയുമായ ഭാര്യയാണെന്ന് സ്ഥാപിക്കാനും അവള്‍ ശ്രമിക്കുന്നുണ്ട്. സെയില്‍സ്‌ഗേളില്‍ നിന്ന് സെയില്‍സ് ട്രെയിനര്‍ ആയി കയറ്റം കിട്ടുന്നതില്‍ ഷിറീന്‍ സന്തുഷ്ടയാണെങ്കിലും അതൊരു ണയന്‍ ടു ഫൈവ് ജോലി ആണെന്നത് അവളെ കുഴപ്പിക്കുന്നു. താന്‍ ജോലി ചെയ്യുന്നു എന്ന വിവരം ഭര്‍ത്താവിനെ അറിയിക്കേണ്ടി വരും എന്നത് അവളെ സംബന്ധിച്ച് നിസാരമായ ഒരു പ്രശ്‌നമല്ല. അങ്ങനെയൊരു ധര്‍മ്മസങ്കടത്തില്‍ പെട്ട് നില്‍ക്കുന്ന ഷിറീന്റെ തലയില്‍ ഇടിത്തീ എന്ന പോലെ രണ്ട് സത്യങ്ങള്‍ വെളിവാക്കപ്പെടുന്നു. ഒന്ന്, തന്റെ ഭര്‍ത്താവിന് ജോലിയില്ല. ജോലിയ്ക്ക് എന്ന് പറഞ്ഞ് അയാള്‍ ദിവസവും വീട്ടില്‍ നിന്നിറങ്ങുന്നത് തന്റെ രഹസ്യകാമുകിയെ കാണാന്‍ വേണ്ടിയാണ്.

ഉഷയില്‍ നിന്നും ഷിറീനില്‍ നിന്നും വ്യത്യസ്തമായി ലൈംഗികതയെ തന്റെ നിയന്ത്രണത്തില്‍ നിര്‍ത്തിയിരിക്കുകയാണ് ലീല. ഫോട്ടോഗ്രാഫര്‍ കാമുകനെ തന്റെ പ്ലാനുകള്‍ക്കനുസരിച്ച് തന്നോടൊപ്പം നീങ്ങുന്ന ഒരാളാക്കി നിര്‍ത്താന്‍ അവള്‍ തന്റെ ലൈംഗികത ഉപയോഗിക്കുന്നുണ്ട്. ഏതു വിധേനയും ദില്ലിയിലെത്തി മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആവുക എന്ന തന്റെ സ്വപ്നത്തെ സഹായിക്കാന്‍ ഫോട്ടോഗ്രാഫറായ ഒരാള്‍ കൂടെയുണ്ടെങ്കില്‍ സാധിക്കുമെന്ന് അവള്‍ കരുതുന്നു. അത് കൊണ്ട് തന്നെ അമ്മ തനിക്ക് വേണ്ടി കണ്ടെത്തിയ ചെറുക്കനെ വിവാഹനിശ്ചയദിവസം വേദിയിലിരുത്തി റൂമിനകത്ത് കാമുകനോടൊത്ത് രതിയിലേര്‍പ്പെടാന്‍ അവള്‍ മടിക്കുന്നേയില്ല. അതെ സമയം തന്നെ വിവാഹം ചെയ്യാന്‍ എത്തിയ ആളിനോട് ഒരു തരത്തിലുള്ള അഹിതവും അവള്‍ കാണിക്കുന്നില്ല. അയാളില്‍ ഒരു സംശയവും ജനിപ്പിക്കാത്ത വണ്ണം അയാളോട് ചേര്‍ന്ന് നടക്കാന്‍ അവള്‍ തയ്യാറാവുന്നുണ്ട്.

റിഹാനയാവട്ടെ, മിലി സൈറസിനെ പോലെ ഒരു പാട്ടുകാരിയാവാന്‍ എന്തും ചെയ്യാന്‍ തയ്യാറാണ്. രസകരമെന്ന് പറയട്ടെ, ആ സ്വപ്നത്തിലേക്കെത്താന്‍ പാട്ട് പ്രാക്റ്റീസ് ചെയ്യുന്നതിന് പുറമെ അവള്‍ പ്രധാനമായും ചെയ്യുന്നത് ഷോപ്പിംഗ് മാളുകളില്‍ കയറി പുതിയ തരം വസ്ത്രങ്ങളും ചെരുപ്പുകളും സ്‌പ്രേയും മോഷ്ടിക്കുക എന്നതാണ്. തന്റെ സ്വപ്നത്തിലേക്കെത്താന്‍ ‘യാഥാസ്ഥിതിക മുസ്ലിം പെണ്‍കുട്ടി’ എന്ന ഐഡന്റിറ്റി തടസമാകും എന്നറിയാവുന്ന റിഹാന കോളേജിലേക്കുള്ള വഴിയില്‍ ബുര്‍ഖ അഴിച്ച് ജീന്‍സിലേക്കും ടോപ്പിലേക്കും കൂട് മാറുകയും കോളേജ് കഴിഞ്ഞ് വീട്ടിലേക്കുള്ള വഴിയില്‍ ബുര്‍ഖ വീണ്ടും അണിയുകയും ചെയ്യുന്നു. ഈ രണ്ട് ഐഡന്റിറ്റികളും തന്റെ സ്വപ്നത്തിലേക്കെത്താന്‍ പ്രധാനമാണെന്നും അതേ സമയം ഒന്നിനെ മറ്റൊന്നില്‍ നിന്ന് ഒളിച്ച് വെക്കേണ്ടത് അതിനേക്കാള്‍ പ്രധാനമാണെന്നും അവള്‍ തിരിച്ചറിയുന്നുണ്ട്. കോളേജ് ബാന്‍ഡിലെ പെണ്‍കുട്ടികളോടൊപ്പം പാര്‍ട്ടിക്ക് പോകുമ്പോഴും ആണ്‍കുട്ടിയോടൊപ്പം അഫയര്‍ തുടങ്ങുമ്പോഴും ഇത് തന്റെ സ്വപ്നത്തിലേക്കുള്ള വാതില്‍ ആണെന്ന ബോധ്യം റിഹാനയ്ക്കുണ്ട്.

തങ്ങളുടെ രഹസ്യങ്ങള്‍ മറയ്ക്കേണ്ടതെങ്ങനെയെന്ന് ഈ നാല് സ്ത്രീകള്‍ക്കുമറിയാം. ഷിറീനും റിഹാനയും-നാലിലെ രണ്ടു മുസ്ലിം സ്ത്രീകള്‍- തങ്ങളുടെ രഹസ്യങ്ങള്‍ക്ക് മറയാക്കുന്നത് ബുര്‍ഖയെ ആണ്. ഷിറീന്‍ ജോലി ചെയ്യാനുള്ള യാത്രകളില്‍ ബുര്‍ഖ ധരിക്കുന്നത് തന്നെ ആരും തിരിച്ചറിയാതിരിക്കാന്‍ കൂടിയാണ്. പിന്നീട് ഭര്‍ത്താവിന്റെ രഹസ്യബന്ധം തിരിച്ചറിയുമ്പോള്‍ അവരെ പിന്‍തുടരാനും ബുര്‍ഖ അവള്‍ക്ക് കൂട്ടാവുന്നുണ്ട്. റിഹാനയാവട്ടെ ബുര്‍ഖയെ തന്റെ മോഷണ ദൗത്യങ്ങള്‍ക്കാണ് മറയാക്കുന്നത്. ബുര്‍ഖയ്ക്കുള്ളില്‍ സ്‌പ്രേയും ഉടുപ്പും ഷൂസും വളരെ എളുപ്പത്തില്‍ അവള്‍ പുറത്തു കടത്തുന്നു. അതേ ബുര്‍ഖ ഉപയോഗിച്ചാണ് തന്നിലെ മോഡേണ്‍ ഗേളിനെ വീട്ടുകാരില്‍ നിന്ന് അവള്‍ മറച്ചു പിടിക്കുന്നതും. തന്റെ സ്വപ്നങ്ങളുടെ അടുത്തെത്തുമ്പോള്‍ ഈ മറ ഉപേക്ഷിക്കാനും അവള്‍ ഒട്ടും മടി കാണിക്കുന്നില്ല.

തന്റെ ലൈംഗികസാഹിത്യ വായനയെ ഉഷ മറച്ചു പിടിക്കുന്നത് പത്രമോ കണക്കുപുസ്തകമോ മറ്റെന്തെങ്കിലും മാഗസിനോ മറയാക്കി കൊണ്ടാണ്. തന്റെ നീന്തല്‍ പരിശീലനയാത്രകള്‍ക്ക് അവര്‍ മറയായ്ക്കുന്നത് ഇല്ലാത്ത ഒരു മൗനീബാബയെ ആണ്. ഫോണ്‍ ചെയ്യുമ്പോള്‍ താന്‍ ഉഷയാണെന്ന് മാസ്റ്റര്‍ അറിയാതിരിക്കാന്‍ അവള്‍ മറയാക്കുന്നത് തന്റെ പ്രിയ കഥാപാത്രമായ റോസിയെയാണ്. ബുവാജി എന്ന തന്റെ സ്വത്വത്തിന് ഒരു കോട്ടവും തട്ടാതിരിക്കാന്‍ ‘ഉഷ’യുടെ എല്ലാ ചെയ്തികളിലും ഒരു മറ വേണമെന്ന ഉത്തമബോധ്യം അവര്‍ക്കുണ്ട്. അതിന് പ്രായത്തിന് ചേര്‍ന്നതെന്ന് സമൂഹം കല്‍പ്പിക്കുന്ന കാര്യഗൗരവം, ഭക്തി തുടങ്ങിയ ഗുണങ്ങള്‍ ഒക്കെയും അവര്‍ തരം പോലെ ഉപയോഗിക്കുന്നു. തന്റെ ഇമേജിനെക്കുറിച്ച് കാര്യമായ ഉത്കണ്ഠയൊന്നുമില്ലാത്ത ലീലയ്ക്ക് ഇത്തരം വിഷമങ്ങളൊന്നുമില്ല. എന്നാല്‍ ഭോപ്പാലില്‍ നിന്ന് രക്ഷപ്പെടുക എന്ന സ്വപ്നം പൂര്‍ത്തീകരിക്കാനായി കാമുകന്റെ അടുത്തും കാമുകനുമായി ചേര്‍ന്നുള്ള പദ്ധതിയെക്കുറിച്ച് ആരുമറിയാതിരിക്കാന്‍ ഭാവിവരന്റെ മുന്നിലും പ്രണയത്തിന്റെ, ലൈംഗികതയുടെ ഒരു മറ അവള്‍ സൃഷ്ടിക്കുന്നുണ്ട്. തന്നെ ഉപേക്ഷിക്കാനൊരുങ്ങുന്ന കാമുകന്റെ മുന്നില്‍ വെച്ച് ഭാവിവരനെ ചുംബിക്കുന്നത് പ്രതികാരമായല്ല, കാമുകനെ തിരിച്ച് പിടിക്കാനുള്ള തന്ത്രമായിട്ടാണ്.

തുടക്കത്തില്‍ സൂചിപ്പിച്ചത് പോലെ ഈ സ്ത്രീകളാരും തങ്ങളുടെ ചങ്ങലകള്‍ പൊട്ടിച്ചെറിയുന്നവരല്ല എന്നിടത്താണ് ഈ സിനിമ വ്യത്യസ്തവും കുറേക്കൂടെ യാഥാര്‍ഥ്യബോധത്തോട് കൂടെയുള്ളതും ആവുന്നത്. ഷിറീന് ജോലിയുണ്ടെന്ന് തിരിച്ചറിയുന്ന രാത്രി അവളുടെ ഭര്‍ത്താവ് അവളുടെ കയ്യും വായും അമര്‍ത്തി പിടിച്ചാണ് അവളെ പ്രാപിക്കുന്നത്. അധികാര സ്ഥാപനത്തിന്റെ കൃത്യമായ സൂചനകള്‍ തരുന്ന രംഗമാണത്. എന്നാല്‍ തന്റെ മേല്‍ നിരന്തരം അധികാരം സ്ഥാപിക്കുന്ന, ജോലിയില്ലാത്ത, രഹസ്യകാമുകിയുള്ള അയാളെ ഒഴിവാക്കി കൊണ്ടുള്ള ജീവിതത്തെ കുറിച്ച് അവള്‍ ചിന്തിക്കുന്നേയില്ല. ഭര്‍ത്താവിന്റെ സമ്മതത്തോടെ എങ്ങനെ ജോലിക്ക് പോകാം, കാമുകിയെ എങ്ങനെ ഒഴിവാക്കാം എന്നൊക്കെയേ ഷിറീന്‍ ആലോചിക്കുന്നുള്ളൂ. മറ്റൊരു തരത്തിലുള്ള രക്ഷപ്പെടലിനെക്കുറിച്ചും അവള്‍ക്ക് ധാരണ പോലുമില്ലെന്ന് വ്യക്തം. റിഹാനയുടെ രഹസ്യങ്ങള്‍ കോളേജിലും കുടുംബത്തിലും വെളിവാകുമ്പോള്‍ നിശ്ശബ്ദയായിരിക്കാനേ അവള്‍ക്ക് കഴിയുന്നുള്ളൂ. ഇനി കോളേജില്‍ പോകേണ്ടെന്നും ബുര്‍ഖ തയ്ച്ചാല്‍ മതിയെന്നുമുള്ള ഉപ്പയുടെ ആജ്ഞയ്ക്ക് മുന്നില്‍ മൗനം കൊണ്ട് സമ്മതം മൂളുന്നുണ്ട് റിഹാന. റോസി എന്ന മറയില്‍ നിന്ന് മാസ്റ്ററുടെ മുന്നിലും പ്രായത്തിന് ചേരാത്ത ചെയ്തികളാല്‍ കുടുംബത്തിന് മുന്നിലും ലജ്ജയില്ലാത്തവളെന്ന് നില്‍ക്കേണ്ടി വരുമ്പോള്‍ ഉഷ പകച്ചു പോവുന്നുണ്ട്. അത്രയും നാള്‍ കൊണ്ട് നടന്ന ബുവാജി എന്ന സ്വത്വം ഇല്ലാതാവുന്നതോടെ അവരിലെ ധൈര്യവും ആജ്ഞാശക്തിയുമൊക്കെ നഷ്ടപ്പെടുന്നു. കൂടെ നില്‍ക്കുമോ ഉപേക്ഷിച്ച് കടന്ന് കളയുമോ എന്നുറപ്പില്ലാത്ത ഒരു കാമുകനോടൊപ്പം നാട് വിടാനൊരുങ്ങുന്ന ലീലയും ഒരു തരത്തിലുള്ള സ്വാതന്ത്ര്യപ്രഖ്യാപനം നടത്താവുന്ന അവസ്ഥയിലല്ല.

ഒറ്റപ്പെട്ട തുരുത്തുകളായി നില്‍ക്കുമ്പോഴും ഇവര്‍ ഓരോരുത്തരും പരസ്പരം താങ്ങായി മാറുന്നത് കാണാം. രാത്രി വീട്ടുകാരറിയാതെ റിഹാനയെ പാര്‍ട്ടിക്ക് പോകാന്‍ സഹായിക്കുന്ന ലീല, സ്വിമ്മിംഗ് സ്യൂട്ട് വാങ്ങാന്‍ ഉഷയെ സഹായിക്കുന്ന ഷിറീന്‍, ബ്യൂട്ടി പാര്‍ലറില്‍ നടക്കുന്ന ഷിറീന്‍-ലീല, ഉഷ-ലീല സംഭാഷണങ്ങള്‍, ഇവയൊക്കെ ഈ സ്ത്രീകള്‍ മറ്റുള്ളവരുടെ സ്വപ്നങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കൂട്ട് നില്‍ക്കുന്നതിന്റെ നിമിഷങ്ങളാണ്. മറ്റേയാളുടെ സ്വപ്നം/രഹസ്യം എന്താണെന്ന് തിരക്കാതെ തന്നെ അവരുടെ കൂടെ നില്‍ക്കാന്‍ ഈ സ്ത്രീകള്‍ തയ്യാറാവുന്നു. സ്വപ്നം കാണുന്ന, സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ കഴിയാതെ പോകുന്ന അവര്‍ക്ക് അതിന്റെ വില നന്നായി അറിയാം. തെരുവില്‍ ഇറക്കപ്പെടുന്ന ഉഷയെ ലീലയും ഷിറീനും ചേര്‍ന്ന് റിഹാനയുടെ കടയിലേക്ക്, ബുര്‍ഖകള്‍ മാത്രമുള്ള, ബുര്‍ഖകള്‍ ഏറെയുള്ള കടയിലേക്ക് കൊണ്ട് വരുന്നിടത്താണ് സിനിമയുടെ അവസാനഭാഗം എത്തിച്ചേരുന്നത്.

സിനിമ അവസാനിക്കുമ്പോള്‍ ഇവരാരും തങ്ങളുടെ ഇടം ഉപേക്ഷിച്ച് പുതിയ ഭൂമിക തേടിപ്പോവുകയോ (പാര്‍ച്ച്ഡ്, ഇരൈവി) തങ്ങളുടെ ഇടം സെക്യൂര്‍ ആക്കി സന്തുഷ്ടരാവുകയോ (റാണി പദ്മിനി) പുരുഷനെതിരായ യുദ്ധത്തില്‍ ജയിക്കുകയോ (പിങ്ക്) ഒന്നും ചെയ്യുന്നില്ല. ഒരു ബുര്‍ഖക്കടയിലിരുന്ന് സിഗരറ്റ് വലിച്ച്, ചീപ്പ് ഫിക്ഷന്‍ വായിച്ച്, കഥ പറഞ്ഞിരിക്കുന്നേയുള്ളൂ. സ്വപ്നം കാണുന്നതിലെ ശരി തെറ്റുകളെക്കുറിച്ചേ അവര്‍ ആലോചിക്കുന്നുള്ളൂ. ഇത്തിരി നേരത്തെ ഒരുമിച്ചിരിക്കലിന് ശേഷം തങ്ങളുടെ ജീവിതത്തിലേക്ക് മടങ്ങിപ്പോവേണ്ടതിനെക്കുറിച്ച് കൃത്യമായ ധാരണയുണ്ട് അവര്‍ക്ക്. വീണ്ടും സ്വപ്നം കാണേണ്ടതിനെ കുറിച്ച്, രഹസ്യങ്ങള്‍ സൂക്ഷിക്കേണ്ടതിനെ കുറിച്ച്, മറ തീര്‍ക്കേണ്ടതിനെക്കുറിച്ച് അവര്‍ ഓര്‍ക്കുന്നുണ്ടാവും എന്നുറപ്പ്. അത് കൊണ്ടാണ് ഇന്ത്യന്‍ സ്ത്രീകളോട്, പ്രത്യേകിച്ച് ചെറുനഗരങ്ങളിലെ ലോവര്‍ മിഡില്‍ ക്ലാസ് സ്ത്രീകളോട്, ഏറ്റവും അടുത്തു നില്‍ക്കുന്ന ഒന്നായി ഈ സിനിമ മാറുന്നത്. ജയിക്കുന്ന പെണ്ണുങ്ങളുടെ കഥയല്ല ഇത്. സ്വപ്നം കാണുകയും തോറ്റു പോവുകയും ചെയ്യുന്ന, എന്നാല്‍ വീണ്ടും വീണ്ടും സ്വപ്നം കണ്ടു കൊണ്ടേയിരിക്കുന്ന സ്ത്രീകളുടെ കഥയാണ്. ആരുമറിയാതെ സ്വപ്നം കാണാന്‍, ആ സ്വപ്നങ്ങളിലേക്കെത്താന്‍, നിത്യേന പലതരം മൂടുപടങ്ങള്‍ എടുത്തണിയുന്ന പെണ്ണുങ്ങളുടെ കഥ.

ഋത്വിക് ജി ഡി

ഋത്വിക് ജി ഡി

ചലച്ചിത്ര നിരൂപകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍