UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മലയാളികളല്ല രാജ്യത്തെ മുഴുക്കുടിയന്‍മാര്‍!

Avatar

 അഴിമുഖം പ്രതിനിധി

ഇന്ത്യയിലെ ഏറ്റവും വലിയ കള്ളുകുടിയന്‍ സംസ്ഥാനം കേരളമാണെന്നാണ് ധാരണ. മാധ്യമങ്ങള്‍ എന്തായാലും അങ്ങനെ വിശ്വസിക്കുന്നവരാണ്. ടൈംസ് ഓഫ് ഇന്ത്യ ഇന്ന് പറയുന്നത് അങ്ങനെയാണ് (വിവരത്തിന്റെ ഉറവിടം അവര്‍ പറയുന്നില്ല), 2008 ല്‍ ഇന്ത്യന്‍ എക്‌സ്പ്രസും അങ്ങനെയാണ് പറഞ്ഞത്, പക്ഷേ ഉറവിടത്തിന് കാണിച്ച പഠനം ഇന്റര്‍നെറ്റിലില്ല. 2013ല്‍ കേരളം ആസ്ഥാനമായ ഒരു സംഘത്തിന്റെ ഡയറക്ടറെ ഉദ്ധരിച്ചുകൊണ്ട് ഇക്കണോമിസ്റ്റും ഇതാവര്‍ത്തിച്ചു. മറ്റ് പല റിപ്പോര്‍ട്ടുകളും 2008 ലെ കേരളത്തിന്റെ സാമ്പത്തിക വിശകലനം എടുത്തുപറയുന്നു. എന്നാല്‍ ഇതും ഓണ്‍ലൈനില്‍ ലഭ്യമല്ല. 

ഉപഭോഗത്തിന്റെ ആധികാരികമായ കണക്കുകള്‍ നോക്കുന്ന ആര്‍ക്കും ഇപ്പോഴും ആശ്രയിക്കാവുന്നത് National Sample Survey Office (NSSO) ആണ്. NSSOക്കു ചില പോരായ്മകളുണ്ട്. ഉയര്‍ന്ന വരുമാന ശ്രേണിയിലെ ഉപഭോഗത്തെ അത് കുറച്ചുകാണുന്നു. ഇതൊക്കെയായാലും ഭൂമിശാസ്ത്രപരമായും സാമ്പത്തികമായും രാജ്യത്തിന്റെ ഏറ്റവും പ്രാതിനിധ്യ സ്വഭാവമുള്ള കണക്കുകളാണ് അത്. 

NSSOയുടെ 2011-12ലെ ഉപഭോഗ കണക്കുകള്‍ പ്രതിശീര്‍ഷ പ്രതിവാര മദ്യ ഉപഭോഗത്തെ നാല് വിഭാഗങ്ങളിലാക്കി തിരിച്ചിരിക്കുന്നു-കള്ള്, നാടന്‍ മദ്യം, ബിയര്‍, വിദേശ മദ്യം/വൈന്‍. ഒരു ഇന്ത്യന്‍ ഗ്രാമീണന്‍ ശരാശരി ആഴ്ച്ചയില്‍ എല്ലാത്തരം മദ്യവും എടുത്താല്‍ 220 ml/അല്ലെങ്കില്‍ പ്രതിവര്‍ഷം 11.4 ലിറ്റര്‍ കുടിക്കുന്നു. കള്ളാണു ഗ്രാമീണ ഇന്ത്യയിലെ ഏറ്റവും ജനപ്രിയ മദ്യം. തൊട്ടുപിറകിലായി നാടന്‍ മദ്യം. എന്നാല്‍ ശരാശരി നഗരവാസി പ്രതിവാരം 96 ml മദ്യം കഴിക്കുന്നു. അഥവാ പ്രതിവര്‍ഷം 5 ലിറ്റര്‍ മദ്യം. ഇവിടെ നാടന്‍ മദ്യമാണ് ഇഷ്ടമദ്യം. 

അപ്പോള്‍ സംസ്ഥാനങ്ങളുടെ താരതമ്യം എങ്ങനെയാണ്? ഏറ്റവും കൂടുതല്‍ കള്ളും നാടന്‍ മദ്യവും കുടിക്കുന്ന സംസ്ഥാനങ്ങള്‍ ദാദ്ര & നഗര്‍ ഹവേലി, അരുണാചല്‍ പ്രദേശ്, ആന്‍ഡമാന്‍ നിക്കൊബാര്‍ എന്നിവയാണ്. ചെറു സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും മാതൃക കണക്കെടുപ്പുകളില്‍ പിഴവുണ്ടാകാം. അതുകൊണ്ട് ഈ വിഭാഗത്തില്‍ നമുക്ക് വലിയ സംസ്ഥാനങ്ങളുടെ കാര്യം നോക്കാം. വലിയ സംസ്ഥാനങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നത് ആന്ധ്ര പ്രദേശാണ്. പിറകിലായി അസം, ജാര്‍ഖണ്ഡ്, ബീഹാര്‍. 

ബിയര്‍, വൈന്‍, വിദേശ മദ്യം എന്നിവയുടെ ഏറ്റവും വലിയ ഉപഭോക്താക്കള്‍ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ദാമന്‍ & ദിയു, ആന്‍ഡമാന്‍ & നിക്കോബാര്‍ ദ്വീപുകള്‍, ദാദ്ര & നഗര്‍ ഹവേലി, അരുണാചല്‍ പ്രദേശ്, സിക്കിം, പുതുച്ചേരി എന്നിവയാണ്. പിന്നാലെ ഗോവ, ആന്ധ്ര പ്രദേശ്; മൂന്നാം സ്ഥാനത്ത് കേരളവും കര്‍ണാടകവും. 

ആന്ധ്രപ്രദേശ് ആണ് ഇന്ത്യയിലെ ഏറ്റവും അധികം മദ്യ ഉപഭോഗമുള്ള സംസ്ഥാനം. പ്രതിവാരം ശരാശരി പ്രതിശീര്‍ഷ ഉപഭോഗം 665 ml. അഥവാ എല്ലാത്തരം മദ്യങ്ങളും കണക്കിലെടുത്താല്‍ പ്രതിവര്‍ഷം 34.5 ലിറ്റര്‍. കേരളം വളരെ പിന്നിലാണ്. പ്രതിവാരം ശരാശരി പ്രതിശീര്‍ഷ ഉപഭോഗം 196 ml. പ്രതിവര്‍ഷം 10.2 ലിറ്റര്‍. 

മദ്യ ഉപഭോഗത്തെ നേരിട്ടു സ്വാധീനിക്കുന്ന ഒന്നു വരുമാനമാണ്; ഗ്രാമീണ മേഖലകളില്‍ വരുമാനം കുറഞ്ഞവര്‍ക്കിടയില്‍ കള്ളും നാടന്‍ മദ്യവുമാണ് കൂടുതല്‍ ചെലവാകുന്നത്. ഉയര്‍ന്ന വരുമാനക്കാര്‍ക്കിടയില്‍ ഇത് അഞ്ചുശതമാനം മാത്രമാണ്. ബിയറും വിദേശ മദ്യവുമാണ് ധനിക വിഭാഗത്തില്‍ കൂടുതല്‍ പ്രിയം. നഗര മേഖലകളില്‍ ആളുകളുടെ വരുമാനം കൂടുന്നതോടെ നാടന്‍ മദ്യത്തിന്റെ ഉപഭോഗം കുറയുന്നു. ബിയര്‍, വിദേശ മദ്യം എന്നിവയുടെ ഉപഭോഗം കുത്തനെ ഉയരുകയും ചെയ്യുന്നു. 

സിഗരറ്റ്, ബീഡി എന്നിവയുടെ ഉപഭോഗത്തെയും വരുമാനം സ്വാധീനിക്കുന്നുണ്ട്. പക്ഷേ മൊത്തത്തിലെടുത്താല്‍ ഇന്ത്യ ബീഡി വലിക്കാരുടെ രാജ്യമാണ്.

അഴിമുഖം യു ട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍