UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഉമ്മന്‍ ചാണ്ടീ, സത്യസന്ധത ബാധ്യതയെങ്കില്‍ കള്ളം പറയുന്നതിന് ഒരു പരിധിയെങ്കിലും വച്ചുകൂടേ?

Avatar

ശരത് കുമാര്‍

ഒരു ഭരണകൂടത്തിന് അതിന്റെ ജനതയെ എങ്ങനെയൊക്കെ പറ്റിക്കാം എന്നതിനുള്ള പ്രത്യക്ഷ ഉദാഹരണമാണ് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ മദ്യത്തെ കുറിച്ച് നടത്തുന്ന വാചാടോപം. അതിനെ ഒരു നയം എന്ന് വിളിക്കുന്നത് ബാലിശമായിരിക്കും. കാരണം ഒരു നയമാണെങ്കില്‍ അത് നടപ്പിലാക്കുന്നവര്‍ക്കെങ്കിലും തങ്ങള്‍ എന്താണ് ചെയ്യുന്നതെന്നതിനെ കുറിച്ച് ഒരു ധാരണകാണും. ഇവിടെ ‘ഇല്ല ഒന്നിലുമൊരു നിശ്ചയം’, എന്ന മട്ടിലാണ് കാര്യങ്ങള്‍ പുരോഗമിക്കുന്നത്. ചാനല്‍ ചര്‍ച്ചകളിലും മറ്റ് മാധ്യമങ്ങളിലും യുഡിഎഫിന്റെ ‘മദ്യനയം’ എന്ന് പറഞ്ഞ് കേള്‍ക്കുന്നു. പക്ഷെ എന്താണ് ഈ സാധനം എന്ന് ആര്‍ക്കെങ്കിലും അറിയാമെങ്കില്‍ അതൊന്ന് വെളിപ്പെടുത്തണം എന്ന് ദയനീയമായി അഭ്യര്‍ത്ഥിക്കുന്നു. കാരണം, ഒരു ജനതയേയും അതിന്റെ ഭാവിതലമുറകളെയും നിര്‍ണായകമായി ബാധിക്കുന്ന ഒരു തീരുമാനമാണ് കൈക്കൊള്ളുന്നത്. അത് ഉമ്മന്‍ചാണ്ടിക്കും സുധീരനും മറ്റും തമാശ കളിക്കാനുള്ള ഒന്നല്ല.

 

സാധാരണ സാമൂഹ്യശാസ്ത്ര ശാഖകളില്‍ ‘ട്രയല്‍ ആന്റ് എറര്‍’ രീതി ഉപയോഗിക്കാറില്ല. മനുഷ്യരെ നേരിട്ട് ബാധിക്കുന്നതായതിനാല്‍ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ സിദ്ധാന്തങ്ങള്‍ രൂപികരിക്കുക സാമൂഹ്യശാസ്ത്രശാഖകളെ സംബന്ധിച്ചിടത്തോളം അസാധ്യമായ കാര്യമാണ്. മറ്റ് ശാസ്ത്രശാഖകളില്‍ പരീക്ഷണങ്ങളുടെയും നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തില്‍ സിദ്ധാന്തങ്ങള്‍ രൂപീകരിക്കുന്നതിന് ഈ രീതിയാണ് കൈക്കൊള്ളുന്നത്. എലികളില്‍ പരീക്ഷണം നടത്തി ഉറപ്പ് വരുത്തിയ ശേഷം മരുന്ന് മനുഷ്യരില്‍ കുത്തിവച്ചാല്‍ മതിയെന്ന് സാരം. ഈ രീതി സാമൂഹ്യശാസ്ത്രങ്ങളില്‍ സാധ്യമല്ലാത്തതിനാലാണ് ‘സിട്രസ് പാരിബസ്’ (other things being equal- മറ്റ് ഘടകങ്ങളൊക്കെ തുല്യമായി വരികയാണെങ്കില്‍) എന്ന രീതിയില്‍ സിദ്ധാന്തങ്ങള്‍ അവതരിപ്പിക്കാന്‍ സാമൂഹ്യശാസ്ത്രജ്ഞന്മാര്‍ നിര്‍ബന്ധിതരാവുന്നതും.

എന്നാല്‍ സാമൂഹ്യശാസ്ത്രശാഖകള്‍ നേരിടുന്ന ഈ വെല്ലുവിളിക്ക് ഒരു പരിഹാരം കണ്ടിരിക്കുകയാണ് യുഡിഎഫും ഉമ്മന്‍ചാണ്ടി സര്‍ക്കാരും. ഇതാ ഗിനിപ്പന്നികളെ പോലെ ഒരു ജനത എല്ലാ പരീക്ഷണങ്ങള്‍ക്കും തയ്യാറായി മുന്നില്‍ നില്‍ക്കുന്നു. എന്തും ഞങ്ങളുടെ മേല്‍ പരീക്ഷിക്കൂ എന്നവര്‍ ഭരണവര്‍ഗ്ഗത്തോട് നിശബ്ദം ആവശ്യപ്പെടുകയും ചെയ്യുന്നു. ഒരു നീതിമാന്‍ ചാരായം നിരോധിച്ചതോടെ ഒരു ജനത മദ്യോസക്തരായത് അവരെ പ്രകോപിപ്പിക്കുന്നത് പോയിട്ട് ചിന്തിപ്പിക്കുന്നത് പോലുമില്ല. അതുകൊണ്ട് തന്നെ ‘ട്രയല്‍ ആന്റ് എറര്‍’ രീതി സര്‍ക്കാര്‍ നടപടികളിലും ആകാം എന്ന ധൈര്യം ഉമ്മന്‍ചാണ്ടിക്കും കൂട്ടര്‍ക്കും കൈവരുകയും അവര്‍ അത് പരീക്ഷിച്ച് സാമൂഹ്യശാസ്ത്ര പഠനങ്ങള്‍ക്ക് പുതിയ സാധ്യതകള്‍ തുറക്കുകയും ചെയ്യുന്നു.

ഞങ്ങള്‍ ഒരു നടപടി സ്വീകരിച്ചു നോക്കി, വേണ്ട ഫലം കണ്ടില്ല അതിനാല്‍ തിരുത്തുന്നു എന്നാണ് ഇന്നലെ കേരള മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞത്. എങ്ങനെ ആണ് ആ നടപടിക്ക് രൂപം കൊടുത്തത് എന്ന് ചോദിക്കരുത്. ആരുടെ, ഏത് പഠനത്തിന്റെ അടിസ്ഥാനത്തിലാണ് അത് സ്വീകരിക്കപ്പെട്ടത് എന്ന് ചോദിക്കരുത്. അത് വേണ്ട ഫലം കണ്ടില്ല എന്ന് ആരാണ് നിശ്ചയിച്ചതെന്നും അതിന്റെ മാനദണ്ഡം എന്തായിരുന്നു എന്നും ചോദിക്കരുത്. ഏത് മന്ത്രിസഭ നിശ്ചയിച്ചിട്ടാണ് പുതിയ ‘നയം’ നടപ്പാക്കിയതെന്ന് തീരെ ചോദിക്കരുത്. ഭാഗ്യം അത് തിരുത്താന്‍ ഒരു മന്ത്രിസഭാ യോഗം ഉണ്ടായിരുന്നു.

ബാറ് പൂട്ടിയത് തൊഴിലാളികളെ ബാധിക്കുകയും അവരില്‍ പത്തോളം പേര്‍ ആത്മഹത്യ നടത്തുകയും ചെയ്തതായി സര്‍ക്കാര്‍ പറയുന്നു. കേരളത്തില്‍ എത്ര ബാര്‍ തൊഴിലാളികള്‍ ഉണ്ടെന്ന് നമ്മുടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് കൃത്യമായി ഒന്ന് പറയാമോ? ആ കണക്കുകള്‍ എവിടുന്ന ലഭ്യമായി എന്നും അദ്ദേഹം പറയേണ്ടി വരും. കാരണം, ബാര്‍ മുതലാളിമാര്‍ നല്‍കുന്ന കണക്കല്ലാതെ കേരളത്തില്‍ എത്ര തൊഴിലാളികള്‍ ബാറുകളില്‍ ജോലി ചെയ്യുന്നുണ്ടെന്നറിയാന്‍ കേരള സര്‍ക്കാരിന് യാതൊരു നിര്‍വാഹവുമില്ല. കള്ള്-ചാരായ തൊഴിലാളികളെ സംബന്ധിച്ചിടത്തോളം ഇതല്ലായിരുന്നു സ്ഥിതി. അവര്‍ക്ക് ക്ഷേമനിധി ബോര്‍ഡുണ്ടായിരുന്നതിനാല്‍ അവിടെ നിന്നും ലഭിക്കുന്ന കണക്കുകളെയെങ്കിലും ആശ്രയിക്കാമായിരുന്നു. അപ്പോള്‍ കണക്കുകള്‍ പോലുമില്ലാത്ത തൊഴിലാളികളുടെ ഭാവി കണക്കിലാക്കിയാണ് നിലവിലെ ‘നയം’ തിരുത്താന്‍ സര്‍ക്കാര്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. ഇനി ഇന്നലെ വരെ ജോലി ചെയ്യുന്നവര്‍ നാളെ വരേണ്ട എന്ന് ഒരു ബാര്‍ മുതലാളി പറഞ്ഞാല്‍, ആ തൊഴിലാളികളെ പുനഃരധിവസിപ്പിക്കാന്‍ ഉമ്മന്‍ചാണ്ടി എന്ത് ചെയ്യും എന്ന ചോദ്യം കൂടി ബാക്കിയാണ്. സര്‍വലോക തൊഴിലാളികളുടെ മൊത്തം ഭാരം ഏറ്റെടുത്തിരിക്കുന്ന ഇടതുപക്ഷത്തെ നിശബ്ദരാക്കാനാവും ഉമ്മന്‍ചാണ്ടി ഇങ്ങനെ ഒരു ‘തന്ത്രം’ സ്വീകരിച്ചിരിക്കുന്നത്. യാതൊരു പ്രതിബദ്ധതയും ഇല്ലാതെ വെറും തന്ത്രങ്ങളുടെ മുകളില്‍ മണല്‍കൊട്ടാരം കെട്ടി ജീവിക്കുന്ന ഒരാളില്‍ നിന്നും ഇതും ഇതിലപ്പുറവും പ്രതീക്ഷിക്കണം. കാരണം, അദ്ദേഹത്തിന്റെ തൊഴിലാളി സ്‌നേഹത്തിന്റെ മറുപുറം കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരുടെ രൂപത്തില്‍ ദിവസവും കേരളം കണ്ടുകൊണ്ടിരിക്കുകയാണ്. പതിനെട്ട് പെന്‍ഷന്‍കാര്‍ ഇതിനകം ആത്മഹത്യ ചെയ്തു എന്നാണ് ഇന്നലെ വരെയുള്ള അനൗദ്യോഗിക കണക്ക്. നാല് മാസത്തോളമാകുന്നു ഏജീസ് ഓഫീസിലെ രേഖകളില്‍ പേരും മേല്‍വിലാസവുമുള്ള അവര്‍ക്ക് പെന്‍ഷന്‍ ലഭിച്ചിട്ട്. ഒരു നടപടിയും ഇല്ല. പക്ഷെ ഒന്നരമാസത്തിനുള്ളില്‍ പ്രഖ്യാപിക്കപ്പെട്ട ഒരു നയത്തിന്റെ പ്രത്യാഘാത പഠനം ഉടനടി നടക്കുകയും അതില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായവര്‍ക്ക് നീതി ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കപ്പെടുകയും ചെയ്തിരിക്കുന്നു. അതും കൃത്യമായ എണ്ണം പോലം തിട്ടമില്ലാത്ത ഒരു സംഘം തൊഴിലാളികളെ ഇതെങ്ങനെ ബാധിക്കും എന്നതിനെ കുറിച്ച് നമ്മുടെ തൊഴില്‍ വകുപ്പ് സെക്രട്ടറി 24 മണിക്കൂര്‍ കൊണ്ട് തയ്യാറാക്കിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍! അതിവേഗം ബഹുദൂരം തന്നെയാണ് നമ്മള്‍ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. ദൈനംദിന രാഷ്ട്രീയത്തില്‍ സത്യസന്ധത ഒരു ബാധ്യതയായിരിക്കാം. പക്ഷെ കള്ളം പറയുന്നതിന് ഒരു പരിധിയെങ്കിലും നിശ്ചയിക്കപ്പെടേണ്ടതല്ലെ?

സ്വീകരിച്ച നടപടി തിരുത്തുന്നതിന് രണ്ടാമത്തെ കാരണമായി പറയുന്നത് ടൂറിസം രംഗത്തുണ്ടായ തിരിച്ചടിയാണ്. ഈ ആഘാതപഠനം തയ്യാറാക്കാന്‍ ടൂറിസം സെക്രട്ടറിക്കും 24 മണിക്കൂര്‍ സമയമേ വേണ്ടി വന്നുള്ളു. ഇത്തരം ഒരു കാരണം നിരത്തുന്നതിലൂടെ ബഹുദൂരമാണ് ഉമ്മന്‍ ചാണ്ടി കുറുവടി എറിഞ്ഞിരിക്കുന്നത്. ഞായാറാഴ്ച ഡ്രൈഡേ ആക്കുന്നത് വഴി കോണ്‍ഫറന്‍സ് ടൂറിസം ഉള്‍പ്പെടെയുള്ളവ കേരളത്തിന് നഷ്ടപ്പെടുന്നു എന്നതാണ് കണ്ടെത്തല്‍. പറയുന്നത് കേട്ടാല്‍ തോന്നും വന്‍കിട കമ്പനികളുടെ കോണ്‍ഫറന്‍സുകള്‍ നടക്കുന്നത് സ്റ്റാച്യൂവിലെ മിഡ്ടൗണ്‍ ബാറില്‍ വച്ചോ അല്ലെങ്കില്‍ കാസര്‍ഗോഡുള്ള മേഘരാജ് ബാറില്‍ വച്ചോ ആണെന്ന്. അല്ല സാര്‍. ഈ രണ്ട് ബാറുകളും ശുചിത്വരാഹിത്യത്തിന്റെ പേരില്‍ പൂട്ടപ്പെട്ടവയാണ്. കാശുള്ള കമ്പനികളാണ് കേരളത്തില്‍ കോണ്‍ഫറന്‍സ് വെക്കുന്നത്. അവര്‍ പഞ്ചനക്ഷത്രത്തില്‍ താഴെ ഒരിടത്തും കയറില്ല. അവിടൊക്കെ ഇപ്പോള്‍ തന്നെ ബാറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബിയറും വൈനും മാത്രമല്ല നല്ല വീര്യമുള്ള മദ്യവും കിട്ടുന്നുണ്ട്. മാത്രമല്ല അങ്ങയുടെ മുന്‍ നയപ്രകാരം ഹെറിറ്റേജ് ബാറുകള്‍ക്കും ഇക്കാര്യത്തില്‍ ഇളവുകള്‍ നല്‍കിയിട്ടുള്ളതാണല്ലോ. അപ്പോള്‍ പതിവ് പോലെ മറ്റൊരു തന്ത്രവുമായി ഇറങ്ങിയിരിക്കുകയാണ് നമ്മുടെ പുതുപ്പള്ളി കുറുക്കന്‍. രണ്ട് കാര്യങ്ങളാണ് ഇവിടെ പ്രസക്തം. ഒന്ന് ഭാവിയിലും ഉപയോഗിക്കാവുന്ന ഒരു ആയുധമാണിത്. ഫലപ്രദമായില്ല, ടൂറിസത്തിനെ ബാധിക്കുന്നു എന്നൊക്കെ പറഞ്ഞ് ഇപ്പറഞ്ഞ ബാറുകളില്‍ നാളെ വീര്യമുള്ള മദ്യം വില്‍ക്കാനും സാധിക്കും. അന്ന് ഉപയോഗിക്കുന്നതിനായി ഒരു ന്യായം ഇപ്പോഴേ കണ്ടുവച്ചതാണ്. വേറൊരു ചോദ്യവും ഇവിടെ പ്രസക്തമാണ്. 2024 ലോടെ കേരളത്തില്‍ സമ്പൂര്‍ണ മദ്യനിരോധനം നടപ്പിലാവുമെന്നാണ് മദ്യവിരുദ്ധരായ നമ്മുടെ നയരൂപകര്‍ത്താക്കളുടെ നിലപാട്. അപ്പോള്‍ അതുകഴിഞ്ഞാല്‍ കേരളത്തില്‍ ടൂറിസം എന്നൊരു സാധനം ഉണ്ടാവില്ലെ?

പുതിയ പ്രായോഗിക മദ്യനയം സംബന്ധിച്ച മുസ്ലീം ലീഗിന്റെ നിലപാടാണ് മറ്റൊരു തമാശ. ഹൊ, എന്തൊരു ആദര്‍ശനിഷ്ഠ. പുതിയ മാറ്റങ്ങള്‍ തങ്ങള്‍ അംഗീകരിക്കുന്നില്ലെന്ന് ലീഗ് മന്ത്രമാര്‍ മന്ത്രിസഭ യോഗത്തില്‍ പറഞ്ഞു കളഞ്ഞു. എന്തൊരു ധൈര്യം! ഓര്‍ത്തിട്ട് കുളിര് കോരുന്നു. ഇങ്ങനെയൊരു സംഭവം നടന്ന കാര്യം പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രിയെ കൊണ്ട് പറയിക്കുകയും ചെയ്തു. ഹാവൂ, ആശ്വാസമായി. ഇനി നമ്മുടെ മദ്യനയം സംരക്ഷിച്ചില്ല എന്ന് വേണ്ട. ഈ യുഡിഎഫ് മന്ത്രിസഭയെ സംബന്ധിച്ചിടത്തോളം ഒരു തീരുമാനം എടുപ്പിക്കാനും എടുത്ത തീരുമാനം തിരുത്തിക്കാനും ലീഗിന് ആവാഞ്ഞിട്ടല്ല. പക്ഷെ നയം, പരിപാടി തുടങ്ങിയ ജനങ്ങളെ ബാധിക്കുന്ന കാര്യങ്ങളിലൊന്നും ആ കരുത്ത് ഞങ്ങള്‍ പുറത്തെടുക്കില്ല. ഒരു അഞ്ചാം മന്ത്രിപദമോ അല്ലെങ്കില്‍ രാജ്യസഭ സീറ്റോ വരട്ടെ. അപ്പോള്‍ കാണാം പാണ്ടന്‍ നായുടെ പല്ലിന്റെ ശൗര്യം. അധികാരം, കസേര അതില്‍ നിന്നും കിട്ടുന്ന ലാഭങ്ങളെന്നോ സംഭാവന എന്നോ വിളിക്കപ്പെടുന്ന സാധനം ഇതൊക്കെ തന്നെയല്ലെ ഒരു രാഷ്ട്രീയക്കാരനെ മുന്നോട്ട് നയിക്കുന്നത്.

കഷ്ടം തോന്നുന്നത് ചാനല്‍ ചര്‍ച്ചകള്‍ക്ക് നിയോഗിക്കപ്പെടുന്ന പാര്‍ട്ടി വക്താക്കളുടെ കാര്യം ആലോചിക്കുമ്പോഴാണ്. ഇന്നലെ പറഞ്ഞത് ഇന്ന് മാറ്റിപ്പറയണം, നാളെ അത് തിരുത്തിപ്പറയണം എന്തൊക്കെ പൊല്ലാപ്പുകള്‍. ഇവരൊക്കെ ഈ ചര്‍ച്ചയൊക്കെ കഴിഞ്ഞ് വീട്ടില്‍ പോയി രണ്ടെണ്ണം അടിക്കാതെ എങ്ങനെയാണാവോ കിടന്നുറങ്ങുക? വല്ലാത്ത സിദ്ധി തന്നെ.

മാധ്യമപ്രവര്‍ത്തകര്‍ അനുഭവിക്കുന്ന ഒരു വലിയ പ്രശ്‌നമുണ്ട്. അത് സിനിമാ നടിമാരുടെയും രാഷ്ട്രീയക്കാരുടെയും അഭിമുഖത്തിന് പോകുമ്പോഴാണ്. എങ്ങനെ ചോദ്യം ചോദിച്ചാലും പഠിച്ച് വച്ചിരിക്കുന്നത് പൈങ്കിളി പാടുകയല്ലാതെ ഒരു അക്ഷരം കിട്ടുകയില്ല. ഇന്നലെ ‘പടിയം’ ഗാന്ധിയുടെ മാധ്യമപ്രവര്‍ത്തകരോടുള്ള പ്രതികരണം കണ്ടപ്പോള്‍ പെട്ടെന്ന് മനസില്‍ വന്നത് ഇക്കാര്യമാണ്. കാര്യങ്ങള്‍ പഠിച്ചിട്ട് പറയാം എന്ന് ഒരൊറ്റ തട്ടായിരുന്നു. പൂഴിക്കടകന്‍ ആയിരുന്നതിനാല്‍ പത്രക്കാര്‍ക്ക് മറുചോദ്യം ചോദിക്കാന്‍ പോലും സാധിച്ചില്ല. അപ്പോള്‍ ഇദ്ദേഹം ഇതുവരെ കാര്യങ്ങള്‍ പഠിക്കാതെയാണ് മദ്യനയത്തെ കുറിച്ച് ഘോരഘോരം പ്രസംഗിച്ചുകൊണ്ടിരുന്നത് എന്ന് സാരം. ഇനിയാണ് ആദര്‍ശത്തിന്റെ യഥാര്‍ത്ഥ മുഖം അഴിയാനിരിക്കുന്നത്. ഒന്നുകില്‍ താന്‍ നിര്‍ദ്ദേശിച്ച മദ്യം നയം നടപ്പാക്കണമെന്ന് ശാഠ്യം പിടിക്കാനുള്ള ആര്‍ജ്ജവം വി എം സുധീരന്‍ കാണിക്കണം. അല്ലെങ്കില്‍ കെപിസിസി പ്രസിഡന്റ് പദം രാജിവയ്ക്കാന്‍ തയ്യാറാവുമോ? അതോ പാര്‍ട്ടി തീരുമാനം അനുസരിക്കുന്ന എളിയ പ്രവര്‍ത്തകന്‍ എന്ന പിന്‍ഭാഗത്ത് ആലുമുളച്ച നിലപാട് സ്വീകരിക്കുമോ? അതാണ് കേരളം ഇന്ന് കാത്തിരിക്കുന്ന ചോദ്യം.

ഇത്രയും രാഷ്ട്രീയ കോമാളിത്തരങ്ങള്‍. ഇനി യഥാര്‍ത്ഥ ചോദ്യത്തിലേക്ക് വരാം. മദ്യ ഉപഭോഗം കുറയ്ക്കുന്നത് വഴി ഉണ്ടാവുന്ന നഷ്ടം നികത്താന്‍ എന്ന പേരില്‍ ഒറ്റയടിക്ക് 3500 കോടി രൂപയുടെ അധിക നികുതി ഈ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തൊഴില്‍ നഷ്ടപ്പെടുന്നവരുടെ പുനഃരധിവാസം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്കായാണ് എല്ലാ ജനാധിപത്യ മര്യാദകളും കാറ്റില്‍ പറത്തി ഏര്‍പ്പെടുത്തിയ ഈ നികുതികള്‍. ഇതിന് വേണ്ടി ഒരു പ്രത്യേക നിയമസഭ സമ്മേളനം വിളിക്കാനുള്ള വലിയ ജനാധിപത്യബോധം നമ്മള്‍ നമ്മുടെ ഭരണവര്‍ഗത്തില്‍ നിന്നും പ്രതീക്ഷിക്കരുത്. കഷ്ടിച്ച് ഒരു മന്ത്രിസഭ യോഗമോ മറ്റോ ചേരുകയുണ്ടായി. ഏതായാലും മദ്യനിരോധം, മദ്യവര്‍ജ്ജനം തുടങ്ങിയ കലാപരിപാടികള്‍ ഏതായാലും ഒരരുക്കായി. ഇനി ഈ നികുതിയോ? ഈ ചോദ്യം ഭാഗ്യത്തിന് ചാനലുകാരും പ്രതിപക്ഷവും ഒന്നും ചോദിച്ചു കണ്ടില്ല. മലയാളികള്‍ എന്തായാലും ഭാഗ്യം ചെയ്തവര്‍ തന്നെ.

കഥാന്ത്യം ഒരു ചാനല്‍ ചര്‍ച്ചയില്‍ അഡ്വ. എ ജയശങ്കര്‍ പറഞ്ഞത് പോലെ ആവാനാണ് വഴി. പൂട്ടിക്കിടന്ന എല്ലാ ബാറുകളും തുറക്കും. കൂടാതെ പുതിയ ബിയര്‍, വൈന്‍ പാര്‍ലറുകളും ഉണ്ടാവും. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബീവറേജസ് കോര്‍പ്പറേഷന്‍ വിതരണശാലകള്‍ പൂട്ടും. കാരണം കോടതികള്‍ക്ക് മുതല്‍ സര്‍ക്കാരിന്റെ ചീഫ് വിപ്പിന് വരെ അവരാണ് മുഖ്യപ്രതി. അതോടെ ആ കച്ചവടവും ബാറുകള്‍ക്ക് ലഭിക്കും. എട്ടോ പത്തോ മാസം പൂട്ടിക്കിടന്നാലെന്താ? പത്തോ ഇരുപതോ കോടി ‘സംഭാവന’ കൊടുത്താലെന്താ? വരാനിരിക്കുന്ന ചാകരയ്ക്ക് മുന്നില്‍ അത് വല്ലതുമാണോ?

ബീവറേജസ് പൂട്ടുമ്പോള്‍ ഇനിയും തൊഴിലാളികളെ പുനഃരധിവസിപ്പിക്കപ്പെടേണ്ടി വരും. അപ്പോള്‍ അതിന്റെ പേരിലും നികുതി കൂട്ടാം. ജനമല്ലെ, അതും കേരളത്തിലെ ജനം, അതും നല്‍കും. ബാക്കി കാശുണ്ടെങ്കില്‍ തുറന്ന ബാറുകളില്‍ പോയി അവര്‍ ഒഴിച്ചു തരുന്ന സകല വിഷവും വാങ്ങി കുടിക്കുകയും ചെയ്യും. കേരളം വികസിക്കുകയല്ലെന്ന് ആരാണ് പറയുന്നത്?

 

*Views are personal

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍