UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സര്‍ക്കാരിനോട്: പൂട്ടിയ ബാറുകള്‍ ഇനി തുറക്കരുത്- വനിത കൂട്ടായ്മ

Avatar

നെജു ഇസ്മായില്‍

മദ്യനയത്തില്‍ മാറ്റം വരുത്തുന്നു എന്ന സ്‌ക്രോള്‍ ചോദ്യചിഹ്നമായി ചാനലുകളില്‍ മിന്നി മറയുമ്പോള്‍ കൊടുങ്ങല്ലൂരില്‍ ഒരു വീട്ടമ്മയോട് ഞാന്‍ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. അമിത മദ്യപാനത്തിന് അടിമയായ അവരുടെ ഭര്‍ത്താവ് സ്വന്തമായുള്ള ഭൂമി വരെ വിറ്റു കുടിക്കാന്‍ തുടങ്ങി. ഇപ്പോള്‍ അവശേഷിക്കുന്നത് വെറും ഒരു സെന്റ് ഭൂമി മാത്രം. ഇതില്‍ ഒരു കിടപ്പാടം തല്ലിക്കൂട്ടാന്‍ പറ്റുമോ എന്നകാര്യമാണ് അവരെന്നോട് ചോദിച്ചത്. ഇത്തരം നിസ്വകളായ സ്ത്രീകളുടെ കണ്ണീര്‍ ഇനിയും ഇവിടെ വീഴരുത്. അതുകൊണ്ട് മുഴുവന്‍ സ്ത്രീകള്‍ക്കും വേണ്ടി ഞങ്ങള്‍ ഉച്ചത്തില്‍ ആവശ്യപ്പെടുന്നു; ബാറുകള്‍ ഇനി തുറക്കരുത്. തുറക്കാന്‍ അനുവദിക്കരുത്, തുറന്നാല്‍ കേരളം അതിനു വലിയ വിലകൊടുക്കേണ്ടി വരും.

 

കേരളത്തില്‍ ബാറുകള്‍ അടച്ചുപൂട്ടിയശേഷം മദ്യ ഉപഭോഗം കുറഞ്ഞതായാണ് വീട്ടമ്മമാരോട് സംസാരിക്കുമ്പോള്‍ വനിത കൂട്ടായ്മയ്ക്ക് വ്യക്തമാകുന്നത്. പുതിയ സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തില്‍ യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തെ തിരുത്തിയെഴുതുമെന്ന സൂചനയാണ് ലഭിക്കുന്നത്. ബാറുകള്‍ അടച്ചുപൂട്ടിയതോടെ മദ്യ ഉപഭോഗം കുറഞ്ഞെന്ന കണക്കുകളാണ് യുഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുവച്ചത്.

വീട്ടമ്മമാര്‍ക്കിടയില്‍ രണ്ടുതരത്തിലെ പഠനമാണ് വനിത കൂട്ടായ്മ നടത്തിയത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തില്‍ തൊഴിലെടുത്ത കൂലി പുരുഷന്മാര്‍ വീടുകളില്‍ എത്തിക്കുന്നു എന്ന ആശ്വാസമാണ് ലഭിച്ചത്. രണ്ടു ഘട്ടമായിട്ടാണല്ലോ ബാറുകള്‍ അടച്ചുപൂട്ടിയത്. ഇതില്‍ ആദ്യഘട്ടം ബാറുകള്‍ പൂട്ടിയപ്പോള്‍ ഷെയറിട്ട് ഓട്ടോറിക്ഷ വിളിച്ച് ബാറുള്ള സ്ഥലം തപ്പിയെടുത്ത് മദ്യപിക്കുകയായിരുന്നു ചെയ്തത്. എന്നാല്‍ രണ്ടാംഘട്ടത്തില്‍ ബാറുകള്‍ പൂട്ടിയതോടെ പോയിരുന്നു മദ്യപിക്കാന്‍ സ്ഥലമില്ലാതായി. ബിവറേജ് ഷോപ്പില്‍ നിന്നും മദ്യം വാങ്ങി വീട്ടില്‍ കൊണ്ടുവന്ന് കുടിക്കുന്നവര്‍ ഉണ്ടെങ്കിലും മെല്ലെ ഇത്തരം കുടിയും കുറഞ്ഞു. സാമ്പത്തികമായി മൂന്നാക്കം നില്‍ക്കുന്നവരില്‍ നടത്തിയ പഠനത്തില്‍ ബിവറേജ് ഷോപ്പിന്റെ ക്യൂവില്‍ നില്‍ക്കാന്‍ താത്പര്യമില്ലാത്തവരാണ് അധികവും. ആദ്യം കമ്മിഷന്‍ വ്യവസ്ഥയില്‍ ആളുകളെ പറഞ്ഞയച്ച് മദ്യം വാങ്ങിക്കുകയായിരുന്നു പതിവ്. ഈ പതിവും ഘട്ടം ഘട്ടമായി ഇല്ലാതെയായി.

തീരദേശ മേഖലയിലെ വീടുകളില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ മന:സമാധാനം ലഭിച്ചു തുടങ്ങി. മദ്യം കുറഞ്ഞതോടെ മയക്കുമരുന്ന് ഉപയോഗം വര്‍ദ്ധിച്ചു എന്നത് ഒരിക്കലും ന്യായീകരിക്കാനാവുന്ന കാര്യമല്ല. മദ്യനിരോധനം ഒഴിവാക്കുന്നതിനു പകരം മയക്കുമരുന്നിന്റെ ഉപയോഗം തടയാനായി സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുകയാണ് വേണ്ടത്.

 

മദ്യലഭ്യത കൂടുമ്പോള്‍ തന്നെയാണ് ഉപഭോഗത്തിനുള്ള സാധ്യതയും കൂടുന്നത്. മദ്യലഭ്യത കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് ബാറുകള്‍ അടച്ചുപൂട്ടുന്നത്. സര്‍ക്കാര്‍ നയത്തില്‍ ഏതുമാറ്റം വരുത്തിയാലും ബാറുകള്‍ ഇനി തുറക്കാന്‍ അനുവദിക്കില്ല എന്ന നയത്തില്‍ മാറ്റം വരുത്താന്‍ കേരളത്തിലെ സ്ത്രീകള്‍ തയ്യാറല്ല.

(വനിത കൂട്ടായ്മ സെക്രട്ടറിയാണ് നെജു ഇസ്മായില്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍