UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സര്‍ക്കാരിന് രണ്ടു കാലില്‍ നില്ക്കാന്‍ മദ്യപാനികള്‍ അനിവാര്യമാകുമ്പോള്‍

കേരളത്തിൽ മദ്യം വലിയ ചർച്ചാവിഷയമായി തുടരുകയാണ്. മുന്‍പ് ആന്റണി സർക്കാർ ചാരായം നിരോധിച്ചതിനെ തുടര്‍ന്നാണ് കേരളത്തിലെ മദ്യപാനത്തിന്റെ ആളോഹരി ഉപഭോഗം ഗണ്യമായി കൂടിയത്. രാജ്യത്തെ ആളോഹരി മദ്യപാനത്തിൽ മുൻപന്തിയിൽ കേരളം എത്തിയതിന് പിന്നിൽ അന്നത്തെ ചാരായ നിരോധനത്തിന് വലിയ പങ്കുണ്ട് എന്നു കരുതാന്‍ ന്യായങ്ങളേറെയുണ്ട്. കാരണം ചാരായ ഷാപ്പുകളിൽ നിന്ന് കിട്ടുന്ന വിലക്ക് വിലകുറഞ്ഞ വിദേശ മദ്യം കേരളത്തിൽ ലഭ്യമായത് അതോടെയാണ്. അതോടൊപ്പം വൻകിട മദ്യ ഉല്‍പ്പാദകർ ഇത്തരം മദ്യ ഉല്‍പ്പാദനത്തിലേക്ക് മാറിയതും കേരളത്തിലെ മദ്യ ഉപഭോഗം വർദ്ധിക്കാനുള്ള സാഹചര്യം ഒരുക്കിക്കൊടുത്തു. ചാരായ നിരോധനം മദ്യ നിരോധനത്തിന്റെ പരിധിയിൽ വരുന്ന ഒന്നല്ലായിരുന്നു. എന്നിട്ടും എ കെ ആന്റണി സർക്കാർ മദ്യം നിരോധിച്ചു എന്ന രീതിയിൽ അവകാശ വാദം ഉന്നയിക്കുകയായിരുന്നു. അതിൽ നിന്നും വ്യത്യസ്ഥമായ ഒരു തീരുമാനവും ഇപ്പോഴത്തെ സംസ്ഥാന സർക്കാർ എടുത്തിട്ടില്ല എന്നതാണ് സത്യം.

മദ്യനിരോധനം പ്രായോഗികമാണോ എന്നതാണ് അടിസ്ഥാന പ്രശ്നം. മദ്യം നിരോധിക്കാൻ സര്‍ക്കാരിന് കഴിയും. കാരണം മദ്യ വില്പനയിൽ ഇന്നും ഭരണകൂടത്തിന് നിയന്ത്രണം ഉണ്ട് എന്നത് തന്നെ. മദ്യ വില്പന നിയന്ത്രിക്കാൻ കഴിയും എന്നതിനര്‍ഥം മദ്യ ഉപഭോഗം നിയന്ത്രിക്കാൻ സർക്കാരിന് കഴിയും എന്നല്ല. അതൊരു തെറ്റിധാരണ മാത്രമാണ്. വ്യക്തി കേന്ദ്രീകൃത ഉപഭോഗം നിയന്ത്രിക്കാൻ ഭരണകൂടത്തിന് എന്ത് അധികാരം എന്നതാണ് ചർച്ചചെയ്യപ്പെടേണ്ടത്. കാരണം ഇതൊരു വ്യക്തി താല്പര്യത്തിന്റെ വിഷയം കുടിയാണ്. അങ്ങനെ വ്യക്തികളുടെ ജീവിതത്തിൽ ഒരു ഭരണകൂടത്തിന് ഇടപെടാൻ കഴിയണം എങ്കില്‍ വ്യക്തിയുടെ സമസ്തജീവിതത്തിലും ക്രിയാത്മകമായി ഇടപെടുന്ന ഒരു ഭരണകുടമായിരിക്കണം അത്. അത്തരമൊരു ഭരണകൂടമാണോ നമ്മുടേത് എന്ന് ആലോചിക്കേണ്ടതുണ്ട്. 

പൊതുസ്ഥലത്ത് സിഗരറ്റ് വലിച്ചാൽ പിഴ ഈടാക്കുകയും എന്നാൽ സിഗരറ്റ് വില്പന പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു സംവിധാനത്തിൽ നിരോധനം എന്നത് നിയന്ത്രിത വില്പന മാത്രമാണ്. കേരള സർക്കാർ ഇപ്പോൾ നടപ്പിലാക്കിയത് മദ്യനിരോധനമല്ല പകരം മദ്യത്തിന്റെ ഉപഭോഗത്തെ നിയന്ത്രിക്കാനുള്ള കേവലമായ ഒരു ശ്രമം മാത്രമാണ്. എന്നാൽ ഇത്തരം ഒരു നയം നടപ്പിലാക്കാൻ കഴിയുന്ന സാമുഹിക സാഹചര്യമല്ല കേരളത്തിൽ നിലനിൽക്കുന്നത്. 

ബെസ്റ്റ് ഓഫ് അഴിമുഖം 

ഇത് സദാചാര ഫാസിസം- അനൂപ് വര്‍ഗീസ് കുരിയപ്പുറം എഴുതുന്നു
ഗ്രൂപ്പ് കളിയില്‍ വിരിയുന്ന പഞ്ചനക്ഷത്ര കേരളം
ബെസ്റ്റ് കണ്ണാ ബെസ്റ്റ് .. ഈ ജനതയ്ക്ക് ഇങ്ങനെതന്നെ വേണം
സുധീരന്‍ പുണരാനായുന്ന കസേരകള്‍ (എം എ ജോണ്‍ പുണരാത്തതും)
ലഹരിയെ സദാചാരപട്ടികയില്‍ നിന്നു മോചിപ്പിക്കേണ്ടതുണ്ട്- ഡോ. എ.കെ ജയശ്രീ സംസാരിക്കുന്നു

മദ്യ വില്പന ഘട്ടം ഘട്ടമായി കുറയ്ക്കും എന്ന് പറയുമ്പോൾ പോലും ആവർത്തിച്ച് പറയുന്ന ഒരുകാര്യം ബിവറേജസ് കോർപറേഷന്റെ ഔട്ട് ലെറ്റുകളുടെ എണ്ണത്തിൽ  കുറവ് വരുത്തും എന്നാണ്. എന്നാൽ അപ്പോഴും ഒരു മന്ത്രിക്കും പറയാൻ കഴിയില്ല ഇത്തരം നിയന്ത്രണം മദ്യ ഉപഭോഗത്തെ ഇല്ലാതാക്കും എന്ന്. കേരളത്തിന്റെ മൊത്തം വരുമാനത്തിൽ മദ്യത്തിന്റെ പ്രാധാന്യം മനസിലാക്കാന് കേരള ബീവറേജസ് കോര്‍പ്പറേഷന്റെ വെബ്സൈറ്റ് നോക്കുക. http://www.ksbc.kerala.gov.in/sales.htm . 2013 -2014 സാമ്പത്തിക വര്‍ഷം ആഗസ്റ്റ് 13വരെ ബിവറേജസ് കോർപ്പറേഷൻ സംസ്ഥാന ഖജനാവിലേക്ക് അടച്ചത് 3127.02 കോടി രൂപയാണ്. അതായത് കേരള സര്‍ക്കാരിന്റെ നിലനില്പിന് മദ്യപാനികൾ അനിവാര്യഘടകമാണ്എന്നു സാരം. മറ്റ് ഏതുതരം വരുമാന സ്രോതസിനേക്കാൾ ലാഭകരവും നടപ്പാക്കാൻ പ്രായോഗികവും ആണ് മദ്യവ്യവസായം. ഇപ്പോള്‍ നടപ്പാകുന്ന വില്പന നിയന്ത്രണം എന്ന സർക്കാർ സമീപനത്തില്‍ നിരവധി അവ്യക്തതകളുണ്ട്.  

ഇനിയും മനസ്സിലാക്കേണ്ട വസ്തുത സമ്പൂര്‍ണ്ണ മദ്യനിരോധനം നടപ്പിലാക്കാൻ ഒരു  സർക്കാരിനും കഴിയില്ല എന്നതാണ്. ഗുജറാത്താണ്  രാജ്യത്തെ ഒരു മാതൃക. അവിടെ സർക്കാർ മദ്യം വില്‍ക്കുന്നില്ല, എന്നാൽ സ്വകാര്യമായി മദ്യപിക്കുന്നവരെ നിയന്ത്രിക്കാൻ സർക്കാരിന് കഴിയാറുമില്ല.  സമ്പൂർണ്ണ മദ്യ നിരോധനമാണ് ലക്ഷ്യമെങ്കിൽ മദ്യപാനം നിയമ വിരുദ്ധമാക്കുകയാണ് വേണ്ടത്. അതായത് മയക്കുമരുന്ന് ഉപയോഗം പോലെ മദ്യ ഉപയോഗം നിരോധിക്കണം. അല്ലാതെ ഫൈവ് സ്റ്റാർ മദ്യഷാപ്പുകൾ മാത്രം മതി എന്ന നയം ഫലത്തിൽ മദ്യ ഉപഭോഗം ഒരു പ്രത്യേക സാമ്പത്തിക വിഭാഗത്തിലേക്ക് ചുരുക്കുകയും ബിവറേജസ് കോർപറെഷൻ വഴിയുള്ള വില്പനയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണ് ഉണ്ടാക്കുക. ഒരു വ്യക്തിക്ക് ഇത്ര അളവിൽ മദ്യം വാങ്ങാനും അതോടൊപ്പം അവളുടെ/ അയാളുടെ മദ്യ ഉപയോഗം ഇത്ര അളവിൽ കഴിഞ്ഞാൽ കുറ്റകരം ആകും എന്നും വ്യക്തമാക്കുന്ന ഒരു നിയമനിർമ്മാണത്തിലുടെ മാത്രമേ സമ്പൂർണ്ണ മദ്യനിരോധനം പ്രാവർത്തികമാകൂ. അല്ലാത്ത പക്ഷം സുപ്രീംകോടതിയും കേരള ഹൈക്കോടതിയും ചോദിച്ചതുപോലെ കേരള സര്‍ക്കാരിന്റെ മദ്യനയം എന്താണ് എന്ന് വിശദീകരിക്കേണ്ടിവരും. തല്‍ക്കാലം അങ്ങനെയൊരു നയം സർക്കാരിനില്ല എന്നതാണ് ഇതിന്റെ മറുവശം. 

എസ്. മുഹമ്മദ് ഇര്‍ഷാദ്

എസ്. മുഹമ്മദ് ഇര്‍ഷാദ്

മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസില്‍ അദ്ധ്യാപകനാണ് ലേഖകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍