UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ലീഗിന്റെ മദ്യനിരോധനനയം എന്ന നാടകം

Avatar

എ എം യാസിര്‍

മദ്യനിരോധനനയം കേരളത്തില്‍ ഫലപ്രദമാവില്ലെന്ന് 1967-ലെ ഇ.എം.എസ് മന്ത്രിസഭയ്ക്ക് ബോദ്ധ്യപ്പെട്ടതു കൊണ്ടായിരുന്നു അതുവരെയുണ്ടായിരുന്ന മദ്യനിരോധനം അന്നെടുത്തുകളഞ്ഞത്. വ്യാജവാറ്റ് കൂടിവരികയും വിഷക്കള്ള് സുലഭമാവുകയും ചെയ്തതാണ് ആ നടപടിക്ക് പ്രേരണയായത്. മദ്യപാനശീലമുളളവര്‍ക്കായി തദ്ദേശീയ മദ്യം ഉല്‍പാദിപ്പിക്കാന്‍ ലൈസന്‍സ് നല്‍കി റവന്യൂ വര്‍ദ്ധിപ്പിക്കാനുളള നീക്കം അന്നുണ്ടായില്ലെന്നത് അന്നത്തെ സര്‍ക്കാറിന്റെ പാളിച്ചയായിരുന്നു. അത്തരം അഭിപ്രായം അന്നു സി പി ഐ എമ്മില്‍ ഉയര്‍ന്നിരുന്നു. ആ മന്ത്രിസഭയില്‍ മുസ്ലിംലീഗുണ്ടായിരുന്നു. ഈ ചരിത്ര പശ്ചാത്തലത്തെ മുന്‍നിര്‍ത്തിവേണം കെ.പി.സി.സി പ്രസിഡന്റ്റ് വി.എം സുധീരൻ ഉയർത്തിയിരിക്കുന്ന എതിർപ്പിനൊപ്പം ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന്റെ മദ്യവിരോധ നയവും ചര്‍ച്ച ചെയ്യേണ്ടത്. 

ലീഗിന്റെ നയവും നാടകവും
ഇന്ത്യന്‍ യുണിയന്‍ മുസ്ലീംലീഗിന്റെ പിന്തുണയുണ്ടായിരുന്ന മന്ത്രിസഭയായിരുന്നു 1967ലെ ഇ.എം.എസ് മന്ത്രിസഭ. അന്ന് സി.എച്ച് മുഹമ്മദ് കോയ അടക്കമുളള ലീഗ് നേതാക്കളുടെ പിന്തുണയോടെയാണ് മദ്യനിരോധനം റദ്ദ്‌ചെയ്ത് പുതിയ മദ്യനയം പ്രഖ്യാപിച്ചത്. അന്ന് പേരിനുപോലും ലീഗ് നേതാക്കള്‍ ആ നയത്തെ എതിര്‍ക്കുകയോ അവര്‍ക്ക് മദ്യവിരുദ്ധനയം ഉളളതായി ഓര്‍മ്മപ്പെടുത്തുകയോ ഉണ്ടായിട്ടില്ല. മാത്രമല്ല മുസ്ലീംലീഗിന്റെ രൂപീകരണത്തിനായി ചെന്നൈയില്‍ ചേര്‍ന്ന ആദ്യ യോഗത്തില്‍ തങ്ങള്‍ ഇന്ത്യയോടൊപ്പം നില്‍ക്കുന്ന ലീഗാണെന്ന് മനസില്‍ ഉറപ്പിച്ച് തലപ്പാക്കെട്ട് ബിരിയാണി (ഒരു തമിഴ്നാടന്‍ ബിരിയാണി) ‘ബെയിച്ച്’ പിരിഞ്ഞതല്ലാതെ യാതൊരു തരത്തിലുളള നയവും അന്ന് ആ പാര്‍ട്ടി ചര്‍ച്ച ചെയ്തതായി രേഖകളില്ല. 

പിന്നീട് 1989ല്‍ ഇന്നത്തെ ജില്ലാ പഞ്ചായത്തിനു പകരം അന്നുണ്ടായിരുന്ന മലപ്പുറം ജില്ലാ കൌണ്‍സിലില്‍ ലീഗിനു  ഭൂരിപക്ഷം ലഭിച്ചപ്പോഴാണ് ആദ്യമായി മദ്യനയം ആ പാര്‍ട്ടിക്കുണ്ടാവുന്നത്. അന്ന് മലപ്പുറം ജില്ലയില്‍ പൂര്‍ണ്ണ മദ്യനിരോധനം നടപ്പിലാക്കുമെന്ന്‍ ലീഗ് ജില്ലാ കൌണ്‍സിലില്‍ പ്രമേയം പാസാക്കി. 

എന്നാല്‍ പിന്നീട് മദ്യം ഉപയോഗിക്കുന്നതില്‍ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ പ്രദേശങ്ങളായി ജില്ലിയിലെ തിരൂരും കുറ്റിപ്പുറവും മാറുകയാണുണ്ടായത്. ലീഗ് നേതാക്കള്‍ക്കിടയില്‍ കുടിയന്മാര്‍ വര്‍ദ്ധിച്ചുവെന്നല്ലാതെ മാറ്റങ്ങളൊന്നും ആ പ്രമേയത്തിനുശേഷം ഉണ്ടായില്ലെന്ന് നേതാക്കള്‍ തന്നെ സമ്മതിക്കുന്നുണ്ട്. പിന്നീട് കേരളത്തെ ഞെട്ടിച്ച കുറ്റിപ്പുറം മദ്യദുരന്തം ജില്ലയെ നടുക്കിയെങ്കിലും 1989ല്‍ ലീഗ് പാസാക്കിയ മദ്യനിരോധന നയം നടപ്പിലാക്കാന്‍ പാര്‍ട്ടി മുന്നോട്ടു വന്നില്ലെന്നതാണ് നേര്. 

1989ലെ പ്രമേയം ചിതലരിച്ചുവെങ്കിലും 1991ല്‍ അന്ന് മുസ്ലീംലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി മെമ്പറും ലീഗ് മുഖപത്രമായ ചന്ദ്രികയിലെ പത്രാധിപസമിതിയംഗവുമായിരുന്ന ജാഫര്‍ അത്തോളിയാണ് ലീഗിന്റെ മദ്യനയം തുറന്നുകാട്ടിയത്. കൊടുവളളിയിലെ  അന്നത്തെ  ലീഗ് എം.എല്‍.എ മദ്യപിച്ചതിനുളള തെളിവായി ബാറില്‍ എം.എല്‍.എ നല്‍കിയ ബില്ലിന്റെ ഒറിജിനല്‍ ജില്ലാ കമ്മിറ്റിയില്‍ കാണിക്കുകയായിരുന്നു ജാഫര്‍ അത്തോളി. ആരോപണം ശരിയെന്ന് കണ്ടെത്തിയിട്ടും നേതൃത്വം ജാഫര്‍ അത്തോളിയെ പുറത്താക്കുകയായിരുന്നു.

ഇപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുളള സര്‍ക്കാര്‍ മദ്യനിരോധനം നീക്കം ചെയ്യാനുളള നടപടിയെ അകത്തും നിന്നും പിന്തുണച്ച് പുറത്തുനിന്നും എതിര്‍ക്കുന്നത് ലിഗിന്റെ നാടകമാണെന്ന് മലയാളിക്ക് അറിയില്ലെങ്കിലും ലീഗ് അണികള്‍ക്ക് അത് നന്നായറിയാം. മദ്യത്തിന്റെ കാര്യത്തിലെന്നല്ല മലബാറിന്റെ കാര്യത്തില്‍ പോലും ലീഗിന് ഒരു നയമില്ലെന്നവര്‍ക്കറിയാം. അത്തരമൊരു നയമുണ്ടായാല്‍ ലീഗിനു നിലനില്പ്പില്ലെന്നും അറിയാം. 

കോണിയാണ് (ഏണി) മുസ്ലീലീഗിന്റെ തിരഞ്ഞെടുപ്പുചിഹ്നം. അതിന് എവിടെയെങ്കിലും ചാരാതിരിക്കാനാവില്ലെന്നത് പച്ച യാഥാര്‍ത്ഥ്യം. തങ്ങള്‍ വര്‍ഗ്ഗീയവാദികളാണെന്ന ആരോപണം അന്നത്തെ കോണ്‍ഗ്രസ് നേതാക്കള്‍ നിരന്തരമുന്നയിച്ചപ്പോഴാണവര്‍ 1967ല്‍ ഇടതുപക്ഷത്ത് നിലയുറപ്പിച്ചതും അന്നത്തെ മദ്യനയത്തെ പിന്തുണച്ചതുമെന്നതും മറ്റൊരു നേരാണ്.  

യു.ഡി.എഫ് മുന്നണി സമവാക്യം മാറ്റി എഴുതണമെന്ന് ധരിക്കുന്നവരുടെ സ്വപ്നവ്യാപാരത്തില്‍ കുഞ്ഞാലിക്കുട്ടി ഉള്‍പെട്ടിട്ടുണ്ടോയെന്ന് സംശയിക്കുന്നവര്‍ പാര്‍ട്ടിയിലില്ലാതില്ല. കുഞ്ഞാപ്പക്ക് ഇടതുപക്ഷാഘാതമുണ്ടാവില്ലെന്നും ഇത് നാടകം മാത്രമാണെന്നും കരുതുന്നവരാണ് അണികളില്‍ ബഹുഭൂരിപക്ഷം വരുന്നവരും. മദ്യവിരുദ്ധനായി സുധീരന്‍ പുതുമോഡിയണിഞ്ഞപ്പോള്‍ തുടക്കത്തില്‍ അതിനുലഭിച്ച സ്വീകാര്യത മാത്രമാണ് ഇപ്പോള്‍ മദ്യനിരോധനനയത്തിലേക്കു ലീഗിനെ നയിച്ചതെന്നാണ് ലീഗിന്റേത് നാടകമെന്ന് കരുതുന്നവരുടെ ന്യായം. എന്നാല്‍ മുന്നണി പിളര്‍പ്പിലേക്കത്തുമെന്ന് സ്വപ്നം കാണുന്നവര്‍ എറിഞ്ഞത് ചെറിയ ചൂണ്ടയല്ലെന്നതാണ് വാസ്തവം. 

ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുളള മന്ത്രിസഭ പിരിച്ചു വിടണമെന്ന് സി.പി.എം നേതൃത്വത്തിലുളള പ്രതിപക്ഷം ആഗ്രഹിക്കുന്നുണ്ടെങ്കിലും ഇപ്പോള്‍ അട്ടിമറിക്കായി ശ്രമിക്കുന്നത് അവരെല്ലന്നത് മറ്റൊരു യാഥാര്‍ത്ഥ്യമാണ്. അവരുടെ മറവില്‍ വ്യാപാരം നടത്തുന്നവര്‍ ചൂണ്ടെയെറിഞ്ഞിരിക്കുന്നവര്‍ ബഹുതല ലക്ഷ്യങ്ങളിലാണ് നോട്ടമിട്ടിരിക്കുന്നത്. സുധീരന്റെ ഒറ്റപ്പെടലും പുതിയ മദ്യനയത്തോടുളള ലീഗിന്റെ എതിര്‍പ്പും പുതിയ രാഷ്ടീയ സമവാക്യങ്ങള്‍ക്കുളള അനന്തമായ ആലോചനകള്‍ക്കാണ് വഴി തുറക്കുന്നത്. 

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

*Views are Personal

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍