UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗ്രൂപ്പ് കളിയില്‍ വിരിയുന്ന പഞ്ചനക്ഷത്ര കേരളം

Avatar

ശരത് കുമാര്‍

അങ്ങനെ അക്കാര്യത്തില്‍ ഒരു തീരുമാനമായി. വരുന്ന ഏപ്രില്‍ ഒന്നു മുതല്‍ ബാറില്‍ കയറി മദ്യപിക്കണമെങ്കില്‍ ഫുള്‍ കൈ ഷര്‍ട്ടിടണം. പാന്റിടണം. ചിലപ്പോള്‍, ഉഷ്ണമേഖല രാജ്യമായ ഇന്ത്യയിലെ ചാനലുകളില്‍ വാര്‍ത്ത വായിക്കുന്നവര്‍ ഇടുന്നത് പോലെ കോട്ട് തന്നെയും ഇടേണ്ടി വരും. കാരണം ഇനി കേരളത്തില്‍ പഞ്ചനക്ഷത്ര ബാറുകള്‍ മാത്രം. കഴിഞ്ഞ മൂന്ന് നാല് മാസമായി അടച്ചിട്ടിരിക്കുന്ന 418 ബാറുകള്‍ തുറക്കില്ല എന്ന് മാത്രമല്ല നിലവിലുള്ള 312 ബാറുകള്‍ പൂട്ടുകയും ചെയ്യും. മൂന്നു മാസമായി കേരളത്തെ മലീമസമാക്കിക്കൊണ്ടിരുന്ന വാദപ്രതിവാദങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട്, ഭരിക്കുന്ന യുഡിഎഫ് എടുത്ത സദാചാര തീരുമാനങ്ങളില്‍ ഇത് മാത്രം ഒതുങ്ങുന്നില്ല. ഇനി മുതല്‍ ഞായാറാഴ്ചകള്‍ വരള്‍ച്ചാ ദിവസങ്ങള്‍ (ഡ്രൈ ഡേയ്‌സ്) ആയിരിക്കും. എല്ലാ വര്‍ഷവും പത്ത് ശതമാനം സര്‍ക്കാര്‍ മദ്യക്കടകള്‍ അടച്ചു പൂട്ടും. ഭാഗ്യം,  ചെത്ത് തൊഴിലാളികളെയും തെങ്ങിനെയും സംരക്ഷിക്കും. പക്ഷെ തെങ്ങിനെയും ചെത്തുകാരെയും കണ്ടെത്തണമെങ്കില്‍ കുറഞ്ഞപക്ഷം പാഴൂര്‍ പടിപ്പുര വരയെങ്കിലും പോകേണ്ടി വരുമെന്ന് മാത്രം. കണ്ടു കിട്ടിയാല്‍ സംരക്ഷിക്കും എന്നുറപ്പ്. 

ഏതായാലും മദ്യത്തില്‍ മുങ്ങി നില്‍ക്കുന്ന ഒരു സമൂഹത്തെ സംബന്ധിച്ചിടത്തോളം വളരെ ദൂരവ്യാപകമായ ഫലങ്ങള്‍ ഉണ്ടാക്കാന്‍ പോകുന്നതാണ് യുഡിഎഫ് യോഗം എടുത്ത തീരമാനം എന്ന കാര്യത്തില്‍ തര്‍ക്കമില്ല. അനിതരസാധാരണമായ മദ്യപാനാസക്തിയും അതിന്റെ ദൂഷ്യവശങ്ങളും ദിനംപ്രതി വര്‍ദ്ധിച്ചു വരികയും ആളോഹരി മദ്യ ഉപഭോഗത്തിന്റെ കാര്യത്തില്‍ നമ്മുടെ സംസ്ഥാനം ഒന്നാം സ്ഥാനം വെട്ടിപ്പിടിക്കുകയും ചെയ്ത സാഹചര്യത്തില്‍, പ്രത്യേകിച്ചും. അമിത മദ്യപാനമാണ് തങ്ങളെ കൊണ്ട് ഈ കടുത്ത തീരുമാനം എടുപ്പിച്ചതെന്ന് ഭരണകക്ഷി നേതാക്കളെല്ലാം ഒരുപോലെ അഭിപ്രായപ്പെടുന്നു. കേരള സമൂഹത്തിന്റെ രക്ഷയ്ക്കായി കൈക്കൊണ്ട ധീരമായ തീരുമാനം എന്ന് സ്വയം പുകഴ്ത്താനും അവര്‍ മറന്നില്ല. 

മദ്യം ഇന്നോ ഇന്നലയോ കണ്ടെത്തിയ ഒരു അത്ഭുത പ്രതിഭാസമൊന്നുമല്ല. മലബാറിലെ പരമ്പരാഗത കാര്‍ഷിക ബന്ധങ്ങളെ കുറിച്ചുള്ള ഒരു പഠനത്തില്‍, വൈകുന്നേരം പാടത്തു നിന്നും പണി കഴിഞ്ഞ് കയറുമ്പോള്‍ കര്‍ഷകനും കര്‍ഷകത്തൊഴിലാളികളും ഒന്നിച്ചിരുന്ന് മദ്യപിക്കാറുണ്ടായിരുന്നുവെന്ന് ദിലീപ് മേനോനെ പോലെയുള്ള ചരിത്രകാരന്മാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നമുക്ക് ഏറ്റവും പ്രിയപ്പെട്ട വസ്തുക്കളാണല്ലോ ദൈവങ്ങള്‍ക്ക് നല്‍കുക. വൈഷ്ണവ ദൈവങ്ങളെ ഒഴിച്ചു നിറുത്തിയാല്‍, അതായത് കേരളത്തില്‍ ബ്രാഹ്മണ്യ അധിനിവേശം നടപ്പിലാവുന്നതിന് മുമ്പ് പൊതുവേ ദൈവങ്ങളെല്ലാം കള്ളിലും ചാരായത്തിലും മാംസത്തിലും സംപ്രീതരാവുന്നവരായിരുന്നു. മലബാറിലെ തെയ്യങ്ങള്‍ മുതല്‍ തിരുവിതാങ്കൂറിലെ ചാത്തന്‍, മറുത തുടങ്ങിയ ദ്രാവിഡ ദൈവങ്ങളൊക്കെയും മദ്യപാനികളായിരുന്നു. അതായത്, എല്ലാക്കാലത്തും നമ്മുടെ കാര്‍ഷീക സംസ്‌കാരത്തിന്റെയും വിശ്വാസത്തിന്റെയും ജീവിത രീതികളുടെയും ഒക്കെ അവിഭാജ്യഘടകമായിരുന്നു മദ്യം. 

എന്നാല്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ ഭരണം സ്ഥാപിക്കുകയും വിക്ടോറിയന്‍ സദാചാരം നമ്മുടെ ഭാഗമാവുകയും ചെയ്തതോടെ മാത്രമല്ല ഇപ്പോള്‍ മദ്യത്തിനുള്ള അസ്പൃശ്യത ആരംഭിച്ചത്. സംഗതി സര്‍ക്കാര്‍ ബ്രാന്റാക്കി വിറ്റ് പുതിയ ഒരു നികുതി കൂടി ഏര്‍പ്പെടുത്താമെന്ന സായിപ്പിന്റെ ബുദ്ധിയാണ് ഇതിനെ ഒരേ സമയം ആകര്‍ഷകവും അതേ സമയം ഈ രംഗത്തെ ഇത്രത്തോളം മലീമസവുമാക്കിയത്. സ്വന്തം വീട്ടില്‍ ഉണ്ടാക്കി ആവശ്യത്തിന് മാത്രം കഴിച്ചിരുന്ന ഒരു സാധനത്തിന് മേല്‍ നികുതിയും കഴിക്കാന്‍ ഇടവും വരികയും സ്വയം നിര്‍മ്മിക്കുന്നതിന് വ്യാജന്‍ എന്ന ഓമനപ്പേര് ലഭിക്കുകയും ചെയ്തതോടെ മദ്യം ഒരു ടാബൂ ആയി മാറി. അതോടെ മദ്യപാനി നികൃഷ്ടനായി എന്ന് മാത്രമല്ല എന്തിനോടും ഏതിനോടുമുള്ള പ്രതിഷേധം തീര്‍ക്കാനുള്ള ഒരുപാധിയായി മദ്യപാനം മാറുകയും അതൊരു രോഗാവസ്ഥയിലേക്ക് പരിണമിക്കുകയും ചെയ്തു. 

ഈ രോഗവസ്ഥയ്ക്ക് ആക്കം കൂട്ടിയത് 1996 ലെ ചാരായ നിരോധനമായിരുന്നു എന്ന് ആവര്‍ത്തിക്കേണ്ടിയിരിക്കുന്നു. പ്രത്യേകിച്ച് പഠനമോ ചര്‍ച്ചകളോ ഒന്നും ഇല്ലാതെ ഒരാള്‍ക്ക് മുഖ്യമന്ത്രി പദത്തില്‍ തുടരുക എന്ന ഒറ്റ ഉദ്ദേശത്തിന്റെ പുറത്തെടുത്ത തീരുമാനമായിരുന്നു അത്. പക്ഷെ നിര്‍ഭാഗ്യവശാല്‍ കേരള ജനത ആ തീരുമാനത്തെ അംഗീകരിച്ചില്ല എന്ന് തൊട്ടടുത്ത നിയമസഭ തിരഞ്ഞെടുപ്പ് വ്യക്തമാക്കി. ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന് 200 ശതമാനം വരെ നികുതി കൂട്ടി മദ്യ ഉപഭോഗം കുറയ്ക്കുക എന്നൊരു സാഹസവും ചാരായ നിരോധനത്തോടൊപ്പം സ്വീകരിക്കപ്പെട്ടു. എന്നാല്‍ കേരളത്തില്‍ മദ്യ ഉപഭോഗം 1996 ലേതിനേക്കാള്‍ എത്രയോ ഇരട്ടിയായി വര്‍ദ്ധിക്കുകയും മദ്യാസക്തി പിടിച്ചാല്‍ കിട്ടാത്ത വണ്ണം ബീഭത്സമാവുകയും ചെയ്യുന്ന ഒരു ചിത്രമാണ് കേരളത്തിന്റെ കഴിഞ്ഞ 18 വര്‍ഷക്കാലത്തെ ചരിത്രം നമുക്ക് തരുന്നത്. സമൂഹത്തെ ആഴത്തില്‍ ബാധിക്കുന്ന ഇത്തരം പ്രശ്‌നങ്ങളെ നമ്മുടെ ഭരണാധികാരികള്‍ എത്ര ലാഘവത്തോടെയാണ് കൈകാര്യം ചെയ്യുന്നത് എന്നുള്ളതിന് ഉത്തമ ഉദാഹരണമായിരുന്നു ചാരായ നിരോധനം. 

ഇപ്പോള്‍ യുഡിഎഫ് നേതാക്കള്‍ ആവര്‍ത്തിക്കുന്നതും അതേ തെറ്റ് തന്നെയാണ്. ഈ തീരുമാനത്തിന്റെ ആത്യന്തിക ഫലങ്ങള്‍ എന്തൊക്കെയായിരിക്കും എന്ന കാര്യത്തില്‍ ആര്‍ക്കും ഒരു നിശ്ചയവുമില്ല. പൂട്ടിക്കിടന്ന 418 ബാറുകളുടെ പേരില്‍ ഇന്നലെ വരെ തമ്മിലടിച്ചിരുന്നവരെല്ലാം ഇന്ന് ഒരേ സ്വരത്തില്‍ പറയുന്നു ഏറ്റവും നല്ല തീരുമാനം എന്ന്. പക്ഷെ ആ തീരുമാനം എങ്ങനെ ഉണ്ടായി എന്ന് ആരും വിശദീകരിക്കുന്നില്ല. എന്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്? എന്ത് പഠനമാണ് ഇക്കാര്യത്തില്‍ നിങ്ങള്‍ നടത്തിയത്? ഈ തീരുമാനത്തെ സംബന്ധിച്ച് പൊതു സമൂഹത്തോട് അഭിപ്രായം ആരാഞ്ഞിട്ടുണ്ടോ? ഈ തീരുമാനം ഉണ്ടാക്കാവുന്ന സാമൂഹികവും വ്യക്തിപരവുമായ ആഘാതങ്ങളെ കുറിച്ച് എന്തെങ്കിലും ധാരണ ഈ തീരുമാനം എടുത്തവര്‍ക്കുണ്ടോ? ഭാവി കേരളത്തെ നിര്‍ണായകമായി ബാധിക്കാവുന്ന ഈ തീരുമാനം എടുക്കുന്നതിന് മുമ്പ് ഒരു സര്‍വകക്ഷി യോഗമെങ്കിലും വിളിക്കേണ്ടതല്ലേ? ചാരായ നിരോധനം കേരള സമൂഹത്തില്‍ ഉണ്ടാക്കിയ പ്രത്യാഘാതങ്ങളെ കുറിച്ച് എന്തെങ്കിലും പഠനം നടത്താന്‍ മാറി മാറി വന്ന സര്‍ക്കാരുകള്‍ തയ്യാറായിട്ടുണ്ടോ? ഒരേ വിഷയത്തില്‍ തുടര്‍ തീരുമാനം എടുക്കുന്നതിന് മുമ്പ് മുന്‍ തീരമാനം സമൂഹത്തില്‍ ഉണ്ടാക്കിയ ഗുണദൂഷ്യങ്ങളെ കുറിച്ച് പ്രാഥമികമായ അറിവെങ്കിലും നമ്മള്‍ നേടിയിരിക്കേണ്ടെ? ഉത്തരമില്ലാത്ത ചോദ്യങ്ങളാണ് എല്ലാം. അല്ലെങ്കില്‍ ബന്ധപ്പെട്ടവര്‍ക്ക് ഉത്തരം പറയാന്‍ താല്‍പര്യമില്ല. ഈ ചോദ്യങ്ങള്‍ സ്വയം ചോദിക്കാന്‍ പോലും ആര്‍ക്കും താല്‍പര്യമില്ല. 

പക്ഷെ ഒരു ചോദ്യത്തിന് ഉത്തരമുണ്ടെന്ന് ഇന്നലത്തെ ചാനല്‍ ചര്‍ച്ചകള്‍ വ്യക്തമാക്കുന്നു. ഈ തീരുമാനം എങ്ങനെ എടുത്തു എന്ന് ചോദ്യത്തിനാണ് ആ ഉത്തരം ലഭിക്കുന്നത്. യുഡിഎഫിലെ പ്രധാന കക്ഷിയായ കോണ്‍ഗ്രസില്‍ ഉരുണ്ടു കൂടിയ ഗ്രൂപ്പ് പോര് പരിഹാരിക്കാനുള്ള ഒറ്റമൂലിയായിരുന്നു ഈ തീരുമാനം. മാത്രമല്ല പ്ലസ് ടു അഴിമതിയുടെ കേട് തീര്‍ക്കാന്‍ തക്കം പാര്‍ത്തിരുന്ന മുസ്ലീം ലീഗിന് വീണ് കിട്ടിയ വടിയുമായി ബാര്‍ പ്രശ്‌നം. അവര്‍ സുധീരനെ പോലെ തന്നെ കടുംപിടിത്തം പിടിച്ചു. മിനിഞ്ഞാന്ന് വരെ ഒരു പിന്‍ബലം മാണി സാറായിരുന്നു. പള്ളിയും പട്ടക്കാരും വിരട്ടിയതോടെ അദ്ദേഹവും മറുകണ്ടം ചാടിയതോടെ ആദര്‍ശക്കുപ്പായം തുന്നിയേ തീരു എന്ന നില വന്നു. അതോടെ പഠനവും വേണ്ട, ആലോചനയും വേണ്ട, 418 വേണ്ടെങ്കില്‍ 312 വേണ്ട എന്ന നിലയിലായി കാര്യങ്ങള്‍. പക്ഷെ ഇത് ജനത്തിന്റെ കണ്ണില്‍ പൊടിയിടാന്‍ മാത്രം. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ മാത്രമേ ബാര്‍ അനുവദിക്കൂ എന്നേ പറഞ്ഞിട്ടുള്ളു. അല്ലാതെ ബാര്‍ അനുവദിക്കില്ല എന്ന് പറഞ്ഞിട്ടില്ല. എല്ലാ ഹോട്ടലുകളും പഞ്ചനക്ഷത്രം ആക്കിയാല്‍ തീര്‍ക്കാവുന്ന പ്രശ്‌നമേയുള്ളു. അതുകൊണ്ട് ബാര്‍ ഉടമകള്‍ പേടിക്കേണ്ടതില്ല. പാരിസ്ഥിതിക അനുമതിയുള്ള ക്വാറികളില്‍ മാത്രമേ ഘനനം നടത്താവു എന്ന ഗ്രീന്‍ ട്രിബ്യൂണലിന്റെ ഉത്തരവിനെ എത്ര നിസാരമായാണ് നമ്മുടെ സര്‍ക്കാര്‍ മറികടന്നത് എന്നാലോചിച്ചാല്‍ തന്നെ പഞ്ച നക്ഷത്ര പ്രശ്‌നം പരിഹരിക്കുന്നതിന്റെ ബുദ്ധി തെളിഞ്ഞു വരും.

പക്ഷെ കുടിയന്മാരുടെ കാര്യമാണ് കഷ്ടം. പഞ്ച നക്ഷത്ര ബാറുകളില്‍ നിന്നായാലും കുടിക്കേണ്ടവന്‍ കുടിക്കും അതിന് വരുമാനം കണ്ടെത്തേണ്ടി വരും എന്ന് മാത്രം. അപ്പോള്‍ കൂടുതല്‍ ക്വാറികള്‍ രൂപം കൊള്ളും. മണല്‍ മാത്രമല്ല പുഴ തന്നെ കച്ചവടം അടിക്കും. കാടുകള്‍ കഷ്ടിയാണെങ്കിലും ഉള്ളത് കൊണ്ട് കുറച്ചു കാലം പിടിച്ചു നില്‍ക്കാന്‍ സാധിക്കും. പിടിച്ചുപറി, മോഷണം, തട്ടിക്കൊണ്ടു പോകല്‍ തുടങ്ങിയ കലാപരിപാടികളും പയറ്റേണ്ടി വരും. അങ്ങനെ കേരളം മറ്റൊരു സ്വര്‍ല്ലോക സുന്ദരനാടായി അനാദി കാലത്തോളം പരിലസിക്കും. 

ഒരു സമൂഹത്തെ ദീര്‍ഘകാലത്തില്‍ ആഴത്തില്‍ ബാധിക്കുന്ന ഒരു തീരുമാനം എത്ര ലാഘവത്തോടെയാണ് നമ്മുടെ ഭരണകര്‍ത്താക്കള്‍ കൈക്കൊള്ളുന്നതെന്ന് ആലോചിക്കുമ്പോള്‍ ഭയം തോന്നും. ഗ്രൂപ്പ് കളിയുടേയും ഭരണം നിലനിറുത്തലിന്റെയും തമാശകളില്‍ മാത്രം നിലനില്‍ക്കേണ്ടതാണോ ഇത്തരം തീരുമാനങ്ങള്‍? കളിയില്‍ ഉമ്മന്‍ചാണ്ടിയാണോ സുധീരനാണോ ജയിച്ചതെന്ന് മാത്രം ആലോചിക്കുന്ന ഒരു ജനതയായി നമ്മള്‍ പൂര്‍ണമായും അധഃപതിച്ചോ? സാധ്യതകളുടെ കല മാത്രമാണോ രാഷ്ട്രീയവും ഭരണനിര്‍വഹണവും? ആ കലയില്‍ ഒടുങ്ങി തീരേണ്ടവരാണോ ഈ തീരുമാനത്തിന്റെ അനന്തരഫലം അനുഭവിക്കുന്ന മൂന്നരക്കോടി ജനങ്ങള്‍? 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍