UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബാര്‍ പൂട്ടി; മലയാളികളുടെ കെട്ട് വിട്ടു തുടങ്ങിയെന്ന് പഠനം

Avatar

രാകേഷ് നായര്‍

കെട്ടുവിടാതെ ഇട്ട് വട്ടം കറക്കുകയാണ് കേരളത്തിലെ ബാര്‍ലൈസന്‍സ് വിവാദം. നിലവാരമില്ലാത്ത 418 ബാറുകളുടെ ലൈസന്‍സ് റദ്ദ് ചെയ്ത നടപടി ഗുണകരമായ മാറ്റം കേരളത്തിന്റെ ബോധമണ്ഡലത്തില്‍ വരുത്തിയെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ ഉള്‍പ്പെടെ മദ്യവര്‍ജ്ജിത വര്‍ഗ്ഗം ഉദ്‌ഘോഷിക്കുമ്പോള്‍,മദ്യ വകുപ്പ് മന്ത്രി കെ ബാബു ഉള്‍പ്പെടുന്നവര്‍ പറയുന്നത് മദ്യോപഭോഗത്തിന്റെ വീര്യം താഴ്ന്നിട്ടില്ലെന്നാണ്. ബാറുകള്‍ പൂട്ടിയപ്പോള്‍ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ വഴിയുള്ള മദ്യവില്‍പ്പന കൂടിയെന്നും, മദ്യപാനം കുറയാന്‍ ബാറുകള്‍ പൂട്ടിയിട്ട നടപടി ഒരു തരത്തിലും സഹായകരമായിട്ടില്ലെന്നുമാണ് ബാറുകളെ പിന്തുണയ്ക്കുന്നവര്‍ ഉന്നയിക്കുന്ന വാദം. നിശ്ചയിക്കപ്പെട്ട നിലവാരത്തിലേക്ക് എത്താന്‍ സമയം നല്‍കി പൂട്ടിയ ബാറുകള്‍ റീ-ഓപ്പണ്‍ ചെയ്യാനുള്ള അനുമതി നല്‍കണമെന്ന നിര്‍ദ്ദേശമാണ് ഇക്കൂട്ടര്‍ മുന്നോട്ടു വയ്ക്കുന്നത്. ഏതിലാണ് വാസ്തവമുള്ളത്? മദ്യ വിതരണ കേന്ദ്രങ്ങളുടെ (ബാറുകളെയാണ് ഉദ്ദേശിച്ചത്) എണ്ണം കുറഞ്ഞത് നമ്മുടെ കുടിയന്മാരുടെ മദ്യപാന ശീലത്തില്‍ ഒരു തരത്തിലുള്ള മാറ്റവും വരുത്തിയിട്ടില്ലെന്നാണോ?അതിനുള്ള ഉത്തരമായി ഈ പഠന റിപ്പോര്‍ട്ട് കാണാവുന്നതാണ്.

സംസ്ഥാനത്ത് ഗുണ മേന്‍മയില്ലാത്ത ബാറുകള്‍ അടച്ചിടപ്പെട്ടത് മദ്യപരുടെ ഇടയില്‍ ഗണ്യമായ സ്വാധീനം ചെലുത്തിയതായാണ് ഇടുക്കിയിലെ മൂലമറ്റം സെന്റ് ജോസഫ്‌സ് കോളേജിലെ സാമൂഹ്യ പ്രവര്‍ത്തന പഠന വിഭാഗത്തിലെ അദ്ധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും സംഘം നടത്തിയ പഠനം സൂചിപ്പിക്കുന്നത്.

“ബാറുകളിലൂടെയുള്ള മദ്യ ലഭ്യത കുറഞ്ഞതിന് ശേഷം നേരത്തെ ചിലവാക്കിയതിലും കൂടുതല്‍ തുക വീട്ടാവിശ്യങ്ങള്‍ക്കായി വിനിയോഗിക്കുന്നു എന്ന കണ്ടെത്തല്‍ കുടുംബങ്ങളുടെ മൊത്തത്തിലുള്ള വികസനമാണ് കാണിക്കുന്നത്. കുടുംബത്തിലുള്ള തങ്ങളുടെ പെരുമാറ്റത്തില്‍ കാതലായ മാറ്റം വന്നതായി ഈ സര്‍വേയോട് സഹകരിച്ച മദ്യപരില്‍ 60 ശതമാനത്തോളം പേര്‍ സമ്മതിച്ചിരിക്കുന്നു. സ്ഥിര മദ്യപാനികളുടെ കുടുംബാന്തരീക്ഷത്തിന്റെ മെച്ചം ഈ പഠന റിപ്പോര്‍ട്ടില്‍ ഉടനീളം കണ്ടെത്താനാവും. അതുപോലെ തന്നെ രാവിലെയുള്ള മദ്യപാനത്തിലുള്ള കുറവും ഈ പഠനത്തിലെ പ്രധാന കണ്ടെത്തലാണ്. ഇതിനര്‍ത്ഥം മദ്യപാനശീലത്തില്‍ നിന്ന് ആളുകള്‍ പതിയെ ചുവടുമാറ്റുന്നു എന്നതാണ്”. പഠനത്തിന് നേതൃത്വം നല്കിയ എം എസ് ഡബ്ല്യു വിഭാഗം അദ്ധ്യാപകന്‍ ജസ്റ്റിന്‍ പറഞ്ഞു.

വളരെ പ്രധാനപ്പെട്ട കാര്യം ജോലിയില്‍ കൂടുതല്‍ കൃത്യത ഉണ്ടാക്കാന്‍ പുതിയ മദ്യനയം സഹായിച്ചു എന്നതാണ്. 72 ശതമാനത്തോളം ആളുകള്‍ ബാറുകള്‍ അടച്ചിടപ്പെട്ടതിന് ശേഷം കൃത്യ സമയത്ത് ജോലിക്ക് ഹാജരാകാന്‍ തുടങ്ങി. രാവിലെയുള്ള മദ്യപാനത്തിന്റെ കുറവ് ഇതിനോട് ചേര്‍ത്ത് വായിക്കണം. മദ്യപാനത്തിനായി നീക്കിവച്ചിരുന്ന സമയത്തിനും വളരെയധികം കുറവ് ഉണ്ടായിരിക്കുന്നു. ഒരുമിച്ച് ബാറിലിരുന്ന് മദ്യപിക്കുന്നതിനുവേണ്ടി സമയം ചിലവഴിച്ചിരുന്നതിലും കുറവ് ഉണ്ടായി. മറ്റൊരു പ്രധാന പഠനഫലം, കുറ്റകൃത്യങ്ങളും റോഡപകടങ്ങളും കുറഞ്ഞതായുള്ള കണ്ടെത്തലാണ്. 75 ശതമാനത്തോളം ആളുകള്‍ ഈ അഭിപ്രായത്തോട് യോജിച്ചു. മദ്യനയത്തിന്റെ പ്രധാന വിജയമായി ഈ കണക്ക് പരിഗണിക്കാവുന്നതാണ്.

ഈ പഠനറിപ്പോര്‍ട്ട് ഒരു ജില്ലയെ കേന്ദ്രീകരിച്ച് നടത്തിയതാണെന്നും അതിനാല്‍ ഇത് സംസ്ഥാനത്തിന്റെ പൊതുവിലുള്ള സ്ഥിതിവിവരമായി കാണാനാവില്ലെന്നും വാദിക്കാവുന്നതാണ്. എന്നാല്‍ ഇനി പറയുന്നത് ശ്രദ്ധിക്കുക- മേല്‍പ്പറഞ്ഞ പഠന റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി തൊടുപുഴ താലൂക്കിലും ചെല്ലുന്നുണ്ട്. എന്നാല്‍ മറ്റു താലൂക്കുകളില്‍ നിന്ന് വ്യത്യസ്തമായ അഭിപ്രായങ്ങളും സ്ഥിതിയുമാണ് തൊടുപുഴയില്‍ ഉണ്ടായിരുന്നത്. പല ചോദ്യങ്ങളോടും തൊടുപുഴ താലൂക്കില്‍ നിന്നുള്ള പ്രതികരണങ്ങള്‍ മറ്റു താലൂക്കുകളില്‍ നിന്നും തികച്ചും വ്യത്യസ്തവും വൈരുദ്ധ്യം നിറഞ്ഞതുമായിരുന്നു. ബാറുകള്‍ പൂട്ടിയത് തൊടുപുഴ താലൂക്കില്‍ കാര്യമായ മാറ്റം ഉണ്ടാക്കിയിട്ടില്ല. കാരണം ഇവിടെ രണ്ടോളം ബാറുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതും ബിവറേജസ് ഔട്ട്‌ലെറ്റുകളുടെ ബാഹുല്യവും മാറ്റങ്ങള്‍ക്ക് വിഘാതമായി നില്‍ക്കുന്നു. 

“ഇതുപോലെ പ്രതികരിക്കുന്ന മറ്റ് പ്രദേശങ്ങള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം കാണും. മദ്യനയം പ്രകടമായ മാറ്റം ഇവിടങ്ങളില്‍ വരുത്തിയിട്ടുണ്ടാവില്ല. കാരണം  മദ്യ വിപണനത്തിലുള്ള തടസ്സം ഇവിടെ ബാധകമാകാത്ത സാഹചര്യത്തില്‍ മദ്യോപഭോഗം കുറയുന്നില്ല എന്നുള്ളത് തന്നെ. ഈ കണക്കുകള്‍ നിരത്തി ബാറുകള്‍ അടച്ചിടുന്നത് പരാജയമാണെന്ന് പലര്‍ക്കും തെളിയിക്കാം.” എം എസ് ഡബ്ല്യു വിഭാഗം കോ-ഓര്‍ഡിനേറ്റര്‍ ഷിജോ അഗസ്റ്റിന്‍ പറയുന്നു.

പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയ രീതി
ഇടുക്കി ജില്ലയെ താലൂക്ക് അടിസ്ഥാനത്തില്‍ നാലായി വിഭജിച്ച് അവിടുത്തെ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലും, തുറന്നിരിക്കുന്ന ബാറുകളും കേന്ദ്രീകരിച്ചായിരുന്നു പഠനം. മദ്യം വാങ്ങാനും, മദ്യപിക്കാനുമായി വരുന്നവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. തോട്ടം മേഖലയും, കുടിയേറ്റമേഖലയുമെല്ലാം പഠനത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി. പ്രധാനമായും കുടുംബാന്തരീക്ഷം, സാമ്പത്തിക വ്യവസ്ഥ,സുഹൃദ്ബന്ധങ്ങള്‍ തുടങ്ങി തികച്ചും വ്യക്ത്യാധിഷ്ഠിതമായ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി ആയിരുന്നു പഠനം. പ്രത്യേകം തയ്യാറാക്കിയ ചോദ്യാവലി പഠനത്തിനായി ഉപയോഗിച്ചു. ഓരോ താലൂക്കില്‍ നിന്നും 40 നും 60നും ഇടയില്‍ പ്രായമുള്ള 100 പുരുഷന്മാര്‍ വീതം 400 പേരെ പഠനത്തിനായി തിരഞ്ഞെടുത്തത്.

പ്രധാനപ്പെട്ട പഠന ഫലങ്ങള്‍
പുതിയ മദ്യനയം വന്നതിനു ശേഷം നേരത്തെ ചിലവാക്കിയതിലും കൂടുതല്‍ തുക വീട്ടാവിശ്യങ്ങള്‍ക്കായി വിനിയോഗിക്കുന്നുണ്ടെന്ന് 54.8 ശതമാനം ആളുകളും അഭിപ്രായപ്പെട്ടത്. മദ്യത്തിനായി ചിലവാക്കിയിരുന്ന തുകയില്‍ കുറവ് ഉണ്ടായിട്ടുണ്ടെന്നാണ് 54 ശതമാനം പേരും പറഞ്ഞത്. ബാറുകളുടെ പ്രവര്‍ത്തനം നിലച്ചെങ്കിലും ആകെയുള്ള മദ്യ ഉപയോഗത്തില്‍ വ്യക്തിപരമായി കുറവുണ്ടായിട്ടില്ലെന്ന് 51.6ശതമാനം പറഞ്ഞപ്പോള്‍ ഉപഭോഗം കുറഞ്ഞെന്ന് അഭിപ്രായപ്പെട്ടത് 46.7 ശതമാനമാണ്. നിലവിലുള്ള സാഹചര്യം തുടര്‍ന്നാല്‍ മദ്യത്തിന്റെ ഉപഭോഗത്തില്‍ കുറവ് ഉണ്ടാക്കാവുന്നതേയുള്ളൂ.

ഏറ്റവും പ്രധാനമായ നേട്ടം കുടുംബാന്തരീക്ഷം മെച്ചപ്പെട്ടു എന്ന കണക്കിലാണ്. 56.7 ശതമാനമാണ് കുടുംബത്തില്‍ സ്വസ്ഥത ഉണ്ടായെന്ന കാര്യത്തില്‍ അനുകൂലിച്ചത്. മദ്യത്തിനടിപ്പെട്ടിരുന്ന സാഹചര്യത്തില്‍ നിന്നുംവ്യത്യസ്തമായി മദ്യപരില്‍ കാതലായ മാറ്റം ഉണ്ടായിട്ടുണ്ടെന്ന് കുടുംബാംഗങ്ങളും സാക്ഷ്യപ്പെടുത്തുന്നു. തോട്ടം തൊഴിലാളികളും കുടിയേറ്റ കര്‍ഷകരും അടങ്ങുന്ന ഇടുക്കി ജില്ലയില്‍ മദ്യം ശിഥിലമാക്കിയ കുടുംബങ്ങള്‍ നിരവധിയാണ്.

ബാറുകള്‍ പൂട്ടിയതിനാല്‍ രാവിലെയുള്ള മദ്യ ഉപയോഗത്തിന്റെ അളവില്‍ കുറവുണ്ടായിട്ടുണ്ടോ എന്ന അന്വേഷണത്തില്‍ ഭൂരിഭാഗംപേരും ഉണ്ടായിട്ടുണ്ട് എന്നാണ് അഭിപ്രായപ്പെട്ടത്. 54.5 ശതമാനമാണ് ഇതിനോട് യോജിച്ചത്. പുതിയ മദ്യനയത്തിന്റെ മറ്റൊരു വിജയമാണിത്. എന്നാല്‍ ബാറുകള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശങ്ങളില്‍ ഈ കണക്കില്‍ മാറ്റം വരുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.

ബാറുകളുടെ എണ്ണം നിയന്ത്രിച്ചതിലൂടെയുള്ള മറ്റൊരുനേട്ടം കൃത്യസമയത്ത് ജോലിക്ക് ഹാജരാകാന്‍ ആളുകള്‍ക്ക് കഴിയുന്നു എന്നതാണ്. 71.9 ശതമാനംപേരാണ് ഈ അഭിപ്രായം പങ്കുവച്ചത്. വളരെക്കുറച്ച്‌ പേരാണ് ഇതിനോട് യോജിക്കാന്‍ കഴിയാത്തവരായി ഉണ്ടായിരുന്നത്. അവര്‍ മദ്യം വാങ്ങാനോ, മദ്യപിക്കാനോ അകലെയുള്ള സ്ഥലങ്ങളിലേക്ക് പോകുന്നതായി അനുമാനിക്കാം. രാവിലെയുള്ള മദ്യപാനം ഉപേക്ഷിച്ചതാണ് ജോലിയില്‍ കൃത്യസമയം പാലിക്കാന്‍ സഹായകമായത്. മദ്യപാനത്തിനായി നീക്കിവച്ച സമയത്തില്‍ ഇപ്പോള്‍ നല്ല കുറവുണ്ടായിട്ടുണ്ടെന്നാണ് ഇത് നല്‍കുന്ന സൂചന.

മദ്യപാന സൗഹൃദങ്ങളും അത്തരത്തിലുള്ള ഒത്തുച്ചേരലുകളിലും ഗണ്യമായ കുറവ് വന്നിരിക്കുന്നു എന്നതാണ് മറ്റൊരു വസ്തുത. ഇത്തരം സൗഹൃദ വലയങ്ങള്‍ പ്രധാനമായും ചേക്കേറുന്നത് ബാറുകളിലായിരുന്നല്ലോ.

ഇടുക്കി ജില്ലയില്‍ നടത്തിയ ഈ പഠന പ്രകാരം ബാറുകള്‍ അടച്ചിട്ടതുവഴി കുറഞ്ഞ മദ്യോപയോഗം ജില്ലയിലെ കുറ്റകൃത്യങ്ങളും റോഡപകടങ്ങളും കുറച്ചു എന്നാണ്. 74.6 ശതമാനം പേരാണ് ഈ അഭിപ്രായം പറഞ്ഞത്. ഈ കണക്ക് സംസ്ഥാന വ്യാപകമായി ഒത്തു പോകുമോ എന്നറിയില്ല. എന്തായാലും ഇടുക്കിയിലെ ദുഷ്‌കരമായ റോഡുകളില്‍ മദ്യപാനം മൂലമുള്ള അപകടങ്ങള്‍ നന്നേ കുറഞ്ഞിട്ടുണ്ട്. മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താനും ശിക്ഷിക്കാനുമുള്ള പോലീസ് ഉദ്യോഗസ്ഥരുടെ ശുഷ്‌കാന്തിയും ഇതിന് പിന്നിലുണ്ടാവും.

മദ്യ ലഭ്യത കുറയുമ്പോള്‍ ജനങ്ങള്‍ കഞ്ചാവുപോലുള്ള ലഹരിയിലേക്കോ വ്യാജമദ്യത്തിലേക്കോ പോകുമെന്ന ഭയം അസ്ഥാനത്താണെന്നും ഈ റിപ്പോര്‍ട്ട് ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുന്നു. മദ്യോപയോഗം കുറയുന്നത് എല്ലാത്തരം ലഹരിയോടുമുള്ള താല്‍പര്യക്കുറവിനാണ് കാരണമാകുന്നത്.

ഈ പഠന റിപ്പോര്‍ട്ട് സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള പ്രതികരണമായി കാണണമെന്ന് അവകാശപ്പെടാനാവില്ല. എന്നാല്‍ മദ്യലഭ്യത കുറയുന്നിടങ്ങളിലെ പ്രതികരണം ഇടുക്കിയിലേതിനോട് തുല്യപ്പെടുത്താന്‍ സാധിക്കുമെന്നാണ് കരുതുന്നത്. അനുകൂല സാഹചര്യമില്ലാത്തിടത്തു നിന്ന് പിന്മാറുന്ന മനുഷ്യശീലം മദ്യനയത്തിന്റെ വിജയഹേതുവാകുന്നു.

കേരളത്തില്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം ഒറ്റദിവസം കൊണ്ട് പ്രാവര്‍ത്തികമാക്കാമെന്ന വ്യാമോഹം പോലും കടലിലെ തിരകള്‍ എണ്ണിത്തിട്ടപ്പെടുത്താനുള്ള ശ്രമം പോലെ ഭോഷ്‌കാണ്. മദ്യലഭ്യത കുറച്ച് മദ്യപാനശിലം ഘട്ടം ഘട്ടമായി മാറ്റിയെടുത്ത് മാത്രം നടത്താവുന്ന ഒന്നാണ് സമ്പൂര്‍ണ്ണ മദ്യനിരോധനം. മദ്യം അല്ല ഇല്ലാതാക്കേണ്ടത്, മദ്യപാന ശീലത്തെയാണ് എന്നതാണ് പ്രധാനം. ഇതിനായി ആത്മാര്‍ത്ഥമായി ശ്രമിക്കുന്നവര്‍ക്കും ആഗ്രഹിക്കുന്നവര്‍ക്കും മേല്‍ പരാമര്‍ശിച്ച പഠന റിപ്പോര്‍ട്ട് ശുഭലക്ഷണമാണ് പകരുക. എന്നാല്‍ പൂട്ടിയതു കൂടി എങ്ങിനെയെങ്കിലും തുറന്ന് പത്തുകാശ് കീശയിലാക്കാന്‍ ഉള്ളുരുകുന്നവര്‍ ഈ റിപ്പോര്‍ട്ട് വിശ്വസിക്കേണ്ടതില്ല.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍