UPDATES

കേരളം

ഇക്കണ്ട വീഞ്ഞൊക്കെയും കുര്‍ബാനയ്ക്ക് തന്നെയോ പിതാവേ…

ക്രൈസ്തവ സഭകള്‍ കേരളത്തില്‍ പ്രതിവര്‍ഷം ഒരു ലക്ഷം ലിറ്ററോളം വീഞ്ഞ് ഉത്പാദിപ്പിക്കുന്നു എന്നാണു വിവരം

കെ എ ആന്റണി

കെ എ ആന്റണി

എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യ നയത്തിനെതിരെ കുരിശു യുദ്ധത്തിന് ഒരുങ്ങുന്ന ക്രൈസ്തവ സഭയെ വെട്ടിലാക്കുന്ന ഒരു വാര്‍ത്ത ഇന്നലെ മാതൃഭൂമി ചാനല്‍ പുറത്തു വിട്ടു. ബിയര്‍ വൈന്‍ പാര്‍ലറുകളും അടച്ചു പൂട്ടണമെന്ന് മുറവിളി കൂട്ടുന്ന ക്രൈസ്തവ സഭകള്‍ കേരളത്തില്‍ പ്രതിവര്‍ഷം ഒരു ലക്ഷം ലിറ്ററോളം വീഞ്ഞ് ഉത്പാദിപ്പിക്കുന്നു എന്നായിരുന്നു വാര്‍ത്ത. വയനാട്, ആലപ്പുഴ, മലപ്പുറം എന്നിവ ഒഴിച്ചുള്ള എല്ലാ ജില്ലകളിലും കൊച്ചി മാസ്സ് ആന്‍ഡ് വൈന്‍ നിയമപ്രകാരം 24 ലൈസന്‍സുകള്‍ ഉപയോഗിച്ചാണ് ഈ വൈന്‍ നിര്‍മാണം. വൈന്‍ ഉത്പാദനത്തിന്റെ കാര്യത്തില്‍ കോട്ടയം ജില്ലയാണ് മുന്‍പില്‍. ഇവിടെ മാത്രം 28,050 ലിറ്റര്‍ വീഞ്ഞ് ഉണ്ടാക്കുന്നുണ്ടെന്നാണ് കണക്ക്.

മാതൃഭൂമി ഇന്നലെ പുറത്തു വിട്ടത് എക്‌സൈസ്സ് വകുപ്പിന്റെ പക്കല്‍ നിന്നും ലഭിച്ച കണക്കു മാത്രമാണ്. കേരളത്തിലെ പല ആശ്രമങ്ങളിലും കന്യാസ്ത്രി മഠങ്ങളിലും ഉത്പാദിപ്പിക്കുന്ന വീഞ്ഞ് ഈ കണക്കില്‍ പെടുന്നില്ല. കുര്‍ബാനക്ക് വീഞ്ഞ് നിര്‍ബന്ധമാണ് എന്നു പറഞ്ഞാണ് വീഞ്ഞ് നിര്‍മാണം. എന്നാല്‍ ഓരോ കുര്‍ബാനക്കും ഓരോ ഔണ്‍സില്‍ താഴെ വീഞ്ഞെ ഉപയോഗിക്കുന്നുള്ളുവെന്നു ഇന്നലത്തെ വാര്‍ത്തക്കൊപ്പം ചാനല്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ കെസിബിസി മുന്‍ വക്താവ് ഫാദര്‍ പോള്‍ തേലേക്കാട്ടില്‍ പറഞ്ഞു കേട്ടു. എങ്കില്‍ പിന്നെ ഇത്രയേറെ വീഞ്ഞ് എന്ന ചോദ്യത്തിന് അദ്ദേഹത്തിന് മറുപടി ഉണ്ടായിരുന്നില്ല. ഈ ചര്‍ച്ചയില്‍ അദ്ദേഹം മറ്റൊരു കാര്യം സമ്മതിക്കുകയും ചെയ്തു. പുരോഹിതരില്‍ ചിലര്‍ മദ്യം ഉപയോഗിക്കാറുണ്ടാവാം എന്നതും പോപ്പിന്റെ ആസ്ഥാനമായ വത്തിക്കാന്‍ നഗരത്തില്‍ പോലും വീഞ്ഞ് കടകളും മദ്യ ശാലകളും ഉണ്ടെന്നതുമായിരുന്നു അത്.

രണ്ടു നാള്‍ മുന്‍പ് തിരുവന്തപുരം ആര്‍ച് ബിഷപ്പ് സൂസെപാക്യം അവകാശപ്പെട്ടത് കുര്‍ബാനയ്ക്ക് ഉപയോഗിക്കുന്ന വീഞ്ഞ് ലഹരി ഇല്ലാത്തതാണെന്നും കുര്‍ബാന വീഞ്ഞിന്റെ പേര് പറഞ്ഞു ചിലര്‍ ക്രൈസ്തവ സഭകളെ അനാവശ്യമായി പ്രതിക്കൂട്ടിലാകുകയാണെന്നുമാണ്. കുര്‍ബാന വീഞ്ഞ് ലഹരി രഹിതമാണെന്ന വാദം പച്ചക്കള്ളമാണെന്ന് പറയുന്ന ആള്‍ക്ക് തന്നെ അറിയാം. അത് മാത്രമല്ല സഭകള്‍ ഉത്പാദിപ്പിക്കുന്ന വീഞ്ഞ് കുര്‍ബാന ആവശ്യത്തിന് മാത്രമാണ് ഉപയോഗിക്കുന്നതെന്ന വാദവും തികഞ്ഞ കളവാണെന്ന് സെമിനാരിയില്‍ പഠിച്ച എനിക്ക് നേരിട്ടറിവുള്ള കാര്യമാണ് താനും. ഫീസ്‌റ് വേളകളില്‍ വിദ്യാര്‍ഥികളായിരുന്ന ഞങ്ങള്‍ക്കുപോലും ഒരു വലിയ കോപ്പ നിറയെ വീഞ്ഞ് കുടിക്കാന്‍ തന്നിരുന്നു. ഈ പതിവ് ഇന്നും തുടരുന്നുണ്ടുതാനും. എട്ടു വര്‍ഷം മുന്‍പ് കണ്ണൂരിലെ എന്റെ വീട്ടില്‍ അനുജനോടൊപ്പം അതിഥിയായി എത്തിയ ഒരു പുരോഹിതന്‍ എനിക്ക് നല്‍കാന്‍ ഒരു കുപ്പി വീഞ്ഞുമായായിരുന്നു എത്തിയത്. വീഞ്ഞ് കുര്‍ബാന ആവശ്യത്തിന് മാത്രമെങ്കില്‍ പിന്നെങ്ങനെ ഇതൊക്കെ നടക്കും എന്ന് ബിഷപ്പുമാര്‍ തന്നെ പറഞ്ഞാല്‍ കൊള്ളാം.

യേശു തന്റെ അന്ത്യ അത്താഴ വേളയില്‍ ശിഷ്യന്മാര്‍ക്ക് ഇതെന്റെ രക്തമാകുന്നു എന്ന് പറഞ്ഞുകൊണ്ട് ശിഷ്യന്മാര്‍ക്കു വീഞ്ഞ് പകര്‍ന്നു നല്‍കിയതിന്റെ ഓര്‍മയ്ക്കായാണ് കുര്‍ബാനയില്‍ വീഞ്ഞ് ഉപയോഗിക്കുന്നത് എന്നതാണ് വാദം. വീഞ്ഞ് അക്കാലത്തു യഹൂദരുടെ ഇഷ്ടപാനീയമായിരുന്നു. ഇതിനു ധാരാളം തെളിവുകള്‍ ബൈബിളില്‍ തന്നെ ഉണ്ട്. യേശു യഹൂദന്‍ ആയിരുന്നുവെന്നും അദ്ദേഹം പരിച്ഛേദന കര്‍മത്തിന് വിധേയന്‍ ആക്കപ്പെട്ടിരുന്നുവെന്നും ബൈബിള്‍ പറയുന്നുണ്ട്. അബ്രഹാമും അവന്റെ സന്തതി പരമ്പരകളും ഇതേ കര്‍മത്തിന് വിധേയാറാക്കപ്പെട്ടവര്‍ തന്നെ. പരിച്ഛേദന കര്‍മ്മത്തെ തള്ളിക്കളഞ്ഞ ക്രൈസ്തവ സഭകള്‍ വീഞ്ഞില്‍ മുറുകെ പിടിക്കേണ്ട കാര്യമില്ല. വീഞ്ഞിനുപകരം പഴത്തിന്റെ ചാറ് ഉപയോഗിച്ചാല്‍ പോരെ എന്ന ചോദ്യം വളരെ മുന്‍പുതന്നെ പലരും ഉന്നയിച്ചിട്ടുമുണ്ട്.

വീഞ്ഞുകൊണ്ടു ചില ഉപകാരം ഉണ്ടെന്നതിനു തെളിവായി പഴയ നിയമ പുസ്തകത്തിലെ ലോത്തിന്റെ കഥ വ്യക്തമാക്കുന്നുണ്ട്. സൊദോം ഗോമോരോ പ്രദേശങ്ങളുടെ നാശത്തിന് ശേഷം തനിച്ചായ ലോത്തും രണ്ടു പെണ്‍മക്കളും ഒരു ഗുഹയില്‍ പാര്‍ക്കുന്നതും അവന്റെ സന്തതി പരമ്പര നിന്ന് പോകാതിരിക്കാനായി പുത്രിമാര്‍ വീഞ്ഞ് നല്‍കി മയക്കികിടത്തിയ ശേഷം അവനുമായി ശയിക്കുകയും ഗര്‍ഭിണികള്‍ ആവുമായും ചെയ്യുന്ന കഥ പഴയ നിയമ പുസ്തകത്തിലെ ഉത്പത്തിയില്‍ ഇങ്ങനെ വിവരിച്ചിരിക്കുന്നു.

‘ സേവാറില്‍ പാര്‍ക്കാന്‍ ലോത്തിനു ഭയമായിരുന്നു. അതുകൊണ്ടു അവന്‍ തന്റെ രണ്ടു പെണ്മക്കളുടെകൂടെ അവിടെ നിന്നും പുറത്തുകടന്നു മലയില്‍ ഒരു ഗുഹക്കുള്ളില്‍ പാര്‍ത്തു. മൂത്തവള്‍ ഇളയവളോട് പറഞ്ഞു : നമ്മുടെ പിതാവിന് പ്രായമായി. ലോകനടപ്പനുസാരിച്ചു നമ്മോടു സംഗമിക്കുവാന്‍ ഭൂമിയില്‍ വേറൊരു പുരുഷനുമില്ല. അപ്പനെ വീഞ്ഞുകുടിപ്പിച്ചു നമുക്ക് അവനോടൊന്നിച്ചു സഹായിക്കാം; അങ്ങനെ അപ്പന്റെ സന്താന പരമ്പര നിലനിര്‍ത്താം. അന്ന് രാത്രി പിതാവിനെ അവര്‍ വീഞ്ഞ് കുടിപ്പിച്ചു; മൂത്തവള്‍ പിതാവിന്റെ കൂടെ ശയിച്ചു. അവള്‍ വന്നു കിടന്നതോ, എഴുന്നേറ്റുപോയതോ അവന്‍ അറിഞ്ഞില്ല.

പിറ്റേന്ന് മൂത്തവള്‍ ഇളയവളോട് പറഞ്ഞു ; ഞാന്‍ ഇന്നലെ അപ്പനോടൊന്നിച്ചു ശയിച്ചു. ഇന്നും നമുക്കവനെ വീഞ്ഞുകുടിപ്പിക്കാം. ഇന്ന് നീ പോയി അവനോടുകൂടെ ശയിക്കുക. അങ്ങനെ അപ്പന്റെ സന്താന പരമ്പര നമുക്ക് നിലനിറുത്താം. അന്ന് രാത്രിയിലും അവര്‍ പിതാവിനെ വീഞ്ഞുകുടിപ്പിച്ചു; അവള്‍ വന്നു കിടന്നതോ എഴുന്നേറ്റുപോയതോ അവന്‍ അറിഞ്ഞില്ല. മൂത്തവള്‍ക്ക് ഒരു മകന്‍ ജനിച്ചു. മോവാബ് എന്ന് അവനു പേരിട്ടു. ഇന്നുവരെ ഉണ്ടായിട്ടുള്ള മോവാബിയന്‍മാരുടെ പിതാവാണവന്‍. ഇളയവള്‍ക്കും ഒരു മകന്‍ ജനിച്ചു. ബെന്‍ അമ്മി എന്ന് അവനു പേരിട്ടു. ഇന്നുവരെ ഉണ്ടായിട്ടുള്ള അമ്മോന്യരുടെയെല്ലാം പിതാവാണ് അവന്‍’

സുധീരനെ കടത്തിവെട്ടാന്‍ ഉമ്മന്‍ ചാണ്ടിയെടുത്ത കടുംകൈ പ്രയോഗം അല്‍പ്പം കടന്നുപോയിരുന്നുവെന്നു അന്നേ പലര്‍ക്കും തോന്നിയിരുന്നതാണ്. വടകരിലെ സുഹൃത്ത് രവ പറഞ്ഞത്, ഒരു കോമരത്തിന്റെ കഥനകഥയാണ്. ‘എന്റെ ദൈവത്തിന്റെ നേത്യവും എടുത്തുകളഞ്ഞോ’ എന്നു പറഞ്ഞ് അയാള്‍ വാവിട്ടു കരഞ്ഞത്രേ. നസ്രാണികള്‍ കുറുബാനയ്ക്കു വേണ്ടി മാത്രം വൈന്‍ ഉപയോഗിക്കുന്നൂ എന്നു പറയുമ്പോള്‍ അവര്‍ കാണാതെ പോകുന്ന മറ്റൊരു യാഥാര്‍ത്ഥ്യമുണ്ട്. അതാവട്ടെ ദളിത് വിഭാഗത്തില്‍പ്പെട്ടവര്‍ പൂജാദികര്‍മങ്ങള്‍ക്കും സദ്യവട്ടങ്ങള്‍ക്കും ഒരുക്കുന്ന മദ്യഉപയോഗം തന്നെ. കാനായിലെ കല്യാണത്തിന് വീഞ്ഞു തീര്‍ന്നുപോയ കുടുംബത്തിന് അമ്മയുടെ അപേക്ഷ പ്രകാരം വെള്ളം വീഞ്ഞാക്കി മാറ്റിയ യേശു ക്രിസ്തുവിന്റെ നേര്‍ ആള്‍ക്കാരും അടത്തൂണ്‍പറ്റിയവരും തങ്ങള്‍ക്കു വൈന്‍ വേണം എന്നു പറഞ്ഞു കരയുമ്പോഴും അധഃകൃതരെ കാണാതെ പോകുന്നത് എന്തുകൊണ്ടെന്ന് അറിയില്ല. കേരളത്തിലെക്കാള്‍ ഏറെ മിഷണി പ്രവര്‍ത്തനം നടത്തിയ അസമിലും മിസോറാമിലും നാഗാലാന്‍ഡിലുമൊക്കെ വ്യാജവാറ്റ് തടയാന്‍ വേണ്ടിയാണോ പാതിരിമാര്‍ തന്നെ വീര്യം കൂടിയ കലര്‍പ്പില്ലാത്ത നല്ലമദ്യം കഴിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും എന്നതിനു കൂടി കേരളത്തില്‍ കൊടിപിടിക്കുന്ന കൊന്തയുടെയും കുരിശിന്റെയും കച്ചവടക്കാര്‍ ഉത്തരം വ്യക്തമാക്കേണ്ടതുണ്ട്.

വാല്‍കഷ്ണം : പണ്ട് മദ്യ വിരുദ്ധ സമരങ്ങള്‍ പൊടിപൊടിക്കുന്നു. സമരത്തെ കളിയാക്കികൊണ്ടു ഏതോ ഒരു വിരുതന്‍ ഒരു കഥ ചമച്ചു. അക്കഥ ഇങ്ങനെ : രണ്ടു നേതാക്കളുടെ( കഥ കെട്ടിച്ചമക്കപ്പെട്ട ഒന്ന് ആയതിനാല്‍. കഥയിലെ നേതാക്കളുടെ പേരുകള്‍ ഇവിടെ പരാമര്‍ശിക്കുന്നില്ല) നേതൃത്വത്തില്‍ ഷാപ്പ് പിക്കറ്റിങ് നടക്കുന്നു. ഒരു സമരം കള്ളു ഷാപ്പിനു മുന്‍പിലും മറ്റൊന്ന് ചാരായ ഷാപ്പിനു മുന്‍പിലുമാണ്. സമരകാലത്ത് ഇരു നേതാക്കളും സമര പുരോഗതിയെക്കുറിച്ചു പരസ്പരം കത്തുകളിലൂടെ അറിയിക്കുന്നുണ്ട്. കള്ളു ഷാപ്പിനു മുന്നിലെ സമര നായകന്‍ ഇങ്ങനെ എഴുതി : ‘ ചാരായ ഷാപ്പിനു മുന്നിലെ സമരം എങ്ങിനെയുണ്ട്. കള്ളു ഷാപ്പിനു മുന്നിലെ ഞങ്ങളുടെ സമരം ഉഷാറാണ്. സത്യം പറയണമല്ലോ. ഈ ഷാപ്പുടമ വളരെ നല്ല മനുഷ്യനാണ്. മുദ്രാവാക്യം വിളിച്ചു തൊണ്ട വരളുമ്പോള്‍ അയാള്‍ കഞ്ഞിവെള്ളം പോലെ കൊഴുപ്പുള്ള ഒരു ദ്രാവകം കുടിക്കാന്‍ തരും. അത് കുടിച്ചു കഴിഞ്ഞാല്‍ എന്തൊരു ഉഷാറാണെന്നോ. മറ്റേ നേതാവ് ഇങ്ങനെ എഴുതി : പട്ട ഷാപ്പിനു മുന്നിലെ ഞങ്ങളുടെ സമരവും ഉഷാര്‍ തന്നെ. ഇതിന്റെ മുതലാളിയും നല്ല ആള്‍ തന്നെ. ജീരക വെള്ളം പോലുള്ള എന്തോ ഒന്ന് കുടിക്കാന്‍ തരും. അത് കഴിച്ചയാള്‍ പെരുത്ത് ഉഷാര്‍ തന്നെ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍