UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേരളത്തില്‍ വിദേശ മദ്യ വില്‍പനയില്‍ വന്‍ കുറവ്

അഴിമുഖം പ്രതിനിധി

കേരളത്തില്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യ വില്‍പനയില്‍ ഇടിവ്. വില്‍പന നാലിലൊന്ന് കുറഞ്ഞു. അതേസമയം ബിയര്‍, വൈന്‍ വില്‍പന വര്‍ദ്ധിച്ചിട്ടുണ്ട്. കേരളത്തില്‍ യുഡിഎഫിന്റെ മദ്യനയം നടപ്പിലാക്കിയതിനുശേഷമുള്ള 21 മാസത്തെ വില്‍പനയിലാണ് ഇടിവ് സംഭവിച്ചിട്ടുള്ളത്.

കേരളത്തില്‍ മദ്യ ഉപയോഗം കുറയ്ക്കുന്നതിനുള്ള സര്‍ക്കാരിന്റെ സുബോധം പദ്ധതി ഇന്നലെ സമാപിച്ച അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. സംസ്ഥാനത്തെ വിദേശ മദ്യത്തിന്റെ ആവശ്യകത 5.4 കോടി ലിറ്ററായി കുറഞ്ഞു. 24.87 ശതമാനം കുറവാണ് വിദേശ മദ്യ വില്‍പനയിലുണ്ടായിരിക്കുന്നത്.

പുതിയ മദ്യ നയം അനുസരിച്ച് വിദേശ മദ്യം പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ മാത്രമേ വില്‍ക്കാനാകൂ. അതിന്റെ ഭാഗമായി 700 ഓളം ഹോട്ടലുകളിലെ ബാറുകള്‍ അടയ്ക്കുകയും അവയെ ബിയര്‍, വൈന്‍ പാര്‍ലറുകളായി മാറ്റുകയും ചെയ്തിരുന്നു.

2023-ഓടു കൂടി കേരളത്തെ മദ്യരഹിത സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യം. ബിയര്‍ വില്‍പന 63.65 ശതമാനം വര്‍ദ്ധിച്ചപ്പോള്‍ വൈനിന്റെ കച്ചവടം 260.02 ശതമാനമാണ് കൂടിയത്. സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷന്റെ കണക്കുകളാണ് റിപ്പോര്‍ട്ടില്‍ ഉദ്ധരിച്ചിരിക്കുന്നത്.

2014-15 വര്‍ഷം കേരളത്തില്‍ വിറ്റ വിദേശമദ്യത്തില്‍ 37.16 ശതമാനം ബ്രാണ്ടിയും 30.28 ശതമാനം റമ്മും 29.98 ശതമാനം ബിയറും 3.42 ശതമാനം വോഡ്കയും 0.84 ശതമാനം വിസ്‌കിയും 0.04 ശതമാനം ജിന്നുമാണ്.

കേരളത്തില്‍ മദ്യത്തിന്റെ സാമൂഹിക, സാമ്പത്തിക ഫലം എടുത്താന്‍ 15,800 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടാക്കുന്നത്. മദ്യം മൂലമുണ്ടാകുന്ന കുറ്റകൃത്യങ്ങള്‍, വാഹനാപകടങ്ങള്‍, കുടുംബങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഒക്കെ ഇതില്‍പ്പെടും.

സംസ്ഥാനത്തിനുണ്ടാകുന്ന നഷ്ടത്തിന്റെ 59 ശതമാനവും മദ്യമുണ്ടാക്കുന്ന കുറ്റകൃത്യങ്ങളിലൂടെയാണ് സംഭവിക്കുന്നത്. 40 ശതമാനം വാഹനാപകടങ്ങളും. കേരളത്തിലെ 3.34 കോടി ജനങ്ങളില്‍ 32.9 ലക്ഷം പേരും മദ്യപിക്കുന്നതായാണ് കണക്ക്. ഇതില്‍ 29.9 ലക്ഷം പുരുഷന്മാരും 3.1 ലക്ഷം സ്ത്രീകളുമാണ്. അഞ്ച് ലക്ഷം പേര്‍ ദിവസവും മദ്യപിക്കുന്നുണ്ട്.

ഇവരില്‍ 1043 സ്ത്രീകള്‍ അടക്കം 83,851 പേര്‍ മദ്യത്തിന് അടിമകളാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിശീര്‍ഷ മദ്യ ഉപയോഗം കേരളത്തിലായിരുന്നു. എന്നാല്‍ മദ്യ നയം നിലവില്‍ വന്നതിനുശേഷം ഇതില്‍ മാറ്റം വന്നിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍