UPDATES

ന്യൂസ് അപ്ഡേറ്റ്സ്

​നിഷ്പക്ഷതയുടെ മേലങ്കി അണിയുന്നവരോട്; ഇത് പട്ടികള്‍ കുര നിര്‍ത്തുന്ന കാലം

Avatar

ഉമേഷ് ഓമനക്കുട്ടന്‍

ഡോ.ഉദയ പ്രകാശിൽ തുടങ്ങി പഞ്ചാബി എഴുത്തുകാരി ദലിപ് കൗർ തിവാന വരെ എത്തി നിൽക്കുന്ന പുരസ്കാര ത്യാഗങ്ങളുടെ വർത്തമാനങ്ങൾ വാർത്തകളിൽ നിറയുന്നു. 2013ൽ കൊല്ലപ്പെട്ട നരേന്ദ്ര ദാബോൽക്കറുടെയും 2015 ഫെബ്രുവരിയിൽ കൊല്ലപ്പെട്ട ഗോവിന്ദ് പൻസാരയുടെയും, ഇക്കഴിഞ്ഞ ആഗസ്തിൽ വെടിയേറ്റ്‌ മരിച്ച കൽബുർഗ്ഗിയുടെയും വധത്തിൽ പ്രതിഷേധിച്ചുള്ള പുരസ്കാര ത്യാഗങ്ങളും അക്കാദമി സ്ഥാനങ്ങൾ രാജിവെക്കലും അടക്കമുള്ള പ്രഖ്യാപനങ്ങൾ വന്നു തുടങ്ങിയത് അല്പം വൈകിയിട്ടാണെങ്കിലും ആശ്വാസകരമാണ്. നിശബ്ദമാക്കപ്പെടുന്ന വാക്കുകളെ മറ്റെന്തിനേക്കാളും ഭയന്നിരുന്ന എഴുത്തിന്റെ നീണ്ട ചരിത്രം നമുക്ക് ഉണ്ട്. 1919ൽ തനിക്ക് നല്കിയ “സർ” പദവി ബ്രിട്ടിഷ് രാജ്ഞിയ്ക്ക് തിരിച്ച് നൽകി കൊണ്ട് ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് എതിരെ പ്രതിഷേധിച്ച രവീന്ദ്രനാഥ ടാഗോർ, കേരളത്തിൽ ദേശീയ പ്രസ്ഥാനം കൊടുമ്പിരികൊണ്ടിരുന്ന സമയത്ത് രാജാവ് സമ്മാനിച്ച പട്ടും വളയും നിരസിച്ച മഹാകവി വള്ളത്തോൾ, 2006ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം സ്വീകരിക്കാൻ വിസമ്മതിച്ച അരുന്ധതി റോയ്, തനിക്ക് ശരി എന്ന് തോന്നിയ നിലപാടിൽ ഉറച്ച് നിന്നുകൊണ്ട് സംസ്ഥാന സാഹിത്യ അക്കാദമി അവാർഡ് സ്വീകരിക്കാൻ തയ്യാറാകാഞ്ഞ എം.എൻ. വിജയൻ… ഇങ്ങനെ പുരസ്കാരങ്ങൾ സ്വീകരിക്കാൻ വിസമ്മതിച്ചവരും രാഷ്ട്രീയ സാമൂഹിക കാരണങ്ങളാൽ പിന്നീട് അത് മടക്കി കൊടുത്തവരുടേതുമായ ഒരു പിടി ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ട്.

വിഖ്യാത ഇന്ത്യൻ ചരിത്രകാരി റോമിലാ ഥാപ്പർ സർക്കാർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങാൻ പലകുറി വിസമ്മതിച്ചിരുന്നു.അതിനുള്ള രാഷ്ട്രീയ കാരണങ്ങളും അവർ വ്യക്തമായി രേഖപ്പെടുത്തിയിരുന്നു. തന്റെ പ്രവർത്തനങ്ങൾ വിലയിരുത്തേണ്ടത് സർക്കാർ സ്ഥാപനങ്ങൾ അല്ലാ എന്നും അത് അനുവദിച്ചാൽ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങൾ എന്തു എന്നതിനെ കുറിച്ചും റോമിലാ ഥാപ്പർക്ക് ധാരണയുണ്ടായിരുന്നു. ഉദ്യോഗസ്ഥരും പത്രപ്രവർത്തകരും സർക്കാർ അവാർഡുകൾ വാങ്ങാൻ പാടില്ലെന്നും അത് അവരുടെ നിലപാടുകളിൽ നിഴലിക്കുമെന്നും അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ച് 1999ൽ പദ്മഭൂഷണ്‍ സ്വീകരിക്കാൻ വിസമ്മതിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ  കൃഷണസ്വാമി സുബ്രഹ്മണ്യം മുതൽ കേരളത്തിൽ മുത്തങ്ങ സംഭവത്തിൽ പ്രതിഷേധിച്ച് സംസ്ഥാന മാധ്യമ അവാർഡ് തിരികെ കൊടുത്ത കെ.കെ. ഷാഹിനവരെ ഉള്ളവർക്ക് ഈ അവാർഡുകളിൽ നിഴലിക്കുന്ന ഭരണകൂട സ്വഭാവത്തെകുറിച്ച് സംശയം ഉണ്ടായിരുന്നില്ല. 

പ്രശസ്ത എഴുത്തുകാരനായിരുന്ന ഫണീശ്വർനാഥ് രേണു മുതൽ പിന്നീട്  ജ്ഞാനപീഠം ജേതാവായ ശിവരാമ കാരന്ത് വരെ ഉള്ളവർ അടിയന്തരാവസ്ഥയുടെ നാളുകളിൽ പദ്മ അവാർഡുകൾ തിരിച്ചു നല്കിയാണ് തങ്ങളുടെ പ്രതിഷേധം പരസ്യമായി രേഖപ്പെടുത്തിയത്. ബ്ലൂസ്റ്റാർ ഓപ്പറേഷനിൽ പ്രതിഷേധിച്ച് പദ്മഭൂഷണ്‍ മടക്കി നൽകി ഖുശ്വവന്ത് സിംഗും ഓസ്കാർ അവാർഡു നിരസിച്ച് മർലിൻ ബ്രണ്ടോയും നോബേൽ സമ്മാനം നിരസിച്ച് സാർത്രും കൃത്യമായ രാഷ്ടീയം പറഞ്ഞ് പക്ഷം പിടിച്ചവരാണ്. പുരസ്കാരങ്ങൾ നിരസിക്കുന്നതും തിരിച്ച് നൽകുന്നതും ശക്തമായ രാഷ്ട്രീയ പ്രഖ്യാപനങ്ങളാണെന്നതിന് ഇനിയും ഉദാഹരണങ്ങൾ ബാക്കി. 

കാലാകാലത്ത് വരുന്ന ഭരണകൂടത്തോടും അവ പിൻപറ്റുന്ന ആശയസംഹിതകളോടും രാജിയാവാൻ വിസമ്മതിച്ചവരുടെ രാജിവെക്കലുകളും ത്യജിക്കലുകളും അതാത് കാലഘട്ടത്തിൽ ആശയ സംവാദങ്ങൾക്ക് വഴിമരുന്നിട്ടിരുന്നു. ഇത്തരത്തിലുള്ള ആശയ സംവാദങ്ങളാണ് മൂർത്തമായ ബോധ്യങ്ങളിലേക്കും സംഘടിതമായ ചെറുത്തുനില്പുകളിലേക്കും നയിച്ചത്. അത്തരത്തിൽ രാജ്യവ്യാപകമായ ഒരു ചെറുത്തുനില്പിന്റെ രൂപം കൈകൊള്ളുന്ന തരത്തിലേക്ക് കൽബുർഗ്ഗിയുടെ കൊലപാതകത്തെ തുടർന്ന് ഉണ്ടായ  എഴുത്തുകാരുടെ രാജിയും പുരസ്കാര ത്യാഗങ്ങളും അത് ഉയർത്തിവിട്ട ചർച്ചകളും വന്നെത്തി നില്ക്കുന്നു. 

എന്നാൽ കേരളത്തിലെ സാഹിത്യ ലോകത്തെ ചിലരുടെ പുറം തിരിഞ്ഞു നിൽക്കൽ അവഗണിക്കാവുന്നതല്ല. ‘ അക്കാദമി എഴുത്തുകാരുടെ സംഘമാണ്’, ‘അക്കാദമി അവാർഡുകൾ എഴുത്തുകാർക്ക് നൽകുന്ന അംഗീകാരമാണ്’, ‘അക്കാദമിക്കെതിരെയല്ല വർഗ്ഗീയതയ്ക്ക് എതിരേയാണ് പ്രതികരിക്കേണ്ടത്’, ‘അനർഹർ തിരിച്ചു നൽകട്ടെ’, ‘മുൻമ്പ് കിട്ടിയ അവാർഡുകൾ ഇപ്പോൾ എന്തിനാണ് തിരിച്ചു നല്കുന്നത്’, ‘അവാർഡുകൾ തിരിച്ചുനല്കുന്നത് വായനക്കാരോടുള്ള അനാദരവാണ്’ എന്നീ  മട്ടിലുള്ള പരാമർശങ്ങളാണ് പുരസ്കാര-സ്ഥാന ത്യാഗങ്ങളെ പറ്റി എം.മുകുന്ദൻ, പി.വത്സല, കാവാലം നാരായണ പണിക്കർ, അക്കിത്തം, എം.ടി.വാസുദേവൻ നായർ, സുഗതകുമാരി തുടങ്ങിയവർ പറഞ്ഞതായി വാർത്തകളിൽ കണ്ടത്. കേന്ദ്ര സംസ്ഥാന സാഹിത്യ അക്കാദമികൾ ഭരണകൂട സ്ഥാപനങ്ങളാ​ണെ​ന്നും  അതിന്‍റെ തലവനേയും/തലൈവിയേയും സമിതി അംഗങ്ങളെയും അതാത് സർക്കാരുകൾ അവരുടെ താത്പര്യാർത്ഥം നിയമിക്കുന്നതാണെന്ന​തും ഇവർ മനപൂർവ്വം മറന്നതാണോ? അക്കാദമിയുടെ രാഷ്ട്രീയ പക്ഷപാതിത്വങ്ങളെ കുറിച്ച് പലകുറി ഉണ്ടായിട്ടുള്ള വിവാദങ്ങൾ  അതിന്റെ രാഷ്ട്രീയ സ്വഭാവം ബോധ്യപ്പെടുത്തിയിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ അക്കാദമിയ്ക്ക് നേരെ ഉയരുന്ന പ്രതിഷേധങ്ങൾക്കും പ്രതിരോധങ്ങൾക്കും രാഷ്ട്രീയ സ്വഭാവം ഉണ്ടാകുക സ്വാഭാവികം മാത്രമാണ്.

2006ൽ കേന്ദ്ര സാഹിത്യ അവാർഡ് നിരസിച്ചുകൊണ്ട് അരുന്ധതി റോയ് പറഞ്ഞത് ‘സാധാരണക്കാർക്ക് നേരേയുള്ള ഇന്ത്യൻ സർക്കാരിന്റെ അതിക്രമങ്ങളിൽ പ്രതിഷേധിച്ചാണ്’ അങ്ങനെ ചെയ്യുന്നത് എന്നാണ്. അവരുടെ പുരസ്കാര ത്യാഗം പലരേയും ചൊടിപ്പിച്ചിട്ടുണ്ടാകുമെങ്കിലും ഇന്ന് ഉയർന്നതുപോലുള്ള പരിഹാസ ചിരികളും പ്രതിഷേധത്തെ ഇകഴ്ത്തി സംസാരിക്കലും അന്നുണ്ടായില്ല. കൂട്ടമായി സ്ഥാന ത്യാഗങ്ങളും പുരസ്കാര നിരസിക്കലും  ഉണ്ടാകുമ്പോൾ അത് ഉയർത്തുന്ന ധാർമിക ഭാരം തങ്ങളുടെ മേലും പതിക്കുന്നുണ്ട് എന്ന ബോധ്യവും, ഇത് മുന്നോട്ട് പോയാൽ തങ്ങളും നിലപാട് പറഞ്ഞ് പക്ഷം പിടിക്കേണ്ടി വരും എന്ന ചിന്തയുമാണ് ഇപ്പോൾ പല കോണിൽ നിന്നും ഉയരുന്ന അഭിപ്രായങ്ങൾക്ക്  പിന്നിലുള്ളത് എന്നുവേണം മനസ്സിലാക്കാൻ. ഫാസിസം അതിന്റെ ഉരുക്ക് മുഷ്ടികൾ കൊണ്ട്  അഭിപ്രായം പറയുന്ന നാവുകളെ  നിശ്ചലമാക്കുമ്പോൾ നിഷ്പക്ഷതയുടെ മേലങ്കി അണിയുന്നവരുടെ പക്ഷം വളരെ വ്യക്തമാണ്. ‘കേശവന്റെ വിലാപത്തിന്റെ’ കാപട്യം ഇനി മറയ്ക്കാൻ ആവില്ല.

‘കൂട്ടുകാരാ, പേടികൊണ്ട് ഒരു പട്ടിയും കുരയ്ക്കാതിരിക്കുന്നില്ല’  എന്നെഴുതിയ കവി തന്റെ വഴക്കമുള്ള വാക്കുകൾ കൊണ്ട് വർഗ്ഗീയ ഫാസിസ്റ്റുകളുടെ അസഹിഷ്ണുതയ്ക്ക് നേരെ നടക്കുന്ന ഈ സമരത്തിനെ കുറിച്ച് തന്റെ അഭിപ്രായം വ്യക്തമായി പറയാതെ പോയത് എന്തുകൊണ്ടാകണം? പേടി കൊണ്ട് പട്ടികൾ കുരച്ചെന്ന് വരുത്തി തീർക്കുന്ന കാലത്തേക്ക് നമ്മൾ എത്തിക്കഴിഞ്ഞോ? ഫ്യൂഡൽ വർഗ്ഗിയ ബുദ്ധികൾക്ക് ​മറുപടി നൽകുമ്പോൾ വഴക്കമുള്ള വാക്കുകൾ കടന്നുവരുന്നത് നിലപാടിലെ നിലയില്ലായ്മ ​ആണ് എന്നല്ലേ നാം മനസ്സിലാക്കേണ്ടത്? കൂട്ടുകാരാ വർഗ്ഗീയ ഫാസിസത്തിന്റെ കാലത്ത് പേടി കൊണ്ട് പട്ടികൾ നിഷ്പക്ഷതയുടെ കുര കുരച്ചേക്കാം.

(ജെ എന്‍ യുവില്‍ ഗവേഷക വിദ്യാര്‍ത്ഥിയാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍