UPDATES

വായന/സംസ്കാരം

എഴുത്തില്‍ സ്ത്രീകള്‍ ശക്തരായി കഴിഞ്ഞു; കെ ആര്‍ മീര

Avatar

അഴിമുഖം പ്രതിനിധി

കോഴിക്കോട് ആരംഭിച്ച സാഹിത്യോത്സവത്തിന്റെ രണ്ടാം ദിനം തുറന്ന സ്ത്രീപക്ഷ ചര്‍ച്ചയ്ക്കും,സംവാദത്തിനും ശക്തമായ ആശയ രൂപീകരണത്തിനും വഴിയൊരുക്കി. ‘ ഇന്ത്യയിലെ സ്ത്രീപക്ഷ എഴുത്ത്” എന്ന വിഷയത്തില്‍ സാഹിത്യത്തിലെ കരുത്തുറ്റ സ്ത്രീ സാന്നിധ്യങ്ങളായ ജയശ്രീ മിശ്ര, അനിത നായര്‍, കെ.ആര്‍ മീര എന്നിവരാണ് ചര്‍ച്ചയെ സജീവമാക്കിയത്. മോഡറേറ്ററായ കെ സച്ചിദാനന്ദന്റെ സ്ത്രീപക്ഷ കാഴ്ചപ്പാടുകളും വേദിയെ ശ്രദ്ദേയമാക്കി. പ്രാദേശിക ഭാഷകളില്‍ സ്ത്രീ എഴുത്തുകാര്‍ ശക്തമായി എഴുതി തുടങ്ങിയതായി കെ.ആര്‍ മീര അഭിപ്രായപ്പെട്ടു. അവരുടെ എഴുത്തിനെ പൊതു സമൂഹത്തിന് തിരസ്‌കരിക്കാന്‍ കഴിയാത്ത രീതിയില്‍ വളരുകയും, കഥകള്‍ സ്ത്രീകളുടേത് കൂടിയായി മാറുകയും ചെയ്ത പുതിയ കാലത്താണ് നാം ജീവിക്കുന്നത്. സ്ത്രീ ഉപയോഗിക്കേണ്ട വാക്കുകള്‍, ഭാഷ എന്നിവയെക്കുറിച്ച് നിലവിലുള്ള ധാരണ മാറ്റപ്പെടേണ്ടതാണ്. 

ഭാഷയുടെ വ്യാഖ്യാനത്തില്‍ മാറ്റം വന്നിരിക്കുന്നു എന്നാണ് അനിത നായരുടെ അഭിപ്രായം. ഇംഗ്ലീഷിലെ ചില പദങ്ങളിലെ മലയാള വിവര്‍ത്തനം സ്ത്രീപക്ഷത്തിന് എതിരായി വരുന്ന പ്രവണത ഇന്ന് കണ്ടു വരുന്നു. ചില വികാരങ്ങള്‍ മനോഹരമായി പകര്‍ത്താന്‍ മലയാളഭാഷയാണ് അനുയോജ്യം എന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. 

വിദേശ രാജ്യങ്ങളിലെ എഴുത്തും വായനക്കാരും ഇന്ത്യയെക്കാള്‍ സ്വതന്ത്രരാണെന്നതായിരുന്നു ജയശ്രീ മിശ്രയുടെ നിരീക്ഷണം. കമലാദാസിന്റെ ഇംഗ്ലീഷ് കവിതകള്‍ അതേ ആസ്വാദനത്തോട് കൂടി മലയാളത്തില്‍ എഴുതാന്‍ പറ്റുമോ എന്ന കെ സച്ചിദാനന്റെ ആശങ്ക ജയശ്രീ മിശ്രയുടെ നിരീക്ഷണത്തോട് ചേര്‍ന്ന് നിന്നു. സദസ്യരുടെ കാലികപ്രസക്തമായ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയും തരം തിരിവുകള്‍ക്കപ്പുറം അന്യോന്യം ഇടം അപഹരിക്കാതെ എഴുതി മുന്നേറാം എന്ന ആശയ രൂപീകരണത്തിലൂടെ ചര്‍ച്ച അവസാനിച്ചു.

എഴുത്തോല വേദിയില്‍ സംഘടിപ്പിച്ച ‘മലയാള നോവലിന്റെ ഇന്ന്’ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ എം മുകുന്ദന്‍, ആനന്ദ് എന്നിവര്‍ നോവലിന്റെ സമകാലിക ചിത്രം ചര്‍ച്ചയിലൂടെ പങ്കുവെച്ചു.

നിരന്തരമായി പരിണമിച്ചു കൊണ്ടിരിക്കുന്ന സാഹിത്യശാഖയാണ് നോവല്‍. സാമൂഹികമായി സംവദിക്കാനുള്ള കഴിവും അതിനുണ്ട്. ഭരണ വര്‍ഗ്ഗത്തിന്റെ ശബ്ദമായിരുന്നു ആദ്യകാലങ്ങളില്‍ നോവലുകളില്‍ നിറഞ്ഞു നിന്നിരുന്നതെങ്കില്‍ ഇന്ന് പാര്‍ശ്വവത്കരിക്കപ്പെടുന്ന ശബ്ദങ്ങളും ഉയര്‍ന്നു വരുന്നുണ്ടെന്ന് ആനന്ദ് അഭിപ്രായപ്പെട്ടു. എന്നാല്‍ ആധുനിക നോവല്‍ കഥാപാത്രങ്ങളുടെ വേരുകള്‍ കേരളത്തിലില്ല. കഥാകാരന്‍മാര്‍ കേരളത്തിനു പുറത്തുള്ള ജീവിതം ആസ്വദിക്കുന്നവരാണ്. കേരളത്തിന്റെ പ്രാദേശിക കാഴ്ചപ്പാടാണ് ഇന്നും നോവലുകളില്‍ നിലനില്‍ക്കുന്നത്. ഈ സ്ഥിതിവിശേഷം മാറണം. മലയാളിയെ മാത്രമല്ല മനുഷ്യ കുലത്തെ മുഴുവന്‍ നോവലില്‍ പ്രതിഫലിപ്പിക്കേണ്ടതുണ്ടെന്നും എം മുകുന്ദന്‍ അഭിപ്രായപ്പെട്ടു. നോവലിന്റെ ആഖ്യാന ശൈലിയിലെ മാറ്റത്തെക്കുറിച്ച് മോഡറേറ്റര്‍ പി.കെ രാജശേഖരന്‍ സംസാരിച്ചു. നോവല്‍ അതത് കാലത്തെ സാമൂഹ്യ കാഴ്ചകളുടെ വായന അനുഭവമായി മാറുന്നുവെന്നും ഇന്നലകളെയും ഇന്നിനെയും ഏറ്റവും കൃത്യമായി വായനക്കാരിലേക്ക് സംവദിപ്പിക്കാന്‍ നോവലുകള്‍ക്ക് കഴിയുന്നുവെന്നും എഴുത്തുകൂട്ടം പറഞ്ഞു നിര്‍ത്തി.

സ്ത്രീയുടെ ആത്മീയത ത്യാഗമല്ല, അത് അവള്‍ക്ക് നല്‍കുന്ന ആനന്ദമാണെന്ന് പ്രൊഫ. റോസിതമ്പി. തൂലികയില്‍ നടന്ന ‘ആത്മീയതയും സംസ്‌കാരവും’ എന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഉപയോഗത്താല്‍ വ്യഭിചരിക്കപ്പെട്ട വാക്കാണ് ആത്മീയത. പുരുഷ മേധാവിത്വത്തിന് കീഴില്‍ സ്ത്രീയുടെ ആത്മീയത ചിത്രീകരിക്കപ്പെടാതെ പോവുന്നു. ശരീരമെന്ന ബോധത്തിന് പകരം മരണാനന്തരമുള്ള ഒന്നായി ആത്മീയതയെ വിവരിക്കപ്പെടുന്നു. സ്‌ത്രൈണാത്മീയത യാഥാര്‍ത്ഥ്യബോധവും ജൈവികവുമാണെന്നും അവര്‍ പറഞ്ഞു. 

ആത്മീയത സൗമ്യവും ലളിതവുമാണെങ്കിലും അവസരം വരുമ്പോള്‍ പ്രാകൃതം പ്രകടിപ്പിക്കാന്‍ നമ്മള്‍ ശ്രമിക്കാറുണ്ടെന്ന് സാഹിത്യകാരന്‍ ഷൗക്കത്ത് അഭിപ്രായപ്പെട്ടു. ഇന്ന് മതവുമായി ബന്ധപ്പെട്ടാണ് ആത്മീയത ചര്‍ച്ച ചെയ്യപ്പെടുന്നതെങ്കിലും, അത് മതാതീതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അടിയന്തരാവസ്ഥക്കാലത്തെ പീഡനങ്ങളാണ് തന്നില്‍ ആത്മീയത വളര്‍ത്തിയതെന്നായിരുന്നു പി.എന്‍ ദാസിന്റെ അഭിപ്രായം. ചിന്തയിലും വായനയിലുമാണ് ആത്മീയതയുള്ളതെന്നും അദ്ദേഹം പറഞ്ഞു. ചര്‍ച്ചയില്‍ ടി.കെ ഉമ്മര്‍ മോഡറേറ്ററായി.

കേരള സാഹിത്യോത്സവത്തിന്റെ രണ്ടാംദിനം വേദി തൂലികയില്‍ ചര്‍ച്ച ചെയ്തത് ‘മതം, സംസ്‌കാരം,പ്രതിരോധം’ എന്ന വിഷയമായിരുന്നു. മനുഷ്യ ജീവിതത്തിലെ എക്കാലത്തേയും നിര്‍ണ്ണായക ശക്തിയാണ് മതം എന്ന നിരീക്ഷണത്തോടാണ് മോഡറേറ്റര്‍ അബ്ദുല്‍ ഹക്കീം ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചത്. ചെറുകഥാകൃത്തും നോവലിസ്റ്റുമായ കെ.പി രാമനുണ്ണി, ‘ആമേന്‍’ എന്ന ആത്മകഥയിലൂടെ പ്രശസ്തയായ സിസ്റ്റര്‍ ജസ്മി, എഴുത്തുകാരനും സാമൂഹിക നിരീക്ഷകനുമായ ഹമീദ് ചേന്ദമംഗലൂര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ‘ മതം, സംസ്‌കാരം, പ്രതിരോധം’ എന്ന വിഷയത്തെ ‘സംസ്‌കാരം, മതം പ്രതിരോധം’ എന്ന് നിര്‍വചിച്ചാണ് കെ.പി രാമനുണ്ണി ചര്‍ച്ച തുടങ്ങിയത്. മനോവിജ്ഞാനങ്ങളുടെ കാഴ്ചപ്പാട് തുടച്ചു നീക്കുകയും മതം സ്വാര്‍ത്ഥതയിലൂടെ വികൃതമാക്കുന്നതിന് പകരം ജനാധിപത്യപരമായും വിപ്ലവകരമായും പ്രതിരോധം സൃഷ്ടിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. മതം എങ്ങനെ ഉത്ഭവിച്ചു എന്ന ചിന്തയാണ് സിസ്റ്റര്‍ ജസ്മി പങ്കുവെച്ചത്. ആദിമ മനുഷ്യരില്‍ ഭയത്തില്‍ നിന്നാണ് മതം സൃഷ്ടിക്കപ്പെട്ടതെന്നും ആ ഭയത്തെ ആരാധിക്കുന്നതിലൂടെ മതം രൂപപ്പെട്ടു എന്നും അവര്‍ അഭിപ്രായപ്പെട്ടു. ദുര്‍ബലനെ ശക്തിപ്പെടുത്തുന്നതിനു പകരം ശക്തനെ ദുര്‍ബലപ്പെടുത്തുകയാണ് മതം ഇന്ന് ചെയ്യുന്നത്. മതവും മൗലികവാദവും വെവ്വേറെയാണ്, മതത്തിലെ ദൈവം ആത്മീയ ദൈവവും, മത മൗലികവാദത്തില്‍ രാഷ്ട്രീയ ദൈവവുമാണുള്ളതെന്നും ചൂണ്ടിക്കാണിച്ചാണ് ഹമീദ് ചേന്ദമംഗലൂര്‍ ചര്‍ച്ചയിലേക്ക് കടന്നത്. തങ്ങളുടെ മതങ്ങള്‍ സമ്പൂര്‍ണ്ണമാണെന്ന് എല്ലാ മതങ്ങളും അവകാശപ്പെടുന്നെങ്കിലും ദൈവത്തിന്റെ ഭാഷ ഉച്ചരിക്കപ്പെടുന്നത് മനുഷ്യഭാഷയിലാണ്. മതമൗലിക വാദത്തിനെതിരെയാണ് നാം പ്രതിരോധം സൃഷ്ടിക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രതിനിധികളുടെ ചോദ്യങ്ങള്‍ ചര്‍ച്ചയെ സജീവമാക്കി.

മലയാളത്തിന്റെ പ്രിയ കഥാകാരന്‍ ടി പത്മനാഭന്റെ പിറന്നാള്‍ മധുരം പങ്കു വെച്ച് സാഹിത്യോത്സവത്തിന്റെ അക്ഷരം വേദി. അനുഭവിച്ചറിഞ്ഞതും സുഹൃത്തുക്കള്‍ പറഞ്ഞതുമാണ് തന്റെ മിക്ക കഥകളുടെയും ഉള്ളടക്കമെന്ന് ടി പത്മനാഭന്‍. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സാഹിത്യകാരി കെ ആര്‍ മീര നടത്തിയ മുഖാമുഖം പരിപാടിയിലാണ് അദ്ദേഹം മനസുതുറന്നത്. ചിരിയും ചിന്തയും ഒന്നിച്ച ഇരുവരുടേയും സംഭാഷണങ്ങള്‍ അക്ഷരം വേദിയെ സജ്ജീവമാക്കി. 

ചുരുക്കം ചില കഥകളില്‍ ഒഴികെ മറ്റെല്ലാ കഥകളിലും താനുണ്ടെന്ന് കെ ആര്‍ മീരയുടെ ആദ്യ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ‘ഗോട്ടി’ എന്ന കഥ തന്റെ സുഹൃത്തിന്റെ അനുഭവമാണ്. വളരാന്‍ ആഗ്രഹിക്കുന്ന കുട്ടി മനസ്സിലുണ്ടോ എന്ന കെ ആര്‍ മീരയുടെ ചോദ്യത്തിന് കുട്ടിയുണ്ട് എന്നാല്‍ വളര്‍ന്നോ എന്നറിയില്ല എന്ന കുസൃതി നിറഞ്ഞ മറുപടിയായിരുന്നു അദ്ദേഹം നല്‍കിയത്. 

പരുക്കനും ഏകാകിയുമാണെന്ന് സ്വയം വിശേഷിപ്പിക്കുന്ന അദ്ദേഹം മീരയുടെ ചോദ്യങ്ങള്‍ക്ക് തന്മയത്വത്തോടെ പ്രതികരിച്ചു. സുഹൃത്തുക്കളെക്കുറിച്ചുള്ള ചോദ്യത്തിന് സുഹൃത്തുക്കളും സുഹൃത്തെന്ന് അവകാശപ്പെട്ട് വരുന്നവരും തനിക്കുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തന്നെ ഒരുപാട് വിമര്‍ശിച്ചിട്ടുള്ള എം.വി ദേവന്‍ സുഹൃദ് വലയങ്ങളിലെ പ്രധാനിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

ഗൗരി എന്ന കഥയിലെ കഥാപത്രം ഒരു യഥാര്‍ത്ഥ്യമാണ്. ഫോണിലൂടെ അവരുമായി ഇപ്പോഴും ബന്ധം സൂക്ഷിക്കുന്നുണ്ട്. ‘ശേഖുട്ടി’ എന്ന കഥ സുഹൃത്തിന്റെ അനുഭവമാണ്. ചരാചര സ്‌നേഹം തന്റെ കഥകളിലൂടെ പുറത്തുവരാറുണ്ട്. കുടുംബക്ഷേത്രത്തില്‍ നടക്കാറുള്ള ബലിപൂജ കാണാന്‍ മടി കാണിച്ചത് ചരാചര സ്‌നേഹം കൊണ്ടാണെന്ന് നിറഞ്ഞ മനസ്സോടെ അദ്ദേഹം പറഞ്ഞു. തന്റെ പരുക്കന്‍ സ്വഭാവം ഇഷ്ടമല്ലെങ്കിലും സ്വയം സത്യസന്ധത പുലര്‍ത്താന്‍ സാധിച്ചിട്ടുണ്ടെന്നതില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. കഥാ മനസ്സും പിറന്നാള്‍ മധുരവും പങ്കുവച്ച് കാണികള്‍ക്ക് വേറിട്ട അനുഭവം സമ്മാനിച്ചായിരുന്നു പരിപാടി അവസാനിച്ചത്.

വ്യക്തികളും സാമൂഹിക സംഘടനകളും ഇന്നത്തെ അവസ്ഥയില്‍ നിന്നും മാറി ജനാധിപതമൂല്യങ്ങളെ വീണ്ടെടുക്കുകയാണ് വേണ്ടതെന്ന് സാഹിത്യകാരന്‍ ആനന്ദ് അഭിപ്രായപ്പെട്ടു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പ്രതിസന്ധി’ എന്ന വിഷയത്തെ അധികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആവിഷ്‌കാര സ്വാതന്ത്ര്യത്തെ തഴയുന്ന അധികാരത്തിനെതിരെയുള്ള പ്രതികരണങ്ങള്‍ നിശബ്ദമാക്കപ്പെടുകയാണെന്ന് ‘ സി രവിചന്ദ്രന്‍ അഭിപ്രായപ്പെട്ടു. ആളുകള്‍ സ്വന്തം സ്വാതന്ത്ര്യം സ്വയം പരിമിതപ്പെടുത്തുകയാണ്. മതത്തിനെതിരാണെന്ന പേരില്‍ സാഹിത്യകൃതികള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്ന പ്രവണതയാണ് ഇന്ന് കണ്ടുവരുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സെക്യുലര്‍ ഫണ്ടമെന്റലിസത്തിന്റെ കീഴിലുള്ള കേരളം സെക്യുലറിസത്തോട് നിരന്തരം ചോദ്യങ്ങള്‍ ചോദിക്കണമെന്നായിരുന്നു സിവിക്ചന്ദ്രന്റെ കാഴ്ചപ്പാട്. ഇതിനെ നേരിടാനുള്ള വഴി മതേതരത്ത്വത്തിന്റെ അടിസ്ഥാനത്തില്‍ തുടങ്ങണമെന്ന് അദ്ദേഹം വിലയിരുത്തി. 

സിനിമയെ മുന്‍നിര്‍ത്തി ശക്തമായ കാഴ്ചപ്പാടാണ് സംവിധായകന്‍ കമല്‍ മുന്നോട്ട് വെച്ചത്. അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി സംസാരിക്കുന്നവര്‍ ഫണ്ടമെന്റലുകളാണെന്ന് പറയുന്ന തരത്തിലേക്ക് സമൂഹം മാറിയതായി അദ്ദേഹം നിരീക്ഷിച്ചു. ദൃശ്യ മാധ്യമങ്ങള്‍ വളരെയധികം സ്വാധീനം ചെലുത്തുന്ന വര്‍ത്തമാന സമൂഹത്തില്‍ സിനിമക്കേര്‍പ്പെടുത്തിയിരിക്കുന്ന സെന്‍സര്‍ഷിപ്പ് ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ഹനിക്കുന്നു. ചലചിത്രത്തില്‍ എന്ത്,എങ്ങനെ കാണിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം ഇന്ന് സര്‍ക്കാരിനാളുള്ളത്. ആവിഷ്‌കാര സ്വാതന്ത്ര്യം എല്ലാതലത്തിലും നിഷേധിക്കപ്പെടുകയാണെന്നും കമല്‍ ആശങ്കപ്പെട്ടു. 

ആവിഷ്‌കാര സ്വാതന്ത്ര്യം എഴുതാനുള്ള സ്വാതന്ത്ര്യമാണെന്നായിരുന്നു എം മുകുന്ദന്റെ അഭിപ്രായം. ഇന്ത്യന്‍ ഭരണഘടന വാഗ്ദാനം ചെയ്യുന്ന സെക്യുലറിസത്തെ നിഷേധിക്കാതിരിക്കുന്നിടത്താണ് മതേതരത്വ ജനാധിപത്യം ഉള്ളതെന്ന് സാറാജോസഫ് വിലയിരുത്തി. രോഹിത് വെമുലയുടെ മരണത്തിന്റെ പശ്ചാത്തലത്തില്‍ സംസാരിക്കുമ്പോള്‍ ഇന്ത്യയുടെ മതേതരത്വത്തെ എങ്ങനെ കാണണമെന്ന ചോദ്യം ചര്‍ച്ചയില്‍ ഉയര്‍ന്നു വന്നു. 

പ്രൊഫ.വി മധുസൂദനന്‍ നായരുടെ കവിതാലാപനം കാവ്യ ഭംഗിയുടെ ശബ്ദമാധുര്യം കൊണ്ട് കേരള സാഹിത്യോത്സവ സദസ്സിന് സമ്മാനിച്ചത് വേറിട്ട അനുഭവമായിരുന്നു. ദേവവാദ്യമായ ഇടയ്ക്കയുടെ അകമ്പടിയോടെ ‘വാക്ക്’ എന്ന കവിത നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി അദ്ദേഹം അവതരിപ്പിച്ചു. തൃപ്പൂണിത്തുറ കൃഷ്ണദാസായിരുന്നു ഇടയ്ക്കവാദകന്‍. പറഞ്ഞു ഫലിപ്പിക്കാന്‍ ഒരുപാടുള്ള കാവ്യലോകത്തെ ആസ്വാദകര്‍ക്ക് മുന്നില്‍ സമര്‍പ്പിച്ചത് ഹൃദയം നിറഞ്ഞായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍