UPDATES

വായന/സംസ്കാരം

ലോകത്തെ ആദ്യത്തെ ആധാര്‍ബന്ധിത കവിത: ബുള്ളറ്റ് ട്രെയിന്‍-എഴുതിയത് ആധാര്‍ നമ്പര്‍ 987654321001

സാഹിത്യസൃഷ്ടികള്‍ വിരളമായി മാത്രം പ്രസിദ്ധീകരിക്കുന്ന അഴിമുഖത്തില്‍ ഒരു പ്രതിരോധ പ്രവര്‍ത്തനം എന്ന നിലയില്‍ എഴുതപ്പെട്ടിട്ടുള്ള ഈ കവിത പ്രസിദ്ധീകരിക്കുകയാണ്

വികസനം ആര്‍ക്കെന്ന ചോദ്യം, അതിലുപരി എന്താണ് വികസനം എന്ന ചോദ്യം ഒരു സമാന്തര രാഷ്ട്രീയ പ്രവര്‍ത്തനമായി മാറിയിട്ട് കുറച്ചുകാലമായി. വന്‍കിട നിര്‍മ്മിതികളും ചീറിപ്പായുന്ന ഗതാഗത സൗകര്യങ്ങളും നിയോണ്‍ വിളക്കുകളുടെ പീതച്ഛായയില്‍ തെളിയുന്ന മാസ്മരിക വാണീജ്യശാലകളും തീര്‍ക്കുന്ന നഗരവല്‍കൃത വികസനമാണോ അതോ ദരിദ്രനാരായണന്മാരുടെയും രാജ്യത്തെ ഊട്ടുന്ന കര്‍ഷകരുടെയും ക്ഷേമം ഉറപ്പുവരുത്തുന്ന തരത്തിലുള്ള പ്രകൃതിബോധത്തിന്റെ അടിസ്ഥാനത്തിലുള്ള വികസനമാണോ ഇന്ത്യയ്ക്ക് അഭികാമ്യം എന്ന വിഷയമാണ് ഇവിടെ ചര്‍ച്ചയ്ക്ക് വിധേയമാകുന്നത്.

അത്തരത്തിലുള്ള ഒരു ചോദ്യമാണ് ബുള്ളറ്റ് ട്രയിന്‍ എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന അതിവേഗ തീവണ്ടിയുടെ കാര്യത്തിലും ഉയര്‍ന്നു വരുന്നത്. അഹമ്മദാബാദില്‍ നിന്നും മുംബെയിലേക്കുള്ള അതിവേഗ തീവണ്ടിപ്പാതയ്ക്ക് 1.10 ലക്ഷം കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. എത്ര പേര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക എന്നതും നാല്‍പത് ശതമാനത്തോളം വരുന്ന ജനം ദൈനംദിന സൗകര്യങ്ങളുടെ അഭാവത്തില്‍ ജീവിക്കുന്ന ഇന്ത്യയെ പോലുള്ള ഒരു രാജ്യത്തിന് ഇത്രയും ചിലവേറിയ വികസനം അഭികാമ്യമാണോ എന്ന ചോദ്യവും ഉയര്‍ന്നുവരുന്നുണ്ട്. ഒരു പ്രത്യേക വര്‍ഗ്ഗത്തിന് വേണ്ടി മാത്രമാണ് ഇത്തരം പദ്ധതികള്‍ എന്ന ആരോപണങ്ങളോട് പ്രതികരിക്കുകയാണ് കവി എന്ന നിലയില്‍ ‘ബുള്ളറ്റ്’ എന്ന കവിതയിലൂടെ എന്‍ രവിശങ്കര്‍. ഒപ്പം അസഹിഷ്ണുത നിറഞ്ഞ ഒരു കാലത്തില്‍ ജീവിക്കുന്നതിന്റെ വിഹ്വലതകളും അദ്ദേഹം പങ്കുവെക്കുന്നു.

ഈ സാഹചര്യത്തില്‍ സാഹിത്യസൃഷ്ടികള്‍ വിരളമായി മാത്രം പ്രസിദ്ധീകരിക്കുന്ന അഴിമുഖത്തില്‍ ഒരു പ്രതിരോധ പ്രവര്‍ത്തനം എന്ന നിലയില്‍ എഴുതപ്പെട്ടിട്ടുള്ള ഈ കവിത പ്രസിദ്ധീകരിക്കുകയാണ്. കൗണ്ടര്‍ കറണ്ട്‌സ് ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ച കവിതയുടെ മൊഴിമാറ്റം നടത്തിയിരിക്കുന്നത് മലയാള കവിതയിലെ ശ്രദ്ധേയ മുഖമായി മാറിക്കൊണ്ടിരിക്കുന്ന സ്റ്റാലിനയാണ്. ഓണ്‍ലൈനില്‍ ഇംഗ്ലീഷില്‍ കവിതയെഴുതി അനുവാചക ശ്രദ്ധ പിടിച്ചുപറ്റിയ രവിശങ്കറിന്റെ രണ്ട് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘A strange place other than earlobes’ എന്ന സമാഹാരത്തില്‍ മറ്റ് നാല് കവികളുടെ സൃഷ്ടികള്‍ക്കൊപ്പം രവിശങ്കറിന്റെ കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ, ‘Architecture of flesh’ എന്ന സ്വന്തം സമാഹാരവും.

കവിത ഇവിടെ വായിക്കാം

ബുള്ളറ്റ് ട്രെയിന്‍എഴുതിയത് ആധാര്‍ നമ്പര്‍ 9876 5432 1001
(
ലോകത്തെ ആദ്യത്തെ ആധാര്‍ ബന്ധിത കവിത)

ഷിന്‍ഗെന്‍സണ്‍ മോഡല്‍
മണിക്കൂറില്‍ 217 മൈല്‍ വേഗം
അഹമ്മദാബാദ്- മുംബൈ യാത്രാസമയം
മൂന്നു മണിക്കൂര്‍ കുറയും.

ആത്മാവ് തൊടുന്ന ഒരു സ്റ്റുഡിയോ റേഡിയോയില്‍
മുകേഷ് പാടുന്നു
“മേരി  ഗാഡി ഹെ ജാപ്പാനി.”
യുദ്ധശേഷം ജനിച്ച ഷിന്‍സൊ ആബെ
പുഞ്ചിരിക്കുന്നു, കൈ വീശുന്നു,
ആശ്ലേഷിക്കുന്നു –
ഹിരോഹിതോയെപ്പോലെ.

ഈ ബുള്ളറ്റ് ട്രെയിന്‍
ഇതിഹാസങ്ങളിലെ ബ്രഹ്മാസ്ത്രം,
നാരായണാസ്ത്രം, രാമബാണം.
അല്ലെങ്കില്‍,
കോടിക്കണക്കിനു ജനങ്ങളെ
മയക്കത്തില്‍ ആഴ്ത്തുന്ന മോഹനാസ്ത്രം.

മറ്റൊരു ബുള്ളറ്റ് ട്രെയിനും ഉണ്ട്.
ഒരു 7.65 കാലിബര്‍ ‘മേയ്ക്ക് ഇന്‍ ഇന്ത്യ’ മോഡല്‍.
അത് ചീറിപ്പായുന്നത്
വിചിത്രനാമങ്ങള്‍ ഉള്ള സ്റ്റേഷനുകളിലൂടെ-
പന്‍സാരെ വെസ്റ്റ്
ധബോല്‍ക്കര്‍ സെന്‍ട്രല്‍
കല്‍ബുര്‍ഗി സൌത്ത്.

ലക്‌ഷ്യം ബങ്ങലൂര്, അവിടെ
അതൊരു തുടിക്കുന്ന ഹൃദയത്തെത്തുളച്ച്
കുതിച്ചു പായുന്നു.

ഈ ട്രെയിന്‍ ഇനി  കടന്നു പോകുന്നത്
തൊലിക്കടിയിലെ സിരകളിലൂടെ,
ധമനികളിലൂടെ,
ഞരമ്പുകളിലൂടെ.

മാംസവും മജ്ജയും തുരന്ന്
അത് ചെന്ന് വിശ്രമിക്കുന്നത്
പ്രൌഡഗംഭീരമായ ഒരു നട്ടെല്‍പാലത്തില്‍.

അവിടെയത് നിലാവില്‍ ദൃശ്യമാവുന്ന
ഒരു കളിത്തീവണ്ടി പോലെ പറ്റിപിടിച്ചിരിക്കും,
ഒരിളം കാറ്റില്‍
അതിന്റെ ബോഗികള്‍ ഓരോന്നോരോന്നായി
ആഴമറ്റ ഒരു ആത്മാവിലേക്ക്
മറിഞ്ഞു വീഴുന്നത് വരെ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍