UPDATES

അഭിലാഷ് മേലേതില്‍

കാഴ്ചപ്പാട്

The BookMark

അഭിലാഷ് മേലേതില്‍

വായന/സംസ്കാരം

കുഞ്ഞു സന്തോഷങ്ങളുടെ ശ്മശാനം; The Ministry of Utmost Happiness – ഒരു വായന

അന്‍പത്തിമൂന്ന് രാജ്യങ്ങളിൽ ഇറങ്ങുന്ന ഒരു നോവൽ ബാൻ ചെയ്യാൻ മാത്രമുള്ള വിഡ്ഢിത്തം നമ്മുടെ സർക്കാരുകൾ കാണിക്കില്ല എന്ന് നമുക്ക് കരുതാം.

അരുന്ധതി റോയിയുടെ ‘The Ministry of Utmost Happiness’ വായിച്ചു തുടങ്ങിയപ്പോൾ പെട്ടെന്ന് ഓർമ്മ വന്നത് Shahrnush Parsipur-ന്റെ ‘Women without Men’ എന്ന നോവലാണ്. ആ ഫെമിനിസ്റ്റ് നോവലിലെ സ്ത്രീ കഥാപാത്രങ്ങൾ മുഴുവൻ ഏദൻ തോട്ടം പോലുള്ള ഒരിടത്ത് അവസാനം എത്തിച്ചേരുകയാണ്. അവരിലൊരാൾ ഒരു മരമായി മാറുന്നു. ‘Ministry’ തുടങ്ങുന്നതും ‘She lived in the graveyard like a tree’ എന്ന വാചകത്തോട് കൂടിയാണ്. ഇതിലെ കഥാപാത്രങ്ങളെല്ലാം ഒരു ശവപ്പറമ്പിലാണ് താമസിക്കാനായി എത്തുന്നത്. ഈ സാമ്യത്തെക്കുറിച്ചു പറയാനുള്ള കാരണം നോവലിന്റെ ശൈലിയാണ്. സല്‍മാന്‍ റുഷ്‌ദിയെ ഓർമ്മിപ്പിക്കുന്ന ഒരു ശൈലിയാണ് റോയ് ഉപയോഗിച്ചിരിക്കുന്നത്. അതായത്, ഇന്ത്യൻ വായനക്കാരെ മാത്രം മുന്നിൽ കണ്ടല്ല ഇതെഴുതപ്പെട്ടിരിക്കുന്നത് എന്ന്. അതിന്റെ ഗുണദോഷങ്ങൾ ചെറുതായി നോവലിനുണ്ട് താനും. ‘ഗോഡ് ഓഫ് സ്മാൾ തിങ്ങ്സ്’ വായിച്ച ഒരാൾ അതേ വൈകാരികതയും ഭാഷാഭംഗിയും ഇവിടെ പ്രതീക്ഷിച്ചാൽ അൽപ്പം നിരാശപ്പെടേണ്ടി വന്നേക്കാം. ഇതൊരു മുഴുനീള രാഷ്ട്രീയ നോവലാണ്. റോയിയുടെ എഴുത്തിന്റെ ശക്തിയെ കുറച്ചു കാണുകയല്ല എന്നാദ്യമേ പറയട്ടെ. ഇന്ത്യൻ എഴുത്തുകാരിൽ അവർ എന്തുകൊണ്ട് വേറിട്ട് നിൽക്കുന്നു എന്നതിന്റെ തെളിവാണ് ഈ നോവലും. അവരുടെ പ്രശസ്തമായ പരിഹാസത്തിനൊന്നും ഒരിടിവും സംഭവിച്ചിട്ടില്ല -‘Unwilling to be deflected from his line of inquiry, the imam muttered a mechanical response. ‘Sach Khuda hai. Khuda hi Sach hai.’ Truth is God. God is Truth. The sort of wisdom that was available on the backs of the painted trucks that roared down the highways’.

പ്രധാന കഥാപത്രങ്ങളുടെയെല്ലാം വീക്ഷണകോണുകളിൽനിന്ന് കഥ പറയുന്നുണ്ട്. ‘How to tell a shattered story? By slowly becoming everybody. No. By slowly becoming everything’ എന്ന വാചകങ്ങൾ ഒരിടത്തു കാണാം. നോവലിന്റെ പരസ്യ വാചകങ്ങളിൽ ഒന്ന് അതായിരുന്നു. ആ ഒരു രീതി തന്നെയാണ് നോവലിൽ ഉടനീളം പിന്തുടരപ്പെടുന്നത്. ആദ്യകഥയിൽ ഡൽഹിയിൽ (ഡൽഹിയിലും കാശ്മീരിലുമാണ് മിക്കവാറും കഥകളെല്ലാം നടക്കുന്നത്) അഫ്‌താബ്‌ എന്ന ബാലൻ താനൊരു ട്രാൻസ്പേഴ്‌സൺ ആണെന്ന് തിരിച്ചറിയുകയാണ്. നഗരത്തിൽ ഒരിടത്ത് അവനെപ്പോലുള്ള ആളുകൾ താമസിക്കുന്ന ഒരു വീടുണ്ട് (‘സ്വപ്നങ്ങളുടെ വീട്’ എന്നാണതിന്റെ പേര്). അതിനുള്ളിൽ കയറിപ്പറ്റാൻ അവൻ പല തവണ ശ്രമിക്കുന്നു. അവന് തിരികെ വരാൻ താത്പ്പര്യവുമില്ല. അങ്ങനെ അഫ്‌താബ്‌, അൻജൂം എന്ന ‘ഹിജഡ’യായി മാറുന്നു.

ആ ഒരു സമൂഹത്തെക്കുറിച്ച് ഇത്ര ആഴത്തിൽ എഴുതപ്പെട്ടത് അധികം കണ്ടിട്ടില്ല. നമ്മുടെ ഇതിഹാസങ്ങളിലും ചരിത്രത്തിലുമൊന്നും ട്രാൻസ്‌പേഴ്സൺസിനു കുറവില്ലല്ലോ. അൻജൂമിന്റെ തലയിലെഴുത്ത് ഞെട്ടലോടെ അറിഞ്ഞ ശേഷം അവന്റെ അമ്മ കുഞ്ഞുമായി പ്രാർത്ഥിക്കാൻ പോയിരുന്ന ദർഗ്ഗ ഒരു സ്വവർഗ്ഗാനുരാഗിയുടെതാണ് – ഒരു ഹിന്ദു പയ്യനെ അന്വേഷിച്ച് അർമേനിയയിൽ നിന്ന് ഇന്ത്യയിലെത്തിയ ഹസ്രത് സർമദ് ഷഹീദ്. അയാൾ ജൂദായിസം വിട്ട് ഇസ്ലാമിനെ സ്വീകരിച്ച ആളായിരുന്നു, പിന്നയതും വിട്ടു സൂഫിയായി. ഇതറിഞ്ഞ ഔറംഗസീബ് അയാളോട് കലിമ ചൊല്ലാൻ പറയുമ്പോൾ അയാൾ പാതിയിൽ നിറുത്തുന്നു. ല ഇലാഹ (ദൈവമില്ല അല്ലാഹുവല്ലാതെ എന്നതിന്റെ പാതി). അയാളുടെ വെട്ടിവേർപ്പെടുത്തിയ തല പിന്നെയും സൂഫിഗീതങ്ങൾ ആലപിച്ചു എന്നാണ് കഥ. അത്തരത്തിൽ ആളുകളുടെ കണ്ണിൽ അപൂർണ്ണനായ മനുഷ്യരായിരിക്കെ തന്നെ സ്വയംപര്യാപ്‌തരാണ് ഭിന്നലിംഗക്കാരും എന്ന് കാണിക്കുകയാണ് ഇവിടെ.

അമ്മയുടെ പ്രാർത്ഥനയ്ക്കു പക്ഷെ ഫലമുണ്ടായില്ല; മകൻ ‘സ്വപ്നങ്ങളുടെ വീട്ടിൽ’ തന്നെ എത്തിച്ചേരുന്നു. ‘D’you know why God made Hijras?’ she asked Aftab one afternoon while she flipped through a dogeared 16 issue of Vogue, lingering over the blonde ladies with bare legs who so enthralled her. ‘No, why?’ ‘It was an experiment. He decided to create something, a living creature that is incapable of happiness. So he made us.’ എന്നൊരു സംഭാഷണശകലം ഒരിടത്തുണ്ട്. അതുപോലെ സാധാരണ മനുഷ്യർ വിലക്കയറ്റത്തെക്കുറിച്ചും ഹിന്ദു-മുസ്‌ലിം കലാപങ്ങളെക്കുറിച്ചും ഇന്ത്യാ – പാക് യുദ്ധത്തെക്കുറിച്ചും വ്യാകുലപ്പെടുമ്പോൾ നമുക്ക് അതെല്ലാം നമ്മുടെയുള്ളിലാണ് എന്നിതേ സുഹൃത്ത് അൻജൂമിനോട് പറയുന്നുണ്ട്. അവർ കളഞ്ഞുകിട്ടിയ ഒരു കുഞ്ഞിനെ എടുത്തു വളർത്തുന്നു. ഒരേ സമയം ആ വീട്ടിലെല്ലാവരും അതിന്റെ അമ്മയായും അച്ഛനായും ഇരിക്കുന്നു എന്നാണ് റോയ് എഴുതുന്നത്. അടിയന്തിരാവസ്ഥയുടെ സമയത്തുണ്ടായ ഒരനുഭവം ഒരു കുട്ടിക്കഥയായി അൻജൂം കുഞ്ഞിനോട് പറയുന്നുണ്ട്. എന്നാൽ കൗതുകമുള്ള കാര്യം, അവിടെ നിന്ന് 1992-വിലെ സംഭവങ്ങൾ സ്പർശിക്കാതെ റോയ് നേരെ ഭീകരർ വേൾഡ് ട്രേഡ് സെന്റർ തകർക്കുന്നത് വിവരിക്കുന്നു എന്നതാണ്. ‘ഗുജറാത്ത് കി ലല്ല’ എന്ന മോദിയോട് സാമ്യമുള്ള കഥാപാത്രത്തിന്റെ മുൻഗാമിയായ കവിതാക്കമ്പമുള്ള പ്രധാനമന്ത്രി ‘The Mussalman, he doesn’t like the Other, His Faith he wants to spread through Terror’ എന്ന കവിത ചൊല്ലുന്നു. മുസ്ലിം വിരുദ്ധത അതിന്റെ ഉച്ചസ്ഥായിയിലെത്തുന്നു.

പൂക്കടക്കാരനായ ഒരു വൃദ്ധനൊപ്പം അൻജൂം അജ്മീറിൽ തീർത്ഥാടനത്തിന് പോകുകയാണ്. അവിടെനിന്ന് അൻജൂമിന്റെ അച്ഛന് (ഡോക്ടറും, ഉറുദു കവിതയിൽ അതീവ താല്പര്യക്കാരനുമാണ് അയാൾ, മാത്രമല്ല മുഗൾ പരമ്പര്യമുണ്ട് തനിക്ക് എന്നാളുകളോട് പറയുന്നുമുണ്ട്, മകന്റെ വിധി കണ്ട് നിശ്ശബ്ദനായിപ്പോകുകയാണ് അയാൾ) പ്രിയപ്പെട്ട ഒരു ഉറുദു കവിയുടെ ദർഗ്ഗ കാണാനായി അവർ അഹമ്മദാബാദിലേക്കു പോകുന്നു. ആ സമയത്ത് ഹിന്ദു ഭീകരതയുടെ മറ്റൊരു തരംഗം അവിടെയുണ്ടാകുന്നു. കുറേക്കാലത്തേക്ക് അവർ രണ്ടുപേരെയും പറ്റി ഒന്നുമറിയാൻ കഴിയാതെ കുഴങ്ങുകയാണ് വീട്ടുകാർ. തിരച്ചിലിനൊടുവിൽ അവരെ കണ്ടെത്തുമ്പോഴേക്കും നൂറുകണക്കിന് ആളുകൾ ഗുജറാത്തിൽ മരിച്ചു വീണിരുന്നു. ‘ഹിജഡ’ ആയതിനാൽ മാത്രമാണ് അൻജൂം രക്ഷപ്പെടുന്നത് – അവരെ കൊല്ലുന്നത് ഹിന്ദുവിശ്വാസപ്രകാരം പാപമാണത്രെ. ഏതായാലും അൻജൂം ഇത്തരം അക്രമികളിൽ നിന്ന് രക്ഷപ്പെടാനായി ഗായത്രിമന്ത്രം വരെ പഠിച്ചിരുന്നു. തിരിച്ചു വന്ന അവർ കുറിപ്പിന്റെ ആദ്യത്തിൽ സൂചിപ്പിച്ച ശ്‌മശാനത്തിലേക്ക് താമസം മാറുകയാണ്.

അൻജൂമിന്റെ കഥയാണ് നോവലിന്റെ ഏറ്റവും തിളക്കമേറിയത്. നീളക്കൂടുതലുണ്ട് ഈ ഭാഗത്തിന്. എന്നാൽ അതിലും ദീർഘമായ ഒന്നിലേക്കാണ് പിന്നെ നമ്മൾ കടക്കുന്നത്. ഇതാണ് നോവലിന്റെ അൽപ്പം വിരസത തോന്നിച്ചേക്കാവുന്ന മധ്യഭാഗം. റോയിയുടെ ഗോഡ് ഓഫ് സ്മാൾ തിങ്‌സിനു ശേഷമുള്ള ഇരുപതു വർഷത്തെ എഴുത്തുകൾ പരിശോധിച്ചാൽ അവരുടെ യാതൊരുവിധ വിട്ടുവീഴ്ചയുമില്ലാത്ത പ്യൂരിറ്റൻ ആക്ടിവിസത്തിന്റെ കരുത്തു കാണാം. പലപ്പോഴും അവരുടെ വിമർശകർ (ശത്രുക്കളല്ല, അവർക്ക് റോയിയുടെ ഓരോ ജീവകോശത്തോടും ശത്രുതയാണല്ലോ) അവർക്കെതിരെ ഉപയോഗിക്കുന്നതും ഇതൊക്കെത്തന്നെയാണ്. റോയി ഈ ഭാഗത്ത് സ്വയം ഒരു കഥാപാത്രമാവുകയാണ്‌, കൂടെ മൂസാ എന്ന ഒരു കാശ്മീരിയും ഐബിയിൽ ജോലിചെയ്യുന്ന ഒരുദ്യോഗസ്ഥനും പിന്നെ അതിസമർത്ഥനായ ഒരു ജേർണലിസ്റ്റും. ഇവരെല്ലാവരും പഠനകാലത്ത് ഇരുനിറമുള്ള, ചുരുണ്ടമുടിയുള്ള എന്നാൽ തികച്ചും സ്വാതന്ത്രയും അവർക്കാർക്കും ഒരിക്കലും പിടികിട്ടാത്തവളുമായ തിലോത്തമ എന്ന തിലോയെ പ്രേമിക്കുന്നു -The moment I saw her, a part of me walked out of my body and wrapped itself around her. And there it still remains. അവൾ പ്രേമിക്കുന്നത് മൂസയെയും.

തീവ്രവാദിയായ മൂസയുടെ കഥയിലൂടെ റോയ് കാശ്മീരിലേക്കിറങ്ങുകയാണ്. ഒരു പക്ഷെ കശ്മീർ എന്ന വിഷയത്തിൽ ഇതുവരെ (ഇനിയങ്ങോട്ടും) ഒരെഴുത്തുകാരനും കഴിയാത്ത വിധത്തിൽ അതിന്റെ എല്ലാ കുഴമറിയലുകളെയും കലക്കങ്ങളെയും ദുഃഖത്തെയും വേദനയെയും അതിന്റെ അറ്റമില്ലാത്ത ദുരന്തങ്ങളെയും (അന്നാട്ടിൽ പാർക്കുകൾ പോലെ ശ്മശാനങ്ങളുണ്ടാക്കുന്ന/ഉണ്ടാകുന്നതിനെപ്പറ്റി റോയി സൂചിപ്പിക്കുന്നുണ്ട്) റോയ് അതിദീർഘമായി വിവരിക്കുകയാണ്. ഈ ഭാഗം പലപ്പോഴും ഫിക്ഷനെ കടന്ന് നോൺ ഫിക്ഷനിലേക്കു പോകുന്നു എന്ന് മാത്രമല്ല, അതെപ്പോഴും ഒരു ജേർണലിസ്‌റ്റിനെപ്പോലും അതിശയിക്കുന്ന രീതിയിൽ സത്യകഥനം പോലെ അനുഭവപ്പെടുത്തുകയും ചെയ്യുന്നുണ്ട് എഴുത്തുകാരി. ഒന്നും ഒറ്റയടിക്ക് പറഞ്ഞുപോകാതെ ഈ നാലു കഥാപാത്രങ്ങൾക്കിടക്ക് മാറിമാറി ആഖ്യാനം സഞ്ചരിക്കുന്നു. നിങ്ങൾ ക്ഷമയോടെ വായിക്കുകയാണെങ്കിൽ ഒരേ സമയം കോപവും സങ്കടവും സംശയങ്ങളും നിങ്ങളെ കീഴ്പ്പെടുത്തും. സ്വാഭാവികമായി ദേശീയത എന്ന സൂത്രവാക്യത്തിൽ നമ്മൾ വിദഗ്ദ്ധമായി ഒളിപ്പിച്ചു നിർത്തിയിട്ടുള്ള പല കാര്യങ്ങളും അടിസ്ഥാനപരമായി എങ്ങനെ സാധാരണ ജീവിതങ്ങളെ തൊടുകയും ചിലപ്പോൾ തലോടുകയും അല്ലെങ്കിൽ തകർക്കുകയും ചെയ്യുന്നു എന്നുള്ളത്, നിങ്ങൾ എത്ര ദേശസ്നേഹിയുമാകട്ടെ, നിങ്ങളെ സാദാ അസ്വസ്ഥനാക്കും. നോവൽ വായിച്ചു കഴിഞ്ഞ് അല്പകാലം കഴിഞ്ഞാൽ കഥാപാത്രങ്ങളുടെ പേരുകൾ മറന്നാലും ഈയൊരു ഭാഗത്തെ സംഭവങ്ങൾ മറക്കാൻ പ്രയാസമായിരിക്കും. ഈ സംഭവങ്ങൾക്കിടയിലൂടെ കാറ്റിൽ പറന്നു നടക്കുന്ന ഒരില പോലെ തിലോ എന്ന കഥാപാത്രം (ഒരു പക്ഷെ റോയി തന്നെ) സഞ്ചരിക്കുകയാണ്. അവർ പ്രണയിക്കുന്നുണ്ട്, വിവാഹിതയാകുന്നുണ്ട്, ഗർഭവതിയാകുന്നുണ്ട്, ആ കുഞ്ഞിനെ നഷ്ടപ്പെടുത്തിയിട്ടും മറ്റൊരു കുഞ്ഞവരുടെ കയ്യിൽ എത്തിച്ചേരുന്നുമുണ്ട്. അപകടങ്ങളെ മുൻകൂട്ടി അറിയാൻ ഘ്രാണശേഷിയുള്ള ആ സ്ത്രീ എന്നിട്ടും അവയെ തിരഞ്ഞു പോകുന്നു.

ഡൽഹിയിൽ ഒരു ഗാന്ധിയന്റെ (ഹസാരെയെ അനുസ്മരിപ്പിക്കുന്ന ഒരു വൃദ്ധൻ) നേതൃത്വത്തിലുള്ള സമരത്തിലേക്ക് കഥ ഇടയ്ക്കു പോകുന്നുണ്ട്. അവിടെ, ജന്തർമന്തറിൽ, പല തരം ആൾക്കൂട്ടങ്ങൾ അപ്പോൾത്തന്നെ ഒത്തുകൂടിയിട്ടുണ്ട്. ബീഹാറുകാരനായ ആസാദ് ഭാരതീയ ക്യാപിറ്റലിസത്തിനെതിരെ, ദളിതുകൾക്കും ആദിവാസികൾക്കും നേരിടേണ്ടി വരുന്ന അതിക്രമങ്ങൾക്കെതിരെ ഒക്കെ ഉപവാസത്തിലാണ് -One of his arms, from shoulder to wrist, was encased in a filthy white plaster cast supported by a sling looped around his neck. The empty sleeve of his grimy striped shirt flapped at his side like the desolate flag of a defeated country. മറ്റൊരിടത്ത് ഭോപ്പാൽ ദുരന്തത്തിന്റെ ഇരകളും ബന്ധുക്കളും സത്യാഗ്രഹമിരിക്കുന്നു, ദുരന്തം നടന്നു വർഷങ്ങൾ കഴിഞ്ഞിട്ടും. അങ്ങനെ പലർ. ഗാന്ധിയനെയും പടയെയും സഹായിക്കാനും ഒപ്പം പൊരുതാനും മധ്യവർഗ്ഗ യുവത്വം ഒഴുകിയെത്തുകയാണ്. കിഴവന്റെ കൂടെ ഒരു അക്കൗണ്ടന്റും (കെജ്‌രിവാളിനെപ്പോലെയുള്ള ഒരാൾ) ഉണ്ട്. അവർക്കൊക്കെയിടയിൽ ഉടമയില്ലാത്ത ഒരു കുഞ്ഞ് പ്രത്യക്ഷപ്പെടുന്നു. ഈ കുഞ്ഞിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തർക്കം നടക്കുമ്പോൾ അവിടെയെത്തിച്ചേരുന്ന അൻജൂമും അക്കൗണ്ടന്റും തമ്മിൽ വാക്കുതർക്കമുണ്ടാകുകയാണ്.

ഇത്തരം സന്ദർഭങ്ങളെ റോയ് നന്നായി ഉപയോഗപ്പെടുത്തുന്നുണ്ട്. അയാൾ, അയാളുടെ (ഇപ്പോൾ നമുക്ക് പരിചിതമായ) സ്വാഭാവിക രീതിയിൽ, അവർക്ക് അവിടെ കൂടാൻ പെർമിഷൻ ഉണ്ടോയെന്ന് ചോദിക്കുന്നു. ‘Police permission?’ Never could two words have been pronounced with more contempt. ‘This is a child, not some illegal encroachment on your father’s property. You apply to the police, Sahib. The rest of us will take the shorter route and apply straight to the Almighty.’ എന്നാണ് അവരുടെ മറുപടി. ഇതൊക്കെ നടക്കുമ്പോൾ ‘ഗുജറാത്ത് കി ലല്ല’യുടെ ആളുകൾ ഈ സമരത്തെ ഏറ്റെടുക്കുകയാണ്. ലാപ്ടോപ്പും മറ്റുമായി ടെന്റൊക്കെ കെട്ടിക്കൂടിയിരുന്ന യുവാക്കളെയെല്ലാം അവിടെ നിന്നും തള്ളിമാറ്റി പകരം അയാളുടെ ആളുകൾ വന്നു നിറയുന്നു (ഹസാരെയുടെ സമരം തന്നെ ആർഎസ്എസ് സ്പോൺസേഡ് ആയിരുന്നു എന്ന സമീപകാല റിപ്പോർട്ടുകൾ ഓർക്കുക). ഇതിനിടയിൽ അവിടെ കാണപ്പെട്ട കുഞ്ഞ് അപ്രത്യക്ഷമാകുന്നു. അതെത്തിച്ചേരുന്നത് തിലോയുടെ കയ്യിലും. ആ കുഞ്ഞിനുമുണ്ട് ഒരു കഥ. അതൊരു കത്തിന്റെ രൂപത്തിൽ ഒരു മാവോയിസ്റ്റ് മേഖലയിൽ നിന്ന് അവരെത്തേടി ഒരിക്കൽ വരുന്നുണ്ട്. അതിനിടയിൽ തിലോ കടന്നുപോകുന്ന വഴികളും സംഭവങ്ങളും അസംഖ്യമാണ്.

എന്നാൽ തിലോയുടെ കഥയോടും അതിന്റെ ഉപകഥകളോടുമുള്ള റോയിയുടെ താല്പര്യം നോവലിനെ ദീർഘിപ്പിക്കുകയും വായനയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. യഥാർത്ഥത്തിൽ ഈ ഭാഗം വേറെ ഒരു പുസ്തകമായിപ്പോലും എഴുതാവുന്നതായിരുന്നു എന്ന് തോന്നിപ്പോവും. ഐബി ഉദ്യോഗസ്ഥന്റെ കഥ പോലെ (അത് ആത്മഗതമായിട്ടാണ്) ഒരു പക്ഷേ, അനാവശ്യമായ ഭാഗങ്ങളും നോവലിലുണ്ട്. എഴുത്തുകാരിയുടെ കോപതാപങ്ങൾ മുഴുവൻ പേജുകളിൽ നിന്ന് പേജുകളിലേക്ക് ഒഴുകുകയാണ്. അതിനിടക്ക് അവരുടെ കൃത്യതയാർന്ന ഒരു പിടി നിരീക്ഷണങ്ങൾ വന്നുപോകുന്നുണ്ട്. സിഖ് കലാപം നടന്ന സമയത്തെക്കുറിച്ച് അവർ പറയുന്നു – ‘It was as though the Apparition whose presence we in India are all constantly and acutely aware of had suddenly surfaced, snarling, from the deep, and had behaved exactly as we expected it to. Once its appetite was sated it sank back into its subterranean lair and normality closed over it’, എല്ലാ ജോലിയും മാറ്റി വച്ച് കൊല്ലും കൊള്ളയും നടത്തിയിരുന്ന സാധാരണക്കാരൻ അവന്റെ പണിയിടങ്ങളിലേക്കും ജീവിതസമസ്യകളിലേക്കും തിരികെപ്പോകുന്നു. റോയ് തുടരുന്നു: – Normality in our part of the world is a bit like a boiled egg: its humdrum surface conceals at its heart a yolk of egregious violence. It is our constant anxiety about that violence, our memory of its past labors and our dread of its future manifestations, that lays down the rules for how a people as complex and as diverse as we are continue to coexist – continue to live together, tolerate each other and, from time to time, murder one another. As long as the centre holds, as long as the yolk doesn’t run, we’ll be fine. In moments of crisis it helps to take the long view.

കശ്മീരിലെ സമര/യുദ്ധങ്ങളുടെ വ്യർത്ഥതയെക്കുറിച്ചൊക്കെ റോയ് പലയിടത്തും വാചാലയാകുന്നുണ്ട്. ‘The trouble with being in Dachigam was that it had the effect of unsettling one’s resolve. It underlined the futility of it all. It made one feel that Kashmir really belonged to those creatures. That none of us who were fighting over it – Kashmiris, Indians, Pakistanis, Chinese (they have a piece of it too – Aksai Chin, which used to be part of the old Kingdom of Jammu and Kashmir), or for that matter Pahadis, Gujjars, Dogras, Pashtuns, Shins, Ladakhis, Baltis, Gilgitis, Purikis, Wakhis, Yashkuns, Tibetans, Mongols, Tatars, Mon, Khowars – none of us, neither saint nor soldier, had the right to claim the truly heavenly beauty of that place for ourselves’.

ഈ ഒരു ഭാഗത്തെ പേടിക്കുന്നവരാകണം ഒരു പക്ഷെ അവരുടെ പുസ്തകം വില്പനക്കിട്ടിരിക്കുന്ന ആമസോണിന്റെ പേജിൽ പുസ്തകത്തിന്റെ പാരഡിയായി മറ്റൊന്ന് പ്രസിദ്ധം ചെയ്തിരിക്കുന്നത്. സത്യത്തിൽ ഈ ഭാഗം വായിക്കുമ്പോൾ നമ്മൾ ചെറുതായി ഭയപ്പെടാൻ തുടങ്ങും. ഇക്കാലത്ത് രാജ്യദ്രോഹം എന്ന വാക്ക് നമ്മൾ എപ്പോഴും കേട്ടുകൊണ്ടിരിക്കുകയാണല്ലോ, ഓരോ തവണ അത് കേൾക്കുമ്പോഴും അറിയാതെ മുന്നിലെ തെരുവിലേക്കുകൂടി നോക്കുന്ന ഒരു പരുവത്തിലായിട്ടുണ്ട് നമ്മുടെ മനസുകൾ. ഈ നോവൽ വായന ഒരു കുറ്റകൃത്യം പോലെ ചിലപ്പോൾ തോന്നിയേക്കാം. റോയിക്ക് ശത്രുക്കൾ ഇതോടെ കൂടുകയേയുള്ളു, അവരുടെ സുരക്ഷയെക്കുറിച്ചുപോലും ആശങ്ക തോന്നാം. എന്തൊരു തരം സമയത്താണ് ഈ പുസ്തകം ഈ രൂപത്തിൽ വന്നിരിക്കുന്നത് എന്നും വായനക്കാരന് തോന്നും. അന്‍പത്തിമൂന്ന് രാജ്യങ്ങളിൽ ഇറങ്ങുന്ന ഒരു നോവൽ ബാൻ ചെയ്യാൻ മാത്രമുള്ള വിഡ്ഢിത്തം നമ്മുടെ സർക്കാരുകൾ കാണിക്കില്ല എന്ന് നമുക്ക് കരുതാം.

കാശ്മീരികളുടെ വീക്ഷണകോണിലേക്ക് തിരിയുമ്പോഴൊക്കെ നോവൽ ശക്തിയുള്ള ഭാഷയാണ് ഉപയോഗിക്കുന്നത് – This was Kashmir; the Separatists spoke in slogans and our men spoke in press releases; their cordon­-and-­search operations were always ‘massive’, everybody they picked up was always ‘dreaded’, seldom less than ‘A­-category’, and the recoveries they made from those they captured were always ‘war ­like”. ഒപ്പം റോയ് തന്റെ ഉൾക്കാഴ്ച നന്നായി ഉപയോഗപ്പെടുത്തുന്നതും ഉണ്ട് – The irony was – is – that if you put four Kashmiris in a room and ask them to specify what exactly they mean by Azadi, what exactly are its ideological and geographic contours, they would probably end up slitting each other’s throats. And yet it would be a mistake to chalk this down to confusion. Their problem is not confusion, not really. It’s more like a terrible clarity that exists outside the language of modern geopolitics. All the protagonists on all sides of the conflict, especially us, exploited this fault line mercilessly. It made for a perfect war – a war that can never be won or lost, a war without end’.

ഐബി ഉദ്യോഗസ്ഥനായ സുഹൃത്ത് (കൂട്ടത്തിൽ വരുത്തിവച്ച ദുരന്തങ്ങളെക്കുറിച്ച് ബോധവാനാകുന്ന ഒരേ ഒരാളാണ് അയാൾ) തിലോയുടെ ഫയലുകളിലൂടെ പോയിക്കൊണ്ടിരിക്കുമ്പോൾ ഒരിടത്ത് ഇങ്ങനെ പറയുന്നുണ്ട് – ‘When the Indian Army liberated Bangladesh, the good old Kashmiris called it – still call it – the ‘Fall of Dhaka’. They aren’t very good at other people’s pain. But then, who is? The Baloch, who are being buggered by Pakistan, don’t care about Kashmiris. The Bangla­deshis whom we liberated are hunting down Hindus. The good old communists call Stalin’s Gulag a ‘necessary part of revolution’. The Americans are currently lecturing the Vietnamese about human rights. What we have on our hands is a species problem. None of us is exempt.’ ഇത്തരത്തിൽ ക്ഷമയോടെ വായിക്കുന്ന ഒരു വായനക്കാരന് ഈ ഭാഗത്തു കണ്ടെടുക്കാൻ ചെത്തിയെടുത്തതുപോലെയുള്ള വാചകങ്ങൾ ധാരാളമുണ്ട്. എന്നാൽ അതിനു വേണ്ട അധ്വാനം പലപ്പോഴും കഠിനമാണ്. ‘ഗോഡ്’ വായിച്ച് ഇതിലേക്ക് വരുന്ന വായനക്കാർ ഇതുമായി പൊരുത്തപ്പെടാൻ സമയമെടുക്കും. ഒരു എഡിറ്ററുടെ വശത്തുനിന്നുനോക്കിയാൽ ഈ ഭാഗത്ത് വെട്ടിയൊതുക്കാൻ ഏറെയുണ്ട്. അവസാന ഭാഗങ്ങളിൽ ഉനാ ദളിത് സമരങ്ങൾ വരെ പരാമർശിക്കുന്നത് കാണുമ്പോൾ അടുത്ത കാലം വരെ റോയ് ഈ നോവൽ എഴുതിക്കൊണ്ടിരിക്കുകയായിരുന്നല്ലോ എന്ന് തോന്നും. അതുകൊണ്ട് കൂടിയാണ് എഡിറ്റിംഗിന്റെ കാര്യം പരാമർശിച്ചത്. കൂട്ടത്തിൽ ഒരു കാര്യം കൂടി പറയേണ്ടതുണ്ട്. ‘ഗോഡ്‌സി’നേക്കാളും ഒരു അന്താരാഷ്ട്ര വായനാ സമൂഹത്തിനു വേണ്ടിയാണ് ഈ നോവൽ എഴുതപ്പെട്ടിരിക്കുന്നത്. ഒരു ആക്ടിവിസ്റ്റ് നോവൽ എന്ന് ഇതിനെ ആരെങ്കിലും വിളിച്ചാലും അതിശയമില്ല.

കുറിപ്പിന്റെ ആദ്യത്തിൽ പറഞ്ഞപോലെ നോവലിന്റെ അവസാനത്തിൽ എല്ലാവരും ഒരു ശ്‌മശാനത്തിൽ എത്തിച്ചേരുകയാണ്, തിലോയടക്കം. അൻജൂം എന്ന കഥാപാത്രം ഒരു തണൽ മരം പോലെ അവർക്കെല്ലാം മുകളിൽ ശാഖകൾ വിടർത്തി നിൽക്കുന്നു. ആ കഥാപാത്രത്തിന്റെ ലോകവീക്ഷണവും അവർ കടന്നുപോകുന്ന വഴികളും അനന്യമാണ്‌. എന്നാൽ അവർക്ക് തത്വചിന്തയുടെ ഭാരമൊന്നുമില്ല. മൂന്നാം ലിംഗത്തിന്റെ വീക്ഷണകോണോ എന്തോ അവർ നോവലിലുടനീളം വേറിട്ടുനിൽക്കുന്നു. തിലോ ശ്‌മശാനത്തിൽ വന്ന വകയിൽ അവർ വിരുന്നു നടത്തുന്നു. ഏദൻ തോട്ടം പോലെയുള്ള ആയിടത്തെ അതുപോലെ നിർത്താൻ അവർ അധ്വാനിക്കുന്നുണ്ട് – A few kebabs and some biryani were kept aside for the municipal officers who would surely come by later in the day. ‘Those fellows are just like us Hijras,’ Anjum said and laughed affectionately. ‘Somehow they smell a celebration and arrive to demand their share.’

ഇടക്ക് കുറച്ചു കൈവിട്ടുപോകുന്ന ആഖ്യാനത്തെ റോയ് അവസാനഭാഗങ്ങളിൽ തിരികെപ്പിടിക്കുന്നു. കുട്ടി വഴിവക്കിൽ മൂത്രമൊഴിച്ചതിൽ തെളിയുന്ന നഗരത്തെ വർണ്ണിക്കുന്ന ഒരു രംഗമുണ്ട് ഇവിടെ. പാമുക്കിന്റെ ‘സ്ട്രെയ്ഞ്ചനെസ്സ് ഇൻ മൈ മൈൻഡി’ലെ അവസാന ഭാഗങ്ങളെ ഓർമ്മിപ്പിച്ചു ഇത് – ‘When Miss Udaya Jebeen said, ‘Mummy, soo­soo!’ Anjum sat her down under a street light. With her eyes fixed on her mother she peed, and then lifted her bottom to marvel at the night sky and the stars and the one thousand year old city reflected in the puddle she had made’. തിലോയുടെ കയ്യിലെ കുഞ്ഞ് അവരുടെയിടയിൽ ഭാവിയുടെ പ്രതീക്ഷപോലെ വളരുന്നത് കാണിച്ചുകൊണ്ടാണ് നോവൽ അവസാനിക്കുന്നത്. എല്ലാ ദു:ഖങ്ങൾക്കും അസ്വസ്ഥതകൾക്കും ഇടയിൽ ചെറിയ കാര്യങ്ങളിൽ സന്തോഷം കണ്ടെത്തുന്ന മുഖ്യധാരക്ക് പുറത്തുള്ള ഇന്ത്യൻ ജനതയുടെ പ്രതിനിധികളാണ് ഈ കഥാപാത്രങ്ങൾ. അവരുടെ ചെറിയ കാര്യങ്ങൾക്കുമുണ്ട് എവിടെയോ ഒരു ദൈവം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഭിലാഷ് മേലേതില്‍

അഭിലാഷ് മേലേതില്‍

എഴുത്തുകാരന്‍, സോഫ്റ്റ്‌വേര്‍ എഞ്ചിനീയര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍