UPDATES

വായന/സംസ്കാരം

മനുഷ്യരില്‍ സ്ത്രീയുടെ ഇടം എവിടെയാണ്? സുധീശ് രാഘവന്റെ ‘ഭൂമിയുടെ മകൾ’ വായിക്കുമ്പോള്‍

മലയാളത്തിലെ മിക്ക സിനിമകളിലും ‘കത്തിയെടുക്കുന്ന പെണ്ണ്’ ഉണ്ടാകുന്നത് സ്വയം പ്രതിരോധത്തിന്റെ ഭാഗമായി മാത്രമാണ്.

പുസ്തകം: ഭൂമിയുടെ മകള്‍ (നോവല്‍)
സുധീശ് രാഘവന്‍
പ്രസാധകര്‍: ചിന്ത പബ്ലീഷേഴ്സ്
 
അതിസാധാരണം എന്നുതോന്നിക്കുന്ന എന്നാൽ അനിതരസാധാരണമായ ജീവിതങ്ങൾ സൃഷ്ടിക്കുന്ന പുതിയ ലോകത്തിന്റെ കണ്ണാടിക്കാഴ്ചകളാണ് സുധീശ്  രാഘവന്റെ ‘ഭൂമിയുടെ മകൾ’ എന്ന നോവൽ. നിലനിൽക്കുന്ന പിതൃദായ ആൺവ്യവസ്ഥകളെ പാടേ തകിടം മറിക്കാനുള്ള ശ്രമം നോവലിൽ നടക്കുന്നുണ്ട്. പാതിവ്രത്യം, ചാരിത്ര്യശുദ്ധി മുതലായ ആൺ താത്പര്യ വ്യവസ്ഥകളെ ചോദ്യം ചെയ്യാൻ ധൈര്യപ്പെടുന്ന പെൺകഥാപാത്രങ്ങളാണ് നോവലിന്റെ മുതൽക്കൂട്ട്.

ലളിതമായ എന്നാൽ വളരെ കാവ്യാത്മകവും ഫിലോസഫിക്കലുമായ ഒരു ആഖ്യാനരീതിയാണ് നോവലിൽ ഉടനീളമുള്ളത്. മരണം, സ്നേഹം, സൗഹൃദം, പ്രണയം, ദാമ്പത്യം, എഴുത്ത്, വായന, ശരീരം, മനസ് തുടങ്ങിയ സംജ്ഞകളെ ദാർശനികമായ അവബോധത്തിലൂടെ പുനർനിർവ്വചിക്കുന്നു. മനുഷ്യമനസ്സിന്റെ ഭ്രമാത്മകമായ ചിന്തകളേയും വിചാരങ്ങളേയും പ്രകടമായിത്തന്നെ ഇതില്‍ അവതരിപ്പിക്കുന്നുണ്ട്.

ദയനീയമായ ജീവിതാവസ്ഥകളിൽ പെട്ടുപോകുന്ന സ്ത്രീകളാണ് ‘ഭൂമിയുടെ മകളെ’ ശ്രദ്ധേയമാക്കുന്നത്. സുനന്ദ, മേഴ്‌സി, ജയന്തി, രേണുക, ജയന്തിയുടെ മകൾ തുടങ്ങി നോവലിലെ മിക്ക സ്ത്രീ കഥാപാത്രങ്ങളും പല രീതിയിൽ പുരുഷ ചെയ്തികളാൽ മുറിവേറ്റവരാണ്. സ്ത്രീയോടുള്ള മാംസനിബദ്ധമായ പുരുഷകാഴ്ചകളെ ഈ കഥാപാത്രങ്ങളിലൂടെ ‘ആൺ എഴുത്തുകാരനാ’യ നോവലിസ്റ്റ് ലോകത്തോട് ഏറ്റുപറയുന്നു. ഇതിനോടുള്ള ശക്തമായ പ്രതിഷേധം കഥാപാത്രങ്ങളുടെ വളർച്ചയോടൊപ്പം ഉയർത്തിക്കൊണ്ട് വരാനും സദാ ശ്രമിക്കുന്നുണ്ട്.

”ദമ്പതികൾ മരിച്ചു
ആദ്യം ആ സ്ത്രീ
അവരുടെ പട്ടട കെട്ടടങ്ങുന്നതിനു മുൻപേ അയാളും” ഇങ്ങനെയാണ് നോവലിന്റെ തുടക്കം.

കേന്ദ്രകഥാപാത്രമായ സുനന്ദയുടെ മരണത്തോടെയാണ് നോവൽ ആരംഭിക്കുന്നത്. അത്രമേൽ ആത്മബന്ധമുള്ളവരെന്ന പോലെ പിറകെ ഭർത്താവ് മധുവും മരണപ്പെടുന്നു. വളരെ ലളിതമായി തുടങ്ങി ഏറെ സങ്കീർണ്ണതകളിലേക്കാണ് നോവൽ വളരുന്നത്.

”എനിക്ക് തോന്നുന്നത് പ്രേമിച്ച പുരുഷനോടായാലും ഒരു സ്ത്രീക്ക് കല്യാണം കഴിയുന്നത് വരെ ശാരീരികമായി ബന്ധപ്പെടുന്നത് ഇഷ്ടപ്പെടില്ലെന്നാണ്. ഒരു സ്ത്രീക്ക് അവളുടെ ശരീരം അത്ര പവിത്രമാണ്” എന്ന് പറയുന്നിടത്ത് നിന്ന് ചാരിത്ര്യവും പവിത്രതയും പാതിവ്രത്യവുമെല്ലാം സ്ത്രീ ശരീരങ്ങളിൽ മാത്രം കാണുന്ന കപടമായ പുരുഷ താത്പര്യങ്ങളെ വെല്ലുവിളിക്കാൻ തക്ക കരുത്തുള്ളവളായി സുനന്ദ വളരുന്നു.

ഭർത്താവിന്റെ പിടിപ്പുകേടുകൊണ്ട് വേശ്യാലയത്തിൽ അകപ്പെട്ട്  ജീവിതം തൊങ്ങലുകളും തൊലിയും ഉരിഞ്ഞു പോയ മുറിവുകളുടെ മരമാകുമ്പോൾ കാമ്പിലൂറുന്ന കരുത്താണ് സുനന്ദയെ മുന്നോട്ടു ചലിപ്പിക്കുന്നത്.

പിതൃഭരണ വ്യവസ്ഥക്കെതിരായ ഒരു സൈദ്ധാന്തിക പ്രക്ഷോഭമാണ് സ്ത്രീവാദപരമായ നിരൂപണം എന്ന വിർജീനിയ വൂൾഫിന്റെ നിരീക്ഷണത്തോട് ചേർന്നുനിന്നുകൊണ്ടുള്ള നിരന്തരമായ പ്രതിഷേധം നോവലിൽ കാണാമെങ്കിലും സ്ത്രീയെ ശക്തയും ധൈര്യമുള്ളവളുമാക്കണമെങ്കിൽ ആ ജീവിതത്തിനു പിന്നിൽ കുറെയേറെ ദുരനുഭവങ്ങൾ ഉണ്ടായിരിക്കണമെന്ന എഴുത്തിലെ നടപ്പുരീതി യാദൃശ്ചികമായിട്ടെങ്കിലും ഈ നോവലിലും കാണുന്നുണ്ട്.

ആധുനികവും ഉത്തരാധുനികവുമായ പെണ്ണെഴുത്തുകളിലും ഇതൊരു സ്ഥിരം കാഴ്ച്ചയാണ്. സാറാജോസഫിന്റെ ‘ആലാഹയുടെ  പെണ്മക്കളി’ലെ അമ്മാമ എന്ന കഥാപാത്രവും ശക്തമാകുന്നത് ഇത്തരം ബേസ്മെന്റിലൂടെയാണ്.

മലയാളത്തിലെ മിക്ക സിനിമകളിലും ‘കത്തിയെടുക്കുന്ന പെണ്ണ്’ ഉണ്ടാകുന്നത് സ്വയം പ്രതിരോധത്തിന്റെ ഭാഗമായി മാത്രമാണ്. ഒരു പക്ഷെ സമൂഹം ഇപ്പോഴും പുരുഷന് നൽകുന്ന ‘വ്യക്തി’ സ്ഥാനം സ്ത്രീക്ക് നൽകാൻ  തയ്യാറായിട്ടില്ലെന്ന ഓർമ്മപ്പെടുത്തൽ കൂടിയാവാം ഇത്. ‘മനുഷ്യന് ഒരാമുഖം’ എന്ന നോവൽ വായിച്ചു തീരുമ്പോൾ മനുഷ്യനിൽ സ്ത്രീയുടെ ഇടം എവിടെയാണ് എന്ന ചോദ്യം ബാക്കിയാവുന്നതും ഇതിന്റെ ഭാഗമാകാം.

വേശ്യാലയത്തിൽ നിന്ന് രക്ഷപ്പെട്ട് സുനന്ദ എത്തുന്നത് ‘നികുഞ്ജ’ത്തിലാണ്, ഒരുപക്ഷേ ഈ ലോകത്തിലെ മുഴുവൻ നല്ല മനുഷ്യരുടെയും നല്ല മനസ്സിൽ നിന്നുണ്ടായേക്കാവുന്ന നല്ല പ്രതീക്ഷയാണ് നികുഞ്ജം എന്ന് തോന്നിപ്പോകുന്നു. വളരെ സ്വച്ഛമായി ഒഴുകുന്ന ജീവിതങ്ങൾ. അഭയം എന്ന വാക്കിനെ അന്വർത്ഥമാക്കുന്ന ഇടമായി സുനന്ദയ്ക്ക് നികുഞ്ജം അനുഭവപ്പെടുന്നുണ്ട്.

ഈ ലോകം മുഴുവൻ നികുഞ്ജമായി പരിണമിക്കപ്പെടുന്ന ഒരു നാളെ വായനക്കാരിലും അല്പനേരത്തേക്കെങ്കിലും പ്രത്യാശ സൃഷ്ടിക്കുന്നു.

സ്വന്തം പിതാവിൽ നിന്നുണ്ടാകുന്ന ക്രൂരാനുഭവങ്ങൾ ആൻ മേഴ്സി ലോറ എന്ന ചിത്രകാരിയെ തുരത്തിയോടിച്ച് ലൈംഗികത്തൊഴിലാളി എന്ന വേഷത്തിലേക്കാണ് എത്തിക്കുന്നത്. സുനന്ദയെ രക്ഷപ്പെടുത്തി നികുഞ്ജത്തിലെത്തിക്കാനും സ്വയം രക്ഷപ്പെട്ട് ഒരു ബദൽ ജീവിതം നയിക്കാനും മാത്രം ശക്തയാണ് ആൻ മേഴ്സി ലോറ എന്ന കഥാപാത്രം. ജീവിതത്തെയും അതിന്റെ പരിസരങ്ങളെയും ദാർശനികാന്വേഷണങ്ങളിലൂടെ ഉരുവപ്പെട്ട ഒരു പശ്ചാത്തലത്തിലേക്ക് ബോധപൂർവ്വം മാറ്റിത്തീർക്കുന്ന മേഴ്സിയുടെ ജീവിതവും കാഴ്ചപ്പാടുകളും വായനക്കാരന്റെ കാഴ്ച്ചപ്പാടുകളേയും സ്വാധീനിച്ചേക്കാം.

നോവലിലെ ശ്രദ്ധേയമായ മറ്റൊരു കഥാപാത്രമാണ് ജയന്തി. സമൂഹത്തിന്റെ ജീർണ്ണതകൾക്കെതിരെ പ്രതിരോധിക്കാൻ ഭ്രാന്തെന്ന വലിയ ആയുധം കയ്യിലുള്ളവൾ. ഭ്രാന്ത് ധൈര്യമാണെന്ന് നോവലിസ്റ്റ് ഓർമ്മപ്പെടുത്തുന്നു. ”സനാഥയാവുകയല്ല സ്ത്രീയുടെ രക്ഷ, അവളുടെ നാഥൻ അവൾ തന്നെയാവുകയാണ്” എന്ന വിപ്ലവാത്മകമായ തിരിച്ചറിവ് ജയന്തിയിലൂടെ നോവൽ മുന്നോട്ടു വെക്കുന്നുണ്ട്.

വലിച്ചറിയപ്പെട്ട പെണ്ണുങ്ങളുടെ ശക്തിയിൽ ജീവിക്കുന്നവളാണ് ജയന്തി. സീത, ദമയന്തി, താത്രിക്കുട്ടി… ഇങ്ങനെ അറിഞ്ഞതും അറിയാത്തതുമായ ഒരുപാട് സ്ത്രീകളുടെ വേദനകൾ പകർന്നുകൊടുത്ത കരുത്താണ് ജയന്തിയെ ജീവിപ്പിക്കുന്നത്, വായനയുടെയും അറിവിന്റെയും പരന്ന ചിന്താബോധമുള്ളവളെങ്കിലും ഇടയ്ക്കിടെ സമനില നഷ്ടപ്പെടുന്ന ജയന്തിയെ സമൂഹം കല്ലെറിഞ്ഞുകൊല്ലുന്നത് വേദനയോടെയല്ലാതെ വായിച്ചുതീർക്കാൻ കഴിയില്ല.

നോവലിനുള്ളിലെ ജയന്തിയുടെ എഴുത്തുകളാണ് ‘ഭൂമിയുടെ മകളു’ടെ ആത്മാവ്.

ജയന്തിയുടെ നോവലിലൂടെ ഇതിഹാസ കഥാപാത്രമായ സീതയെ പുനഃസൃഷ്ടിക്കുകയാണ് സുധീശ് രാഘവൻ. പുരാണ കഥാപാത്രങ്ങളെ അപനിർമ്മിക്കുന്നതിലൂടെ പാരമ്പര്യം നിർമ്മിച്ചു വെച്ചിരിക്കുന്ന ബിംബങ്ങളിലെ ആൺകോയ്മയിൽ ഉറച്ചുപോയ അഭംഗികളെ കൊത്തിക്കളഞ്ഞും തിരസ്കരിക്കപ്പെട്ട പെൺയാഥാർഥ്യങ്ങളെ കൂട്ടിച്ചേര്‍ത്തും മാനവികതയുടെ മനോഹാരിതയിലേക്ക് തെളിച്ചപ്പെടുത്തുകയാണ് നോവലിസ്റ്റ് ചെയ്യുന്നത്.

”അധികാരത്തിന്റെ അന്തഃപുരത്തിലെ നല്ലവളായ സീതയെ വിമോചിപ്പിച്ച് ജനങ്ങൾക്കൊപ്പം നിൽക്കുന്ന ഒരു റിബൽ സീതയെ ആയിരുന്നു എന്റെ കാലത്തിന് ആവശ്യം” എന്ന് പറയുന്നതിലൂടെ സീതാ പുനഃസൃഷ്ടിയുടെ ഉദ്ദേശ്യം നോവലിസ്റ്റ് വ്യക്തമാക്കുന്നു.

കുമാരനാശാന്റെ സീത ചിന്തകളിൽ മാത്രം രാമനെ കുറ്റപ്പെടുത്തുമ്പോൾ, സുധീശ് രാഘവന്റെ സീത ചിന്തയിൽ നിന്നുണർന്ന് നാടും നഗരവും അറിഞ്ഞവളായി രാമന്റെ ചെയ്തികളെ, അതിലൂടെ പുരുഷലോകത്തിന്റെ മുഴുവൻ ചെയ്തികളെ അതിരൂക്ഷമായി വിമർശിക്കുന്ന പുതിയ കാലത്തിന്റെ പെണ്ണാണ്.

നാഗരിക പരിഷ്‌കാരം തങ്ങളുടെ അധികാര ഗർവ്വിനെ കാടിന്റെ മക്കളുടെ ഇടങ്ങളിലേക്ക് ആക്രമണോത്സുകതയോടെ വ്യാപിപ്പിക്കുന്നത് രത്തന്റെ കഥയിലൂടെ സൂചിപ്പിക്കുക വഴി ആധുനിക മുതലാളിത്തത്തിന്റെ അധികാര അധിനിവേശ രാഷ്ട്രീയം കൂടി നോവൽ ചർച്ച ചെയ്യുന്നു.

വലിയ വാചാടോപങ്ങളൊന്നുമില്ലാതെ നേരിട്ട് കഥയിലേക്ക് പ്രവേശിക്കുന്ന നോവൽ സങ്കീർണ്ണങ്ങളായ ജീവിതപശ്ചാത്തലങ്ങളിലേക്കാണ് വായനക്കാരെ കൂട്ടിക്കൊണ്ട് പോകുന്നത്.

ആൺ-പെൺ മനസ്സുകളെ നിലനിൽക്കുന്ന ഋണാത്മകമായ വ്യവസ്ഥകളിൽ നിന്നും ഒട്ടൊന്നു വേറിട്ട് ചിന്തിപ്പിക്കാൻ നോവലിന് സാധിക്കുക തന്നെ ചെയ്യും.

മനുഷ്യജീവിതത്തിന്റെ വാസ്തവികതകളുടെ ആഴത്തിലൂടെയുള്ള സഞ്ചാരങ്ങൾക്കൊപ്പം കാലത്തിന്റെ സാംസ്കാരികവും സാമൂഹികവുമായ ഏറ്റക്കുറച്ചിലുകളിലേക്ക് നൈതികതയുടെ ചൂണ്ടുവിരൽ അത് നീട്ടുകയും ചെയ്യുന്നു.

വായിച്ചുതീരുമ്പോൾ പെണ്ണിന് പെണ്ണിന്റേതും ആണിന് ആണിന്റേതുമായ സത്യസന്ധമായ ഇടം നൽകാൻ വായനക്കാരെ പ്രേരിപ്പിക്കുന്ന ഒരു കൃതിയാണ് ‘ഭൂമിയുടെ മകൾ’ എന്നതിൽ തർക്കമില്ല.

[സുധീശ് രാഘവന്‍:  ഇലകമൺ യു.പി സ്‌കൂളിൽ പ്രധാനാധ്യാപകനായിരുന്നു. ഇപ്പോൾ ബഹ്‌റൈനിൽ. ഭൂതക്കാഴ്ചകൾ എന്ന നോവലിന് അറ്റ്ലസ് കൈരളി സാഹിത്യ പുരസ്കാരവും പ്രവാസി സാഹിത്യ പുരസ്കാരവും ലഭിച്ചു]
ഷക്കീല ഹബ്റൂഷ്

ഷക്കീല ഹബ്റൂഷ്

അൽ ജാമിയ ആർട്സ് & സയൻസ് കോളേജിൽ മലയാളം അസിസ്റ്റന്റ് പ്രൊഫസർ ആയിരുന്നു. ഇപ്പോൾ ബഹ്‌റൈനിൽ താമസം

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍