UPDATES

വായന/സംസ്കാരം

ഗോവയില്‍ ബ്രാഹ്മണര്‍ക്കെതിരെ കവിത എഴുതിയാല്‍ പോലീസ് കേസ്; പുരസ്കാരവും റദ്ദാക്കി

കവിയും ബിജെപിയുടെ മുന്‍ എം.എല്‍.എയും സനാതന്‍ സന്‍സ്തയുടെ വിമര്‍ശകനുമാണ് വാഗ്

കൊങ്കിണി ഭാഷയിലെഴുതിയ കവിതയില്‍ ബ്രാഹ്മണ സമൂഹത്തെ അപമാനിച്ചു എന്നാരോപിച്ച് പിന്നോക്ക വിഭാഗക്കാരനും ബി.ജെ.പി മുന്‍ എം.എല്‍.എയുമായ കവിക്കും പ്രസാധകര്‍ക്കുമെതിരെ ഗോവയില്‍ കേസെടുത്തു. കവിതയിലെ പരാമര്‍ശങ്ങളെ ചൊല്ലി ഗോവയില്‍ ഏറെ സ്വാധീനമുള്ള ഗൗഡ സ്വാരസ്വത ബ്രാഹ്മണ സമൂഹവും ജനസംഖ്യയില്‍ കൂടുതലുള്ള പിന്നോക്കക്കാരും തമ്മില്‍ കടുത്ത ജാതി സംഘര്‍ഷം നിലനില്‍ക്കുന്നതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊങ്കിണി നാട്ടുമൊഴിയില്‍ നാലു വര്‍ഷ മുമ്പ് പ്രസിദ്ധീകരിച്ച വിഷ്ണു സൂര്യ വാഗിന്റെ സുധീര്‍സൂക്ത്-ശൂദ്രരരുടെ സങ്കീര്‍ത്തനം എന്ന കവിതാ സമാഹരത്തെ ചൊല്ലിയാണ് ഗോവന്‍ സമൂഹം രണ്ടായി തിരിഞ്ഞിരിക്കുന്നത്. ഗോവ കൊങ്കിണി അക്കാദമി അവാര്‍ഡിന്റെ കവിതാ വിഭാഗത്തിലെ ജേതാവായി വാഗിന്റെ കവിതാ സമാഹാരം തെരഞ്ഞെടുത്തു എന്ന് അവാര്‍ഡ് വിവരം പുറത്തു വരുന്നതിനു മുമ്പ് ജൂറി അംഗമായിരുന്ന സഞ്ജീവ് വെറേങ്കര്‍ ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ കൂടി പുറത്തു വിടുന്നതോടെയാണ് പ്രശ്‌നം ആരംഭിക്കുന്നത്. ഇത്തരം സാമുദായിക വികാരം നിറഞ്ഞു നില്‍ക്കുന്ന ഒരു പുസ്തകം പുരസ്‌കാരം നേടാന്‍ തന്റെ ആചാര വിശ്വാസങ്ങള്‍ അനുവദിക്കില്ല എന്നാണ് വെറേങ്കര്‍ പറഞ്ഞത്.

വെറേങ്കര്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞത്: മുഴുവന്‍ തെറിവാക്കുകളും അശ്ലീലവും അധിക്ഷേപങ്ങളും നിറഞ്ഞതാണ് ആ കവിത. തന്റെ 58 വര്‍ഷത്തിനിടയില്‍ ഇത്തരമൊരു സാഹിത്യം വായിച്ചിട്ടില്ല എന്നും അദ്ദേഹം പറയുന്നു. എന്തുകൊണ്ട് കവിതയെ താന്‍ എതിര്‍ക്കുന്നു എന്ന് പറഞ്ഞുകൊണ്ട് മൂന്നു പേജു വരുന്ന കത്ത് അദ്ദേഹം സംസ്ഥാന സര്‍ക്കാരിന് എഴുതിയിരുന്നു. അതില്‍ ഇങ്ങനെ പറയുന്നു: “ഒരു കപ്പ് ശുദ്ധമായ പാല്‍ മോശമാകാന്‍ ഒരു തുള്ളി സൈനൈഡ് മതി. വാഗയുടെ മുഴുവന്‍ കവിതകളും ബ്രാഹ്മണര്‍ക്ക് എതിരാണ്. ഇപ്പോള്‍ അവര്‍ക്കെതിരെ എഴുതേണ്ട കാര്യമെന്താണ്? വാഗ പറയുന്ന അടിച്ചമര്‍ത്തല്‍ 200 വര്‍ഷം മുമ്പ് നടന്നതാണ്. സമൂഹം അവിടെ നിന്ന് മുന്നോട്ടു പോയിരിക്കുന്നു. അത് സ്വകാര്യമായി എഴുതാം. എന്നാല്‍ ജൂറി അംഗമെന്ന നിലയില്‍ അത് അനുവദിക്കില്ല. ഇപ്പോഴത്തെ സംസ്ഥാന സര്‍ക്കാരും ഇത്തരമൊരു കാര്യം അംഗീകരിക്കില്ല. ഉന്നത ജാതിക്കാര്‍ക്കെതിരെ കുറഞ്ഞത് 40 മോശം വാക്കുകളെങ്കിലും ഞാന്‍ അതില്‍ എണ്ണി. ഇതെങ്ങനെ സ്‌കൂളില്‍ പഠിപ്പിക്കും?”.

വിവാദം ഉടലെടുത്തതോടെ പുരസ്‌കാരം പ്രഖ്യാപിക്കുന്നത് സര്‍ക്കാര്‍ റദ്ദാക്കി. ഇതിനു പിന്നാലെ ഗോവന്‍ പോലീസ് വാഗയ്ക്കും പ്രസാധകരായ അപുര്‍ഭായി പ്രകാശന്‍ പബ്ലിക്കേഷന്‍സിനുമെതിരെ സി.ആര്‍.പി.സിയുടെ വിവിധ വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു. സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നു എന്നാരോപിച്ച് പൊതുപ്രവര്‍ത്തകയായ ഔദ വിയേഗാസ് നല്‍കിയ പരാതിയില്‍ ഈ വകുപ്പുകള്‍ ചുമത്തിയും പോലീസ് കേസെടുത്തിട്ടുണ്ട്. തങ്ങള്‍ കവിതകള്‍ വായിച്ചെന്നും അത് അത്ര നല്ല ‘ടേസ്റ്റി’ലല്ല എഴുതപ്പെട്ടിട്ടുള്ളതെന്നും തങ്ങള്‍ക്ക് മനസിലായതായി കേസ് അന്വേഷിക്കുന്ന സുധേഷ് ആര്‍ നായിക്കിനെ ഉദ്ധരിച്ച് എക്‌സ്പ്രസ് റിപ്പോര്‍ട്ട് പറയുന്നു. പരാതി കിട്ടിയെങ്കിലും കവിത വായിച്ച് ബോധ്യപ്പെട്ടതിനു ശേഷമാണ് തങ്ങള്‍ കേസെടുത്തതെന്ന് പോലീസ് പറഞ്ഞത് എന്നും ഇപ്പോള്‍ കവിതയില്‍ ഉപയോഗിച്ചിരിക്കുന്ന വാക്കുകളില്‍ അശ്ലീലമുണ്ടോ എന്ന് വിദഗ്ധരുടെ ഉപദേശം തേടുകയാണ് ഗോവ പോലീസ് എന്നും റിപ്പോര്‍ട്ട് പറയുന്നു.

ജാതി വ്യവസ്ഥയുടെ അടിച്ചമര്‍ത്തലിനെതിരെയും ഗോവയില്‍ ശക്തമായ സാന്നിധ്യമുള്ള തീവ്ര ഹിന്ദുത്വ ഗ്രൂപ്പായ സനാതന്‍ സന്‍സ്തയ്‌ക്കെതിരെയും നിലപാട് എടുത്തിട്ടുള്ളയാണ് വാഗ. ഹൃദയാഘാതത്തെ തുടര്‍ന്നുണ്ടായ Cerebral hypoxia ബാധിച്ച് അനങ്ങാന്‍ വയ്യാത്ത അവസ്ഥയിലാണ് വാഗ ഇപ്പോള്‍. വാഗയ്ക്കു വേണ്ടി സംസാരിച്ച പ്രസാധകയും സാഹിത്യ അക്കാദമി ജേതാവുമായ ഹേമ നായിക്ക് ഇങ്ങനെ പറയുന്നു: “ഈ വിഷയത്തില്‍ ധാരാളം അന്വേഷണം വരുന്നുണ്ട്. പുസ്തകത്തിന്റെ ആദ്യ പതിപ്പ് 500 കോപ്പി അച്ചടിച്ചത് അപ്പോള്‍ തന്നെ വിറ്റു പോയിരുന്നു. നിങ്ങള്‍ക്ക് വേണമെങ്കില്‍ വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുക്കാം. എന്നാല്‍ ആ സമാഹാരത്തിലെ 61 കവിതകളും വായിക്കാതെ ഏതെങ്കിലും ഒരുകവിതയിലെ ഏതാനും ഭാഗങ്ങള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തി മാറ്റിയാണോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത്? എഴുത്തുകാരന് അയാള്‍ ജീവിക്കുന്ന സമൂഹത്തില്‍ നിന്ന് ലഭിക്കുന്ന കാര്യങ്ങള്‍ അയാളുടെ ഭാഷയിലാണ് എഴുതുന്നത്. ഈ കവിതകള്‍ പ്രധാനമായും ജാതി വിവേചനങ്ങളെ മുന്‍ നിര്‍ത്തിയാണ് സംസാരിക്കുന്നത്. അത്തരം കാര്യങ്ങള്‍ പറയാന്‍ എഴുത്തുകാരെ അനുവദിക്കുകയാണ് വേണ്ടത്. സ്ത്രീകളെ അപമാനിക്കുന്ന പദപ്രയോഗങ്ങള്‍ എന്നു കാട്ടി അതിനെതിരെയും കേസെടുത്തിരിക്കുന്നത് ഈ ഡിബേറ്റിനെ ചുരുക്കാനേ ഉപകരിക്കൂ”. ഈ സമാഹാരം പ്രസിദ്ധീകരിക്കുന്നത് പരീക്കര്‍ ഉത്ഘാടനം ചെയ്ത ചടങ്ങിലാണെന്നും അന്ന് പ്രശ്‌നമൊന്നും ഉണ്ടായിട്ടില്ലെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.

പിന്നോക്കക്കാരുടെ വീക്ഷണത്തിലൂടെ ഇത്തരം കാര്യങ്ങളെ കാണാനാണ് വാഗ ശ്രമിച്ചിട്ടുള്ളതെന്ന് അദ്ദേഹത്തിന്റെ മരുമകന്‍ പറയുന്നു. “ഭൂമിയോ, സംസ്‌കാരമോ ഭാഷയോ എന്തുമാകട്ടെ, പിന്നോക്കക്കാരുടേത് അവര്‍ക്ക് അന്യാധീനപ്പെടുകയും അത് മറ്റുള്ളവര്‍ സ്വന്തമാക്കുകയുമാണ് ചെയ്തിട്ടുള്ളത്. എങ്ങനെയാണ് ഗോവ മത സ്ഥാപനങ്ങളുടെ സ്വകാര്യ സ്വത്തായി വിഭജിക്കപ്പെട്ടിട്ടുള്ളതെന്ന് അദ്ദേഹം പല കവിതകളിലും ചൂണ്ടിക്കാട്ടുന്നുണ്ട്. അതിനൊപ്പം, ഉന്നത ജാതിക്കാര്‍ ക്ഷേത്രങ്ങള്‍ സ്വന്തമാക്കുകയും ശ്രീകോവിലിലേക്ക് മറ്റുള്ളവര്‍ക്ക് പ്രവേശനം നിഷേധിക്കുകയും ചെയ്തിട്ടുണ്ട്. ഗോവയില്‍ പിന്നോക്കക്കാര്‍ക്ക് ഇപ്പോഴും ക്ഷേത്രങ്ങളില്‍ പ്രവേശനമില്ല. ഇക്കാര്യങ്ങള്‍ തുറന്നു പറയുകയാണ് അദ്ദേഹം കവിതകളിലൂടെ ചെയ്തത്.”

സാഹിത്യ അക്കാദമി ജേതാവും പ്രസിദ്ധനായ കൊങ്കിണി എഴുത്തുകാരനുമായ ദാമോദര്‍ മൗസോയും വാഗയ്‌ക്കെതിരെയുള്ള നടപടിയെ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. ഇത്തരം ഭാഷയില്‍ എഴുതരുതെന്ന് പറയാന്‍ ആര്‍ക്കും അവകാശമില്ലെന്നും അദ്ദേഹം എഴുതിയത് കൊങ്കിണി സംസാരിക്കുന്ന വലിയൊരു ജനസമൂഹത്തിന്റെ ഭാഷയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. വാഗ ഉപയോഗിച്ചിരിക്കുന്ന കൊങ്കിണിയുടെ വകഭേദമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ചൂണ്ടിക്കാട്ടുന്നവരുമുണ്ട്. ഹിന്ദു സാരസ്വത വിഭാഗത്തിന്റെ ‘പരിഷ്‌കൃത കൊങ്കിണി’യും ഗോവയിലെ കാത്തലിക് വിഭാഗം സംസാരിക്കുന്ന റോമന്‍ വകഭേദവും ഉപയോഗിക്കാതെ ‘പിന്നോക്ക കൊങ്കിണി’ ഉപയോഗിച്ചതാണ് വാഗയ്‌ക്കെതിരെ ഉന്നതജാതിക്കാരുടെ എതിര്‍പ്പിന് കാരണമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഉന്നതജാതിക്കാരുടെ ഭാഷാഭേദത്തിന് മുകളിലായി പിന്നോക്കക്കാരന്റെ ഭാഷയ്ക്ക് ബഹുമതി കൊടുക്കാന്‍ ഒരു സര്‍ക്കാര്‍ സംവിധാനം തീരുമാനിച്ചതാണ് ഇത് രാഷ്ട്രീയ വിഷയമായി മാറിയതെന്ന് മൗസോയും ചൂണ്ടിക്കാട്ടുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍