UPDATES

വായന/സംസ്കാരം

പ്രഭോ, പരാജിത നിലയില്‍; മലയാള കവിതയുടെ പെണ്‍വഴിയിലെ പിന്തുടര്‍ച്ചക്കാരി ചിത്തിരയെ ശ്രദ്ധയോടെ വായിക്കുമ്പോള്‍

ചിത്തിരയുടെ പ്രഭോ, പരാജിത നിലയില്‍ എന്ന ഈയിടെ പുറത്തിറങ്ങിയ കവിതാ സമാഹാരത്തിനെഴുതിയ അവതാരിക

പതുക്കെ കേഴുന്നൊരു പ്രാണനാണ് ചിത്തിര. ഇലത്തുമ്പില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ഒരു പ്രാണിയുടെ പ്രാണനെ തന്നോളം തന്നെ സാരമായിട്ടെടുക്കുന്ന, അല്ലെങ്കില്‍ അതിനുള്ള നിസ്സാരത തന്നെ തനിക്കും മതിയെന്നു വെക്കുന്നൊരു മനുഷ്യത്തി. എഴുതിയ കവിതകളേക്കാള്‍ നട്ട മരങ്ങളാണ് അവള്‍. രൂപകങ്ങളായോ നേരിട്ടോ ഈ പുസ്തകം നിറയെ, കവിതകളിലൊന്നൊഴിയാതെ എന്നു പറയാവുന്ന വിധം മരങ്ങളുണ്ട്. അതു പോലെ ഏതാണ്ടെല്ലാ കവിതകളിലും പ്രത്യക്ഷമാണ് ശരീരവും. മിക്കപ്പോഴും രണ്ടുമൊരുമിച്ച്, മനുഷ്യശരീരവും മരശരീരവും നിരന്തരം പ്രത്യക്ഷമാകുന്നു, നടക്കുന്ന വഴികളിലതൊരു യാദൃച്ഛികതയല്ല, എഴുതുന്ന വഴികളില്‍ അതത്ര പരിചിതവുമല്ല. അഥവാ വഴിനടത്തങ്ങള്‍ പോലെ എഴുതപ്പെട്ടവയാണ് ഈ കവിതകള്‍ എന്നതിന്റെ സൂചന തരുന്നു അത്. വായിച്ചു കൊണ്ടിരിക്കേയാണ് ഞാനുമതോര്‍ത്തത്. മനുഷ്യശരീരവും മരശരീരവും നമുക്ക്/നമ്മുടെ ഭാഷക്ക് തടിയാണ്. മനുഷ്യരുടെ ആയാലും മരങ്ങളുടെ ആയാലും ശരീരത്തിനു പൊതുവായുള്ള വാക്കാണ് തടി. മരങ്ങള്‍ അവരുടെ തടി മാത്രമല്ലെന്നും മനുഷ്യരും അവരുടെ തടി മാത്രമല്ലെന്നുമുള്ള ഉറപ്പാണത്. മനുഷ്യരെയും മരങ്ങളെയും പ്രകൃതി ഗാത്രങ്ങളോരോന്നിനെയും തടിമില്ലുകള്‍ കണക്കേ സൈസാക്കിയെടുക്കുന്ന കാലമാണ് ഈ കവിതകളുടെ കാലം. തടിമില്ലുകളുടെ പ്രവൃത്തി സമയമാണിത്. ഈര്‍ച്ചവാളുകളും പുരുഷ ലിംഗങ്ങളും പരസ്പരം രൂപകങ്ങളാകുന്ന കാലം. ഈ കവിതകളുടെ രാഷ്ട്രീയവും സാമൂഹികവുമായ ഉള്ളടക്കം ഈ കാലത്തെഴുതപ്പെട്ടു എന്നതു തന്നെ. മനുഷ്യരുടെ ശരീരങ്ങളെ ആയാലും മരങ്ങളുടെ ശരീരങ്ങളെ ആയാലും അവ വാഴുന്ന പ്രകൃതിയുടെ ഗാഢഗാത്രങ്ങളെ ആയാലും കൊത്തി നുറുക്കി ആവശ്യാനുസരണം ഭോഗിക്കുന്ന ഈ കാലത്തെ തടിമില്ലുകള്‍ ആഞ്ഞു പ്രവര്‍ത്തിക്കുന്ന സമയമായി ഈ കവിതകളില്‍ തിരിച്ചറിയുന്നു. എവിടെയും എല്ലാവരും തടിമില്ലുകള്‍ തുറന്നു കൊണ്ടിരിക്കുന്നു. പ്രണയം മുതല്‍ രാഷ്ട്രീയം വരെ, ഭോജനം മുതല്‍ ഭജന വരെ അതിന്റെ ചെലവു വഹിക്കുന്നു. മനുഷ്യരുടെ ശരീരങ്ങളും പ്രകൃതിയുടെ ശരീരങ്ങളും കൊത്തി നുറുക്കപ്പെടുന്ന, ഉപയോഗത്തിനായാലും ഉപഭോഗത്തിനായാലും യഥേഷ്ടം ഹോമിക്കപ്പെടുന്ന കാലത്തിനെതിരെയുള്ള പ്രാണന്റെ പിടച്ചിലും പിടിച്ചു നില്‍പുമാണ് കവിതയുടെ ഇപ്പോള്‍. വീണിതല്ലോ കിടക്കുന്ന ധരണിക്ക് എഴുന്നേറ്റു നില്‍ക്കാന്‍ ഒരു പിടുത്തം വേണം, വീണവള്‍ക്ക് എഴുന്നു നില്‍ക്കാനുള്ള കരം. വീഴാതിരിക്കാനുള്ള കൈപ്പിടി. ഇതൊരു പുതിയ ആശയമൊന്നുമല്ല. ഈര്‍ച്ചക്കമ്പനിയായ് മാറി ഋഷിവാണ തപോവനമെന്നത് മഹാകവി കാലേക്കൂട്ടി പറഞ്ഞതാണ്.

‘അടിവയറ്റില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ളൊരു കാവുണ്ട്
അവിടെയാരും അന്തിത്തിരി കൊളുത്താറില്ല
അതിനകം കണ്ടവരാരുമില്ല
അവിടെ പൂത്തും പിണഞ്ഞും പടര്‍ന്നും വളര്‍ന്ന വന്മരങ്ങളുണ്ട്,
പാല പുന്ന ചെമ്പകം ഇലവംഗം
ഇലഞ്ഞി കരിമ്പന മരോട്ടി
ആല്‍ മഞ്ചാടി കാഞ്ഞിരം
വേപ്പ് കൂവളം ഞാവല്‍…
തലപ്പു തൊട്ടിട്ടില്ല കാറ്റു പോലുമിന്നേവരെ.’
(ഉടല്‍ പൂത്തു മലര്‍ന്ന നാള്‍)

മനുഷ്യരായ നാം ശരീരങ്ങളില്‍ വസിക്കുന്ന പോലെ മരങ്ങളായ അവരുടെ എന്തോ ഒന്ന് തടികളില്‍ വസിക്കുന്നുണ്ട്, അവരങ്ങനെ സചേതനങ്ങള്‍ എന്നതിനുപരി സഹചരങ്ങളും സഹോദരങ്ങളുമായി ഈ കവിതകളില്‍ സന്നിഹിതരാകുന്നു. മരത്തിലെ പൊത്തിനും വയറ്റിലെ പൊക്കിളിനും പോട് എന്നുണ്ട് മലയാളവാക്ക്. വാക്കുകളുടെ ഈ പൊക്കിള്‍കൊടി ബന്ധങ്ങളിലുണ്ട് ചരാചരങ്ങളെ ഒന്നിച്ചു കാണുന്ന നോട്ടം, ഒന്നിച്ചു കാണുമ്പോഴേ ജീവന്റെ ലക്ഷണമായ ചലനം ദൃശ്യമാകൂ. ജീവനെ അടിവയറ്റില്‍ ഒളിപ്പിച്ചു വളര്‍ത്താന്‍ സ്ത്രീ തന്നെ വേണം. വന്നു വീഴുന്ന തീപ്പൊരികള്‍ക്ക് ആളിക്കത്താന്‍ ഇടം കൊടുക്കുന്ന ഒരു മുഴുവന്‍ കാടായി സ്വയം നിര്‍വചിക്കുന്നുണ്ട് ചിത്തിര. വസന്തത്തെയാണ് അവള്‍ വഹിക്കുന്നത്. പൊട്ടിയൊഴുകുന്ന ലഹരിച്ചാലുകളുള്ള കാട്ടു ഞരമ്പുറവകളും നാഗങ്ങളെ അരഞ്ഞാണങ്ങളായി ധരിച്ച ശരീരവും അവള്‍ക്കുണ്ട്. അവസാനിക്കാത്ത ആലിംഗനമായി പച്ചയെ അവള്‍ വിതാനിക്കുന്നു. അവളുടെ ദേഹമാകെ അടക്കിവച്ച വീര്‍പ്പുമുട്ടലുകളാണ്. അവളുടെ വിശപ്പോ ദാഹമോ ശമിക്കുന്നതല്ല. ഈ അവനവന്റെ യാഥാര്‍ത്ഥ്യങ്ങള്‍ക്കെല്ലാം മീതെയാണ് തീവെയിലുകളുടെ വീഴ്ച. വേനലുകളാണ് അവളെ വാഴുന്നത്. അപ്പോഴും കവിതയുടെ കരം ഗ്രഹിച്ചതിനാല്‍ അവള്‍ക്കു കത്തുന്ന സൂര്യനെ ദിനവും കായ്ക്കുന്നൊരു കനി പോലെ സ്‌നേഹിക്കാനാകുന്നു. അതിന്റെ തൊട്ടാല്‍ പൊള്ളുന്ന ചൂടിനെ പ്രണമിക്കുന്നു. തഴച്ചു പൊങ്ങാന്‍ മാത്രമേ മഴ വേണ്ടൂ, പിടിച്ചു നില്‍ക്കാന്‍ അവള്‍ക്കു വേനലും മതി. അടിവയറ്റില്‍ ഭൂമിയെ തന്നെ ഭ്രൂണമാക്കി സൂക്ഷിക്കാനുള്ള കരുണയും കരുതലും അവള്‍ക്കുണ്ട്.

"</p

മലയാള കവിതയുടെ പെണ്‍വഴിയില്‍ ബാലാമണി അമ്മ തൊട്ടു സുഗതകുമാരി തുടങ്ങി വിജയലക്ഷ്മിയും വി.എം ഗിരിജയും അനിത തമ്പിയും എഴുതിത്താണ്ടിയ വഴിയില്‍ ചിത്തിരയെ കാണാം. അടിവയര്‍ പിടഞ്ഞു കൊണ്ട് പ്രിയപ്പെട്ടവയെ പ്രണയത്തിലൊളിപ്പിച്ചു പോറ്റുന്ന വാക്കുകള്‍ ഏറെ എഴുതിയത് അവസാനം പറഞ്ഞവരാണ്. പി.യെ കഴിഞ്ഞാല്‍ പ്രകൃതി നര്‍ത്തകനെ പോലെ പ്രത്യക്ഷപ്പെട്ടത് ഗിരിജ എഴുതുമ്പോഴാണെന്ന് ഒരിക്കല്‍ അനിത തമ്പി എടുത്തു പറഞ്ഞതും ഓര്‍ക്കുന്നു. എന്റെ ശരീരം വഴക്കം വന്നൊരു നായ്കുട്ടിയാണ്,/അതെന്നെ തുടര്‍ച്ചയായ് വിശ്വസിക്കുന്ന ഒരേയൊരു വസ്തുവാണെന്ന് ചിത്തിര എന്റെ ശരീരം എന്ന കവിതയില്‍. ഞാന്‍ മൃഗമാണെങ്കിലും അരുതിനി/കൂട്ടില്‍ കുടുങ്ങിക്കിടക്കുവാനെന്ന് വിജയലക്ഷ്മി മുമ്പൊരിക്കല്‍. അവനൊരു കന്മതിലും ഞാനൊരു മുക്കുറ്റിച്ചെടിയുമാകുന്നു/പൊടുന്നനെ അവനൊരു പൊത്തോ മാളമോ ആയി രൂപാന്തരപ്പെടുന്നു/ഞാന്‍ അതിനുള്ളിലേക്ക് എന്റെ ഉടലിനെ ഒതുക്കി വെക്കുന്നു എന്നു ചിത്തിര. അതേ ഒതുക്കല്‍ ഇല മണ്ണ് വെള്ളം വിയര്‍പ്പ് വെയില്‍ നിലാവെല്ലാം പരക്കുന്ന മാറിടത്തിലെന്ന് ഇതുപതു വര്‍ഷങ്ങള്‍ മുന്നേ ഗിരിജ. ഓരോ വറ്റില്‍ നിന്നും നീരു വലിഞ്ഞു തുടങ്ങി/ തിളച്ചു നുരഞ്ഞിരുന്നതെല്ലാം തിങ്ങി വാര്‍ന്നു തുടങ്ങിയെന്ന് അനിത. ഈ അടുക്കളയില്‍ നിന്ന് ചിത്തിരയുടെ കിടപ്പു മുറിയിലേക്ക് ഏറെയില്ലല്ലോ ദൂരം. ഓടപ്പൂക്കള്‍ കീഴ്ക്കാംതൂക്കായ് വിരിഞ്ഞു നില്‍ക്കുന്ന ഒരു കിടപ്പുമുറിത്തോട്ടം. എന്തു പറയുന്നു..? ഇന്നവിടെ ഉറങ്ങിയാലോ..നക്ഷത്രങ്ങള്‍ക്കു വീണു കെട്ടുപോകാന്‍ നെഞ്ചില്‍ സ്‌നേഹത്തിന്റെ കുളം കുഴിക്ക്, ചെമ്പരത്തികളോളം ചുവന്ന പ്രണയം കൊണ്ടെനിക്ക് വേലികെട്ടെന്ന് ചിത്തിര.

പ്രണയിക്കുന്നു എന്നതിനേക്കാള്‍ ലജ്ജയായിരുന്നു പ്രണയത്തെ പറ്റി പറയുന്നത്. എഴുതുമ്പോഴാകട്ടെ അതൊരു കുറ്റം പോലെ വളര്‍ച്ച പ്രാപിച്ചു. പ്രണയത്തെ കുറിച്ചുള്ള ലജ്ജകളുടെ കയ്യൊഴിയലാണ് പുതിയ കവിതയിലുണ്ടായത്. പ്രണയമോ നഗ്‌നത തന്നെയോ നിരത്തില്‍ രസിക്കുന്ന വായനക്കാര്‍ പോലും എഴുത്തില്‍ അവയെ ഭര്‍ത്സിച്ചു. ശരീരത്തെ മറക്കുടക്കു പുറത്തു കണ്ടാല്‍ അതു വലിയ അപരാധമായതിനേക്കാള്‍ എഴുത്തില്‍ അതവിഹിതമായി. ഈ കെട്ടുകളൊന്നും പവിത്രങ്ങളെല്ലെന്നും അവയൊക്കെ അഴിച്ചാല്‍ അഴിയുന്ന കുരുക്കുകളായിരുന്നു എന്നും എഴുത്തുകാരികള്‍ക്ക് തിരിച്ചറിവു വന്നു. നമ്മുടെ സാമൂഹികക്രമങ്ങളെ പുരോഗനമ ചിന്തകളും എഴുത്തിനെ ആധുനികതയും ഗ്രസിച്ചത് അതിനു പ്രത്യക്ഷ ഹേതുവായി. പെണ്ണ് അവളുടെ പ്രണയത്തെ ശരീരം കൊണ്ടും എഴുതാവുന്ന അനുഭവമാക്കി. അതൊരു ഇണചേരലിനുള്ള ക്ഷണമല്ലെന്നും അവര്‍ തെളിയിച്ചു. പില്‍ക്കാലത്തു രതി തന്നെയും ശരീരങ്ങളുടെ മാത്രം കളിയോ കാര്യമോ അല്ലാതായി. ശരീരത്തിന്റെ സ്ഥലപരിമിതിയെ മറികടന്നതും അവളാണ്. അവള്‍ എഴുതി തുടങ്ങിയപ്പോള്‍ തന്നെ അവളവളുടെ ശരീരത്തെയും കാമനകളെയും പ്രണയങ്ങളെയും ലോകസമക്ഷം പ്രഖ്യാപിച്ചുകൊണ്ടേയിരുന്നു.

ഈ മുന്നോട്ടുള്ള യാത്രക്ക് അതിന്റെ ചില ആവേശങ്ങളെ സ്വീകരിക്കേണ്ടി വന്നു. ചിലതു തിരസ്‌കരിക്കേണ്ടിയും വന്നു. പൊതുബോധത്തിലും ഭാഷയിലും സംസ്‌കാരത്തിലും നിറഞ്ഞുനില്‍ക്കുന്ന ആണ്‍കോയ്മയോടു പിണങ്ങി. ആ കോയ്മയുടെ തന്നെ പ്രതിബോധ സ്വരൂപങ്ങള്‍ സ്വീകരിച്ചായിരുന്നു വിടുതല്‍. സമാന്തരമായ ഭാഷയും മനസ്സും ഭാവുകത്വവും പടനിലങ്ങള്‍ പോലെ ഉയര്‍ന്നു വന്നു. അവ ഉചിതങ്ങളായ പേരുകളില്‍ സ്വയം പരിചയപ്പെടുത്തി. ആണ്‍ നോട്ടങ്ങളിലും മൊഴികളിലും ഉറച്ചുപോയ സ്ത്രീസ്വത്വത്തെയും അതിന്റെ രൂപകങ്ങളെയും വിമോചിപ്പിക്കാന്‍ ശരീര ഭൂപടം മാറ്റി വരക്കപ്പെട്ടു. ചില കീറിമുറിക്കലുകള്‍ അതിനു വേണ്ടി വന്നു. വീടാംകൂടിനെതിരെയൊരു സംഹാരബോധം അവരുടെ രചനകളില്‍ ആവര്‍ത്തിച്ചു. അനുഷ്ഠാനാത്മകമായ പ്രകടനങ്ങളെയും ചമയങ്ങളെയും അതിന്റെ ചരിത്രത്തെയും വെല്ലുവിളിച്ചു. താലപ്പൊലിയേന്തി നില്‍ക്കുന്ന പെണ്‍കിടാങ്ങള്‍ അനുഷ്ഠാനരൂപമെന്നതിനേക്കാള്‍ ആണുങ്ങളുടെ കാഴ്ചക്കു വേണ്ടിയുള്ള കെട്ടുകാഴ്ചയാണ് അതൊരു പെണ്ണുകാണലാണെന്ന് പി.കെ ബാലകൃഷ്ണന്‍ നിരീക്ഷിച്ചതിനും വളരെ കാലം കഴിഞ്ഞാണീ തിരിച്ചറിവുകളുണ്ടായതെന്നു മാത്രം. തങ്ങളെ പ്രതിയുള്ള പുരുഷബോധങ്ങളെയും പാപനിര്‍മിതികളെയും തങ്ങളെ തന്നെയും പ്രണയത്തിന്റെയും ധ്യാനത്തിന്റെയും ഭാഷയും ഭാഷണവും കൊണ്ടവര്‍ മറികടന്നു. ശരീരം, ആത്മീയത, നടപ്പുവ്യവസ്ഥകള്‍, പ്രകൃതി, മനുഷ്യബന്ധങ്ങള്‍ എന്നിവയുടെ വഴിവിളക്കുകളെ എറിഞ്ഞുടച്ചിട്ട് അവരുടേതായ മണ്‍വിളക്കുകളെ തെളിയിച്ചുകൊണ്ടേയിരുന്നു തങ്ങള്‍ എന്നാണതിന്റെ ഒരു വിശദീകരണം. അതോടൊപ്പം ഒരു പരിണതി കൂടെയുണ്ടായി. സ്ത്രീയും പരുഷനും എന്ന ദ്വന്ദം ഒരാവശ്യമായി. ഇരയും വേട്ടക്കാരനും എന്ന വിപരീതവുമായി അത്. അപര നിര്‍മിതി കൊണ്ട് തീവ്രത കൈവരുത്തുന്ന ആഖ്യാനരീതിയും തന്ത്രവുമായി എഴുത്തില്‍ അതു മാറി. അതേ കാലത്തു തന്നെയാണ് സ്‌നേഹിക്കുന്നവനേ, നിന്നെ അടിവയറ്റിന്റെ പിടച്ചിലിലൂടെ തിരിച്ചറിയാന്‍ എന്തു സന്തോഷമെന്ന് അതിനെ മറികടക്കുന്ന എഴുത്തുണ്ടായത്. ചിത്തിരയുടെ കവിത മേപ്പടി ദ്വന്ദനിര്‍മിതിയെ ഒന്നുകൂടെ അനായാസം മറികടക്കുക മാത്രമല്ല, ഏകതയെ ധരിക്കുകയും താന്‍ തന്നെയായി മാറുന്ന അവനെ കുറിച്ചു മൊഴിയുകയും ചെയ്യുന്നു. തന്നെത്താന്‍ ശകലമായി ധരിക്കുന്നതിനു പകരം സകലമായി ധരിക്കുന്നു. സാകല്യത്തെ അര്‍ത്ഥവത്തായ പ്രകൃതി നിയമമായി അനുസരിക്കുന്നു.

നിങ്ങളു പറയുമ്പോലെ
എന്റെ ശരീരം എന്റെ സ്വാതന്ത്ര്യമൊന്നുമല്ല
ഞാനങ്ങനെയെങ്ങാന്‍ പറഞ്ഞാല്‍
അതു ശുദ്ധ തട്ടിപ്പാണ്
എന്റെ ശരീരം എന്റെ സ്വാതന്ത്ര്യമല്ല
അതെന്റെ രണ്ടറ്റം പൂട്ടിട്ട ചങ്ങലയാണ്
എന്റെ ശരീരം എന്റെ അവകാശമല്ല
അതെന്റെ അധികാര പരിധിയാണ്
ഭാവിയില്‍ ഞാന്‍ സ്വാതന്ത്ര്യത്തെ കുറിച്ച് പ്രസംഗിക്കാനിടയുണ്ട്
അന്നതു കേള്‍ക്കാന്‍
നിങ്ങളെന്റെ ശരീരത്തെ മുന്‍ നിരയിലിരുത്തണം’
(എന്റെ ശരീരം)

‘നിന്റെ ചുണ്ടക്കൊളുത്തിലേക്ക് കുരുങ്ങാമെന്ന്
ഞാന്‍ സ്വയം നിശ്ചയിച്ചതാണെന്നറിഞ്ഞാല്‍
നിനക്കതു മനസ്സിലായെന്നു വരില്ല.’

‘ഊരിപ്പോന്ന വലക്കണ്ണികളിലേക്ക്
ഞാനെന്നെ തിരികെ കുടുക്കിയിടുന്നു.’

തന്നെ തന്നെ തൊടുന്നതിന്റെ, തന്നോടു തന്നെ പറയുന്നതിന്റെ തനിക്കൊപ്പം തന്നെ നടക്കുന്നതിന്റെ, പായുന്നതിന്റെ ഒരു രസം ഏറ്റവും പുതിയ കവിതയുടെ പെരുമാറ്റ രീതിയാണ്. അതിന്റെ രസവും അലോസരവും അതവകാശപ്പെടുന്നു. അലോരസം എന്നു പുതുതായി ഉണ്ടാക്കാവുന്ന ഒരു വാക്കിനു പകരാനാകുന്ന രസമാണത്. ആത്മപരതയോ അപരതയോ എന്നു നിശ്ചയിക്കാനാവാത്ത ഒരപാരത ഈ കവിതയിലെ വാക്കുകള്‍ വഹിക്കുന്നു. ആഴം വേരുകളുടെ താഴ്ചയും ദൂരം ശിഖരങ്ങളുടെ പൊക്കവും അടുപ്പം തമ്മില്‍ തമ്മില്‍ തൊടുന്ന ഇലകളുടെ വേഴ്ചയും പോലെ സ്വാഭാവികമാണതില്‍. നെടുവീര്‍പ്പുകള്‍ക്കിടയിലെ ശ്വാസത്തിന്റെ നേരത്തെ ഒരു കാലഘട്ടമായി അനുഭവിക്കാനും ഒച്ച താഴ്ത്തുന്നതിന്റെ ഒച്ചയെ പോലും കേള്‍ക്കാനും ഈ കവിതകള്‍ക്കു കാതുണ്ട്. വൈചിത്ര്യങ്ങളും വൈപരീത്യങ്ങളും അര്‍ത്ഥഭരിതങ്ങളായി തീരുന്നു. അപരിചിതങ്ങളും അവിചാരിതങ്ങളും അതില്‍ പാഴ് വസ്തുക്കളല്ല. സ്വന്തം വീടിന്റെ തീര്‍ത്തും അപരിചിതമായ ഏതോ വാതില്‍ വഴി കയറി വരുന്നൊരു തവിടന്‍ തവളയുണ്ട് ആഴ്ചപ്പൊരുത്തം എന്ന കവിതയില്‍. അടുക്കളപ്പുറത്തെ ടൈലിനു മുകളില്‍ വച്ച് അതിന്റെ തെന്നിച്ചാട്ടത്തിനിടെ, കവിയുടെ അമ്മേയെന്ന അലര്‍ച്ചക്കിടെ ഇരുവരും ചരിചയത്തിലാകുന്നു. കുളിമുറിയിലെ അതിന്റെ താവളം അതു വിട്ടു പോവുന്നത് അവള്‍ കുളിക്കാന്‍ കേറുമ്പോള്‍ മാത്രം. അതിനൊരു അപേക്ഷ നോട്ടം മതി. മാറു തുളക്കുന്ന കണ്ണുകളെ പേടിയുള്ള പെണ്‍കുട്ടികള്‍ക്ക് തവളക്കണ്ണുകളെ പോലും അവിശ്വാസം. ഒരാഴ്ച കൊണ്ടിരുവരും ധ്യാനത്തിന്റെ പൊരുളറിയുന്നു.

"</p

90കള്‍ക്ക് ശേഷം മലയാളകവിതകളില്‍ പുതിയൊരു തരംഗമുണ്ടാകുകയും മുമ്പെങ്ങും കാണാത്ത ജനുസ്സില്‍ പെട്ട കവികളും കവിതകളും അരങ്ങത്തെത്തുകയും ചെയ്തു. കാണപ്പെടാതെ കിടന്ന ദേശങ്ങളും അവിടത്തെ പ്രകൃതിയും മനുഷ്യരും മനുഷ്യരോടു ബന്ധപ്പെട്ട കാര്യങ്ങളും ഭാഷയും എഴുത്തില്‍ ഇടം പിടിച്ചു. കവിതയിലെ ജനാധിപത്യം എന്ന് ഈ പുതിയ പ്രവണതയെ ചില കാവ്യ ചിന്തകര്‍ വിവരിച്ചിട്ടുണ്ട്. ഇന്ന് ആ തരംഗത്തിന്റെ തുടര്‍ച്ചകളില്‍ പലതും കവിതാ ധൂര്‍ത്തായി മാറിയിട്ടുണ്ട്. ഈ ബഹളത്തിനിടയില്‍ ചിത്തിരയുടെ കവിതകള്‍ പുതിയ ഒരെഴുത്തായി മാറുന്നത് അവള്‍ സൃഷ്ടിച്ച നിരീക്ഷണരീതിയും വാക്കുകളുടെ നട്ടു വളര്‍ത്തലും കൊണ്ടാണ്. ചിത്തിര പക്ഷേ, തന്റെ നോട്ടം കൊണ്ടു തന്നെയാണ് വേറെയാവുന്നത്. ‘നിന്നെ തുറന്നു വിട്ടതിനു ശേഷം മുറി വാതിലടക്കാന്‍ സമ്മതിക്കുന്നില്ല, വരും വന്നിട്ടാകാമെന്ന് അതിന്റെ കടും പിടുത്തമെന്നു’ കാല്‍പനികയായ, ‘വിത്തുകള്‍ക്കുള്ളിലെ ബോധം കണക്കേ’ പ്രണയം സൂക്ഷിക്കുന്ന അവള്‍ തന്നെയാണ് ‘ഊറ്റിയെടുക്കാവുന്ന മണലിനപ്പുറം കാല്‍പനികമായി എന്താണുള്ളത് ഒരു പുഴയിലെന്നു’ ചോദിക്കുന്നതും.

കവിതയുടെ വലിയ ശരീരത്തിലെ ഏറ്റവും സുരക്ഷിതമായ അവയവമായിരുന്നല്ലോ എപ്പോഴും പ്രണയം. കവിത സമം പ്രണയം, കവി സമം പ്രണയി എന്നൊരു വലിച്ചു നീട്ടല്‍ നമ്മുടെ അബോധത്തെ പോലും എപ്പോഴും സ്പര്‍ശിക്കുന്നു. കവിതയിലെ നീയായിരിക്കാന്‍ ഓരോ വായനക്കാരനായ ഞാനും കൊതിക്കുന്നു. മരണത്തെ കുറിക്കുന്നൊരു കവിതയില്‍ ചിത്തിര ഈ നിന്നെ കൂടെയിരുത്തുന്നതു കാണുക. ‘തണുപ്പ് അരയോളമെത്തിയപ്പോഴാണ് നിന്നെയിറുക്കിപ്പിടിച്ചത് /മേലേക്ക് കാലെടുത്തു വെക്കാമോയെന്ന് തണുപ്പിനെ പറഞ്ഞു വിടാന്‍ നോക്കിയത്’. കവിതയിലെ നീ ആയിരിക്കുന്നതിന്റെ സുഖവും ദുഖവുമുണ്ട്. ഉത്തരവാദിത്തങ്ങള്‍ ഏറെയുണ്ട് ഈ നിനക്ക്. എല്ലാ എഴുത്തുകളും എന്നെ, നിന്നെ കേള്‍പ്പിക്കാനുള്ള ശ്രമമാണ്. കേള്‍ക്കേണ്ട നീ അടുത്തില്ലാതിരിക്കുമ്പോഴാണ്, നീ എന്നു വിളിച്ചു തന്നെ ഈ കേള്‍പ്പിക്കല്‍ എഴുത്തില്‍ വരുന്നത്. ‘നീയാണ് ഞാനെ’ന്ന ഉണ്‍മയുടെ ആസ്പദമായിരിക്കുന്നത്. വെളിച്ചത്തിന് സ്വയം പ്രകാശിക്കാന്‍ ഒരിരുട്ടോ നിഴലോ വേണ്ടതു പോലെ ഒരനിവാര്യതയാണത്. ഇങ്ങനെ നിനക്കെഴുതിയ വരികള്‍, ഇരുട്ടിനെ തുടച്ചു കളയുന്ന വെളിച്ചം ലോകത്തിനു മുഴുവനുമാകുന്ന പോലെ മുഴുവന്‍ വായനക്കാര്‍ക്കുമുള്ളതാകുന്നു. ചിത്തിരയില്‍ ചിലനേരത്തത് ഒറ്റയാളു തന്നെയായി മാറുന്നു ഈ രണ്ടു പേരും. രണ്ടു പേര്‍ പങ്കെടുക്കേണ്ടുന്ന ഒരു കളി ഒറ്റക്കു കളിക്കാന്‍ മാത്രം അവള്‍ ഈ രണ്ടു പേരെ തന്നില്‍ തന്നെ പാര്‍പ്പിച്ചിരിക്കുന്നു.

പ്രണയത്തെ മാത്രമല്ല, ദാമ്പത്യത്തെയും എഴുതിയിട്ടുണ്ട് രണ്ടു പേര്‍ പങ്കെടുക്കേണ്ടുന്ന ഒരു കളി തനിച്ചുകളിക്കുകയാണ് എന്ന കവിതയില്‍. വിവാഹത്തോടെ അവസാനിക്കുന്ന ഒന്നെന്ന് പ്രണയത്തിന് പേരുദോഷമുണ്ട്. പ്രണയവും ദാമ്പത്യവും ഒന്നിച്ചുണ്ടാകുന്നവര്‍ ഭാഗ്യവാന്മാരാണ് എന്നാണു വിശ്വാസം. മിക്കവാറും ആളുകള്‍ ഉണ്ടെന്നു കള്ളം പറയും, നടിക്കും. ഉപേക്ഷിക്കപ്പെടില്ല എന്ന ഉറപ്പാണ് വിവാഹത്തിന്റെ ബലം, അത് വേറെ ഒരു ലോകമാണ്. ഉപേക്ഷിക്കപ്പെടാം എന്ന ഉറപ്പില്ലായ്മയാണ് പ്രണയത്തെ അഗാധമാക്കുന്നത്, പ്രണയത്തിലാകുമ്പോള്‍ നാം ഒരു കയറ്റം കയറുകയാണ്, എപ്പോഴും കാലിടറി വീഴാവുന്ന ഒരു കയറ്റം. രണ്ടു പേര്‍ പങ്കെടുക്കുന്ന ഒരു കളിയുണ്ട് ദാമ്പത്യത്തില്‍. വീടാണതിന്റെ അരങ്ങ്. മലയാളത്തില്‍ ഇന്നോളം വായിച്ചിട്ടില്ലാത്ത ഒരു കാവ്യാനുഭവമാണത്. ശരീരം വീടും വീട് അതിനെ പാര്‍പ്പിക്കുന്ന കൂടുമായി മാറുന്നു. കൂട്ടിലെ കളികള്‍ പണ്ടു പണ്ടേതോ അടുക്കളയില്‍ നിന്നും കേട്ടതിനെ പകര്‍ത്തുന്നു. ഇപ്പോഴും ഏതാണ്ടെല്ലാ വീടുകളിലും സ്ത്രീ ഒറ്റക്കാണ് കുടുംബവും വീടും ഉന്തിത്തള്ളുന്നത്. കവിതയിലെ സ്ത്രീയാവട്ടെ പങ്കാളി പോലുമില്ലാതെ ഇരട്ട റോളില്‍ ജീവിച്ചു കാണിക്കുന്നു. ജീവിതത്തിലെ ഗാര്‍ഹിക ലോല പ്രദേശങ്ങളെ വാക്കുകള്‍ കൊണ്ടു വളച്ചു കെട്ടി ചിത്തിര സംരക്ഷണമേര്‍പ്പെടുത്തുന്നതായേ കരുതാനാകൂ.

പുതിയ കവിതയുടെ പ്രദേശങ്ങള്‍, ബ്ലോഗുകളും നവസാമൂഹിക മാധ്യമങ്ങളും, എഴുതുന്ന സ്ത്രീകള്‍ക്ക് ഒരു വിശിഷ്ട സ്വാതന്ത്ര്യം അനുവദിച്ചു. അച്ചടിക്കപ്പെടുക എന്ന വിഷമവൃത്തത്തില്‍ നിന്നും സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിച്ചതു പോലെ തന്നെ, സ്വന്തം ഉള്ളു നുള്ളിപ്പൊളിച്ച് ഉപ്പും മുളകും ചേര്‍ത്ത് പുരട്ടി എഴുതാനുള്ള അവകാശവും ലഭിച്ചതിന്റെ ഒടുങ്ങാത്ത പൊള്ളിച്ചെടുക്കലാണ് ഉള്ളില്‍ ജീവിതവും കവിതയും ഇടകലര്‍ന്നൊഴുകുന്ന അനേകം സ്ത്രീകളുടെ നവമാധ്യമ എഴുത്തുകളെ ജീവിതാഭിമുഖ്യം നിറഞ്ഞതാക്കിയത്. പരസ്പരം തിരിച്ചറിയുന്ന ഒരു ബാഹ്യസൗഹൃദത്തിലേക്കും ഒരാന്തരിക പ്രപഞ്ചത്തിലേക്കും അവര്‍ ആനയിക്കപ്പെടുന്നുമുണ്ട് കാലക്രമത്തില്‍. പരസ്പരം കണ്ടിട്ടില്ലാത്തവരായിട്ടു കൂടി അതീവ തീവ്രമായ സൗഹൃദത്തിന്റെ സ്പര്‍ശം അവരെ അണച്ചു നിര്‍ത്തുകയും അവരവരുടെ ജീവിതം വാക്കുകളില്‍ അണപൊട്ടിച്ച് ഒഴുക്കുകയും ചെയ്തു. ഇന്ന് ഓരോ എഴുത്തുകാരിയും തന്റെ എഴുത്തിലൂടെ തന്റെ സഹയാത്രികക്ക് ധൈര്യം പകരുകയാണ്. ഒരദൃശ്യകൂട്ടായ്മ ഇന്ന് സ്ത്രീകള്‍ക്ക് ശക്തി പകരുന്നുണ്ട്. എഴുത്തിനവരെ പ്രേരിപ്പിക്കുന്നുണ്ട്. തന്റെ ഒപ്പം, തന്നെ പോലെയുള്ള കുറേ സ്ത്രീകള്‍ നടക്കുന്നുണ്ടെന്ന ബോധം ഇന്ന് ഓരോ എഴുത്തുകാരിക്കുമുണ്ട്. ‘പൊതുവേദികളിലല്ല, മനസ്സിന്റെ അദൃശ്യ ഇടങ്ങളിലാണ് ഈ കൂട്ടായ്മയും ശക്തിപകരലും നടക്കുന്നത്” എന്ന് രാജലക്ഷ്മിയെ ഓര്‍ത്തു കൊണ്ട് എസ്. ശാരദക്കുട്ടി നിരീക്ഷിച്ചതോര്‍ക്കുന്നു. ഈ കൂട്ടിന് ദേശങ്ങളുടെ അതിര്‍ത്തികളെ പോലും മായ്ക്കാനാകുന്നു.

‘ഞങ്ങള്‍ക്കു ശേഷം ജനിച്ചവര്‍
പഴയ കഥകള്‍ കേട്ടു വളരുന്നത്
ഞങ്ങളിഷ്ടപ്പെടുന്നില്ല,
അവര്‍ക്കു വേണ്ടി ഞങ്ങള്‍ പുതിയ കഥയെഴുതുന്നു
കോര്‍ത്തു പിടിച്ച വിരലുകള്‍ കൊണ്ടും
ഉറച്ചു വച്ച പാദങ്ങള്‍ കൊണ്ടും
ഉഗ്ര ശാപങ്ങളെ പ്രതിരോധിച്ച കഥ.’

സ്‌നേഹരഹിതമായ ഒരു വരിക്കു പോലും കവിതയായി ജീവിക്കാനാകില്ല. പ്രണയവും സൗഹൃദവും പുഷ്പിച്ചു നിന്ന ഒരു മരത്തിന്റെ ഒഴിഞ്ഞ വൃക്ഷച്ഛായയിലിരുന്നാണ് ഓരോ എഴുത്തുകാരനും/കാരിയും തന്നെ എഴുതുന്നത്. വീടിന്റെ മുറ്റത്തിരുന്ന് അടുത്തൊരാളുമായി സംസാരിക്കുന്ന അത്ര അടുപ്പത്തിലാണ് പുതിയ കവിതയില്‍ എഴുത്തുകാരന്‍ മിണ്ടുകയും പറയുകയും ചെയ്യുന്നത്. അവര്‍ പരസ്പരവും ലോകത്തെ മുഴുക്കേയും പ്രണയിച്ചു കൊണ്ടിരിക്കുന്നവരാണ്. പ്രണയം കൊണ്ട് വിശുദ്ധരായവര്‍. കുഴിച്ചാല്‍ പ്രണയം മണക്കുന്നൊരു മണ്ണാണ് ഈ കവിതകളുടെ വിളനിലം. ഹൃദയങ്ങള്‍ അതിനകത്ത് പുതഞ്ഞുപോകും. പകയുടെ നീക്കിയിരിപ്പുകള്‍ ചീറ്റിപ്പോകും. പ്രണയത്തിന്റെ പച്ചപ്പൊടിപ്പുകളാല്‍ ചുറ്റപ്പെട്ടതു കാരണം പഴയ ജീവിതത്തിനു വിരഹം കടുപ്പമേറിയ അനുഭവമായിരുന്നു. ഹൃദയങ്ങളില്‍ പ്രണയം രാസപ്രവര്‍ത്തനങ്ങള്‍ നടത്തുകയും ജീവിതത്തിനു മീതെ അത് അലാവുദ്ദീന്റെ വിളക്കു പോലെ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തതിനാല്‍ അതിനെ കുറിച്ചുള്ള എഴുത്തുകളും ഭ്രമകല്‍പനകളില്‍ ചേക്കേറുന്നു.

‘അവന്‍ ദിക്കുകള്‍ മാറി വീശുന്ന കാറ്റായിരുന്നു,
മഴ നേരങ്ങളില്‍ അവന്‍ നിന്നു പെയ്തു
നദികളായ നദികളൊക്കെയും
തന്നിലേക്കു മാത്രമാണവന്‍
പെയ്തതെന്നോര്‍ത്തു കുതിച്ചൊഴുകി’

മനസ്സിന്റെ നിസ്സഹായതയെ വേദനയോടെ തൊടുന്ന വിരലുകളുമാണ് കവിതകള്‍. കാറ്റും വെയിലും സന്ധ്യയും സഹോദരങ്ങളായി വരുന്ന ആരെഴുതിയെന്നത് അപ്രസക്തമാകുന്ന മനസ്സിന്റെ പൂട്ടു തുറക്കലുകള്‍. ജീവിതം ചെറിയ സുഖങ്ങള്‍കൊണ്ട് തൃപ്തികരമാക്കി മാറ്റുന്ന സാധാരണ മനുഷ്യരെ ചില നേരം ഈ കവിതകള്‍ കയ്യൊഴിയുന്നു. ജീവിതത്തോടു മാത്രമല്ല മരണത്തോടും കവിത അടുപ്പം കാണിക്കുന്നു. ആകര്‍ഷിക്കുന്ന ഒരു ഭയാനകത ചില കവിതകളുടെ പ്രത്യേകതയാണ്. വാക്കുകള്‍ക്കു പകരം വാസ്തവങ്ങളെ കൂട്ടിവായിക്കുന്ന കറുത്ത ഇന്ദ്രജാലം കൂടിയാണത്. കവിതയിലൂടെ മാത്രം ആവിഷ്‌കരിക്കാനാവുന്ന ചിലതുണ്ട്. കവിതയെഴുതാതെ നിവൃത്തിയില്ലാത്തതിനാലാണ് ഇവ എഴുതപ്പെട്ടത്. സ്വഗതാഖ്യാനങ്ങളിലും ഏകാന്തസംവേദനങ്ങളിലുമെന്ന പേലെ, അവളവളെ വേദനിപ്പിക്കുമ്പോള്‍ ഒന്നുറങ്ങാന്‍ കുറിച്ചുവെച്ച കുറിപ്പുകള്‍.

രേഖപ്പെടുത്തി വെക്കുക എന്നൊരു ശീലം കൊണ്ടു മാത്രമാണ് ഞാനെഴുതിയത് എന്നതു വെളിപ്പെടുത്തിയിരിക്കുന്നു ഒരിടത്ത്.

"</p

യുക്തിസഹമായ ബിംബങ്ങളുടെയും രൂപകങ്ങളുടെയും ഉപയോഗം കൊണ്ടു ധ്വനിപ്പിക്കാവുന്നവയല്ല തങ്ങളുടെ കാലത്തെ യാഥാര്‍ത്ഥ്യങ്ങളും തങ്ങളുടെ ആന്തരികാനുഭവങ്ങളും എന്നത് ഇന്നത്തെ കാലത്തെ കവികളെ തെല്ലൊന്നുമല്ല അലട്ടുന്നത്. ബോധ മനസ്സിന്റെ നിയന്ത്രണമുണ്ട് എഴുത്തുകാരന്റെ രൂപകങ്ങളുടെ തെരഞ്ഞെടുപ്പില്‍. സങ്കല്‍പിക്കാവുന്നതിനുമപ്പുറം തീവ്രത യാഥാര്‍ത്ഥ്യങ്ങള്‍ക്കു തന്നെ കൈവന്നിരിക്കുന്നു. ഭാവന തോറ്റു പോകുന്ന വാസ്തവങ്ങള്‍ ചുറ്റിലും. അതിവാസ്തവികത നിറഞ്ഞതായിത്തീരുന്നു അനുഭവം. ഫലിപ്പിക്കാന്‍ പുതിയ രൂപകങ്ങള്‍ വേണ്ടി വരുന്നു. യുക്തിയുടെ പിടി വിട്ടു പോകുന്നു. നിഗൂഢവും ദുര്‍ഗ്രഹവുമായ തന്റെ തന്നെ ആന്തരിക വിചാരങ്ങളെയും അനുഭവങ്ങളെയും പ്രകാശിപ്പിക്കാന്‍ വിചിത്ര രൂപകങ്ങളുടെ സഹായം എഴുത്തുകാരിക്ക് അഭ്യര്‍ത്ഥിക്കേണ്ടി വരുന്നു. അയുക്തികത ഈ രൂപകങ്ങളുടെ സൗന്ദര്യ രഹസ്യമായി ഭവിക്കുന്നു. കവിത നമുക്കു വേണ്ടി പാകപ്പെടുകയല്ല, നാം കവിതക്കു വേണ്ടി പാകപ്പെടുകയാണു വേണ്ടതെന്ന് കമലാദാസ് മുന്‍ കൂട്ടി പറഞ്ഞിട്ടുണ്ട്. വരാനിരിക്കുന്ന കാലത്തെ എഴുത്തുകാരോട് മാത്രമല്ല, വായനക്കാരോടുമുള്ള മുന്നറിയിപ്പായിരുന്നിരിക്കണം അത്. ചിലപ്പോള്‍ വാക്കുകളുടെ വേറൊരു കണ്ണു കീറിയെടുക്കേണ്ടി വരുന്നു. മുലകള്‍ക്കുള്ളില്‍ എണ്ണിയാലൊടുങ്ങാത്ത ചിറകുകളുടെ വീശല്‍പ്പാടുകള്‍ നിറഞ്ഞ ശലഭത്തെരുവാണെന്ന് ചിത്തിര എഴുതുന്നേരം ആ മുന്നറിയിപ്പ് നമ്മുടെ സഹായത്തിനെത്തുന്നു. തൃക്കാര്‍ത്തിക ദീപം പോലെ തെളിഞ്ഞ നഗ്‌നത, ഉറക്കുമുണര്‍വും കൈകോര്‍ത്തു വരച്ച വെളിച്ചത്തിന്റെ നീളനരുവി, ഓര്‍മ്മകളുടെ മണ്ണെണ്ണ വിളക്ക്, കിടപ്പുമുറിത്തോട്ടം, ചത്തു പൊങ്ങിക്കിടക്കുന്ന ആകാശം, വിടര്‍ത്തിയിട്ട തഴപ്പായ, വായോളം കൊണ്ടു വന്ന ചോറുരുള, പൂപ്പരുത്തിക്കൊമ്പിലെ ഉച്ചഭാഷിണി, ചീവിടുകളുടെ അഖണ്ഡനാമം, അമര്‍ച്ചകളുടെ സ്വകാര്യത, നെഞ്ചിലേക്കു ചൂണ്ടിയ കണ്ണുകള്‍, പുഴയോളം പോന്ന ഒരൊറ്റത്തുള്ളി, പകലിലേക്കു കുത്തിച്ചാരി വച്ച ഉടല്‍, വിത്തുകള്‍ക്കുള്ളിലെ ബോധം, പാതിരയുടെ നരച്ച വെളിച്ചം, ഉമ്മകള്‍ പൂക്കുന്ന കാട്ടുമരങ്ങള്‍, പെറ്റുതാഴേക്കിട്ട മഴത്തുള്ളി, അടിവയര്‍ വെയില്‍ മൂടിയ പാറകള്‍, തണുപ്പിന്റെയുടല്‍. തിരയില്‍ നിന്നു തിരക്കു കണ്ടു പിടിക്കുന്ന, ആമ്പലുകള്‍ക്കൊപ്പം ഓടാമ്പലുകളും വിരിയുന്ന ഒരു തുള്ളി കടലു പോലെ ചിത്തിരയുടെ കവിത. ജീവിതത്തിന്റെ കലര്‍പ്പു പരന്ന മഷിപ്പാത്രം.

നാമിപ്പോള്‍ വായിക്കാന്‍ വിധിക്കപ്പെടുന്ന ഒട്ടേറെ കവിതകളേക്കാള്‍ ഈ കവിതകളില്‍ നമ്മളുണ്ട്. ഭൂവിലേതണുവാകിലും മഹായാതനക്കിരയാവണമെന്ന് അന്ന അഖ്മതോവയുടെ ഒരു വരിയെ ഹൃദ്യമായി മലയാളത്തില്‍ മൊഴിമാറ്റിയിട്ടുണ്ട് വിജയലക്ഷ്മി. കുനിഞ്ഞെങ്കിലൊരു പിലാവില പെറുക്കുവാന്‍/ കുടിച്ചിട്ടുണ്ടൊരു കിണ്ണം കൊഴുത്ത കഞ്ഞിയെന്ന് ഇടശ്ശേരി ആശ്വസിപ്പിച്ചിട്ടുമുണ്ട്. അസഹനീയമായ ജന്മവാസനയുടെ ഒരംശം പങ്കുവെക്കാന്‍ ഈ കവിയും ഉഴലുന്നുണ്ട്. വാക്കുകളെ അതിനായി വിളിച്ചു വരുത്തുന്നുണ്ട്. മനമുരുകിയെഴുതിയ കവിതകളുടെയും പുസ്തകമാണിത്. മിക്കപ്പോഴും ഉള്ളിലും പുറത്തും ആദ്യം അനുഭവിക്കുകയും പിന്നീട്, ആ അനുഭവത്തെ ലോകത്തെ കാണിക്കാനും അറിയിക്കാനുമായി അതിന്റെ വാക്കുകളിലുള്ള പകര്‍പ്പെടുക്കുകയുമാണു ചിത്തിര. അവള്‍ കടന്നു പോയ കാടും മേടും നദിഞരമ്പുകളും രക്തധമനികളും അകക്കെട്ടുകളും നീന്തിയ വരള്‍ച്ചകളും അവളെ നമ്മുടൊയൊക്കെ പ്രിയപ്പെട്ട ഒരു കവിത തന്നെയാക്കുന്നു.

പാടണമെന്നുണ്ടീ രാഗത്തില്‍ പാടാന്‍ സ്വരമില്ലല്ലോ..
പറയണമെന്നുണ്ടെന്നാലതിനൊരു പദം വരുന്നീലല്ലോ..
പ്രാണനുറക്കെക്കേണീടുന്നു പ്രഭോ, പരാജിത നിലയില്‍..എന്നവള്‍. രവീന്ദ്ര നാഥ ടഗോറിന്റെ ഗീതാജ്ഞലി തലയില്‍ ചൂടി വരുന്ന അവളൊരു മഴവില്ലു വട്ടം വരക്കുകയാണ്. വായനക്കാരേ, നല്ല ശ്രദ്ധയോടെ വേണം ചിത്തിരയെ വായിക്കാന്‍. നിബദ്ധനിഹ ഞാന്‍ നിന്‍ ഗാനത്തില്‍ നിരന്തമാകിയ വലയില്‍ എന്നു നമ്മളെ കൊണ്ടു പറയിപ്പിച്ചേ അവളടങ്ങൂ. ?

റഫീക്ക് ഉമ്പാച്ചി

റഫീക്ക് ഉമ്പാച്ചി

മതപാഠശാലകളിൽ പ്രശസ്തമായ ദാറുൽ ഹുദയിൽ നിന്ന് പഠനം പൂർത്തിയാക്കിയ ലേഖകൻ കവിയും ചലചിത്രഗാന രചയിതാവുമാണ്.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍