UPDATES

വായന/സംസ്കാരം

പ്രശസ്ത സാഹിത്യ നിരൂപകന്‍ എം അച്യുതന്‍ അന്തരിച്ചു

സമഗ്ര സംഭാവനയ്‌ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്

പ്രശസ്ത മലയാള സാഹിത്യ നിരൂപകന്‍ എം അച്യുതന്‍ (97) അന്തരിച്ചു. ഇന്ന് ഉച്ചയോടെ എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

ആലക്കാട്ട് നാരായണമേനോന്‍റെയും പാറുക്കുട്ടി അമ്മയുടെയും മകനായി 1930 ജൂണ്‍ 15-ന് തൃശൂര്‍ ജില്ലയിലെ വടമയില്‍ ജനിച്ചു. മദ്രാസ് യൂണിവേഴ്സിറ്റിയില്‍ നിന്ന് മലയാള ഭാഷയിലും സാഹിത്യത്തിലും ഒന്നാം റാങ്കോടെ എം എ ബിരുദം നേടി.  . ഏറെക്കാലം വിവിധ ഗവണ്‍മെന്റ്  കോളേജുകളില്‍ ലക്ചറര്‍, പ്രൊഫസര്‍ എന്നീ നിലകളില്‍ ജോലി ചെയ്തു. എറണാകുളം മഹാരാജാസ് കോളജില്‍ നിന്ന് പ്രൊഫസറായി സര്‍വീസില്‍ നിന്നു വിരമിച്ചു. സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം പ്രസിഡന്റ്, കേരള സാഹിത്യ അക്കാദമി നിര്‍വാഹകസമിതി അംഗം, മുഖ്യമന്ത്രിയുടെ ചീഫ് പബ്‌ളിക് റിലേഷന്‍സ് ഓഫീസര്‍, സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ എന്നീ നിലകളിളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ ജാമാതാവായ ഇദ്ദേഹം ഓടക്കുഴല്‍ സമ്മാനം നല്കുന്ന ഗുരുവായൂരപ്പന്‍ ട്രസ്റ്റിന്റെ സെക്രട്ടറികൂടിയായിരുന്നു. മാതൃഭൂമിയില്‍ പബ്ലിക്കേഷന്‍ മാനേജറായും സമസ്ത കേരള സാഹിത്യപരിഷത്ത് പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്നു.

പാശ്ചാത്യസാഹിത്യദർശനം, കവിതയും കാലവും, ചെറുകഥ : ഇന്നലെ ഇന്ന്, നോവൽ : പ്രശ്നങ്ങളും പഠനങ്ങളും, സ്വാതന്ത്ര്യസമരവും മലയാള സാഹിത്യവും തുടങ്ങി 12 കൃതികള്‍ രചിച്ചിട്ടുണ്ട്.

കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, സാഹിത്യപ്രവർത്തക ബെനിഫിറ്റ് ഫണ്ട് അവാര്‍ഡ്, സാഹിത്യവിമർശനത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, പത്മപ്രഭാപുരസ്‌കാരം, സമഗ്ര സംഭാവനയ്‌ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍