UPDATES

വായന/സംസ്കാരം

ആത്മഹത്യക്ക് ശ്രമിക്കുന്നത് അമ്മ കണ്ടു, കുരുക്കു മുറുകാന്‍ അവർ കാത്തുനിന്നു, തിരസ്‌ക്കാരങ്ങള്‍ക്കൊടുവില്‍ ജീവിതം അവസാനിപ്പിക്കാന്‍ ശ്രമിച്ച അഷിതയുടെ കഥ

അവർ എന്നെ മനപൂർവ്വം ഉപേക്ഷിക്കുകയായിരുന്നു. ഏത് നിമിഷവും ഉപേക്ഷിക്കപ്പെടാവുന്ന ഒരു കുട്ടിയായിരുന്നു ഞാൻ. 

തീഷ്ണമായ ജീവിതാനുഭവങ്ങള്‍ എഴുതിയാണ് അഷിത മലയാളി സാഹിത്യത്തില്‍ ഇടം നേടിയത്. കുടുംബത്തിലും സമൂഹത്തിലും സ്ത്രീകളുടെ അനുഭവങ്ങളെ തീഷ്ണമായി ആവിഷ്‌ക്കരിച്ച് അഷിത മലയാള സാഹിത്യത്തില്‍ പുതിയ ഭാവുകത്വം സൃ്ഷ്ടിച്ചു. സമീപകാലത്ത് പക്ഷെ അഷിത വീണ്ടും ചര്‍ച്ച ആയത് അവരുടെ ജീവിതം പറഞ്ഞുകൊണ്ടാണ്. കഥാകാരന്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുകടവിനോട് അവര്‍ പറഞ്ഞ സ്വന്തം ജീവിതം വായിച്ച് മലയാളി അസ്വസ്തനായി. കഥയാണോ ജീവിതമാണോ അവര്‍ പറയുന്നതെന്ന് തിരസ്‌ക്കാരത്തിന്റെ സ്‌നേഹരാഹിത്യത്തിന്റെയും അനുഭവങ്ങള്‍ അവര്‍ വിവരിച്ചപ്പോള്‍ വായനക്കാരന്‍  നൊമ്പരപ്പെട്ടു. ഇത്രത്തോളം പൊള്ളുന്ന ജീവിതാനുഭവം മലയാളി സമീപകാലത്തൊന്നും വായിച്ചറിഞ്ഞിട്ടില്ല.
അച്ഛനില്‍നിന്നും നേരിട്ട വെറുപ്പിന്റെയും തിരസ്‌ക്കാരത്തിന്റെയും അനുഭവങ്ങള്‍ എങ്ങനെ അതിജീവിച്ചെന്നും പിന്നീട് കഥയെഴുതി മലയാളിയുടെ സ്വന്തം കഥാകാരിയായെന്നും അത്ഭുതപ്പെട്ടു. അത്തരത്തിലൊരു കഥ ഭാഗമാണ് താഴെ ചേര്‍ക്കുന്നത്. മാതൃഭൂമി ആഴ്ചപതിപ്പില്‍ വന്ന് പിന്നീട് മാതൃഭൂമി തന്നെ പുസ്തകമാക്കിയ അത് ഞാനായിരുന്നു എന്ന പുസ്തകത്തില്‍നിന്നുള്ള ഒരു ഭാഗം.

അതിലൊന്ന് ഇങ്ങനെ,

”അച്ഛനും അമ്മയും ബോംബേന്ന് വന്നപ്പോ ഞാനമ്മയുടെ അടുത്തേക്ക് ഓടി. അമ്മ രണ്ടു സ്റ്റെപ്പ് പിറകോട്ട് മാറി. ഷോക്കടിച്ച പോലെ ഞാനവിടെനിന്നു. അതിനുശേഷം ഞാനൊരിക്കലും അമ്മയുടെ അടുത്തേക്ക് പോയിട്ടില്ല.”

”അച്ഛനൊപ്പം ഡോക്ടറെ കാണാൻ ബോംബെയിൽ ബസിലാണ്. കണ്ടക്ടർ അച്ഛനോട് മുന്നിലേക്ക് നിൽക്കാൻ പറഞ്ഞു. അച്ഛൻ എന്നോട് പറഞ്ഞു നീ മുന്നിലേക്ക് കയറി നിൽക്കൂവെന്ന്. ഇനിയും 34 സ്റ്റോപ്പുണ്ട്. ഇറങ്ങുമ്പോൾ വിളിക്കാം. തിരക്കുകൂടി ഞാൻ മുന്നിലേക്ക് നീങ്ങിനീങ്ങിപ്പോയി.

ബോംബെയിൽ സ്വന്തം സ്‌കൂളല്ലാതെ വേറെ എവിടെയും പോയിട്ടില്ലാത്ത ഞാൻ ആകെ പരിഭ്രമത്തിലായി. ബസിൽ നിറയെ ആളായി. ഓരോ സ്റ്റോപ്പിലും അച്ഛൻ ബസിൽ തന്നെയുണ്ടോ എന്ന് നോക്കും. ഒന്നാമത്തെയും രണ്ടാമത്തെയും സ്റ്റോപ്പിലും അച്ഛൻ ബസിലുണ്ട്. മൂന്നാമത്തെ സ്റ്റോപ്പ് കഴിഞ്ഞപ്പോൾ അച്ഛൻ ധൃതിയിൽ ഇറങ്ങുന്നത് ഞാൻ ഒരു മിന്നായം പോലെ കണ്ടു. അപ്പോഴേക്കും ബസ് നീങ്ങി. ഞാനുറക്കെ കരയാൻ തുടങ്ങി. ബസ് അടുത്ത സ്റ്റോപ്പിലേ നിർത്തൂ എന്ന് കണ്ടക്ടർ വാശിപ്പിടിച്ചു. യാത്രക്കാർ ഇടപെട്ട് ബസ് നിർത്തിച്ചു. ഞാൻ ചാടിയിറങ്ങി. ദൂരെ അച്ഛൻ റോഡ് ക്രോസ് ചെയ്യാൻ നിൽക്കുന്നു.

ഞാൻ ഓടിക്കൊണ്ട് അച്ഛാ,…അച്ഛാ എന്ന് നിലവിളിക്കുകയാണ്. അച്ഛൻ ധൃതിയിൽ റോഡ് ക്രോസ് ചെയ്യാൻ നിൽക്കുകയാണ്. എന്റെ വിളി തൊണ്ട പൊട്ടുമാറുച്ചത്തിലായി. ആൾക്കാർ തിരിഞ്ഞുനോക്കുന്നുണ്ട്. ഓരോ തവണ അച്ഛൻ ക്രോസ് ചെയ്യുമ്പോഴും വണ്ടികൾ വന്ന് അച്ഛനെ തടയുന്നു. ഒരു തവണ ക്രോസ് ചെയ്ത് പകുതി എത്തിയപ്പോഴേക്കും അച്ഛന് തിരിച്ചുപോരേണ്ടി വന്നു. അച്ഛൻ തിരിച്ചു ഫുട്പാത്തിലേക്ക് കയറിയപ്പോൾ ഞാൻ ഷർട്ടിൽ കയറിപ്പിടിച്ചു. അപ്പൊ. ങാ. നീ ഉണ്ടായിരുന്നല്ലേ എന്ന് ഒരു ചോദ്യം. വീട്ടിലെത്തി അമ്മയോട് പറഞ്ഞു. പക്ഷെ, കേട്ടിട്ട് അമ്മ ഒന്നും മിണ്ടിയില്ല. വർഷങ്ങൾക്ക് ശേഷമാണ് ഞാൻ അറിയുന്നത്. അവർ എന്നെ മനപൂർവ്വം ഉപേക്ഷിക്കുകയായിരുന്നു. ഏത് നിമിഷവും ഉപേക്ഷിക്കപ്പെടാവുന്ന ഒരു കുട്ടിയായിരുന്നു ഞാൻ. 

എഴുതിയാൽ ഭ്രാന്തുവരുമെന്ന് പറഞ്ഞു മുറിയിൽ പൂട്ടിയിട്ടു. ഞാനാ മുറിയിൽ നഖം കൊണ്ട് കവിത കോറിയിട്ടു.

കൗമാരത്തിൽ നടത്തിയ ആത്മഹത്യാ ശ്രമങ്ങളെ കുറിച്ചും ഷിഹാബുദ്ധീൻ പൊയ്ത്തും കടവ് നടത്തിയ അഭിമുഖത്തിൽ അവര്‍ മാതൃഭുമിയിൽ പറയുന്നുണ്ട്. പലതവണ ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ട്. 21ാം വയസ്സിലായിരുന്നു അവസാനത്തെ ശ്രമം. അതോടെ ആ ഉദ്യമങ്ങൾ നിർത്തിവച്ചെന്നും അവർ പറയുന്നുണ്ട്.

ഇരുപത് – ഇരുപത്തൊന്നു വയസ്സ്. അമ്മ ഓടിവന്നപ്പോള്‍ ഞാനീ കുരുക്ക് കഴുത്തില്‍ ഇട്ട് നില്ക്കുകയാണ്. സാധാരണ ഒരമ്മ അത് കണ്ടാല്‍ പേടിക്കേണ്ട താണ്. പക്ഷേ, എന്റെ അമ്മ വെയിറ്റ് ചെയ്യുകയാണ്, ഞാന്‍ ചാടീട്ട് ആ കുരുക്ക് മുറുകാന്‍. ”എന്താണീ കാണിക്കുന്നത്” ന്ന് ചോദിക്കുകയോ ഉമ്മറത്തിരിക്കുന്ന അച്ഛനെ വിളിക്കുകയോ ഒന്നുമില്ല. എനിക്കപ്പോള്‍ മനസ്സില്‍ പെട്ടെന്ന് കത്തി. അതില്‍ പിന്നെ ഞാന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടില്ല. എനിക്ക് ഭ്രാന്താണെന്ന് ശിഹാബിനു തോന്നുന്നുണ്ടല്ലേ? അവർ ചോദിക്കുന്നു.

അതിന് മുൻപും അത്തരം ശ്രമങ്ങൾ നടത്തിയിരുന്നു. പതിനേഴാമത്തെ വയസ്സില്‍ ഞാന്‍ സൂയിസൈഡ് അറ്റെംപ്റ്റ് ചെയ്തു. വളരെ അതിശയകരമായി തോല്‍വി പിണഞ്ഞ ഒരു അറ്റെംപ്റ്റ്. ഷോക്ക് ട്രീറ്റ്‌മെന്റിനൊക്കെ ശേഷം ഞാന്‍ പഠിത്തം നിര്‍ത്തി തറവാട്ടില്‍ ഇരിക്കുന്ന കാലം. ഒരു പതിനാല് ഏക്കറിലാണ് തറവാട്. ചുറ്റിലും കുറ്റിക്കാടും മറ്റുള്ള വശങ്ങളില്‍ കണ്ണത്താദൂരം വരെ പാടവും. വിളിച്ചാല്‍ വിളി കേക്കാന്‍ അണ്ണാറക്കണ്ണനും പക്ഷികളും കോഴികളും മാത്രം. അത്തരത്തിൽ ഒരു ദിവസമായിരുന്നു ആത്മഹത്യക്ക് തിരഞ്ഞെടുത്തത്. പതിമൂന്ന് Mandrax എന്ന ഗുളിക സംഘടിപ്പിച്ചു.

രാവിലെ ഒരു പത്തുമണിക്ക് ശേഷം വീട്ടില്‍ ആരും വരാറില്ല. പിള്ളേരൊക്കെ സ്‌കൂളില്‍ പോകും. വീട്ടില്‍ എഴുപതു വയസ്സ് കടന്ന അമ്മൂമ്മയും അമ്മൂമ്മയുടെ ആങ്ങളയും മാത്രമേ ഉള്ളൂ. ഉച്ചയ്ക്ക് ഊണു കഴിഞ്ഞ് ഗുളികൾ കഴിച്ചു. അതിനിടെ, അമ്മൂമ്മ ”എന്താ ഇങ്ങനെ കിടക്കുന്നത് ചങ്ങാതി?” എന്ന് ചോദിച്ചു. ”ഞാന്‍ മരിക്കാന്‍ കിടക്കുകയാണ് അമ്മുമ്മേ. ഞാന്‍ ഇത്ര ഗുളിക കഴിച്ചു, ഞാന്‍ പോവ്വാണ് ട്ടോ” എന്നും പറഞ്ഞു. അമ്മൂമ്മ ഒന്നും പറഞ്ഞില്ല. നേരേ പോയി കുളിച്ച് അമ്മുമ്മ പൂജാമുറിയില്‍ കയറി പ്രാര്‍ഥിക്കാന്‍ തുടങ്ങി.– അഷിത പറയുന്നു.

എല്ലാ പ്രിക്കോഷനും എടുത്ത് ആത്മഹത്യാശ്രമമായിരുന്നു അത്. കണ്ണങ്ങനെ അടഞ്ഞു. പോകുന്നു. അപ്പോള്‍, കുറച്ചു കഴിഞ്ഞപ്പോള്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന കസിന്‍ അപ്രതീക്ഷിതമായി വീട്ടിലേക്ക് വരുന്നു. ”എന്താ ഈ നേരത്ത് വരുന്നു?” എന്ന് ചോ ദിച്ചപ്പോള്‍ അവന്‍ പറയുകയാണ്, ”സ്‌കൂള്‍ പെട്ടെന്ന് വിട്ടു. ഞാന്‍ രണ്ടു വട വാങ്ങിച്ചു. വാങ്ങിച്ചപ്പോള്‍ അഷിച്ചേച്ചിക്കൊന്ന് കൊണ്ടുത്തരണമെന്നു തോന്നിയിട്ട് ഒന്നര കിലോമീറ്റര്‍ വെയിലത്ത് നടന്നുവന്നതാണ്” എന്ന്. അവന്‍ വട നീട്ടി. എനിക്കത് മേടിക്കാന്‍ കെ പൊങ്ങുന്നില്ല. അമ്മൂമ്മ ഓടിവന്ന് പറഞ്ഞു ഇങ്ങനെയാണ് സംഗതിയെന്ന്. അവന്‍ പേടിച്ചു കരഞ്ഞ് ബഹളാക്കി. അവന്‍ തിരിച്ചോടി. ഞാന്‍ ചിരിച്ചു. തിരിച്ചത്രയും ദൂരം ഓടണം. അപ്പഴേക്കും ഞാന്‍ പോയിട്ടുണ്ടാകും.

അവന്‍ ഓടിയോടി ഒരു സ്ഥലത്തെത്തിയപ്പോള്‍ എതിരേ സൈക്കിളില്‍ ഒരാൾ കാര്യം തിരിക്കി. അത്യാവശ്യമായി മെഡിക്കല്‍ സ്റ്റോര്‍ വരെ പോകണം എന്നായിരുന്നു കസിന്റെ മറുപടി…” കരഞ്ഞോണ്ടായിരുന്നു അവൻ പറഞ്ഞത്.അവർ പരസ്പരം അറിയില്ല. എന്നിട്ടും അയാള്‍ സൈക്കിള്‍ കൊടുത്തു. അവന്‍ സൈക്കിള്‍ പോയി കമ്പൗണ്ടറെ വിളിച്ചു കൊണ്ടുവന്ന് വയറു വാഷ് ചെയ്യുകയോ എന്തൊക്കെയോ ചെയ്തു. അവന്‍ തിരിച്ചു വരുമ്പോഴും ആ മനുഷ്യന്‍ അവിടെ നില്ക്കുന്നുണ്ടാര്‍ന്നു. സൈക്കിള്‍ അയാളെ ഏല്പിച്ചു. അയാള്‍ അയാളുടെ വഴിക്ക് പോവുകയും ചെയ്തു. ആരായിരുന്നു അയാള്‍? അതൊരു കുഴയ്ക്കുന്ന ചോദ്യമാണ്. ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിട്ട് മരിച്ചില്ലെങ്കില്‍ കുടുംബത്തിൽ ഭയങ്കര പ്രശ്നമാണ്. അതാ ഞാന്‍ പറഞ്ഞത്, ഞാന്‍ തോറ്റു പോയ ഒരു സ്ത്രീയാണ്.– അവർ പറഞ്ഞു നിർത്തുന്നു.

കടപ്പാട്- മാതൃഭുമി ആഴ്ചപ്പതിപ്പ്, റീഡേഴ്സ് സർക്കിൽ ഫേസ്ബുക്ക് ഗ്രുപ്പ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍