UPDATES

അഭിലാഷ് മേലേതില്‍

കാഴ്ചപ്പാട്

The BookMark

അഭിലാഷ് മേലേതില്‍

വായന/സംസ്കാരം

ബുക്കറിലെ വൈല്‍ഡ് കാര്‍ഡ്; Fiona Mozley-യുടെ Elmet ഒരു വായന

ബുക്കർ അവാർഡിന് വരുന്ന മിക്കവാറും നോവലുകളിൽ ഇതുപോലുള്ള വെള്ളക്കുഴികൾ പലതും കാണും എന്നതാണ് വാസ്തവം

Fiona Mozley-യുടെ ‘Elmet’ എന്ന നോവൽ അടുത്തകാലത്ത് കൗതുകമുണർത്തിയ ഒരു പുസ്തകമാണ്. സെപ്‌റ്റംബർ വരെ പ്രസിദ്ധീകരിക്കും എന്ന് പോലും ഉറപ്പില്ലാത്ത ഒന്നായിരുന്നു ഇത്. പോരാത്തതിന് എഴുത്തുകാരിയുടെ ആദ്യ നോവലും. ഇതെങ്ങനെ ബുക്കർ ലിസ്റ്റിലെത്തി എന്ന് വായനക്കാരും അത്ഭുതം പ്രകടിപ്പിച്ചിരുന്നു – എന്നാൽ നോവൽ പുറത്തിറങ്ങിയതോടെ വൻ വിജയമായിത്തീർന്നു. നിരൂപകരും വായനക്കാരും ഇപ്പോഴും പുസ്തകത്തെ വാഴ്ത്തിക്കൊണ്ടിരിക്കുന്നു. അല്‍പ്പകാലത്തെ അന്വേഷണത്തിനൊടുവിലാണ് പുസ്തകം കയ്യിലെത്തിയതും.

പതിനഞ്ചുകാരനായ ഡാനിയേൽ അച്ഛനും ചേച്ചിക്കുമൊപ്പം യോർക്‌ഷെയറിന്റെ സുന്ദരമായ പ്രാന്തപ്രദേശത്തെ വനങ്ങൾക്കുസമീപം (Elmet എന്ന സ്ഥലം, Remains of Elmet എന്ന ടെഡ്‌ ഹ്യൂസിന്റെ കവിതാസമാഹാരവും ഇതേ സ്ഥലത്ത് അദ്ദേഹം ബാല്യകാലം ചെലവഴിച്ചതിനെക്കുറിച്ചാണ്) താമസിക്കാനെത്തുന്നിടത്താണ് കഥ തുടങ്ങുന്നത്. ഡാനിയേൽ കുറച്ചു effeminate ആണ്. എന്നാൽ ചേച്ചി അച്ഛനെപ്പോലെയും. Celtic പുരാവൃത്തങ്ങളിലെപ്പോലെ ആജാനബാഹുവായ ഒരു മനുഷ്യനാണ് ജോൺ എന്ന അവരുടെ അച്ഛൻ. അമ്മ ഉപേക്ഷിച്ചു പോകുമ്പോൾ അമ്മൂമ്മയുടെ ഒപ്പം കഴിഞ്ഞിരുന്ന കുട്ടികളെ, വൃദ്ധയുടെ മരണത്തിനുശേഷം അച്ഛൻ ഈ പുതിയ സ്ഥലത്തേക്ക് കൊണ്ടുവരികയാണ്. Mozley-യുടെ ഭാഷ, കഥയിൽ നിന്ന് തെന്നിമാറുന്ന സ്ഥലങ്ങളിലെല്ലാം ഒരു പ്രത്യേകമാനം കൈവരിക്കുന്നതായി കാണാം. “Waiting is what a true house is about. Making it ours, making it settle, pinning it and us to the seasons, to the months and to the years” എന്നതുപോലത്തെ വരികൾ ആദ്യഭാഗം മുതലേ കാണാം. ചുറ്റുപാടുകളെ വിവരിക്കുന്നതിലെ നിരീക്ഷണപാടവവും വ്യക്തമാണ്. അന്തരീക്ഷ സൃഷ്ടിക്കും കഥയിലെ അസുഖകരമായ ഉദ്വേഗത്തിനുമാണ് ഈ പുസ്തകം പേര് നേടിയിരിക്കുന്നത്. അച്ഛന് അമ്മയുടേതുപോലെത്തന്നെ കുറച്ചു ദുരൂഹവും വിചിത്രവുമായ ഒരു ഭൂതകാലമുണ്ട്. അച്ഛന് മുഷ്ടിയുദ്ധങ്ങളിലായിരുന്നു പ്രശസ്തി – അയാളുടെ ശരീരബലം അസാമാന്യമായിരുന്നു. സ്ഥലത്തെ ഒരു ഭൂപ്രഭുവായ പ്രൈസ് എന്നയാൾക്കുവേണ്ടി അയാൾ മല്ലയുദ്ധങ്ങളിലും മറ്റും ഏർപ്പെടാറുണ്ടായിരുന്നു. പ്രൈസ് ആ സ്ഥലത്തെ പുറമ്പോക്കുകൾ മുഴുവൻ തന്റെ പേരിലാക്കിയിരിക്കുകയാണ് – അതിനുള്ള സ്വാധീനവും ആൾബലവും അയാൾക്കുണ്ട്. പോരാത്തതിന് മറ്റു ഭൂവുടമകളോടും വൻകിട കർഷകരോടും ചേർന്ന് തൊഴിലാളികളെ കടുത്ത ചൂഷണത്തിനും വിധേയരാകുന്നുണ്ട്. ആ പ്രദേശത്തെ എല്ലാവരും അയാൾക്ക്‌ വാടക കൊടുത്താണ് ജീവിക്കുന്നത്. ഒരു കാലത്തു ജോണും ഇത്തരം കാര്യങ്ങൾക്കു വേണ്ടി കയ്യാളായി പോയിട്ടുണ്ട്. എന്നാലിപ്പോൾ അതെല്ലാം വിട്ടു മക്കളെ നോക്കി ജീവിക്കുകയാണ്.

ഒരു ദിവസം അവരെ കാണാനെത്തുന്ന പ്രൈസ് അവർ താമസിക്കുന്ന സ്ഥലത്തിനുമേലെ അവകാശമുന്നയിക്കുന്നു. അയാളുടെ മത്സരങ്ങൾക്കുപയോഗിക്കുന്ന തരം പ്രാവുകളെ അവർ അമ്പെയ്തു വീഴ്ത്തി എന്നതാണ് അയാളുടെ ആരോപണം. ജോണതു ചെവിക്കൊണ്ടില്ലെങ്കിലും അയാൾക്ക്‌ മനസിലായി, ഇതുപോലുള്ള ആരോപണങ്ങളും ആവശ്യങ്ങളുമായി പ്രൈസ് ഇനിയും വരും. അയാൾ സുഹൃത്തക്കൾക്കൊപ്പം ചേർന്ന് ഭൂവുടമകളുടെ കൃഷി സ്ഥലങ്ങളിലും മറ്റും ജോലിചെയ്യുന്ന തൊഴിലാളികളെ സംഘടിപ്പിക്കുന്നു (കഥയിൽ ഇതൊക്കെ എളുപ്പത്തിലാണ് സാധിച്ചെടുക്കുന്നത്). ആദ്യം അവർ കൂലി കൂട്ടിച്ചോദിക്കുന്നു, പിന്നെ വാടക കൊടുക്കുന്നതു നിർത്തിവെക്കുന്നു. ഗുണ്ടകൾ വരുമ്പോൾ ജോൺ അവരെ നേരിടുന്നു. അതോടെ പ്രൈസ്, ഡാനിയേലിനെ മാത്രമായി വന്നു കാണുന്നു. അവർ താമസിക്കുന്ന സ്ഥലം അവരുടെ അമ്മ തനിക്കു വിറ്റതാണ്, എന്നാലും അത് ഞാൻ തിരികെത്തരാം, അവന്റെ പേരിലാക്കിയിട്ട്, പക്ഷെ അച്ഛൻ വീണ്ടും അയാൾക്ക്‌ വേണ്ടി ജോലി ചെയ്യണം – ഒരു ദ്വന്ദയുദ്ധത്തിൽ പങ്കെടുക്കണം. ഇതാണ് അയാളുടെ നിബന്ധന. കൂടിയാലോചനക്കുശേഷം ജോൺ ഇതിനു സമ്മതിക്കുന്നു. അതിനെത്തുടർന്നുണ്ടാകുന്ന സംഭവങ്ങളും അതവസാനിക്കുന്ന ദുരന്തവുമാണ് നോവലിന്റെ ബാക്കി ഭാഗത്ത്.

എന്ത് പറയുന്നു എന്നതല്ല എങ്ങനെ പറയുന്നുവെന്നതാണ് പ്രധാനം എന്ന രീതിയിൽ നോക്കുമ്പോൾ നോവൽ ഒരു വിജയമാണ്. അസ്വസ്ഥജനകമായ ഒരു അന്തരീക്ഷം നോവലിനുണ്ട്. ഭാഷയിലെ പുതുമ ഉടനീളം നിലനിറുത്താൻ എഴുത്തുകാരിക്ക് കഴിയുന്നുണ്ട് (“The house was finding its position in the landscape, sitting down and relaxing into its trough, and we felt it sigh and moan for hours.”). അമ്മൂമ്മ മരിച്ച മുറി അടച്ചിട്ട് മക്കൾ അച്ഛനെ ദിവസങ്ങളോളം കാത്തിരിക്കുന്നത്, എല്ലാ യുദ്ധങ്ങളും ആത്യന്തികമായി രണ്ടു വ്യക്തികൾ, ഒരാൾ മരിക്കാനും മറ്റെയാൾ കൊല്ലാനും, തമ്മിലുള്ളതാണ് എന്ന് അച്ഛൻ പറയുന്നത് (അയാൾ തന്റെ ദ്വന്ദയുദ്ധങ്ങളെ ന്യായീകരിക്കുന്നതാകാം) – “It was just you and another standing in a muddy field with your skin naked beneath your clothes”, അയാളുടെ സുഹൃത്തായ വിവിയൻ, ഡാനിയേലിനോട് സംസാരിക്കുമ്പോൾ അച്ഛനെ തിമിംഗലങ്ങളോട് താരതമ്യം ചെയ്യുന്നത് (whale breach എന്നത്) – തിന്നും ഉറങ്ങിയും കുറേക്കാലം കഴിയുമ്പോൾ വെള്ളത്തിന് പുറത്തേക്കു കുതിക്കുന്ന അനുഭവത്തിന്റെ ഓർമ്മകൾ അവയെ കൊതിപ്പിക്കാൻ തുടങ്ങുന്നു- “The whale continues to think about the breach, more and more, until the urge to repeat becomes irresistible and it erupts out of the ocean only to fall again into it. And so it’s sated for a while. Your Daddy’s like that, I think. Like one of the great whales” തുടങ്ങി അനേകം വാചകങ്ങൾ പുസ്തകത്തിലുടനീളം കാണാം. പ്രൈസിന്റെ മക്കളെയും തങ്ങളെയും ഡാനിയേൽ താരതമ്യം ചെയ്യുന്നത് ഇങ്ങനെയാണ് – “We were almost distinct breeds, adapted to different environments, clinging to opposite sides of the cliff”. അച്ഛൻ മക്കൾക്ക് ഹോം സ്‌കൂളിങ് ചെയ്യാനായി ഏർപ്പാടാക്കുന്നതാണ് സുഹൃത്ത് വിവിയനെ. അവരോടുള്ള തന്റെ വർധിച്ചുവരുന്ന ബന്ധുത്വത്തിനെക്കുറിച്ചു ഡാനിയേൽ ഇതാണ് ചിന്തിക്കുന്നത് – അച്ഛൻ തങ്ങൾക്കു വീട് വച്ച് തന്നു. ഒരു വീടിന്റെ എല്ലാ ധർമങ്ങളും നിറവേറ്റുന്ന ഒന്ന്. വിവിയനോ? “Vivien had built a home for me too. A nest. It was a different kind from the one by the copse on the top of the hill. There was nothing tangible about the home I felt in Vivien. There were no bricks, no mortar, no rivets, no joints. It kept off no weather. It sank slowly into no mud. But it had a kind of hearth and a kind of fire. It was a place with a future. A place of possibility.” ഇത്തരത്തിൽ വിവരണങ്ങളിലേക്ക് കടക്കുമ്പോൾ Mozley-യുടെ എഴുത്തു ശക്തമാണ്. എന്നാൽ യോർക്‌ഷെയർ ഭാഗത്തെ ഭാഷയുടെ സൗന്ദര്യത്തേയും, അതിന്റെ വേരുകൾ, അതിലെ സാംസ്‌കാരികമാനങ്ങൾ എന്നിവയെയും ഒക്കെ വിലയിരുത്താൻ നമുക്ക് പരിമിതികളുണ്ടല്ലോ.

കഥയുടെ അവസാന ഭാഗത്തെ മെലോഡ്രാമയാണ് നോവലിന്റെ ദൗർബല്യം. അതുപോലെ തൊഴിലാളി പ്രതിഷേധങ്ങളും സമരരീതികളും വിവരിക്കുന്ന ഭാഗങ്ങൾ – its way too easy. ജോൺ മത്സരത്തിന് സമ്മതിക്കുമ്പോൾ അതുവരെ അവരുടെ നിർദ്ദേശങ്ങൾക്കനുസരിച്ചു നീങ്ങിയിരുന്നു ബാക്കി തൊഴിലാളികൾ എന്ത് ചെയ്തു എന്നതൊന്നും നമ്മളറിയുന്നേയില്ല. പെട്ടെന്ന് ഫോക്കസ് പ്രധാന കഥാപാത്രങ്ങളിലേക്കു മാറുന്നു. അച്ഛന്റെയും മക്കളുടെയും കഥാപാത്രങ്ങളെ മിഴിവുറ്റതാക്കിയിട്ടുണ്ട് എഴുത്തുകാരി. അതും നോവലിന്റെ ഒരാകർഷണീയതയാണ്. ആറു ഭാഗങ്ങളുള്ള നോവലിൽ ഓരോന്നിന്റെ തുടക്കത്തിലും ഡാനിയേലിന്റെ ഇപ്പോഴത്തെ ജീവിതത്തെക്കുറിച്ചുള്ള സൂചനകളുണ്ട്. മകൻ അമ്മയുടെ പോലെയും മകൾ അച്ഛന്റെ പോലെയുമാണ് എന്നത് പലതവണ ഊട്ടിയുറപ്പിക്കുന്നുണ്ട് കഥാകാരി – കഥയിലേക്കുള്ള സൂചനയാണിത്.

ബുക്കർ അവാർഡിന് വരുന്ന മിക്കവാറും നോവലുകളിൽ ഇതുപോലുള്ള വെള്ളക്കുഴികൾ പലതും കാണും എന്നതാണ് വാസ്തവം. വ്യക്തിപരമായി നോക്കുകയാണെങ്കിൽ റോയിക്കു ശേഷം അവാർഡ് ലഭിച്ചിട്ടുള്ള മിക്കവാറും പുസ്തകങ്ങൾ ശരാശരിയാണെന്നു കാണാം. ഇത്തവണ മത്സരം താരതമ്യേന കടുത്തതാണ്. റോയിയൊക്കെ ആദ്യം തന്നെ പുറത്തായത് ശ്രദ്ധിച്ചു കാണുമല്ലോ. ബാക്കി വന്ന പുസ്തകങ്ങളിൽ 4321 (പോൾ ഓസ്റ്റർ), Exit West (മൊഹ്‌സിൻ ഹമീദ് ) എന്നിവക്കാണ് ഞാൻ സാധ്യത കാണുന്നത്. ഹമീദിന് ആണ് കൂടുതൽ സാധ്യത. എന്നാലും ഉജ്ജ്വലമായ വായനാനുഭവം എന്നിവയെയൊക്കെ വിളിക്കാമോ എന്നെനിക്കിപ്പോഴും സംശയമുണ്ട് എന്ന് പറഞ്ഞുകൊള്ളട്ടെ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഭിലാഷ് മേലേതില്‍

അഭിലാഷ് മേലേതില്‍

എഴുത്തുകാരന്‍, സോഫ്റ്റ്‌വേര്‍ എഞ്ചിനീയര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍