UPDATES

വായന/സംസ്കാരം

നൊറോണയുടെ കഥകള്‍; ആസക്തികളുടേയും പകപോക്കലുകളുടേയും അവയവാഖ്യാനം

ഫ്രാന്‍സിസ് നൊറോണയുടെ അഞ്ചു കഥകളെ വായിക്കുമ്പോള്‍

ഭൂതവും ഭാവിയും വര്‍ത്തമാനവും പരസ്പരം കെട്ടുപിണയുകയും കഥകളായിത്തീരുകയും തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് കൈമാറുകയും ചെയ്തുകൊണ്ടേയിരിക്കുകയാണ്. കഥ കെട്ടിപ്പറയാനും കേള്‍ക്കാനുമുള്ള മനുഷ്യന്റെ കുതൂഹലം ആദിമ ചോദനയില്‍ തന്നെ ഉരുവായിട്ടുള്ളതാണെങ്കിലും അത് ഇന്നും സജീവമാണ്. യുഗം ശിലയായാലും വിവരസാങ്കേതികത തിമിര്‍ക്കുന്ന നടപ്പുകാലമായാലും കഥകളോടുള്ള താത്പര്യത്തിന് മങ്ങലേല്‍ക്കുന്നേയില്ല. കഥയുടെ കല്ലില്‍ നിന്ന് മറ്റൊരു കഥാശില്പം കൊത്തിയുണ്ടാക്കുന്നതാണ് കഥ എന്ന് ഉംബെര്‍ത്തൊ എക്കോ നിരീക്ഷിച്ചിട്ടുണ്ട്.

കാലം കഥകളില്‍ പറ്റിക്കിടന്ന് യാത്ര ചെയ്യവേ കാറ്റില്‍ പാറിവീഴുന്ന അപ്പൂപ്പന്താടി വിത്തുകള്‍ പോലെ, ഇങ്കു നുണയുന്ന ഇത്തിരി പ്രായത്തില്‍ ഉള്ളിലേക്ക് വീഴുകയാണ് കഥയുടെ വിത്തുകള്‍. എഴുത്തുകാരാകാനുള്ള ഭ്രൂണം ഉള്ളിലൊളിപ്പിച്ചോ വായനക്കാരാകാനുള്ള പാഥേയം മാത്രമൊരുക്കിയോ നമ്മിലത് ആര്‍ത്തു പടരുന്നു. കഥ പറയുന്നയാള്‍ക്കൊപ്പം കേള്‍വിക്കാരും തിരഞ്ഞ് കൊണ്ടേയിരിക്കുന്നത് വ്യത്യസ്തതകളാണ്. പുതിയ പ്രമേയം, ഭ്രമാത്മകമായ അവതരണ രീതി, അമ്പരപ്പിക്കുന്ന രചനാ കൗശലം തുടങ്ങിയവയുടെ സാധ്യതകളാണ് അവരുടെ സ്വപ്നങ്ങളെ ത്രസിപ്പിക്കുന്നത്. പര്‍വതാരോഹരെപ്പോലെയോ ആഴക്കടല്‍ യാത്രികരെപ്പോലെയോ ആരേയും മോഹിപ്പിക്കുന്ന കഥ തേടി അലയുകയാണവര്‍. എഴുത്തിന്റെ ലോകത്തെ ദുര്‍ഘടപ്രദേശങ്ങളില്‍ നടത്തുന്ന സാഹസയാത്രകളില്‍ ഉറക്കവും ഊര്‍ജവും കളഞ്ഞ് സമയത്തെ അവര്‍ കുഞ്ഞുകഥകളില്‍ ഉറയിക്കുന്നു. മത്സരാധിക്യം നിറയുന്ന മലയാള ചെറുകഥാലോകത്ത് ഒരു കഥാകാരന്‍  ശ്രദ്ധേയമായ ഇരിപ്പിടം നേടിയെടുക്കുന്നത് ലൈവായി അരങ്ങേറുന്ന കൗതുകക്കാഴ്ചയാണിപ്പോള്‍ കണ്ണില്‍ നിറയുന്നത്. കേവലം അഞ്ച് കഥകളുടെ പിന്‍ബലത്തില്‍ അനുവാചകരുടെ ഹൃദയത്തിലേക്ക് കടന്നിരിക്കാന്‍ ഫ്രാന്‍സിസ് നൊറോണ എന്ന കഥാകാരന് ചുരുങ്ങിയ കാലമേ വേണ്ടിവന്നുള്ളൂ എന്നത് ശ്രദ്ധേയമാണ്.

പഞ്ചപദി
ആദമിന്റെ മുഴ, ഇരുള്‍രതി, കടവരാല്‍, തൊട്ടപ്പന്‍, പെണ്ണാച്ചി എന്നിവയാണ് ഫ്രാന്‍സിസ് നൊറോണയുടെ പഞ്ചകം. ആദമിന്റെ മുഴ കലാകൗമുദിയിലൂടെയും, ഇരുള്‍രതി, കടവരാല്‍, പെണ്ണാച്ചി എന്നിവ സമകാലിക മലയാളത്തിലൂടെയും, തൊട്ടപ്പന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെയും അച്ചടി മഷി പുരണ്ടു. ഒന്നില്‍ നിന്ന് അഞ്ചിലേക്കെത്തുമ്പോള്‍ ക്രമേണയുയരുന്ന ഒരു ഗ്രാഫ് പോലെ നൊറോണയുടെ കഥാനിലവാരത്തിന്റെ വിതാനം ഉയര്‍ന്നുയര്‍ന്നു വരികയാണ്. ഒപ്പം ആനുകാലികങ്ങളുടെ താളുകളും സാര്‍ത്ഥകമാകുന്ന ആഴ്ചകള്‍. വരും കാലം നൊറോണയുടേതും കൂടിയാണ് എന്ന് സാക്ഷ്യം പറയുകയാണവ. കഥാഭിരുചികളെ ഞെട്ടിച്ചുകൊണ്ട് കഥകള്‍ക്ക് പുതിയ തുറവി നല്‍കുന്ന നാട്ടുഭാഷയുടെ ഉള്‍ക്കരുത്ത് സമൃദ്ധമായി ഉപയോഗിച്ചിട്ടുണ്ട് കഥാകാരന്‍.

പാപക്കനി
പുറംലോകവുമായി ബോട്ടു വഴി മാത്രം ബന്ധമുണ്ടായിരുന്ന തുരുത്തിന്റെ കാമമോഹങ്ങളുറയുന്ന കഥയാണ് ആദമിന്റെ മുഴ. ആന്റിനയും വി സി പി യും എത്തുന്നതോടെ തുരുത്തിലെ ആണുങ്ങളുടെ രതിസ്വപ്നങ്ങള്‍ ചരടറ്റ് പറക്കുന്നു. ദുബായിക്കാരനായ കൊമ്പന്റെ അളിയന്റെ വി സി പിയില്‍ തെളിഞ്ഞ പുതുമയാര്‍ന്ന വിദേശ കാമകലകള്‍ പ്രായോഗികമാക്കാന്‍ അവര്‍ വെമ്പുന്നു. അറുപത്തിനാലും ആടിത്തീര്‍ത്തിരുന്ന നാട്ടുകാര്‍ക്കു പുതിയ നിലകള്‍ പരീക്ഷിക്കാന്‍ ആകെയുണ്ടായിരുന്നത് പക്ഷേ ഒരേ ഒരു സെലിയായിരുന്നു. ആസക്തികളുടെ പറുദീസയിലെ കൊടിയടയാളമായ ആന്റിനയും, ഇരുപതിഞ്ചിന്റെ വെളിച്ചപ്പെടലിലെ സാഹസങ്ങള്‍ക്ക് കളരിത്തട്ടായ പെണ്‍ശരീരവും ഒരേ ദിവസം തന്നെ വെള്ളിടിയില്‍ പൊലിയുകയാണ്. തുടര്‍ന്ന് തുരുത്തിലെ ആണുങ്ങളുടെ വിനോദങ്ങള്‍ അന്യന്റെ രതികേളികളിലേക്കുള്ള ഒളികണ്‍ നോട്ടമായി പരിമിതപ്പെട്ടു പോകുന്നു.  പാപികളെ ശിക്ഷിക്കാന്‍ അത്യുന്നതങ്ങളില്‍ നിന്ന് അയക്കപ്പെടുന്ന ഗന്ധക തീയെ ഓര്‍മ്മിപ്പിച്ച്  തുരുത്തിലെ യൗവ്വനങ്ങളെ മാനസാന്തരപ്പെടുത്താന്‍ ഉപദേശി ശ്രമിക്കുന്നു. അത്തരം ഒരു സായാഹ്നത്തിലാണ് അയാളുടെ ഭാര്യയുടെ ഉടല്‍സമൃദ്ധി കഥാനായകന്റെ കണ്ണില്‍പ്പെടുന്നത്. പകല്‍ ഉപദേശിക്ക് സഹായിയായും രാത്രി കാമം പെരുത്ത പാമ്പായും അവന്‍ ആ വീട്ടിലേക്കിഴഞ്ഞുകൊണ്ടിരുന്നു. ഉപദേശി ദമ്പതികളുടെ ലീലകള്‍ ഇരവിന്റെ ഒളിവില്‍ കണ്ടുകണ്ട് ഉന്മത്തനായ അവന്‍ അവളെ പ്രാപിക്കാനുള്ള തന്ത്രങ്ങള്‍ മെനയുന്നു. ഉപദേശിയുടെ ഭാര്യയെ മാനസാന്തരപ്പെടുത്തി, അവരെ മൂകസാക്ഷിയാക്കി അവരുടെ നിത്യരോഗിയായ മകളെ അവന്‍ ഭൂമിയില്‍ നിന്നും പറഞ്ഞു വിടുന്നു.

കുഞ്ഞിന്റെ മരണം മനസ ആഗ്രഹിച്ചിരുന്ന അവളുടെ കുറ്റബോധം മുതലെടുത്ത് അവന്‍ തന്റെ ഇംഗിതം സാധിക്കുന്നു. എന്നാല്‍ ആ പതിവു പാപക്കനി കൂട്ടുകാരനു കൂടി ബലമായിട്ട് പങ്കിട്ടു നല്‍കുന്ന രാത്രി അവള്‍ തന്റെ ജീവിതം ഒരു കൈലിത്തുമ്പില്‍ ഒതുക്കുന്നു. ഉറ്റവരുടെ മരണം താങ്ങാനാവാതെ ഉപദേശി തന്റെ വീടിന്റെ കാവല്‍ ആ ‘നല്ല സമരിയാക്കാരനെത്തന്നെ’ ഏല്‍പ്പിച്ച്  നാടു വിട്ടുപോകുകയാണ്.

ഒരു വീടും പറമ്പും സ്വന്തമായതിനാല്‍ അവന്‍ ജൂലിയെ വിവാഹം കഴിക്കുന്നു. ഒളിനോട്ടങ്ങളുടെ ആശാനായ അവന്‍ നാട്ടുകാരുടെ ഒളിനോട്ടങ്ങളെ മറികടക്കാനുള്ള ചതുരുപായങ്ങളും പ്രയോഗിക്കുന്നു. ജൂലി ഗര്‍ഭിണി ആകുന്നതോടെ  ഉപദേശിയുടെ കുഞ്ഞിന്റെ കൊലയുടേയും അയാളുടെ പെണ്ണിന്റെ ആത്മഹത്യയുടേയും കുറ്റബോധം അവനെ ബാധിച്ചു തുടങ്ങുന്നു. കുഞ്ഞിനെ അടക്കിയ മരണത്തറയിലെ വാഴക്കൂട്ടം അവനില്‍ ഭീതിയുടെ വേരുകള്‍ പടര്‍ത്തുന്നു. അതൊരു വടവൃക്ഷം കണക്കെ വളര്‍ന്ന് അവന്റെ ലൈംഗികമായ കഴിവില്‍ പിടിമുറുക്കുകയാണ്.  വിലക്കപ്പെട്ട കനിപോലെ ജൂലിയില്‍ നിന്നും മരണത്തറയിലെ വാഴപ്പഴം അകറ്റി നിര്‍ത്താന്‍ അവന്‍ ആഗ്രഹിക്കുന്നു. പക്ഷേ അവന്റെ അഭാവത്തില്‍ ഈര്‍ക്കിലി പാപ്പി   അവള്‍ക്കത് പറിച്ചു നല്‍കുന്നു. താന്‍ ആസ്വദിക്കുന്നത് അവനെ തീറ്റിക്കാനുമവള്‍ മടിക്കുന്നില്ല. കഴിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ട വാഴപ്പഴം തൊണ്ടയില്‍ കുടുങ്ങുമ്പോള്‍   ആദിപാപത്തിന്റെ അനുകരണംപോലെ ആ ഫലഭോഗം അവനെ ഭയപ്പെടുത്തുകയാണ്. ഭീതി വളര്‍ന്നു മുറ്റുന്ന ഒരു രാത്രി  കുഞ്ഞിന്റെ മരണത്തറയില്‍ ആര്‍ത്തു കിളിര്‍ത്ത് വാഴക്കന്നുകളെ  വെട്ടിനിരത്താന്‍ തുടങ്ങുന്ന അവന്‍ കുത്തേറ്റു മരിക്കുകയും ചെയ്യുന്നു. അവന്റെ പാപങ്ങള്‍ക്കുള്ള ശമ്പളം വിധിക്കുന്നത് സ്വന്തം ഭാര്യയുടെ പരപുരുഷനാണ് എന്ന് മാലോകരറിയുന്നതേയില്ല. തിരഞ്ഞെടുപ്പു കാലത്ത് പാര്‍ട്ടിയുടെ പോസ്റ്റര്‍ ഒട്ടിക്കാന്‍ പോയിരുന്നതിനാല്‍ അവന്റെ മരണത്തെ അവര്‍ രക്തസാക്ഷിത്വം കൊണ്ട് പുതപ്പിക്കുന്നു. പൊതുനിരത്തിലെ സ്മൃതി മണ്ഡപത്തില്‍ അവന്‍ അനശ്വരനാകുന്നു.   പാലം വന്നതോടെ തുരുത്തിലേക്ക് വന്നുകൊണ്ടിരുന്ന പുണ്യാളന്മാരുടെ പേരു പേറുന്ന മുപ്പത്തിയഞ്ച് ബോട്ടുകള്‍ സര്‍വീസ് അവസാനിപ്പിച്ചു കഴിഞ്ഞിരുന്നു. എങ്കിലും വിലക്കപ്പട്ട കനിയുടെ അവശിഷ്ടം തൊണ്ടയില്‍ പേറുന്ന ആദമിന്റെ പേരുള്ള ബോട്ട് മാത്രം ഇന്നും സര്‍വീസ് തുടരുന്നു. ഭൂമിയില്‍ അവസാനിക്കാത്ത പാപത്തിന്റെ ശേഷിപ്പ് എന്ന പോലെ. പാപത്തിന്റെ കഥകള്‍ അവസാനിക്കുന്നില്ല എന്ന് കാറില്‍ ജൂലിയുടെ കൊച്ചു മകന്റെ ഇരുവശത്തുമിരിക്കുന്ന കിളുന്തുകളെ അവതരിപ്പിച്ച് കാഥികന്‍ ഉറപ്പിക്കുന്നു. പുണ്യങ്ങളുടെ ഘോഷയാത്രകള്‍ക്ക്  അറുതിയുണ്ടെന്നും പാപത്തിന്റെ തുടരുന്ന ജൈത്രയാത്ര പക്ഷേ അനന്തമാണെന്നും കഥാകാരന്‍ സമര്‍ത്ഥിക്കുന്നു. കൂലിപ്പണി എന്നപോല്‍ ചുരുങ്ങുന്ന കക്ഷിരാഷ്ട്രീയക്കൂറിന്റെ വിവരണവും, രക്തസാക്ഷിത്വത്തിന്റെ നിരാമയത്തേയും വീരപരിവേഷത്തേയും നിരാകരിക്കലും അടയാളപ്പെടുത്തുന്നത് അദ്ദേഹത്തില്‍ അന്തര്‍ലീനമായ രാഷ്ട്രീയത്തെയാണ്. തുടക്കക്കാരന്‍ എന്ന് തോന്നാത്തത്ര പക്വത  ആദ്യകഥയില്‍ പുലര്‍ത്തിക്കൊണ്ട് ക്ഷരമല്ലാത്ത മാധ്യമത്തില്‍ നൊറോണയും അനശ്വരതയുടെ പാത തേടുന്നു.  രതിനിര്‍വേദം
ചിത്തിര റിസോര്‍ട്ടിലെ രാത്രി കാവല്‍ക്കാരനായി പ്രകാശന് ടെക്‌സ്‌റ്റൈല്‍ ഷോപ്പിലെ വില്‍പ്പനക്കാരിയായ ഭാര്യ ചിമിരിയെ പ്രാപിക്കാന്‍ മാസങ്ങളോളം കാത്തിരിക്കേണ്ടി വരുന്നതാണ് കടവരാല്‍ എന്ന കഥയുടെ ഇതിവൃത്തം. രാത്രി റിസോര്‍ട്ടിലെ ജോലി കഴിഞ്ഞ് ഉച്ചവരെ കിടന്നുറങ്ങുകയും അതിനുശേഷം കുളിച്ച് വിവിധ രീതിയില്‍ ഇണ ചേരുക എന്നതുമായിരുന്നു അയാളുടെ ദിനചര്യ. ഒറ്റ എഞ്ചിനില്‍ മുടന്തി നീന്തുന്ന വീട്ടുചെലവ് നിര്‍വഹിക്കാന്‍ ചമിരിക്ക് സെയില്‍സ് ഗേള്‍ ആകേണ്ടി വരുന്നു. അതോടെ ആ ഇരട്ടസാധകം മുടങ്ങുകയും  അയാള്‍ പ്രതിസന്ധിയില്‍ കുരുങ്ങുകയും ചെയ്യുന്നു. സ്വന്തം വീടിന്റെ ഏകാന്തമായ പകല്‍ അയാള്‍ക്കും രാത്രിയുടെ സജീവത്വം അവള്‍ക്കുമായി പങ്കിട്ടു പോകുന്നു.

റസ്‌റ്റോറന്റിലെത്തുന്ന ഇണകളേയും അവരുടെ പരസ്യമായ സംഭോഗവൈവിധ്യങ്ങളേയും ഒളിഞ്ഞുനോക്കല്‍ അയാളുടെ ഹോബിയാണ്. അതോടെ ചൂടുപിടിക്കുന്ന ശരീരം ശമിപ്പിക്കുന്നതിന് അയാള്‍ക്ക്  സ്ഥിരമായി സ്വയംഭോഗം ചെയ്യേണ്ടി വരുന്നു. അയാളുടെ പങ്കപ്പാട് ബോധ്യമുള്ള ചിമിരി അയല്‍ക്കാരിയായ ബാങ്ക് ഓഫീസറുടെ വിധവയെ വളച്ചെടുക്കാന്‍  തമാശരൂപത്തില്‍ നിര്‍ദ്ദേശിക്കുന്നു.  തന്നെ ഉദ്ദീപിക്കാന്‍ അവരെ ധ്യാനിക്കുക എന്നല്ലാതെ അത് പ്രായോഗികതലത്തിലെത്തിക്കാന്‍ അയാള്‍ക്ക് കഴിയുന്നില്ല. തന്നോടല്ലാതെ മറ്റൊരാളോടും ഇണ ചേരാന്‍ അയാള്‍ക്കാവില്ലയെന്നത് ചിമിരിക്കും ബോധ്യമുണ്ട്. സ്വന്തം ഭാര്യയെ ഒന്നുകാണാനും അവളുടെ മുഴുപ്പുകളില്‍ വിരലമര്‍ത്തുന്നതിനുമായി വി്ല്‍പ്പനയ്ക്ക് വെച്ചിരിക്കുന്ന സാരികള്‍ മറയാക്കേണ്ടി വരുന്ന തൊഴിലാളിയുടെ ഗതികേട് നൊറോണ ഭംഗിയായി രേഖപ്പെടുത്തിയിരിക്കുന്നു. ഒടുവില്‍ ഭര്‍ത്താവിന് സുഖാനുഭവം പകര്‍ന്നുകൊടുക്കാനായി അവള്‍ ലീവെടുത്തു വീട്ടിലിരിക്കുന്നു. അയാളുടെ സ്വയം പരാക്രമങ്ങളെ സ്ഥിരമായി ഒളിനോട്ടം നടത്താറുള്ള വിധവ അവരുടെ ഉന്മയത്ത സുരതം നഷ്ടബോധത്തോടെ കണ്ടു നില്‍ക്കുന്നു.

ഒന്നുതൊടുമ്പോഴേക്ക് പുളഞ്ഞ് പിടയുന്നതും അസാമാന്യ വേഗതയുള്ളതുമായ മീനാണ് കടവരാല്‍. പ്രകാശന്റെ ശീഘ്രസ്ഖലനത്തെയും പുരുഷത്വത്തെയും സൂചിപ്പിക്കുന്നതാണ് കഥയുടെ തലക്കുറി. കൂടാതെ പാമ്പിനെ സൂചിപ്പിക്കുന്ന അതിന്റെ ആകൃതി കഥയില്‍ നിറവാകുന്ന രതിയുടെ ആധിക്യത്തെയും കുറിക്കുന്നു. രതിശീലങ്ങളെ മന്ദവേഗങ്ങളുടെ രണ്ടറ്റങ്ങളിലും കെട്ടുന്ന പ്രകാശന്‍ , പലതരത്തിലുള്ള ലീലകള്‍ കൊണ്ട് അയാളെ അമ്പരപ്പിക്കുന്ന വിവിധ രാജ്യക്കാരായ ടൂറിസ്റ്റുകള്‍, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഢിപ്പിച്ചു കൊല്ലുന്ന റിസോര്‍ട്ട് മുതലാളി തുടങ്ങി പ്രകാശന്റെ കിളുന്തു പെണ്‍മക്കളെ വളക്കാന്‍ വരുന്ന കേബിള്‍ പയ്യന്‍ വരെ ആസക്തിയുടെ ഒടുങ്ങാത്ത കായലില്‍ വരാല്‍ പോലെ പിടയുകയാണ്. അമ്മയുടെ ശമ്പളം കൊണ്ട് ഫോണ്‍ വാങ്ങാനും ഫേസ്ബുക്ക് തുടങ്ങാനും, അമ്മ വൈകി വരുന്നത് ഉപയോഗപ്പെടുത്തി പ്രണയസാധ്യത ആരായാനും തുനിയുന്ന പെണ്‍മക്കള്‍ വര്‍ത്തമാന കൗമാരത്തിന്റെ പരിഛേദമാണ്. പ്രമേയത്തിന് ഉചിതമായ നാമം തിരഞ്ഞെടുത്ത നൊറോണ ആഖ്യാനത്തിലും ആ പേര് സൂചിപ്പിക്കുന്ന സ്വഭാവം നിലനിര്‍ത്തിയിട്ടുണ്ട്.

കാപ്പിരിമുത്തപ്പന്‍ കാവിലെ ഏറുമാടം 
ഒരു അന്ധന്‍ പെണ്ണിനെ വിവരിക്കുന്നത് എങ്ങനെ എന്ന് അറിയാന്‍ ഒരുവനുണ്ടാകുന്ന ആഗ്രഹമാണ് ഇരുള്‍രതി എന്ന കഥയെ മുന്നോട്ടു നയിക്കുന്നത്. കടലില്‍ പണിയെടുത്തിരുന്ന അയാള്‍ സര്‍ക്കാര്‍ ജോലിയില്‍ ആകൃഷ്ടനായി മത്സരപ്പരീക്ഷക്ക് തയ്യാറെടുക്കുകയാണ്. പതിനാറായിരത്തിയെട്ട് ചോദ്യങ്ങള്‍ക്കിടയില്‍ നിന്ന് പ്രശസ്ത എഴുത്തുകാരന്‍ ഇ. സന്തോഷ്‌കുമാറിന്റെ മൂന്ന് അന്ധന്മാര്‍ ആനയെ വിവരിക്കുന്നത് എന്ന കഥ മാത്രം അയാളെ വിടാതെ പിടികൂടുന്നു. അതോടെ പഠനത്തിലെ ശ്രദ്ധവിട്ട് പെണ്ണിന്റെ ശരീരത്തിന്റെ വിവരണം കേള്‍ക്കാനുള്ള അദമ്യ ദാഹത്തിലയാള്‍ അലയുന്നു.  മത്സര പരീക്ഷയില്‍ ഉത്തരങ്ങളെല്ലാം തലതിരിഞ്ഞു പോകുകയും അങ്ങനെ സര്‍ക്കാര്‍ ജോലിയെടുക്കാനുള്ള മോഹം സലാം ചൊല്ലിപ്പിരിയുകയും ചെയ്യുന്നു. എന്നാല്‍ കാഴ്ചയില്ലാത്തവന്റെ പെണ്ണനുഭവത്തിനായുള്ള ദാഹം ഒരു ബാധ പോലെ അയാളെ ആവേശിക്കുന്നു. സ്വന്തം പെണ്ണിന്റെ മേനിയുടെ ഭൂമിശാസ്ത്രം കണ്ണടച്ചു പിടിച്ച് അറിയാന്‍ അയാള്‍ ശ്രമിക്കുന്നു. ഒരിക്കല്‍ കണ്ണാലേ കണ്ട് ചരിത്രമായതിന്റെ സ്പര്‍ശനാനുഭവം   നിരര്‍ത്ഥകമാണെന്ന് അയാള്‍ക്ക് ബോധ്യമാകുകയാണ്. പരാജിതനായ അയാള്‍ നാട്ടുകാരായ അന്ധന്മാമരുടെ കണക്കെടുക്കുന്നു. പുണ്യാളന്റെ മുഖവും യുവത്വമാര്‍ന്ന  ശരീരവുമുള്ള മുപ്പത്തിരണ്ട് വയസുകാരന്‍  ദാനിയേല്‍ എന്ന അന്ധനെ വിവരണത്തിന് സമീപിക്കാന്‍ അയാള്‍ തീരുമാനിക്കുന്നു. പലരീതിയില്‍ അനുനയിപ്പിച്ചും പ്രലോഭിപ്പിച്ചും അവനെ അയാള്‍ ശരീരകാമനകളുടെ കുരിശില്‍ തറക്കുന്നു. മത്സരപ്പരീക്ഷക്ക് പഠിക്കാന്‍ പഞ്ഞിമരത്തില്‍ കെട്ടിയുണ്ടാക്കിയ ഏറുമാടത്തിലേക്ക് അയാള്‍ അന്ധനെ കൈപിടിച്ച് കയറ്റുന്നു. കടലിന്റെയയും മണ്ണിന്റെയും പെണ്ണിന്റെ യും ഉയരത്തില്‍ നിന്നുള്ള കാഴ്ചകളുടെ വിവരണം അന്ധനെ മോഹിതനാക്കുന്നു. സ്വന്തമായി പെണ്ണനുഭവമില്ലെങ്കിലും ദാനിയേലിനുള്ള അസാധാരണമായ ഉള്‍ക്കാഴ്ച കഥാനായകനെ അത്ഭുതപ്പെടുത്തുകയും അസ്വസ്ഥനാക്കുകയും ചെയ്യുന്നു.

മാസങ്ങള്‍ക്കു ശേഷം ആണ്ടുപെരുന്നാളിന് പള്ളിയില്‍വച്ച് ദാനിയേല്‍ അയാളുടെ ആഗ്രഹം സാധിപ്പിക്കാന്‍ തയ്യാറാകുന്നു. പക്ഷേ ആദ്യമായി തനിക്ക് ഉയരക്കാഴ്ചകളുടെ ലഹരി പകര്‍ന്നു തന്ന ഏറുമാടത്തില്‍ വച്ചു മാത്രമേ അത് പങ്കിടാനാനാവൂ എന്ന് അന്ധന്‍ വാശി പിടിക്കുന്നു. തന്റെ പെണ്ണിന്റെ തെറിയും തോരാത്തമഴയും പഞ്ഞിമരത്തിന്റെ വഴുക്കലും വകവെക്കാതെ കഥാനായകന്‍ ആറുദിവസം കൊണ്ട് വീണ്ടും മാടം  കെട്ടിയുണ്ടാക്കുന്നു. കേള്‍ക്കാന്‍ പോകുന്ന വിവരണത്തെക്കുറിച്ചുള്ള ഓര്‍മ അയാളെ  അത്രത്തോളം ഉന്മത്തനാക്കിയിരുന്നു. ആറു ദിവസംകൊണ്ട് ഭൂമിയെയും ജീവജാലങ്ങളേയും സൃഷ്ടിച്ച ദൈവം വിശ്രമത്തിനായി ഏഴാമത്തെ ദിവസം ഉപയോഗപ്പെടുത്തിയെങ്കിലും പെണ്ണിന്റെ നഗ്നശരീരത്തിന്റെ കമന്ററി നല്‍കുന്ന സ്വര്‍ഗം പുല്‍കുന്നതുവരെ പക്ഷേ അയാള്‍ക്ക്  വിശ്രമിക്കാനാവുന്നില്ല.
ആകാംക്ഷയുടെയും അക്ഷമയുടേയും പ്രളയത്തില്‍ മുങ്ങി അയാള്‍ മാടത്തില്‍ സമയം ചെലവഴിക്കുന്നു. അമ്പത്തിയൊന്നാമത്തെ ദിവസം ക്ഷാരബുധനാഴ്ച ദാനിയേല്‍ മാടത്തിനു മുകളില്‍ എത്താന്‍ തയ്യാറാവുന്നു. പെണ്ണിന്റെ വിവരണവും അന്ധന്‍ സമ്മാനമായി നല്‍കി മദജലവും പടര്‍ത്തിയ ലഹരി മൂക്കവേ ദാനിയേല്‍ അയാളെ മുകളില്‍ നിന്ന് തള്ളിയിട്ടു കൊല്ലുകയാണ്. തനിക്കുള്ള മദിര പകര്‍ന്ന് അന്ധനെ ഏല്‍പ്പിച്ചത് തന്റെ പെണ്ണു തന്നയാണ് എന്നും, കൊല ചെയ്യുന്നതിന്   കുരിശു വരച്ച് ആശീര്‍വദിച്ചത് അവളാണെന്നും, അത് മാടത്തില്‍ വെച്ചുതന്നെ ചെയ്യണമെന്ന് അവള്‍ക്ക് നിര്‍ബന്ധവും ഉണ്ടെന്നും ദാനിയേല്‍ വെളിപ്പെടുത്തുന്നു. അങ്ങനെ മരണത്തിലേക്ക് തൂങ്ങിയാടിത്തുടങ്ങിയ നിമിഷം തന്നെ അയാളെ മാനസിക മരണത്തിനും വിധിക്കുകയാണ് അന്ധന്‍.

തന്നെ വിഷയാസക്തിയില്‍ തളക്കുന്നവന്റൈ പെണ്ണിനെത്തന്നെ കാമകലക്ക് ആചാര്യയാക്കാനുള്ള വൈഭവം പ്രകടിപ്പിക്കുകയാണ് ദാനിയേല്‍. താനാദ്യമായി അറിഞ്ഞ പെണ്‍ശരീരം സ്വന്തമാക്കാനായി കാഴ്ചകളില്‍ നിന്നു മാത്രമല്ല, ആ കാഴ്ചകള്‍ നിറയുന്ന ഭൂമിയില്‍ നിന്നും അയാളെ അവന്‍ നിഷ്‌കാസിതനാക്കുന്നു. തന്റെ വൈകല്യത്തെ മറ്റൊരാള്‍ സ്വന്തം ആമോദങ്ങള്‍ക്ക് ഇന്ധനമാക്കുന്നതിലുള്ള പ്രതിഷേധവും, തനിക്കു കൈവന്ന ഉന്മാദം നിര്‍ബാധം അനുഭവിക്കുന്നതിനുള്ള ത്വരയും കഥയ്‌ക്കൊടുവില്‍ മൂര്‍ച്ചയോടെ തിളങ്ങുന്നു. കൊലപാതകത്തിന് പരപുരുഷനെ പറഞ്ഞ് വിടുന്ന പെണ്ണ് അയാളില്‍ അസംതൃപ്തയാണ് എന്നതും, അവള്‍ക്ക്  താനല്ലാതെ മറ്റൊരു പുരുഷനുണ്ട് എന്നതും കഥാനായകനെ തകര്‍ത്തു കളയുന്നു. അങ്ങനെ ഒരു മരണത്തില്‍ താന്നെ ഒരുപാട് മരണം ഒളിച്ചുവെക്കുകയാണ് നൊറോണ. കഥാകഥനത്തിന്റെ കുശലത ഈ കഥയിലെത്തുമ്പോഴേക്ക് പുതിയ ഒരുമാനം കൈവരിക്കുന്നു.

കമ്പിപ്പാരേം ഒടക്കുകമ്പിയും
ര്‍ത്താവിന്റെ ഇടംവലം കിടന്നതിനാല്‍ പുണ്യാളന്മാരായവരും അദ്ദേഹത്തോടു നേരിട്ട് ഇടപാടുകളുമുള്ളവരുമായ കള്ളന്മാരുടെ പരമ്പരയിലെ ഇങ്ങേ അറ്റത്തെ കണ്ണികളുടെ വ്യവഹാരങ്ങള്‍ ചിത്രീകരിക്കുന്ന കഥയാണ് തൊട്ടപ്പന്‍. പെണ്ണെങ്കിലും നേര്‍ത്ത പൊടിമീശയും താടിയിലഞ്ചാറു രോമവുമുള്ളതിനാല്‍ കുഞ്ഞാടെന്ന് വിളിപ്പേരുള്ളവളാണ് നായിക. അവള്‍ക്ക്  മോഷ്ടിക്കാനുള്ള കഴിവ് മാമ്മോദീസാ വെള്ളത്തോടൊപ്പം പകര്‍ന്നു കിട്ടിയതാണ്. കാരണം അവളുടെ തലതൊട്ടപ്പനായ ഇത്താക്ക് എന്ന ഇസഹാക്ക് ഒന്നാന്തരമൊരു കള്ളനായിരുന്നു. പെറ്റിട്ടപ്പോഴേ അപ്പന്‍ നഷ്ടപ്പെട്ടതിനാല്‍ തൊട്ടപ്പനായിരുന്നു അവള്‍ക്ക് എല്ലാം. സവിശേഷമായ ഒരു ബന്ധത്തിന്റെ കാണാക്കണ്ണികള്‍ തന്തയേക്കാള്‍ അധികാരമുള്ള തലതൊട്ടയാളേയും ആ പീലാസുമോളേയും  ഒന്നായി വിളക്കിച്ചേര്‍ത്തിരുന്നു.  പള്ളി പണിയാന്‍ സ്വന്തം പറമ്പ് ദാനം ചെയ്ത പേതൃസെബാസ്റ്റ്യന്റെ  കൊച്ചുമകളായിരുന്നു ക്രിസ്തുവിന്റെ പെണ്‍മുഖമുള്ള കുഞ്ഞാട്. അഞ്ഞൂറു പേരെ ഒറ്റയടിക്ക് മാമ്മോദീസ മുക്കാന്‍ കൂട്ടുനിന്നതിന് വെളുത്തച്ചനില്‍ നിന്നും വില്ലുവണ്ടി സമ്മാനം വാങ്ങിയ പിതാമഹന്‍. അമ്മയുടേയും തൊട്ടപ്പന്റേവയും കള്ളിന്റെ കെട്ടില്‍ പാരമ്പര്യമഹത്വത്തിന്റെന ഓര്‍മകള്‍ ഇടക്കിടെ അവളുടെ ബാല്യത്തിലേക്ക് അഴിഞ്ഞുവീഴുന്നു. പക്ഷേ തലമറയ്ക്കാത്തതിന്റെയും തലയില്‍ മാമ്മോദീസ വെള്ളം വീണതിന്റെയും സര്‍വോപരി ദാരിദ്യത്തിന്റെയും അപകര്‍ഷതയോടെയാണ് അവള്‍ ജോനക സ്‌കൂളില്‍ തട്ടമിട്ട മൊഞ്ചത്തികള്‍ക്കിടയിലിരുന്നിരുന്നത്.

കുഞ്ഞുന്നാളില്‍ തന്നെ അവളുടെ കൂടെപ്പിറപ്പായ മോഷണവൈഭവത്തെ ഇത്താക്ക് മനസ്സറിഞ്ഞ് പ്രോത്സാഹിപ്പിച്ചു. തൊഴിലിന് സ്ഥിരമായി ഒപ്പംകൂട്ടാറുള്ള പയ്യനുമായി തെറ്റിപ്പിരിഞ്ഞിരുന്ന അയാള്‍  കൗമാരം കടക്കാത്ത അവളെ ആദ്യമായി പങ്കാളിയാക്കാന്‍ തീരുമാനിക്കുകയാണ്. മോഷ്ടിക്കാനുള്ളത് പള്ളിയുടെ നേര്‍ച്ചപ്പെട്ടിയാണ് എന്ന അറിവും നടത്തുന്ന കളവിന്റെ വലിപ്പവും സൃഷ്ടിച്ച ഭയത്തില്‍നിന്ന് കരകയറാന്‍ കഴിയാത്തതിനാല്‍ അവള്‍ പാതിയില്‍ പിന്മാറുന്നു.

അന്ത്യംവരെ ഒന്നിച്ചു കക്കാമെന്ന് ആശിപ്പിച്ച തൊട്ടപ്പന്‍ കടന്നുപോയതോടെ കുഞ്ഞാട് പഠിപ്പ് നിര്‍ത്തി. മോഷണത്തിന് പള്ളിയുടെ നേര്‍ച്ചപ്പെട്ടി തുറന്ന അയാള്‍ എങ്ങനെയാണ് മുഖവും കണ്ണും നഷ്ടപ്പെട്ട് പുഴയില്‍ ഒഴുകിയത് എന്ന വ്യഥക്ക് ആക്കംകൂട്ടി അമ്മയും വിടപറയുന്നു. ആരുടെയെങ്കിലും വീട്ടിലെ ചെറിയ ജോലികള്‍ക്കും തരംകിട്ടുമ്പോഴുള്ള മോഷണങ്ങള്‍ക്കുമിടയില്‍ രാധ ടാക്കീസിലെ പടങ്ങള്‍ മാറുന്നതൊടൊപ്പം കാലവും കാലുകള്‍ നീക്കുകയാണ്. കമറുന്നിസയുടെ കെട്ട്യോനില്‍ നിന്നും  വാങ്ങി വളര്‍ത്തിയ ആണ്‍പൂച്ചകളായിരുന്നു അവളുടെ ചെറ്റക്കുടിലിലെ ഒറ്റക്കുള്ള ജീവിതത്തിന് സുരക്ഷയൊരുക്കിയിരുന്നത് . കമറുന്നിസയുടെ കടയില്‍ നിന്നു മോഷ്ടിക്കുന്ന നേരത്തെല്ലാം അന്ധനായ അയാള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന പൂച്ചകളുടെ ജാഗ്രത അവള്‍ക്ക് പരിചിതവുമായിരുന്നു. കര്‍ത്താവിന്റെ ശിഷ്യരുടെ പേരുകള്‍ നല്‍കിയ ക്യസ്ത്യാനികളാക്കി വളര്‍ത്തുന്ന പന്ത്രണ്ട് പൂച്ചകളും ചാവേറുകളുടെ വീര്യം കാട്ടി സദാ അവളുടെ വിശ്വാസം കാത്തു.   ചാവേറുകളെ മുഴുവന്‍ വെറും പൂച്ചകളാക്കി മെരുക്കിയാണ് തന്റെ ഇടംവലം കണ്ട കള്ളന്മാരുടെ നേരു ചൊല്ലാന്‍ ഒരു രാത്രി കര്‍ത്താവ് നേരിട്ടെത്തുന്നത്. വന്ന് കയറിയ വരത്തന്റെ ചോരയിറ്റുന്ന മുറിവുകള്‍ പരിചരിക്കുമ്പോഴാണ് അവളുടെ ആത്മാവിന്റെ നാഥനാണ് അയാളെന്നവള്‍ മനസ്സിലാക്കുന്നത്. തൊട്ടപ്പനോടൊപ്പമുള്ള ആദ്യത്തെ വലിയ കളവില്‍ നിന്ന് അവള്‍ പിന്തിരിഞ്ഞ രാവിന്റെ സമസ്യാപൂരണം എന്ന ലക്ഷ്യം നിറവേറ്റി അദ്ദേഹം മറയുന്നു.

പ്രതികാരത്താലെരിയുന്ന കുഞ്ഞാട് തന്റെ തൊട്ടപ്പനെ കൂടത്തിന് അടിച്ചു കൊന്നവനെ ആകര്‍ഷിച്ചു വീട്ടിലെത്തിക്കുന്നു. എന്നാല്‍ പ്രതികാര മൂഹൂര്‍ത്തമെത്തുമ്പോള്‍ തന്നെയവള്‍ തിരിച്ചറിഞ്ഞത് അവന്‍ മനസ്സിലാക്കുന്നു. പ്രതിക്രിയയുടെ നേരത്ത് യൂദാ മാത്രമല്ല ബാക്കി പതിനൊന്നു പൂച്ചകളും കൂറുമാറി ഒറ്റുകാരാകുന്നതിനാല്‍ അവള്‍ കൂടുതല്‍ ദുര്‍ബലയാകുകയാണ്. അവളുടെ വിലാപ്പുറത്ത് തൊട്ടപ്പന്റെ കമ്പിപ്പാര കയറ്റിക്കൊന്നതിനുശേഷം നന്ദിയില്ലായ്മയുടെ പന്ത്രണ്ട് അപ്പോസ്തലന്‍മാരുമായി അവന്‍ സ്ഥലം വിടുന്നു.

തൊട്ടപ്പനോടുള്ള ആത്മബന്ധത്തിന്റെ അസാധാരണത്വം അവളുടെ പ്രതികാരത്തിന്റെ ആഴിക്ക് ആഴവും കനലുമേറ്റുന്നു. എന്നാല്‍ അമാനുഷരല്ലെങ്കില്‍ പഴിവാങ്ങല്‍  ദുര്‍ബലര്‍ക്കു പറ്റുന്ന ഒന്നല്ല എന്നത് കേവല യാഥാര്‍ത്ഥ്യമാണ്. പറയുന്നത് മനുഷ്യന്റെ കഥയായതിനാല്‍ സംഭവ്യമായത് പെണ്‍മിശിഹയായ കുഞ്ഞാടിന്റെ ദാരുണമായ അന്ത്യം തന്നെയാണ്. അതിനാല്‍ വായനക്കാര്‍ പ്രതീക്ഷിക്കുന്നതില്‍ നിന്ന് ഒരു  പുളഞ്ഞ് മാറലായി ആ മരണത്തെ കരുതാമെങ്കിലും കഥാകാരന്‍ നിശ്ചയമായും  ജീവിതത്തെ യഥാതഥമായി ചിത്രീകരിക്കുക തന്നെയാണ്.  അപ്പന്റെ മരണവും, ദാരിദ്ര്യവും, ജോനക സ്‌കൂളിലെ ഒറ്റപ്പെടലും അപകര്‍ഷതയും കൂടിക്കുഴഞ്ഞ് കുഞ്ഞാട് കുഞ്ഞിലേ മുതല്‍ വിമതയാകുകയാണ്. അവളെ ചതിച്ചുകൊണ്ട് പൊടിമീശയും താടിരോമങ്ങളും കൂടി വളര്‍ന്ന് ആ ശരീരം സമ്പന്നമാകുമ്പോള്‍ തന്റെ കുതറി നടപ്പ് മോഷ്ടിച്ചും നിന്നുകൊണ്ട് മൂത്രമൊഴിച്ചും ബീഡി വലിച്ചും അവള്‍ ഉഷാറാക്കുന്നു. അങ്ങനെ നിലവിലെ വ്യവസ്ഥയെ വെല്ലുവിളിക്കുന്നുവെങ്കിലും അവള്‍ ഊട്ടി വളര്‍ത്തുന്നത് ആണ്‍കോയ്മയെത്തന്നെയാണ്. പെണ്ണ് വളര്‍ത്തിയാലും പിതൃമനോഭാവവ്യവസ്ഥിതിയില്‍ പൂച്ചക്ക് പോലും പുരുഷാധിപത്യ സ്വഭാവം സഹജമാണെന്ന സത്യം കഥാകാരന്‍ അവതരിപ്പിക്കുന്നു. മരണത്തിലൂടെയാണ് കുഞ്ഞാട് അത് മനസിലാക്കുന്നത് എങ്കിലും. വ്യവസ്ഥിതിയെ മറികടക്കാന്‍ ശ്രമിക്കുമ്പോള്‍ കൂടെ നില്‍ക്കേണ്ട സമൂഹം തന്നെ ഒറ്റുകയും ചതിക്കുകയും ആണധികാരം പുന:സ്ഥാപിക്കുകയും ചെയ്യും. ‘പൂച്ചകള്‍ എത്രയായാലും അതിന്റെ തന്തയെ മറക്കുവോടീ ‘ എന്ന കൊലപാതകിയുടെ വാക്കുകളിലൂടെ നൊറോണ അത് പ്രഖ്യാപിക്കുന്നു. പെണ്ണ്, ആണാവാന്‍ ശ്രമിക്കേണ്ടതില്ല എന്ന പൊതുബോധത്തിന്റെ് താക്കീത് കഥയില്‍ വ്യക്തമായും മുഴങ്ങുന്നുണ്ട്. മാത്രമല്ല , കഥ അടിച്ചമര്‍ത്തപ്പെട്ടവരുടെ മേല്‍ ആധിപത്യ ശക്തികളെ പ്രതിഷ്ഠിക്കുകയും കൂടി ചെയ്യുന്നു. അവര്‍ എത്ര ബുദ്ധിപൂര്‍വ്വം ശ്രമിച്ചാലും അധികാരശക്തിക്ക് കീഴ്‌പ്പെടേണ്ടി വരും എന്ന യാഥാര്‍ത്ഥ്യം സമകാലീന രാഷ്ട്രീയ സാഹചര്യത്തോട് ചേര്‍ന്നു പോകുന്നതുമാണ്. ഒഴുക്കിനൊത്ത് നീന്തുന്നവരും ചെരിപ്പിനൊപ്പം കാലുമുറിക്കുന്നവരും അത്യധികമാകുന്ന ലോകമാണിത്. അധികാരത്തോടൊപ്പം നില്‍ക്കാനുള്ള താത്പര്യമാണവര്‍ എന്നും ഉള്ളില്‍ പേറുന്നത്. കുഞ്ഞാടിനോട് ഏറ്റവും ഇഴുകിച്ചേര്‍ന്ന സമൂഹം അവള്‍ ഊട്ടി വളര്‍ത്തുന്ന ആണ്‍പൂച്ചകളാണ്. കുഞ്ഞാടിന്റെ മേലേക്ക് അവന്‍ കയറിമറിയുന്ന ഇമ ചിമ്മുന്ന നേരത്തിനുള്ളില്‍ തന്നെ അധികാരക്കൈമാറ്റം നടന്നത് പൂച്ചകളറിഞ്ഞു കഴിഞ്ഞു. പതിവുപോലെ നിമിഷാര്‍ദ്ധം കൊണ്ട് ഒരു സമൂഹമപ്പാടെ കോയ്മയുടെ പുതിയ അധിപതിയുടെ സംരക്ഷകരും പാദദാസരുമായി രൂപാന്തരം പ്രാപിക്കുന്നു.

ഇത്താക്കിന്റെ കൊല നടക്കുന്ന രാത്രി അയാളെ തന്റെ വലത്തും കൊലപാതകിയായ പഴയ സഹായിയെ ഇടത്തുമാണ് കര്‍ത്താവ് കാണുന്നത്. പറുദീസയില്‍ തന്നോടൊപ്പം ഉണ്ടാകും എന്ന് വാഗ്ദാനം ചെയ്യപ്പെട്ട വലംഭാഗത്തെ കള്ളന്‍, പതിതരുടേയും പാവപ്പെട്ടവരുടേയും സമൂഹത്തിന്റെ ഓരങ്ങളിലേക്ക് തള്ളപ്പെട്ടവരുടേയും പ്രതീകമായിരുന്നു. കര്‍ത്താവിന് പ്രിയപ്പെട്ടവരായിരുന്ന അവരെ ഉദ്ധരിക്കാനാണ് ദൈവപുത്രന്‍ ജന്മമെടുത്തത്. എന്നാല്‍ അദ്ദേഹത്തിന്റെ  അനുയായികളെ വരേണ്യവര്‍ഗ്ഗമായ ഇടംഭാഗത്തെ കള്ളന്‍ അപഹരിച്ചിരിക്കുന്നുവെന്ന സൂചന കഥാകാരന്‍  നല്‍കുന്നുണ്ട്.

ബൈബിള്‍ പുരാണത്തില്‍ മലമുകളില്‍ ബലിയര്‍പ്പിക്കാന്‍ പിതാവ് കൊണ്ടുപോകുന്ന മകനാണ് ഇസഹാക്ക്. ബലിയാകാന്‍ തയ്യാറായ അവന്റെ ത്യാഗത്തില്‍ സന്തുഷ്ടനായി അവനും അവന്റെ പിന്മുറക്കാര്‍ക്കും സൗഭാഗ്യങ്ങള്‍ വാഗ്ദാനം ചെയ്യപ്പെടുന്നു. എന്നാലിവിടെ ഇസഹാക്ക് എന്ന ഇത്താക്കിന്റെ ബലി പാഴാകുകയാണ്.  കറുത്തവന്റെ വിശ്വാസങ്ങളെയും ജീവിത രീതികളെയും അധിനിവേശിക്കുന്ന സായിപ്പച്ചന്‍. മാമ്മോദീസാ മുങ്ങിയാലും വെളിമ്പറമ്പുകളിലേക്ക് ഒതുക്കപ്പെടുന്ന അധ:കൃതര്‍… വെളുത്ത പുണ്യാളന്റെ പകിട്ടിനു മുന്നില്‍ തിരസ്‌കരിക്കപ്പെടുന്ന കറുത്ത പുണ്യാളന്‍. വരേണ്യതയുടെ ആധിപത്യത്തിനും പണത്തിനും കീഴ്‌പ്പെടുത്താനാവാത്ത കുഞ്ഞാടിന്റെ. അഭിമാനബോധംപോലെ പള്ളിഗോപുരത്തിന്റെ ഉയരങ്ങളില്‍ നിന്നും കുടിയിറങ്ങാതെ വെളുത്ത പുണ്യാളന് വെല്ലുവിളി ഉയര്‍ത്തുന്ന കറുത്ത പുണ്യാളന്‍.. പണമുള്ളവന്റെ വീട്ടിലെ പണിക്കൊപ്പം അവനൊപ്പം കിടക്കുക കൂടി ചെയ്യേണ്ടി വരുന്ന തൊഴിലാളി സ്ത്രീ .. പ്രതികാരം എന്ന സ്ഥിരം പാറ്റേണില്‍ നിന്ന് വ്യതിചലിച്ച കഥാന്ത്യം…  ഫ്രാന്‍സിസ് നൊറോണ എഴുതിയ ഏറ്റവും നല്ല കഥയിലൊന്ന് തൊട്ടപ്പനാകുന്നതില്‍ അത്ഭുതമില്ല.

 പ്രതികാരത്തിന്റൊ അറവു പാഠങ്ങള്‍
സ്വവര്‍ഗ്ഗ രതിയുടെ ശുക്ലം വീണ് കുഴഞ്ഞ അറവും ഇറച്ചിവെട്ടും പ്രതികാരവുമാണ് പെണ്ണാച്ചി എന്ന കഥയുടെ പ്രമേയം. ഒരു മറുകു കൊണ്ട് മാത്രം വ്യത്യാസപ്പെട്ടിരിക്കുന്ന കൗമാര പ്രായം താണ്ടുന്ന ഇരട്ടകളാണ് കഥയുടെ കേന്ദ്രബിന്ദു.  കുളക്കടവിലും ഇരുളിന്റെ നിറവിലും നാട്ടിലെ സ്വവര്‍ഗ്ഗ ഭോഗികളായ പുരുഷന്‍മാരുടെ രതികാമനകള്‍ പൂത്തു മറിയുന്നത്  മറുകില്ലാത്തവനായ പെണ്ണാച്ചിയിലാണ്. മറുകുള്ളവനാകട്ടെ വീടിന് അത്താണിയാകുമെന്ന് അമ്മയുറപ്പിച്ച, പത്താം ക്ലാസ് ഉശിരോടെ പാസാകുമെന്ന് നാട്ടുകാര്‍ നിനച്ച വീടിന്റെ കണ്ണിലുണ്ണി. അവന്റെ മരണം കൊലപാതകമാണെന്ന സത്യം മറുകില്ലാത്തവന്‍ മാത്രമറിഞ്ഞു. ആ സത്യത്തിന്റെ് പൊള്ളലിന് പകരം വീട്ടാനാണ് ചക്കര എന്ന പെണ്ണാച്ചി അറവ് പഠിക്കുന്നതിന് അറുപ്പാന്‍ ജോര്‍ജിന്റെ ഇംഗിതങ്ങള്‍ നിറവേറ്റിക്കൊടുക്കുന്നത്.  

ചിറയില്‍ കുളിക്കുമ്പോ ചക്കരയുടെ തോര്‍ത്തിന്റെ ഇടയില്‍ കൈയ്യിട്ടാലോ അവനെ ഭോഗിച്ചാലോ തീരുന്ന ഒന്നായിരുന്നില്ല ജോര്‍ജിന്റെ കാമം. അത് ചക്കരയിലും , കെട്ട്യോന്‍മാരറിയാതെ കള്ളത്തീറ്റി തിന്നാന്‍ കൊടുക്കുന്ന പെണ്ണുങ്ങളിലും, അറുക്കാന്‍ കൊണ്ടുവരുന്ന മൃഗങ്ങളിലും പതഞ്ഞൊഴുകി. ആണുങ്ങള്‍ക്ക് കിടന്നു കൊടുക്കുന്നതിന് മറുകുള്ളവന്‍ അവനോട് കലമ്പിക്കൊണ്ടേയിരുന്നു. അവന്‍ മരിച്ചതിനു ശേഷം, ആണുങ്ങള്‍ അര്‍മ്മാദിക്കുന്നിടത്ത് മുളകരച്ച നീറ്റലും പുറംപൊളിയുന്ന വേദനയും പെണ്ണാച്ചി കടിച്ചു സഹിക്കുന്നത് മറ്റൊന്നിനുമായിരുന്നില്ല. ബലമായി സ്വന്തം ആനന്ദം അനുഭവിച്ചതിനുശേഷം തന്റെ ഇരട്ടയെ ചിറയിലെ ചേറിലേക്ക് ജീവനോടെ ചവിട്ടിത്താഴ്ത്തിയ കാലുകള്‍ കണ്ടെത്തുക എന്നതില്‍ കവിഞ്ഞ് മറ്റൊരു കാര്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാനാവാതെ ആ പത്താംക്ലാസുകാരന്‍ വേവുകയാണ്. ജലത്തില്‍ ആഴത്തില്‍ മുക്കിപ്പിടിക്കപ്പെട്ടവന്‍ ശ്വാസത്തിനെന്ന പോലെ അവന്‍ പ്രതികാരത്തിനായി പുളയുന്നു.  ആണും പെണ്ണും കെട്ട ആ ഏര്‍പ്പാട് അവസാനിപ്പിക്കുവാന്‍ മരണപ്പെട്ടവന്‍ നിരന്തരം ശാസിക്കുന്നു. കൊലപാതകിയെ കണ്ടെത്താനുള്ള ഒരേയൊരു വഴിയതാണെന്ന് പെണ്ണാച്ചി അവന്റെ വായടപ്പിക്കുന്നു. തന്റേത് മുങ്ങിമരണം ആണെന്ന അവന്റെ  വാദത്തെ മൃതദേഹം കുളിപ്പിക്കാനെടുത്ത ജോര്‍ജ് നല്‍കുന്ന സൂചനയാല്‍ പെണ്ണാച്ചി തടുക്കുന്നു. സത്യമറിയുന്ന പെണ്ണാച്ചിയില്‍ നിന്ന് ഒരു ഒഴിഞ്ഞുമാറല്‍ അസാധ്യമായതോടെ കൊലപാതകിയിലേക്ക് നീളുന്ന നിര്‍ണായക വിവരം അവന്‍ കൈമാറുന്നു. അവനില്‍ നിന്ന് വീണുകിട്ടിയ ഒരേയൊരു വാക്കിന്റെ കൊളുത്തെറിഞ്ഞ് ഇരയെ കുടുക്കി പെണ്ണാച്ചി പ്രതികാരം നിറവേറ്റുന്നു.

ആരെയാണവന്‍ അറവുമാടിനെപ്പോലെ അറുത്ത് തോലെടുക്കുന്നതെന്ന്, ആരുടെ മാംസമാണ് അവന്‍ കറിക്കും സൂപ്പിനുമെന്ന പോല്‍ പൊതിയാക്കുന്നതെന്ന് കണ്ടു പിടിക്കാന്‍ തുടക്കം മുതലേ ഫ്രാന്‍സിസ് നൊറോണ കഥയില്‍ സൂചനകള്‍ തിരുകുന്നു. പള്ളിമുറ്റവും, കറുത്ത ശവക്കല്ലറയും, കുശിനിയുടെ പിന്നാമ്പുറവും, നീണ്ട കുപ്പായവും, പഴകിയ വീഞ്ഞും, പതിഞ്ഞ സ്വരത്തിലിളകുന്ന അരൂപിയും, പള്ളിമേടയിലെ പൂട്ടിയിട്ട മുറിയും, പുത്തനച്ചനുമായി അവ വായനക്കാരോട് സാറ്റ് കളിക്കുന്നു. സഭാവിശ്വാസം പോലെ സെമിനാരി ജീവിതത്തില്‍ നിന്ന് തന്നില്‍ പകര്‍ന്നു കിട്ടിയ ആസക്തി നിറയുമ്പോള്‍, അരൂപി ഇളകുന്ന വികാരിയച്ചനാണ് കഥയിലെ വില്ലന്‍. മദറിന്റെ കബറിടം തുറന്നെടുക്കുന്ന സാറ്റിന്‍ തുണിയില്‍ പൊതിഞ്ഞ തിരുശേഷിപ്പ് വികാരിയച്ചന്റെ വികാരങ്ങളായിരുന്നു എന്ന് ഒരിക്കലും നാട്ടുകാര്‍ അറിയുന്നില്ല.

പള്ളി മുറ്റത്തെ തഴച്ച പുല്ലില്‍ മേയുന്ന അറവുമാട്, ഒരു പക്ഷേ പള്ളിയിലെ അള്‍ത്താര ബാലനായിരിക്കാമായിരുന്ന മറുകുള്ളവന്‍ തന്നെയാണ്. പളള നെറയെത്തീറ്റിച്ച്, നാലുവശവും അനങ്ങാനാവാത്ത വിധം കെട്ടിയിട്ട് മൃഗരതി നടത്തി ആ രതിമൂര്‍ഛ അടങ്ങുന്നതിനു മുന്‍പ് മാടിനെ കൊന്നു തീര്‍ക്കുന്ന അറവുകാരന്‍  വികാരിയച്ചനും. ആശങ്കകളേതുമില്ലാതെ വികാരിയച്ചന്റെ അരികിലെത്തിയ ഇരട്ടയെ സ്ഥിരമായി തനിക്കു വഴങ്ങുന്നവനാണെന്ന് അച്ചന്‍ നിനക്കുന്നു.  ആ തെറ്റിധാരണയില്‍ ബലമായി അവനെ പ്രാപിക്കുകയും, അതിന്റെ ആവേശമടങ്ങുന്നതിനു മുന്‍പ് ആളുമാറിയതറിഞ്ഞ് ജീവനോടെ ചിറയില്‍ ചവിട്ടിത്താഴ്ത്തുകയും ചെയ്യുകയാണയാള്‍. തന്റെയ ഇരട്ടയുടെ  കൊലപാതകം അതിന്റെത എല്ലാ വിശദാംശങ്ങളോടെയും ആവര്‍ത്തിക്കുകയാണെന്നറിയാതെ അറവുകാരന്‍ ജോര്‍ജിന്റെ പരാക്രമങ്ങള്‍ ഒളിച്ചിരുന്നു കാണുന്നുമുണ്ട് പെണ്ണാച്ചി. വളളിപുള്ളി വിടാതെ ആവര്‍ത്തിക്കുന്ന കൊലപാതകം. ഒരു വ്യത്യാസം മാത്രം, മൃഗത്തിനു പകരം മനുഷ്യന്‍.

പ്രതികാരവും ആണ്‍രതിയും കെട്ടുപിണയുകയാണ് പെണ്ണാച്ചിയില്‍. ആണ്‍കുട്ടികളുടെ കൗമാരം എത്രമേല്‍ ദയനീയമാണെന്ന് കഥ നമ്മോടു വിതുമ്പുന്നു.  പുരുഷന്‍മാര്‍ നീന്തുന്ന ചിറയിലും, സംസ്‌കാരം പിച്ചവെക്കുന്ന പള്ളിക്കൂടങ്ങളിലും, അരൂപികള്‍ നീന്തുന്ന പള്ളിമേടകളിലും അവരുടെ അദൃശ്യമാക്കപ്പെട്ട കണ്ണീര്‍ വീണുറയുന്നുണ്ടാവും. അഗ്‌നി വര്‍ഷം കൊണ്ട് എരിയിച്ചു കളഞ്ഞാലും സോദോംഗൊമോറകള്‍ക്ക് പുത്തന്‍ പാഠങ്ങള്‍ രചിച്ചുകൊണ്ടേയിരിക്കുന്ന ബാലരതി ഏറെ ചര്‍ച്ച ചെയ്യുന്ന കാലമാണിത്. ഒരുപക്ഷേ ആണിന്റെ0 കൗമാരത്തില്‍ അത് തീര്‍ത്തും സാധാരണം എന്ന് ഒരു പരിധി വരെ ആളുകള്‍ കരുതുന്നുണ്ടാവാം. പെണ്‍കുഞ്ഞുങ്ങളുടെ പീഢനത്തിനെപ്പോല്‍ അത്രമേല്‍ രൂക്ഷമായി അത് ചര്‍ച്ച ചെയ്യപ്പെടാത്തതിനു കാരണങ്ങളിലൊന്ന് അത്തരത്തില്‍ കരുതപ്പെടുന്ന അതിസ്വാഭാവികതയാവാം. മറ്റൊന്ന് വിത്ത് നിക്ഷേപിക്കേണ്ട പെണ്‍ശരീരത്തിന്റെ പവിത്രതയും ലൈംഗികതയും തമ്മില്‍ ബന്ധിപ്പിക്കുന്ന പൊതു മനോഭാവവും. പുക്കിളിനും മുട്ടിനുമിടയില്‍ വീണുപോകാവുന്നതോ കറപുരളാവുന്നതോ ആയ മാനവും അഭിമാനവും കൊണ്ട് നടക്കേണ്ട ബാധ്യത ആണിന്റേതല്ലാതാവുന്നു. അതുകൊണ്ടാവാം പെണ്ണാച്ചിയേല്‍ക്കുന്ന പീഢനങ്ങളറിയുന്ന സമൂഹത്തിന്റെയ പ്രതികരണം ഒരു അശ്ലീലമായ ഊറിച്ചിരി പോലെ പതിഞ്ഞ് പോവുന്നത്.

അനുധ്യാനം
വായനക്കാര്‍ക്കായി തന്റെറ കഥകളില്‍ പദപ്രശ്‌നങ്ങള്‍ ഒരുക്കുകയാണ് നൊറോണ. അവയുടെ പൂരണത്തിന്  ചില സൂചനകള്‍ കഥയില്‍ ഒളിപ്പിച്ച് ഒരു കണ്ണുപൊത്തിക്കളിയുടെ കൗതുകം ഇദ്ദേഹം കഥകളില്‍ നിറക്കുന്നു. അപ്രതീക്ഷിതമായ ക്ലൈമാക്‌സാണ് കഥകളുടെ മറ്റൊരു പ്രത്യേകത. അലകും പിടിയും ചെത്താത്ത, തേച്ചുമിനുക്കാത്ത ഭാഷ കഥകളിലെ വികാരങ്ങളെ തീക്ഷ്ണമായി അനുഭവിപ്പിക്കുന്നു. ആര്‍ത്തിരമ്പുന്ന വികാരവിക്ഷോഭങ്ങള്‍ക്ക് ഇടിവാളുപോലെ  അനുരൂപമായ ഭാഷ. നമ്മുടെ ചില ബോധ്യങ്ങള്‍ക്ക്് മേലെ കൊയ്ത്തരിവാളായി അത് വീഴുന്നുമുണ്ട്.

പ്രണയമൊഴിഞ്ഞ രതിയാണ് ഫ്രാന്‍സിസ് നൊറോണയുടെ കഥകളില്‍ നിറയുന്നത്. ചേറിക്കൊഴിക്കുമ്പോള്‍ പ്രണയം ഒരു കള്ള നാണയമാകുകയും രതി മാത്രം ഉണ്മയാവുകയും ചെയ്യുന്ന ജീവിതങ്ങള്‍. അവ നിറയുന്ന നാട്ടിന്‍പുറങ്ങളുടെ വാതില്‍പ്പുറ സെല്‍ഫികള്‍ പോലെയാണ് നൊറോണയുടെ കഥകള്‍. മൈഥുനങ്ങളും അവയുടെ വാതില്‍പ്പഴുത് നോട്ടങ്ങളും സവിശേഷതയോടെ കൂട്ടിപ്പിണയിച്ച് ദൃശ്യഭാഷയ്ക്ക് വാങ്മയം ചമക്കുന്ന പ്രത്യേകതയില്‍ കഥകള്‍ കെട്ടിയുണ്ടാക്കിയിട്ടുണ്ട്.  ആഖ്യാനരീതിക്ക് ഉടവ് തട്ടാതെ  രതിയുടെ വിവിധഭാവങ്ങളും നിലകളും രീതികളും അവയില്‍ വിളക്കിച്ചേര്‍ത്തിരിക്കുന്നു. കെട്ടഴിക്കപ്പെട്ട രതിയുടെ ഊര്‍ജ്ജമാണ്  നൊറോണയുടെ കഥാപാത്രങ്ങളുടെ ശക്തിയും ദൗര്‍ബല്യവും. രതിയില്‍ പുളയുന്ന മനുഷ്യരുടെ പച്ചയായ കാമക്രോധമോഹങ്ങളെ ആവിഷ്‌കരിക്കുമ്പോള്‍ അത് വഴുതി ആഭാസമോ, അശ്ലീലമോ ആവാത്ത വിധമുള്ള കൈയ്യൊതുക്കം ഈ പുതുമുഖക്കാരന് സഹജമായുണ്ട്.

നഗരങ്ങളിലെ ജാഡകള്‍ തീണ്ടാത്ത തീരദേശപ്രദേശങ്ങളിലെ സാധാരണ മനുഷ്യരാണ് ഇദ്ദേഹത്തിന്റെ സ്ഥിരം കഥാപാത്രങ്ങള്‍. അവരുടെ അതിസാധാരണങ്ങളായ വികാരവിചാരങ്ങള്‍ ചിത്രീകരിക്കുന്നതിനാല്‍ ഒരുപക്ഷേ വരേണ്യതയുടെ വക്താക്കള്‍ക്ക് ഈ കഥകള്‍ ആസ്വദിക്കുവാന്‍ കഴിഞ്ഞു എന്നു  വരില്ല. സമൂഹത്തിലെ വെണ്ണപ്പാളികളുടെ കഥകളല്ലാത്തതിനാല്‍ അത്തരക്കാര്‍ക്ക് കഥയിലെ കാഴ്ചകളില്‍ കണ്‍പുളിപ്പ് അനുഭവപ്പെട്ടേക്കാം. എന്നാല്‍ ഒരു ശതമാനത്തിന്റെ വികാരങ്ങളും വിചാരങ്ങളും സാഹിത്യവും കലകളും മാത്രം കൊണ്ടാടപ്പെടേണ്ടതില്ല എന്നതിനാല്‍ കഥാകാരന് അവയൊന്നും തന്നെ പ്രതിബന്ധവും സൃഷ്ടിക്കേണ്ടതില്ല.

മനുഷ്യരുടെ ആനന്ദ തൃഷ്ണകളെ കുറിച്ചും മൃത്യു വാഞ്ചയെ കുറിച്ചും ധാരാളം പഠിക്കപ്പെട്ടിട്ടുണ്ട്. മനശാസ്ത്രാചാര്യന്മാരായ സിഗ്മണ്ട് ഫ്രോയ്ഡും ഷാക് ലക്കാനും ആ വശത്തേക്ക് വെളിച്ചം പൊഴിച്ചിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിലെ പ്രശസ്ത ഫ്രഞ്ച് സാഹിത്യകാരന്‍ ഴാങ് ഷെനെ, തന്റെ നോവലുകളിലും നാടകങ്ങളിലും സാഹിത്യത്തിന്റെ ഭംഗികള്‍ ചോര്‍ന്നു പോകാതെ തന്നെ സ്വവര്‍ഗ്ഗ രതിയെ പ്രകാശനം ചെയതിട്ടുണ്ട്. സ്വന്തം വിഷയലമ്പടത്താലും ആസക്തമായ പ്രതിപാദ്യങ്ങളാലും വിവാദനായകനായിരുന്ന പതിനേഴാം നൂറ്റാണ്ടിലെ എണ്ണപ്പെട്ട ഫ്രഞ്ച് സാഹിത്യകാരനും തത്വചിന്തകനുമായ മാര്‍ക്വീസ് ഡി സാഡേയുടെ വന്യരതിഭാവനകള്‍ നിറയുന്ന കൃതികള്‍ക്കും ശക്തമായ തത്വചിന്താ ബലമുണ്ട്.  നൊറോണയുടെ കഥകളുടെ പ്രതാപാദ്യത്തോട് അറച്ചു നില്‍ക്കുന്നതുകൊണ്ട് മാത്രം ഒരു മനോഗതിയും വരേണ്യമാകുന്നില്ല. മാനവ ധാര്‍മ്മികതയുടെ അടിസ്ഥാന പ്രമാണങ്ങള്‍ പ്രകൃതിജന്യമായവയുമല്ല. അവ സാമുഹിക ജീവിത സന്ദര്‍ഭങ്ങളില്‍ നിന്ന് ഉത്ഭവമായവയാണ്. മനുഷ്യന്‍ പഠിക്കുന്ന ജീവി കൂടിയാണ്. ഇതിനെ പുഛിച്ചു തള്ളുന്നത് വര്യേണതയാണ്. മറിച്ച് ഇതിനോട് അഭിരുചിയില്ലായ്മ പുലര്‍ത്തുന്ന  താവട്ടെ വെറും വ്യത്യസ്തത മാത്രവും. ആ വ്യത്യസ്ത ആദരണീയവുമാണ്. ഇത്തരം ജീവിത സന്ദര്‍ഭങ്ങളുടെ വിവരണം ദര്‍ശനത്തിന്റെ തലോടലേല്‍ക്കുമ്പോള്‍ മറ്റൊന്നായി മാറും, അഥവ പൊതുചിന്തക്ക് പാത്രമാവും. അങ്ങിനെ ആ കഥകളില്‍ സംഭവിക്കുന്നുണ്ടെങ്കില്‍ ഇത്തരം ചേരീപക്ഷവാദത്തിന് ഇടവുമുണ്ടാകില്ല.തുടക്കകാരന്‍ എന്ന് വായനക്കാര്‍ക്ക് തോന്നാത്തവിധം ചുരുങ്ങിയ കഥകള്‍ കൊണ്ട് വായനക്കാരുടെ മനസിലേക്ക് നേരിട്ട് റാസ  ചൊല്ലിക്കയറുകയാണ് ഫ്രാന്‍സിസ് നൊറോണ. അഞ്ച് കഥകള്‍ കൊണ്ട് ഒരു എഴുത്തുകാരന്‍ വായന സമൂഹത്തിന് മുന്നില്‍ പൂര്‍ണ്ണമായി വെളിപ്പെടണമെന്നില്ല. എന്നാല്‍ എഴുത്തിനെ ഗൗരവമായി കാണുന്നുണ്ടെങ്കില്‍ നൊറോണ നടന്നു വന്നിരുന്ന വഴികളില്‍ നിന്ന് വ്യതിചലിക്കാന്‍ കൂടി സന്നദ്ധനാകേണ്ടതുണ്ട്. രതിക്കും പ്രതികാരത്തിനും പുറമേയുള്ള വിഷയങ്ങളും സ്വന്തം തട്ടകത്തിന് പുറത്തുള്ള ഭൂമികയും അദ്ദേഹം സ്വാംശീകരിക്കേണ്ടതുണ്ട്. അദ്ദേഹത്തിന്റെ പ്രദക്ഷിണ വഴിയിലെ ശില്‍പ ഭംഗി നിറഞ്ഞ പുതുപൂക്കളുടെ നിറവും മണവും ആസ്വദിക്കാന്‍ അനുവാചകര്‍ക്ക് ആകാംക്ഷയുണ്ടാവും. അവ ശമിപ്പിക്കുന്ന രീതിയില്‍ കഥാകാരം ചമക്കുക എന്നത് വെല്ലുവിളിയായിത്തന്നെ അദ്ദേഹം സ്വീകരിക്കേണ്ടതുണ്ട്. എഴുത്തിന്റെ വഴിയിലെ  പ്രകമ്പനാത്മക യാത്രകള്‍ക്ക് അദ്ദേഹം തയ്യാറെടുക്കേണ്ടതുമുണ്ട്.

എസ് ഹരീഷ്, വിനോയ് തോമസ് തുടങ്ങിയ യുവകഥാകാരന്മാാരുടെ നിരയിലേക്ക് ഇനി ഫ്രാന്‍സിസ് നൊറോണയും. അതേ, ഏതാനും പുതിയ എഴുത്തുകാരാല്‍ നിലവിലെ ചെറുകഥാലോകം ആകര്‍ഷകമാകുക തന്നെയാണ്. എല്ലാം ഇരുളടഞ്ഞു എന്ന് വിലപിക്കുന്നവര്‍ക്കു മിന്നല്‍ക്കൊടിയുടെ  വെളിച്ചം പോലും ധാരാളം. നൊടിനേരം കൊണ്ട് ആ പുതുവെളിച്ചം മലയാള ചെറുകഥയെ പൂത്തുലയിപ്പിച്ച് പുത്തനും ചെറുപ്പവുമാക്കുമ്പോള്‍ അതിന്റെ പ്രയാണം പ്രത്യാശാഭരിതം തന്നെയാണ്.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍