UPDATES

വായന/സംസ്കാരം

തോക്കിനു പകരം പുസ്തകം കൈയിലെടുക്കട്ടെ; ആദിവാസി ഭാഷയായ ഗോണ്ടിയില്‍ നിഘണ്ടു തയ്യാറാകുന്നു

മൂവായിരത്തോളം വാക്കുകള്‍ ഉള്‍ക്കൊള്ളിച്ചാണ് ഗോണ്ടി ഭാഷയില്‍ നിഘണ്ടു തയ്യാറാക്കുന്നത്

ഗോണ്ടി ഭാഷയിലെ ആദ്യ നിഘണ്ടു തയ്യാറാകുന്നു. രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലായി പന്ത്രണ്ട് മില്യണ്‍ ആദിവാസികള്‍ സംസാരിക്കുന്ന ഭാഷയാണ് ഗോണ്ടി. ഇന്ദിര ഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ആര്‍ട്‌സാണ് മൂവായിരത്തോളം ഗോണ്ടി വാക്കുകള്‍ ചേര്‍ത്ത് നിഘണ്ടു തയ്യാറാക്കാനുള്ള ഉദ്യമത്തിന് നേതൃത്യം കൊടുക്കുന്നത്.

ചത്തീസ്ഗഢ്, മഹാരാഷ്ട്ര, ഒറീസ, ആന്ധ്രാപ്രദേശ്, തെലുങ്കാന, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ഈ ഭാഷ സംസാരിക്കുന്നുണ്ട്. എന്നാല്‍ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കൊണ്ടും പ്രാദേശിക ഭാഷയുടെ സ്വാധീനം കൊണ്ടും ഓരോയിടത്തുമുള്ള ഗോണ്ടിയില്‍ ചില വ്യത്യാസങ്ങളൊക്കെ ഉണ്ടാകാം. ഇത് മൂലം രണ്ട് സംസ്ഥാനത്തുള്ളവര്‍ തമ്മിലുള്ള ആശയവിനിമയം തന്നെ പലപ്പോഴും ബുദ്ധിമുട്ടിലാകാറുണ്ട്. ഇതിനൊരു പരിഹാരം എന്ന നിലയ്ക്കാണ് ഒരു ഏകീകരണമുണ്ടാക്കാന്‍ ശ്രമിക്കുന്നത്. ഈ സമുദായത്തിനകത്തുള്ള നൂറോളം പേര്‍ കഴിഞ്ഞ നാലു വര്‍ഷമായി ഇതിനായുള്ള പ്രയത്‌നത്തിലാണ്.

മാര്‍ച്ച് 19 മുതല്‍ 23 വരെ ഡല്‍ഹിയില്‍ വെച്ചാണ് ഈ സംഘം ഏറ്റവുമടുത്ത് ഒന്നിച്ചു കൂടിയത്. വിരമിച്ച അദ്ധ്യാപകര്‍, മാധ്യമ പ്രവര്‍ത്തകര്‍, കര്‍ഷകര്‍, വനവാസികള്‍ തുടങ്ങി വിവിധ മേഖലയിലുള്ള എണ്‍പത് പേരാണ് ഭാഷയോടുള്ള കടുത്ത അഭിവാഞ്ജയുടെ പേരില്‍ മാത്രം ഒത്തുകൂടിയത്. 78 കാരനായ ഷേര്‍ സിങ് അചാലയാണ് കൂട്ടത്തില്‍ ഏറ്റവും പ്രായം കൂടിയ ആള്‍. ഡോക്ടര്‍ വിശ്രമം നിര്‍ദ്ദേശിച്ചതൊന്നും വകവെക്കാതെ അചാല മൂന്ന് മാസമായി ഇതിന്റെ പുറകെയാണ്.

ഒരാഴ്ചയൊക്കെ നീളുന്ന വര്‍ക്ക്‌ഷോപ്പുകളില്‍ അംഗങ്ങള്‍ മണിക്കൂറുകളോളം ഒരുമിച്ചിരുന്ന് ജോലി ചെയ്യുകയാണ് പതിവ്. ഒരു വാക്ക് എടുത്ത് അതിന്റെ പലയിടങ്ങളിലെ ഭാഷാഭേദങ്ങളും അര്‍ത്ഥവും പരിശോധിച്ച് പട്ടികപ്പെടുത്തുകയാണ് ചെയ്യുന്നതെന്ന് സിജിനെറ്റ് (CGNet)സ്വരയുടെ ഉപജ്ഞാതാവായ ശുഭ്രാന്‍ശു ചൗധരി പറയുന്നു. സിജിനെറ്റ് സ്വര ആദിവാസികള്‍ക്ക് തങ്ങളുടെ പ്രാദേശിക വാര്‍ത്തകളും സംഭവങ്ങളും പങ്കുവെക്കാന്‍ സഹായിക്കുന്ന ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലാണ്. അവരാണ് ഈ നിഘണ്ടു പദ്ധതി തുടങ്ങി വെച്ചത്.

2004 ല്‍ ബിബിസി യിലെ മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ച് ചൗധരി ജന്മദേശമായ ചത്തീസ്ഗഢിലെത്തിയതിന് ശേഷമാണ് ഈ സംരംഭത്തിന് തുടക്കമിടുന്നത്. െ്രെടബല്‍ വെല്‍ഫെയര്‍ സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ഗോണ്ട് സമുദായത്തില്‍ പെട്ട ഒരുപാട് സഹപാഠികളുണ്ടായിരുന്നെന്നും, ജോലിയുടെ ഭാഗമായി പിന്നീട് നാട്ടിലെത്തിയപ്പോള്‍ അവരില്‍ പലരും ആയുധമെടുത്ത് മാവോയിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നതായി കണ്ടെന്നും ചൗധരി പറയുന്നു. ”ആ പ്രദേശത്ത് മാവോയിസ്റ്റാകുന്ന തൊണ്ണൂറ്റൊമ്പത് പേരില്‍ തൊണ്ണൂറ്റെട്ടും ഗോണ്ട് സമുദായക്കാരാണെന്നും അതില്‍ തൊണ്ണൂറ് ശതമാനവും പഠനം പാതിയില്‍ നിര്‍ത്തിയവരുമാണ്. ഇതിന്റെ കാരണം വളരെ ലളിതമാണ്. അവിടെ പ്രാദേശികരായ അദ്ധ്യാപകരില്ല. ഉള്ളത് പുറത്ത് നിന്ന് വരുന്ന ഹിന്ദി സംസാരിക്കുന്നവരും.”

മാവോയിസ്റ്റുകള്‍ ആദിവാസികളുടെ കൂടെ താമസിച്ച് അവരുടെ ഭാഷ പറയുന്നു. സര്‍ക്കാരും ഗോണ്ടുകളും തമ്മില്‍ യാതൊരു ആശയവിനിമയവും നടക്കുന്നില്ല. ഏകീകൃതമായ ഒരു നിഘണ്ടു ഉണ്ടെങ്കില്‍ സമുദായത്തിനകത്ത് നിന്ന് തന്നേ അദ്ധ്യാപകരും മാധ്യമപ്രവര്‍ത്തകരും ഭരണകര്‍ത്താക്കളും ഉയര്‍ന്ന് വരുമെന്നാണ് ചൗധരിയുടെ പക്ഷം. അതോടെ അവര്‍ക്ക് പഠനം നിര്‍ത്താതെ, തോക്കെടുക്കുന്നതിന് പകരം ആള്‍ ഇന്ത്യ റേഡിയോയില്‍ ഗോണ്ടി ഭാഷയില്‍ വാര്‍ത്ത വായിക്കാമെന്നും, നക്‌സലിസത്തെ വലിയ തോതിലുള്ള ആഭ്യന്തര പ്രശ്‌നമായി കാണുന്നുണ്ടെങ്കില്‍ പരിഹാരത്തിനായി ഇതില്‍ ശ്രദ്ധ ഊന്നണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുസ്തകത്തിനൊപ്പം ഓഡിയോ നിഘണ്ടു ഇറക്കാനും ഇവര്‍ക്ക് പദ്ധതിയുണ്ട്. മൈക്രോസോഫ്റ്റുമായി സഹകരിച്ച് ഹിന്ദിയില്‍ നിന്ന് ഗോണ്ടിയിലേക്കും തിരിച്ചും തര്‍ജ്ജമ ചെയ്യുന്ന വാമൊഴി നിഘണ്ടു തയ്യാറാക്കാനുള്ള ചര്‍ച്ചകളും പ്രാരംഭഘട്ടത്തിലാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍