UPDATES

വായന/സംസ്കാരം

ഇതാ ഒരു പെരുമാള്‍ മുരുഗന്‍, നമ്മുടെ തൊട്ട് മുന്‍പില്‍; നടന്നത് സാഹിത്യത്തിന്റെ ആള്‍ക്കൂട്ടക്കൊല

‘ഭാരതീയ സംസ്കാരത്തെപ്പറ്റി’ ആവർത്തിച്ചു പറയുന്നവരാണ് ഇത് ചെയ്തത്. സ്ത്രീകൾക്കെതിരായ സംഭാഷണമെന്ന് പ്രചരിപ്പിച്ചവരാണ് സ്ത്രീകൾക്കും ചെറിയ കുട്ടികൾക്കുമെതിരായ ഈ ക്രൂരത ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് സാംസ്കാരിക കേരളം അറിയണം.

കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചയില്‍ വന്നിരുന്നു ബിജെപി നേതാവ് അഡ്വ. ബി ഗോപാലകൃഷ്ണന്‍ അട്ടഹസിച്ചു. ഹരീഷിനെ കയ്യില്‍ കിട്ടിയാല്‍ താന്‍ രണ്ടു പൊട്ടിക്കും എന്ന്. ടെലിവിഷന്‍ ചാനല്‍ എന്ന പൊതുമാധ്യമം ഉപയോഗിച്ച് ആള്‍ക്കൂട്ടകൊലയ്ക്കുള്ള ആഹ്വാനമായിരുന്നു അത്. നേതാവിന്റെ ആഹ്വാനം അണികള്‍ ഏറ്റെടുത്തു. പക്ഷേ കൊന്നത് കഥാകാരനെ അല്ല. അയാളുടെ നോവലിനെ.

മാതൃഭൂമിയില്‍ മൂന്നു ആഴ്ച പൂര്‍ത്തിയാക്കിയ മീശ എന്ന നോവല്‍ നോവലിസ്റ്റ് പിന്‍വലിച്ചു. എഴുത്തില്‍ നിന്നും തമിഴ് സാഹിത്യകാരന്‍ പെരുമാള്‍ മുരുഗന്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചതുപോലെ. ഇവിടെ എഴുത്തുകാരന് തന്റെ നോവല്‍ ശിശുവിനെ കൊല്ലേണ്ടിവന്നിരിക്കുന്നു.

‘പെണ്‍കുട്ടികള്‍ എന്തിനാണ് ഇങ്ങനെ കുളിച്ച് സുന്ദരിമാരായി അമ്പലത്തില്‍ പോകുന്നന്നത്? ആറു മാസം മുന്‍പ് വരെ കൂടെ നടക്കാനുണ്ടായിരുന്ന സുഹൃത്ത് ഒരിക്കല്‍ ചോദിച്ചു. ‘പ്രാര്‍ത്ഥിക്കാന്‍’ ഞാന്‍ പറഞ്ഞു. ‘അല്ല, നീ ഒന്നുകൂടെ സൂക്ഷിച്ച് നോക്ക്, ഏറ്റവും നല്ല വസ്ത്രങ്ങള്‍ ഏറ്റവും ഭംഗിയായി അണിഞ്ഞു ഏറ്റവും ഒരുങ്ങി എന്തിനാണ് പ്രാര്‍ത്ഥിക്കുന്നത്? തങ്ങള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ തയ്യാറാണെന്ന് അബോധപൂര്‍വമായി പ്രഖ്യാപിക്കുകയാണവര്‍’. ഞാന്‍ ചിരിച്ചു. ‘അല്ലെങ്കില്‍ അവരെന്താണ് മാസത്തില്‍ നാലോ അഞ്ചോ ദിവസം അമ്പലത്തില്‍ വരാത്തത്? തങ്ങള്‍ അതിന് തയ്യാറല്ലെന്ന് അറിയിക്കുകയാണ്. പ്രത്യകിച്ചും അമ്പലത്തിലെ തിരുമേനിമാരെ. അവരായിരുന്നല്ലോ പണ്ട് ഈ കാര്യത്തിന്റെ ആശാന്മാര്‍’

നോവലിലെ ഈ സംഭാഷണ ശകലമായിരുന്നു ഹരീഷിലെ എഴുത്തുകാരന് ആള്‍ക്കൂട്ടകൊല വിധിച്ച സംഘപരിവാര്‍ ഗുണ്ടകളെ പ്രകോപിച്ചത്. വൈക്കം മുഹമ്മദ് ബഷീര്‍ നേരത്തെ മരിച്ചത് നന്നായി. ഒരു ഭഗവദ്ഗീതയും കുറേ മുലകളും എന്ന കഥ എഴുതിയതിന് ബഷീറിനെ ഇവര്‍ പാക്കിസ്ഥാനിലേക്ക് നാടുകടത്തിയേനെ. ഭഗവതിയുടെ വിഗ്രഹത്തില്‍ കാര്‍ക്കിച്ചു തുപ്പുന്ന വെളിച്ചപ്പാടിനെ സൃഷ്ടിച്ച എം ടി വാസുദേവന്‍ നായരെ തൂക്കിക്കൊല്ലാന്‍ വിധിച്ചേനെ.

വര്‍ഗ്ഗീയവാദികളുടെ ഭീഷണി കാരണം നോവല്‍ പിന്‍വലിക്കുന്നതായി ഹരീഷ് മാതൃഭൂമിയെ അറിയിക്കുകയായിരുന്നു. ഫേസ്ബുക്കിലൂടെയും വാട്സാപ്പിലൂടെയും എഴുത്തുകാരനെയും കുടുംബാംഗങ്ങളേയും അപകീര്‍ത്തിപ്പെടുത്തുന്നതും ഭീഷണിപ്പെടുത്തുന്നതുമായ സന്ദേശങ്ങള്‍ അയച്ചുകൊണ്ട് സംഘപരിവാര്‍ എഴുത്തുകാരനെ സമ്മര്‍ദത്തിലാക്കുകയായിരുന്നു. ക്ഷേത്രത്തില്‍ പോകുന്ന സ്ത്രീകളെ അപമാനിച്ചു എന്നു മുറവിളികൂട്ടിയ ഹിന്ദുത്വ ഗുണ്ടകള്‍ ഹരീഷിന്റെ ഭാര്യയെയും അമ്മയെയും കുട്ടികളെയും അപകീര്‍ത്തിപ്പെടുത്തുന്ന പ്രചരണങ്ങളാണ് നവമാധ്യമങ്ങളിലൂടെ നടത്തിയത്. മരിച്ചുപോയ അച്ഛനെ പോലും അവര്‍ വെറുതെവിട്ടില്ല. ‘ഭാരതീയ സംസ്കാരത്തെപ്പറ്റി’ ആവർത്തിച്ചു പറയുന്നവരാണ് ഇത് ചെയ്തത്. സ്ത്രീകൾക്കെതിരായ സംഭാഷണമെന്ന് പ്രചരിപ്പിച്ചവരാണ് സ്ത്രീകൾക്കും ചെറിയ കുട്ടികൾക്കുമെതിരായ ഈ ക്രൂരത ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് സാംസ്കാരിക കേരളം അറിയണം.

‘എടോ ഗോപാലകൃഷ്ണാ…’, ഇങ്ങനെയല്ലാതെ എങ്ങനെ വിളിക്കണം ഈ അന്തിചര്‍ച്ച ഗുണ്ടയെ?

രാജ്യം ഭരിക്കുന്നവര്‍ക്കെതിരെ പോരാടാന്‍ തനിക്ക് ശേഷിയില്ലെന്ന ഹരീഷിന്റെ വാക്കുകള്‍ തെളിയിക്കുന്നത് ഭരണകൂടം സ്പോണ്‍സര്‍ ചെയ്യുന്ന ഹിന്ദുത്വ ഭീകരതയുടെ പൈശാചിക മുഖമാണ്. ധാബോല്‍ക്കറുടെയും ഗോവിന്ദ് പന്‍സാരയുടെയും എം എം കല്‍ബുര്‍ഗിയുടെയും ഗൌരി ലങ്കേഷിന്റെയും ജീവന്‍ കവര്‍ന്നത് നാം ഞെട്ടലോടെ കണ്ടു. യു ആര്‍ അനന്തമൂര്‍ത്തിയെയും എം ടി വാസുദേവന്‍ നായരെയും സംവിധായകന്‍ കമലിനെയും വാക്കുകള്‍ കൊണ്ട് അധിക്ഷേപിക്കുന്നതും പാക്കിസ്ഥാനിലേക്ക് പോകാന്‍ ആക്രോശിക്കുന്നതും കണ്ടു. എം എം ഹുസൈനെയും സല്‍മാന്‍ റഷ്ദിയെ ഇസ്ലാമിസ്റ്റ് തീവ്രവാദികളും നാട് കടത്തിയതും നമ്മള്‍ കണ്ടു. കവി കുരീപ്പുഴ ശ്രീകുമാറിനെ കയ്യേറ്റം ചെയ്യുന്നതും കണ്ടു. ആ കൂട്ടത്തില്‍ ഒരാളാവാന്‍ തനിക്കാവില്ലെന്ന സാധാരണ മനുഷ്യന്റെ ഭീതിയാണ് ഹരീഷിലൂടെ വെളിവാകുന്നത്.

സാഹിത്യത്തെ ആള്‍ക്കൂട്ട കൊലപാതകത്തിന് വിധേയമാക്കിയതായി ആഴ്ചപതിപ്പ് പത്രാധിപര്‍ കമല്‍റാം സജീവ് ട്വീറ്റ് ചെയ്തു. കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തിലെ ഏറ്റവും അപമാനിക്കപ്പെട്ട ദിവസമാണ് ഇതെന്നും വരാന്‍ പോകുന്നത് ഇരുളിന്റെ ദിനങ്ങളാണെന്നും കമല്‍ റാം പറഞ്ഞു.

കോഴിക്കോട് മാതൃഭൂമി ഓഫീസിലേക്ക് സംഘപരിവാര്‍ സംഘടനകള്‍ ഇന്നും മാര്‍ച്ച് നടത്തി. ഇന്നലെ തൃപ്പൂണിത്തുറയില്‍ മാതൃഭൂമി നടത്തുന്ന ആദ്ധ്യാത്മിക പുസ്തകോത്സവത്തിലേക്ക് കടന്നു കയറിയ ഹിന്ദു ഐക്യ വേദി പ്രവര്‍ത്തകര്‍ പുസ്തകം വാങ്ങാനെത്തിയവരെ പുറത്താക്കുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്യുകയുണ്ടായി. പുസ്തകോത്സവം തുടരാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ പ്രവര്‍ത്തകര്‍ മാതൃഭൂമി പത്രം കത്തിക്കുകയും ചെയ്തു.

ആര്‍എസ്എസിനെന്ത് ശബരിമലയില്‍ കാര്യം? എസ് ഹരീഷിനെ ആര്‍ക്കാണ് പേടി? നിലപാടിന്റെ പ്രശ്നമാണ്

എസ് ഹരീഷിന്റെ കഥയും സംഘപരിവാറിന്റെ സെമറ്റിക് ചിന്തകളും

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍