UPDATES

വായന/സംസ്കാരം

എന്തെഴുതിയാലും പുകഴ്ത്തുകയോ കുറ്റം പറയുകയോ ചെയ്യുന്ന വായനക്കാര്‍ക്ക് മുന്നില്‍ ഒരു പത്രാധിപര്‍ ഉയര്‍ത്തിയ വെല്ലുവിളി

കെ. ബാലകൃഷ്ണന്‍ എന്നായിരുന്നു ആ പത്രാധിപരുടെ പേര്- ഭാഗം 3

ഓണപ്പതിപ്പും മറ്റും മുന്നില്‍ കണ്ട് രചനകള്‍ നേരത്തെ തയാറാക്കി വയ്ക്കുകയും അവ പത്രാധിപന്മാര്‍ക്ക് വളരെ മുന്‍പേ എത്തിച്ചുകൊടുക്കുകയും ഒക്കെ ചെയ്യുന്ന ഉത്തരാധുനിക വിപണിയുടെ കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. എന്നാല്‍ ഇങ്ങനെയൊന്നും അല്ലാത്ത ഒരു കാലം മുന്‍പ് ഉണ്ടായിരുന്നു. രചനകളേയും കൃതികളേയും തേടി നടന്ന പത്രാധിപന്മാരുടെ കാലം. അത്തരം മഹാരഥന്മാരുടെ ഗണത്തില്‍ പെട്ട ഒരു പത്രാധിപര്‍ ഓണപ്പതിപ്പിലെ രചനകള്‍ തേടി കേരളം മുഴുവന്‍ അലഞ്ഞിരുന്നു. തെക്ക് തിരുവനന്തപുരത്ത് നിന്ന് വടക്ക് കോഴിക്കോട് വരെ നീളുന്ന സാഹിത്യ തീര്‍ഥ യാത്ര. കെ. ബാലകൃഷ്ണന്‍ എന്നായിരുന്നു ആ പത്രാധിപരുടെ പേര്. മലയാള മാസിക പത്രപ്രവര്‍ത്തനത്തില്‍ ഒട്ടേറെ നവീനതകള്‍ അവതരിപ്പിക്കുകയും പരശതം എഴുത്തുകാരെ കണ്ടെത്തി വളര്‍ത്തിക്കൊണ്ടുവന്ന് മലയാള സാഹിത്യത്തെ സമ്പുഷ്ടമാക്കുകയും ചെയ്തു കെ. ബാലകൃഷ്ണനും അദ്ദേഹത്തിന്റെ കൗമുദി ആഴ്ചപ്പതിപ്പും. ഇങ്ങനെ പത്രാധിപര്‍ കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ നടത്തിയ യാത്രകളില്‍ രസകരവും നിര്‍ണായകവുമായ എന്നാല്‍ അറിയപ്പെടാത്തതുമായ നിരവധി കാര്യങ്ങളുമുണ്ട്. അതിനെക്കുറിച്ച് മൂന്നു ഭാഗങ്ങളായി എസ്. ബിനീഷ് പണിക്കര്‍ തയാറാക്കിയ പരമ്പരയുടെ ആദ്യഭാഗങ്ങള്‍ ഇവിടെ വായിക്കാം: [ഭാഗം -1 കൊല്ലം, ആലപ്പുഴ, കൊച്ചി, കോഴിക്കോട്… ഓണപ്പതിപ്പിനുള്ള രചനകള്‍ തേടി ഒരു പത്രാധിപര്‍ നടത്തിയ യാത്രകള്‍] [ഭാഗം 2-  പത്രാധിപര്‍ തിരക്കഥ മോഷ്ടിച്ച കഥ അഥവാ ബഷീറിന്റെ മതിലുകളുടെ ജനനം]

ഭാഗം 3

ഇക്കാലത്ത് ചിത്രങ്ങളുടെ ട്രെയിലറുകള്‍ പ്രസിദ്ധീകരിക്കുന്നതുപോലെ ആകര്‍ഷകങ്ങളായ പരസ്യങ്ങള്‍ ഓണപ്പതിപ്പിനായി നല്‍കാന്‍ കെ. ബാലകൃഷ്ണന് അനുപമമായ കഴിവുണ്ടായിരുന്നു. എഴുത്തുകാരേയും ആസ്വാദകരേയും ഒരുപോലെ പ്രകോപിപ്പിക്കുകയും പ്രലോഭിപ്പിക്കുകയും ചെയ്യുന്ന പരസ്യങ്ങള്‍. ഓണപ്പരപ്പില്‍ നിരക്കുന്ന എഴുത്തുകാരുടെ പേരുകളും ശീര്‍ഷകങ്ങളും രചനാഭാഗങ്ങളും ഒക്കെ അടങ്ങുന്നതായിരുന്നു ആ പരസ്യങ്ങള്‍. കെ. ബാലകൃഷ്ണന്റെ സര്‍ഗാത്മകതയും അദ്ദേഹത്തിന്റെ ഈഗോയും ഒരുപോലെ പ്രത്യക്ഷപ്പെടുന്നതായിരുന്നു പരസ്യങ്ങളിലേറേയും.

ഒരു പരസ്യത്തില്‍ അദ്ദേഹം എഴുതി:”കൗമുദി ഓണം വിശേഷാല്‍ പ്രതിയില്‍ എഴുതാത്തവരാരും സാഹിത്യകാരന്മാരല്ല.” പല എഴുത്തുകാരേയും പ്രകോപിപ്പിച്ച പ്രഖ്യാപനമായിരുന്നു അത്. എന്നാലും അത് വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടു. അക്കുറി പി. കേശവദേവിന് കൗമുദിക്കായി ഓണപ്പതിപ്പിനായി ഒന്നും എഴുതി നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. ഈ പരസ്യം വന്നതിനുശേഷം തന്റെ പക്കല്‍ രചനകളൊന്നുമില്ലെന്ന കാര്യം കാണിച്ച് ദേവ് പത്രാധിപര്‍ക്ക് കത്തയച്ചു. ബാലകൃഷ്ണന്‍ നല്‍കിയ പരസ്യത്തെ തമാശപൂര്‍വം പരാമര്‍ശിക്കുന്നതായിരുന്നു കത്ത്.
‘കൗമുദിയില്‍ എഴുതാത്തവരാരും സാഹിത്യകാരന്മാരല്ലെന്ന് അറിഞ്ഞു. എനിക്കും ഒരു സാഹിത്യകാരനായാല്‍ കൊള്ളാമെന്നുണ്ട്. പക്ഷെ എത്രശ്രമിച്ചിട്ടും ഒന്നും എഴുതാന്‍ കഴിഞ്ഞില്ല’, ഇങ്ങനെ പോകുന്നു കത്ത്. കേശവദേവിന്റെ കഥ കിട്ടാതെ വിഷമിച്ച പത്രാധിപര്‍ ആ കത്ത് തന്നെ ഓണപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു. വായനക്കാരാവട്ടെ സാഹിത്യ സൃഷ്ടിപോലെ തന്നെ ആ കത്തിനെ സ്വീകരിക്കുകയും ചെയ്തു. 1956ല്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ഒരു കത്തും ഇത്തരത്തില്‍ കൗമുദി ഓണപ്പതിപ്പില്‍ ഇടംപിടിക്കുകയുണ്ടായി. ‘കാണം വിറ്റും കൗമുദി വാങ്ങണം’ എന്നതായിരുന്നു മറ്റൊരു പരസ്യം. കാണം വിറ്റും ഓണം ഉണ്ണണം എന്ന പഴമൊഴിയെ അദ്ദേഹം നവീകരിക്കുകയായിരുന്നു.

മലയാളികളുടെ മനസ്സിനെ സ്പര്‍ശിക്കുന്ന ഇത്തരം പരസ്യവാചകങ്ങളുടെ എഴുത്തില്‍ മാത്രമല്ല, വായനക്കാര്‍ക്കായി അത്യപൂര്‍വ മത്സരങ്ങള്‍ വരെ കെ. ബാലകൃഷ്ണന്‍ എന്ന പത്രാധിപര്‍ നടത്തി. എഴുത്തുകാരെ തിരിച്ചറിയല്‍ മത്സരമായിരുന്നു അത്. 1965-ലെ ഓണപ്പതിപ്പിലായിരുന്നു വായനക്കാര്‍ക്കായി ഇത്തരം വിചിത്രമായ മത്സരം നടത്തിയത്. അക്കുറി ഓണപ്പതിപ്പിലെ രചനകളോടൊപ്പം എഴുത്തുകാരുടെ പേരുകള്‍ നല്‍കിയിരുന്നില്ല. വായനക്കാരോട് എഴുത്തുകാരെ സ്വയം കണ്ടെത്തൂ എന്നായിരുന്ന പത്രാധിപര്‍ ആവശ്യപ്പെട്ടത്.
രചനകള്‍ക്കൊപ്പം പേര് നല്‍കാതെ ഓണപ്പതിപ്പിന്റെ മുന്‍കുറിയായി ചേര്‍ത്ത വിഷയ വിവരത്തില്‍ കുറെ എഴുത്തുകാരുടെ പേരുകള്‍ പട്ടികയായി നല്‍കിയിരുന്നു. ഇതില്‍ ആരുടെ രചനകളാണ് ഓണപ്പതിപ്പില്‍ പ്രത്യക്ഷപ്പെട്ടതെന്ന് ഭാഷയുടേയും ചിന്തയുടേയും സവിശേഷതകള്‍ കൊണ്ടു വായനക്കാര്‍ മനസ്സിലാക്കി എഴുതി അറിയിക്കണം. 100 രൂപ, 50 രൂപ, 25 രൂപ എന്നിങ്ങനെ ശരിയായി മുഴുവന്‍ എഴുത്തുകാരേയും തിരിച്ചറിയുന്ന വായനക്കാര്‍ക്ക് സമ്മാനങ്ങളും പ്രഖ്യാപിച്ചു.

മത്സരത്തെ കുറിച്ച് ‘നന്ദിപറയല്‍, മാപ്പിരക്കല്‍’ എന്ന ശീര്‍ഷകത്തില്‍ എഴുതിയ ആമുഖലേഖനത്തില്‍ പത്രാധിപര്‍ എഴുതി: ” ഈ വിശേഷാല്‍ പ്രതിയില്‍ പത്രലോകം ഇന്നോളം സങ്കല്‍പ്പിച്ചിട്ടില്ലാത്ത ഒരു പരീക്ഷണം നടത്തുന്നു. കാരണമുണ്ട്. തങ്ങള്‍ക്കിഷ്ടമുള്ള എഴുത്തുകാര്‍ എന്തെഴുതിയാലും അത് വായിക്കാതെ തന്നെ പുകഴ്ത്തി പറയുകയും ഇഷ്ടപ്പെടാത്തവര്‍ എന്തെഴുതിയാലും അത് ഇടിച്ചുതള്ളുകയും അനുവാചകരായ വായനക്കാരുടെ ഒരു പതിവായി തീര്‍ന്നിട്ടുണ്ടെന്ന് കഴിഞ്ഞ രണ്ടു വര്‍ഷങ്ങളെങ്കിലുമായി എനിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഈ ദുഷിച്ച പ്രവണതയെ നേരിടാനുള്ള മാര്‍ഗ്ഗങ്ങളെ പറ്റി ഞാന്‍ ആലോചിക്കുകയായിരുന്നു. ആദ്യം തോന്നിയ ഒരു മാര്‍ഗം ഞാന്‍ സ്വീകരിക്കുന്നു. ഒരു ലേഖനമോ കവിതയോ നാടകമോ എഴുതിയത് ആരാണെന്ന് ലേഖനത്തോടൊപ്പം പ്രസിദ്ധീകരിക്കാതിരുന്നാല്‍ വായനാഭിരുചി എങ്ങനെയായിരിക്കുമെന്ന പരീക്ഷണമാണ് ഞാന്‍ നടത്തുന്നത്’.

വൈക്കം മുഹമ്മദ് ബഷീര്‍, പി. കേശവദേവ്, എം.ടി. തകഴി, ഒ.എന്‍.വി, വയലാര്‍ തുടങ്ങിയ ഒട്ടേറെ പ്രമുഖരുടെ രചനകള്‍ ആ ഓണപ്പതിപ്പിലുണ്ടായിരുന്നു. ധാരാളം വായനക്കാര്‍ ആവേശപൂര്‍വം പങ്കെടുത്ത മത്സരത്തില്‍ ചില വായനക്കാര്‍ക്ക് മിക്ക എഴുത്തുകാരേയും കണ്ടെത്താന്‍ സാധിക്കുകയുണ്ടായി.

(അവസാനിച്ചു)

എസ് ബിനീഷ് പണിക്കര്‍

എസ് ബിനീഷ് പണിക്കര്‍

മാധ്യമ പ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, കൊച്ചിയില്‍ താമസം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍