UPDATES

വായന/സംസ്കാരം

കൊല്ലം, ആലപ്പുഴ, കൊച്ചി, കോഴിക്കോട്… ഓണപ്പതിപ്പിനുള്ള രചനകള്‍ തേടി ഒരു പത്രാധിപര്‍ നടത്തിയ യാത്രകള്‍

കെ. ബാലകൃഷ്ണന്‍ എന്നായിരുന്നു ആ പത്രാധിപരുടെ പേര്- ഭാഗം 1

ഓണക്കാലത്തേക്ക് എത്താനായി പഞ്ഞ കര്‍ക്കടകത്തിന്റെ പടി കയറാനൊരുങ്ങുകയാണ് മലയാളികള്‍. ബുധനാഴ്ച കര്‍ക്കടക മാസാരംഭം. കേരളത്തിലെ പത്രമാസികകള്‍ക്ക് ഓണം എക്കാലത്തും വിളവെടുപ്പ് കാലം തന്നെ. പത്രാധിപന്മാരും സംഘവും ഏറെ പണിപ്പെട്ട് ഓണപ്പതിപ്പുകള്‍ ഒരുക്കുന്ന തിരക്കിലാവും. ഓണപ്പതിപ്പുകളിലേക്ക് വിഭവങ്ങള്‍ ഒരുക്കുക, അതില്‍ പുതുമകളും പുതുഭാവുകത്വങ്ങളും കണ്ടെത്തുക, അവ വിപണിക്കു പറ്റിയ തരത്തിലാക്കുക തുടങ്ങിയ ഏറെ വെല്ലുവിളികള്‍ ഈ പത്രാധിപന്മാര്‍ക്കും അവരുടെ സംഘത്തിനും എക്കാലത്തും നേരിടേണ്ടി വന്നിട്ടുണ്ട്.

ഓണപ്പതിപ്പും മറ്റും മുന്നില്‍ കണ്ട് രചനകള്‍ നേരത്തെ തയാറാക്കി വയ്ക്കുകയും അവ പത്രാധിപന്മാര്‍ക്ക് വളരെ മുന്‍പേ എത്തിച്ചുകൊടുക്കുകയും ഒക്കെ ചെയ്യുന്ന ഉത്തരാധുനിക വിപണിയുടെ കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. എന്നാല്‍ ഇങ്ങനെയൊന്നും അല്ലാത്ത ഒരു കാലം മുന്‍പ് ഉണ്ടായിരുന്നു. രചനകളേയും കൃതികളേയും തേടി നടന്ന പത്രാധിപന്മാരുടെ കാലം. അത്തരം മഹാരഥന്മാരുടെ ഗണത്തില്‍ പെട്ട ഒരു പത്രാധിപര്‍ ഓണപ്പതിപ്പിലെ രചനകള്‍ തേടി കേരളം മുഴുവന്‍ അലഞ്ഞിരുന്നു. തെക്ക് തിരുവനന്തപുരത്ത് നിന്ന് വടക്ക് കോഴിക്കോട് വരെ നീളുന്ന സാഹിത്യ തീര്‍ഥ യാത്ര.

കെ. ബാലകൃഷ്ണന്‍ എന്നായിരുന്നു ആ പത്രാധിപരുടെ പേര്. മലയാള മാസിക പത്രപ്രവര്‍ത്തനത്തില്‍ ഒട്ടേറെ നവീനതകള്‍ അവതരിപ്പിക്കുകയും പരശതം എഴുത്തുകാരെ കണ്ടെത്തി വളര്‍ത്തിക്കൊണ്ടുവന്ന് മലയാള സാഹിത്യത്തെ സമ്പുഷ്ടമാക്കുകയും ചെയ്തു കെ. ബാലകൃഷ്ണനും അദ്ദേഹത്തിന്റെ കൗമുദി ആഴ്ചപ്പതിപ്പും. ഓണപ്പതിപ്പ് എന്ന ആശയത്തെ ഹൃദ്യമായ സാഹിത്യ സംഭവമായി മാറ്റിയതില്‍ കെ. ബാലകൃഷ്ണനുള്ള പങ്ക് ചെറുതല്ല. സമകാലീന ജീവിതത്തിന്റെ ഹൃദയത്തുടിപ്പുകളും അഗാധങ്ങളായ ഹൃദയഭാവങ്ങളും മനുഷ്യരുടെ ബുദ്ധിയേയും ഭാവനയേയും സ്പര്‍ശിക്കുന്ന രചനകളും അതിലുണ്ടാകണമെന്ന കാര്യത്തില്‍ അദ്ദേഹത്തിന് നിര്‍ബന്ധബുദ്ധിയുണ്ടായിരുന്നു.

ഓണക്കാലം അടുക്കുമ്പോള്‍ കെ. ബാലകൃഷ്ണന്‍ തിരുവനന്തപുരത്ത് നിന്നും യാത്ര തിരിക്കും. ജീവിതത്തെ വലിയ ആഘോഷമായി കണ്ടിരുന്ന ബാലകൃഷ്ണന് ഏറ്റവും ആനന്ദം നല്‍കുന്ന ഒന്നായിരുന്നു എഴുത്തുകാരെ തേടിയുള്ള ഈ യാത്രകള്‍. ഒരിടത്ത് ചെന്നാലും എഴുത്തുകാരോട് രചകനള്‍ നേരിട്ട് ചോദിക്കുന്ന രീതി സാധാരണഗതിയില്‍ ഈ പത്രാധിപര്‍ക്കില്ല. സ്ഥലത്തെ ഏതെങ്കിലും പ്രമുഖ ഹോട്ടലിലായിരിക്കും പത്രാധിപര്‍ തങ്ങുക. സാഹിത്യ സംവാദങ്ങളും ചര്‍ച്ചകളും വെടിവട്ടവും ആഘോഷവുമായിരിക്കും രീതി. ആ സ്ഥലത്തുള്ള എഴുത്തുകാര്‍ ഓരോരുത്തരായും സംഘമായി അവിടെയെത്തും. അല്ലെങ്കില്‍ തനിക്കടുപ്പമുള്ളവര്‍ വഴി ഓരോ സ്ഥലത്തും ഉള്ള എഴുത്തുകാരെ അവിടെയെത്തിയകാര്യം അദ്ദേഹം അറിയിക്കും.
അദ്ദേഹം വന്നത് രചനകള്‍ തേടിയാണെന്ന് എഴുത്തുകാര്‍ക്കറിയാം. ഒന്നുകില്‍ അവര്‍ നേരിട്ട് രചനകള്‍ അപ്പോള്‍ തന്നെ കൈമാറും. അല്ലെങ്കില്‍ പിന്നീട് തപാല്‍ വഴി അയച്ചുകൊടുക്കും. ഇതായിരുന്നു സാധാരണഗതിയില്‍ നടന്നിരുന്നത്. പല മുതിര്‍ന്ന എഴുത്തുകാരുടേയും വീട്ടിലെത്തി രചനകള്‍ വല്ലതും അവിടെ ഉണ്ടോയെന്ന് തിരയാനുള്ള സ്വാതന്ത്ര്യമൊക്കെ കെ. ബാലകൃഷ്ണനുണ്ടായിരുന്നു. കൗമുദിയിലെ ജീവനക്കാരനും സഹചാരിയുമായിരുന്ന കെ.എസ്. ചെല്ലപ്പനായിരിക്കും മിക്കവാറും കൂട്ട്. പി.കെ. വിക്രമന്‍ നായരേയും സി.എന്‍. ശ്രീകണ്ഠന്‍ നായരേയും ഫോട്ടോഗ്രാഫര്‍ മിനര്‍വ കൃഷ്ണന്‍ കുട്ടിയേയും പോലുള്ള ചങ്ങാതികളും പലപ്പോഴും അനുയാത്ര ചെയ്തിരുന്നു. ആദ്യമൊക്കെ സ്വന്തം വാക്‌സാള്‍ കാറിലായിരിക്കും യാത്ര. അത് വിറ്റപ്പോള്‍ ടാക്‌സിയിലും യാത്ര ചെയ്തു.

ഓണപ്പതിപ്പിനുള്ള വിഭവങ്ങള്‍ തേടി ഇറങ്ങിയാല്‍ ആദ്യം എത്തുക കൊല്ലത്തായിരിക്കും. കൊല്ലത്ത് ‘ജനയുഗ’ത്തിലെത്തി അതിന്റെ പത്രാധിപര്‍ കാമ്പിശ്ശേരി കരുണാകരനെ കാണും. പിന്നെ സി.എന്‍. ശ്രീകണ്ഠന്‍ നായര്‍, ടി.കെ. ദിവാകരന്‍, ടി.പി ഗോപാലന്‍… അങ്ങനെ നീളും കൂടിക്കാഴ്ച. അന്നു രാഷ്ട്രീയവും സാഹിത്യവും കൂടുതല്‍ ഇഴയടുപ്പമുള്ളവയായിരുന്നു. സോഷ്യലിസ്റ്റ് നേതാവായിരുന്ന കെ. ബാലകൃഷ്ണനും വ്യക്തിമുദ്ര പതിപ്പിച്ച രാഷ്ട്രീയക്കാരന്‍ തന്നെ. അവിടെ കുറച്ചു ദിവസങ്ങള്‍ തങ്ങും.

കൊല്ലത്തു നിന്നും നേരെ എത്തുക ആലപ്പുഴയിലാണ്. തകഴിയുടെ വീട്ടിലാകും ആദ്യമെത്തുക. കുറെ മണിക്കൂറുകള്‍ അവിടെ ചെലവിടും. കൗമുദി വാരികയുടെ ഓണപ്പതിപ്പില്‍ തകഴിയുടെ രചനകള്‍ സ്ഥിരമായി ഇടംപിടിച്ചിരുന്നു. തന്നെയുമല്ല, തകഴിയും സോഷ്യലിസ്റ്റ് പാര്‍ട്ടിക്കാരനായിരുന്നു. കേരള സോഷ്യലിസ്റ്റ് പാര്‍ട്ടി (കെഎസ്പി)യില്‍ ഇരുവരും ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുമുണ്ട്. ബാലകൃഷ്ണന്റെ വരവ് മുന്നില്‍ കണ്ട് കഥ നേരത്തെ തയാറാക്കിവെയ്ക്കാന്‍ തകഴി ശ്രമിച്ചിരുന്നു.

Also Read: നനഞ്ഞുപോയെങ്കിലും ജ്വാല…കെ. ബാലകൃഷ്‌ണൻ ഓർമ

ആലപ്പുഴയില്‍ നിന്നും കൊച്ചിയിലേക്കാണ് അടുത്ത യാത്ര. മേനക ജംഗ്ഷനിലെ സി വ്യൂ ഹോട്ടലായിരുന്നു കെ. ബാലകൃഷ്ണന്റെ താവളം. സോഷ്യലിസ്റ്റ് നേതാവും ബാലൃഷ്ണന്റെ ചങ്ങാതിയുമായ പ്രാക്കുളം ഭാസിയുടേതായിരുന്നു ഹോട്ടല്‍. ഇന്നത് സീ ലോഡ് ഹോട്ടലാണ്. ഇപ്പോഴുള്ള മറൈന്‍ഡ്രൈവ് ഒന്നും അന്നുണ്ടായിട്ടില്ല. ഷണ്മുഖം റോഡ് നിലകൊള്ളുന്ന സ്ഥലം വരെ കായലാണ്. സീ വ്യൂ ഹോട്ടലിന്റെ മതില്‍കെട്ടിലിരുന്നായിരുന്നു ആളുകള്‍ കായലും അതിനപ്പുറമുള്ള കടലിന്റേയും കാഴ്ചകള്‍ കണ്ടിരുന്നത്. ഇവിടെ കൊച്ചിയിലെ എഴുത്തുകാരും കലാകാരന്മാരും ഒത്തുകൂടുകയും ചര്‍ച്ചകളും വെടിവട്ടവും നടത്തുകയും പതിവായിരുന്നു.
വൈക്കം മുഹമ്മദ് ബഷീര്‍, പെരുന്ന തോമസ്, പോഞ്ഞിക്കര റാഫി, എം.കെ. സാനു തുടങ്ങി അക്കാലത്ത് കൊച്ചി നഗരത്തിലും പ്രാന്തപ്രദേശങ്ങളിലുമുള്ള പ്രമുഖരെല്ലാം സി വ്യൂവില്‍ എത്തും. രാഷ്ട്രീയക്കാരും ബാലകൃഷ്ണനെ തേടിയെത്തും. കൊച്ചിയില്‍ നിന്നും വടക്കോട്ടുള്ള യാത്രയില്‍ ഏലൂരിലെ ഫാക്ടിലും ഇരിങ്ങാലക്കുടയില്‍ ചന്ദ്രിക കേശവന്‍ വൈദ്യരുടെ വീട്ടിലും എത്തും. തുടര്‍ന്ന് കോഴിക്കോട്ടാകും അടുത്ത ലക്ഷ്യസ്ഥാനം. എഴുത്തുകാരുടേയും സാംസ്‌കാരിക പ്രവര്‍ത്തകരുടേയും ഇപ്പോഴത്തെ പ്രധാന കേന്ദ്രങ്ങളിലൊന്നായ തൃശൂരില്‍ പക്ഷെ ബാലകൃഷ്ണന്‍ രചനകള്‍ക്കായി കാര്യമായി തങ്ങിയതായി അദ്ദേഹത്തിന്റെ ജീവചരിത്രകാരന്മാരാരും രേഖപ്പെടുത്തിയിട്ടില്ല.

കോഴിക്കോട്ട് എത്തിയാല്‍ ഹോട്ടല്‍ അളകാപുരിയാണ് ബാലകൃഷ്ണന്റെ കേന്ദ്രം. എം.ടി വാസുദവന്‍ നായര്‍, എന്‍.പി മുഹമ്മദ്, പട്ടത്തുവിള കരുണാകരന്‍, തിക്കോടിയന്‍ തുടങ്ങി അവിടത്തെ പ്രമുഖരെല്ലാം ബാലകൃഷ്ണനെ തേടിയെത്തും. ചിലപ്പോള്‍ പട്ടത്തുവിളയുടെ വീട്ടിലും ബാലകൃഷ്ണന്‍ താമസിക്കും. വലിയ സുഹൃദ്‌സമാഗമമായിരിക്കും അവിടെ നടക്കുക. ബാലകൃഷ്ണന്റെ കോഴിക്കോടന്‍ സംഗമത്തെ കുറിച്ച് എം.ടി. ഒരു കത്തില്‍ ഇങ്ങനെ കുറിക്കുന്നു:
”കെ. ബാലകൃഷ്ണനെ ആദ്യം കാണുന്നത് കോഴിക്കോട്ട് വെച്ചാണ്. മാതൃഭൂമിയില്‍ ചേര്‍ന്നശേഷം. അദ്ദേഹം രണ്ടു കാറില്‍ സുഹൃത്തുക്കളേയും കൂട്ടി കോഴിക്കോട്ട് വന്നതാണ്. എഴുത്തുകാരെ കാണാന്‍. ഓണപ്പതിപ്പിന്റെ ഒരുക്കം. പട്ടത്തുവിളയുടെ വീട്ടില്‍ വെച്ചാണ് ആദ്യം കാണുന്നത്. ദീര്‍ഘകാലത്തെ പരിചയമുള്ളതുപോലെ സംസാരിച്ചു. ആ സംഘത്തില്‍ പി.കെ വിക്രമന്‍ നായര്‍, പി.സി സുകുമാരന്‍ നായര്‍, പഴവിള രമേശന്‍, സി.എന്‍ ശ്രീകണ്ഠന്‍ നായര്‍ തുടങ്ങിയവരുണ്ടായിരുന്നു. അടൂര്‍ ഭാസിയും ഉണ്ടായിരുന്നുവെന്ന് തോന്നുന്നു. അടുത്ത ചില വര്‍ഷങ്ങളിലും ഓണപ്പതിപ്പുനുവേണ്ടി അദ്ദേഹവും സംഘവും വന്നു. ഓണപ്പതിപ്പിന്റെ കാര്യം അദ്ദേഹം സംസാരിച്ചുകേട്ടിട്ടില്ല. അളകാപുരിയിലെ രണ്ട് കോട്ടേജുകളില്‍ ധാരാളം സുഹൃത്തുക്കളും ആരാധകരും വന്നുപോയ്‌ക്കൊണ്ടിരുന്നു. ഞാനും പോയി കണ്ടിരുന്നു. സംഘത്തിന്റെ ഒരു മുഴുവന്‍ അംഗമായിട്ടല്ല എന്നും എനിക്ക് തോന്നിയിരുന്നു. അതുകൊണ്ട് ആരാധനാഭാവത്തില്‍ ഒതുങ്ങിയിരിക്കും കുറച്ചു സമയം. ആയിടയ്ക്കു വന്ന എന്റെ കഥയേയോ പുസ്തകത്തേയോ പറ്റി കൂട്ടത്തില്‍ അദ്ദേഹം ചില നല്ല വാക്കുകള്‍ പറയും, മുറിയില്‍ ബഹളമില്ലാത്തപ്പോള്‍ എന്നോട് മാത്രമായി. അതുമതിയായിയായിരുന്നു സ്വയം എനിക്കാഘോഷിക്കാന്‍.”

വൈക്കം മുഹമ്മദ് ബഷീറിനെ കൊച്ചിയില്‍ വച്ചും പിന്നീട് അദ്ദേഹം കോഴിക്കോട്ടേക്ക് താമസം മാറ്റിയതിനുശേഷം അവിടെ എത്തിയും സന്ധിച്ചിട്ടുണ്ട്. ഇത്തരം യാത്രകള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ പിന്നെ നേരിട്ട് മടക്കമാണ്. കൈയില്‍ കൗമുദിയുടെ ഓണപ്പതിപ്പ് കനപ്പെട്ടതാക്കാനുള്ള പ്രമുഖരുടെ രചനകളുമായി. അതിനിടെ കൊല്ലം മയ്യനാട്ടെ തറവാട്ട് വീട്ടില്‍ ഏതാനും ദിവസം തങ്ങും.

നാളെ: പത്രാധിപര്‍ തിരക്കഥ മോഷ്ടിച്ച കഥ അഥവാ ബഷീറിന്റെ മതിലുകളുടെ ജനനം

എസ് ബിനീഷ് പണിക്കര്‍

എസ് ബിനീഷ് പണിക്കര്‍

മാധ്യമ പ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, കൊച്ചിയില്‍ താമസം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍