UPDATES

വായന/സംസ്കാരം

ആനന്ദ നിരാസങ്ങള്‍; കാമാഖ്യ വായിക്കുമ്പോള്‍

മാർക്കറ്റിലുള്ള നോവലുകളെപ്പോലെ പഴമയെപ്പുകഴ്ത്തുകയോ അതിലെ എലിമെന്റുകളെ നിലവിലെ രാഷ്ട്രീയാന്തരീക്ഷത്തിലേക്ക് വിളക്കുകയോ ചെയ്യുന്നില്ല പ്രദീപ് ഭാസ്കര്‍

ഭാരതീയ ചിന്താപദ്ധതികളെ ഫിക്ഷനിൽ അവതരിപ്പിക്കുന്നത് പുതുമയല്ല. പുരാണങ്ങളുടെ, മിത്തുകളുടെ പുനരാഖ്യാനവും പല ഭാഷകളിൽ വന്നിട്ടുണ്ട്. പക്ഷെ കഥ പറയുന്നെന്ന വ്യാജേന, ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തെ മുതലാക്കി പുരാണങ്ങൾ അടിസ്ഥാനമാക്കിയുള്ള ഫാന്റസി സീരീസുകൾ പടയ്ക്കുന്നത് ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തിൽ സാധാരണമായിട്ടുണ്ട്. ദിനംപ്രതി ദിവ്യവ്യക്തിത്വങ്ങൾ പ്രത്യക്ഷപ്പെടുന്ന പൊതുരംഗവും പതിയെപ്പതിയെ രാഷ്ട്രീയത്തിൽ ആത്മീയത എന്ന പേരിൽ മേൽക്കൈ നേടിക്കൊണ്ടിരിക്കുന്ന വലതുപക്ഷ ചിന്താഗതിയും ഒരു രാഷ്ട്രീയ, സാമൂഹിക പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയുയാണ്. പ്രദീപ് ഭാസ്കറിന്റെ ‘കാമാഖ്യ’ എന്ന നോവൽ വായിക്കാനെടുത്തപ്പോൾ സന്ദേഹങ്ങൾ ഉണ്ടാകാതിരുന്നില്ല. നോവൽ പക്ഷേ തികച്ചും വേറൊരു വഴിക്കാണ് നീങ്ങുന്നത്.

കാമസൂത്ര എഴുതിയ വാത്സ്യായനൻ അതിനുമുന്നെ എന്തായിരുന്നു എന്നതിന്റെ തികച്ചും ഭാവനയിലൂന്നിയ കഥയാണ് കാമാഖ്യ പറയുന്നത്. അതിനായി കഥാകാരൻ ഒരു കാലത്തെ സാമൂഹ്യ ജീവിതക്രമത്തെ മുഴുവനായി നമുക്ക് മുന്നിൽ അവതരിപ്പിക്കുകയാണ്. മല്ലനാഗൻ എന്നായിരുന്നു സന്യാസിയായിത്തീരുന്നതിന്റെ മുന്നേ വാത്സ്യായനന്റെ പേര്. താര എന്ന, അച്ഛന്റെ സുഹൃത്തിന്റെ മകളായിരുന്നു അയാളുടെ ചെറുപ്പത്തിലെ കൂട്ട്. മല്ലനാഗൻ ഗൗതമഗുരുവിന്റെ അടുത്ത് വിദ്യയഭ്യസിക്കുകയും വാത്സ്യായനായി മാറുകയും ചെയ്യുന്ന സമയം കൊണ്ട് ഗുപ്‌തരാജാവ് രാജഗുരുവിന്റെ നിർദ്ദേശമനുസരിച്ചു താരയെ ദത്തെടുക്കുകയും കാലക്രമേണ അവർ ഗുപ്തരാജ്യത്തിന്റെ ചക്രവർത്തിനിയാകുകയും ചെയ്യുന്നു. കൊട്ടാരത്തിൽ വച്ച് താരയും മല്ലനാഗനും വീണ്ടും കണ്ടുമുട്ടുകയും അയാളുടെ നിർദ്ദേശ പ്രകാരം താര, കാമാഖ്യ എന്ന ശ്രീചക്രത്തിന്റെ ആകൃതിയിലുള്ള കൊട്ടാരനഗരം പണികഴിപ്പിക്കുകയും ചെയ്യുന്നു. ഇതോടൊപ്പം നടക്കുന്ന ഒരു കാര്യം താര വാത്സ്യായനിൽ അനുരക്തയാണെന്ന് വെളിപ്പെടുത്തുകയും, പിൽക്കാലത്തു കാമസൂത്രം എഴുതിയ അയാൾ ആ ക്ഷണം നിരസിക്കുകയും ചെയ്യുന്നതാണ്. ചെയ്യുന്ന ജോലിയിലാണ് അയാളുടെ ശ്രദ്ധ. കൊട്ടാരത്തിന്റെ പണി കഴിഞ്ഞ് അഭിഷേകവും പൂർത്തിയാകുമ്പോൾ അയാൾ കൊട്ടാരം വിട്ടുപോയി കാമസൂത്രമെഴുതുന്നതിനെക്കുറിച്ചു സൂചിപ്പിക്കുന്നുമുണ്ട്. എന്നാൽ അതിനു മുന്നേ തന്റെ ചിന്തകളെ (പ്രേമനിരാസത്തിനുള്ള കാരണത്തെ) വിശദീകരിക്കാൻ അയാൾ താരയോട് നാൽപ്പതു കഥകൾ പറയുന്നുണ്ട്. അതാണ് നോവലിന്റെ കാതൽ. ആന്ദമാർഗ്ഗത്തിലേക്കെത്താന്‍ ഉതകുന്ന അറുപത്തിനാല് കലകളുടെ സമ്മേളനമാണ് ഈ കഥകൾ, അതിൽ കാമകലകളും പെടും. കഥാകാരൻ ഇവയ്ക്കുവേണ്ടി നടത്തിയിട്ടുള്ള അന്വേഷങ്ങളും അദ്ധ്വാനവും എഴുത്തിൽ പ്രതിഫലിച്ചിട്ടുണ്ട് എന്നതാണ് വസ്തുത. ഇതിലെ പല കഥകളും നമ്മുടെ മിത്തോളജിയിലെ കഥകളോട് കിടപിടിക്കുന്ന തരത്തിലുള്ള നിലവാരം പുലർത്തുകയും ചെയ്യുന്നുണ്ട്.

നേരത്തെ സൂചിപ്പിച്ച പോലെ കഥ പറഞ്ഞുപോവുക മാത്രമല്ല ദൈനംദിന ജീവിതം, വിവിധ തുറകളിലുള്ള ജനങ്ങൾ തമ്മിലിടപഴകുന്നത് തുടങ്ങി വിശദാംശങ്ങളിൽ കഥാകാരൻ ഊന്നിയിട്ടുണ്ട്. കാമാഖ്യ നഗരത്തിന്റെ ആസൂത്രണത്തിന്റെ വിവരണമൊക്കെ ദീർഘമാണ്. ഇതുപോലെ അസംഖ്യം കഥാപാത്രങ്ങൾ നോവലിലുണ്ട്. നാൽപ്പതു കഥകളിലെ വിവരങ്ങൾ വേറെ. നോവലിന്റെ ന്യൂനതയും ഇവിടെയാണ്. ദീർഘമായ വിവരണങ്ങളും മന്ത്രതന്ത്രങ്ങളുടെ സുലഭതയും പലപ്പോഴും വായനയുടെ ഒഴുക്കിനെ ബാധിക്കുന്നുണ്ട്. ഇവ തടയില്ലാതെ വരുന്ന ഭാഗങ്ങളുണ്ട്, ഇല്ലെന്നല്ല. എന്നാൽ നാല്പതുകഥകൾ എന്ന ലക്ഷ്യത്തിലേക്കെത്താൻ വായനക്കാരൻ ആവതു പരിശ്രമിക്കേണ്ടിവരുന്നുണ്ട്. വായനക്കാരന്റെ വശത്തു നിന്ന് നോക്കിയാൽ സൗഹൃദത്തിൽ നിന്ന് കാമത്തിലേക്കുള്ള താരയുടെ പരിവർത്തനം (അവരുടെ സാഹചര്യങ്ങളുടെ അസ്വാഭാവികമാറ്റം ഇതിനെ ബാധിക്കുന്നുമില്ല, അപ്പോൾ എന്നോ മനസ്സിലുറച്ച ഒന്നാണത്), താരയും വാത്സ്യായനനും തമ്മിലുള്ള സെക്ഷ്വൽ ടെൻഷൻ, വിരക്തിയിൽ ലയിച്ച ഒരാൾ ആസക്തിയുടെ എക്കാലത്തേയും മികച്ച പുസ്തകം എഴുതാനിടയാകുന്നത് തുടങ്ങിയുള്ള പരിണാമങ്ങൾക്കു നോവലിൽ വേണ്ടത്ര ഇടമില്ല. എന്നാൽ ഭൗതികമായ മറ്റു കാര്യങ്ങൾക്ക് ഊന്നലുണ്ട് താനും (നഗര നിർമ്മാണം, യുദ്ധ തന്ത്രങ്ങൾ, നൃത്യനൃത്തങ്ങൾ, പാനീയ ഭക്ഷണരീതികൾ തുടങ്ങിയവ). നായക കഥാപാത്രം സ്വയം അതിൽനിന്നു സദാ പുറംതിരിഞ്ഞു നിൽക്കുന്നു. വിവരണങ്ങളിൽ അഭിരമിക്കുകയാണ് ദീർഘമായ ഈ നോവൽ – മന്ത്രതന്ത്രവിധികളിലും വാത്സ്യായനൻ പറയുന്ന പഞ്ചതന്ത്രരീതിയിലുള്ള കഥകളിലും താൽപ്പര്യമുള്ളവർ വായന ആസ്വദിക്കുമെന്നതിൽ തർക്കമില്ല, എന്നാൽ ഗൗരവവായനയിൽ ഇവയിൽ നല്ല ഭാഗം ദുർമ്മേദസ്സായി അനുഭവപ്പെടുന്നുണ്ട്. ഇരുനൂറോളം പേജുകൾ കഴിഞ്ഞാണ് എന്നിലെ വായനക്കാരൻ സ്വസ്ഥമായിരുന്നു വായന തുടങ്ങിയത് എന്നതുമുണ്ട്. അവിടം തൊട്ടാണ് മേല്പറഞ്ഞ കഥകൾ തുടങ്ങുന്നത്.

വിപ്ളവത്തിന്റെ ബാക്കി; കരുണാകരന്റെ ‘യുവാവായിരുന്ന ഒന്‍പതു വര്‍ഷം’ വായിക്കുമ്പോള്‍

എന്നിരിക്കിലും ഈ നോവൽ അപൂർവ്വതയാണെന്നതിൽ തർക്കമില്ല. ആദ്യമേ സൂചിപ്പിച്ചപോലെ ഈ ഒരു ഴോണറിലെ തുലോം വ്യത്യസ്തമായ കഥയും അവതരണവും ഇതിലുണ്ട്. എഴുത്തുകാരന് കൃത്യമായ പക്ഷമുണ്ട്. ആത്മീയത/മതകീയതകളിലാണ് ഊന്നൽ എന്ന് തോന്നുമെങ്കിലും. മാർക്കറ്റിലുള്ള നോവലുകളെപ്പോലെ പഴമയെപ്പുകഴ്ത്തുകയോ അതിലെ എലിമെന്റുകളെ നിലവിലെ രാഷ്ട്രീയാന്തരീക്ഷത്തിലേക്ക് വിളക്കുകയോ ചെയ്യുന്നില്ല അയാൾ (ആദ്യസന്ദേഹത്തെക്കുറിച്ചു നേരത്തെ പറഞ്ഞുവല്ലോ). ക്ഷമയോടെ വായിക്കുന്നവർക്ക് അതനുഭവപ്പെടും. വായനാനുഭവം ഓരോരുത്തർക്കും ഓരോ വിധമായിരിക്കും എന്നുമാത്രം. ഇതിലെ ഡോക്യൂമെന്റെഷനും മലയാളം/ഇന്ത്യൻ ഫിക്ഷനിൽ അനന്യമാണ്‌. ആ ഒരു പരിശ്രമത്തിന് എഴുത്തുകാരന് അഭിനന്ദനം.

കുഞ്ഞു സന്തോഷങ്ങളുടെ ശ്മശാനം; The Ministry of Utmost Happiness – ഒരു വായന

ബുക്കറിലെ വൈല്‍ഡ് കാര്‍ഡ്; Fiona Mozley-യുടെ Elmet ഒരു വായന

ഭൂപടങ്ങളിലില്ലാത്ത പ്രവാസങ്ങള്‍; ദീപക് ഉണ്ണികൃഷ്ണന്റെ ‘Temporary People’ വായിക്കുമ്പോള്‍

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഭിലാഷ് മേലേതില്‍

അഭിലാഷ് മേലേതില്‍

എഴുത്തുകാരന്‍, സോഫ്റ്റ്‌വേര്‍ എഞ്ചിനീയര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍