UPDATES

വായന/സംസ്കാരം

പെരുമാള്‍ മുരുഗനെ നമുക്കറിയാം ഷാഫി ചെറുമാവിലായിയെയോ? 11 നോവലുകളും നാല് കഥാസമാഹാരങ്ങളും വിവര്‍ത്തനം ചെയ്ത ഒരു നിര്‍മ്മാണ തൊഴിലാളിയുടെ ജീവിതം

‘അക്ഷരം വിറ്റാല്‍ അരി വാങ്ങാന്‍ പറ്റില്ലല്ലോ? അക്ഷരങ്ങള്‍ എന്റെ ജീവിതമാണ്. ഈ പണി എന്റെ അരിയുമാണ്’-ഷാഫി ചെറുമാവിലായി

‘അക്ഷരം വിറ്റാല്‍ അരി വാങ്ങാന്‍ പറ്റില്ലല്ലോ? അക്ഷരങ്ങള്‍ എന്റെ ജീവിതമാണ്. ഈ പണി എന്റെ അരിയുമാണ്’ ചെത്തിമിനുക്കിയ ചെങ്കല്ലുകള്‍ മേസ്തരിക്ക് എത്തിച്ചുകൊടുക്കുന്നതിനിടയിലാണ് മുഹമ്മദ് ഷാഫി സംസാരിച്ചത്. മുഹമ്മദ് ഷാഫി എന്ന് പറഞ്ഞാല്‍ ഒരുപക്ഷേ ആര്‍ക്കുമറിയില്ല. എന്നാല്‍ ഷാഫി ചെറുമാവിലായി എന്ന് പറഞ്ഞാല്‍ ചിലര്‍ക്കെങ്കിലും ഈ മനുഷ്യന്‍ പരിചിതനായിരിക്കും. കണ്ണൂര്‍ മുഴുപ്പിലങ്ങാടുകാര്‍ക്ക് ഇയാള്‍ ഒരു കെട്ടിട നിര്‍മ്മാണ തൊഴിലാളി മാത്രമാണ്. നേരം വെളുത്താല്‍ വര്‍ക്ക് സൈറ്റുകളിലേക്കെത്തി, മേസ്തരിയുടെ സഹായിയായി നില്‍ക്കുന്ന, അതില്‍ നിന്ന് കിട്ടുന്ന കൂലികൊണ്ട് ജീവിക്കുന്ന ഒരു സാധാരണക്കാരന്‍. പക്ഷെ സാഹിത്യ ലോകത്തിന് മറ്റൊരു ഷാഫിയെ അറിയാം. തമിഴ് സാഹിത്യം മലയാളികള്‍ക്ക് പരിചയപ്പെടുത്തുന്നവരുടെ കൂട്ടത്തില്‍ ഷാഫി ഇപ്പോള്‍ ഒന്നാംനിരക്കാരനാണ്. പത്താംക്ലാസില്‍ പഠനത്തില്‍ തോറ്റുപോയ ഷാഫി ഇന്ന് തമിഴ് സാഹിത്യലോകത്തിന്റെ പ്രിയപ്പെട്ട വിവര്‍ത്തകനാണ്. എട്ട് മണിക്കൂര്‍ പണി കഴിഞ്ഞാല്‍ പിന്നെ ഷാഫിയുടെ ലോകം അക്ഷരങ്ങള്‍ക്കിടയിലാണ്. വായന, തര്‍ജ്ജമ അങ്ങനെ പോവുന്നു ഇയാളുടെ ഒരു ദിവസത്തെ ജീവിതം. പത്താംക്ലസ്സിലെ തോല്‍വിയില്‍ നിന്ന് വിവര്‍ത്തകന്‍ ആവുന്നതിലേക്കുള്ള ദൂരം ഷാഫിയ്ക്ക് വളരെ വലുതായിരുന്നു. ‘കല്ലും തലയിലേറ്റി മരപ്പലകകള്‍ കൊണ്ടുള്ള താല്‍ക്കാലിക കോണികള്‍ കയറുന്നത് പോലെയായിരുന്നു ജീവിതവും. ചുവടുകള്‍ പിഴക്കാതെ ഏറെ പരിശ്രമിച്ച് എത്തിയതാണ് ഇത്രയും ദൂരം. പക്ഷെ ഒരു ദിവസം പണിയെടുക്കാതിരുന്നാല്‍ പട്ടിണിയാവുന്ന ഒരു ദരിദ്രനുമാണ് ഞാന്‍’ ഇരുപതോളം പുസ്തകങ്ങള്‍ ഇതിനകം മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്ത ഷാഫി ചെറുമാവിലായി തന്റെ കഥകള്‍ പറഞ്ഞുതുടങ്ങി..

പുഴയില്‍ നിന്ന് മീന്‍ പിടിച്ച് ജീവിച്ചിരുന്ന മൊയ്തീന്‍കുട്ടിയുടെ അഞ്ച് മക്കളില്‍ ഒരാളായിരുന്നു ഷാഫി. മൊയ്തീന്‍കുട്ടിയുടെ മക്കളില്‍ രണ്ട് പേര്‍ സ്‌കൂളിലേ പോയി്ടില്ല. രണ്ട് പേര്‍ ഇടക്ക് വ്ച്ച് സ്‌കൂള്‍ പഠനം ഉപേക്ഷിച്ചു. ആ കുടുംബത്തില്‍ പത്താംക്ലാസ് വരെ പഠിച്ച ഒരാളേ ഉണ്ടായിരുന്നുള്ളൂ. അത് ഷാഫിയാണ്. പക്ഷെ ഷാഫി പത്താംക്ലാസ്സില്‍ പരാജയപ്പെട്ടു. ‘വേണമെങ്കില്‍ പഠനം തുടരാമായിരുന്നു. പത്താംക്ലാസ് പഠിച്ച് പാസ്സാവാമായിരുന്നു. അന്നൊന്നും നമ്മളോട് പഠിക്കാന്‍ പറയാനോ നിര്‍ബന്ധിക്കാനോ ഒന്നും ആരുമുണ്ടായിരുന്നില്ലല്ലോ? ഉപ്പയ്ക്ക് മാത്രമേ വീട്ടില്‍ ജോലിയുണ്ടായിരുന്നുള്ളൂ. അതും കാര്യമായൊന്നുമല്ല. പൊഴേന്നൊക്കെ മീന്‍ പിടിച്ച് വിക്കുന്ന പണിയായിരുന്നു. വീട്ടില്‍ ദാരിദ്ര്യവും. ഞാന്‍ മാത്രമേ പത്താം ക്ലാസ് വരെ പോയുള്ളൂ. അത് തോറ്റപ്പോള്‍ പിന്നെ എന്തേലും ജോലി ചെയ്ത് ജീവിതം നോക്കണമെന്നായിരുന്നു.

ജോലി തേടി പതിനാറാം വയസ്സില്‍ തീവണ്ടി കയറി. ചെന്നിറങ്ങിയത് പൂനയില്‍. അവിടെ ഒരു കടയില്‍ രണ്ട് വര്‍ഷം ജോലി ചെയ്തു. പിന്നീട് നാട്ടില്‍ മടങ്ങിയെത്തി. പിന്നീട് ബാംഗ്ലൂരിലേക്കാണ് ഷാഫി തന്നെ പറിച്ച് നട്ടത്. സഹോദരിയുടെ ഭര്‍ത്താവ് നടത്തിയിരുന്ന ഒരു ചായക്കടയില്‍ സഹായിയായി അവിടെ കൂടി. ബാംഗ്ലൂരില്‍ നിന്നാണ് ഇപ്പോഴത്തെ ഷാഫി ജന്‍മമെടുക്കുന്നത്. ബാംഗ്ലൂരിലെ വിവേക് നഗറിലായിരുന്നു ചായക്കട. വിവേക് നഗര്‍ മിനിതമിഴ്‌നാട് എന്നാണ് അറിയപ്പെടുന്നത് പോലും. തമിഴര്‍ കൂടുതല്‍ താമസിക്കുന്ന ഒരു ചേരി പ്രദേശമാണത്. വായനയില്‍ പണ്ടേ താല്‍പര്യമുണ്ടായിരുന്ന, ഭാഷകള്‍ പഠിക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന ഷാഫി പതിയെ പതിയെ തമിഴ് പഠനം ആരംഭിച്ചു. ആദ്യം കേട്ടു, പിന്നെ പറഞ്ഞു, പിന്നീട് വായിക്കാനുള്ള ശ്രമമായി. ബസിന്റെ ബോര്‍ഡുകളും തമിഴ്‌സിനിമകളുടെ പോസ്റ്ററുകളുമെല്ലാം വായിച്ചാണ് തമിഴ് അറിയാനുള്ള ശ്രമം തുടങ്ങുന്നത്. പിന്നീട് അത് തമിഴിലെ ചെറു മാസികകളിലേക്കും പത്രങ്ങളിലേക്കും എത്തി. തുടര്‍ച്ചയായ ശ്രമങ്ങള്‍ ഫലം കണ്ടു. തെറ്റുകൂടാതെ തമിഴ് വായിക്കാനും എഴുതാനും ഷാഫിയ്ക്ക് കഴിയുന്ന അവസ്ഥയെത്തി. പിന്നീടാണ് പുസ്തകങ്ങളുടെ ലോകത്തേക്കുള്ള കയറ്റം. പുസ്തകങ്ങള്‍ ഷാഫിയ്ക്ക് എന്നും പ്രിയപ്പെട്ടവയായിരുന്നു. ‘ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ അന്ന് കുട്ടികള്‍ വായിക്കാന്‍ അത്ര കൂട്ടാക്കാത്ത പുസ്തകങ്ങളെല്ലാം ഞാന്‍ വായിച്ചിരുന്നു. ഖസാക്കിന്റെ ഇതിഹാസം, ഒ വി വിജയന്റെയും മുകുന്ദന്റെയും പുസ്തകങ്ങള്‍ അങ്ങനെ എല്ലാം വായിച്ചു. സ്‌കൂളിലെ മലയാള അധ്യാപകനായിരുന്നു അതിന് പ്രചോദനം നല്‍കിയത്. എട്ട്, ഒമ്പത് ക്ലാസ്സിലൊക്കെയായപ്പഴേക്കും ഞാന്‍ കുറേയധികം പുസ്തകം വായിച്ചു. 1975-78 കാലഘട്ടത്തിലാണ് അതൊക്കെ. വായനയുടെ ബലത്തില്‍ എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കുകയും ചെയ്തിരുന്നു. മാതൃഭൂമി, കലാകൗമുദി, ജനയുഗം വാരികകളെല്ലാം ഒന്നുവിടാതെ വായിച്ചിരുന്നു. ചില മാസികകളിലെ കുട്ടികള്‍ക്കുള്ള വിഭാഗത്തില്‍ എന്റെ ചില രചനകളും വന്നിട്ടുണ്ട്. അതൊന്നും വലിയ കാര്യമായിരുന്നില്ല. അന്ന് തോന്നിയിരുന്ന എന്തെല്ലോ എഴുതി. എനിക്ക് ഭാഷ പഠിക്കാന്‍ പ്രത്യേക കഴിവുണ്ട്. ഏത് ഭാഷയും പെട്ടെന്ന് വഴങ്ങും. ആ ആത്മവിശ്വാസത്തിലാണ് തമിഴ് പഠിക്കാന്‍ തീരുമാനിച്ചതും. ഇംഗ്ലീഷ് മാത്രം ഇപ്പഴും വലിയ പിടുത്തമില്ല. വായിക്കും. പക്ഷെ.. സ്വന്തം പ്രയത്‌നം കൊണ്ട് മാത്രമാണ് തമിഴ് വായിക്കാനും എഴുതാനും പഠിച്ചത്. കിട്ടുന്ന മാസികകളും പത്രങ്ങളും എല്ലാ വായിക്കും. അത്യാവശ്യം ഭാഷ വഴങ്ങിത്തുടങ്ങിയപ്പോള്‍ പുസ്തകങ്ങളും വായിക്കാന്‍ തുടങ്ങി.’

തമിഴിലേക്ക് പരിഭാഷപ്പെടുത്തിയിരുന്ന ഒരു റഷ്യന്‍കഥ താത്പര്യം തോന്നി മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്താണ് ഷാഫിയുടെ തുടക്കം. 1985ല്‍ വിവര്‍ത്തനം ചെയ്ത കഥ ജനയുഗം പത്രത്തില്‍ പ്രസിദ്ധീകരണത്തിനായി അയച്ചു. അത് പ്രസിദ്ധീകരിച്ചുവന്നു. അത് ഷാഫിയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. എന്നാല്‍ പിന്നീട് സാഹചര്യങ്ങള്‍ ഷാഫിയെ ബാംഗ്ലൂരില്‍ തുടരാന്‍ അനുവദിച്ചില്ല. വിവാഹം കഴിഞ്ഞ് ജീവിതച്ചെലവേറിയപ്പോള്‍ ഷാഫി കടല്‍ കടന്നു. പിന്നീട് മൂന്ന് വര്‍ഷം ഗള്‍ഫില്‍ നിര്‍മ്മാണ തൊഴിലാളിയായി ജോലി ചെയ്തു. ഇതിനിടയില്‍ വീണുകിട്ടുന്ന സമയങ്ങളില്‍ വായന തുടര്‍ന്നു. എന്നാല്‍ എഴുത്ത് അത്ര എളുപ്പമായിരുന്നില്ല. മൂന്ന് വര്‍ഷത്തിന് ശേഷം നാട്ടിലേക്ക് വന്ന ഷാഫി വീണ്ടും ബാംഗ്ലൂരിലേക്ക് പോയി. ഇത്തവണ ഒരു ടെക്‌സ്‌റ്റൈല്‍ ഷോപ്പില്‍ ആയിരുന്നു ജോലി. ബാംഗ്ലൂരില്‍ തുടര്‍ന്ന് ചെലവഴിച്ച പത്ത് വര്‍ഷങ്ങളാണ് ഷാഫിയുടെ ജീവിതം വീണ്ടും മാറ്റിയത്. ‘2008ലാണ് തോപ്പില്‍ മുഹമ്മദ് മീരാനെക്കുറിച്ച് പത്രത്തില്‍ ഒരു ആര്‍ട്ടിക്കിള്‍ കണ്ടത്. ആര്‍ട്ടിക്കിളില്‍ പറഞ്ഞ ഏകദേശ ധാരണ വച്ച് ഞാന്‍ അദ്ദേഹത്തിന് കത്തെഴുതി. അദ്ദേഹത്തിന്റെ കഥകള്‍ വിവര്‍ത്തനം ചെയ്യാന്‍ താത്പര്യമുണ്ടെന്ന് പറഞ്ഞാണ് കത്തെഴുതിയത്. കത്ത് ലഭിച്ചയുടന്‍ തന്റെ ‘അനന്തശയനം കോളനി’ എന്ന പുസ്തകം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ തോപ്പില്‍ സാറ് അയച്ചുതന്നു. ഒരു സംശയവുമില്ലാതെ അദ്ദേഹം ബുക്ക് അയച്ചുതന്നപ്പോള്‍ എനിക്കത് വലിയ ഊര്‍ജ്ജമായി. അത് പരിഭാഷപ്പെടുത്തിയത് പൂര്‍ണ പബ്ലിക്കേഷനാണ് പ്രസിദ്ധീകരിച്ചത്. മീരാന്റെ പുസ്തകം ആദ്യമായായിരുന്നു മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുന്നത്. പിന്നീട് അദ്ദേഹം പല പുസ്തകങ്ങളും വിവര്‍ത്തനത്തിനായി അയച്ചു തന്നു. പിന്നീട് പല എഴുത്തുകാരോടും നേരിട്ട് പുസ്തങ്ങള്‍ ചോദിച്ചു. നിരവധി കഥകള്‍ വിവര്‍ത്തനം ചെയ്ത് മാസികകളില്‍ പ്രസിദ്ധീകരിച്ചു. 2011ല്‍ കേന്ദ്രസാഹിത്യ അക്കാദമി നടത്തിയ ട്രാന്‍സ്ലേഷന്‍ വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുത്തു. അവര്‍ കുറേ വര്‍ക്കുകള്‍ ഏല്‍പ്പിച്ചു. ആദ്യം എസ് എ കന്ദസാമിയുടെ ‘വിസാരണൈ കമ്മീഷന്‍’ ആയിരുന്നു. പിന്നീട് വേറെയും പുസ്തകങ്ങള്‍ തന്നു. കഴിഞ്ഞ വര്‍ഷമാണ് പെരുമാള്‍ മുരുകന്റെ ‘അര്‍ധനാരി’യുടെ വിവര്‍ത്തനം പ്രസിദ്ധീകരിക്കുന്നത്. പെരുമാള്‍ മുരുകനെ നേരിട്ട് വിളിച്ച് പുസ്തകം ആവശ്യപ്പെടുകയായിരുന്നു. ചിന്ത പബ്ലിക്കേഷന്‍സ് ആണ് പുസ്തകം ഇറക്കിയിരിക്കുന്നത്. അതിന് ശേഷം നിരവധി പ്രസാധകരില്‍ നിന്ന് കോളുകള്‍ വരാറുണ്ട്. നമ്മളോട് ചേര്‍ന്ന് നില്‍ക്കുന്ന പുസ്തകങ്ങളാണ് കൂടുതലും വിവര്‍ത്തനം ചെയ്യാന്‍ എടുക്കാറ്. ഇപ്പോള്‍ 11 നോവലുകളും നാല് കഥാസമാഹാരങ്ങളും, ലേഖനങ്ങളടങ്ങിയ പുസ്തകങ്ങളും വിവര്‍ത്തനം ചെയ്തു.’

പക്ഷെ തന്റെ ജീവിത പ്രാരാബ്ധങ്ങള്‍ക്കും തൊഴിലിനുമിടയില്‍ വിവര്‍ത്തനം ചെയ്യാന്‍ സമയം ലഭിക്കുന്നില്ല എന്നതാണ് ഷാഫിയുടെ വിഷമം. നാല് മാസം കൊണ്ടാണ് ‘അര്‍ധനാരി’ പൂര്‍ത്തിയാക്കിയത്. എന്നാല്‍ പലപ്പോഴും അതിലേറെ സമയം പുസ്തകങ്ങള്‍ തീരാന്‍ എടുക്കുമെന്ന് ഷാഫി പറയുന്നു. ‘മഴയായാലും വെയിലായാലും രാവിലെ ഏഴ്, ഏഴരയാവുമ്പോള്‍ ഞാന്‍ വര്‍ക്ക് സൈറ്റിലെത്തും. ചിലപ്പോള്‍ പുലര്‍ച്ചെ തന്നെ എത്തും. വൈകിട്ട് മൂന്ന് മണി വരെ ജോലി ചെയ്തതിന് ശേഷം വീട്ടിലേക്ക് വരും. പിന്നെ വീട്ടിലെ അല്‍പ്പസ്വല്‍പ്പം പണികളും കുളിയും കഴിഞ്ഞ് രാത്രി രണ്ട് മണിക്കൂറേ എഴുതാന്‍ സമയം കിട്ടാറുള്ളൂ. രാത്രി ഏഴ് മണി മുതല്‍ ഒന്‍പത് മണി വരെയുള്ള സമയം എഴുത്തിനായി മാറ്റിവച്ചിരിക്കുകയാണ്. പക്ഷെ അത് പോര ശരിക്കും. പക്ഷെ എന്ത് ചെയ്യാമ്പറ്റും? മകളുടെ വിവാഹം കഴിഞ്ഞതിന്റെ എട്ട് ലക്ഷം റുപ്യ കടമുണ്ട്. പിന്നെ രണ്ട് ആണ്‍മക്കളും വലുതായൊന്നും പഠിച്ചിട്ടില്ല. ചെറിയ ജോലികളൊക്കെ ചെയ്ത് അവര്‍ ജീവിക്കുന്നു. മൂത്ത മകന്‍ വിവാഹവും കഴിച്ചു. വീട്ടിലെ കാര്യങ്ങളും അധികവും എന്റെ ചുമലില്‍ തന്നെയാണ്. പണി ചെയ്താലേ അടുപ്പില്‍ അരി വേവൂ. എഴുത്തുകൊണ്ട് കാര്യമൊന്നുമില്ലല്ലോ? അതുകൊണ്ട് വിശ്രമമില്ലാതെ പണി ചെയ്യുന്നു. സാമ്പത്തികമില്ലാത്തതുകൊണ്ട് സമയവുമില്ല എന്ന് വേണം പറയാന്‍.’

നാല്‌സെന്റിലെ മൂന്ന് മുറിയുള്ള കൊച്ചുവീട്ടിലാണ് ഷാഫിയും കുടുംബവും താമസിക്കുന്നത്. വീട്ടില്‍ ഒരു എഴുത്ത് മേശ പോലുമില്ല. ഡൈനിങ് ടേബിളിലിരുന്നാണ് എഴുത്ത്. എഴുത്ത് ലളിതമാക്കാന്‍ ലാപ്‌ടോപ്പോ കമ്പ്യൂട്ടറോ വാങ്ങണമെന്നുണ്ടെങ്കിലും അതിനൊന്നും തന്റെ കയ്യില്‍ പണമില്ല എന്ന് ഇദ്ദേഹം പറയുന്നു. നാട്ടുകാര്‍ക്ക് പോലും വലിയകാര്യമായി തന്നെ അറിയില്ല എന്നും ഷാഫി ‘സാധാരണ തൊഴിലാളിയായി വന്നും പോയും ഇരിക്കുന്ന എന്നയേ നാട്ടുകാര്‍ക്ക് അറിയൂ. പുസ്തകത്തില്‍ പേരെല്ലാം കാണും. പക്ഷെ ഞാന്‍ ആരാണെന്നൊന്നും ആര്‍ക്കും അറിയില്ല. ഷാഫി ചെറുമാവിലായി ഞാനാണെന്ന് പോലും പലര്‍ക്കുമറിയില്ല. ഞാന്‍ പബ്ലിസിറ്റി കൊടുക്കാന്‍ പോവാറുമില്ല. ഒന്നാമത്, അതിനെല്ലാം മനുഷ്യരുമായി സമ്പര്‍ക്കം വേണം, സംസാരിക്കാന്‍ ആളുവേണം. എനിക്ക് അതിനൊന്നും സമയം ഇല്ലാത്തതുകൊണ്ട്… പിന്നെ ഇത് ആര്‍ക്കും വേണ്ടി, ആരും അറിയാന്‍ വേണ്ടിയും ചെയ്യുന്നതല്ലാ.. നമുക്ക് ഇഷ്ടമുള്ള ഒരു കാര്യം നമ്മള്‍ ചെയ്യുന്നു.. അത്രേതന്നേയുള്ളൂ..’ പറഞ്ഞ് നിര്‍ത്തി ഷാഫി വീണ്ടും തന്റെ വിശ്രമമില്ലാത്ത ജീവിതത്തിലേക്ക് മുഴുകി.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍