UPDATES

വായന/സംസ്കാരം

‘പള്ളീലച്ഛൻ കുട്ടീടച്ഛനായപ്പോൾ’; ഈ കവിതയുമായി കോളേജ് മാഗസിന്‍ ഇറങ്ങില്ലെന്ന് മാനേജ്മെന്റ്; ഇറക്കുമെന്ന് എസ്എഫ്ഐ

മലങ്കര ക്രിസ്ത്യൻ സഭയ്ക്കു കീഴിലുള്ള പഴശ്ശിരാജ കോളേജിൽ പുരോഹിതരെ വിമർശിക്കാൻ പാടില്ലന്നും മാഗസിൻ പ്രസിദ്ധീകരിക്കണമെങ്കിൽ കവിത നീക്കം ചെയ്യണമെന്നുമാണ് കോളേജ് ആവശ്യപ്പെടുന്നത്

കാലിക്കറ്റ് സർവകലാശാലയ്ക്കു കീഴിലുള്ള വയനാട് ജില്ലയിലെ പ്രധാനപ്പെട്ട ക്യാംപസുകളിലൊന്നായ പുൽപ്പള്ളി പഴശ്ശിരാജാ കോളേജിലെ മാഗസിൻ പുറത്തിറക്കാൻ അനുവദിക്കാത്ത മാനേജ്‌മെന്റ് നിലപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ രംഗത്തെത്തി. 2017-2018 അധ്യയനവർഷത്തെ ‘വയറ്റാട്ടി’ എന്ന മാഗസിനാണ് ഇത്തരത്തിൽ പുറത്തിറക്കാൻ കഴിയാതെ വന്നത്. “പള്ളീലച്ചൻ കുട്ടീടച്ഛനായപ്പോൾ” എന്ന കവിത മാഗസിനിൽ ഉൾപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് ക്യാംപസിൽ വിവാദങ്ങൾക്ക് തുടക്കം കുറിച്ചത്‌. എന്നാൽ ഒരു കവിതയുടെ പേരിൽ മാഗസിന് അനുവദിക്കേണ്ട ഫണ്ട് അധ്യാപകരും മാനേജ്‌മെന്റും പിടിച്ചു വെച്ചിരിക്കുകയാണെന്നാണ് എസ്എഫ്ഐയുടെ വാദം.

മലങ്കര ക്രിസ്ത്യൻ സഭയ്ക്കു കീഴിലുള്ള പഴശ്ശിരാജ കോളേജിൽ പുരോഹിതരെ വിമർശിക്കാൻ പാടില്ലന്നും മാഗസിൻ പ്രസിദ്ധീകരിക്കണമെങ്കിൽ വിവാദത്തിനിടയാക്കിയ കവിത നീക്കം ചെയ്യണമെന്നുമാണ് കോളേജ് ആവശ്യപ്പെടുന്നതെന്ന് എസ്എഫ്‌ഐ ആരോപിച്ചു. “മാനേജ്‌മെന്റ് പറയുന്നത് പോലെ ഇത് ഒരു മതത്തെയോ ഒരു സമൂഹത്തെയോ ആക്ഷേപിക്കുന്ന ഒരു കവിത അല്ല. കൊട്ടിയൂർ പീഡനവുമായി ബന്ധപ്പെട്ട ഫാ. റോബിൻ വടക്കാഞ്ചേരിയെ മാത്രമാണ് കവിതയിൽ പരാമർശിക്കുന്നുള്ളൂ. അദ്ദേഹത്തെ അറിയാത്തവർ ആരും കേരളത്തിൽ ഉണ്ടെന്ന് ഞങ്ങള്‍ കരുതുന്നില്ല.” എസ്എഫ്ഐ പ്രവർത്തകനും മാഗസിൻ എഡിറ്ററുമായ ഷാഹുൽ ഹമീദ് പറയുന്നു.

ഈ വരുന്ന ഓഗസ്റ്റ് 16 ന് കോളേജിൽ ഇലക്ഷൻ നടക്കാനിരിക്കയാണ് ആവിഷ്കാര സ്വാതന്ത്ര്യത്തെ കുറിച്ച് വലിയ വിവാദങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്.

എന്നാൽ വർഗീയത തുലയട്ടെ എന്നു പറയുന്ന എസ്എഫ്ഐ തന്നെ കോളേജുകളിൽ വർഗീയ ധ്രുവീകരണം നടത്തുകയാണെന്ന് കെ എസ് യു വയനാട് ജില്ലാ പ്രസിഡന്റും പഴശ്ശിരാജാ കോളേജിലെ പി.ജി വിദ്യാർത്ഥിയുമായ അമൽ ജോയ് അഭിപ്രായപ്പെടുന്നു. “ആവിഷ്കാര സ്വാതന്ത്ര്യം കെ എസ് യു എന്നും സ്വാഗതം ചെയ്യുന്നു. എന്നാൽ ക്യാംപസ് മാഗസിനുകൾ എന്നും സുതാര്യമായിരിക്കണം. വർഗീയ ചുവയോടെ വിഷയങ്ങളെ സമീപിക്കാനുള്ള വേദിയല്ല ക്യാംപസ് മാഗസിനുകൾ”, അമൽ പറയുന്നു. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന നയമാണ് എസ്എഫ്ഐ പലപ്പോഴും സ്വീകരിക്കുന്നതെന്ന് അമൽ ആരോപിക്കുന്നു; “ക്യാംപസുകൾ സൗഹൃദത്തിനാണ് മുൻതൂക്കം നൽകേണ്ടത്. അനാവശ്യ കാര്യങ്ങളിലൂടെ വർഗീയ ചേരിതിരിവ് ഉണ്ടാക്കാൻ എസ്എഫ്ഐ ശ്രമിക്കുന്നു എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണിത്.” കോളേജ് ഇലക്ഷൻ മുന്നിൽ കണ്ടുകൊണ്ട് നടത്തുന്ന രാഷ്ട്രീയ പ്രേരിതമായ ഇടപെടൽ മാത്രമാണിതെന്നും മാഗസിൻ പുറത്തിറക്കണോ വേണ്ടയോ എന്നത് ചീഫ് എഡിറ്ററായ കോളേജ് പ്രിൻസിപ്പലാണ് തീരുമാനിക്കേണ്ടതെന്നും അമൽ പറഞ്ഞു.

അഭിമന്യൂവിന്റെ പേരിലിറക്കിയ കോളജ് മാഗസിൽ കാംപസ് ഫ്രണ്ടുകാർ കത്തിച്ചു

എന്നാൽ “ഇതൊരു രാഷ്ട്രീയ ലാഭത്തിനു വേണ്ടിയുള്ള വിഷയമല്ല. എഡിറ്റോറിയൽ ബോർഡിൽ മറ്റ് സംഘടനയുടെ അംഗങ്ങളും ഉണ്ടായിരുന്നു. അന്ന് അവർ ഉന്നയിക്കാത്ത പ്രശ്നങ്ങൾ ഇപ്പോൾ ഉന്നയിക്കുന്നതിന്റെ കാരണം വ്യക്തമാവുന്നില്ല” ഷാഹുൽ ഹമീദ് പറഞ്ഞു.

ഈ ഒരു കവിത മാത്രമല്ലന്നും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ മാഗസിനിലെ മറ്റു ചില എഴുത്തുകളും വളരെ തരം താഴ്ന്ന ആക്ഷേപങ്ങളാണ് മുന്നോട്ടു വെയ്ക്കുന്നതെന്ന് പഴശ്ശിരാജാ കോളേജ് പ്രിൻസിപ്പൽ ഡോ. എ.ഒ റോയ് അഭിപ്രായപ്പെട്ടു. “ഈ രീതിയിൽ മാഗസിൻ പ്രസിദ്ധീകരിക്കാൻ സാധിക്കില്ല. മാനേജ്‌മെന്റോ ഞാനോ അതിന് അനുകൂലമായി ഒരു നിലപാടും സ്വീകരിക്കില്ല. കലാലയങ്ങളിൽ പ്രസിദ്ധീകരിക്കുന്ന മാഗസിനുകൾ അതിന്റെ നിലവാരം സൂക്ഷിക്കേണ്ടതുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.

എന്തു വന്നാലും ഈ കവിത ഒഴിവാക്കികൊണ്ട് ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നു തന്നെയാണ് എസ്എഫ്ഐ നിലപാട്. “ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നു കയറ്റമാണിത്“, തൊള്ളായിരത്തിലധികം വിദ്യാർത്ഥികൾ പഠിക്കുന്ന ഈ കോളേജിലെ എല്ലാവരിലേക്കും ഈ മാഗസിൻ എത്തിക്കേണ്ടത് എസ്എഫ്ഐ യുടെ ലക്ഷ്യമാണെന്നും അത് തങ്ങൾ ചെയ്യുമെന്നും എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് കൂടിയായ ഗ്രേസ് മാനുവൽ ടോണി അഭിപ്രായപ്പെട്ടു.

‘പുലയന്’ എങ്ങനെ നിയമപ്രശ്‌നമാകും? ഒരു കോളേജ് മാഗസിന്‍ തടയാന്‍ മാനേജ്‌മെന്റ് പറയുന്ന ന്യായം അതാണ്

ഒരു കോളേജ് മാഗസിനെ ആര്‍ക്കാണ് പേടി?

സംഘപരിവാറിനെതിരെ മയത്തില്‍ മതിയെന്ന് ലീഗ് മാനേജ്മെന്റ്: അനുമതി നിഷേധിച്ച കോളേജ് മാഗസിന്‍ പുറത്തിറക്കി വിദ്യാര്‍ഥികള്‍

ബ്രണ്ണന്‍ കോളേജ് മാഗസിന്‍; വിവാദ ഭാഗങ്ങള്‍ പിന്‍വലിക്കാന്‍ തീരുമാനം

അഞ്ജലി അമൃത്

അഞ്ജലി അമൃത്

സ്വതന്ത്ര മാധ്യമ പ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍