UPDATES

(തുടരും) കോട്ടയം പുഷ്പനാഥ്

കോട്ടയം പുഷ്പനാഥിന്റെ വിയോഗത്തിലൂടെ മലയാളത്തിന് നഷ്ടപ്പെടുന്നത് ജനപ്രിയനായൊരു എഴുത്തുകാരനെയും എനിക്ക് നഷ്ടമാകുന്നത് ആത്മമിത്രത്തേയുമാണ്; നോവലിസ്റ്റ് വേളൂര്‍ പികെ രാമചന്ദ്രന്‍ ഓര്‍ക്കുന്നു

കോട്ടയം പുഷ്പനാഥിന്റെ വിയോഗത്തിലൂടെ മലയാളത്തിന് നഷ്ടപ്പെടുന്നത് ജനപ്രിയനായൊരു എഴുത്തുകാരനെയും എനിക്ക് നഷ്ടമാകുന്നത് ആത്മമിത്രത്തേയുമാണ്. നാലുപതിറ്റാണ്ടിലേറെ പഴക്കമുള്ള ഞങ്ങളുടെ ബന്ധത്തിനാണ് ഈ ദിവസം അവസാനം കുറിച്ചത്.

എഴുപതുകളുടെ ആദ്യമാണ് പുഷ്പനാഥും ഞാനും പരിചയപ്പെടുന്നത്. കാരാപ്പുഴ ഗവ ഹൈ്‌സ്‌കൂളില്‍ അധ്യാപകനായി ജോലി നോക്കുകയാണ് പുഷ്പനാഥ്. ഞാന്‍ കോട്ടയത്ത് റവന്യു വകുപ്പിലും. കാരാപ്പുഴയയും വേളൂരും ഒരു കിലോമീറ്ററിന്റെ വ്യത്യാസമേയുള്ളൂ. വൈകുന്നേരങ്ങളില്‍ തിരുന്നക്കര ക്ഷേത്രത്തിന്റെ പടവില്‍ മണിക്കൂറുകളോളം ഇരുന്ന് സംസാരിക്കും. നോവലുകളെ കുറിച്ചും എഴുത്തിനെയും എഴുത്തുകാരെയും കുറിച്ചുമെല്ലാം ഞങ്ങള്‍ സംസാരിക്കും. ഞാനെഴുതിയ നോവല്‍ പുഷ്പനാഥിനും പുഷ്പനാഥ് എഴുതിയ നോവല്‍ എനിക്കും വായിക്കാന്‍ തരും. എഴുത്തിനു മുമ്പുള്ള ചര്‍ച്ചകളും ഞങ്ങള്‍ക്കിടയില്‍ നടക്കും. ബാറ്റണ്‍ ബോസ്, തോമസ് ടി അമ്പാട്ട് തുടങ്ങി ഞങ്ങള്‍ക്ക് ഒരു വലിയ സൗഹൃദസംഘം തന്നെയുണ്ട്. ഇന്നത്തെ കാലത്ത് ഒരുപക്ഷേ ചിന്തിക്കാന്‍ കഴിയില്ല. ഓരോ എഴുത്തുകാരനും ഓരോ തുരുത്തായി നിലനില്‍ക്കുകയാണ് ഇന്ന്. അങ്ങോട്ടും ഇങ്ങോട്ടും മറ്റുള്ളവര്‍ക്ക് പ്രവേശനമില്ല. ഞാന്‍, എന്റെ എഴുത്ത്; അത്രമാത്രം. ഓരോ ആളും അവരവരുടെ നോവലുകളാല്‍ പ്രശസ്തരാകുമ്പോഴും പരസ്പരം ഉള്ള ബന്ധങ്ങളില്‍ ഒരു ഈഗോയോ മത്സരമോ കാണിച്ചിരുന്നില്ല ഞങ്ങളാരും. മിക്കദിവസങ്ങളിലും ഒന്നുകില്‍ എന്റെ വീട്ടില്‍, അല്ലെങ്കില്‍ പുഷ്പനാഥിന്റെ വീട്ടില്‍, ചിലപ്പോള്‍ ബാറ്റണ്‍ ബോസിന്റെ വീട്ടില്‍ അതല്ലെങ്കില്‍ തോമസ് ടി അമ്പാട്ടിന്റെ വീട്ടില്‍ ഞങ്ങള്‍ ഒത്തുകൂടും. തോമസിന്റെ വീട്ടിലായിരിക്കും കൂടുതല്‍. അവിടെ ഞങ്ങള്‍ക്ക് ഇരിക്കാന്‍ പ്രത്യേക മുറിയുണ്ട്. ഞങ്ങളുടെ മുന്‍ഗാമികളും മലയാളത്തില്‍ ജനപ്രിയ വായനാസംസ്‌കാരം ഉണ്ടാക്കിയെടുക്കുകയും ചെയ്ത മുട്ടത്ത് വര്‍ക്കി സാര്‍, കാനം ഇ ജെ തുടങ്ങിയവരും ഇത്തരം ചര്‍ച്ചകളിലും സൗഹൃദവേദികളും പങ്കാളികളാകുമായിരുന്നു. ചില വൈകുന്നേരങ്ങളില്‍ മംഗളത്തിന്റെ ഓഫിസില്‍ ഞങ്ങളെല്ലാം ഒത്തുകൂടും. മംഗളം വര്‍ഗീസ് സാര്‍ എല്ലാവര്‍ക്കും ചായയൊക്കെ വാങ്ങിത്തരും. അവനവന്‍ എന്ന വിചാരം ഇല്ലാതെ എല്ലാവരേയും പ്രോത്സാഹിപ്പിച്ചും പിന്തുണച്ചുമൊക്കെയായിരുന്നു ആ ബന്ധങ്ങള്‍ മുന്നോട്ടു പോയിരുന്നത്. ഞങ്ങള്‍ എല്ലാവരും ചേര്‍ന്ന് ക്രൈം റൈറ്റേഴ്‌സ് അസോസിയേഷന്‍ എന്ന പേരില്‍ ഒരു സംഘടനയൊക്കെ രൂപീകരിച്ചിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍, ഫോറന്‍സിക് ചീഫ് തുടങ്ങിവരൊക്കെ അതില്‍ അംഗങ്ങളായിരുന്നു. സംഘടനയുടെ പ്രധാന ചുമതലക്കാരില്‍ ഒരാള്‍ കൂടിയായിരുന്നു പുഷ്പനാഥ്.

‘മാ’ പ്രസിദ്ധീകരണങ്ങള്‍ എന്ന പേരില്‍ പ്രശസ്തിയാര്‍ജ്ജിച്ച മംഗളം, മനോരമ, മനോരാജ്യം തുടങ്ങിയ വാരികകള്‍ ഞങ്ങളുടെ നോവലുകള്‍ ഇല്ലാതെ പുറത്തിറങ്ങാറില്ലായുന്ന കാലമായിരുന്നു അത്. തിരക്കിന്റെ പരമകോടിയിലായിരുന്നു പുഷ്പനാഥൊക്കെ. ഓരോ സമയം പല വാരികകളിലേക്കും പുഷ്പനാഥിന് എഴുതി കൊടുക്കണമായിരുന്നു. എഴുപതുകളിലും എണ്‍പതുകളിലും കോട്ടയം പുഷ്പനാഥ് അങ്ങനെ നിറഞ്ഞു നില്‍ക്കുകയായിരുന്നു. നീലകണ്ഠന്‍ പരമാരയ്ക്കു പിന്നാലെ അപസര്‍പ്പക കഥകളില്‍ ജ്വലിച്ചുയര്‍ന്ന കഥാകാരനായിരുന്നു പുഷ്പനാഥ്. പുഷ്പനാഥിന്റെ നോവല്‍ അച്ചടിച്ചു വരാത്ത ഒരു വാരികയും ഇല്ലായിരുന്നു. അധ്യാപക ജോലി നോക്കുന്നതിനാല്‍ പലപ്പോഴും എഴുതാന്‍ സമയം കിട്ടാതെ വരികയായിരുന്നു പുഷ്പനാഥിന്. ചിലപ്പോള്‍ എന്റെ ഓഫിസിലേക്ക് കയറി വരും. രാമചന്ദ്രാ താനെന്നെയൊന്ന് സഹായിക്കണം, അത്യവശ്യമായി ഒരധ്യായം എഴുതി കൊടുക്കണം എന്നു പറയും. ഞാന്‍ ആരും ശ്രദ്ധിക്കാത്തൊരിടത്ത് കൊണ്ടു പോയി ഇരുത്തും. ഒരു ചായയും വാങ്ങി കൊടുക്കും. അവിടെയിരുന്ന് എഴുതി തീര്‍ത്തിട്ട് പോകും. ആ പോക്ക് ഒന്നുകില്‍ മംഗളത്തിലേക്കോ മനോരാജ്യത്തേക്കോ ആയിരിക്കും. പുഷ്പനാഥിന്റെ ഭാര്യയുടെ പേരാണ് മറിയാമ്മ. ഒരു വാരികയില്‍ ഒരാളുടെ പേരില്‍ തന്നെ രണ്ടു നോവലുകള്‍ പ്രസിദ്ധീകരിക്കാന്‍ പറ്റാത്തതുകൊണ്ട് മറിയാമ്മ പുഷ്പനാഥ് എന്ന പേരിലും അദ്ദേഹം എഴുതിയിരുന്നു. ഒടുവില്‍ എഴുത്തിന്റെ തിരക്ക് നിയന്ത്രിക്കാന്‍ പറ്റാതെ വന്നതോടെയാണ് അദ്ദേഹം അധ്യാപകവൃത്തിയില്‍ നിന്നും വോളണ്ടറി റിട്ടയര്‍മെന്റ് വാങ്ങുന്നത്.

ആ കാലം ഞങ്ങള്‍ എഴുതുന്ന കുറ്റാന്വേഷണ, മാന്ത്രിക നോവലുകള്‍ക്കൊക്കെ അഭൂതപൂര്‍വമായ വായനക്കാരാണ്. ഇതറിയാവുന്നതുകൊണ്ടാണ് ഞങ്ങളില്‍ ഒരാളുടെയെങ്കിലും നോവല്‍ എല്ലാ ലക്കവും ഉണ്ടായിരിക്കണമെന്ന് വാരികക്കാര്‍ നിര്‍ബന്ധം പിടിക്കുന്നത്. പുഷ്പനാഥിന്റെ നോവല്‍ തീരാറായാല്‍ ഉടന്‍ എന്റെ നോവല്‍ അവര്‍ ഉറപ്പിക്കും. അടുത്തതായി തോമസിനോട് കരാര്‍ ചെയ്യും. അതിനോടൊപ്പം പുഷ്പനാഥിന് അടുത്ത അഡ്വാന്‍സും നല്‍കിയിരിക്കും. മാ പ്രസിദ്ധീകരണങ്ങളിലെ എഴുത്തെന്ന് ഒരു വിഭാഗം പരിഹിസിക്കുമ്പോഴും അവര്‍ക്കൊന്നും സങ്കല്‍പ്പിക്കാന്‍ പോലും പറ്റാത്ത ജനപിന്തുണയായിരുന്നു ഞങ്ങള്‍ക്ക് കിട്ടിയിരുന്നത്. സ്വീകരണസ്ഥലങ്ങളിലൊക്കെ ചെല്ലുമ്പോള്‍ സ്വയം ഞെട്ടിപ്പോയിട്ടുള്ള അവസ്ഥകള്‍ പുഷ്പനാഥിനും എനിക്കുമൊക്കെ ഉണ്ടായിട്ടുണ്ട്. ആയിരക്കണക്കിന് ആളുകള്‍ തടിച്ചു കൂടിയിരിക്കും. വലിയ ഫോട്ടോയൊക്കെ വച്ച് ആഘോഷമായിട്ടിയാരിക്കും ചടങ്ങുകള്‍ സംഘടിപ്പിക്കുക. അതുപോലെ കല്യാണം പോലുള്ള സ്വകാര്യ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ചെല്ലുമ്പോഴും, നമ്മള്‍ ജീവിതത്തില്‍ അന്നേവരെ കണ്ടിട്ടില്ലാത്തവര്‍ പോലും വലിയ സ്‌നേഹത്തോടെയും ബഹുമാനത്തോടെയും തേടി വരും. പലപ്പോഴും അടുത്ത ലക്കത്തില്‍ എന്തു സംഭവിക്കും, ആ കഥാപാത്രത്തിന് എന്തുപറ്റും എന്നൊക്കെയുള്ള അന്വേഷണമായിരിക്കും. കാരണം, അത്ര വലിയൊരു ആകാംക്ഷ നിലനിര്‍ത്തിക്കൊണ്ടായിരിക്കും ഓരോ ലക്കവും ഞങ്ങള്‍ അധ്യായം അവസാനിപ്പിക്കുന്നത്.

കോട്ടയത്തല്ല, കേരളത്തില്‍ എത്ര പുഷ്പനാഥുമാരുണ്ട്?

ഒരേ വിഭാഗത്തിലുള്ള നോവലുകള്‍ ആയിരിക്കും എഴുതുന്നതെങ്കിലും ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും അവരവരുടേതായ ഒരു ട്രെന്‍ഡ് ഉണ്ടായിരിക്കും. ഞാന്‍ കൂടുതലും കുറ്റാന്വേഷണ നോവുകളാണ് എഴുതുന്നത്. പുഷ്പനാഥിന്റെത് പ്രേതപശ്ചാത്തലമൊക്കെയുള്ള, ഭയപ്പെടുത്തുന്ന അവതരണത്തിലൂടെയുള്ള ദുരൂഹതകള്‍ നിറഞ്ഞ കഥകളായിരിക്കും. ഡ്രാക്കുള നോവല്‍ പോലെ, സാങ്കല്‍പ്പികതയും യാഥാര്‍ത്ഥ്യങ്ങളുമൊക്കെ ചേര്‍ത്ത്. ഇത്തരം കഥകള്‍ എഴുതാന്‍ നല്ല മുന്നൊരുക്കം വേണം. ഒരു സാമൂഹിക വിഷയം എഴുതാന്‍ അതുമായി ബന്ധപ്പെട്ട അനുഭവം മതി. ഇവിടെ അതുമാത്രം പോര. ചിലപ്പോള്‍ കഥ നടക്കുന്ന പശ്ചാത്തലം പുറം രാജ്യമായിരിക്കാം, അതല്ലെങ്കില്‍ നമ്മള്‍ ഇതുവരെ കണ്ടിട്ടേയില്ലാത്ത സ്ഥലമായിരിക്കാം. ആദ്യം ഇതുമായി ബന്ധപ്പെട്ട് വായിക്കാനോ കേള്‍ക്കാനോ ശ്രമിച്ചിട്ട്, ആ ഒരു വിവരണം ഉള്ളില്‍ വച്ച് നമ്മുടെ ഭാവന ചേര്‍ത്ത് ആയിരിക്കും കഥയിലേക്കാവശ്യമായ പശ്ചാത്തലവും സന്ദര്‍ഭങ്ങളും ഉണ്ടാക്കുക. നല്ല റഫറന്‍സുകള്‍ വേണം. വെറും പൊട്ടത്തരം എഴുതി വച്ചിരിക്കുന്നൂ എന്ന് ആരും പറയരുതല്ലോ. വലിയ ആലോചനയും ഭാവനയുമെല്ലാം ചേര്‍ത്താണ് ഓരോ കഥയും നോവലും ഞങ്ങള്‍ ഉണ്ടാക്കിയിരുന്നത്.

ഓരോത്തരുടേയും കഥാപശ്ചാത്തല മേഖലകള്‍ വ്യത്യസ്തമായിരുന്നതുകൊണ്ട് തങ്ങള്‍ക്ക് സംശയമുള്ള, അറിവില്ലാത്ത കാര്യങ്ങളില്‍ മറ്റുള്ളവരുടെ സഹായം പരസ്പരം തേടും. ഞാന്‍ എഴുതാന്‍ പോകുന്നത് ഇന്നയൊരു സബ്ജക്ട് ആണ്, ഇത്തരത്തില്‍ പറയാനാണ് ഉദ്ദേശിക്കുന്നതെന്ന് പറയുമ്പോള്‍, അതില്‍ വരുന്ന സംശങ്ങളും പൊരുത്തക്കേടുകളും മറ്റുള്ളവര്‍ പറഞ്ഞുകൊടുക്കും. നിയമവശങ്ങളില്‍ എനിക്ക് കുറച്ച് ഗ്രാഹ്യം ഉള്ളതുകൊണ്ട് ആവക കാര്യങ്ങളില്‍ എനിക്ക് സഹായിക്കാന്‍ കഴിയും, ചിലര്‍ക്ക് പൊലീസിന്റെ കുറ്റാന്വേഷണ രീതികളെക്കുറിച്ചായിരിക്കും പറഞ്ഞു തരാന്‍ കഴിയുക. പിന്നെ പുസ്തകങ്ങള്‍ വായിക്കും. എങ്കിലും ഏതെങ്കിലും ഇംഗ്ലീഷ് എഴുത്താകാരെയെ മറ്റോ അനുകരിക്കാനോ അവരെ പിന്തുടരാനോ ഞങ്ങള്‍ ശ്രമിച്ചിട്ടില്ല. മോഷണം നടത്തിയിട്ടില്ല. ജയിംസ് ബോണ്ട് സിനിമകള്‍ വരുമ്പോള്‍ പോയി കാണും. അതില്‍ ചില ടെക്‌നിക്കുകളൊക്കെ കാണും. അതില്‍ നിന്നും നമ്മുടേതായ ഒരു രീതി ഉണ്ടാക്കിയെടുക്കും.

ഒരു ‘പൈങ്കിളി’ നോവലിസ്റ്റിന്‍റെ മാനസാന്തരം; മാത്യു മറ്റം/അഭിമുഖം-ഭാഗം 1

ഒരു കാലഘട്ടത്തിലെ വായനയെ സ്വാധീനിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ടെങ്കിലും അന്നത്തെ വായനക്കാരില്‍ ഉള്ളവര്‍ മാത്രമാണ് ഇന്ന് ഞങ്ങളെ പോലുള്ളവരെ ഓര്‍ക്കുന്നത്. ഒരു കഥയെഴുതി, ഒരു അവാര്‍ഡും വാങ്ങി വലിയ എഴുത്തുകാരാകുന്ന ഒത്തിരിപ്പേര്‍ ഇന്നുണ്ട്. ഞങ്ങളാരും തന്നെ അവാര്‍ഡുകള്‍ക്കുവേണ്ടി എഴുതിയിട്ടില്ല. എഴുതിയതത്രയും സാധാരണക്കാരനു വേണ്ടിയാണ്. അവര്‍ അതിന് തിരിച്ചു നല്‍കിയ സ്‌നേഹമാണ് ഞങ്ങളുടെയെല്ലാം അവാര്‍ഡ്. പക്ഷേ, ഒരു വലിയ എഴുത്തുകാരനായിട്ടും അതിന്റെതായ ഒരു പരിഗണനയും കിട്ടാതെയാണ് കോട്ടയം പുഷ്പനാഥ് പോകുന്നത്. മരിച്ചു കഴിഞ്ഞ് ഉണ്ടാകുന്ന വാഴ്ത്തലുകളല്ല, ജീവിച്ചിരിക്കുമ്പോള്‍ തന്നെ ആത്മസംതൃപ്തി നല്‍കുന്ന എന്തെങ്കിലും കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്യുകിലാണ് മഹത്വം.

ലാളിത്യമുള്ള ഒരു മനുഷ്യനായിരുന്നു പുഷ്പനാഥ്. അധ്യാപകനാണ്, തിരക്കേറിയ എഴുത്തുകാരനാണ് എന്നതൊന്നും ഒരിക്കലും തന്റെ സ്വഭാവത്തില്‍ മാറ്റം വരുത്താനുള്ള കാരണങ്ങളായി പുഷ്പനാഥ് അനുവദിച്ചിരുന്നില്ല. എല്ലാവരോടും സ്‌നേഹത്തോടെയും സൗഹൃദത്തോടെയും പെരുമാറി. സൗഹൃദത്തിന് വലിയ വില നല്‍കിയിരുന്നു. തലയില്‍ മുടി കൊഴിയാന്‍ തുടങ്ങിയതോടെ ഇനിയെന്ത് ചെയ്യും രാമചന്ദ്രാ എന്നു ചോദിച്ചപ്പോള്‍ ഒരു തൊപ്പി വാങ്ങി വയ്ക്കൂ എന്ന എന്റെ മറുപടിയിലാണ് ഇന്നിപ്പോള്‍ നിങ്ങള്‍ കാണുന്ന ചിത്രങ്ങളിലെ കോട്ടയം പുഷ്പനാഥ് ഉണ്ടാകുന്നത്. ഞാന്‍ ഒരു അപസര്‍പ്പക നോവലിസ്റ്റല്ലേ എന്റേതായ ഒരു സ്‌റ്റൈല്‍ ഉണ്ടാകട്ടെ എന്നൊന്നും കരുതിയില്ല പുഷ്പനാഥ് ആ തൊപ്പി ധരിച്ചിരിക്കുന്നത്. വളരെ സിംപിള്‍ ആയൊരു മനുഷ്യന്‍ അതായിരുന്നു കോട്ടയം പുഷ്പനാഥ്. കുറച്ചു നാളുകള്‍ക്കു മുമ്പാണ് മകന്‍ സലിമിന്റെ അപ്രതീക്ഷിത മരണം. അതു വല്ലാതെ തളര്‍ത്തിയിരുന്നു. മൂന്നു മാസങ്ങള്‍ക്കു മുമ്പാണ് അവസാനമായി ഞങ്ങള്‍ കണ്ടത്. ഒരിക്കല്‍ കൂടി കാണാന്‍ പോകാന്‍ ഇരുന്നതാണ്. പക്ഷേ…

ചര്‍ച്ചകള്‍ക്കൊന്നും നില്‍ക്കാതെ പെട്ടെന്ന് ജീവിതാധ്യായം എഴുതിയവസാനിപിച്ച് പുഷ്പനാഥ് പോയെങ്കിലും തിരുന്നക്കര അമ്പലത്തിന്റെ പടവുകളില്‍ തൊട്ട് തുടങ്ങുന്ന ആ സൗഹൃദ ഓര്‍മകള്‍ക്ക് മരണമില്ല.

മലയാളിയെ സാക്ഷരരാക്കിയ ഞങ്ങള്‍ക്ക് തിരിച്ചുതന്നത് നന്ദികേട്; മാത്യു മറ്റം/അഭിമുഖം-2

വേളൂര്‍ പി കെ രാമചന്ദ്രന്‍

വേളൂര്‍ പി കെ രാമചന്ദ്രന്‍

നോവലിസ്റ്റ്. റിട്ടയേര്‍ഡ് ഡപ്യൂട്ടി തഹസില്‍ദാര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍