UPDATES

വായന/സംസ്കാരം

വിശ്വവിഖ്യാതനായ ആ ഇമ്മിണി ബല്യ സുൽത്താന്‍ ഇല്ലാതായിട്ട് 23 വര്‍ഷങ്ങള്‍

ബഷീർ ഒരു സൂഫിയായിരുന്നു, സ്വാതന്ത്ര്യസമര സേനാനിയായിരുന്നു, ദേശാടനക്കാരനും ഭ്രാന്തനുമായിരുന്നു.

നേരിനേയും നോവിനേയും നർമ്മം ചാലിച്ച് പടച്ച എഴുത്തിന്റെ തമ്പുരാൻ ഓർമ്മയായിട്ട് ഇന്ന് ഇരുപത്തി മൂന്നു വർഷങ്ങൾ.

തീരെ ചെറിയ കുട്ടിയായിരുന്നപ്പോൾ അച്ഛന്റെ പുസ്തക ശേഖരത്തിൽ നിന്നാണ് വൈക്കം മുഹമ്മദ് ബഷീറിനെ ആദ്യം കണ്ടുകിട്ടുന്നത്. ‘പ്രേംപാറ്റ’ എന്ത് തരം പാറ്റയാണെന്നറിയാനുള്ള കൗതുകമായിരുന്നു ആദ്യം. വായിച്ചിട്ട് ഒന്നും മനസിലായില്ല. അപ്പോഴാണ് അച്ഛൻ ‘ബാല്യകാലസഖി’ എടുത്ത് തന്നിട്ട് “ഇത് വായിച്ച് തുടങ്ങൂ, നിനക്കിഷ്ടമാകും” എന്ന് പറയുന്നത്. ഹൈസ്‌കൂളിലെത്തിയപ്പോഴേക്കും ബഷീറിന്റെ ഒരുവിധം എല്ലാ പുസ്തകങ്ങളും ഞാൻ വായിച്ച് കഴിഞ്ഞിരുന്നു. അമ്മ എടുത്തു മാറ്റിയ ‘അനുരാഗത്തിന്റെ ദിനങ്ങൾ’ ഉൾപ്പെടെ. ‘ഹലാക്ക്’, ‘കൊസ്രാക്കൊള്ളി’ ‘പൊൻകുരിശ്’, ‘സുമുഖി’ അങ്ങനത്തെ പലവിധ ഇരട്ടപ്പേരുകൾ സുഹൃത്തുക്കളെ വിളിച്ച് തുടങ്ങിയതും അക്കാലത്തെ ബഷീർ ഭ്രാന്തിൽ നിന്നായിരുന്നു.

പത്താം ക്ലാസു കഴിഞ്ഞുള്ള അവധിക്ക് ബഷീറിനെ പറ്റി വായിക്കാൻ തുടങ്ങിയപ്പോഴാണ് അദ്ദേഹം ഒരു സാധാരണ നർമ്മസാഹിത്യകാരനല്ല എന്ന് മനസ്സിലാകുന്നത്. “മിനിയാന്ന് വെളുപ്പിന് നമ്മുടെ സുഹറ മരിച്ചു” എന്നത്രയും നിസ്സാരമായി എഴുതി മജീദിനെക്കാൾ നമ്മളെ പകപ്പിച്ച, വേദനിപ്പിച്ച അതേ എഴുത്തുകാരൻ പാത്തുമ്മയുടെ ആടിന്റെ സംഭവബഹുലമായ പേറു കൊണ്ട് നമ്മളെ പൊട്ടിച്ചിരിപ്പിച്ചു. ‘ഭാർഗവിനിലയ’വും ‘നീലവെളിച്ച’വും കൊണ്ട് പേടിപ്പിക്കുകയും ‘ഭൂമിയുടെ അവകാശിക’ളും ‘അനർഘ നിമിഷ’വും കൊണ്ട് ഇരുത്തി ചിന്തിപ്പിക്കുകയും ‘പ്രേമലേഖന’വും ‘മതിലുക’ളും കൊണ്ട് പ്രണയിപ്പിക്കുകയും ചെയ്തു.

അദ്ദേഹം മലയാള ഭാഷയ്ക്ക് നൽകിയ സംഭാവനകളിലൊന്ന് എഴുത്തിൽ ഉപയോഗിച്ച ഭാഷ തന്നെയാണ്. തന്റെ സ്വതസിദ്ധവും സരളവുമായ മാപ്പിള ഭാഷയിലൂടെ ബഷീർ അടയാളപ്പെടുത്തിയത് മലയാള സാഹിത്യത്തിൽ അതുവരെ പാർശ്വവത്ക്കരിക്കപ്പെട്ടു നിന്നിരുന്ന മുസ്ളീം സംസ്കാരത്തെയും ജീവിതത്തെയും കൂടിയാണ്.

ബഷീർ ഒരു സൂഫിയായിരുന്നു, സ്വാതന്ത്ര്യസമര സേനാനിയായിരുന്നു, ദേശാടനക്കാരനും ഭ്രാന്തനുമായിരുന്നു. അദ്ദേഹം ജീവിതത്തിൽ സഞ്ചരിച്ച വേറിട്ട വഴികളിലൂടെയൊക്കെ തന്നെ അദ്ദേഹത്തിന്റെ കഥകളും കഥാപാത്രങ്ങളും സഞ്ചരിച്ചു. അതിൽ വേശ്യയും കൊള്ളക്കാരനും പ്രമാണിയും മുച്ചീട്ടുകളിക്കാരനും സൈനികനും രോഗിയും മതമില്ലാത്ത ജീവനും ആടും പല്ലിയും പാറ്റയും മാഞ്ചോടും മാങ്കോസ്റ്റീനും അങ്ങനെ ഭൂമിയുടെ എല്ലാ അവകാശികളുമുണ്ടായിരുന്നു. (‘ഒരു ഭഗവത്ഗീതയും കുറെ മുലകളും’, ‘പാവപ്പെട്ടവരുടെ വേശ്യ’ ഇതൊക്കെ സ്‌കൂൾ ലൈബ്രറിയിൽ നിന്നെടുത്ത് പേരെഴുതിക്കാൻ ടീച്ചറുടെ അടുത്ത് കൊണ്ടു പോകുന്നതിന്റെ ചടപ്പ് ഓർമ വരുന്നു. അതൊക്കെ ഒരു പന്ത്രണ്ടു വയസ്സുകാരിയെ സംബന്ധിച്ച് ചീത്ത വാക്കുകളായിരുന്നു).

വിശ്വവിഖ്യാതമായ മൂക്കും വിഡ്ഢികളുടെ സ്വർഗവുമൊക്കെ എത്ര വലിയ പൊളിറ്റിക്കൽ സറ്റയറുകൾ ആയിരുന്നു എന്ന് ഇന്ന് മനസിലാകുന്നു. എത്ര ചിരിപ്പിച്ചാലും അദ്ദേഹത്തിന്റെ എഴുത്തിലെ ആത്മാർഥത പലയിടങ്ങളിലായി നമ്മളെ പൊള്ളിച്ചിട്ടുമുണ്ട്. എഴുത്തുകാരൻ തന്റെ എഴുത്തിലൂടെയാണ് കാലത്തെ അതിജീവിക്കുന്നത്; അനശ്വരനാകുന്നതും. ഇരുപത്തിമൂന്നു വര്‍ഷങ്ങൾക്കെന്നല്ല, ഇരുന്നൂറു വർഷങ്ങൾക്ക് പോലും മലയാള സാഹിത്യത്തിലെ ഇമ്മിണി വല്യ ഒന്നായി മാറിയ സുൽത്താനൊരു പകരം വയ്ക്കാനാവില്ല.

നിയതി ആര്‍. കൃഷ്ണ

നിയതി ആര്‍. കൃഷ്ണ

ചെന്നൈ രാജീവ് ഗാന്ധി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡെവലപ്മെന്റില്‍, ജെന്‍ഡര്‍ സ്റ്റഡീസില്‍ അസി. പ്രൊഫസര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍