UPDATES

വായന/സംസ്കാരം

പുരുഷ ഉടലുകളിൽ പൂക്കുന്നത്

കന്നഡ എഴുത്തുകാരനും ഗേയുമായ വസുധേദ്രയുടെ ആത്മകഥാപരമായ പത്തു കഥകളുടെ സമാഹാരമാണ് മോഹനസ്വാമി

ആഷ് അഷിത

ആഷ് അഷിത

മോഹിതനാണ് മോഹനസ്വാമി. ആണ്‍ ഉടലുകളില്‍ മോഹങ്ങള്‍ കുരുങ്ങിക്കിടക്കുന്നതിനാല്‍ നിരന്തരം അപമാനിക്കപ്പെടുന്നവന്‍, ആള്‍ക്കൂട്ടങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തപ്പെടുന്നവന്‍, പല വിധ ഭയങ്ങളാല്‍ സ്വയമൊളിക്കുന്നവന്‍, വെളിച്ചങ്ങളില്‍ നിന്ന് പൊഴിഞ്ഞു പോകുന്നവന്‍, ആള്‍ക്കൂട്ടങ്ങളില്‍ ശബ്ദം നഷ്ടമാകുന്നവന്‍, നിദ്രകളില്‍ പോലും ഒറ്റു കൊടുക്കപ്പെടുന്നവന്‍..

മോഹനസ്വാമി ആണെന്നും പെണ്ണെന്നും സ്വയം രേഖപ്പെടുത്താന്‍ ശ്രമിക്കുകയും ആണെന്നോ പെണ്ണെന്നോ കൃത്യതയുടെ രണ്ടു കളങ്ങളില്‍ സ്വയം അടയാളപ്പെടുത്താനാവാതെ ആശയക്കുഴപ്പത്തില്‍ അടിമപ്പെടുന്നവനുമാണ്. അനുഭവിക്കാനാവാത്ത കാമനകളെ മനസ്സില്‍ പെരുപ്പിച്ച് അഭിരമിക്കുന്നവനാണ്, സ്വന്തം ശരീരത്തെ സ്വപ്നങ്ങള്‍ക്ക് വിട്ടുകൊടുത്ത് വ്യഭിചരിക്കുന്നവനാണ്.

മോഹനസ്വാമിയെ കര്‍ണാടകയുടെ ഉള്‍ഗ്രാമങ്ങളില്‍, പൊള്ളുന്ന വേനലില്‍ പുളിമരത്തണുപ്പില്‍ വിയര്‍പ്പിറ്റുന്ന ഉടലിനെ ഒറ്റയാക്കപ്പെട്ടവന്റെ വേവലാതിയോടെ തൊട്ടുഴിയുന്നവനായും, കേരളത്തിലെ ഇരുള്‍ വീണ ബസ് സ്റ്റേഷനില്‍ വീട്ടിലേക്കുള്ള വഴി അടഞ്ഞു പോയതിനാല്‍, വിഭ്രാന്തിയോടെ ഉറക്കത്തെ കാത്തിരിക്കുന്നവനായും കാണാനാവും. നമ്മുടെ ലോകം മോഹനസ്വാമിമാരെ കൊണ്ട് നിറഞ്ഞതാണ്. ഗ്രാമങ്ങളും നഗരങ്ങളും പക്ഷെ അവനെ സ്വന്തമാക്കുന്നില്ല.

ആണുടലിലെ പെണ്‍മനസ്സ്

കര്‍ണാടകയിലെ ഒരു ഗ്രാമം. പെണ്ണുങ്ങളുടെതെന്ന് കാലാകാലങ്ങളായി സമൂഹം രേഖപ്പെടുത്തിയിട്ടുള്ള പെരുമാറ്റങ്ങള്‍, ചിന്താരീതികള്‍ തുടങ്ങിയവയിലേക്ക് ആണായി പിറന്ന തന്റെ മനസ്സ് ചായുന്നത് മോഹനസ്വാമി എന്ന കുട്ടി തിരിച്ചറിയുന്നത് കൂട്ടുകാരുടെ കളിയാക്കലുകളിലൂടെ ആണ്. പെങ്ങളെ പോലെ മൈലാഞ്ചിയിടാന്‍ കൊതിക്കുന്നതിനാല്‍, പെണ്‍ക്കൂട്ടങ്ങളോട് ചേര്‍ന്ന് നടക്കാന്‍ ശ്രമിക്കുന്നത് കൊണ്ട്, ഇടയ്ക്കിടെ ഏതോ ഒരു നൃത്തച്ചുവടിലേക്ക് ഉടല്‍ താളപ്പെട്ട് പോകുന്നത് കൊണ്ട് ഗണ്ടുസുലെ (ആണ്‍ വേശ്യ) എന്ന വിളിപ്പേര് കിട്ടുന്നു. മകനെ ആണായി മെരുക്കാന്‍ ശ്രമിച്ച് പരാജയപ്പെടുമ്പോള്‍ അമ്മയുടെ വായില്‍ നിന്നു പോലും ആ വാക്ക് അവനെ തിരഞ്ഞു വന്ന് കുത്തുന്നു.

‘അമ്മാ …ഗണ്ടു സുലെ എന്നു വെച്ചാലെന്താണ്? എന്തിനാ എല്ലാരും എന്നെ അങ്ങനെ വിളിക്കുന്നെ?’ അവരുടെ കണ്ണുകളിലേക്കു നോക്കി അവന്‍ ചോദിച്ചു.

‘ഓഹ് അത് കളഞ്ഞേക്ക്. അതിലൊരു കാര്യോം ഇല്ല. ആളുകളെന്തിനാ നിന്നെ അങ്ങനെ വിളിക്കുന്നെ? നീയല്ലലോ വേശ്യ. നീ വളര്‍ന്നു ഒത്തൊരാണായിട്ട് നൂറു തേവിടിശ്ശികളെ കൂടെ കൊണ്ട് നടക്കും. നോക്കിക്കോ’ അവര്‍ അവനെ സന്തോഷിപ്പിക്കാന്‍ വേണ്ടി പറഞ്ഞു.

‘പക്ഷെ എല്ലാരും എന്നെ മാത്രം എന്തിനാ കളിയാക്കുന്നെ? വേറെ ആണ്‍ക്കുട്ടികളെ ഒന്നും ഇരട്ടപ്പേര് വിളിക്കാറില്ലല്ലോ’ എന്ത് മറുപടി പറയണമെന്നറിയാതെ അവര്‍ ഒരു നിമിഷം ഇരുന്നു.

‘നീയും ആണ്‍ക്കുട്ട്യോളെ പോലെ പെരുമാറണം. അപ്പോള്‍ അങ്ങനെ വിളിക്കാന്‍ ആരും ധൈര്യം കാണിക്കില്ല.’

‘പക്ഷെ, എങ്ങനെയാ ആണ്‍ക്കുട്ടികളെ പോലെ പെരുമാറുക?’

‘നിന്റെ സംസാരം, ഒച്ച, നോട്ടം, ശരീരം അനക്കുന്നത്, നിന്റെ കളികള്‍.. എല്ലാം ആണ്‍ക്കുട്ടികളുടെ പോലെ ആവണം.’

‘പക്ഷെ അവരെ ഒക്കെ ആരാ ഇത് പഠിപ്പിച്ചേ? എന്നോടാരും ഒന്നും പറഞ്ഞു തന്നില്ല’

‘ഇതൊക്കെ ആരേലും പഠിപ്പിക്കണോ? ഭൂമിയിലേക്ക് അയക്കും മുന്‍പ് ദൈവം എല്ലാരേം ഇതൊക്കെ പഠിപ്പിക്കും.’

‘എന്നിട്ട് എന്നെ മാത്രം എന്താ പഠിപ്പിക്കാതിരുന്നത്? ഞാനെന്ത് കുറ്റം ചെയ്തിട്ടാ?’ (കഥ: സൈക്കിളോട്ടം)

മറ്റുള്ളവരെ പോലെ സൈക്കിളോടിക്കാന്‍ നോക്കി ‘സ്‌ട്രൈറ്റ്’ ആവാന്‍ ശ്രമിച്ചും, കിളിയൊച്ച പുറത്തു ചാടാതിരിക്കാന്‍ മൗനിയായി നടന്നും, നടത്തത്തിലെ ‘ആട്ടം’ നിയന്ത്രിച്ച് റോബോട്ടിനെ പോലെ ചലിച്ചും മോഹനസ്വാമിയുടെ ബാല്യം സ്വന്തം ശരീരത്തിന്റെ പ്രതികരണങ്ങളോട് നിരന്തരം മല്ലിട്ടു. എങ്കിലും, സ്വന്തം അച്ഛന്റെ ശരീരം അവനെ കൗതുകപ്പെടുത്തുന്നു. നാട്ടിലെ കരുത്തുറ്റ പുരുഷ ശരീരങ്ങള്‍ അവനെ മോഹിപ്പിക്കുന്നു. ഗ്രാമങ്ങള്‍ മോഹനസ്വാമിമാരെ പെട്ടെന്ന് തിരിച്ചറിയുന്നു. തിരിച്ചറിയുന്നത് പലപ്പോഴും തിരസ്‌കരിക്കപ്പെടുന്നതിനുള്ള ആദ്യ പടിയാണ്.

എല്ലായിടത്തും തന്റെ ‘രോഗം’ പിടിക്കപ്പെട്ട്, അപമാനിതനായി കളത്തിന് പുറത്താവുന്ന മോഹനസ്വാമിയുടെ പുരുഷത്വം ഒടുവില്‍ അമ്മ തന്നെ തൊട്ടു നോക്കി പരിശോധിക്കുന്നുണ്ട്. തന്റെ മകന്‍ പുരാണങ്ങളില്‍ വായിച്ചു മാത്രം അറിവുള്ള ഷണ്ഡന്‍ ആണോ എന്നവര്‍ വേവലാതിപ്പെടുന്നു. വീട് അവനെ ഒരിക്കലും മനസ്സിലാക്കുന്നില്ല.

നഗരം മോഹനസ്വാമി തേടി നടന്ന ചില സ്വാതന്ത്ര്യങ്ങള്‍ നല്‍കുന്നുണ്ട്. ആള്‍ക്കൂട്ടങ്ങളില്‍ തിരിച്ചറിയപ്പെടാതെ പോകുന്നതിലെ ആശ്വാസങ്ങള്‍. നഗരങ്ങളിലേക്ക് പലായനം ചെയ്യുന്ന ലൈംഗിക ന്യൂനപക്ഷങ്ങള്‍ ആഗ്രഹിക്കുന്ന നിഴലിടങ്ങള്‍ നഗരങ്ങള്‍ ഒളിപ്പിച്ചു വെച്ചിട്ടുണ്ട്. ഗ്രാമങ്ങളില്‍ കല്ലെറിഞ്ഞു ഓടിക്കപ്പെടുന്ന അത്തരം ജീവിതങ്ങള്‍, വയറു നിറക്കാന്‍ തെരുവുകളില്‍ ഭിക്ഷ യാചിക്കുന്നതും വ്യഭിചരിക്കുന്നതും മോഹനസ്വാമി കാണുന്നുണ്ട്. നമ്മള്‍ കണ്ടിട്ടും കണ്ടിട്ടില്ലെന്ന് നടിക്കുന്ന കാഴ്ചകള്‍. ഒരു ഗേയുടെ ജീവിതമെന്നത് ഓരോ നിമിഷവും നിയമങ്ങളെ, അധികാരത്തെ, സമൂഹത്തെ, സദാചാരത്തെ, പാരമ്പര്യത്തെ, കുടുംബത്തെ, ചിലപ്പോള്‍ സ്വന്തം ശരീരത്തെ പോലും വെല്ലുവിളിച്ചു കൊണ്ടുള്ള പിടിച്ചുനില്ക്കലാണെന്ന് ഈ പുസ്തകം നമ്മളോട് പറയുന്നു.

ആണെന്നും പെണ്ണെന്നും ഉള്ള ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാഴ്ച്ചകളിലൂടെ മാത്രം ലോകത്തെ നോക്കി കാണുന്ന സമൂഹത്തിനു ലൈംഗികതയ്ക്ക് പല വര്‍ണ്ണരാജികള്‍ ഉണ്ടെന്നു പറഞ്ഞു കൊടുക്കാന്‍ മോഹനസ്വാമിമാര്‍ എത്ര തവണ കല്ലേറ് കൊണ്ടു, എത്ര കുരിശുകള്‍ ചുമന്നു, എത്ര മരണങ്ങളില്‍ ചോര വാര്‍ത്തു!

(കന്നഡ എഴുത്തുകാരനും ഗേയുമായ വസുധേദ്രയുടെ ആത്മകഥാപരമായ പത്തു കഥകളുടെ സമാഹാരമാണ് മോഹനസ്വാമി. ഡിസി ബുക്‌സ് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്ന പുസ്തകം എഴുത്തുകാരിയും ടൈംസ് ഓഫ് ഇന്ത്യ പത്രത്തിലെ മാധ്യമപ്രവര്‍ത്തകയുമായ ആഷ് അഷിത ആണ് മലയാളത്തിലേക്ക് വിവര്‍ത്തനം നടത്തിയിരിക്കുന്നത്. പുസ്തക വില-160 രൂപ.   https://onlinestore.dcbooks.com/books/mohanaswamy

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ആഷ് അഷിത

ആഷ് അഷിത

എഴുത്തുകാരി, മാധ്യമ പ്രവര്‍ത്തക

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍