UPDATES

അഭിലാഷ് മേലേതില്‍

കാഴ്ചപ്പാട്

The BookMark

അഭിലാഷ് മേലേതില്‍

വായന/സംസ്കാരം

നിഷ്കാസിതരുടെ മാന്ത്രികവാതിലുകള്‍; മൊഹ്സിന്‍ ഹമീദിന്റെ Exit West വായിക്കുമ്പോള്‍

പേരില്ലാത്ത ഒരു മധ്യ പൗരസ്ത്യ നഗരത്തിൽ ഒരു കോർപ്പറേറ്റ് ട്രെയിനിങ്ങിനിടെ കണ്ടുമുട്ടുന്ന സയീദ് എന്ന യുവാവിന്റെയും നാദിയ എന്ന യുവതിയുടെയും ബന്ധത്തിന്റെ കഥയാണിത്

അറബ് ദേശങ്ങളിലെ രാഷ്ട്രീയ അസ്ഥിരതയുടെ പാർശ്വഫലങ്ങൾ അനവധിയാണ്. ആദ്യമൊക്കെ അത് അതാതിടങ്ങളെ കേന്ദ്രീകരിച്ചുള്ള പ്രശ്നങ്ങൾ ആയിത്തോന്നിയിരുന്നെങ്കിലും പിന്നീടുണ്ടായ അഭയാർത്ഥിപ്രവാഹങ്ങളും മറ്റും ലോകം മൊത്തം അനുഭവിച്ച സാമൂഹ്യ, രാഷ്ട്രീയ പ്രശ്നങ്ങളായി മാറി. ദിനമെന്നോണം ഉടലെടുത്തുകൊണ്ടിരിക്കുന്ന തീവ്രവാദഗ്രൂപ്പുകളും അവ ചെയ്യുന്ന അക്രമങ്ങളെക്കുറിച്ചുള്ള വാർത്തകളും ഒരുവശത്ത്, ഇത്തരം ഗ്രൂപ്പുകളുടെ സ്വാധീനത്തിൽ പിന്തിരിപ്പൻ ഭരണകൂടങ്ങൾ സൃഷ്ടിക്കപ്പെടുന്നതും അവ തുർക്കി പോലുള്ള പ്രോഗ്രസ്സിവ് രാജ്യങ്ങളിൽ പിടിമുറുക്കുന്നത് തുടങ്ങി, ഇപ്പോഴത്തെ ഖത്തർ-സൗദി വിഷയംവരെ എത്തിനിൽക്കുന്ന സംഭവങ്ങൾ വേറെ. ഇതിനൊന്നും ഒരവസാനവും കാണുന്നുമില്ല. കോടിക്കണക്കിന് ജനങ്ങളാണ് ഇതിനൊക്കെയിടയിൽ കുടുങ്ങിക്കിടക്കുന്നത്. അവരുടെ ജീവിതങ്ങളെ ഇന്നാട്ടിലിരുന്ന് നമുക്ക് സങ്കൽപ്പിക്കാൻ മാത്രമേ കഴിയുകയുള്ളൂ.

അടുത്തകാലത്തായി വിദേശങ്ങളിൽ താമസിക്കുന്ന എഴുത്തുകാരിലൂടെ അതാതു രാജ്യങ്ങളുടെ ദുരിതങ്ങളെക്കുറിച്ചുള്ള പുസ്തകങ്ങളും ധാരാളമായി വന്നു തുടങ്ങിയിട്ടുണ്ട്. ആദ്യകാലങ്ങളിൽ ഇസ്ലാം വേഴ്സസ് വെസ്റ്റ് പോലത്തെ ഇപ്പോൾ ക്ളീഷേ ആയ വിഷയങ്ങളായിരുന്നെങ്കിൽ ഇപ്പോൾ അത് അതിസങ്കീർണ്ണമായ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചുള്ള വിവരണങ്ങളാണ് – ചിലവ നേർക്കാഴ്ചകളാണെങ്കിൽ മറ്റു എഴുത്തുകാർ അബ്‌സെഡിറ്റി, മാജിക്കൽ റിയലിസം പോലുള്ള സങ്കേതങ്ങൾ ഉപയോഗിക്കുന്നു.

ഇക്കൂട്ടത്തിലെ പുതിയ പുസ്തകമാണ് ‘Reluctant Fundamentalist’, ‘Moth Smoke’ തുടങ്ങിയ നോവലുകൾ എഴുതിയ Mohsin Hamid -ന്റെ ‘Exit West’. പേരില്ലാത്ത ഒരു മധ്യ പൗരസ്ത്യ നഗരത്തിൽ ഒരു കോർപ്പറേറ്റ് ട്രെയിനിങ്ങിനിടെ കണ്ടുമുട്ടുന്ന സയീദ് എന്ന യുവാവിന്റെയും നാദിയ എന്ന യുവതിയുടെയും ബന്ധത്തിന്റെ കഥയാണിത് (“It might seem odd that in cities teetering at the edge of the abyss young people still go to class”). രണ്ടു പേരും പതിവായി പ്രാർത്ഥിക്കാറൊന്നുമില്ലെങ്കിലും നാദിയ പർദ്ദ ധരിച്ചിട്ടുണ്ട് (കഥയിലുടനീളം അവരതു ധരിക്കുന്നുണ്ട്), അതെന്താണ് എന്ന് സയീദ് ചോദിക്കുന്നു – “So men don’t fuck with me” എന്നാണ് അവളുടെ മറുപടി. സയീദിന്റെ അച്ഛനുമമ്മയും അതേ നഗരത്തിൽ അവരുടെയതേ പ്രായത്തിലാണ് കണ്ടുമുട്ടുന്നത്. അവർ വിവാഹത്തിനു മുന്നെ സെക്സിലേർപ്പെട്ടിരുന്നില്ല – പ്രേമം മുറുകുന്ന ഒരു സമയത്ത് അവൾ ശാരീരിക ബന്ധത്തിന് തയ്യാറാവുമ്പോൾ സയീദ് അതേ കാര്യം പറയുന്നു. അവൾക്ക് അത്ഭുതമടക്കാനാവുന്നില്ല.

ഇതെല്ലാം ഒരുവശത്തു നടന്നുകൊണ്ടിരിക്കുമ്പോൾ അവരുടെ നഗരത്തിൽ ആദ്യ ഭീകരാക്രമണം ഉണ്ടാകുകയാണ്. ഗവൺമെന്റ് ഉടന്‍ തന്നെ അതടിച്ചമർത്തുന്നു. പിന്നെപ്പിന്നെ തുടർച്ചയായ ആക്രമണങ്ങളും കർഫ്യുകളും ഒക്കെയായി പൊതുജീവിതം ദുഷ്കരമായിക്കൊണ്ടിരിക്കുന്നു (“One’s relationship to windows now changed in the city. A window was the border through which death was possibly most likely to come”). തീവ്രവാദികൾ നഗരത്തിന്റെ ഭാഗങ്ങളും പിടിച്ചെടുക്കാൻ തുടങ്ങി. സയീദ് ജോലി ചെയ്തിരുന്ന കമ്പനി അടച്ചുപൂട്ടുന്നു. നാദിയയുടെ ജോലിസ്ഥലത്ത് പേറോൾ ഡിപ്പാർട്ട്മെന്റ് പൂട്ടിയതോടെ എല്ലാവരും ജോലിക്കു വരുന്നത് നിർത്തി. അവൾ ഒറ്റയ്ക്കാണ് കഴിഞ്ഞിരുന്നത് – അവൾക്കേറ്റവും ഇഷ്ടമുള്ളയിടവും അവളുടെ ചെറിയ ഫ്ലാറ്റായിരുന്നു. സയീദ് അവളോട് തന്റെ ഒപ്പം വന്നു താമസിക്കാൻ പറയുകയാണ്. അവൾ പോകില്ലായിരുന്നു, പക്ഷെ അപ്പോഴേക്കും ഒരാക്രമണത്തിൽ സയീദിന്റെ അമ്മ മരിക്കുന്നു. അച്ഛനെയും മകനെയും ആശ്വസിപ്പിക്കാനെത്തുന്ന നാദിയ പിന്നെ തിരികെപ്പോയില്ല.

അടുത്തുവായിച്ച സമാന പശ്ചാത്തലമുള്ള കഥകളിലെപ്പോലെ യുദ്ധവർണ്ണനകൾക്കും ദുരിതങ്ങൾക്കും നോവലിൽ അത്ര പ്രാധാന്യമില്ല. മൊഹ്‌സിൻ ഇവിടെ ഊന്നുന്നത് സയീദ്-നാദിയമാരുടെ ബന്ധത്തിലാണ്. അവരുടെ വ്യക്തിപരമായ അനുഭവങ്ങളിലൂടെയാണ് കഥ മുന്നോട്ടു പോകുന്നത്. (ഇടയ്ക്ക് ചെറിയ ഉപകഥകൾ കടന്നു വരുന്നുണ്ട്. അവയിൽ മിക്കതും എച്ചുകെട്ടിയതുപോലെ അനുഭവപ്പെടുകയും ചെയ്യുന്നു). എഴുത്ത് നന്നായി ശോഭിക്കുന്ന ഈ ഭാഗങ്ങൾ നോവലിന് വേറൊരു മാനം കൊണ്ടുവരുന്നു. ഇതാദ്യം വായിക്കാനെടുത്ത സമയത്ത് മൊഹ്‌സിൻ മാജിക്കൽ റിയലിസം ഉപയോഗിച്ചിരിക്കുന്നു എന്നെവിടെയോ വായിച്ചിരുന്നു. എന്നാൽ ഒരു വേംഹോൾ (wormhole) ആശയമല്ലാതെ അത്തരത്തിൽ ഒന്നും ഈ നോവലിൽ കാണുന്നില്ല.

സയീദിന്റെ വീട്ടിൽ നാദിയ താമസിക്കുന്നതിനിടെ നഗരം പൂർണ്ണമായും യുദ്ധത്തിലമരുന്നു. ഒരു പ്രത്യേക ഗോത്രത്തിലെ അംഗങ്ങളെ തിരഞ്ഞ് ഭീകരവാദികൾ അവരുടെ കെട്ടിടത്തിലുമെത്തുന്നു. അവരുടെ അയൽക്കാർ കൊല്ലപ്പെടുന്നു. ഈ സംഭവത്തോടെ തങ്ങളകപ്പട്ടിരിക്കുന്ന സാഹചര്യത്തിന്റെ ഭീകരത അവർ പൂർണ്ണമായി മനസ്സിലാക്കുകയാണ് – അതിൽ നിന്നും വിടുതി കിട്ടാനെന്നവണ്ണം അവർ ലൈംഗികബന്ധത്തിലേർപ്പെടുന്നു (“and the fact that unmarried lovers such as they were now being made examples of and punished by death created a semi-terrified urgency and edge to each coupling that sometimes bordered on a strange sort of ecstasy”). അപ്പോഴാണ് ആളുകളെ ദൂര നഗരങ്ങളിലേക്ക് എത്തിക്കാൻ കഴിയുന്ന ഒരുതരം വാതിലുകളെക്കുറിച്ച് അവരിരുവരും കേൾക്കുന്നത്. ആദ്യം അവിശ്വസിച്ചെങ്കിലും അത്തരത്തിലൊന്ന് ഉപയോഗിച്ചുനോക്കുവാൻ അവർ ഒരു ഏജന്റ് വഴി ശ്രമിക്കുന്നു. സയീദിന്റെ അച്ഛൻ എന്നാൽ അവരുടെ കൂടെപ്പോകാൻ വിസമ്മതിക്കുന്നു – അയാളുടെ ബന്ധുക്കൾ നഗരത്തിലുണ്ട്, പോരാത്തതിന് ഭാര്യയുടെ ഓർമ്മകളെ വിട്ടുപിരിയാൻ വയ്യ. ദീർഘമായ കൂടിയാലോചയ്ക്കു ശേഷം നാദിയയും സയീദും ഒടുവിൽ പോകാൻ തീരുമാനിക്കുന്നു. നാദിയ സയീദിനെ ശ്രദ്ധിച്ചോളാമെന്ന് അച്ഛന് വാക്ക് കൊടുക്കുകയാണ് (“by making the promise he demanded she make she was in a sense killing him, but that is the way of things, for when we migrate, we murder from our lives those we leave behind”).

മാന്ത്രികവാതിലിലൂടെ കടക്കുന്ന അവരാദ്യം എത്തിച്ചേരുന്നത് ഗ്രീസിനടുത്തുള്ള ഒരു ദ്വീപിലാണ്. പിന്നെ ഇടവിട്ടുള്ള കാലങ്ങളിൽ അവിടെനിന്ന് മറ്റൊരു വാതിലൂടെ ലണ്ടൻ, പിന്നെ സാൻഫ്രാൻസിസ്കോ. ഇവിടങ്ങളിൽ നൂറുകണക്കിനാളുകളാണ് അഭയാർത്ഥികളായി വന്നുകൂടിയിരിക്കുന്നത്. എന്നാൽ കഥ ഒരിക്കലും നമ്മൾ സ്ഥിരം പറഞ്ഞുകേൾക്കാറുള്ള ദുരിതങ്ങളിലേക്കും മറ്റും പോകാതെ അവരുടെ ബന്ധം ഓരോ പശ്ചാത്തലത്തിനുമനുസരിച്ച് എങ്ങനെ മാറിക്കൊണ്ടിരിക്കുന്നു എന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഒരു പരിധിക്കപ്പുറം പുറംലോകം അവരുടെയും കൂടെ വന്നവരുടെയും കാര്യങ്ങളിൽ ഇടപെടുന്നില്ല. നോവലിസ്റ്റ് ലോകത്തിന്റെ പ്രതീക്ഷാനിർഭരമായ വശത്തെയാണ് (ഒരു മാറ്റത്തിനെന്നപോലെ) കാണിക്കുന്നത്. ഇത് എസ്‌കേപിസം പോലെ തോന്നാമെങ്കിലും നായികാ-നായക ബന്ധത്തിന് അത് ഒരേ സമയം കൊടുക്കുന്ന ലാളിത്യവും തെളിച്ചവും ശ്രദ്ധേയമാണ്. ഓരോ ഇടവും അവരെ പതിയെ മാറ്റുന്നുണ്ട്. ഗൃഹാതുരനായ സയീദ് തന്റെ രാജ്യക്കാരെ കാണാനും അവരോടു ബന്ധം സ്ഥാപിക്കാനും ശ്രമിക്കുന്നു. അങ്ങനയല്ലാത്ത അവൾ കൂടുതൽ സ്വതന്ത്രയാവാനും (എന്നാലും പർദ്ദ ഉപേക്ഷിക്കുന്നില്ല, അതിന്റെ പേരിൽ അവൾ ഒന്നു രണ്ടു തവണ അപമാനിക്കപ്പെടുന്നുണ്ട്). അവരുടെ ബന്ധവും ഉയർച്ച, താഴ്ചകളിലൂടെ കടന്നുപോവുകയാണ്.

അച്ഛന്റെ മരണത്തോടെ സയീദ് പ്രാർത്ഥനയിലേക്കു തിരിയുന്നു. ഇതിനെക്കുറിച്ച് നോവലിസ്റ്റ് വാചാലനാകുന്നുണ്ട്. കൗതുകത്തിനു വേണ്ടിയാണ് കൗമാരത്തിൽ സയീദ് നിസ്കാരം തുടങ്ങുന്നത്, അതുവരെ അയാൾ നിസ്കരിച്ചിരുന്നതു പോലുമില്ല – (“Young men pray for different things, of course, but some young men pray to honor the goodness of the men who raised them, and Saeed was very much a young man of this mold”). പുതിയ നഗരത്തിൽ, അച്ഛന്റെ മരണശേഷം, സയീദിന്റെ പ്രാർത്ഥനകളുടെ ആവൃത്തി കൂടുന്നു. അയാളുടെ പ്രാർത്ഥനയുടെ അർത്ഥം മാറിയതിനെക്കുറിച്ച് അതിദീർഘമായ ഒരു വാചകത്തിൽ നോവലിസ്റ്റ് ഒരിടത്തു വിവരിക്കുന്നുണ്ട്- (“Saeed prayed even more, several times a day, and he prayed fundamentally as a gesture of love for what had gone and would go and could be loved in no other way. When he prayed he touched his parents, who could not otherwise be touched, and he touched a feeling that we are all children who lose our parents, all of us, every man and woman and boy and girl, and we too will all be lost by those who come after us and love us, and this loss unites humanity, unites every human being, the temporary nature of our being-ness, and our shared sorrow, the heartache we each carry and yet too often refuse to acknowledge in one another, and out of this Saeed felt it might be possible, in the face of death, to believe in humanity’s potential for building a better world, and so he prayed as a lament, as a consolation, and as a hope, but he felt that he could not express this to Nadia, that he did not know how to express this to Nadia, this mystery that prayer linked him to, and it was so important to express it, and somehow […]”). നോവലിന്റെ ഘടന ഇത്തരം എഴുത്തിനെ സഹായിക്കുന്നുമുണ്ട്.

ഒരിടത്ത്, അവരും മറ്റുള്ളവരും താമസിക്കുന്ന ലേബർ ക്യാമ്പിന്റെ പരിസരത്തെ ചെറികൾ പൂക്കുമ്പോൾ അതുവരെ മഞ്ഞു പെയ്യുന്നതു കാണാത്ത ചിലർ അവയെ അതിനോടുപമിക്കുന്നു. ചിലർ പരുത്തിപ്പാടങ്ങളെ ഓർമ്മിക്കുന്നു, പരുത്തിയിറുക്കാൻ വരുന്ന കറുത്ത ശരീരങ്ങളെയോർക്കുന്നു. പിന്നീട് വെളിപ്പെടുന്നതുപോലെ, സയീദ് – നാദിയമാരുടെ ബന്ധംപോലും ഒരു തലത്തിൽ പഴയ നഗരത്തോടുള്ള, ഭൂതകാലത്തോടുള്ള അഭിനിവേശത്തിന്റെ, ബന്ധത്തിന്റെ ഫലമാണ്.

ഒരു ദിവസം സയീദും നാദിയയും അഭയാർത്ഥി പ്രവാഹങ്ങളെക്കുറിച്ചു സംസാരിക്കുന്നുണ്ട്, തദ്ദേശീയരുടെ അവരോടുള്ള പ്രതികരണത്തെക്കുറിച്ചു പറയവേ സയീദ് അഭയാർത്ഥികളെ ന്യായീകരിക്കുന്നു. “Millions arrived in our country,” Saeed replied. “When there were wars nearby.” നാദിയ പറയുന്നു -“That was different. Our country was poor. We didn’t feel we had as much to lose.” അവരുടെ ബന്ധത്തിലുണ്ടാകുന്ന ഇടർച്ചകൾ അവരുടെ പലായനത്തോടാണ് കഥാകാരൻ ബന്ധിക്കുന്നത്. തങ്ങളുടെ സ്വാഭാവിക പരിതസ്ഥിതിയിൽ പുറത്താക്കപ്പെടുന്ന മനുഷ്യനും അവരറിയാതെ പുതുക്കപ്പെടുന്നുണ്ട് എന്നതാണ് വാസ്തവം – (“She was the entirety of his close family now, and he valued family above all, and when the warmth between them seemed lacking his sorrow was immense, so immense that he was uncertain whether all his losses had not combined into a core of loss, and in this core, this center, the death of his mother and the death of his father and the possible death of his ideal self who had loved his woman so well were like a single death that only hard work and prayer might allow him to withstand”).

സമീപകാലത്തെ ഏറ്റവും വലിയ മാനുഷിക ദുരന്തങ്ങളിലൊന്നിനെ പ്രതീക്ഷയുടെ കണ്ണോടുകൂടി നോക്കുകയാണ്, ഒരു പക്ഷെ മൊഹ്‌സിന്റെ ഏറ്റവും മികച്ച രചനയായി അറിയപ്പെട്ടേക്കാവുന്ന ഈ നോവൽ. യഥാർത്ഥ ജീവിതത്തിൽ അഭയാർത്ഥികൾക്ക് ഇത്തരത്തിലുള്ള വാതിലുകളോ രക്ഷകരോ ഒന്നുമില്ല. എന്നാൽ അത്തരത്തിൽ ഒരു കഥയുടെ വൈകാരികാംശത്തിൽ ഊന്നാത്തതാണ് ഈ നോവലിന്റെ ശക്തിയും. എഴുതി ഫലിപ്പിക്കാൻ ഇതൽപ്പം ബുദ്ധിമുട്ടായിരിക്കുമല്ലോ – എന്നാൽ നോവലിസ്റ്റ് ഇവിടെ വിജയിച്ചിട്ടുണ്ട്. മനുഷ്യർ എത്രമാത്രം ചുറ്റുപാടുകളാൽ നിയന്ത്രിക്കപ്പെടുന്നു എന്നുള്ളതാണ് ഇവിടെ അടിവരയിട്ടു പറയപ്പെടുന്ന കാര്യം. അപരിചിതയിടങ്ങളിലാണ് പലതരം തിരിച്ചറിവുകൾ നമുക്കുണ്ടാകുന്നത്. അപ്പോൾ നമ്മൾ ഒരു കണ്ണാടിയിൽ നോക്കിയെന്നപോലെ സ്വയമറിയാൻ ശ്രമിക്കുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഭിലാഷ് മേലേതില്‍

അഭിലാഷ് മേലേതില്‍

എഴുത്തുകാരന്‍, സോഫ്റ്റ്‌വേര്‍ എഞ്ചിനീയര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍